ശാസ്ത്രത്തിൽ നിന്ന് ചരിത്രത്തിലേക്ക്, മൺറോ തേയില നട്ട മൂന്നാറിലേക്ക്...

“ഫ്രഞ്ച് ഹിസ്റ്റോറിയനായ Marc Bloch-നാണ് ചരിത്രത്തെ സയൻസുമായി സഹകരണത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത്. ഭൂതകാലത്തെ മനസ്സിലാക്കാൻ ചരിത്രത്തിന് നിരവധി വിഷയങ്ങളുടെ ഏകോപനം ആവശ്യമാണ് എന്നായിരുന്നു മാർക്ക് പറഞ്ഞത്.” ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 47

യൻസാണ് എന്റെ ജീവിതമാർഗ്ഗം. ഇംഗ്ലീഷ് ലോയറും തത്വചിന്തകനുമായിരുന്ന തോമസ് മോർനെ സ്മരിച്ചുകൊണ്ട് പറഞ്ഞാൽ മൈ 'ബ്രഡ് ആൻഡ് ബട്ടർ'. ഓക്സ്ഫോർഡ് ഡിക്ഷ്ണറി പ്രകാരം തോമസ് മോർ ആണ് അതുവരെ ഫുഡ് ഐറ്റം ആയിരുന്ന സംഗതികളെ ആലങ്കാരിക പദമാക്കി മാറ്റിയത്.

ഹൈസ്ക്കൂൾ കാലത്ത് ജിയോഗ്രാഫിയോട് ഭയവും ഹിസ്റ്ററിയോട് ഇഷ്ടവുമായിരുന്നു. സയൻസിനായിരുന്നു പക്ഷേ ഗ്ലാമർ. നിർവ്വചനങ്ങളോട് പ്രതിപത്തിയുള്ള പ്രായം.

‘ചരിത്രം എന്ത്, എങ്ങനെ, എവിടെ, എപ്പോൾ, ഏത് സാമൂഹിക-സാംസ്‌കാരിക, സാമ്പത്തിക- രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്നു എന്ന് രേഖപ്പെടുത്തുന്നു. ചരിത്രപരവും, അല്ലാത്തതുമായ സംഭവങ്ങൾ എന്തുകൊണ്ട് നടന്നു/നടക്കുന്നുവെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് സയൻസ്. ചരിത്രവും സയൻസും പരസ്പരപൂരകങ്ങളാണ്, അതിലളിതമായി പറഞ്ഞാൽ ‘History provides context, science provides causation’. എന്നൊക്കെ വായിച്ച് പരുവപ്പെട്ട് വരികയായിരുന്നു.

ചരിത്രം എന്റെ വഴിയിൽ നിന്ന് മാറിപോയത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു. എൻട്രൻസ് കിട്ടാൻ ട്യൂഷനില്ലാതെ പറ്റില്ലെന്ന ഒരു ധാരണ അക്കാലത്ത് നിലനിന്നിരുന്നു. ആയതിനാൽ വളരെ വളരെ നേരത്തെ എഴുന്നേൽക്കണമെന്ന സ്ഥിതി വന്നു. ഒരു ദിവസം അതിരാവിലെ ബയോളജി ക്ലാസിലിരുന്ന് ഉറക്കം തൂങ്ങിയ എന്നോട് സണ്ണി മാഷ് സ്വതസിദ്ധമായ ഹാസ്യസമ്പ്രദായത്തിൽ പറഞ്ഞു, "പ്രസന്നൻ, തൂങ്ങിയിരുന്നോ. എം.ബി.ബി.എസ് സ്വപ്നത്തിൽ കാണാം. എണീക്കുമ്പോ നിനക്ക് ഹിസ്റ്ററിക്ക് പോകാം"

എൻട്രൻസ് കിട്ടിയില്ലെങ്കിൽ എനിക്കെന്തോ തകരാറുണ്ടെന്ന് അഭ്യുദയകാംക്ഷികൾ കരുതുമെന്ന ദുർബ്ബലചിന്തയിൽ ഹിസ്റ്ററിയിൽ നിന്ന് എൻമനമകന്നു. എന്നാലും ചരിത്രം പലപ്പോഴായി എന്നെ സമാധാനിപ്പിച്ചു. ബ്രിട്ടീഷ് ചരിത്രകാരനായ എഡ്‌വേഡ് ഹലറ്റ് കാർ (E.H. Carr) ആയിരുന്നു വാക്കുകൾ തന്നത്, 'ചരിത്രപരമായ വസ്തുതകൾ ഒറ്റപ്പെട്ടതല്ല. സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് അവ വ്യഖ്യാനിക്കപ്പെടുന്നത്.'

 ഓക്സ്ഫോർഡ് ഡിക്ഷ്ണറി പ്രകാരം തോമസ് മോർ ആണ് അതുവരെ ഫുഡ് ഐറ്റം ആയിരുന്ന സംഗതികളെ ആലങ്കാരിക പദമാക്കി മാറ്റിയത്.
ഓക്സ്ഫോർഡ് ഡിക്ഷ്ണറി പ്രകാരം തോമസ് മോർ ആണ് അതുവരെ ഫുഡ് ഐറ്റം ആയിരുന്ന സംഗതികളെ ആലങ്കാരിക പദമാക്കി മാറ്റിയത്.

"ചരിത്രം ആവർത്തിക്കാനാവാത്ത മനുഷ്യ ഭൂതകാലത്തിന്റെ പുനരാഖ്യാനമാണ്. സയൻസ് പ്രകൃതിയിലെ ആവർത്തിക്കപ്പെടാവുന്ന പാറ്റേണുകളുടെ കാരണങ്ങളാണ്. ചരിത്രകാരനും, ചരിത്രവസ്തുതകളും തമ്മിലുള്ള ബന്ധം ചലനാൽമകമാണെങ്കിലും ഗവേഷണഫലമാണ് ചരിത്രം. ശാസ്ത്രം പരീക്ഷണങ്ങളുടെ ഒരു തുടർച്ചയാണ്," ഈ അഭിപ്രായം ബുള്ളറ്റുകൾ, റോക്കറ്റുകൾ, ബോംബുകൾ എന്നിവയുടെ ചലനത്തെകുറിച്ച് പഠിക്കുന്ന ഫിസിക്സ് പ്രൊഫസറായ മൈക്കൽ കോർട്ട്നി (Michael Courtney, Ballistics Testing Group) യുടേതായിരുന്നു.

ഫ്രഞ്ച് ഹിസ്റ്റോറിയനായ Marc Bloch-നാണ് ചരിത്രത്തെ സയൻസുമായി സഹകരണത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത്. ഭൂതകാലത്തെ മനസ്സിലാക്കാൻ ചരിത്രത്തിന് നിരവധി വിഷയങ്ങളുടെ ഏകോപനം ആവശ്യമാണ് എന്നായിരുന്നു മാർക്ക് പറഞ്ഞത്. ജീവിതം ഭേദപ്പെട്ട നിലയിലേക്ക് എത്തിയപ്പോഴാണ് ചരിത്രം തിരിച്ചുവരുന്നത്. അതിനുമുൻപ് രോഗനിർണ്ണയവും ചികിത്സാരീതികളും രൂപപ്പെട്ടതിന്റെ ചരിത്രം സിലബസ്സിൽ അങ്ങിങ്ങ് ഉണ്ടായിരുന്നെങ്കിലും താത്പര്യം അക്കാദമിക്ക് ലെവലിൽ മാത്രമായിരുന്നു. ചരിത്രമറിയാനുള്ള ഇച്ഛ തുടങ്ങിയപ്പോഴാണ് ദൈനംദിന ആവശ്യങ്ങൾക്കപ്പുറമുള്ള വായന ശോഷിച്ചുപോയ കാര്യം തിരിച്ചറിയുന്നത്. എഴുതാൻ തുടങ്ങുക, അപ്പോൾ വിഷയമറിയണമല്ലോ. വായന താനേ (Automatic) വരും, അതായിരുന്നു പ്രതീക്ഷയ്ക്ക് പിന്നിലെ തിയറി.

ഇത്രയും പറഞ്ഞതിനെ ആമുഖമെന്നാണോ, മുഖവുരയെന്നാണോ വിശേഷിപ്പിക്കേണ്ടതെന്നായി അടുത്ത കൺഫ്യൂഷൻ. ഇംഗ്ലീഷിൽ കുറച്ചുകൂടെ കൃത്യമായ വാക്കുകളുണ്ട്, Prologue, preface & foreword. Foreword അവതാരികയാണ്. അത് ഒരാളുടെ എഴുത്തിന് വേറെയൊരാൾ കൊടുക്കുന്ന സൂചനയാണ്. Prologue നോവലോ കഥയോ കവിതയോ തുടങ്ങും മുമ്പ് എഴുത്തുകാരൻ തന്നെ കൊടുക്കുന്ന സൂചനയാണ്. Preface ഒരു പുസ്തകത്തിന്റെ തുടക്കത്തിൽ അതിന്റെ ഉദ്ദേശത്തെ, പശ്ചാത്തലത്തെ, എഴുത്തിന്റെ രീതിയെ കുറിച്ചുള്ള ചെറുവിവരണമാണ്. Preface-നോട് ഏതാണ്ട് അടുത്ത് വരുന്ന വാക്കെന്ന നിലയിൽ മുഖവുരയെന്ന് തന്നെയാകട്ടെ.

ഫ്രഞ്ച് ഹിസ്റ്റോറിയനായ Marc Bloch-നാണ് ചരിത്രത്തെ സയൻസുമായി സഹകരണത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത്. ഭൂതകാലത്തെ മനസ്സിലാക്കാൻ ചരിത്രത്തിന് നിരവധി വിഷയങ്ങളുടെ ഏകോപനം ആവശ്യമാണ് എന്നായിരുന്നു മാർക്ക് പറഞ്ഞത്.
ഫ്രഞ്ച് ഹിസ്റ്റോറിയനായ Marc Bloch-നാണ് ചരിത്രത്തെ സയൻസുമായി സഹകരണത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത്. ഭൂതകാലത്തെ മനസ്സിലാക്കാൻ ചരിത്രത്തിന് നിരവധി വിഷയങ്ങളുടെ ഏകോപനം ആവശ്യമാണ് എന്നായിരുന്നു മാർക്ക് പറഞ്ഞത്.

ചരിത്രത്തിലേക്ക് എങ്ങനെ ഫിക്ഷൻ ഫലപ്രദമായി കലർത്തുമെന്ന ചിന്തയിലേക്കാണ് എവൈ രാജവംശം (AY dynasty) തെളിഞ്ഞുവന്നത്. പാണ്ഡ്യന്മാരോടും ചേരന്മാരോടും ഒപ്പം ഒരേ കാലത്ത് (അതായത് BCE മൂന്നാം നൂറ്റാണ്ടിൽ) ഭരണം തുടങ്ങിയവരാണ് എവൈ രാജാക്കന്മാർ. കേരളത്തിന്റെ തെക്കേയറ്റത്തായിരുന്നു അവരുടെ ആധിപത്യം. കൂടെ തമിഴ്നാടിന്റെ സമീപപ്രദേശങ്ങളും. അതിനും തെക്ക് തമിഴ്‌നാട്ടിൽ പാണ്ഡ്യന്മാരും അപ്പുറം ചോളന്മാരും ഭരിച്ചു. ചേരന്മാർ ഭരിച്ചത് ഉത്തരകേരളവും, തമിഴ്‌നാടിന്റെ പശ്ചിമമേഖലയുമായിരുന്നു. ചായ്‌വ് അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞിരുന്നുവെങ്കിലും ശക്തരായ പാണ്ഡ്യന്മാർക്കും ചേരന്മാർക്കുമിടയിൽ ചേരിചേരാനയവുമായിട്ടാണ് എവൈ രാജാക്കന്മാർ നിലകൊണ്ടത്.

ഏതാണ്ട് ഈ കാലത്താണ് ഈജിപ്തുകാരും അറേബ്യൻ കച്ചോടക്കാരും പ്രത്യക്ഷപ്പെടുന്നത്. മുസിരിസ് തുറമുഖത്താണ് (ഇന്നത്തെ കൊടുങ്ങല്ലൂർ) അവരുടെ പായ്കപ്പലുകൾ നങ്കൂരമിട്ടത്. അധികം കഴിയുംമുമ്പ് ഗ്രീക്കുകാരും റോമാക്കാരുമെത്തി. എവൈ രാജാവിന്റെ സ്വാധീനത്തിലുണ്ടായിരുന്ന Nelcynda തുറമുഖത്തിലൂടെയായിരുന്നു ഗ്രീക്കുകാർ പ്രവേശിച്ചത്. കോട്ടയത്തിനും ആലപ്പുഴക്കുമിടയിൽ എവിടെയോ ആയിരുന്നു Nelcynda. നിലക്കിണ്ടയോ മറ്റോ ഗ്രീക്കുകാർ ഉച്ചരിച്ചപ്പോൾ ഉണ്ടായ പേരായിരിക്കാം അത്.

അപ്പോഴാണ് ചരിത്രത്തിൽ ഏലവും കുരുമുളകും നിറയുന്നത്. ലോകത്ത് ഏലം ഉത്ഭവിച്ചത് പശ്ചിമഘട്ടത്തിലെ മലയോരങ്ങളിലാണ്. കുരുമുളക് മലബാറിന്റെ മണ്ണിലും. ആ ഏലവും കുരുമുളകും മോഹിച്ചാണ് കച്ചോടക്കാർ കടൽകടന്നെത്തിയത്.

കുറച്ച് വൈകി പോർച്ചുഗീസുകാരും ഡച്ചുകാരുമെത്തി. കൊട്ടാരക്കര ഭരിച്ചിരുന്ന ഇളയടത്ത് സ്വരൂപം റാണിക്ക് ഡച്ചുകാരോടായിരുന്നു പ്രേമം. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ നിലംപരിശാക്കിയ മാർത്താണ്ഡവർമ്മ ഈ കൊച്ചുറാണിയുടെയും, വടക്കുങ്കൂർ-തെക്കുംങ്കൂർ മൈനർ രാജാക്കന്മാരുടെയും ദേശങ്ങൾ പിടിച്ചെടുത്തു. അങ്ങനെ പശ്ചിമഘട്ടത്തിലെ ഏലക്കാടുകൾ തിരുവിതാംകൂർ രാജവംശത്തിന്റേതായി.

പിന്നെ ഇംഗ്ലീഷുകാർ വന്നു. ജോൺ ഡാനിയേൽ മൺറോ എന്ന പട്ടാളക്കാരനും, എച്ച് ഷാർപ്പ് എന്ന പ്ലാൻ്ററും അവിടെ തേയില നട്ടു. അങ്ങനെ അവിടെ ജീവിച്ചിരുന്ന മുതുവൻ-മന്നാൻ ഗോത്രക്കാർ പൂർണ്ണമായി ഭൂരഹിതരായി. സർവ്വേയർ Benjamin Swayne Ward ഭൂമി അളന്ന് തിട്ടപ്പെടുത്തി. അനന്തരം കാവ്യാൽമകമായ മൂന്നാർ എന്ന പേര് വന്നു. കഴിഞ്ഞയാഴ്ച മുതിരപ്പുഴയുടെ തീരത്ത് നിന്ന് അങ്ങ് കോടമഞ്ഞിറങ്ങുന്ന മലനിരകളിലേക്ക് നോക്കി നിന്നപ്പോൾ ചരിത്രം പല സീനുകളായി മനസ്സിലൂടെ കടന്നുപോയി.

Cheers!


Summary: Science and History, Dr Prasannan PA's column Good Evening Friday continues from Australia.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments