മെൽബണിലെയും മേടത്തറയിലെയും ഋതുക്കൾ, ഒരു സാധാരണകഥ

മേടത്തറയിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഋതുക്കൾ വേനലും മഴക്കാലവും മാത്രമായിരുന്നു. അവധിക്കാലത്തിന്റെ ആലസ്യങ്ങളെ മധുരോദാരമാക്കിയ മാവും പ്ലാവും പേരയുമാണ് മനസ്സിലെ വേനൽസ്മാരകങ്ങൾ. തവളകളുടെയും ചീവീടുകളുടെയും ശബ്ദവിന്യാസങ്ങൾക്കു മീതെ ദൂരെയെവിടെന്നോ ഒഴുകിയെത്തുന്ന നാവോർ പാട്ടുകൾക്കും പുള്ളുവഗീതങ്ങൾക്കും കാതോർത്തുകിടന്ന രാത്രികളിൽ മഴമേഘങ്ങൾ കടന്ന് ജനൽപ്പഴുതിലൂടെ എത്തിനോക്കാറുള്ള മങ്ങിയ നാട്ടുവെളിച്ചം ഇപ്പോഴും മാഞ്ഞിട്ടില്ല - ഓസ്ട്രേലിയയിൽ നിന്ന് ഡോ. പ്രസന്നൻ പി.എ. എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday- 8

തിയററ്റിക്കലി മെൽബണിൽ ഇപ്പോൾ വസന്തകാലമാണ്. നാല് സീസണും ഒരേ ദിവസം തന്നെ കാണാവുന്ന കാലവുമാണ്. അങ്ങനെയൊരു ദിവസമായിരുന്നു അന്ന്. പ്രഭാതത്തിൽ വഴികളെല്ലാം മഞ്ഞുമൂടികിടന്നു. 110 km സോണുകളിൽ വേഗം 60 ആയി കുറഞ്ഞു. ആശുപത്രിയിലെത്താൻ വൈകി. പേഷ്യന്റ് കെയർ പ്ലാൻ മീറ്റിംഗ്, റേഡിയോളജി മീറ്റിംഗ്. സമയം പോയതറിഞ്ഞില്ല. പത്ത് മണിയായപ്പോൾ പൂക്കൾ വിരിഞ്ഞു, മണവും നേരിയ വെളിച്ചവും ജനാലക്കരികിൽ നിന്ന് വാർഡിലേക്കെത്തി നോക്കി.

"ഇറ്റ് ലൂക്സ് ബ്യൂട്ടിഫുൾ ഔട്ട് സൈഡ്" മൈനർ സ്‌ട്രോക്കിനുള്ള ചികിത്സയും കഴിഞ്ഞ് ഡിസ്ചാർജ് ആയി മകളോടൊപ്പം പോകാൻ തുടങ്ങുമ്പോൾ 94 കാരിയായ നാൻസി എനിക്ക് കൈ തന്നുകൊണ്ട് പറഞ്ഞു. നാൻസിയോട് യാത്ര പറഞ്ഞ് വാർഡിലേക്ക് പോകുമ്പോൾ ആഫ്രിക്കയിൽ നിന്നുള്ള ഒരു ചെറു സംഘം വിദ്യാർത്ഥികൾ ഒരു പൂവ് നീട്ടുന്നു. പൂവ് മേടിച്ച് നന്ദി പകരം കൊടുത്ത് നടക്കുമ്പോൾ എന്താണ് കാര്യമെന്ന് ആലോചിക്കുകയായിരുന്നു.
"ഇന്ന് കാലത്ത് മരിച്ച ജോസഫിനെ കാണാൻ വന്നതാണ് അവർ"എന്റെ ആലോചന കണ്ട് നേഴ്സ് ആഷ്‌ലി പറഞ്ഞു. ഞാൻ ജോസഫിനെ ചികിൽസിച്ച സ്റ്റാഫിൽ പെട്ടതാണെന്ന് അവർ കരുതിയിട്ടുണ്ടാകണം. ജോസഫ് പാലിയേറ്റിവ് യൂണിറ്റിലായിരുന്നു. തൊട്ടടുത്ത വാർഡ്.

'ജോസഫ് 59 ഹെപറ്റോമ ടെർമിനൽ സ്റ്റേജ്' എന്ന് പേഷ്യന്റ് ലിസ്റ്റിൽ വായിച്ച അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതിനപ്പുറം ജോസഫും ഭാര്യയും തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തുക്കൾ വിറ്റ പണം കൊണ്ട് ആഫ്രിക്കയിൽ ഒരു ഗ്രാമം ദത്തെടുത്തിരുന്നു. അവർ അവിടെ സ്ക്കൂൾ തുടങ്ങി, കുടിവെള്ളമെത്തിച്ചു, ചെറിയ ഒരു ആശുപത്രി നടത്തി. ആ കുട്ടികൾ ജോസഫിന്റെ സ്ക്കൂളിൽ പഠിക്കുന്നവരാണ്. അയാളെ അവസാനമായി കാണാൻ അവിടന്ന് വന്നതാണ്. ഞാൻ വിസിറ്റേഴ്സ് റൂമിലേക്ക് എത്തി നോക്കി. ആ കുട്ടികളിൽ ചിലർ കെട്ടിപ്പിടിച്ച് കരയുന്നു.
ഞാൻ ഒരു നിമിഷം ആലോചിച്ചു, "ഒരു നാൾ ഞാൻ മരിച്ചു കിടക്കുമ്പോൾ ലോകത്തിലെ ഏതെങ്കിലും കോണിൽ ആരെങ്കിലും.?'
ഉണ്ടാവില്ല! ആ വിചാരത്തിന്റെ ആഫ്റ്റർ ഷോക്കിൽ ഞാൻ എന്റെ റൂമിലേക്ക് പോയി. കമ്പ്യൂട്ടർ ഓണാക്കി.
"https://donatelife.gov.au/register-donor-today' തുറന്നു. മരണശേഷം എടുക്കാൻ പറ്റുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു. ജീവിച്ചിരിക്കുമ്പോൾ പറ്റിയില്ലെങ്കിൽ മരണാനന്തരമെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. റൗണ്ട്സിന് പോകുമ്പോൾ ഒരു ആശ്വാസം തോന്നി.

മരണശേഷം എടുക്കാൻ പറ്റുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രം  ഒപ്പിട്ടു. ജീവിച്ചിരിക്കുമ്പോൾ പറ്റിയില്ലെങ്കിൽ മരണാനന്തരമെങ്കിലും  ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.റൗണ്ട്സിന് പോകുമ്പോൾ ഒരു ആശ്വാസം തോന്നി.
മരണശേഷം എടുക്കാൻ പറ്റുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു. ജീവിച്ചിരിക്കുമ്പോൾ പറ്റിയില്ലെങ്കിൽ മരണാനന്തരമെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടട്ടെ.റൗണ്ട്സിന് പോകുമ്പോൾ ഒരു ആശ്വാസം തോന്നി.

രോഗങ്ങളേല്പിക്കുന്ന ശാരീരികയാതനകൾക്കൊപ്പം മാനസികവും സാമൂഹികവുമായ ആഘാതങ്ങളും കൂടെ പരിഹരിക്കപ്പെടേണ്ടതുണ്ട്. പലപ്പോഴും multiple layers ഉള്ള ആരോഗ്യപ്രശ്നങ്ങളുടെ final common pathway ആണ് റിഹാബിലിറ്റേഷൻ വാർഡ്.

പ്രശ്നങ്ങളുടെ നടുവിലൂടെ നടക്കുമ്പോൾ ഉച്ചക്ക് കഴിക്കാൻ കൊണ്ടുവന്ന നാടൻ മീൻകറിയും കായ ഇട്ട് വെച്ച പയറ് മെഴുക്ക് പുരട്ടിയും ഓർത്തു.
"യു വേർ വെരി കൂൾ വിത്ത് ഹിം" പുരോഗതിയിൽ തൃപ്തനല്ലാതിരുന്ന ഐസ്സക്കിന്റെ റൂമിൽ നിന്നിറങ്ങുമ്പോൾ എന്റെ ജൂനിയർ പറഞ്ഞു. ഒരു പ്രചോദനം മുന്നിലുള്ളപ്പോൾ 'വി ക്യാൻ ഡു ബെറ്റർ' എന്നായിരുന്നു എന്റെ മറുചിരിയിൽ ഉണ്ടായിരുന്നത്.

ലഞ്ച് കഴിക്കുമ്പോൾ മൂന്ന് സന്തോഷങ്ങൾ കൂടെ നുണഞ്ഞു.

സന്തോഷം ഒന്ന്:

സ്ക്രീനിംഗ് ടെസ്റ്റ് നെഗറ്റീവ് ആയതുകൊണ്ട് നിങ്ങൾക്ക് Bowel cancer-ന്റെ തുടർടെസ്റ്റുകൾ തല്ക്കാലം വേണ്ട, രണ്ടുകൊല്ലം കഴിഞ്ഞ് വീണ്ടും ഇതേ ടെസ്റ്റ് ചെയ്താൽ മതി എന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലെറ്റർ. ഒരു ദിവസം 'ഡിയർ സിറ്റിസൺ, നിങ്ങൾ കുടൽ കാൻസർ സാദ്ധ്യത കൂടുന്ന പ്രായത്തിലോട്ട് കടന്നിരിക്കുന്നു' എന്ന് പറഞ്ഞ് ടെസ്റ്റ് ചെയ്യാനുള്ള കിറ്റും, നിർദ്ദേശങ്ങളും സൗജന്യമായി അയച്ചു തരിക, പറഞ്ഞതുപോലെ ചെയ്ത് Reply envelope-ൽ പോസ്റ്റ് ചെയ്യുക, മൂന്നാം ദിവസം റിസൾട്ട് തരിക, ഓരോ രണ്ട് വർഷത്തിലും ആവർത്തിക്കുക. പൗരന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ആ സാമൂഹികപ്രതിബദ്ധതയെ ഞാനൊന്നും കൂടെ തൊട്ട് തലോടി.

സന്തോഷം രണ്ട്:

മുന്നിൽ കിടക്കുന്ന ന്യൂസ് പേപ്പറിന്റെ തലക്കെട്ട് 'Women and men will make up equal numbers in the Australian Senate for the first time'

സന്തോഷം മൂന്ന്:

മൊബൈലിൽ ന്യൂസ് പോപ്പ് അപ്പ് 'പന്ത്രണ്ട് വയസ്സുള്ള കെൻഡ്രിക് ക്രോമർ സിക്കിൾ സെൽ രോഗത്തിന് ജീൻ തെറാപ്പി സ്വീകരിച്ച ആദ്യ രോഗിയായി. ജീൻ തെറാപ്പി ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം മീൻകറിയുടെ എരിവിൽ മൂർച്ച കൈവന്ന ബുദ്ധിയും. ഞാൻ എണീറ്റ് OP യിലേക്ക് നടന്നു. അപരാഹ്നമായപ്പോഴേക്കും ഇലപൊഴിയും കാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് മഴ ചാറി, മങ്ങിയ ഇലകൾ കണക്ക് ചുറ്റും ചിതറി. ഇന്ന് കഴിഞ്ഞാൽ വീക്കെൻഡ് ആണ്. ആ വിചാരം ചില രോഗകാര്യങ്ങളിലെ തീരുമാനങ്ങൾ ഫലപ്രദമാക്കി.

'നിങ്ങളിന്ന് കൂടുതൽ ഉൻമേഷവാനായിരിക്കുന്നു' കുറച്ച് വർഷങ്ങളായി ക്ലിനിക്കിൽ വരുന്ന ലൊറൈൻ പറയുന്നു. പുറത്ത് മഴവെള്ളത്തിൽ ഒരില ആടിയുലയുന്നു. അതിൻ മേലെ ഒരു ഉറുമ്പ്.

ഒരു നിമിഷം!

വർഷങ്ങൾക്കപ്പുറത്ത് നിന്ന് മേടത്തറയിലെ വീട്ടുമുറ്റത്തെ ഒരു കടലാസ്സ് വഞ്ചി മുന്നിലൂടെ മിന്നി മറഞ്ഞു പോയി.

"പ്രസന്നേട്ടന് എന്നെ മനസ്സിലായില്ലേ?"

ആ ചോദ്യം കേൾക്കുന്നതിന് ഏതാണ്ട് പതിനഞ്ചു മിനിറ്റ് മുമ്പ്, 4 മണിക്ക് അപ്പോയ്ന്റ്മെന്റ് കൊടുത്തിരുന്ന പേഷ്യന്റ് ക്യാൻസലായെന്ന് ഫ്രന്റ് ഡസ്കിൽ നിന്ന് ക്ളർക്ക് ലിസ അറിയിച്ചു.

ഒന്ന് വിശ്രമിക്കാൻ കിട്ടിയ ഇടവേള.

ജനലിലൂടെ നോക്കിയാൽ ചെറിയ പൂന്തോട്ടമാണ്. തെറാപ്പിയുടെ ഭാഗമായി രോഗികളുടെ മാനസികോല്ലാസത്തിന് കഴിഞ്ഞ അവധിക്കാലത്ത് അടുത്തുള്ള സ്ക്കൂളിലെ കുട്ടികൾ ഭംഗിപിടിപ്പിച്ചതാണ്. Lawn വെട്ടി ഷെയ്പ്പ് വരുത്തുന്ന ഗാർഡ്നറുടെ ഹെൽമെറ്റിൽ നിന്ന് വീഴുന്നത് അവസാനത്തെ വെള്ളതുള്ളികളാണ്. മഴ നിന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നത് പോലെ വെയിൽ പരന്നു. തിരിച്ച് ആസ്വദിച്ച് ഡ്രൈവ് ചെയ്യാം. കാലത്ത് അവസാനത്തെ പാട്ട് ശരിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല,

'ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികംപോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർപോലെ
പ്രഥമാനുരാഗത്തിൻ പൊൻ‌മണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞു'
വീണ്ടും കേൾക്കണം!

വൈകുന്നേരം അലൻ വരും, Leeuwin estate Chardonnay-യുമായ്. രസമായിരിക്കും."ഇങ്ങനെയൊരു പാട്ട് എനിക്കെഴുതാൻ പറ്റിയാലും ഞാനെഴുതില്ല".

Leeuwin estate Chardonnay
Leeuwin estate Chardonnay

ഒഎൻവി-യുടെ ‘കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ’ കേട്ടുകൊണ്ടിരുന്ന ഒരു സന്ധ്യയിൽ അലൻ പറഞ്ഞു.

"കാരണം?"
"എന്തോന്ന് ബിംബമാടേയ് ഈ ദേവദൂതിക?"

അലന്റെ ചിരിക്കൊപ്പം ചില്ലുജാലകം കടന്ന് വന്ന രശ്മികളിലെ നനവ് മഴവിൽ നിറങ്ങളായി എന്റെ മുന്നിലെ ചുമരിൽ പടരുന്നു.

"യുവർ ലാസ്റ്റ് പേഷ്യന്റ് റെഡി, രാതീഷ് അട്ടുപ് ര മ്പിൽ" ഫോണിൽ ലിസ പേര് പരമാവധി ബോറാക്കുന്നുണ്ട്.

"രതീഷ് ആറ്റുപറമ്പിൽ" ഞാൻ സഹായിച്ചു.
"താങ്ക് യു" ഒരു വലിയ മല കേറാൻ സഹായിച്ചത് പോലെയാണ് അവളുടെ പ്രതികരണം.

ക്ലാസ്സിക്കൽ മലയാളി ചിരിയോടെ രതീഷ് പ്രത്യക്ഷപ്പെട്ടു.

"രതീഷ്, ഡേറ്റ് ഓഫ് ബെർത്ത്..." ഞാൻ ആളെ ഉറപ്പുവരുത്തി.

"Yes'

"അപ്പൊ മലയാളത്തിൽ തുടരാം"

"തീർച്ചയായും"

ഞാൻ മെഡിക്കൽ റെക്കോർഡ് നോക്കി. രതീഷ് രണ്ടാഴ്ച മുമ്പ് ഒപി-യിൽ വന്നിട്ടുണ്ട്.

ഗുരുതരമല്ലാത്ത നടുവേദനയായിരുന്നു. എന്റെ കൊളീഗിനെയാണ് കണ്ടിരിക്കുന്നത്.

"എങ്ങനെയുണ്ടിപ്പോ?"

"നല്ല കുറവുണ്ട്. കുനിയുമ്പോൾ മാത്രം ഒരു ചെറിയ പിടുത്തമുണ്ട്"

പരിശോധനക്കും ചികിത്സാനിർദ്ദേശങ്ങൾക്കും ശേഷം മലയാളി എന്ന നിലയിൽ ഒരു കുശലം ചോദിച്ച് നിറുത്താമെന്ന് കരുതി,

"രതീഷ് നാട്ടിലെവിടെയാ?"

രതീഷ് എന്നെ നോക്കി ചിരിച്ചു, ചിരി അവസാനിച്ചത് ആ ചോദ്യത്തിലായിരുന്നു.

എന്റെ ഓർമ്മകളുടെ നാഡീ മുനമ്പുകളിൽ അഗ്നിശലഭങ്ങൾ, അയാളുടെ ചുണ്ടും, മൂക്കും, കണ്ണുകളും ഒപ്പിയെടുത്ത് ഭൂതകാലത്തിന്റെ നാനാദിക്കുകളിലേക്കും പറന്നു.

മേടത്തറയിലെ ഋതുക്കൾ

മേടത്തറയിൽ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഋതുക്കൾ വേനലും മഴക്കാലവും മാത്രമായിരുന്നു. അവധിക്കാലത്തിന്റെ ആലസ്യങ്ങളെ മധുരോദാരമാക്കിയ മാവും പ്ലാവും പേരയുമാണ് മനസ്സിലെ വേനൽസ്മാരകങ്ങൾ.
അന്ന് എന്റെ കൂടെ കളിക്കാൻ കൂടിയിരുന്നവർ ദേവരാജൻ, ഷാനവാസ്, മാധവൻ. പക്ഷേ, ശലഭച്ചിറകുകളിൽ ആ മുഖങ്ങളില്ല. തവളകളുടെയും ചീവീടുകളുടെയും ശബ്ദവിന്യാസങ്ങൾക്കു മീതെ ദൂരെയെവിടെന്നോ ഒഴുകിയെത്തുന്ന നാവോർ പാട്ടുകൾക്കും പുള്ളുവഗീതങ്ങൾക്കും കാതോർത്തുകിടന്ന രാത്രികളിൽ മഴമേഘങ്ങൾ കടന്ന് ജനൽപ്പഴുതിലൂടെ എത്തിനോക്കാറുള്ള മങ്ങിയ നാട്ടുവെളിച്ചം ഇപ്പോഴും മാഞ്ഞിട്ടില്ല. സ്നേഹസ്മൃണമായ ആ ശബ്ദവും.....

"സ്കൂൾ തുറന്നിട്ടേയുള്ളു, മഴ നനയണ്ട"
രാധചേച്ചി പക്ഷേ കുറച്ചുകാലമേ അയൽക്കാരിയായി ഉണ്ടായിരുന്നുള്ളൂ. പാലക്കാടൻ വാത്സല്യവുമായി വരുന്ന വൃശ്ചികക്കാറ്റിൽ പുലർന്ന്, ഹാഫ് ഇയർലി പരീക്ഷാപേടികളെ സാന്ത്വനിപ്പിച്ച്, മുണ്ടകൻ കൊയ്ത്തിന്റെ രാത്രിമെതികൾക്കൊപ്പം ചുവടു വയ്ക്കുന്ന ഇളം തണുപ്പ്; മേടത്തറയിലതൊരു ഋതുവല്ല, ഹ്രസ്വവാസത്തിനെത്തിയ ദേശാടനപക്ഷി പകർന്ന തൂവൽസ്പർശമാണ്. വാഴപ്പൂവിലെ നറുതേൻ നുകരുന്ന ബാല്യകാലനിർവൃതിയാണ്.

"ഈ വരമ്പത്ത് നിന്ന് വെറുതെ വെയില് കൊള്ളണ്ട, അല്ലെങ്കിലേ തീരെ നിറമില്ല" അരിവാളും പിടിച്ച് നിവർന്ന് നിൽക്കുന്നത് എല്ലാവരും നാനിയമ്മ എന്ന് വിളിക്കുന്ന മേടത്തറയിലെ സ്റ്റാർ കൊയ്ത്തുകാരിയാണ്.

അവർക്കൊരു മകളുണ്ടായിരുന്നല്ലോ? പൊട്ടു കുത്തി പൗഡറിട്ട് പാടത്ത് പണിക്ക് വരുന്ന 'വല്യ സിനിമാ നടിയാണെന്നാ ഭാവം' എന്ന് എന്റെ അമ്മായി കുശുമ്പ് പറയാറുള്ള… മുഖമിങ്ങനെ മുന്നിൽ നിൽക്കുമ്പോഴും പേര് ഓർമ്മ വരാതെ...... സ്മൃതിപഥത്തിന്റെ അങ്ങേയറ്റത്ത് മേടത്തറക്ക് കുറുകെയൊഴുകുന്ന തോടിന് മേലെയുള്ള ഒറ്റത്തടിപ്പാലമാണ്. ഒരു പ്രളയകാലത്ത് പാലമൊഴുകിപോയപ്പോൾ സ്ക്കൂളിൽ പോകാൻ പറ്റാത്തതിൽ നിരാശനായി ഇക്കരെ നിൽക്കുന്ന രണ്ടാം ക്ലാസ്സുകാരൻ ഞാനാണ്.

വർഷങ്ങൾക്കിപ്പുറം, കഴിഞ്ഞതിന് മുൻപിലെ അവധിക്ക് ചെന്നപ്പോൾ പറമ്പിൽ എനിക്ക് വേണ്ടി വിനുച്ചേട്ടൻ നട്ട തെങ്ങിൻ തൈ കൂമ്പടഞ്ഞത് കണ്ട് അതേ നിരാശയോടെ ഞാൻ നിന്നു. എന്റെ രണ്ടു നില്പ്പിനുമിടയിൽ മേടത്തറ ഒരു പാട് മാറിയിരുന്നു.
ആകാശം മുട്ടുന്ന പോസ്റ്റുകളിൽ വലിഞ്ഞ് മുറുകി നിൽക്കുന്ന കൂറ്റൻ വൈദ്യുതികമ്പികൾ മേടത്തറയെ മലബാറിന്റെ പവർ ഐക്കൺ ആക്കി. കിണർവെള്ളമെല്ലാം ഊറ്റിയെടുത്തെങ്കിലും നെൽപ്പാടങ്ങൾ നികത്തി വളർത്തിയ അലങ്കാരച്ചെടികൾ മേടത്തറയിലേക്ക് അപ്പർ ക്ലാസ്സ് സന്ദർശകരെ കൊണ്ടുവന്നു. നാട്ടുചിന്തകളുടെ വേലിയേറ്റത്തിൽ ഞാനുഴറിക്കൊണ്ടേയിരുന്നു, ഈ ഗതകാലചിത്രത്തിൽ എവിടെയാണ് എന്റെ മുന്നിലിരിക്കുന്ന രതീഷ് ആറ്റുപറമ്പിൽ? മനസ്സിലാകുന്നില്ലല്ലോ എന്ന് പറയാൻ തുടങ്ങിയതാണ്. അപ്പോഴാണ് അറിയാതെ സ്റ്റെതസ്കോപ്പ് എടുത്ത് ചെവിയിൽ വയ്ക്കുന്നതും, പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് മേശപ്പുറത്ത് തിരികെ വയ്ക്കുന്നതും. ആ ചമ്മലിൽ ഞാൻ പുറത്തോട്ട് നോക്കി. വെയിലിന് തെളിച്ചം കൂടി വരുന്നു. പറന്നുപോയ ആറ്റക്കിളികൾ തിരിച്ചുവന്നിരിക്കുന്നു.

ഒരു പക്ഷി തൊട്ടടുത്തുള്ള പൂച്ചട്ടിയിലിരുന്നു ചിറക് കുടയുന്നു, വെള്ളത്തുള്ളികൾ ഒരു നേ൪ത്ത ജലധാരപോലെ ഉയർന്ന് ജനാലയുടെ ഗ്ളാസ്സിലേക്ക് വീഴുന്നു. വീണ്ടും കുടയാൻ നിവർത്തിയ ചിറകുകൾ ഒതുക്കി 'Can I help you?' എന്ന ഭാവത്തിൽ എന്നെ നോക്കി. വേണമെങ്കിൽ കൂടെ വരൂ എന്ന മട്ടിൽ തലയാട്ടി പറന്നു പോകുന്നു.

പക്ഷി പറന്നകലുന്നത് നോക്കിയിരിക്കേ എന്റെയുള്ളിൽ ചില താളുകൾ മറിഞ്ഞു. ചില വരികൾ നേർത്ത ഒരു പാട്ടായി ഞാൻ കേട്ടു.
പക്ഷി പറന്നകലുന്നത് നോക്കിയിരിക്കേ എന്റെയുള്ളിൽ ചില താളുകൾ മറിഞ്ഞു. ചില വരികൾ നേർത്ത ഒരു പാട്ടായി ഞാൻ കേട്ടു.

പക്ഷി പറന്നകലുന്നത് നോക്കിയിരിക്കേ എന്റെയുള്ളിൽ ചില താളുകൾ മറിഞ്ഞു. ചില വരികൾ നേർത്ത ഒരു പാട്ടായി ഞാൻ കേട്ടു.

'സ്വപ്നത്തിൻ സ്വരരാഗ സംഗീത സദസ്സുകളിൽ
സ്വർണ്ണ വീണ മീട്ടി വന്നൊരു സ്വർഗ്ഗസഞ്ചാരീ
ഒരു നിമിഷം കൂടെ വരൂ
ഒരു പല്ലവി പാടിത്തരൂ
ഒരു ഗാനസാഗരത്തിന്നധിപനല്ലേ നീ
അധിപനല്ലേ നീ'

ആ പാട്ട് കേൾക്കുന്നതിന് കുറച്ച് നേരം മുൻപാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് പറയുന്നത് 'ഡാ കടുക് കഴിഞ്ഞു, 50 കടുക് വാങ്ങി വേഗം വാ' ഒരു മാസത്തേക്കുള്ള സാധനങ്ങൾ ടൗണിൽ വാങ്ങുകയാണ് വീട്ടിലെ പതിവ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈനാശു ചേട്ടന്റെ കടയിൽ നിന്ന് വാങ്ങുകയുള്ളു. മേടത്തറയിലെ ഒന്നാം കവലയിലാണ് ഈനാശു ചേട്ടന്റെ പലചരക്കുകട. ചേട്ടനെ എനിക്കിഷ്ടമായിരുന്നു. കച്ചവടം ഒരു ജന സേവനമായിരുന്നു മൂപ്പർക്ക്. രണ്ടാം കവലയിൽ ദാമോദരൻ നടത്തുന്ന 'വല്ല്യാട്ട് വളപ്പിൽ സ്റ്റോർസ്' എന്ന കളറും ഗ്ലാമറും നിറഞ്ഞ കടയിൽ നിന്ന് മേടിക്കാൻ റൊക്കം കാശ് ഇല്ലാതാകുമ്പോഴാണ് മിക്കവരും ഈനാശു ചേട്ടന്റെ കടയിൽ പറ്റ് പറയാനെത്തുന്നത്. ചേട്ടൻ അങ്ങനെ കണക്ക് പറഞ്ഞ് കാശ് മേടിക്കാറില്ല. കൊല്ലവസാനം വരവും ചെലവും ഒത്ത് പോകാതെ വരുമ്പോൾ ഭാഗം കിട്ടിയ പറമ്പുകളിൽ നിന്ന് ഒരു ചെറുതങ്ങ് വിൽക്കും. മൂപ്പർക്ക് വേറെ ധൂർത്തോ ചിലവൊ ഇല്ലാത്തത് കൊണ്ടും തറവാട്ടിൽ നിന്ന് കിട്ടിയ സ്വത്തുക്കൾ ഉള്ളത് കൊണ്ടും ഭാര്യ മേരി മൂപ്പർക്ക് അതാണ് താല്പര്യമെങ്കിൽ അങ്ങനെ എന്നേ പറയാറുള്ളു. ഈനാശു ചേട്ടൻ കടുക് എടുക്കാൻ തിരിഞ്ഞപ്പോഴാണ് ആ പാട്ട് ഞാൻ കേട്ടത്. കടയിൽ ലൈറ്റ് തീരെ കുറവായിരുന്നു. അത് കൊണ്ട് ആളെ പെട്ടെന്ന് കണ്ടില്ല. കടയുടെ വാതിൽപാളികൾ അടുക്കി നിറുത്തിയിരിക്കുന്നതിന്റെ മറവിൽ നിന്ന് വെളിച്ചത്തേക്ക് വന്നപ്പോൾ 'അധിപനല്ലേ' എന്ന് മൂളിപ്പാട്ടായി വീണ്ടും ആവർത്തിക്കുന്നു. എന്നെ നോക്കി കണ്ണിറുക്കി പടിയിലിരുന്ന പൊതിയും എടുത്ത് നടന്ന് പോകുന്നു. നീളൻപാവാടയും കൈനിറയെ കുപ്പിവളയുമിട്ട് മുന്നിലോട്ട് കിടന്ന മെടഞ്ഞ മുടി പിന്നിലോട്ട് ഇട്ട് തിരിഞ്ഞു നോക്കാതെ .....

ആ കണ്ണിറുക്കൽ എന്റെ ഉള്ളിൽ കൊണ്ടു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം പാടത്ത് നെല്ലിന് വെള്ളം തുറന്നിടാൻ പോകുമ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അവൾ അന്ന് പേര് പറഞ്ഞു,

'സുനന്ദ'.

അവൾ മേടത്തറ സ്ക്കൂളിൽ എന്റെ രണ്ട് ക്ലാസ്സിന് മേലെയായിരുന്നെന്നും സ്ക്കൂൾ വിട്ട് ടൗണിൽ നിന്ന് വരുമ്പോൾ ബസ്സിൽ കാണാറുണ്ടെന്നും പറഞ്ഞപ്പോൾ എനിക്ക് എന്നെ കുറിച്ച് അഭിമാനം തോന്നി, എന്നെ ഒരാൾ ശ്രദ്ധിക്കുന്നുണ്ട്.

മേടത്തറക്ക് അന്ന് ഒരു ബസ്സേയുള്ളു. സ്ക്കൂൾ വിട്ട ഉടനെ 'ഗോപീകൃഷ്ണ' കിട്ടിയില്ലെങ്കിൽ ആറു മണി വരെ ടൗണിൽ നിൽക്കണം. അത് കൊണ്ട് മരണ ഓട്ടമാണ് മൂന്നരയുടെ ബസ്സ് പിടിക്കാൻ. ബസ്സിൽ മുന്നിൽ അവളുണ്ടാകും. ഒരു നോട്ടം ചിരി, അത്രേയുള്ളു. ആരോരുമറിയാതെ. രണ്ട് കൊല്ലങ്ങൾക്ക് ശേഷം ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വീണ്ടും സംസാരിക്കുന്നത്,

"എനിക്ക് ജില്ലാ യൂത്ത് ഫെസ്റ്റിവെലിലേക്ക് സെലക്ഷൻ ഉണ്ട്. പാട്ട് കേൾക്കാൻ വരുന്നോ?" ഒരാളോടും പറയാതെ ഞാൻ പോയി. അവൾക്ക് മൂന്നാം സ്ഥാനമായിരുന്നു. പ്രിഡിഗ്രീ കഴിഞ്ഞ് മെഡിസിന് അഡ്മിഷൻ കിട്ടി നിൽക്കുമ്പോൾ പതിവ് സൈക്കിൾ സവാരിക്കിടെ പേലമ്പത്ത് വച്ചാണ് ഞങ്ങൾ പിന്നീട് സംസാരിച്ചത്.
"ഇനിയിപ്പോ ഡോക്ടർ ആകുന്നവരെ കാത്തിരിക്കണം. ഈ സ്നേഹം അപ്പോഴും ഉണ്ടാകുമോ?"
"അതിപ്പോ നീ സിനിമയിലൊക്കെ പാടി പ്രശസ്ത പിന്നണി ഗായികയായാൽ എന്നൊക്കെ എനിക്കും ചോദിക്കാമല്ലോ?
ഇംഗ്ലീഷിൽ ക്ലീഷേ എന്ന് പറയും"
മെഡിസിന് ചേർന്നതിന് ശേഷം ഞാൻ മേടത്തറയിൽ നിന്ന് അകലുകയായിരുന്നു;

പുതിയ കാമ്പസ്, പുതിയ ജീവിതം.

അവളെ ഇടക്കിടെ കാണുമായിരുന്നു. നമ്മൾ കാത്തിരിക്കും എന്ന് അവൾ എന്നോടും ഞാൻ അവളോടും നിശ്ശബ്ദമായി പറഞ്ഞിരുന്നോ?രണ്ടാം വർഷമായിരുന്നെന്ന് തോന്നുന്നു.
'പ്രസന്നൻ വന്നിട്ടുണ്ടോ' എന്ന് ആരോ അമ്മയോട് ചോദിക്കുന്ന കേട്ടാണ് ഞാൻ പുറത്തേക്ക് വന്നത്. വീട്ടിൽ തെങ്ങ്

ചെത്താൻ വരുന്ന കൃഷ്ണേട്ടനാണ് എന്നെ അന്വേഷിക്കുന്നത്. അങ്ങനെ സംസാരിക്കുന്ന ആളല്ല.
"എന്താ കൃഷ്ണേട്ടാ? "
"വാ, ഒരു കാര്യമുണ്ട്"
ചെത്തി കിട്ടിയ ഇളംകള്ളിൽ നിന്ന് ഒരു ഗ്ലാസ്സ് തരാനാവും എന്നാണ് കരുതിയത്. തെങ്ങുകൾക്കിടയിലെത്തി ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കി കൃഷ്ണേട്ടൻ നിന്നു.
"പ്രസന്നൻ സുനന്ദയെ അറിയോ?"
അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.
"ഇനി പ്രസന്നന് അറിയാത്ത ഒരു കാര്യം ഞാൻ പറയാം, സുനന്ദ എന്റെ മോളാണ്"
ഞാൻ മിണ്ടിയില്ല.
“അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. നിനക്കങ്ങോട്ടും എന്ന് അവൾ പറയുന്നു“
ഞാൻ താഴോട്ട് നോക്കി നിന്നതേയുള്ളു.
"ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?"
"ഉവ്വ്"

"ഇതൊക്കെ പ്രായത്തിന്റെ ഒരു ഭ്രമമാണ്. ജീവിതം അംഗീകരിക്കണമെന്നില്ല"

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു.

“അവൾക്ക് ഒരാലോചന വന്നിട്ടുണ്ട്. ഒരു ചെത്തുകാരന്റെ സ്ഥിതി വച്ച് കിട്ടാവുന്ന ഒരു നല്ല ബന്ധം. പയ്യന് ഗവൺമെന്റ് ജോലിയുണ്ട്“ പോകുമ്പോൾ കൃഷ്ണേട്ടൻ എന്നെ ചേർത്ത് നിറുത്തി, “നല്ലതേ വരൂ“

മേടത്തറ എനിക്ക് കൂടുതൽ അപരിചിതമായി.

തിരുവനന്തപുരത്ത് പി ജി ചെയ്യുമ്പോഴാണ്, അവധിക്ക് തൃശ്ശൂർക്ക് വരാൻ റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ട്രെയിനിറങ്ങി വരുന്ന ആൾക്കൂട്ടത്തിൽ നിന്ന് എന്നെ ആരോ വിളിച്ചത്. ഒരു കുട്ടിയുടെ കൈയും പിടിച്ച് എനിക്ക് നേരെ ഓടി വന്ന അവളെ ആദ്യം മനസ്സിലായില്ല. തടി വച്ചിരിക്കുന്നു.

She was excited. എന്തൊക്കെയോ പറഞ്ഞു.

“ഇത് എന്റെ മോൻ. ഞങ്ങളിപ്പോ ഇവിട്യാ. ദാസേട്ടന് സെക്രട്ടറിയേറ്റിലാ ജോലി"അത് മാത്രമാണ് ഞാൻ കേട്ടത്. പിന്നെയും അവൾ സംസാരിച്ചുകൊണ്ടിരുന്നു. 'പ്രസന്നനെന്താ ഇവിടെ' യെന്ന ചോദ്യം വരെ.

"ഒരു സുഹൃത്തിനെ കാണാൻ വന്നതാ" അങ്ങനെ പറയാനാണ് തോന്നിയത്.
അന്ന് ഞാനൊന്നും അവളോട് ചോദിച്ചില്ല. ദാ, ഇപ്പോ എനിക്ക് ചോദിക്കാമെന്ന് തോന്നുന്നു.

ഞാൻ രതീഷിനെ നോക്കി.

"അമ്മ ഇപ്പോഴും പാടുമോ?"

രതീഷ് വീണ്ടും ചിരിച്ചു. ആ ചിരിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. പുറത്ത് വെയിലിന് പ്രകാശം കൂടി കൊണ്ടേയിരുന്നു.

Cheers!!!


Good Evening Friday - മറ്റു ഭാഗങ്ങള്‍ വായിക്കൂ…


Summary: Dr Prasannan PA writes about seasons in Melbourne and Kerala, column written from Australia continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments