“താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട മാധ്യമജീവിതത്തിൽ കണ്ട കേരളത്തിൻ്റെ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രി ആരാണ്?”
ഈയിടെ ഒരു അഭിമുഖകാരി ഈ ലേഖകനോട് ചോദിച്ചു.
ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന കടുത്ത ആരോപണങ്ങളായിരുന്നു പശ്ചാത്തലം.
ബുദ്ധിമുട്ടിച്ച ചോദ്യം.
മികച്ചതിനുപകരം ഏറ്റവും മോശം ആരെന്ന് വിലയിരുത്തുകയാകും എളുപ്പം എന്ന് സൂചിപ്പിച്ച്, അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ ആണത് എന്നായിരുന്നു മറുപടി. അടിയന്തരാവസ്ഥ എൻ്റെ മാധ്യമജീവിതകാലത്തായിരുന്നില്ല. പക്ഷേ ഞാൻ എന്ന അന്നത്തെ കോളേജ് വിദ്യാർത്ഥി അക്കാലത്തെ ഭീകരത വ്യക്തിപരമായി അറിയുകയും കുറെയൊക്കെ അനുഭവിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലായിരുന്നു എൻ്റെ അഭിപ്രായം.
ജനാധിപത്യവ്യവസ്ഥയിൽ ജനതയുടെ മൗലികമായ മനുഷ്യാവകാശങ്ങൾ ഏറ്റവും അധികം അടിച്ചമർത്തുന്നതാണ് ഏറ്റവും മോശമായ ഭരണകൂടം. അടിയന്തരാവസ്ഥയിൽ ജനാധിപത്യാവകാശങ്ങൾക്ക് നിയമസാധുതയില്ലെന്ന വാദം കൊണ്ട് അക്കാലത്തെ ഭരണകൂട അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലല്ലോ. ഇന്ത്യയിൽ മറ്റിടങ്ങളിലും അക്കാലം വ്യത്യസ്തമായിരുന്നില്ല എന്നതും കേരളത്തിലെ ദുരനുഭവങ്ങൾക്ക് ന്യായമല്ല.
കേരള ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധമായ ലോക്കപ്പ് കൊലപാതകളുടെയും വ്യാജ ഏറ്റുമുട്ടൽ വധങ്ങളുടെയും അർധരാത്രിയിലെ വാതിൽമുട്ടുകളുടെയും കാലം എന്നുമാത്രമല്ല പോലീസിൻ്റെ അതിക്രമങ്ങൾക്കെതിരെ ചെറിയൊരു ശബ്ദം പോലും പുറത്തുകേൾക്കാനാവാത്ത വിധം പൊതുപ്രവർത്തകരെ തുറുങ്കിലിടുകയും മാധ്യമങ്ങളുടെ അടക്കം അഭിപ്രായസ്വാതന്ത്ര്യം പൂർണമായും അടിച്ചമർത്തപ്പെടുകയും ചെയ്ത മറ്റൊരു അനുഭവം സ്വതന്ത്ര ഇന്ത്യയിലുണ്ടായിട്ടില്ല. ഒരുപക്ഷേ കരുണാകരൻ എന്ന വ്യക്തിയെക്കാളേറെ അമിതാധികാരപ്രയോഗം സ്വാഭാവികമായ അടിയന്തരാവസ്ഥക്കാണ് അതിനൊക്കെ ഉത്തരവാദിത്തം എന്ന് പറയാം. എങ്കിലും മറ്റേതൊരു നേതാവിലുമേറെ, അമിതാധികാരത്തിൽ അഭിരമിക്കുകയും പോലീസിനെ തൻ്റെ സ്വകാര്യസേന പോലെ ഭരിക്കുകയും അതിലൊക്കെ അഭിമാനിക്കുകയും ചെയ്ത ആളായിരുന്നു എന്നും കരുണാകരൻ. എല്ലാ കാലത്തും പോലീസിനെ തൻ്റെ രാഷ്ട്രീയ- ഗ്രൂപ്പ് താൽപര്യങ്ങൾക്ക് ദുരുപയോഗം ചെയ്തെന്ന് അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ആരോപണം നിരന്തരം ഉയർന്നിട്ടുണ്ട്.
1991- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരനുവേണ്ടി കോൺഗ്രസ്- മുസ്‍ലിം ലീഗ്- ബി ജെ പി (കോ-ലീ-ബി) സഖ്യത്തിന്റെ ശിൽപി താനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രിയങ്കരനായ പോലീസ് മേധാവി ജയറാം പടിക്കൽ എഴുതിയത് ഈയിടെ പിണറായി വിജയൻ അനുസ്മരിച്ചുവല്ലോ.
പോലീസിൻ്റെ അമിതാധികാരപ്രയോഗത്തിലും അതിന് രാഷ്ട്രീയ നേതൃത്വം നൽകുന്ന അനുഗ്രഹാശിസ്സിലും, കെ. കരുണാകരൻ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഇപ്പോഴത്തേയും മുമ്പത്തേയും സർക്കാറുകളിലെ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.
പിണറായിയുടെ
പോലീസ്ക്കാലം
പോലീസിൻ്റെ അമിതാധികാരപ്രയോഗത്തിലും അതിന് രാഷ്ട്രീയ നേതൃത്വം നൽകുന്ന അനുഗ്രഹാശിസ്സിലും രണ്ടാം സ്ഥാനം ഇപ്പോഴത്തേയും മുമ്പത്തേയും സർക്കാറുകളിലെ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. അടിയന്തരാവസ്ഥ എന്നൊരു മറ പോലും ഇക്കാലത്തിന് ഇല്ലെന്നതും പ്രധാനമാണ്. കരുണാകരന്റെ പ്രിയങ്കരരായിരുന്ന പോലീസ് മേധാവിമാരായ രമൺ ശ്രീവാസ്തവയും ലോകനാഥ് ബെഹ്റയും ഒക്കെയായിരുന്നു ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ പ്രമാണിമാർ എന്നത് യാദൃച്ഛികമല്ല. എട്ട് മാവോയിസ്റ്റുകളെ ‘ഏറ്റുമുട്ടലിൽ’ വകവരുത്തിയതും അലൻ, താഹ എന്നീ യുവാക്കൾ അടക്കമുള്ളവരുടെ നേർക്കുള്ള യു എ പി എ പ്രയോഗവും, കരിങ്കൊടി പ്രകടനക്കാർക്കുനേരെയുള്ള ബലപ്രയോഗവും, നവകേരളയാത്രക്കെതിരെ പ്രതിഷേധിച്ചവരോട് നടത്തിയ പ്രാകൃതത്വവും അവയൊക്കെ മുഖ്യമന്ത്രി കലവറയില്ലാതെ ന്യായീകരിച്ചതും ഒക്കെ അഭൂതപൂർവമാണ്. ഈ സർക്കാരിനേറ്റവും ചീത്തപ്പേര് നല്കിയത് ആഭ്യന്തരവകുപ്പാണെന്നു നിസ്സംശയം.
പോലീസിനെതിരെ അച്ചടക്കനടപടി സേനയുടെ വീര്യം കുറച്ചുകളയും എന്ന ദിവാൻ സർ സി.പി രാമസ്വാമി അയ്യർ മുതലുള്ള സ്വേഛാധികാരികളുടെ അറപ്പുളവാക്കുന്ന ഉദീരണം വീണ്ടും കേട്ടതും ഇക്കാലത്താണ്. മാത്രമല്ല പോലീസ് സേനയ്ക്കുള്ളിൽ ഇത്രമാത്രം ജീർണത വളർന്ന മറ്റൊരു കാലമുണ്ടായിട്ടുമില്ല. കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, സ്വർണ്ണ കള്ളക്കടത്ത്, ക്രിമിനൽ ബന്ധം തുടങ്ങി അഡീഷണൽ ഡി ജി പി മുതൽ പോലീസ് സേന നേരിടുന്ന ഭീകരകുറ്റങ്ങൾക്ക് അവസാനമില്ല. സി പി എം സ്വതന്ത്ര എം എൽ എ പി.വി. അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ ഡി ജി പി എം.ആർ. അജിത് കുമാറിനും എതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഇരുവരും തൽസ്ഥാനങ്ങളിൽ അനക്കമില്ലാതെ തുടരുന്നു. ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത് കുമാറിന് ഹിന്ദുത്വ ബന്ധമുണ്ടെന്ന ആരോപണവും സി പി ഐയുടെ അടക്കമുള്ള ഘടകകക്ഷികളുടെ പ്രതിഷേധവും മുഖ്യമന്ത്രി കണക്കിലെടുത്തില്ല.
സി.പി.ഐയുടെ നിലപാടിൽ തെറ്റില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ആരോപണങ്ങൾ ഗുരുതരമാണെന്ന് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിട്ടും പാർട്ടിക്കുമീതെയും താൻ എന്ന മട്ടിൽ മുഖ്യമന്ത്രി തൻ്റെ സേവകരെ സംരക്ഷിക്കുന്നു. ‘ഞാനാണ് ഭരണകൂടം’ എന്ന് പ്രഖ്യാപിക്കുന്ന എല്ലാ സ്വേഛാധികാരികളുടെയും ശൈലിയാണത്. വിജിലൻസ് അന്വേഷണം നേരിടുന്ന എ ഡി ജി പി തൽസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം വെറും തമാശയാകുമെന്ന് അറിയാതെയല്ല മുഖ്യമന്ത്രി അദ്ദേഹത്തെ നിലനിർത്തുന്നത്.
ഒരു കുറ്റവാളിയുടെ അതിഥികളായി “ടിപ്പുവിന്റെ സിംഹാസനത്തിൽ” ഉപവിഷ്ടനായും “മോശയുടെ അംശവടി” പിടിച്ചും കേരള പോലീസിലെ രണ്ട് അത്യുന്നതർ സ്വയം പോസ് ചെയ്ത ചിത്രം നമ്മുടെ സേനയുടെ ഏറ്റവും കോമാളിത്തം നിറഞ്ഞതും ക്രിമിനലുമായ ചരിത്രരേഖയായി.
കുറച്ചുനാൾ മുമ്പ് കേരളത്തിലാദ്യമായി ടി.പി. സെൻകുമാർ, ജേക്കബ് തോമസ് എന്ന മുൻ ഡി ജി പിമാർ ബി ജെ പിയിൽ ചേർന്നതോടെയാണ് പോലീസിൽ വ്യാപിച്ച വർഗ്ഗീയത ഏറ്റവും ചർച്ചാവിഷയമായത്. ലൗ ജിഹാദ് തുടങ്ങിയ പല വർഗീയ പ്രചാരണങ്ങളും പോലീസ് തലത്തിൽ നിന്നാണ് ആരംഭിച്ചത്. ഈ വർഗീയതയുടെ വ്യാപനം സമീപകാല പ്രതിഭാസമാണെങ്കിലും അയോധ്യയിലെ ശ്രീരാമജന്മഭൂമി പ്രസ്ഥാനകാലം മുതൽ ഇതേക്കുറിച്ച് ആക്ഷേപമുണ്ട്. 1991 ഡിസംബർ ആറിന് മസ്ജിദ് തകർക്കപ്പെട്ടതിനു കൃത്യം ഒരു വർഷം മുമ്പ് പാലക്കാട് നൂറണിയിലെ ബ്രാഹ്മണകോളനി ആക്രമിക്കാനൊരുങ്ങുന്നുവെന്നാരോപിച്ച് പോലീസ് നടത്തിയ വെടിവെപ്പിൽ മരിച്ച പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ എന്ന 11 കാരിയുടെ കഥ ഓർക്കാം. പോലീസ് എഫ് ഐ ആറിൽ 300- ഓളം വരുന്ന അക്രമികളെ നയിച്ചത് ആ പതിനൊന്നുകാരിയെന്നായിരുന്നു പരാമർശം. അന്ന് മുഖ്യമന്ത്രി കരുണാകരന്റെ പ്രിയങ്കരനായ ഡി ഐ ജിയുടെ പ്രത്യേക ഉത്തരവ് മൂലമായിരുന്നു അനാവശ്യമായ ആ വെടിവെയ്പ്പ് എന്നായിരുന്നു മുഖ്യ ആരോപണം. ആ ഡി ഐ ജി മറ്റാരുമായിരുന്നില്ല, രമൺ ശ്രീവാസ്തവ.
ആര് ഭരിച്ചാലും പോലീസ് ഭരണകൂടത്തിൻ്റെ മർദ്ദനോപകരണമാണെന്ന മാർക്സിയൻ തത്വത്തിന്, ഉത്തരപ്രദേശിൽ ഐ പി എസുകാരുടെ കുടുംബത്തിൽനിന്ന് വരുന്ന ശ്രീവാസ്തവയുടെ ഔദ്യോഗിക ജീവിതം പോലെ മറ്റൊരു തെളിവ് ആവശ്യമില്ല
ശൈലി മാറ്റാത്ത പോലീസ്
ആര് ഭരിച്ചാലും പോലീസിൻ്റെ ശൈലി മാറാത്തതിൻ്റെ കാരണം രമൺ ശ്രീവാസ്തവ എന്ന പോലീസ് മേധാവിയുടെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് മനസ്സിലാക്കാം. 1994- ൽ പൊട്ടിപ്പുറപ്പെട്ട ഐ എസ് ആർ ഒ ചാരക്കേസിൽ ആദ്യം കുറ്റാരോപിതനായ ശ്രീവാസ്തവയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും മുസ്‍ലിം ലീഗും കെ.എം. മാണിയുടെ കേരള കോൺഗ്രസും യു ഡി എഫിൽ നടത്തിയ വിജയകരമായ കലാപം. ആൻ്റണി വിഭാഗത്തിനെതിരെയുള്ള കരുണാകരൻ്റെ കുന്നായ്മകൾക്കൊക്കെ ചൂട്ട് പിടിക്കുന്നു എന്നായിരുന്നു ശ്രീവാസ്തവക്കെതിരെയുള്ള അവരുടെ മുഖ്യ പരാതി.
1982- ലെ സർക്കാരിൻ്റെ കാലത്ത് തൻ്റെ മുഖ്യശത്രു ആയിരുന്ന ആഭ്യന്തര മന്ത്രി വയലാർ രവിയെ കരുണാകരൻ ചാക്കിലാക്കി. കെ.പി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആൻ്റണിയെ തോൽപ്പിക്കാൻ രവിയെ തന്നെ നിർത്തി പൂഴിക്കടകൻ പയറ്റി ലീഡർ. അതോടെ അങ്കത്തിൽ അടിയറവ് പറഞ്ഞ് ആൻ്റണി ദില്ലിക്ക് കുടിയേറി. രവി കുറുമാറുകയും ആൻ്റണി സ്ഥലം വിടുകയും ചെയ്തതോടെ ഉമ്മൻ ചാണ്ടിക്കായി എ ഗ്രൂപ്പ് നേതൃത്വം. ആകെ പ്രതിരോധത്തിലായ സമയം. കരുണാകരനോടും ശ്രീവാസ്തവയോടുമൊക്കെ കണക്ക് തീർക്കാൻ ഉമ്മൻചാണ്ടിക്ക് വീണുകിട്ടിയ അവസരമായി ചാരക്കേസ്. കരുണാകരനെ പുറത്താക്കി ആന്റണിയെ അധികാരത്തിലേറ്റിയ ശേഷമേ അന്ന് എ ഗ്രൂപ്പും യു ഡി എഫ് ഘടകകക്ഷികളും അടങ്ങിയുളളൂ. പാർട്ടിക്കുള്ളിലുള്ളവരുടെയും ഘടകകക്ഷികളുടെയും പ്രതിഷേധത്തിന് പുല്ലുവില കൽപ്പിക്കുന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ കാലത്തുനിന്ന് എന്ത് വ്യത്യസ്തമായിരുന്ന കാലം!
2004- ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ആഗസ്റ്റ് 29- ന് എ.കെ. ആന്റണി രാജിവെച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. തുടർന്ന് 2005 ഫെബ്രുവരിയിൽ സീനിയർമാരായ ഉപേന്ദ്ര വർമ്മയുടെയും എം.ജി.എ. രാമന്റെയും മുകളിലൂടെ രമൺ ശ്രീവാസ്തവയെ ഡി ജി പിയാക്കിയത് ഉമ്മൻചാണ്ടി. 2006- ൽ അച്ചുതാനന്ദൻ സർക്കാർ അധികാരത്തിൽ വന്ന ശേഷവും 2008 വരെ അദ്ദേഹം ഡി ജി പിയായി തുടർന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി അദ്ദേഹം. രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തരവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയും തുടർന്ന് ബി എസ് എഫ് തലവനുമായ ശ്രീവാസ്തവ 2011- ൽ സർവീസിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്തെത്തി സ്വകാര്യ സുരക്ഷാസ്ഥാപനം ആരംഭിച്ചു. 2017 ഏപ്രിലിലാണ് ഏറ്റവും അമ്പരപ്പിക്കുന്ന ആ സംഭവം. സ്വകാര്യസ്ഥാപനവുമായി റിട്ടയേഡ് ജീവിതം നയിച്ചിരുന്ന ശ്രീവാസ്തവയെ ചീഫ് സെക്രട്ടറിയുടെ റാങ്കിൽ മുഖ്യമന്ത്രി പിണറായിയുടെ പോലീസ് ഉപദേശകനായി നിയമിച്ചു. സിപി എം സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക നിയോഗമായിരുന്നുവത്രേ ആ നിയമനം. കാര്യക്ഷമതയുടെ പേരിലായിരുന്നു നിയമനമെങ്കിലും പിന്നീട് ആ സർക്കാറിന്റെ തന്നെ കണക്കെടുപ്പിൽ പൂജ്യം മാർക്ക് ലഭിച്ചതും ആഭ്യന്തരവകുപ്പിനായിരുന്നുവെന്നത് മറ്റൊരു തമാശ.
ആര് ഭരിച്ചാലും പോലീസ് ഭരണകൂടത്തിൻ്റെ മർദ്ദനോപകരണമാണെന്ന മാർക്സിയൻ തത്വത്തിന്, ഉത്തരപ്രദേശിൽ ഐ പി എസുകാരുടെ കുടുംബത്തിൽനിന്ന് വരുന്ന ശ്രീവാസ്തവയുടെ ഔദ്യോഗിക ജീവിതം പോലെ മറ്റൊരു തെളിവ് ആവശ്യമില്ല. തന്നോടുള്ള വ്യക്തിപരമായ ആശ്രിതത്വമാണ് ഉദ്യോഗസ്ഥനിയമനത്തിൽ മറ്റെല്ലാറ്റിലും മുകളിൽ സ്വേഛാധികാരികൾക്ക് പ്രധാനം. അവസരവാദികളായ ഉദ്യോഗസ്ഥർ അക്കാര്യം ഉറപ്പാക്കുന്നു.
അമ്പത്തേഴിലെ
പോലീസ്
നിയമവിധേയമായി ബലം പ്രയോഗിക്കാനുള്ള അധികാരം തന്നെയാണ് ജനാധിപത്യത്തിലും പോലീസിനുള്ളത്. പക്ഷേ ഈ ഉപകരണത്തെ എങ്ങനെ ഉപയോഗിക്കണമെന്നത് ജനാധിപത്യത്തിൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ തീരുമാനമാണ്. അതുകൊണ്ട് ജനാധിപത്യത്തിൽ പോലീസിൻ്റെ അതിക്രമത്തിന് ഉത്തരം പറയേണ്ടത് പൂർണമായും രാഷ്ട്രീയ നേതൃത്വമാണ്. അതേസമയം ബലപ്രയോഗം സഹജമായ പോലീസും വ്യക്തിസ്വാതന്ത്ര്യം സഹജമാകേണ്ട ജനാധിപത്യവും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമായി സങ്കീർണവും സംഘർഷപൂർണവും ആണെന്നത് വസ്തുതയാണ്. പ്രത്യേകിച്ച്, നാട്ടുകാരെ അടിമകളാക്കി ഭരിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം 19ാം നൂറ്റാണ്ടിൽ കൊണ്ടുവന്ന ജനാധിപത്യ പൂർവകാലത്തെ പോലീസ് നിയമം (1861) ഏറക്കുറെ ഇന്നും അതേപടി തുടരുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്, ഈ സംഘർഷത്തിന് ഗുരുതര സ്വഭാവമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സമർപ്പിക്കപ്പെട്ട ഒട്ടേറെ പോലീസ് പരിഷ്കാര നിർദേശങ്ങളിൽ മിക്കതും മാറിമാറി വന്ന സർക്കാറുകളുടെ ഇച്ഛാശക്തിയില്ലായ്മ മൂലം ഇന്നും കടലാസിൽ അവശേഷിക്കുന്നു. പരിഷ്കൃതമായ പോലീസ് സേന തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന ബോധ്യമാകാം കാരണം.
ആദ്യ ഇ.എം.എസ് സർക്കാർ അധികാരത്തിലിരുന്ന വെറും രണ്ട് വർഷത്തിനുള്ളിൽ നടന്നത് ലാത്തിചാർജുകൾ മാത്രമല്ല ആവർത്തിക്കപ്പെട്ട വെടിവെപ്പുകൾ. അവയിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടു. ഇരകളായതെല്ലാം സാധാരണക്കാർ.
അധികാരവും ജനാധിപത്യവും തമ്മിലുള്ള സംഘർഷവും ആര് ഭരിച്ചാലും പോലീസ് മർദ്ദനോപകരണമാണെന്ന തത്വവും ആധുനിക കേരളത്തിൽ ആദ്യം തെളിയിച്ചത് ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരുകളിൽ ഒന്നായ 1957- ലെ ഇ എം എസ് ഗവൺമെന്റ് ആണെന്നത് ശ്രദ്ധേയം. തലമുറകളായി അധികാരികൾ അടിച്ചമർത്തിയ ജനതയുടെ പ്രതിനിധികൾ ജനാധിപത്യത്തിലൂടെ അധികാരമേറി ചരിത്രം കുറിച്ച സർക്കാർ ആണതെന്നോർക്കുക. മാത്രമല്ല ആ ഐതിഹാസിക മാറ്റം സൂചിപ്പിക്കുന്നതായിരുന്നു ഇ എം എസ് സർക്കാരിന്റെ ആദ്യ നടപടികൾ. രാഷ്ട്രീയ സംഘട്ടനത്തിലുണ്ടായ കൊലപാതകത്തിൽ പ്രതിയായ കോടാകുളങ്ങര വാസുപിള്ള എന്ന സഖാവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയായിരുന്നു ആ മന്ത്രിസഭയുടെ ആദ്യ തീരുമാനം. അഭ്യർഥിക്കുക മാത്രമല്ല അത് ഇ എം എസ് സർക്കാർ യാഥാർത്ഥ്യമാക്കുകയും ചെയ്തു.
തൊഴിൽതർക്കങ്ങളിൽ പോലീസ് ഇടപെടരുതെന്നും പ്രമാണിമാരുടെ സ്വകാര്യ സേനയാകാൻ പാടില്ലെന്നുമുള്ള ഉത്തരവായിരുന്നു മറ്റൊരു പരിഷ്കാരം. സ്വാഭാവികമായും ഇവയും ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കാരം തുടങ്ങി ആ സർക്കാർ തിരികൊളുത്തിയ വിപ്ലവകരമായ നടപടികൾ സാമ്പത്തികവും സാമൂഹ്യവുമായ ഉപരിവിഭാഗങ്ങളിൽ സൃഷ്ടിച്ച അങ്കലാപ്പാണ് വിമോചനസമരത്തിനും ആ സർക്കാറിനെ കേന്ദ്ര ഗവണ്മെന്റ് പിരിച്ചുവിടുന്നതിനും വഴിവെച്ചതെന്നതിൽ സംശയമില്ല. മറുവശത്താകട്ടെ, അന്നുവരെ സാമൂഹ്യമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ടിരുന്ന ജനത ഭരണത്തിലേറി പലയിടത്തും അവർ അധികാരം ദുരുപയോഗപ്പെടുത്തുന്നതായ ആക്ഷേപങ്ങൾ വ്യാപകമാവുകയും ചെയ്തു. നാട്ടിലെ കുറ്റകൃത്യങ്ങൾ തീർപ്പാക്കുന്ന പണി പോലീസിനുപകരം പ്രാദേശിക പാർട്ടി നേതാക്കൾ കയ്യാളുന്നെന്ന പരാതിയാണ് പോലീസിൽ ‘സെൽ ഭരണം’ എന്ന ആക്ഷേപം. അധികാരവ്യവസ്ഥക്കുള്ളിലുണ്ടായ ഈ താഴെനിന്നുള്ള അട്ടിമറി വർഗീയ- ജാതീയ ശക്തികളുടെയും സി ഐ എ വരെയുള്ള ആഗോളശക്തികളുടെയും നേതൃത്വത്തിൽ അക്രമാസക്തമായ വിമോചനസമരത്തിനും വ്യാപക സംഘട്ടനങ്ങൾക്കും വഴിവെച്ചതൊക്കെ ചരിത്രം.
ഭരണകൂടം എന്നാൽ താൻ തന്നെയാണ് എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ നിലപാട് 1957-ലെ ഭരണാധികാരികൾക്കുണ്ടായിരുന്നില്ല. അധികാരം കയ്യൊഴിഞ്ഞ് മാറാനുള്ള മര്യാദ അവർക്കുണ്ടായിരുന്നു.
പക്ഷേ ഇതേതുടർന്നാണ് പോലീസിന്റെ മർദ്ദകസ്വഭാവം ആ കമ്യൂണിസ്റ്റ് സർക്കാർ പ്രയോഗത്തിൽ വരുത്താനാരംഭിച്ചത്. വിമോചനസമരക്കാരുടെ അക്രമമാണ് പ്രകോപനമെങ്കിലും വ്യാപകമായിരുന്നു പോലീസ് ബലപ്രയോഗം. അധികാരത്തിലിരുന്ന വെറും രണ്ട് വർഷത്തിനുള്ളിൽ നടന്നത് ലാത്തിചാർജുകൾ മാത്രമല്ല ആവർത്തിക്കപ്പെട്ട വെടിവെപ്പുകൾ. അവയിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടു. ഇരകളായതെല്ലാം സാധാരണക്കാർ.
1958 ജൂലൈ 26-ന് ചന്ദനത്തോപ്പിലെ കശുവണ്ടി ഫാക്ടറിയിൽ സമരം നടത്തിയ തൊഴിലാളികൾക്കുനേരെ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവർ ഇടതുപക്ഷക്കാരായ ആർ എസ് പി ക്കാർ.
1959 ജൂലൈ മൂന്നിന് ചെറിയതുറയിൽ കൊല്ലപ്പെട്ടത് ഫ്ലോറി എന്ന ഗർഭിണി അടക്കം മൂന്ന് മൽസ്യതൊഴിലാളികൾ.
അതേ മാസം 13 ന് അങ്കമാലിയിൽ കൊല്ലപ്പെട്ടത് ഏഴ് സാധാരണക്കാരായ ഗ്രാമീണർ.
ചന്ദനത്തോപ്പിലെ വെടിവെയ്പ്പ് ന്യായീകരിക്കാൻ നിയോഗിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരൻ, തൊഴിലാളികൾക്കെതിരെ നടന്ന അക്രമത്തെക്കുറിച്ച് പിൽക്കാലത്ത് നടത്തിയ പരസ്യമായ പശ്ചാത്താപം ചരിത്രപ്രധാനമാണ്. തൊഴിലാളികൾക്കുവേണ്ടി ജീവിതമർപ്പിച്ച തനിക്ക് അവർക്കെതിരെ നടന്ന പോലീസ് വെടിവെപ്പ് ന്യായീകരിക്കേണ്ടിവന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടമുണ്ടാക്കിയ അനുഭവമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ ബലപ്രയോഗമെല്ലാം സർക്കാരിനെതിരെയുണ്ടായ അക്രമസമരം അമർച്ച ചെയ്യാനായിരുന്നു എന്നതാണ് ന്യായം. അതേസമയം പോലീസ് ഭരണം കാര്യക്ഷമമല്ലെന്ന് ആ സർക്കാർ പരോക്ഷമായി സമ്മതിച്ചുവെന്നതിന്റെ തെളിവാണ് മൂന്നുതവണ ആഭ്യന്തര മന്ത്രിമാരെ മാറ്റിയത്.
അതും ആരൊക്കെയായിരുന്നു മാറിയത്?
മൂന്നു മാസം കൊണ്ടുതന്നെ ആദ്യം ആഭ്യന്തര വകുപ്പ് കയ്യൊഴിഞ്ഞത് സാക്ഷാൽ മുഖ്യമന്ത്രി ഇ എം എസ്. തുടർന്ന് വകുപ്പ് ഏറ്റെടുത്തത് നിയമവിശാരദനായ നിയമമന്ത്രി വി.ആർ. കൃഷ്ണയ്യർ. അദ്ദേഹവും ദിവസങ്ങൾക്കകം ആ മുൾക്കിരീടം ഊരിവെച്ചപ്പോൾ ആഭ്യന്തരമന്ത്രിയായത് പ്രഗത്ഭമതിയായ ധനമന്ത്രി സി. അച്ചുതമേനോൻ. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. സർക്കാരിനെ പിരിച്ചുവിടണമെന്ന് എ ഐ സി സി അധ്യക്ഷ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി നെഹ്റുവിനോട് നിർബന്ധം പിടിച്ചു. ക്രമസമാധാനം ശരിയായില്ലെന്ന ഗവർണറുടെ അറിയിപ്പ് പ്രകാരം 1959 ജൂലൈ 31 ന് രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദ് ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു.
കേരളത്തിലെ ഏറ്റവും സാധാരണക്കാർ അധികാരത്തിലെത്തിച്ചതും സംസ്ഥാനം ഇന്നുവരെ കണ്ട ഏറ്റവും മികച്ചതുമായ സർക്കാറിന്റെയും ഏറ്റവും പ്രഗത്ഭരായ നേതാക്കളുടെയും കാലത്താണ് ഇതെല്ലാം നടന്നതെന്ന് ഓർക്കുക. അന്നുവരെ പ്രക്ഷോഭകരായിരുന്നവർക്ക് പെട്ടെന്ന് കൈവന്ന അധികാരം പ്രയോഗിക്കുന്നതിലുണ്ടായ പരിചയക്കുറവാണ് ഇ എം എസ് സർക്കാരിനുണ്ടായതെന്നും വാദമുണ്ട്. പോലീസ് ബലപ്രയോഗത്തിന്റെ ഏറ്റവും വലിയ ഇരകളായിരുന്നവർ നയിച്ച സർക്കാരായിരുന്നുവെന്നതും ശ്രദ്ധേയം. ഏറ്റവുമധികം പോലീസ് പീഡനത്തിനിരയായ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി എന്നതും മറക്കേണ്ട. രാഷ്ട്രീയമേതായാലും ഭരണകൂടത്തിന്റെ ചില സ്വഭാവരീതികൾക്ക് മാറ്റമുണ്ടാവുക എളുപ്പമല്ലെന്ന് ഇത് ആവർത്തിച്ചു തെളിയിക്കുന്നു. പക്ഷേ ഭരണകൂടം എന്നാൽ താൻ തന്നെയാണ് എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ നിലപാട് അന്നാർക്കും ഉണ്ടായില്ല. അധികാരം കയ്യൊഴിഞ്ഞ് മാറാനുള്ള മര്യാദ അവർക്കുണ്ടായിരുന്നു.
മറ്റെവിടെയുമില്ലാത്തവിധം കേരള പോലീസിൽ പല പ്രധാന പരിഷ്കാരങ്ങളും നടന്നിട്ടുണ്ടെങ്കിലും കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വിഭജിക്കുക എന്ന അടിസ്ഥാന പരിഷ്കാരം പോലും ഇന്നും നടന്നിട്ടില്ല.
അറിയപ്പെടാത്ത
പൊലീസ്
തീർച്ചയായും സമീപകാലത്തായി പോലീസിന്റെ അമിതമായ ബലപ്രയോഗത്തിൽ കുറവുണ്ടായിട്ടുണ്ട്. പഴയകാലത്തുനിന്ന് വ്യത്യസ്തമായി പോലീസിലും ഉന്നതവിദ്യാഭ്യാസം നേടിയവർ ഏറിയതും മനുഷ്യാവകാശം സംബന്ധിച്ച അവബോധം കൂടുതൽ ശക്തമായതും സാമൂഹ്യ മാധ്യമങ്ങൾ അടക്കമുള്ള ബഹുജനമാധ്യമങ്ങളുടെ നിതാന്ത നിരീക്ഷണവുമൊക്കെ ഈ മാറ്റത്തിനു പിന്നിലുണ്ട്. കുറച്ചുകാലം മുമ്പുവരെ പതിവായിരുന്ന ഭീകരമായ ലാത്തിപ്രയോഗങ്ങൾ കുറഞ്ഞു. 2009 മെയ് 17- ന് വലിയതുറയിൽ ആറു പേരുടെ മരണത്തിനും വലിയ വിവാദത്തിനും ഇടയാക്കിയതാണ് കേരളത്തിലെ അവസാന വെടിവെയ്പ്പ്. മറ്റ് വലിയ സംസ്ഥാനങ്ങളെക്കാൾ കസ്റ്റഡി മരണങ്ങളും ഇപ്പോൾ ഇവിടെ കുറവാണ്. പാർലമെന്റിൽ വെച്ച കണക്കുപ്രകാരം 2016 മുതൽ 2024 വരെ കേരളത്തിൽ നടന്നത് 16 കസ്റ്റഡി മരണങ്ങൾ. 2021- ലെ കണക്കനുസരിച്ച് ക്രിമിനൽ കേസുകൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 744. പക്ഷേ മുമ്പ് പറഞ്ഞതുപോലെ അമിത ബലപ്രയോഗം കുറഞ്ഞെങ്കിലും പോലീസ് സേനയ്ക്കുള്ളിൽ ജീർണതയും ക്രിമിനൽവൽക്കരണവും ഇന്നത്തെപ്പോലെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
അതിനർഥം പോലീസ് എന്നും മൂന്നാം മുറയും മറ്റു പ്രാകൃതരീതികളുമായി എക്കാലത്തും തുടരുമെന്നാണോ? പല വികസിത ജനാധിപത്യരാജ്യങ്ങളും പ്രാകൃതമായ പോലീസ് കാലം കടന്നുകഴിഞ്ഞു. അമേരിക്കയിൽ കറുത്ത വംശക്കാർക്കെതിരെ ഇന്നും ഭീകരമായ പോലീസ് അക്രമം തുടരുന്നുണ്ടെങ്കിലും പല യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതി മാറിയിട്ടുണ്ട്. സാമൂഹ്യ- സാംസ്കാരിക ഘടകങ്ങൾക്കുപുറമേ ശക്തമായ പൗരാവകാശ സംരക്ഷണനിയമങ്ങളും മറ്റ് സംവിധാനങ്ങളും രൂപം കൊണ്ടതുമൂലമാണത്. വികസ്വര രാജ്യങ്ങളിലും പഴയ കോളനികളിലും ജനാധിപത്യസ്ഥാപനങ്ങളുടെ പൂർണവികാസം മന്ദഗതിയിലാകുന്നത് അസ്വാഭാവികമല്ല. എങ്കിലും ആധുനികകാലത്ത് പോലീസിനെ ജനാധിപത്യവൽക്കരിക്കാനും ജനങ്ങളോട് മാന്യതയോടെ പെരുമാറുന്നവരാക്കാനും നിരന്തര യത്നങ്ങൾ ആവശ്യമാണ്. ഉദ്ബുദ്ധമായ ജനാധിപത്യം ഉൾക്കൊള്ളുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ജാഗ്രതയുള്ള നീതിന്യായ വ്യവസ്ഥയുടെയും പൗരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയുമൊക്കെ സാന്നിധ്യം അതിനാവശ്യമാണ്.
1956- ൽ കേരളം പിറന്നപ്പോൾ ഒരു വർഷം ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 8500- ഓളമായിരുന്നത് 2023- ൽ 5,84,373 ആയി വളർന്നു. പക്ഷേ സ്റ്റേഷനുകളുടെ എണ്ണം 142- ൽ നിന്ന് 484 ആയും ഉദ്യോഗസ്ഥർ 8500- ൽ നിന്ന് 21,842 ആയും മാത്രമേ വർദ്ധിച്ചിട്ടുള്ളൂ.
മികച്ച പോലീസിങ്ങിനുള്ള പ്രാഥമികമായ ആവശ്യം ഭരണത്തിൽ -ഭരിക്കുന്ന പാർട്ടിയിലും മുന്നണിക്കുള്ളിലും അടക്കം - അധികാരകേന്ദ്രീകരണം ഉണ്ടാകാതിരിക്കുകയാണ് എന്നാണ് കേരളത്തിലെ അനുഭവം. അതിരുകൾ ഒരിക്കലും ലംഘിക്കാൻ അനുവദിക്കാതെയുള്ള പ്രവർത്തനസ്വാതന്ത്ര്യം പോലീസിന് അത്യന്താപേക്ഷിതം. സ്ഥലംമാറ്റം, ഉദ്യോഗക്കയറ്റം എന്നിവയിലൊക്കെ ഭരിക്കുന്നവരുടെ രാഷ്ട്രീയസ്വാധീനം ഒഴിവാക്കാതെ നിഷ്പക്ഷമായ സേന ഉണ്ടാകില്ല. മുഖ്യമന്ത്രിമാർ തന്നെ ആഭ്യന്തരവകുപ്പും ഭരിക്കുന്നത് അവസാനിപ്പിക്കുകയാണ് ആദ്യപടി. സർക്കാരിലും ഭരണകക്ഷിയിലും ഗ്രൂപ്പ് അടിസ്ഥാനത്തിലെങ്കിലും അധികാരവികേന്ദ്രീകരണം സാധ്യമായ സർക്കാറുകളിലാണ് അൽപ്പമെങ്കിലും മര്യാദയുള്ള പോലീസ് ഭരണം നടന്നിട്ടുള്ളത്. 1987-1991 ലെ രണ്ടാം നായനാർ സർക്കാർ പോലീസ് ഭരണമടക്കം പല കാര്യങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജീവ് ഗാന്ധിയുടെ വധം ഉയർത്തിയ സഹതാപതരംഗം കൊണ്ടുമാത്രമാണ് എൽ.ഡി.എഫിന് അന്ന് തുടർഭരണം ലഭിക്കാതെ പോയതെന്ന് വ്യക്തം. ആ സർക്കാരിൻ്റെ കാലത്തും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളിലായിരുന്നു. പക്ഷേ സംസ്ഥാന സെക്രട്ടറി വി. എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിൽ പാർട്ടിയുടെ ആരോഗ്യകരമായ മേൽനോട്ടവും നിയന്ത്രണവും അധികാര കേന്ദ്രീകരണത്തിനും ദുരുപയോഗത്തിനും എതിരെ കരുതൽ ഉറപ്പാക്കിയിരുന്നു.
ഒന്നാം നായനാർ സർക്കാരിൽ ആഭ്യന്തരമന്ത്രിയായ ടി.കെ. രാമകൃഷ്ണന്റെ കാര്യവും ഭിന്നമായിരുന്നില്ല.
1982-87 ലെ കരുണാകരൻ സർക്കാരിൽ മുഖ്യമന്ത്രിയും ആൻ്റണി പക്ഷക്കാരനായ ആഭ്യന്തരമന്ത്രി വയലാർ രവിയും നിരന്തരം സംഘർഷമായിരുന്നു. രവിക്ക് അവസാനം രാജിവെക്കേണ്ടിവന്നു. 2011- ലെ അച്ചുതാനന്ദൻ സർക്കാരിൽ വി.എസ് -പിണറായി വിഭാഗീയ മത്സരം ഒരു തരത്തിൽ അധികാര കേന്ദ്രീകരണത്തെ തടഞ്ഞതിനാൽ പോലീസ് അധികം കുഴപ്പങ്ങൾ സൃഷ്ടിച്ചില്ല.
തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിലും ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയും ആഭ്യന്തര വകുപ്പ് ഭരിച്ചപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങൾ അധികാര കേന്ദ്രീകരണം അസാധ്യമാക്കിയത് പോലീസിനെ നിയന്ത്രണ വിധേയമാക്കിത്തീർത്തു. മറ്റ് സാഹചര്യങ്ങൾ രൂപം കൊള്ളുന്നതുവരെയെങ്കിലും കുറഞ്ഞ പക്ഷം പോലീസ് വകുപ്പ് ഒന്നുകിൽ ഭരണകക്ഷിയിലെയോ മുന്നണിയിലെയോ വല്യേട്ടൻമാരെ ഏൽപ്പിക്കാതിരുന്നാൽ അപകടം കുറഞ്ഞിരിക്കുമെന്ന് കരുതാം. അപൂർവമായി ചിലപ്പോൾ ഭരണമുന്നണിയിലെ രണ്ടാം കക്ഷി ഒന്നാം കക്ഷിയേക്കാൾ പ്രബലമാകുമ്പോഴും പ്രശ്നം ഉയരാം. 2002-03 കാലത്ത് കോഴിക്കോട്ട് മാറാട് നടന്ന വർഗ്ഗീയലഹളകൾ തടയുന്നതിലും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിലും ആന്റണി സർക്കാർ പരാജയപ്പെട്ടതിന്റെ പിന്നിൽ മുസ്‍ലിം ലീഗിന്റെ അമിത സ്വാധീനമെന്നായിരുന്നു ആരോപണം.
കേരളത്തിൽ ഗുരുതര കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയല്ല, കുറയുകയാണ് എന്ന് പോലീസ് രേഖകളിൽ പറയുന്നു. 1977- ൽ ഒരു വർഷം 565 കൊലപാതകങ്ങൾ രേഖപ്പെടുത്തിയ കേരളത്തിൽ 2023- ൽ ആകെ ജനസംഖ്യ ഒരു കോടി കൂടിയിട്ടും നടന്നത് 352 കൊലപാതകങ്ങളാണ്. ഇത് പോലീസിന്റെ കാര്യക്ഷമതയുടെയും കൂടി തെളിവായി കാണാം.
ഇതൊക്കെയാണെങ്കിലും ഇന്ത്യയിൽ ഏറ്റവും മികച്ച പോലീസ് സേനകളിൽ പെടുന്നു കേരള പോലീസ്. സാമൂഹ്യമായി മുന്നിലായ കേരളത്തിൽ മറ്റേതൊരു സാമൂഹ്യ സ്ഥാപനം പോലെ ഒട്ടേറെ പരിഷ്കരണങ്ങൾക്ക് വിധേയമായതാണ് കേരളത്തിലെ സേന. അതിൽ മുഖ്യമാണ് സോഷ്യൽ പോലീസിങ്. ജനമൈത്രി പോലീസ്, സ്റ്റുഡൻറ് പോലീസ്, തീരദേശ സുരക്ഷാപദ്ധതി, മുതിർന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയൊക്കെ ശ്രദ്ധേയം. എല്ലാ പോലീസുകാർക്കും ഓഫീസർമാർക്കുമുള്ള സംഘടനാസ്വാതന്ത്ര്യം തന്നെ പ്രധാനമാണ്. ആദ്യം ഇത് അമിത രാഷ്ട്രീയവൽക്കരണത്തിലേക്ക് നയിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നതും നല്ല കാര്യമാണ്. പൊതുവേ കരുതപ്പെടുന്നതുപോലെ കേരളത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയല്ല, കുറയുകയാണ് എന്ന് പോലീസ് രേഖകളിൽ പറയുന്നു. 1977- ൽ ഒരു വർഷം 565 കൊലപാതകങ്ങൾ രേഖപ്പെടുത്തിയ കേരളത്തിൽ 2023- ൽ ആകെ ജനസംഖ്യ ഒരു കോടി കൂടിയിട്ടും നടന്നത് 352 കൊലപാതകങ്ങളാണ്. ഇത് നമ്മുടെ പോലീസിന്റെ കാര്യക്ഷമതയുടെയും കൂടി തെളിവായി കാണാം.
പോലീസ് സേന വ്യാപകമായി വിമർശിക്കപ്പെടുമ്പോഴും അവർ നേരിടുന്ന പ്രശ്നങ്ങൾ പൊതുവേ സമൂഹത്തിനറിയില്ല. ഈയിടെ കോഴിക്കോട് നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടപ്പോഴാണ് ഈ ലേഖകന് അവ പലതും മനസ്സിലാക്കാനായത്. സമ്മേളനം ഒരു പോലീസ് നവീകരണരേഖ അംഗീകരിച്ചിട്ടുണ്ട്. മറ്റെവിടെയുമില്ലാത്തവിധം കേരള പോലീസിൽ പല പ്രധാന പരിഷ്കാരങ്ങളും നടന്നിട്ടുണ്ടെങ്കിലും കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വിഭജിക്കുക എന്ന അടിസ്ഥാന പരിഷ്കാരം പോലും ഇന്നും നടന്നിട്ടില്ല. ഒട്ടേറെ ഘടനാപരമായ പ്രശ്നങ്ങൾ ആ രേഖയിൽ ഉന്നയിക്കുന്നുണ്ടെങ്കിലും ഏറ്റവും മുഖ്യം അംഗബലത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയാണ്.
1956- ൽ കേരളം പിറന്നപ്പോൾ ഒരു വർഷം ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 8500- ഓളമായിരുന്നത് 2023- ൽ 5,84,373 ആയി വളർന്നു. പക്ഷേ സ്റ്റേഷനുകളുടെ എണ്ണം 142- ൽ നിന്ന് 484 ആയും ഉദ്യോഗസ്ഥർ 8500- ൽ നിന്ന് 21,842 ആയും മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മാത്രമല്ല ശൈലിയിലുമൊക്കെ വലിയ മാറ്റമുണ്ടായി. ഓരോ സ്റ്റേഷനിലും ശരാശരി 45 ഉദ്യോഗസ്ഥർ, രണ്ട് വാഹനം, ഒരു ഡ്രൈവർ.
ക്രമസമാധാനം, കുറ്റാന്വേഷണം, എസ്കോർട്ട്- പൈലറ്റ് ഡ്യൂട്ടി എന്നിവയൂടെ ചുമതല അടക്കം 24 വില്ലേജുകളുടെ അധികാരമുള്ള മഞ്ചേശ്വരം സ്റ്റേഷനിൽ പോലും അവസ്ഥ അതുതന്നെ. കാലത്തിനൊത്തവിധം പരിഷ്കരിക്കപ്പെടാത്ത പോലീസിൽ കാലത്തിന്നൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ.