ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതുടര്‍ന്ന് അനിവാര്യമായും സംഭവിക്കേണ്ട ഒന്നായിരുന്നു A.M.M.A-യുടെ പിരിച്ചുവിടല്‍. ഇപ്പോള്‍ ഏതാണ്ട് അതിനടുത്ത് എത്തിയിരിക്കുന്നു, പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചിരിക്കുന്നു.
പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്‍, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.
ആരോപണവിധേയര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതെ, വലിയ കുറ്റകൃത്യം നടത്തിയതായി ആരോപണമുയര്‍ന്നവരെ കൂടി മറ്റുള്ളവര്‍ക്കൊപ്പം സമീകരിക്കുന്നതിലൂടെ, ആരോപണവിധേയരുള്‍പ്പെടുന്ന ഭരണസമിതി ഒന്നടങ്കം രാജിവക്കുന്നതിലൂടെ, പ്രശ്‌നത്തെ ധാര്‍മികം മാത്രമാക്കി മാറ്റാനാണ് ശ്രമം.
സിദ്ദിഖിനുപുറമേ മണിയന്‍പിള്ള രാജു, ബാബുരാജ്, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലൈംഗികാക്രമണ പരാതിയുയര്‍ന്നത്. മാത്രമല്ല, സംഘടനയില്‍ അംഗമാകാനും അംഗത്വസംഖ്യ ഒഴിവാക്കിക്കൊടുക്കാനും സ്ത്രീകളോട് ശരീരം ആവശ്യപ്പെടുന്ന ഭാരവാഹികളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. അംഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ രംഗത്തുവന്നിട്ടും നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അംഗങ്ങളായ നിരവധി താരങ്ങള്‍ സംഘടനയില്‍നിന്ന് രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ഇത്രയും ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും പ്രസിഡന്റിനോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഒരു നിലപാട് പുറത്തുപറയാന്‍ പോലും ആകുന്നില്ല എന്നതും സംഘടനയെ അത്യന്തം പരിഹാസ്യമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
മോഹന്‍ലാലിന്റെ പ്രസ്താവന ഇങ്ങനെയാണ്: ''ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണസിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണസമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’’.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവക്കുന്നുവെന്ന്, നിസ്സാരമായി പറഞ്ഞൊഴിയുകയാണ് A.M.M.A ഭരണസമിതിയും മോഹന്‍ലാലും. ആരോപണവിധേയര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതെ, വലിയ കുറ്റകൃത്യം നടത്തിയതായി ആരോപണമുയര്‍ന്നവരെ കൂടി മറ്റുള്ളവര്‍ക്കൊപ്പം സമീകരിക്കുന്നതിലൂടെ, ആരോപണവിധേയരുള്‍പ്പെടുന്ന ഭരണസമിതി ഒന്നടങ്കം രാജിവക്കുന്നതിലൂടെ, പ്രശ്‌നത്തെ ധാര്‍മികം മാത്രമാക്കി മാറ്റാനാണ് ശ്രമം.
ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് എന്ന് പറയാനോ ആരോപണവിധേയരുടെ പേരെടുത്തുപറഞ്ഞ് അവര്‍ക്കെതിരെ നിയമനടപടിയെടുക്കണം എന്നാവശ്യപ്പെടാനോ മോഹന്‍ലാലിന്റെ കത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്?
വലിയ പ്രതിസന്ധിയാണിതെന്ന് അത്യന്തം വികാരഭരിതനായി, രാജി തീരുമാനിക്കാന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞുവെന്നാണ് വാര്‍ത്ത. ധാര്‍മികയുടെയും വൈകാരികതയുടെയും പ്രശ്‌നമായാണ്, ഈ ആരോപണങ്ങളെയെല്ലാം സംഘടന ഇപ്പോഴും കാണുന്നത് എന്നാണ് ഇത് തെളിയിക്കുന്നത്. അതീവ ഗുരുതരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ട വിപുലമായൊരു സംവിധാനത്തിന്റെ ഭാഗമായി ഈ സംഘടന മാറിയെന്നത് അംഗീകരിക്കാനോ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് എന്ന് പറയാനോ ആരോപണവിധേയരുടെ പേരെടുത്തുപറഞ്ഞ് അവര്‍ക്കെതിരെ നിയമനടപടിയെടുക്കണം എന്നാവശ്യപ്പെടാനോ മോഹന്‍ലാലിന്റെ കത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്? ഇങ്ങനെയല്ലാതെ, എങ്ങനെയാണ്, മോഹന്‍ലാല്‍ പറയുന്ന 'നവീകരണം' കൊണ്ടുവരാന്‍ കഴിയുക?
അപ്പോള്‍, സംഘടനയിലെ 'നവീകരണം' എന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന വിദ്യയായി മാറാന്‍ പോകുകയാണ് എന്നര്‍ഥം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, ഒരു ഷോയുടെ പേരു പറഞ്ഞാണ്, അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് A.M.M.A വൈകിപ്പിച്ചത്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് അതിഗംഭീരമായ അഭിനയം പുറത്തെടുത്ത ആ വാര്‍ത്താസമ്മേളനത്തോടെ പ്രേക്ഷകര്‍ക്ക് ഒരു കാര്യം പിടികിട്ടി: എന്തു സംഭവിച്ചാലും ഈ സംഘടനയില്‍ തിരുത്തല്‍ നടക്കാന്‍ പോകുന്നില്ല. തൊട്ടുപുറകേ, മാധ്യമങ്ങളോട് സ്വമേധയാ സംസാരിക്കാനെത്തിയ വൈസ് പ്രസിഡന്റ് ജഗദീഷാണ്, സംഘടനയിലെ എല്ലാ അംഗങ്ങളും ഏകമനസ്‌കരല്ല എന്ന നേരിയ പ്രതീക്ഷ നല്‍കിയത്. പരാതികള്‍ ഒറ്റപ്പെട്ടതെന്നു പറഞ്ഞ് ഒഴിയരുതെന്നും കമ്മിറ്റിക്കു നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇവയില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു: ''ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളില്‍ കോടതി പറഞ്ഞാലും ഇല്ലെങ്കിലും സമഗ്ര അന്വേഷണം നടത്തണം. അതില്‍ നിന്ന് എ.എം.എം.എക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല'' എന്നത് സംഘടനയിലെ ഒരു വിഭാഗത്തിന്റെ നിലപാടു തന്നെയായിരുന്നു. സംഘടനയിലെ നിരവധി പേര്‍ ജഗദീഷിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. എന്നിട്ടും, സംഘടനയെ ദീര്‍ഘകാലമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന പ്രസിഡന്റ് മോഹന്‍ലാലിന് മിണ്ടാട്ടമുണ്ടായില്ല.
ഇന്നലെ നടന്‍ പൃഥ്വീരാജ് ഏറെ ക്ലാരിറ്റിയോടെ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു. അത്, സംഘടനയിലെ തന്നെ ഒരു വിഭാഗത്തിന്റെ അഭിപ്രായം തന്നെയായിരുന്നുവെന്നും കരുതണം.
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ അനുസരിച്ച് ഇരകളുടെ പേര് സംരക്ഷിക്കപ്പെടേണ്ടതുണ്ട്, എന്നാല്‍ ആരോപണ വിധേയരുടെ പേരുകള്‍ പുറത്ത് വിടാന്‍ നിയമതടസ്സമില്ല എന്നത് കൃത്യമായ നിലപാടായിരുന്നു. മാത്രമല്ല, എ.എം.എം.എ ഇതുവരെ എടുത്ത നിലപാടുകള്‍ ദുര്‍ബലമാണെന്നും പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഘടനയ്ക്ക് തെറ്റ് പറ്റിയെന്നും തുറന്നുപറയുകയും ചെയ്തു അദ്ദേഹം. ഇങ്ങനെ പല തലങ്ങളില്‍നിന്ന് സംഘടനയ്ക്കുമേല്‍ സമ്മര്‍ദമേറിയതോടെ, മോഹന്‍ലാലിന് ഇതുവരെയുണ്ടായിരുന്ന അസൗകര്യങ്ങളെല്ലാം ഇല്ലാതാകുകയും ഇന്ന് എക്‌സിക്യൂട്ടീവ് യോഗം വിളിക്കാമെന്നുമായിരുന്നു ആലോചന.
പ്രസിഡന്റിന്റെയും ഭരണസമിതിടെയും രാജിയോളം വലിയ രക്ഷാമാര്‍ഗം ഇപ്പോള്‍ A.M.M.A-യുടെ കൈവശമില്ല എന്നുതന്നെ പറയാം. കാരണം, ഇനി പൊതുസമൂഹത്തിനുമുന്നില്‍ ഒരു വിശദീകരണവും നടത്തേണ്ടതില്ല. 'ആക്രമിച്ചവര്‍ക്കൊപ്പം' എന്ന പരോക്ഷമായ ഒരു ആശ്വാസം നിശ്ശബ്ദം സ്വന്തം അംഗങ്ങളില്‍ പലര്‍ക്കും നല്‍കാനും കഴിഞ്ഞു.
അപ്പോഴായിരിക്കാം ഒരു വലിയ ചോദ്യം പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മുന്നിലുയര്‍ന്നത്: വാര്‍ത്താസമ്മേളനത്തില്‍ഈ സംഘടനയുടെ ഭാരവാഹികളെന്ന നിലയ്ക്ക് തലയുയര്‍ത്തി ഇരിക്കാനാകുമോ? ചോദ്യങ്ങള്‍ക്ക്, വിറയല്‍ കൂടാതെ ഉത്തരം പറയാനാകുമോ? ജനറല്‍സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനവും ഒരു കാവ്യനീതിയെന്ന നിലയ്ക്ക് തൊട്ടുപുറകേ അദ്ദേഹത്തിന് രാജിവക്കാനിടയുണ്ടായ സാഹചര്യവുമെല്ലാം ആയിരിക്കാം പൊടുന്നനെ രാജിക്കത്ത് എഴുതിക്കളയാം എന്ന രക്ഷാമാര്‍ഗത്തിലേക്ക് മോഹന്‍ലാലിനെ നയിച്ചത്.
പ്രസിഡന്റിന്റെയും ഭരണസമിതിടെയും രാജിയോളം വലിയ രക്ഷാമാര്‍ഗം ഇപ്പോള്‍ A.M.M.A-യുടെ കൈവശമില്ല എന്നുതന്നെ പറയാം. കാരണം, ഇനി പൊതുസമൂഹത്തിനുമുന്നില്‍ ഒരു വിശദീകരണവും നടത്തേണ്ടതില്ല. 'ആക്രമിച്ചവര്‍ക്കൊപ്പം' എന്ന പരോക്ഷമായ ഒരു ആശ്വാസം നിശ്ശബ്ദം സ്വന്തം അംഗങ്ങളില്‍ പലര്‍ക്കും നല്‍കാനും കഴിഞ്ഞു.
പ്രസിഡന്റ് മോഹന്‍ലാലിന്റെ ധാര്‍മിക ഉത്തരവാദിത്തപ്രകടനത്താല്‍ സംഘടന 'സംശുദ്ധ'മാക്കപ്പെട്ടിരിക്കുന്നു. ഇനി വ്യക്തിപരമായി ആര്‍ക്കും ചോദ്യങ്ങളെ നേരിടാം. സിനിമയില്‍ കാണുന്നതരം കൈയൂക്കുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെപ്പോലെ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി 'ധാര്‍മികരോഷം' പ്രകടിപ്പിക്കാം. സര്‍ക്കാറിന്റെയും കോടതിയുടെയും തീരുമാനങ്ങള്‍ക്ക് ക്ഷമാപൂര്‍വം കാത്തിരിക്കുന്ന, നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ഉറപ്പുള്ള, ‘അത്യന്തം ഉത്തരവാദപ്പെട്ട’ സംഘടനയായി മാറിയിരിക്കുന്നു ഇപ്പോള്‍ A.M.M.A.