ലൈംഗിക സ്വയം നിർണ്ണയാവകാശവും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടുകളും

ലൈംഗിക സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളെടുക്കുന്ന യാഥാസ്ഥിതിക നിലപാടുകളെ വിമർശനവിധേയമാക്കുകയാണ് കെ.വേണു. എം.ജി. ശശിയുമായുള്ള ദീർഘസംഭാഷണം തുടരുന്നു…

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 32

എം.ജി.ശശി: മറ്റൊരു പെൺപോരാട്ടത്തിന്റെ പേരാണല്ലോ ബാലാമണി.

കെ.വേണു: ചേലക്കരയിലെ കൊണ്ടാഴി എന്ന ഗ്രാമത്തിലെ ഒരു സ്ത്രീയാണ് ബാലാമണി. ഒരു പെൺകുട്ടി എന്നു തന്നെ പറയാം. അവരുടെ കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ... ചില വാദപ്രതിവാദവും തർക്കങ്ങളുമൊക്കെ ഉണ്ടായപ്പൊ ഇവർ വിട്ടുവീഴ്ച ചെയ്തില്ല. ആ വിഷയവുമായി ബന്ധപ്പെട്ട ചിലർ ബാലാമണിയെ ഭീകരമായി മർദ്ദിക്കുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് റോഡിൽ കൊണ്ടിടുകയുമൊക്കെ ചെയ്തു.

നഗ്നയാക്കി തെരുവിലൂടെ നടത്തി.

അതെ. പൊതു മദ്ധ്യത്തിൽ നഗ്നയാക്കൽ -സ്ത്രീ ആയതു കൊണ്ടു മാത്രം പുരുഷനേക്കാൾ സഹിക്കേണ്ടി വരുന്ന അധിക അപമാനമാണ്. അവർ അവശനിലയിൽ പോലീസ് സ്റ്റേഷനിൽ എത്തുകയാണ്. വടക്കാഞ്ചേരി സ്റ്റേഷനിൽ പരാതിപ്പെട്ടപ്പൊ ജനകീയ വിചാരണക്കാലത്തുണ്ടായതിന് സമാനമായി ബാലാമണിയോട് പോലീസുകാർ പറഞ്ഞു. 'നിങ്ങള് മാനുഷിക്കാരുമായി ബന്ധപ്പെടൂ.' എന്നിട്ട് അവിടെ അടുത്തു താമസിക്കുന്ന സാറ ടീച്ചറുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. ആ സമയത്ത് ടീച്ചർക്ക് അവരെ അവിടെ സംരക്ഷിക്കാൻ പറ്റുന്ന സ്ഥിതിയല്ല. ടീച്ചർ ബാലാമണിയെ ഞങ്ങൾ താമസിക്കുന്ന അന്തിക്കാട്ടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

മണിച്ചേച്ചിയാണ് ബാലാമണിയെ ഏറ്റെടുക്കുന്നത് അല്ലേ...

അതെ. പ്രശ്നങ്ങൾ കൊണ്ടായാലും പ്രവർത്തനത്തിനു വേണ്ടി ആയാലും വീടുവിട്ടിറങ്ങേണ്ടി വരുന്ന പെൺകുട്ടികൾക്ക് ഷെൽട്ടർ ഒരു വലിയ പ്രശ്നമാണ്. ഒന്നുരണ്ടു കൊല്ലമൊക്കെ ബാലാമണി ഞങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. വടക്കാഞ്ചേരീല് ഒരു വലിയ പൊതുയോഗമൊക്കെ നടത്തി. 'ബാലാമണി പ്രശ്നം' സമൂഹത്തിൽ വലിയ ചർച്ചയായി. മാനുഷിയുടെ മുൻകയ്യിൽ തന്നെയാണാ പൊതുയോഗം നടത്തുന്നത്. അത് നല്ലൊരു ഇടപെടലായി.

സ്ത്രീകളുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ നിരവധി സമരങ്ങൾ. സ്ത്രീയുടെ നഗ്നത പ്രദർശിപ്പിക്കുന്നതിനെതിരെ പട്ടാമ്പിയിലെ തെരുവുകളിൽ മാനുഷി പ്രവർത്തകർ അശ്ലീല സിനിമാ പോസ്റ്ററുകൾ വലിച്ചു കീറി. കോളേജിൽ നിന്നുള്ള പെൺകുട്ടികളുടെ ഈ പ്രവർത്തനം പട്ടാമ്പിയിലെ പുരുഷലോകത്തെ ഞെട്ടിച്ചു. ഇടുക്കിയിലെ തങ്കമണിയിൽ കണ്ണു കാണാത്ത പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെട്ടപ്പോൾ മാനുഷിയിലെ സാറ ടീച്ചറും മറ്റ് അദ്ധ്യാപികമാരും അവിടെച്ചെന്ന് വലിയ സമരം നടത്തി.

മണി / Photo: Maruvakku Magazine
മണി / Photo: Maruvakku Magazine

ഇത്തരം വിഷയങ്ങളിൽ സ്ത്രീയുടെ പൂർണ്ണമായ മുൻകൈ, പൂർണ്ണമായ നേതൃത്വം, കർത്തൃത്വം - തന്നെയാണ് വേണ്ടത്. സാധാരണ നിലയിൽ സ്ത്രീകളുടേതായ ഒരു വിഷയത്തിൽ പൊതു ഇടപെടൽ നടന്നാൽ, ഫലത്തിൽ അത് പുരുഷന്റെ നേതൃത്വത്തിലായി മാറുകയാണ് ചെയ്യുക. സ്ത്രീക്ക് വേണ്ടി പുരുഷൻ ചെയ്തു കൊടുക്കുന്ന മഹത്തായ സേവനമായി അത് മാറുകയാണ് ചെയ്യുക.

'സ്ത്രീക്ക് പുരുഷൻ സ്വാതന്ത്ര്യം കൊടുക്കുക!' എന്നതുപോലെ...

അതെ. പിന്നീട് മാനുഷിക്കാലത്ത് തെരുവുനാടകവും മറ്റും ചെയ്തല്ലോ അല്ലേ...

ഉണർത്തുപാട്ടാണ് തുടങ്ങുക. പെണ്ണുങ്ങൾ കിണ്ണം കൊട്ടി പാടിത്തുടങ്ങും.

'ഉണർന്നെണീക്കുക സോദരീ

ഉണർന്നെണീക്കുക സോദരീ

പോയ നൂറ്റാണ്ടുകളുടെ തടവറ

തകർത്തെണീക്കുക സോദരീ...'

മാനുഷി ചെയ്ത സ്ത്രീ എന്ന തെരുവു നാടകം. സാറാ ജോസഫ് എഴുതി സംവിധാനം ചെയ്ത് മാനുഷിയിലെ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള സ്ത്രീകൾ അഭിനയിച്ച നാടകം. പാലക്കാട് ജില്ലയിൽ വ്യാപകമായി നടന്നിരുന്ന സ്ത്രീധന കൊലപാതകത്തിനെതിരെ തെരുവുകളിൽ അവതരിപ്പിച്ച നാടകം. ഈ പരിപാടിയുടെ സംഘാടനത്തിൽ നമ്മുടെ പുരുഷ സഖാക്കളും സജീവമായിരുന്നു. പക്ഷേ, പരിപാടി ആരംഭിക്കാൻ സ്ത്രീ സംഘം എത്തുന്നതോടെ നമ്മൾ പുരുഷന്മാർ അടുത്ത കേന്ദ്രത്തിലേക്ക് പോകും. നഗരത്തിലും ഗ്രാമത്തിലും തെരുവുകളിൽ കിണ്ണം കൊട്ടി വിളിച്ച് ആളെക്കൂട്ടുന്ന പെൺനാടകം കാണാൻ, ഏറെക്കുറെ പരിഹാസഭാവത്തിൽ ജനം തടിച്ചുകൂടും. എന്നാൽ, നാടകം തീരുമ്പഴേക്കും ഒന്നുകിൽ സ്വന്തം വീട്ടിൽ, അല്ലെങ്കിൽ അയൽപക്കത്ത്, സ്വന്തം നാട്ടിൽ, അടുത്ത ഗ്രാമത്തിൽ സംഭവിച്ച ഇത്തരം ദുരന്തത്തെ ജനങ്ങൾ ഓർക്കും. അമ്മമാരും അച്ഛന്മാരും സഹോദരങ്ങളുമൊക്കെ വിങ്ങുന്ന മനസ്സോടെ നാടകത്തിന്റെ ഭാഗമാകും.

സ്ത്രീ വിമോചന പ്രവർത്തകരുടെ ആദ്യത്തെ അഖിലേന്ത്യാ കോൺഫറൻസ് കോഴിക്കോട് വെച്ചു നടന്നപ്പോൾ അതിന്റെ ഭാഗമായിട്ട് ഈ നാടകം കേരളം മുഴുവൻ പല ഭാഗങ്ങളിലായി കളിച്ചുവല്ലോ... അത് സമൂഹത്തിൽ വലിയ വാർത്തയായി, വലിയ ചലനം സൃഷ്ടിച്ചു. പക്ഷേ, മീറ്റിംഗുകളൊക്കെ വിളിച്ചു കൂട്ടുമ്പൊ പാർട്ടി സഖാക്കന്മാരുടെ ഭാര്യമാരാണ് അധികവും പങ്കെടുക്കാറുള്ളത് എന്ന പരാതിയൊക്കെ വിമർശനമായി അക്കാലത്ത് ഉയർന്നിരുന്നു. അങ്ങനെയൊക്കെയേ സ്വാഭാവികമായും ആദ്യകാലത്ത് നടക്കൂ എന്നതായിരുന്നൂ സത്യം.

മാനുഷിയുടെ പ്രർത്തനങ്ങൾ രണ്ടു സ്ഥലത്തായിട്ട് കേന്ദ്രീകരിച്ചിരുന്നല്ലോ. പട്ടാമ്പിയിലെ മാനുഷി. പിന്നെ മണിച്ചേച്ചിയൊക്കെ ഉൾപ്പെടുന്ന തൃശൂരിലെ മാനുഷി. രണ്ടിടത്തും ഒരു ഘട്ടത്തിൽ നേതൃത്വം എടുക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകരാണ്. ആ ഘട്ടത്തിൽ അത് സ്വാഭാവികവുമാണ്. എന്നാൽ, വർഗ്ഗേതരമായ സ്ത്രീ സംഘടന എന്ന നിലപാടിൽ തുടങ്ങിയ പ്രസ്ഥാനത്തെ, മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യുന്നതു പോലെത്തന്നെ, പലപ്പോഴും സംഘടന പിടിച്ചെടുക്കലും അധീനതയിലാക്കലുമൊക്കെ നമ്മുടെ പാർട്ടിയും ചെയ്തിരുന്നല്ലോ.

ശരിയാണ്. വരുതിയിലാക്കാനുള്ള അത്തരം ശ്രമങ്ങൾ സ്വതന്ത്ര സ്ത്രീ വിമോചന പ്രസ്ഥാനത്തെ ഒട്ടും തന്നെ സഹായിക്കുന്നതായിരുന്നില്ല, പുറകോട്ടടിക്കാൻ കാരണമാവുകയും ചെയ്തു. ഉദാഹരണത്തിന്, മാവൂർ ഗ്വാളിയോർ റയോൺസിലെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പാർട്ടി മാനുഷിയെ നിർബന്ധിക്കുന്നു.

സാറാ ജോസഫ്
സാറാ ജോസഫ്

തൊഴിൽ പ്രശ്നത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്യേണ്ടി വരുന്ന പുരുഷന്മാരുടെ വിഷയം കുടുംബങ്ങളുടേയും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കൂടിയാണ്. അതുകൊണ്ട് ആത്യന്തികമായി അത് സ്ത്രീ പ്രശ്നമാണ്, മാനുഷി ആ സമരത്തെ പിന്തുണച്ചേ പറ്റൂ എന്നതായിരുന്നു നിലപാട്. സർക്കാർ ജോലിക്കാരെന്ന നിലയിൽ അദ്ധ്യാപികമാർക്കൊന്നും അത്തരത്തിൽ പ്രവർത്തിക്കാനാവില്ല. അല്ലെങ്കിലേ ഭാഗികമായ നക്സലേറ്റ് പരിവേഷം നിലനില്ക്കുന്നുമുണ്ട്. വർഗ്ഗേതരം എന്ന കാഴ്ച്ചപ്പാടിലുറപ്പിച്ച സ്ത്രീ പ്രസ്ഥാനത്തെക്കൊണ്ട് വർഗ്ഗ പ്രശ്നത്തിൽ -തൊഴിൽ പ്രശ്നത്തിൽ നിർബന്ധപൂർവം ഇടപെടീക്കാൻ ശ്രമിക്കുകയായിരുന്നു. മാനുഷിയിലെ ഏതെങ്കിലും പ്രവർത്തകരുടെ വർഗ്ഗപരമായ പരിമിതി ഒരിക്കലും സ്ത്രീവിമോചന പ്രസ്ഥാനത്തിൽ പ്രശ്നമാക്കേണ്ടതില്ലല്ലോ. മാനുഷി പ്രവർത്തനം സ്തംഭിക്കുന്നതു തന്നെ അങ്ങനെയാണ്.

മറ്റൊരു പ്രശ്നം -നൈസർഗ്ഗികമായത് എന്ന് കേവി തന്നെ വിശേഷിപ്പിച്ച ലൈംഗികതയുടേതാണ്. വിവാഹപൂർവ്വ ലൈംഗികബന്ധമെന്ന 'കുറ്റം' ചാർത്തലിൽ അന്ന് പ്രതികളാക്കപ്പെട്ടത് ഞാനും എന്റെ ജീവിതപങ്കാളി ഗീതാ ജോസഫും തന്നെയാണ്. മറ്റു രീതിയിലുള്ള -ജാതിയുടേയോ മതത്തിൻ്റേയോ, താലി കെട്ടലിൻ്റേയോ മാല ചാർത്തലിൻ്റേയോ മോതിരക്കൈമാറ്റത്തിൻ്റേയോ, മറ്റു ചടങ്ങുകളുടേയോ, നിയമപരമായ രജിസ്ട്രേഷന്റെ പോലുമോ -വേലിക്കെട്ടുകളില്ലാതെ ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാമല്ലോ എന്നു ഞങ്ങൾ ആലോചിച്ചിരുന്നു.

വ്യക്തിപരമായി ഞാൻ ഫ്രീ സെക്സിനെത്തന്നെ അനുകൂലിക്കുന്ന ആളാണ്. ലൈംഗികതയെ അങ്ങനെയൊരു നിയന്ത്രണത്തിന് വിധേയമാക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനയുടെ സമീപനം, ലക്ഷ്യബോധം... തുടങ്ങിയ കാര്യങ്ങൾ വെച്ചുകൊണ്ട് കുറേ നിയന്ത്രണങ്ങൾ ചെലുത്തേണ്ടി വരുന്നു എന്ന നിലയിലാണ് പാർട്ടിക്കകത്ത് ഇക്കാര്യം വിശദീകരിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തത്.

ഈ വിഷയത്തെത്തുടർന്നാണ് ഞാൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഇക്കാര്യത്തിൽ കേരളീയ യുവജനവേദി ഒരു അന്വേഷണക്കമ്മീഷനെ വെക്കുകയും അവരുടെ റിപ്പോർട്ടിൽ പാർട്ടി നിലപാടിനെതിരായ സമീപനം സ്വീകരിക്കുകയും ചെയ്‌തു.

അതെ. ഞാനത് ഓർക്കുന്നുണ്ട്.

പക്ഷേ, സംഘടനാ അച്ചടക്കത്തിന്റെ പേരിലാണ് പുറത്താക്കൽ നടപടി ഉണ്ടായത്. സഖാവ് ജോസിനെ (അത് ഞാനാണ്) ഇതിനാൽ പുറത്താക്കി എന്നൊരു കത്ത് തരികയാണ് ചെയ്തത്. സംസ്ഥാന കമ്മറ്റി കൂടിയപ്പോൾ ഗീതാ-ശശി പ്രശ്നം എന്നു പേരിട്ട ഈ വിഷയത്തിൽ സ്വയം വിമർശനം നടത്തിയേ തീരൂ എന്ന് എന്നോട് നിർബന്ധമായും ആവശ്യപ്പെട്ടിരുന്നു. ആ രാത്രി മുഴുവൻ ഞാൻ കൺഫ്യൂസ്ഡ് ആയി ഉറങ്ങാതെ കിടന്നു. കാലത്ത് സ്വയം വിമർശനം നടത്തുകയില്ല എന്ന എന്റെ നിലപാട് കമ്മറ്റിയിൽ അറിയിച്ചു. സംസ്ഥാന കമ്മറ്റി തീരുമാനങ്ങൾ പാലക്കാട് ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യാനായി സെക്രട്ടറി എം.എൻ.രാവുണ്ണി വരുന്നു. ഞാനന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയാണ്. പാലക്കാട് ജില്ലാ കമ്മറ്റി കൂടുമ്പോൾ രാവുണ്ണിയേട്ടന് കാര്യങ്ങൾ അവതരിപ്പിക്കാനായി സംസ്ഥാന കമ്മറ്റി മിനുട്സ് എന്റെ കയ്യിലാണ് ഏല്പിച്ചിരുന്നത്. ഞാൻ സ്വയം വിമർശനം നടത്തി എന്നായിരുന്നു മിനുട്സിൽ എഴുതി വെച്ചിരുന്നത്. ജില്ലാ കമ്മറ്റിയിൽ അങ്ങനെ അത് റിപ്പോർട്ട് ചെയ്തപ്പോൾ ഞാൻ നിഷേധിച്ചു. എനിക്കങ്ങനെ നിഷേധിക്കണമെങ്കിൽ സംസ്ഥാന കമ്മറ്റിയിലേ സാദ്ധ്യമാകൂ എന്ന അച്ചടക്ക പ്രശ്നമായി മാറീ അത്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴുണ്ടായ ശൂന്യത ഭീകരമായിരുന്നു. ഗീതയുടെ അമ്മ സാറാ ടീച്ചർക്ക് ഞങ്ങളുടെ ബന്ധം നന്നായി അംഗീകരിക്കാനാകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മകളുടെ ഭാവിയോർത്ത് അമ്മയ്ക്കാവും കൂടുതൽ ആധിയുണ്ടാവുക -എന്നാണല്ലോ പറയുക. അവർ മനസ്സിലാക്കിയതിന്റെ ഏറ്റവും കുറഞ്ഞ അളവിൽപ്പോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വതന്ത്രമായ ആൺ-പെൺ ജീവിതത്തെ അംഗീകരിക്കാനായില്ല. പക്ഷേ, ഇപ്പോൾ നമ്മുടെ വീടുകളിലെ കുട്ടികൾ പുറത്തൊക്കെ പോയി ജീവിക്കുമ്പോൾ അവർക്കുണ്ടാകുന്ന പ്രണയങ്ങളും സ്വതന്ത്രമായ രതിയുമൊക്കെ വളരെ സ്വാഭാവികമായി മാറുന്നു. തുടർന്ന് സ്ഥിരമായി ഒന്നിച്ചു ജീവിക്കാനാകുമോ എന്ന് കുട്ടികൾ തീരുമാനിക്കുന്നതു പോലും അങ്ങനെയാണ്. വിവാഹ പൂർവ്വ ലൈംഗികതയുടെ അത്ഭുതങ്ങളൊക്കെ പോയ്മറഞ്ഞു. കഷ്ടമാണ്, അത് എം.എൽ പാർട്ടിക്കു പോലും ഉൾക്കൊള്ളാനായില്ല എന്നത്.

ഇത്തരം കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് യാഥാസ്ഥിതിക സമീപനം തന്നെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അങ്ങനെയൊരു സ്വതന്ത്ര സമീപനമെടുക്കാൻ എം.എൽ പാർട്ടി ആയാലും സാധിക്കുന്നില്ല, സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. ഞാനത് -നിങ്ങളുടെ വിഷയവുമായിക്കൂടി ബന്ധപ്പെടുത്തി ലിബറേഷനിൽ എഴുതുകയുണ്ടായി.

ഗീത ജോസഫ്, എം.ജി. ശശി
ഗീത ജോസഫ്, എം.ജി. ശശി

പാർട്ടിയുടെ പരിമിതി ചൂണ്ടിക്കാണിച്ചു കൊണ്ട് അന്ന് ഞാനതിന് ചില വ്യാഖ്യാനങ്ങൾ നല്കാൻ ശ്രമിച്ചു. ഭാവിയിൽ രൂപമെടുക്കുന്ന സോഷ്യലിസ്റ്റ് സമൂഹത്തിൽ സ്വകാര്യ സ്വത്ത് ഉണ്ടാവുകയില്ല. എന്നാൽ മുതലാളിത്തത്തിൽ സ്വകാര്യ സ്വത്തുണ്ട്. ഇപ്പോൾ നമുക്കത് അംഗീകരിക്കേണ്ടി വരുന്നു. അതുപോലെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ സ്വതന്ത്രമായ സ്ത്രീ-പുരുഷബന്ധം സാദ്ധ്യമായേക്കാം. പക്ഷേ, ഇപ്പോൾ മുതലാളിത്തത്തിൽ അത് സാദ്ധ്യമാവുകയില്ല. അങ്ങനെയൊക്കെ ന്യായീകരിച്ചു കൊണ്ടാണ് അന്ന് ഞാൻ എഴുതിയത്.

ഞാനത്ഭുതപ്പെട്ടിട്ടുണ്ട്, നമ്മുടെ കമ്മറ്റികളിലൊക്കെ ഈ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്ക് എങ്ങനെ ഇരിയ്ക്കാനാകുമെന്ന്.

പാർട്ടിയും ഇത്തരത്തിലുള്ള ഒരു പരിമിതിയുടെ ചട്ടക്കൂടിലാണ് നിന്നിരുന്നത്, പ്രത്യേകിച്ചും കേരളത്തിന്റെ അന്തരീക്ഷത്തില്. അതിനപ്പുറത്തേക്ക് പോകാൻ പാർട്ടിക്ക് കഴിയുമായിരുന്നില്ല. നമ്മൾ മാനുഷിക്കകത്ത് ഒരു ഫ്രാക്ഷൻ രൂപീകരിച്ചിരുന്നല്ലോ - ഒരു കോർ ഗ്രൂപ്പ്... എന്നു വെച്ചാൽ സ്വതന്ത്രപ്രസ്ഥാനം ആയിരിക്കുമ്പോൾത്തന്നെ പാർട്ടി ഉദ്ദേശിക്കുന്ന - ഈ രംഗത്തെ ആശയസംഹിതകൾ മാനുഷിയിലെത്തിക്കാനുള്ള ഒരു മുൻകൈ സംഘം. അതാണ് പിന്നീട് പാർട്ടി മാനുഷിയെ പിടിച്ചെടുക്കാൻ ശ്രമിച്ചു എന്ന വിമർശനമായി മാറിയത്. സത്യത്തിൽ, മാനുഷി പോലുള്ള സ്വതന്ത്ര സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ കാര്യത്തിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് ഫലപ്രദമായി, പ്രായോഗികമായി മുന്നോട്ടു കൊണ്ടുപോകാനായില്ല.

വിവാഹപൂർവ്വ ലൈംഗികതയുടെ പ്രശ്നങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സെക്രട്ടറി ഈ കോർ ഗ്രൂപ്പ് വിളിച്ചുചേർക്കുന്നുണ്ട് -പാർട്ടിയുടെ ന്യായവാദങ്ങൾ അവതരിപ്പിക്കാനായിട്ട്. അപ്പൊഴാണ് കോർ ഗ്രൂപ്പിലെ പെൺകുട്ടികളുടേയും സ്ത്രീ ചിന്തയുടേയും കരുത്ത് ശരിക്ക് ബോദ്ധ്യപ്പെട്ടത്. ‘ഞങ്ങൾ ആർക്കൊപ്പം കിടക്കണമെന്നത്, കിടക്കരുത് എന്നത് ഞങ്ങൾക്ക് നന്നായറിയാം. അത് തീരുമാനിക്കാൻ പൂർണ്ണമായ അവകാശവും അധികാരവും ഞങ്ങൾക്കുണ്ട്. അതിലെന്തിനാണ് നിങ്ങൾ ഇടപെടുന്നത്' എന്ന് അവർ ചോദിച്ചപ്പോൾ സഖാക്കൾ മറുപടിയില്ലാതെ സ്തംബ്ധരായി നിന്നു. പുരുഷ സഖാക്കൾ ഒരുക്കാൻ ശ്രമിച്ച സംരക്ഷണ വലയം തകർന്നു പോയി.

പാർട്ടിയെന്ന രീതിയിൽ അത്തരം നിലപാടെടുക്കാൻ ആകുമായിരുന്നില്ല, ഇപ്പോഴുമാകില്ല എന്നതാണ്. എം.എൽ പാർട്ടിയാണെന്ന് പറഞ്ഞതുകൊണ്ട് കാര്യമൊന്നുമില്ല. അതിനകത്തു തന്നെ വളരെ യാഥാസ്ഥിതികമായ ഫ്യൂഡൽ സാമൂഹ്യ വീക്ഷണങ്ങൾ നിലനില്ക്കുന്നു എന്നതാണ് യാഥാർത്ഥ്യം. വ്യക്തികൾ എന്ന നിലയിൽ പലർക്കും ഏറെക്കുറെ ശരിയായ നിലപാടെടുക്കാൻ കഴിയുമെങ്കിൽത്തന്നെയും സംഘടനയ്ക്ക് അല്പം പോലും മുന്നോട്ടു പോകാൻ എളുപ്പമല്ല. ഞാൻ പാർട്ടിയിൽ നിന്ന് രാജിവെക്കുമ്പൊ അതാണ് ചൂണ്ടിക്കാണിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരിക്കലും ജനാധിപത്യവത്കരിക്കാൻ ആവില്ല എന്ന തിരിച്ചറിവിൽ ഞാനെത്തിച്ചേരുന്നത് ഈ വക ഒട്ടേറെ സംഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പാർട്ടിക്ക് ഒരു കാര്യത്തിലും തുറന്ന ഒരു സമീപനം സ്വീകരിക്കാനാവുകയില്ല. പക്ഷേ, കുറഞ്ഞ കാലം കൊണ്ട് മാനുഷി എന്ന ഈ മൂവ്മെൻറ് സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്.

സ്ത്രീകൾ എഴുതി സംവിധാനം ചെയ്ത് പുരുഷവേഷങ്ങളടക്കം അഭിനയിച്ച, അന്തർദ്ദേശീയ തലത്തിൽത്തന്നെ പ്ലേസ് ചെയ്യാവുന്ന തൊഴിൽകേന്ദ്രത്തിലേയ്ക്ക് എന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ സ്ത്രീ-നാടകം ഒമ്പതോ പത്തോ സ്ഥലങ്ങളിൽ മാത്രമേ 1940-50 കാലഘട്ടത്തിൽ കളിച്ചുള്ളൂ. എന്നാൽ ആ നാടകം തിരിച്ചു വന്നു, ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി. അത് പുനരവതരിപ്പിക്കപ്പെടുന്നു, ഡോക്യുമെൻ്ററി ആകുന്നു, ഫീച്ചർ ഫിലിമായി മാറുന്നു. അതുപോലെ ഇപ്പോൾ സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും നിങ്ങൾ എന്തു സമീപനം സ്വീകരിക്കുന്നൂ എന്നത് എല്ലാ മേഖലകളിലേയും പ്രധാന മാനദണ്ഡമായി മാറുന്നു. കേരളത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകൾ ലൈംഗിക ന്യൂനപക്ഷങ്ങളുമൊത്ത് ഒരു രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുകയാണെങ്കിൽ മറ്റു പാർട്ടികൾക്ക് സ്വയം ജനാധിപത്യവത്കരിക്കേണ്ടി വരും. പക്ഷേ, അതിലേക്കൊക്കെ പോകാമായിരുന്ന ആ മൂവ്മെൻറ് തടസ്സപ്പെട്ടിട്ടുണ്ട്. ഒരു പരിധിവരെ നമ്മളും അതിന് ഉത്തരവാദികളാണ്.

എത്രമാത്രം നമ്മൾ ഫെമിനിസ്റ്റാണെന്ന് അവകാശപ്പെട്ടാലും നമുക്കുള്ളിൽ നിലനില്ക്കുന്ന പുരുഷമേധാവിത്തമുണ്ട്. അതിനെതിരായ സമരം സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും തുടർന്നു കൊണ്ടു മാത്രമേ സ്ത്രീ സ്വാതന്ത്ര്യത്തിന് മുന്നോട്ടു പോകാനാകൂ.

എന്റെ വീട്ടിലൊക്കെ ആ സമരം ശക്തമായി തുടരുന്നുണ്ട്.

പട്ടാമ്പിയിലെ പ്രവർത്തനങ്ങൾക്കൊക്കെ മുൻകൈ എടുത്തിരുന്ന പലരും മാനസികമായെങ്കിലും സജീവമായി നില്ക്കുന്നുണ്ട്. 'തുല്യതാ പ്രസ്ഥാനം' എന്നൊരു പുതിയ ഒത്തുചേരൽ ഉണ്ടല്ലോ. അതിന്റെ കാര്യങ്ങളൊക്കെ സംസാരിക്കാൻ പഴയ മാനുഷിക്കാരിൽ ചിലർ എന്നെ കണ്ടിരുന്നു. നിയമസഭ, പാർലിമെൻ്റ്... തുടങ്ങിയ ഇടങ്ങളിലെല്ലാം തുല്യ പ്രാതിനിധ്യം വേണം എന്നതാണ് അവരുടെ ആവശ്യം. അത് വളരെ ശരിയായ ഒരു രാഷ്ട്രീയ വിഷയമാണ്. പക്ഷേ, ഇത്തരം പ്രവർത്തനങ്ങളെ വലിയൊരു പ്രസ്ഥാനമാക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. മാനുഷിയും നേരിട്ട ഒരു പ്രാധാന പ്രശ്നം അതാണ്. ഭർത്താക്കന്മാരെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീകൾ മുന്നോട്ടു വരില്ല. പുരുഷന്റെ ആധിപത്യ ശക്തി തന്നെയാണ് ഇത് കാണിക്കുന്നത്.

തുല്യത പ്രസ്ഥാനത്തിൻറെ സമ്മേളനത്തിൽ നിന്നും
തുല്യത പ്രസ്ഥാനത്തിൻറെ സമ്മേളനത്തിൽ നിന്നും

2025 ജനുവരി 17-ന് പട്ടാമ്പി കോളേജിൽ 40 വർഷത്തിനു ശേഷം പഴയ മാനുഷി പ്രവർത്തകരുടെ ആവേശകരമായ ഒരു സംഗമം നടക്കുകയുണ്ടായി. ഇനിയും ഏറെ പ്രവർത്തിക്കണമെന്ന ഉത്സാഹത്തിലായിരുന്നു എല്ലാവരും.

ആ സംഗമത്തെക്കുറിച്ച് അറിഞ്ഞിരുന്നു. മാനുഷി ചരിത്രപരമായ അതിന്റെ ദൗത്യം നിർവഹിച്ചിട്ടുണ്ട്. പല മേഖലകളിലുള്ള സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ കെട്ടഴിച്ചുവിടാൻ മാനുഷി സഹായകമായി. വ്യക്തിപരവും സാമൂഹ്യവുമായ Expression-ലേക്ക് നിശ്ചയമായും സഞ്ചരിക്കണമെന്ന ചിന്തയ്ക്ക് വഴി തുറക്കാൻ സാധിച്ചിട്ടുണ്ട്.

ലൈംഗിക സ്വയം നിർണ്ണയാവകാശം സ്ത്രീവിമോചനത്തിന്റെ പ്രധാന അടിത്തറയല്ലേ?

അത് വളരെയേറെ പ്രധാനമാണ്. രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം പോലെത്തന്നെ സ്വന്തം ശരീരത്തിൻ്റേയും ലൈംഗികതയുടേയും സ്വയം നിർണ്ണയാവകാശം ഓരോ സ്ത്രീകളുടേയും ലൈംഗിക ന്യൂനപക്ഷത്തിൽ ഉൾപ്പെട്ടവരുടേയും അടിസ്ഥാന സ്വാതന്ത്ര്യമാകണം. അങ്ങനെയൊരു മുദ്രാവാക്യം ഇനിയും ഉയർത്തപ്പെടണം. സമൂഹം രാഷ്ട്രീയമായും സാംസ്കാരികമായും ജനാധിപത്യപരമായും അതിനെ അംഗീകരിക്കണം. പഴയ മുന്നേറ്റത്തിന്റെ നേർത്തുടർച്ച അല്ലെങ്കിൽത്തന്നെയും ഈ ചിന്തയും പ്രവർത്തനവും മുന്നോട്ട് പോകും... മുന്നോട്ട് പോകണം.

തുടരും...


Summary: A criticism on communist parties stand on sexual self determination, Marxist theoretician K Venu long conversation with MG Sasi.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments