പൊയ്കയില്‍ അപ്പച്ചനിസം: കേരളത്തിന്റെ അടിമ ജനത നവോത്ഥാന മാനിഫെസ്റ്റോ- 2
മുത്തൂറ്റ് കൊച്ചുകുഞ്ഞുപദേശിയില്‍നിന്ന് എഴുത്തും വായനയും പഠിച്ച അപ്പച്ചനു മുന്നില്‍ ബൈബിള്‍ വായനാലോകം തീര്‍ത്തു. യജമാനന്റെ മതം സ്വീകരിച്ചുവെങ്കിലും അതുകൊണ്ട് അടിമത്തം അവസാനിച്ചില്ല എന്ന് ബോധ്യപ്പെട്ട അപ്പച്ചന്‍, തന്നെയും തന്റെ വര്‍ഗ്ഗത്തെയും പിന്തുടരുന്ന ബഹിഷ്‌കൃതന്റെ അവഗണിതസ്വത്വം ക്രിസ്തുമതത്തിന്റെ വിഷയപരിധിയില്‍ വരുന്നില്ലെന്നു മനസിലാക്കി. ക്രൈസ്തവസ്വത്വം നേടിയതുവഴി തന്റെ ചരിത്രാസ്തിത്വം മുടിവയ്ക്കപ്പെടുകയാണെന്നും മറിച്ച് അത് ഇല്ലാതാകുന്നില്ല എന്നും വ്യക്തമായി. ഇതോടെ, അപ്പച്ചന് വിവേചനത്തിന്റെ മൂലം അറിഞ്ഞ് അടിമവിഷയത്തെ രാഷ്ട്രീയവത്കരിക്കാതെ, മതപരിവര്‍ത്തനത്തിലൂടെ ആര്‍ജിക്കുന്ന ക്രൈസ്തവസ്വത്വം വഴി തന്റെ ചരിത്രാസ്തിത്വം നവീകരിക്കപ്പെടുക സാധ്യമല്ല എന്ന ബോധ്യമുണ്ടായി.
അപ്പച്ചന് തന്റെ വംശചരിത്രം ഓര്‍മിക്കാനുള്ളതാണ്, മറക്കാനുള്ളതല്ല. അടിമത്താനുഭവങ്ങളാണ് ചരിത്രമൂലധനം എന്ന തിരിച്ചറിവില്‍ അടിമ ഓര്‍മകളെ വീണ്ടെടുക്കുമ്പോള്‍, അപ്പച്ചന്‍ ക്രൈസ്തവവത്കരണത്തിലൂടെ മറവിയായി മാറിയ, ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടെ സാംസ്‌കാരിക അഭയാര്‍ഥിത്വം തിരിച്ചറിയുകയായിരുന്നു. ജനതയെ ബോധവത്കരിക്കാനും ഒപ്പം കൂട്ടാനും അവശ്യമായ മൂലധനം മുന്‍ഗാമികള്‍ അനുഭവിച്ച അടിമജീവിതം അല്ലാതെ മറ്റൊന്നുമല്ല. തങ്ങള്‍ ഇന്ന ആളാണ് എന്നതിനെക്കാള്‍ ഇന്നലെ ആരായിരുന്നുവെന്നറിയുമ്പോള്‍ മാത്രമേ ഒരുമയോടെ മുന്നേറാന്‍ കഴിയൂ എന്ന അപ്പച്ചന്റെ യുക്തിക്കു പിന്നില്‍ അക്കാലത്തെ കേരളത്തില്‍ പൂര്‍വ മാതൃകയില്ല. മറ്റൊരു നവോത്ഥാന നായകരും അടിമവിഷയം കേരളത്തില്‍ ചര്‍ച്ചക്കെടുത്തിരുന്നില്ല. ഇന്ത്യയില്‍ അപ്പച്ചനുമുമ്പ് അടിമവിഷയം പ്രശ്‌നവത്കരിച്ചത് മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫുലെയാണ്. മറാത്തിയിലുള്ള അദ്ദേഹത്തിന്റെ രചനകള്‍ അക്കാലത്ത് കേരളത്തിലെത്തിയതിന് തെളിവില്ല. അവര്‍ണ ജാതികളുടെ സാമൂഹികനില ഉയര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എസ്. എന്‍.ഡി.പിയും സാധുജനപരിപാലന സംഘവും ഒരു ഭാഗത്ത് ഏറ്റെടുത്തിരുന്നുവെങ്കിലും അടിമവിഷയം ഉള്‍ക്കൊണ്ടിരുന്നില്ല.
പ്രധാനമായും തിരുവിതാംകൂറിലന്ന് അടിമനിരോധനം നടപ്പാക്കിയിരുന്നുവെന്നതുകൊണ്ടാകാം, അയ്യൻകാളി ഉള്‍പ്പടെയുള്ളവര്‍ അടിമവിഷയം പ്രശ്‌നമാക്കി ഉയര്‍ത്താതിരുന്നത് എന്നു വേണമെങ്കില്‍ വാദിക്കാം. അടിമവിഷയത്തെ വ്യവഹാരങ്ങളില്‍ പ്രത്യക്ഷീകരിക്കാതെ ബോധപൂര്‍വം അദൃശ്യവത്കരിച്ചിരുന്നുവെന്നതുകൊണ്ടുമാണ്. ബഹിഷ്‌കൃതരെ ചരിത്രബാഹ്യരാക്കാനുള്ള മുന്‍കരുതലായും ഈ അദൃശ്യവത്കരണത്തെ കാണാം. അടിമനിരോധന പ്രഖ്യാപനത്തോടെ എല്ലാം തീര്‍ന്നിരുന്നില്ല. ആ ജനതയെ പുനരധിവസിപ്പിക്കാനോ നവീകരിക്കാനോ ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. അക്കാലത്ത് സാമൂഹിക ഉന്നമനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള മിഷനറി പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിയിരുന്നു. മിഷനറിമാര്‍ക്കൊപ്പം കൂടി ചരിത്രത്തില്‍ നിന്ന് വിട്ടുമാറി ആധുനികരാകാന്‍ അടിത്തട്ടിലുള്ള ജനത ആവേശം കാണിച്ചിരുന്നു. അതിന്റെ ഭാഗമായെങ്കിലും ഇരയാണെന്ന നില ഇല്ലാതാവുകയല്ല, ഇരട്ടിക്കുകയാണെന്ന് ബോധ്യം വന്നതോടെ, വംശചരിത്രത്തെ വീണ്ടെടുക്കാനും അടിമ ഓര്‍മകളെ ആശ്ലേഷിക്കാനും അപ്പച്ചന്‍ ശ്രമിച്ചു. അപ്പച്ചന്‍മുന്നോട്ടുവച്ച അടിമവിഷയത്തിന്റെ രാഷ്ട്രീയവത്കരണം കീഴാള വിമോചനചരിത്രത്തിലും കേരള റാഡിക്കലിസത്തിന്റെ സന്ദര്‍ഭത്തിലും സവിശേഷമാണ്.
ക്രൈസ്തവവത്കരണം പ്രത്യക്ഷത്തില്‍ ഇന്നലെകളെ മൂടിവയ്ക്കുന്നുണ്ടെങ്കിലും ഇന്നലെകളുടെ ജാതീയമായ നികൃഷ്ട സാമൂഹികാവസ്ഥ തങ്ങളെ വിട്ടുപിരിയുന്നില്ല. എന്നാല്‍, ക്രൈസ്തവാന്തരീക്ഷത്തില്‍ ബഹിഷ്‌കൃതരുടെ ചരിത്രബോധം ഒരുമ കൂട്ടാനും പ്രതിരോധിക്കാനുമുള്ള ഊര്‍ജ്ജം നല്‍കുന്നുമില്ല. തന്റെ വംശത്തിന്റെ സാമൂഹികമൂല്യം ഉയര്‍ത്തി ഭൂതകാലത്തില്‍ നിന്ന് വിടുതലേകാന്‍ ക്രിസ്തീയതക്ക് കഴിയുന്നില്ല. ഈ തിരിച്ചറിവാണ് മതം ഒരു വിമോചനമാര്‍ഗമല്ല എന്ന ബോധ്യത്തില്‍ അപ്പച്ചനെ എത്തിച്ചത്. അടിമകളെ മതങ്ങള്‍ക്കൊന്നും വേണ്ടെന്നും അതിന് അവരുടെ കുറവുകള്‍ കാരണമാണെന്നും തിരിച്ചറിഞ്ഞ് അടിമജനതയെ ഉദ്‌ബോധിപ്പിക്കാന്‍ അപ്പച്ചന്‍ തീരുമാനിക്കുന്നു. തങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചുതരാന്‍ ആരുമില്ലാത്തതുകൊണ്ടു അപ്പച്ചന്‍ ആ ദൗത്യം സ്വയം ഏറ്റെടുക്കുന്നു. അതാകട്ടെ, ലിഖിത സംസ്‌കൃതിയുടെ ബോധപൂര്‍വമുള്ള അദൃശ്യവത്കരണശേഷിയെ കണ്ടറിഞ്ഞുതന്നെ തന്റെ ചരിത്രദൗത്യം നിര്‍ണയിച്ചു.
എഴുതപ്പെട്ടെഴുത്തുകള്‍
എന്റേതെന്നോര്‍ത്തുകൊണ്ടു
ഇതുവരെ ജീവിച്ചു ഞാന്‍
എഴുതപ്പെട്ട വചനത്തില്‍
പിടിക്കപ്പെട്ടവരെല്ലാം
വിടുവിന്‍ വേഗം
എഴുത്തു നമുക്കുള്ളതല്ലല്ലോ
എന്ന ഉറച്ച പ്രഖ്യാപനത്തോടു കൂടിയാണ് ബദല്‍ വിനിമയ രീതിയിലേക്ക് കടക്കുന്നത്. സാക്ഷരതാ രാഷ്ട്രീയത്തിന്റെ ഇരകളായി തുടരുന്നവരെ ബോധ്യപ്പെടുത്താന്‍ വാമൊഴി രൂപമായ പാട്ടുവഴി യാണ് നല്ലതെന്ന് വിനിമയ മാധ്യമത്തിന്റെ തിരഞ്ഞെടുപ്പും നടത്തുന്നു, ‘എഴുത്തുവിദ്യ’ കൊളോണിയല്‍ ആധുനികത കീഴാള ജനതയ്ക്കുള്‍പ്പടെ ലഭ്യമാക്കിയ അവകാശമാണെങ്കിലും, അദൃശ്യവല്‍ക്കരിക്കുന്ന എഴുത്തിലല്ല, വാമൊഴി പാട്ടുകളായി തന്റെ ജനതയുടെ വംശചിത്രം ഓര്‍മ്മിപ്പിക്കാനാണ് അപ്പച്ചന്‍ ശ്രമിച്ചത്.
വാങ്മയം ഈണത്തില്‍ പാടി കൂട്ടരുടെ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. പ്രാഥമികമായ വാമൊഴിയില്‍ ഒഴിവാക്കപ്പെടുന്നവരല്ല, പങ്കാളിത്തമുള്ളവരാണ് എല്ലാരുമെന്ന യാഥാര്‍ഥ്യം അപ്പച്ഛനറിയാമായിരുന്നു. സത്യം ധരിപ്പിക്കാന്‍ കൂടുതല്‍ ജൈവികവും പാരസ്പര്യം നിലനിറുത്തുന്നതുമായ പങ്കാളിത്ത വിനിമയമാര്‍ഗം വാമൊഴി തന്നെ. പ്രചാരണമാധ്യമം വാമൊഴിയായി ഉറപ്പിച്ചുവെന്നത് അപ്പച്ചന്റെ ഭാഷാരാഷ്ട്രീയം വ്യക്തമാക്കുന്നു. ഉദ്‌ബോധനാത്മകവും പ്രചാരണാത്മകവുമായ പാട്ടുകള്‍ഈണത്തില്‍ പാടാവുന്നതാണെങ്കിലും പൂര്‍ണമായും അക്കാലത്ത് നിലനിന്ന കാവ്യഭാഷയെ കടം കൊള്ളുന്നില്ല. മലയാളത്തിലെ ഗദ്യകവിതയുടെ പ്രാരംഭമെന്നുപോലും വിശേഷിപ്പിക്കാവുന്ന, മുദ്രാവാക്യ സ്വഭാവമുള്ള ജനകീയഭാഷയെ യാഥാര്‍ഥാനുഭവങ്ങളുടെ പ്രത്യക്ഷ വിനിമയത്തിനായി പാട്ടുഭാഷയായി അപ്പച്ചന്‍ ഉപയോഗിച്ചുവെന്നത് മലയാള ഭാഷാചരിത്രത്തില്‍, പ്രത്യേകിച്ച്, പാട്ടുചരിത്രത്തില്‍ നിര്‍ണായക കാല്‍വെപ്പായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. ആശാന്റെ കാവ്യ നവോത്ഥാനകാലത്തിനു സമാനമായി വാമൊഴിരൂപങ്ങളായി കീഴാള ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിച്ച പാട്ടുകളാണിവയെന്നതും ചരിത്രപ്രാധാന്യമര്‍ഹിക്കുന്നുണ്ട്. മലയാളഭാഷാ സാഹിത്യചര്‍ച്ചകളില്‍ ഇടം ലഭിച്ചില്ലെങ്കിലും അക്കാലത്തെ ഭാഷാ വിനിമയ ചരിത്രത്തിലും വിമോചന പ്രചാരണ ചരിത്രത്തിലും അപ്പച്ചനെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.
മിഷണറി ഗദ്യ പാരമ്പര്യത്തെ ധിക്കാരപൂര്‍വം ഒഴിവാക്കി പാട്ടുപാരമ്പര്യത്തെ പകരം വെച്ച ഈ പ്രവര്‍ത്തനം അര്‍ഹിക്കുന്നതരത്തില്‍ മനസിലാക്കാതെപോയി. അന്നുവരെ കേരളത്തില്‍ പ്രതിനിധാനങ്ങളിലെ അഭാവത്തെ, ബഹിഷ്‌കൃത സ്വത്വത്തെ പ്രശ്‌നവത്കരിച്ചവരാരുമില്ല. എഴുത്തിന്റെ അദൃശ്യവത്കരണ രാഷ്ട്രീയവും ആരും മുന്നോട്ടുവച്ചില്ല. ഉത്തരാധുനിക വിഷയങ്ങളായിട്ടാണ് ഇതൊക്കെ പില്‍ക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്.
അക്ഷരജ്ഞാനത്തിനായുള്ള അവകാശ സമരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും പ്രതിനിധാന രാഷ്ട്രീയത്തെക്കുറിച്ച് ആദ്യമായി ബോധ്യപ്പെട്ട് അവതരിപ്പിച്ചത് അപ്പച്ചനായിരുന്നു. എഴുത്തിന്റെ രാഷ്ട്രീയമാണ് അപ്പച്ചനുയര്‍ത്തിയത്. നവോത്ഥാന ചരിത്രത്തിലെ നിര്‍ണായകമായൊരു ധൈഷണിക സൂക്ഷ്മതയായിരുന്നു അപ്പച്ചന്റെ ഈ ബോധ്യം.
തങ്ങളെ കുറിച്ച് ആരും എഴുതിയിട്ടില്ല. അദൃശ്യരും ബഹിഷ്‌കൃതരുമായ തന്റെ വംശത്തെ കുറിച്ച് എഴുതാനല്ല, മറിച്ച്, പറയാനും പാടാനും അപ്പച്ചന്‍ ശ്രമിച്ചു. എഴുത്തിന്റെ രാഷ്ട്രീയം അപ്പച്ചന്‍ പറയുന്നതിങ്ങനെ:
കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍
ചരിത്രങ്ങള്‍
എന്റെ വംശത്തിന്‍ കഥ
എഴുതി വച്ചിടാന്‍ പണ്ടീ-
ഉറവിയിലാരുമില്ലാതെ പോയല്ലോ.
ഈ തിരിച്ചറിവില്‍നിന്ന് അപ്പച്ചന്‍ സ്വന്തം വംശചരിത്രം നിര്‍മിക്കാനുറച്ചു. ഈ ചരിത്രദൗത്യം ഏറ്റെടുക്കാതിരിക്കാന്‍ തന്നെ ഒന്നും പിന്നോട്ടുവലിക്കുന്നില്ല എന്നു അദ്ദേഹത്തിനുറപ്പുണ്ട്.
നാണമില്ലെനിക്കു സ്വന്ത-
ജാതികള്‍ക്കുള്ള ബലഹീനതകള്‍
ഓരോന്നും പറഞ്ഞിടുവാനായ്
ആരും രേഖപ്പെടുത്താത്ത, മറവിയിലാണ്ട് അദൃശ്യമായ സ്വന്തം വംശചരിത്രത്തിന്റെ യഥാര്‍ഥ ചിത്രം പറഞ്ഞുവയ്ക്കേണ്ടത് അടിമസ്വത്വത്തിന്റെ പ്രത്യക്ഷീകരണമാണ്. അതൊരു ബദല്‍ രാഷ്ട്രീയ പ്രക്രിയയാണ്. നാളെ മറ്റാരെങ്കിലും രേഖപ്പെടുത്തുമ്പോള്‍ യഥാര്‍ഥ ചിത്രമാവില്ല വെളിപ്പെടുന്നത്. അതുകൊണ്ട് തന്റെ അടിമ വംശചരിത്രം പച്ചയായ, പൊള്ളുന്ന നഗ്‌ന ചിത്രങ്ങളായി തന്റെ വംശവും വരുംകാലവും അറിയണം, എന്നെന്നും ഓര്‍ക്കണം. ഭൂതകാലം ഓര്‍ത്തുകൊണ്ടുവേണം, മറന്നുകൊണ്ടല്ല ആത്മാഭിമാനത്തോടെയുള്ള അതിജീവനം ഉറപ്പുവരുത്താന്‍ എന്ന് മറവിയുടെയും ഓര്‍മയുടെയും രാഷ്ട്രീയമറിഞ്ഞ് അടിമവിഷയം അവതരിപ്പിക്കുകയാണ് അപ്പച്ചന്‍.
ഓര്‍ത്തിടുമ്പോള്‍ ഖേദമുള്ളില്‍
ആരംഭിക്കുന്നേ അവ-
ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍
ചിലതെല്ലാം.
‘ദ്രമിഡ സംഘാതാക്ഷര നിബദ്ധം എതുക മോന വൃത്തവിശേഷയുക്തം പാട്ട് ' എന്ന ലീലാതിലകകാരന്റെ പാട്ടുനിര്‍വചനത്തെ മറികടന്ന് ഇന്നുവരെ പറയാത്ത സ്വന്തം വംശചരിത്രം തന്റെ ഇഷ്ടപ്രകാരം ചേര്‍ത്തുവയ്ക്കാനാണ് അപ്പച്ചന്‍ ശ്രമിച്ചത്. പാടുമ്പോള്‍ ഈണമുണ്ടാകുന്നത് പാട്ട് എന്ന് പാട്ടിനെ കുറിച്ചുള്ള കീഴാള യുക്തിയായി അപ്പച്ചന്റെ സ്വാതന്ത്ര്യത്തെ കാണാതിരുന്നുകൂടാ.
സ്വന്തം വംശചരിത്രം പറയാന്‍ കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച ഭൗതിക പുരോഗതിയെ അപ്പച്ചന്‍ ഉള്‍ക്കൊണ്ടു. എന്നാല്‍, ക്രിസ്തുമതം വിമോചനമല്ല അടിമത്തത്തിന്റെ തുടര്‍ച്ചയാണെന്ന ബോധ്യം വന്നതോടെ ഇതുവരെയും സ്വന്തം സ്വത്വത്തെ പ്രത്യക്ഷമാക്കാന്‍ കഴിയാതിരുന്ന അടിമവര്‍ഗം ഇനിയെങ്കിലും സ്വത്വനിര്‍മിതിയിലൂടെ വംശസാന്നിധ്യം അറിയിക്കണമെന്ന ബോധ്യം അപ്പച്ചനുണ്ടായതും വംശചരിത്രം നിര്‍മിച്ചെടുക്കാന്‍ പ്രേരകമായി. അടിമവംശത്തിന്റെ ഒരുമയും സ്വത്വവും ഉറപ്പുവരുത്തി അവകാശങ്ങള്‍ക്കുവേണ്ടി സാന്നിധ്യമറിയിക്കാന്‍ സമയമായി എന്നത് അക്കാലത്തെ പൊതുപശ്ചാത്തലത്തിനിണങ്ങുന്ന നിലപാടായിരുന്നു.
റോഡോഡു റോഡ് നിരന്നതുകണ്ടോ
ഇനി പാട്ടോടു കൂട്ടരൊന്നു കൂടിയേ മതിയാകൂ
തെക്കോളം നീളം വടക്കോളം നീളം
ഈ കൂവാത്ത കോഴിയൊന്നു കൂവിയേ മതിയാകൂ, കണ്ണു നീരൊക്കെ തുടച്ചേ മതിയാകൂ
ആയതിനു കാലവും വന്നിങ്ങു കേട്ടോ
എല്ലാ നരജാതികളിലും തന്റെ വംശത്തെ കുലഹീനരെന്ന് സര്‍വരും പഴിക്കുന്നതിനെ പ്രശ്‌നവത്കരിച്ച് അപ്പച്ചന്‍ വംശത്തിന്റെ ഭൂതകാലം അന്വേഷിച്ചറിയുന്നു. തങ്ങളാരാണെന്നു നരവംശീയമായി തിരിച്ചറിഞ്ഞ് ആദിനിവാസം ഉറപ്പിച്ചെടുക്കുകയാണ് അപ്പച്ചന്‍. ഒപ്പം തന്റെ വംശത്തെ അടിമയാക്കിയ ആഭ്യന്തര അധിനിവേശത്തെയും ഭാവനയില്‍ തെളിയിച്ചെടുക്കുകയാണ്. തങ്ങള്‍ എങ്ങനെയാണ് ജീവിച്ചതെന്നും ബ്രാഹ്മണാധിനിവേശത്തിന്റെ ഇരകളാക്കി അടിമകളാക്കിയതാരാണെന്നുമുള്ള ചരിത്രം അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്. ലോകത്തിനാകെ അടിമജീവിതത്തിന്റെ ഓര്‍മദിനങ്ങളൊരുക്കുകയാണ് അപ്പച്ചന്‍, ഭൂതം മറക്കാനുള്ളതല്ല വീണ്ടും വീണ്ടും ഓര്‍ക്കാനുള്ളതാണ് എന്ന് പാട്ടിലൂടെ ഉറപ്പിക്കുന്നു. തന്റെ വംശചരിത്രം അറിയാതെ, പിതൃക്കള്‍ നേരിട്ട അടിമാനുഭവം അറിയാതെ മറ്റുള്ളവരുടെ പഴി കേട്ട്, മറ്റുള്ളവര്‍ കാട്ടുന്ന വഴിയേ ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടവരല്ല. ഒരുമിച്ച് ഒന്നായി നിന്ന് ജീവിതത്തെ നവീകരിക്കാന്‍ പ്രാപ്തരാവാനുള്ള ഊർജഖനിയാണ് തങ്ങളുടെ അടിമചരിത്രം എന്നുറപ്പിക്കുകയാണ് അപ്പച്ചന്‍. തങ്ങളുടെ കുറവുകള്‍ അടിച്ചേല്പിക്കപ്പെട്ടവയാണ്. വംശഉല്പത്തിമുതല്‍ ഉള്ളതല്ല. തന്റെ വംശവും സ്വാതന്ത്ര്യത്തോടെ മണ്ണിന്റെ അവകാശികളായി ഇവിടെയുണ്ടായിരുന്നു. സ്വതന്ത്രരായ തങ്ങളെ അടിമകളാക്കി മാറ്റുകയായിരുന്നുവെന്നു വംശത്തിന്റെ ദശാസന്ധി വെളിപ്പെടുത്തുകയാണ്.
ആദിനിവാസികളായി കേരള രാജ്യം തന്നില്‍
മോദമായി വസിച്ചിടും കാലം
ശാന്തമായി വസിച്ചിടും നമ്മുടെ പിതാക്കന്മാരെ
ബന്ധനങ്ങള്‍ ചെയ്തടിമയാക്കിയല്ലോ.
തങ്ങളുടെ പിതാമഹന്മാരെ അടിമയാക്കിയതും കാലികളെപോലെ വിറ്റഴിച്ചതും ആരെന്നു തുടര്‍ന്നു പറഞ്ഞുവയ്ക്കുകയാണ് അദ്ദേഹം:
സിന്ധുനദീകടന്നീ അന്തണശ്രേഷ്ഠന്മാരും
ചന്തമേറും ഈ രാജ്യം കുടിയേറും കാലം ചന്തതെരുക്കളില്‍ കാളയെ വില്‍ക്കുംപോലെ
അന്തണന്മാരിവരെ വിറ്റുവില വാങ്ങിപ്പോന്നു.
തങ്ങളുടെ പൂര്‍വികരെ അടിമയാക്കിയതും കച്ചവടം നടത്തിയവരും സവര്‍ണ ഹിന്ദുക്കള്‍ മാത്രമല്ല, വരേണ്യ ക്രിസ്ത്യാനികളും അക്കൂട്ടത്തിലുണ്ട് എന്ന സാമൂഹിക സത്യം കൂടി ഓർമപ്പെടുത്തുകയാണ്.
കാനായിതൊമ്മന്‍ കൊണ്ടുവന്നീ
കേരളത്തില്‍ പാര്‍പ്പിച്ചവരും
ക്രൂശില്‍ മരിച്ചുയര്‍ത്ത യേശുവിനെ ധരിച്ചവരും സുറിയന്‍കാര്‍ക്കുപോലും ഒരു മനസ്സലിവ് തോന്നിയില്ലല്ലോ
കൊല്ലുകില്‍ കൊലയ്ക്കുമാറും
വില്ക്കുകില്‍ വിലയ്ക്കുമാറും
പ്രാണിഹിംസ പാപമെന്നു ശഠിച്ചിടുന്ന ബ്രാഹ്മണരും
കണിപോലും കരുണയെന്യേ
ക്രൂരതകള്‍ ചെയ്തിവരെ
ഇടയില്ലാതടിച്ചു മെയ്യില്‍ കഠിനവേല ഏറെ ചെയ്തു
കൊടിയ വെയില്‍ മഴയും ഏറ്റു
നെടുവീര്‍പ്പിട്ടു കരഞ്ഞധികം
താതനെ വിറ്റിടും നേരം കരഞ്ഞിടുന്നു തനയന്മാരും
തള്ളയെ വിറ്റിടും നേരം കരഞ്ഞിടുന്നു കുട്ടികളും.
ഇത്രയും മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ നടന്നിട്ടും ചോദിക്കാനുള്ള വ്യവസ്ഥകളൊന്നുമുണ്ടായിരുന്നില്ല എന്നുറപ്പിച്ചു പറയുകയാണ് അപ്പച്ചന്‍:
രാജാവില്ല ചോദ്യമില്ല ന്യായം തീര്‍പ്പാനാരുമില്ല
വ്യസനം തീര്‍ത്തു രക്ഷിപ്പതിനോടിവരാനാരുമില്ല.
കുലമഹിമയും ശ്രേഷ്ഠതയും പൈതൃകവും അവകാശവും അധികാരവുമാക്കി വരേണ്യര്‍ മുന്നോട്ടുപോകുമ്പോള്‍ സ്വതന്ത്രരായിരുന്ന ഒരു ജനത അധിനിവേശാനന്തരം അന്യവത്കരണത്തിനിരയാതിന്റെ ചിത്രം പകരം വയ്ക്കുകവഴി ബദല്‍ ചരിത്രരചനക്കു നാന്ദി കുറിക്കുകയാണ് അപ്പച്ചന്‍. കേരള റാഡിക്കലിസത്തിലെ നിര്‍ണായകമായ ഒരു ഇടപെടലായിതിനെ കാണാതിരിക്കാനാവില്ല. അടിമാവസ്ഥ ആഴത്തില്‍ വിവരിക്കുകയാണ് വീണ്ടും:
നാനാജാതി മതസ്ഥരീവിധം ചെയ്വതെന്ത്
നായകനുമില്ലാതെ നാലുപാടും അലഞ്ഞു നാറ്റപ്പെട്ടവരായി നാടെങ്ങും താറുമാറായി
നാട്ടില്‍ വസിപ്പതിനൊരിടവുമില്ലാതെയായി കൊല്ലുകില്‍ കൊലയ്ക്ക് മാറും
വില്‍ക്കുകില്‍ വിലയ്ക്കു മാറും
കെട്ടും പൂട്ടടക്കി വിറ്റു നാനാദേശത്തും
സ്വൈര്യമായി വസിപ്പവര്‍ക്കീവിധം വരുവാനായി ആരാണീ ദോഷം ചെയ്തത് മഹാദൈവമേ
അടിമയില്‍ അകറ്റപ്പെട്ടു അടിമവേലകള്‍ ചെയ്തു
അഷ്ടി കഴിപ്പതിന് ബുദ്ധിമുട്ടേണ്ടിവന്നു.
വേദശാസ്ത്രവുമില്ല വിദ്യജ്ഞാനവുമില്ല
മൃഗതുല്യന്മാരായി ഇവിരെ വസിക്കുന്നു.
ഭക്തിയില്‍ വളര്‍ത്തീടാന്‍ സത്യമാര്‍ഗ്ഗവുമില്ല
അന്ധതയില്‍ വസിച്ചു അന്തകനോട് ഒടുവില്‍
ഭാവിയില്‍ വരും ഭാഗ്യമെന്തെന്നറിഞ്ഞുകൂടാ, ഭാവിയെക്കുറിച്ചൊരു ചിന്താഭാരവുമില്ല.
അടിമകളാക്കിയതുവഴി ഭൂമിയിന്മേലുള്ള അവകാശം നഷ്ടപെട്ട ജനതയ്ക്ക് നല്ലതുപദേശിക്കാന്‍ ആരുമില്ല. ഈ നിസ്സഹായാവസ്ഥക്ക് പരിഹാരം പ്രത്യക്ഷരക്ഷാദൈവസഭ മുന്നോട്ടുവയ്ക്കുന്ന രക്ഷാമാര്‍ഗമാണെന്നു പറയുകയാണ് അപ്പച്ചന്‍. സമുദായവത്കരണം ശക്തമായ ഒരു സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയായിരുന്നപ്പോള്‍ അത്തരത്തില്‍ ഒറ്റപ്പെട്ട സംഘടനകള്‍ രൂപംകൊണ്ടിട്ട് കാര്യമില്ല എന്ന ബോധം അപ്പച്ചനുണ്ടായിരുന്നു. അടിമ ജനതയുടെ കുട്ടായ്മയ്ക്കാണ് അപ്പച്ചന്‍ പ്രാധാന്യം നല്‍കിയത്. ജാതി- ഉപജാതി വിവേചനസ്വത്വ നിര്‍മിതിയെ ഉള്‍ക്കൊള്ളാൻ അപ്പച്ചന് കഴിയുമായിരുന്നില്ല. പേരുമാറ്റിയതുകൊണ്ടോ ക്രിസ്ത്യാനിയായതുകൊണ്ടോ ഒറ്റപ്പെട്ട രീതിയില്‍ സമുദായവത്കരണം നടന്നതുകൊണ്ടോ ജനസംഖ്യയിലെ കുറവുകൊണ്ടോ ഭിന്ന പ്രാദേശിക വിന്യാസം കൊണ്ടോ അവകാശങ്ങള്‍ നേടിയെടുക്കാനാവില്ല എന്നുറപ്പുണ്ടായിരുന്നതുകൊണ്ട്, അക്കാലത്തു നടന്ന സമുദായവത്കരണത്തോട് അപ്പച്ചന്‍ വിയോജിച്ചു. അതുകൊണ്ട് അപ്പച്ചന്റെ സംശയവും ബോധ്യവും പാട്ടില്‍ പ്രവേശിപ്പിച്ച് സാമുദായിക സ്വത്വവത്കരണത്തെ വിമര്‍ശിച്ച്, അടിമകളായിരുന്ന കീഴാള ജനതയുടെ ഐക്യം ഉറപ്പുവരുത്താനാണ് ശ്രമിച്ചത്.
പുലയരെല്ലാരും കൂടി
ചേരമാരായാലെന്നാ
പുലയന്റെ പുല മാറുമോ
പറയരെല്ലാം കൂടി
സാംബവരായാലെന്നാ
പറയന്റെ പഴിമാറുമോ
കുറവരെല്ലാം കൂടി
സിദ്ധരായാലെന്നാ
കുറവന്റെ കുറവ് മാറുമോ
ഇക്കൂട്ടരെല്ലാം അടിമ വിഭാഗങ്ങളായിരുന്നതുകൊണ്ട് സമാനാനുഭവങ്ങളുടെ ഒരുമയാണ് വേണ്ടതെന്ന ധാരണ അപ്പച്ചന്‍ ആവര്‍ത്തിക്കുകയായിരുന്നു. അടിമകളെ മതങ്ങള്‍ക്കൊന്നും വേണ്ടെന്നും അതിന് അവരുടെ കുറവുകള്‍ കാരണമാണെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാന്‍ അപ്പച്ചന്‍ ശ്രമിക്കുന്നു. തങ്ങള്‍ക്ക് ബുദ്ധി ഉപദേശിച്ചുതരാന്‍ ആരുമില്ലാത്തതുകൊണ്ടു അപ്പച്ചന്‍ അടിമജനതയുടെ മതബന്ധവും അനാഥത്വവും ബോധ്യപ്പെടുത്തുന്നു.
ഹിന്ദു മതത്തിന്‍ പുറവഴിയെ നമ്മള്‍അനാഥരെന്നപോല്‍ സഞ്ചരിച്ചു
ക്രിസ്തുമതത്തിന്‍ പുറവഴിയെ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു
ഹിന്ദുമതക്കാരും ചേര്‍ത്തില്ലല്ലോ നമ്മെ
ക്രിസ്തുമതക്കാരും ചേര്‍ത്തില്ലല്ലോ
ബുദ്ധിബോധങ്ങളെ ചൊല്ലിത്തരുവതിനാരും -മില്ലിഹത്തില്‍.
വിദ്യയില്ല ധനം ജ്ഞാനമില്ല
നമുക്കുദ്യോഗ ജോലികളൊന്നുമില്ല
വേല ചെയ്താല്‍ നല്ല കുളിക്കില്ലാ
നമുക്കഷ്ടി കഴിപ്പതിനൊന്നുമില്ല
അക്ഷീണ പരിശ്രമം കൊണ്ടു നമുക്കൊരു
കെട്ടിടം തല്‍ക്ഷണം തീര്‍ക്കേണമേ ആക്ഷേപങ്ങളെല്ലാം തീര്‍ക്കേണമേ
നമുക്കാനന്ദമായൊന്നു വാഴേണമേ ദുഃഖങ്ങളോരോന്നും ഓര്‍ക്കുന്നു നമ്മുടെ
വര്‍ഗങ്ങള്‍ക്കുള്ളൊരരിഷ്ഠിത ഭൂതലെ
സ്വന്തം മണ്ണില്‍ കുടിയിറക്കപ്പെട്ട് അഭയാര്‍ഥികളായി മാറിയ അടിമ ജനതയുടെ ഭൂമിയില്‍ നിന്നുള്ള അന്യവത്കരണത്തെ അപ്പച്ചന്‍ ഓര്‍മിപ്പിക്കുന്നു. അഭയാര്‍ഥിത്വത്തിന്റെയും അന്യവത്കരണത്തിന്റെയും ചരിത്രം കണ്ടെത്തുകയാണിവിടെ.
സ്വന്തവാസസ്ഥലമാകുമീ രാജ്യത്തില്‍
ഉണ്ടോ അവകാശം ഭൂമിയില്‍ നമ്മള്‍ക്ക്
പണ്ടേ സ്ഥിരമായ് വസിക്കുമീ രാജ്യത്തില്‍
ഉണ്ടോ ഒരുമിച്ചിരിയ്ക്കുന്നീ വര്‍ഗങ്ങള്‍
കണ്ടവര്‍ക്കദ്ധ്വാനം ഏറെ ചെയ്തീടിലും
മണ്ടന്മാരെന്നു പഴിച്ചു തള്ളീടുന്നു
വേലകളേറെ ചെയ്തീടിലും നമ്മുടെ
അഷ്ടികഴിപ്പതിനില്ലല്ലോ നമ്മള്‍ക്ക്
ബുദ്ധിമുട്ടേറെ സഹിക്കിലും നമ്മുടെ
കഷ്ടതയോര്‍ക്കുകിലെന്തു സങ്കടം ബുദ്ധിബോധങ്ങളെ ചൊല്ലിത്തരുവതി -ലിദ്ധരതന്നിലൊരുത്തരുമില്ലല്ലോ ഭൂവിലൊരാശ്വാസമില്ലാത്ത നമ്മള്‍ക്ക്
ദൈവത്തിന്‍ രാജ്യവും ഇല്ലാതെ പോയെന്നാല്‍ പാരിലൊരാശ്വാസം നല്‍കുന്ന നമ്മുടെ
രക്ഷയിന്‍ വേല നിറുത്തിക്കളയല്ലേ
കഷ്ടതയനുഭവിക്കുന്ന ബഹിഷ്‌കൃതരായ തങ്ങള്‍ക്കു രക്ഷയാകുന്ന പ്രത്യക്ഷരക്ഷാസഭയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിർത്തരുതെന്നു അപ്പച്ചന്‍ ഓര്‍മിപ്പിക്കുന്നു. അടിമജീവിതം കാരണം മാതാ പിതാക്കള്‍ അനുഭവിച്ച കഷ്ടപ്പാടുകളും കുട്ടികളുടെ അനാഥത്വവും വൈകാരികമായി ഓര്‍മിപ്പിക്കുന്ന രചനകളില്‍ ചിലതിവിടെ സൂചിപ്പിക്കാം.
അടിമവേലകള്‍ ചെയ്തു
ഇടയില്ലാതടിയേറ്റു
കഷ്ടപ്പെട്ടുവലഞ്ഞേ
താതനെ ഒരിടത്തും
മാതാവേ വേറിടത്തും
കുട്ടികള്‍ അനാഥരായ് ...
താഴുകള്‍ തുടലുകള്‍
ഇട്ടവര്‍ പൂട്ടിക്കെട്ടി
മുള്‍ക്കമ്പാല്‍ അടിച്ചിടുന്നു
കാളകള്‍ പോത്തുകള്‍ക്കും
ഇണയായി കൂട്ടിക്കെട്ടി
നിലങ്ങളില്‍ ഉഴുതിടുന്നു…
പട്ടിയെ കൊല്ലുംപോലെ
നമ്മളുടെ പിതാക്കളെ
കൊന്നവര്‍ കൊലവിളിച്ചേ
കാളയെ വില്‍ക്കുംപോലെ
നമ്മുടെ പിതാക്കളെ
വിറ്റവര്‍ വിലവാങ്ങിച്ചേ.
മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ വിശപ്പും അനാഥത്വവും വികാരവായ്പ്പോടെ അവതരിപ്പിക്കുന്നുണ്ട് പല പാട്ടുകളിലും. കൂടാതെ തന്റെ പിതാക്കളുടെ ശവത്തിനുപോലും ആദരവുണ്ടായില്ല എന്നും തങ്ങള്‍ക്കിനി ആ ഗതി വരരുതെന്നും മരിച്ചാലും ഒരുമിച്ചൊരിടത്തു വിശ്രമിക്കണമെന്നും അപ്പച്ചന്‍ അടിമബോധത്തെ രാഷ്ട്രീയവത്കരിച്ചുകൊണ്ടു ഒരുമയുടെ രക്ഷ നിര്‍ണയിക്കുന്നു.
അന്ത്യനാളമതില്‍ രക്ഷിക്കപ്പെട്ട
സന്തതികളായ നമ്മുടെ
പിതാക്കന്മാരെല്ലാം ഉറങ്ങീടുന്ന - തെവിടെല്ലാമാകുന്നു
മേട്ടിലും മലങ്കാട്ടിലും പല
ആറ്റിലും തോട്ടിലുമെല്ലാം
ഇഷ്ടംപോലടിച്ചു കൊന്നു
വലിച്ചെറിഞ്ഞു കളഞ്ഞു
ദുഷ്ടജന്തുക്കള്‍ പറിച്ചുതിന്നവ
വലിച്ചു ദേശമെല്ലാം നിറച്ചു
അസ്ഥികള്‍ പലദിക്കിലും
തലയോട്ടിയും വേറെ
ഒട്ടനേകരെ പൊട്ടക്കിണറ്റില്‍
ഇട്ടുമൂടിയതും നികത്തി
തോട്ടിലും ചിറക്കെട്ടിലുമിട്ടു
മൂടി ജീവനോടെ
ഒട്ടനേകരില്‍ ദേഹമെല്ലാം
മത്സ്യത്തിനുദരത്തിലായ്
അസ്ഥികള്‍ അഞ്ചുനാഴിക
സമുദ്രത്തിനുള്ളിലായ്
അന്ത്യനാളതില്‍ കാഹളധ്വനി
കേട്ടിട്ടുനേരം നമ്മുടെ
പിതാക്കന്മാരെല്ലമുയര്‍ത്തിടുന്നത്
എവിടെല്ലാമാകുന്നു.
അന്ത്യനാളില്‍ രക്ഷിക്കപ്പെട്ട
നമ്മുടെ ശവങ്ങളതെല്ലാം -ഒരു
നിശ്ചയമുള്ള പട്ടണമതില്‍
സൂക്ഷിച്ചിടേണം
അടിമാനുഭവത്തിന്റെ തീവ്രത ഓർമപ്പെടുത്തി ചരിത്രത്തെ അതിജീവനോർജ്ജമാക്കി, രാഷ്ട്രീയ മൂലധനമാക്കി മാറ്റി, രക്ഷാവഴിയെക്കുറിച്ച് ചിന്തിക്കാന്‍ അപ്പച്ചന്‍ ആഹ്വാനം ചെയ്യുന്നു. അപ്പച്ചന്‍ പാലിക്കുന്ന ജനാധിപത്യപരമായ നിലപാട് വളരെ പ്രധാനമാണ്. മതങ്ങളും ദൈവങ്ങളൊന്നും നമ്മുടെ രക്ഷക്കില്ല. നാം നമ്മുടെ രക്ഷ സ്വയം ഏറ്റെടുക്കണം. അതെന്തായിരിക്കണമെന്നു ചിന്തിക്കാനാണ് അപ്പച്ചന്‍ ആവശ്യപ്പെട്ടത്.
എന്തു ചെയ്യാമിനി എന്തു ചെയ്യാമിനി
ചിന്തിക്ക സോദരെ രക്ഷാവഴി
ദൈവം നിനക്കുണ്ടോ ദേവന്‍ നിനക്കുണ്ടോ
തേവാര പൂജയും നിന്റെതാണോ
ഗോത്രം തലമുറ മൂപ്പന്മാര്‍ ദൈവത്തിന്‍
ഭൃത്യന്മാരാരാനും നിന്നിലുണ്ടോ
ആദം മുതല്‍ ക്രിസ്തു അപ്പോസ്തലന്മാര്‍
നിന്‍പേര് ചൊല്ലുവാനുണ്ടോ സഖേ-
എന്തു ചെയ്യാമിനി എന്തു ചെയ്യാമിനി
ചിന്തിക്ക സോദരെ രക്ഷാവഴി.
അതിജീവനത്തിന്റെ കീഴാള ജനകീയവഴിയിലേക്കുള്ള പ്രവേശനത്തിന് അടിമബോധത്തെ ഓർമപ്പെടുത്തികൊണ്ടു കൂട്ടായ്മ ഒരുക്കുന്ന അപ്പച്ചനെന്ന വ്യത്യസ്ത നവോത്ഥാനനായകനെയാണ് നമുക്കറിയാനാവുന്നത്. ചരിത്രത്തില്‍ ചില വിദേശ സഞ്ചാരികളുടെയും മിഷനറിമാരുടെയും പരാമര്‍ശത്തില്‍ ഒതുങ്ങി ഇരുളടഞ്ഞ അടിമവിഷയത്തെ തന്റെ വംശത്തിന്റെ ചരിത്രമൂലധനമാക്കിയതു വഴി അപ്പച്ചന്‍ നിര്‍വഹിച്ച ചരിത്രനിര്‍മിതിക്കു പകരം വയ്ക്കാന്‍ അക്കാലത്തെ ഒരു നവോത്ഥാനനായകരും ചരിത്രനിര്‍മിതിക്കു ശ്രമിച്ചിരുന്നില്ല എന്ന വാദം മതിയാകില്ല. അവരവരുടെ ചരിത്രാവസ്ഥയില്‍ ലജ്ജിച്ച്, കൊളോണിയല്‍ ആധുനികത അനുവദിച്ച സന്ദര്‍ഭം പ്രയോജനപ്പെടുത്തി ഏതുതരത്തിലും അവസ്ഥാപരിവര്‍ത്തനം സാധ്യമാക്കണമെന്ന പ്രവര്‍ത്തനവഴിയാണ് പൊതുവില്‍ തേടിയതെന്നുകാണാം. ഈ രീതിക്കു വ്യത്യസ്തമായി രചിക്കപ്പെടാത്ത, തിരസ്‌കൃതമാക്കിയ ചരിത്രത്തെ വീണ്ടെടുത്ത് മൂലധനമാക്കി മുന്നേറുന്ന അപ്പച്ചന്‍ ഇതര നവോത്ഥാനനായകരില്‍നിന്ന് ഭിന്നനാണെന്നതു പറഞ്ഞുവയ്‌ക്കേണ്ടതില്ലല്ലോ. തന്നെയുമല്ല മറ്റുള്ളവരുടെ സഹതാപത്തിനു വേണ്ടിയല്ല അപ്പച്ചന്‍ അടിമാനുഭവങ്ങളെ വിളിച്ചറിയിച്ചത്. അദൃശ്യവല്‍ക്കരണത്തിനെതിരെയുള്ള പ്രതിരോധമായിട്ടാണ് അപ്പച്ചൻ ചരിത്രനിര്‍മിതിയെ ഏറ്റെടുത്തത്.
എഴുത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കി എന്തുകൊണ്ട് അടിമജാതികള്‍ ഒരുമിക്കണം എന്ന മാനിഫെസ്റ്റോയായിട്ടാണ് അടിമവിഷയത്തെ അപ്പച്ചന്‍ പ്രശ്‌നവത്കരിച്ചത്. അതുകൊണ്ടുതന്നെ സംഘടനാപ്രൗഢികൊണ്ടൊന്നും കേരളത്തിന്റെ റാഡിക്കല്‍ ചരിത്രത്തില്‍ എങ്ങനെ ഒഴിവാക്കിയാലും ഒഴിവാക്കാനാകാത്ത സാന്നിധ്യമായി അപ്പച്ചനിസം നിലനില്‍ക്കും. അപ്പച്ചന് അടിമവിഷയം കേവലം ഭൂതകാലാവസ്ഥ മാത്രമല്ല. അടിമത്തം സമകാലത്തും നിലനില്‍ക്കുന്ന ഒരവസ്ഥയാണ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ദൈവത്തിന്റെ പേരിൽ അടിമ, മതത്തിന്റെ പേരിൽ അടിമ, രാജ്യത്തിന്റെ പേരിൽ അടിമ, ജാതിയുടെ പേരില്‍ അടിമ, മായാശക്തികള്‍ക്കും സേവാമൂര്‍ത്തിക്കും അടിമ, മാര്‍ഗങ്ങളുടെ പേരിൽ അടിമ, ജീവന്റെയും ശരീരത്തിന്റെയും അടിമ എന്നിങ്ങനെ ഏഴുകൂട്ടം അടിമകളെ കുറിച്ചുള്ള നിരീക്ഷണം എക്കാലത്തെയും അടിമത്തത്തെ അപ്പച്ചന്‍ വിഭാവനം ചെയ്തിരുന്നുവെന്നതിനു തെളിവാണ്.
(തുടരും)