സ്​മിത നെരവത്ത്​

ഒത്തുതീർപ്പില്ല, ജാതിയെ
വലിച്ചുപുറത്തിട്ട ഈ സമരത്തിന്​

കേരളത്തിൽ ജാതിവിവേചനമുണ്ടെന്ന യാഥാർത്ഥ്യം എല്ലാ മറയും നീക്കി പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ മാനം ഇതാണ് അതേസമയം, അതിനെ മറച്ചുവെക്കാനുള്ള മനഃപൂർവ്വമായ വ്യഗ്രത ഇവിടുത്തെ ഇടതു പുരോഗമനപക്ഷത്തുള്ളതായി കാണാൻ കഴിയും.

കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ്​ആർട്‌സിന്റെ ആരോപണ വിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കുകയും മന്ത്രിയുമായുള്ള ചർച്ചയെതുടർന്ന്​ വിദ്യാർഥികൾ സമരം പിൻവലിക്കുകയും ചെയ്​തിരിക്കുന്നു. ശങ്കർ മോഹന്റെ രാജിയിലൂടെ, ഈ വിഷയത്തിൽ ഭരണകൂടം എടുത്ത നിലപാട് എത്ര മനുഷ്യത്വവിരുദ്ധമാണ് എന്ന് തെളിയുകയാണ്. ശങ്കർ മോഹനെതിരെ വിദ്യാർത്ഥികളും ശുചീകരണ തൊഴിലാളികളും ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. സംവരണം അട്ടിമറിക്കുകയും കുട്ടികളോടും, തൊഴിലാളികളോടും ജാതിവിവേചനം കാണിക്കുകയും, തൊഴിലാളികളെക്കൊണ്ട് നിർബന്ധപൂർവ്വം തന്റെ വീട്ടുജോലി ചെയ്യിക്കുകയും, കക്കൂസ് ക്ലോസറ്റ് കൈ കൊണ്ടുരച്ചു വൃത്തിയാക്കാൻ ആജ്ഞാപിക്കുകയും ചെയ്തു എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് അയാൾക്കെതിരെയുള്ളത്.

ഡയറക്ടറെ പിന്തുണച്ച്​ രംഗത്തെത്തിയ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും സമാന രീതിയിലാണ് പ്രതികരിച്ചത്. തൊഴിലാളി സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച അടൂർ മഹാനായ ചലച്ചിത്രകാരനാണെന്നു പറഞ്ഞു കൊണ്ടാണ് എം.എ. ബേബിയും, മുഖ്യമന്ത്രിയുമൊക്കെ ന്യായീകരിച്ചത്. ഈ വിഷയങ്ങളൊന്നും അഭിസംബോധന ചെയ്യാനോ, കുറ്റാരോപിതർക്കെതിരെ നിയമനടപടിയെടുക്കാനോ ‘പുരോഗമന' സർക്കാർ തയ്യാറാവുന്നില്ല.

കേരളത്തിൽ ജാതിവിവേചനമുണ്ടെന്ന യാഥാർത്ഥ്യം എല്ലാ മറയും നീക്കി പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. അതേസമയം, അതിനെ മറച്ചുവെക്കാനുള്ള മനഃപൂർവ്വമായ വ്യഗ്രത ഇവിടുത്തെ ഇടതു പുരോഗമനപക്ഷത്തുള്ളതായി കാണാൻ കഴിയും. ഇത്തരമൊരു സംഭവം ഉത്തരേന്ത്യയിലോ തമിഴ്‌നാട്ടിലോ ഒക്കെയാണെങ്കിൽ തെരുവിലിറങ്ങി സമരം ചെയ്യുന്ന യുവജനപ്രസ്ഥാനങ്ങളൊക്കെ വെറും പ്രസ്താവനകളിൽ എല്ലാമൊതുക്കി മൗനത്തിലാണ്. ഭക്ഷണത്തിൽ ജാതി കലർത്തി എന്നാരോപിച്ച് പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ചവരാരും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവുന്നില്ല എന്നതും വിരോധാഭാസമാണ്. നവോത്ഥാനത്തിന്റെ തറവാടു മഹാത്മ്യങ്ങൾ പുലമ്പുന്നത് നിർത്തിയാൽ തന്നെ ജാതിബോധവും ദലിത് വിരുദ്ധതയും നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേതെന്ന് തിരിച്ചറിയാൻ ഒരു പ്രയാസവുമുണ്ടാവില്ല. തന്റെ ജാതിവാലായ ‘ഉണ്ണിത്താൻ’ മുറിച്ചു മാറ്റിയാലും സവർണ ജാതിശരീരമാണ്​ അടൂരിന്റേത് എന്ന് അയാളുടെ പ്രസ്താവനകൾ തെളിയിക്കുന്നുണ്ട്.

ഭക്ഷണത്തിൽ ജാതി കലർത്തി എന്നാരോപിച്ച് പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ചവരാരും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവുന്നില്ല എന്നതും വിരോധാഭാസമാണ്

ജാതി ഒരനുഭവമാണ്. അത് സവർണ ജാതിയിൽ ജനിച്ചവർക്ക് മനസിലാവണമെന്നില്ല. ജാതിയുടെ പ്രിവിലേജ് അയാൾ അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ദലിത്​ തൊഴിലാളി സ്ത്രീകൾ നേരിട്ട വിവേചനങ്ങൾ അയാൾക്കു മനസിലാകാതെ പോകുന്നത്. ഇനി അഥവാ, മനസിലായാലും അവരെ പിന്തുണക്കാൻ കഴിയാത്തതും. ജാതിവിവേചനമെന്ന ദുരാചാരത്തെ മറച്ചുവെക്കാനുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും വ്യഗ്രത അതിന്റെ ബ്രാഹ്മണിക്കൽ മനോഭാവത്തിന്റെ പ്രകടമായ പ്രവൃത്തിയാണ്. നിരന്തരം ജാതിയെക്കുറിച്ച് സംസാരിക്കുന്നതും, എന്തു പ്രശ്‌നത്തെയും ജാതീയമായി കാണുന്നത് അപകടകരമാണെന്ന് ഇവിടുത്തെ പുരോഗമന ആശയക്കാർ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ജാതിവിവേചനം ഏറിയും കുറഞ്ഞും ജീവിതത്തിന്റെ ഘട്ടങ്ങളിൽ അനുഭവിച്ച മനുഷ്യർക്ക് ഒരു പ്രശ്‌നം ജാതീയമാണോ എന്ന് എളുപ്പം തിരിച്ചറിയാൻ കഴിയും. അത് നിരന്തരം പൊതുസമൂഹത്തിൽ ചർച്ചക്കു കൊണ്ടുവന്നില്ലെങ്കിൽ അവർക്ക് നഷ്ടപ്പെടുന്നത് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളായിരിക്കും. അതു കൊണ്ടു തന്നെ ഇത് നിരന്തരം ഉന്നയിക്കേണ്ടത് ഒരു വലിയ രാഷ്ട്രീയ പ്രവർത്തനമാണ്.

തന്റെ ജാതിവാലായ ‘ഉണ്ണിത്താൻ’ മുറിച്ചു മാറ്റിയാലും സവർണ ജാതിശരീരമാണ്​ അടൂരിന്റേത് എന്ന് അയാളുടെ പ്രസ്താവനകൾ തെളിയിക്കുന്നുണ്ട്.

ഇതൊരു അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് ഭരണകൂടത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും തോന്നാത്തതുതന്നെ ഇവിടെ ജാതി ആഴത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. ഇത് മനസിലാക്കണമെങ്കിൽ സംവരണത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ഇപ്പോൾ നടക്കുന്ന വ്യവഹാരങ്ങൾ മാത്രം പരിശോധിച്ചാൽ മതി. തെങ്ങുകയറ്റ പരിശീലനത്തിന് എസ്​.സി- എസ്.ടി വിഭാഗത്തിന് 70% സംവരണം നൽകുകയും വിദ്യാഭ്യാസ മേഖലയിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കുകയും, ദലിത് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുകയും ചെയ്യുക, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തുക, അഗ്രഹാരം നന്നാക്കാൻ പൊതുഖജനാവിൽനിന്ന് ഉദാരമായി സംഭാവന നൽകുക, പഴയിടത്തെപ്പോലെ തന്റെ സവർണവാൽ ബ്രാൻഡ് ചെയ്ത് ജീവിക്കുന്നവരെ വീട്ടിൽ ചെന്ന് തിരുമേനി സാത്വികനാണെന്ന് സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയ ദലിത് വിരുദ്ധ- മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പിന്നിലുള്ളത് ബ്രാഹ്മണിക്കൽ ബോധമാണ്.

ജാതി ഒരനുഭവമാണ്. അത് സവർണ ജാതിയിൽ ജനിച്ചവർക്ക് മനസിലാവണമെന്നില്ല. ജാതിയുടെ പ്രിവിലേജ് അയാൾ അറിഞ്ഞോ അറിയാതെയോ അനുഭവിക്കുന്നുണ്ട്. പരിയോറും പെരുമാൾ എന്ന സിനിമയിൽ നിന്ന്

ബ്രാഹ്മണിക്കൽ ബോധമെന്നു പറയുമ്പോൾ ഒരു സമുദായത്തിനെതിരാണെന്ന തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഹിന്ദുത്വപ്രത്യയശാസ്ത്രം വേരുറപ്പിക്കുന്നത് ബ്രാഹ്മണിക്കൽ ബോധത്തിലൂടെയാണ്. ആ ബോധം ദലിതരുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും വേരുപടർത്തിയിട്ടുണ്ട്. സവർണ ഫ്യൂഡൽ വ്യവസ്ഥയോടും, അതിന്റെ സാംസ്‌കാരിക മൂല്യത്തോടുള്ള ആഭിമുഖ്യം, വെജിറ്റേറിയനിസത്തെ പുകഴ്ത്തൽ, സവർണ സംഘടനകൾക്കു നൽകുന്ന അമിതപരിഗണന തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്. ഈ ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ കാലത്ത് ഇത്തരം മനോഭാവങ്ങളെ നിരന്തരം പ്രശ്‌നവൽക്കരിക്കുകയും, ചോദ്യം ചെയ്യുകയുമാണ് ചെറുത്തുനിൽപ്പിന്റെ സമരരൂപങ്ങളെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ മാനം ഇതാണ്. ഈ മുദ്രാവാക്യങ്ങൾ പൊതുസമൂഹം ഏറ്റെടുത്ത്​ ഭരണവർഗ്ഗത്തിനോടു ചോദിക്കുക: സ്‌കൂൾ കലോൽസവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പിൽ സവർണ മനോഭാവം ഉണ്ടെന്ന വിമർശനം ഉന്നയിച്ച അരുൺകുമാറിനെതിരെ വർഗീയ ചേരിതിരിവുണ്ടാക്കിയെന്ന് യു.ജി.സിക്ക്​ പരാതി കൊടുത്തപ്പോൾ എന്തുകൊണ്ടാണ് ജാതീയമായി അവഗണിക്കപ്പട്ട കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും തൊഴിലാളികളുടെയും പരാതിയിൽ നടപടി എടുക്കാതിരുന്നത്? തിങ്കളാഴ്ച്ച വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ, ‘അനുഭാവപൂർ​വം തീരുമാനം’ എന്നുമാത്രമാണ്​ മന്ത്രി പറഞ്ഞത്​. അന്വേഷണ കമീഷൻ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല?'. ആ റിപ്പോട്ടിൽ ശങ്കർ മോഹനെതിരെ കുറ്റം തെളിഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷണ നടപടികൾക്കു വിധേയനാക്കാതെ അയാളുടെ രാജി സ്വീകരിച്ച്​ അയാളെ സംരക്ഷിക്കുന്നതെന്തിനാണ്? ജാതിവിവേചനങ്ങൾ തുറന്നു കാട്ടുന്ന സമരങ്ങളെ അവഗണിച്ചത്​ എന്തിന്​? ▮


സ്​മിത നെരവത്ത്​

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ. പാഠമില്ലെങ്കിൽ പാടത്തേക്കില്ല, അയ്യങ്കാളിയുടെ ജീവചരിത്രം, വാക്കിന്റെ രാഷ്​ട്രീയം എന്നിവ പ്രധാന കൃതികൾ.

Comments