സർക്കാർ സാന്നിധ്യമില്ല, കേരളത്തിലെ ആദിവാസി മേഖലയിൽ

ഹയർ സെക്കന്ററി തലത്തിൽ നിന്ന് ആയിരക്കണക്കിന് ആദിവാസി കുട്ടികൾ പുറംതള്ളപ്പെടുന്നു. പ്രവേശനം ലഭിച്ച ശേഷമുള്ള കൊഴിഞ്ഞുപോക്കല്ല, മറിച്ച് യോഗ്യതയുള്ളവർക്ക് പ്രവേശനം ലഭ്യമാവുന്നില്ല എന്നതാണ് കാര്യം. ഇന്റർനെറ്റ് സൗകര്യമില്ലായ്മ, ഉപകരണങ്ങളുടെ അഭാവം, സാങ്കേതിക ജ്ഞാനത്തിന്റെ അപര്യാപ്തത എന്നിവ മൂലം അവസാന തിയതിക്കുമുൻപ് എല്ലാ സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യാനും അപേക്ഷ നൽകാനും മിക്ക ആദിവാസി വിദ്യാർത്ഥികൾക്കും കഴിയുന്നില്ല

Truecopy Webzine

ദിവാസി ഭൂമിയുമായി ബന്ധപ്പെട്ട് വകയിരുത്തുന്ന പണം ചെലവഴിക്കുന്നതിൽ കേരളത്തിൽ ഗുരുതര അനാസ്ഥയെന്ന് പഠനം.

വനാവകാശ നിയമം നടപ്പിലാക്കാൻ 2015- 2017 കാലത്ത് ഓരോ വർഷവും ഒരു കോടി രൂപ വകയിരുത്തിയതിൽ യഥാക്രമം 99.10 ലക്ഷം, 93.23 ലക്ഷം, 6.71 ലക്ഷം എന്ന രീതിയിലാണ് ചെലവഴിക്കപ്പെട്ടിരിക്കുന്നത്. 2017-18 ൽ അനുവദിച്ച ഒരു കോടിയിൽ 65 ലക്ഷവും പിന്നീടങ്ങോട്ട് തുകകളൊന്നും ഇതിനായി വകയിരുത്തുന്നതായി കാണുന്നില്ല. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ സർവേ കഴിഞ്ഞ് ജനങ്ങൾക്ക് പതിച്ചു നൽകാൻ എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് ഭൂമി തയാറായി ഇരിക്കുമ്പോഴാണിതെന്നോർക്കണം.

വനവകാശം നടപ്പിലാക്കുന്നതിനുള്ള സർക്കാരിന്റെ വിമുഖത ഇതിൽ നിന്ന് വ്യക്തമാണ്. ഇത് പൂർണമായും കേന്ദ്ര വിഹിത ഫണ്ടാണെന്നു കൂടി ഓർക്കണം- ഗവേഷകരായ ഡോ. അഭിലാഷ് തടത്തിൽ, ഡോ. കെ.എസ്. ഹരി എന്നിവർ ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

വനാവകാശ ഗ്രാമസഭകൾ അല്ലെങ്കിൽ ഊരുകൂട്ടങ്ങൾ സംഘടിപ്പിക്കാനും അതിനുള്ള സ്റ്റേഷനറി ഓഫീസ് ആവശ്യങ്ങൾക്കുമായി 2015-16 ൽ അനുവദിച്ചത് ഒരു കോടിയും ചെലവഴിച്ചത് 30 ലക്ഷവുമാണ്. 2016-17 ൽ 50 ലക്ഷം രൂപ അനുവദിച്ചതിൽ 36 ലക്ഷമാണ് ചെലവഴിച്ചത്. 2018 മുതൽ 2021 വരെ 70 ലക്ഷത്തിനു മുകളിൽ ശരാശരി വകയിരുത്തിയപ്പോൾ 2020 വരെ ചെലവഴിച്ചത് യഥാക്രമം 52.2 %, 26.5 %, 11.4 % എന്നിങ്ങനെയാണ്.

2010നുശേഷം കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ വനാവകാശ നിയമം കേരളത്തിൽ ഇന്നും തുടങ്ങിയിടത്തുതന്നെയാണ്. എല്ലാ ബജറ്റിലും വനാവകാശം നടപ്പിലാക്കാനും (കഷ്ടിച്ച് ഒരു കോടി രൂപ), ഊരുകൂട്ടങ്ങൾ (ആദിവാസി ഗ്രാമസഭകൾ) സംഘടിപ്പിക്കുവാനും ( ഏകദേശം 70 ലക്ഷം രൂപ) ചെറിയൊരു തുക വകയിരുത്തുന്നതുകഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും സർക്കാരും വകുപ്പുകളും പിന്തിരിഞ്ഞു നിൽക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യക്കിറ്റ് നൽകുക, ഇടവേളകളിൽ തൊഴിലുറപ്പു പദ്ധതി വഴി തൊഴിൽ നൽകുക എന്നതൊഴിച്ചാൽ ആദിവാസി മേഖലകളിൽ സർക്കാർ സാന്നിധ്യം തീരെയില്ല.

1999 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കൽ നിയമം, 2006 ലെ വനാവകാശ നിയമം, ഊരുകൂട്ടങ്ങൾ (ഗ്രാമസഭകൾ) സംഘടിപ്പിക്കൽ, ഭൂരഹിതരുടെ പുനരധിവാസം എന്നിവയാണ് ഭൂമിയുമായി ബന്ധപ്പെട്ട് ബജറ്റിലും പിന്നീട് സാമ്പത്തിക സർവേയിലും കാണുന്ന പണം വകയിരുത്തുന്ന പദ്ധതികൾ. 1999 ലെ നിയമം നടപ്പിലാക്കാൻ 2015ൽ ഒരു കോടി രൂപ അനുവദിച്ചതിൽ ചെലവഴിച്ചത് 9.1 ലക്ഷമാണ്. 2016 ൽ 50 ലക്ഷം രൂപ വകയിരുത്തിയതിൽ 25,000 രൂപ ചെലവിട്ടു. 2017 ൽ അനുവദിച്ച 50 ലക്ഷത്തിൽ 15,000 രൂപ മാത്രം ചെലവിട്ടതായാണ് കാണുന്നത്. 2019 -20 ൽ 10 ലക്ഷം വീതമാണ് വകയിരുത്തിയത്. അതിൽ ചെലവാക്കിയത് 1,40,000 രൂപ മാത്രം. ഈ നിയമ പ്രകാരം എത്ര കുടുംബാംഗങ്ങൾക്ക് ഇനിയും ഭൂമി നൽകാനുണ്ടെന്ന കാര്യം സാമ്പത്തിക സർവേയോ ഡിപ്പാർട്ടുമെന്റോ ഒരിടത്തും പറയുന്നില്ല.
പ്രാക്തന ഗോത്ര വിഭാഗങ്ങൾക്കായി 2018-19 ൽ ആറു കോടി രൂപ വകയിരുത്തിയതിൽ ഒരു കോടി നാൽപ്പത്തെട്ടു ലക്ഷം രൂപ മാത്രമാണ് ചെലവാക്കിയത്. 2019-20 ൽ അഞ്ചു കോടി രൂപ വകയിരുത്തിയതിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്.

ഭൂമിയുമായി ബന്ധപ്പെട്ട പണം ചെലവിടുന്ന മറ്റൊരു മേഖല ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസമാണ്. ഈ പദ്ധതിയിലും 2016 മുതൽ പകുതി പോലും ചെലവഴിക്കപ്പെടുന്നില്ല. 2017-18 ലും 2019 -20 ലും അനുവദിച്ച തുകയുടെ ഏഴും എട്ടും ശതമാനം മാത്രമാണ് ചെലവഴിച്ചത്.
2019 ഒമ്പതാം മാസം വരെ വിവിധ ജില്ലകളിൽ വാങ്ങിയ ഭൂമിയുടെ മുഴുവനായുള്ള കണക്കും ചെലവായ തുകയും സാമ്പത്തിക സർവേ നൽകുന്നുണ്ടെങ്കിലും, ഇനിയും ഭൂമി ലഭിക്കേണ്ടവരുടെ വിവരങ്ങൾ ഒരിടത്തും കാണുന്നില്ല. 2015 മുതൽ വിതരണം ചെയ്യപ്പെട്ടു എന്ന് പറയുന്നതിന്റെ വിശാദാംശങ്ങൾ 2020 ലെ സാമ്പത്തിക സർവേ പ്രകാരം ഇങ്ങനെയാണ്: 2016-2020നും ഇടയിൽ 3664 ഏക്കർ ഭൂമി 4622 ഉപഭോക്താക്കൾക്ക് കൊടുത്തിട്ടുണ്ട്. ഈ കാലയളവിൽ ശരാശരി 77 സെന്റ് വീതം മാത്രമാണ് ഇവർക്ക് കിട്ടിയത്.
എന്നാൽ പട്ടികവർഗ വകുപ്പിന്റെ 2013 ലെ കണക്കുപ്രകാരം കേരളത്തിലെ ഭൂരഹിത ആദിവാസി കുടുംബാഗങ്ങൾ 5158 ആണ്. വ്യക്തിഗതമായാണോ കുടുംബപരമായാണോ സാമ്പത്തിക സർവേ ഈ കണക്കുകൾ പറയുന്നത് എന്നത് വ്യക്തമല്ല.

മറ്റൊരു പ്രധാന കാര്യം, വനാവകാശ നിയമപ്രകാരം നൽകിയ ഭൂമിയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ്. സർക്കാർ വാങ്ങിക്കൊടുക്കുന്ന, അല്ലെങ്കിൽ അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുന്ന കണക്കുകളിൽ നിന്ന് വനാവകാശം വേറിട്ട് കാണേണ്ടതുണ്ട്. പലപ്പോഴും നയരൂപീകരണത്തിൽ വനാവകാശത്തെ വെറും ഭൂമി നൽകൽ എന്ന രീതിയിൽ മാത്രമാണ് വ്യാഖ്യാനിച്ചുകാണുന്നത്.

എസ്.സി- എസ്.ടി- ഒ.ബി.സി ക്ഷേമത്തിന് സംസ്ഥാനം 2.8 ശതമാനം ചെലവിടുമ്പോൾ ഇക്കാര്യത്തിലെ ദേശീയ ശരാശരി 2.7 ശതമാനമാണ്. 7.6 ശതമാനം ചെലവിടുന്ന തെലുങ്കാനയാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ. പലപ്പോഴും ഇക്കാര്യത്തിൽ കേൾക്കുന്ന കാര്യം കേരളത്തിലെ ആദിവാസികളുടെ ഭൗതികാവസ്ഥ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഭേദമാണ് എന്നാണ്. എന്നാൽ കേരളത്തിലെ മറ്റു സമൂഹങ്ങളുടെ ഭൗതിക സാഹചര്യങ്ങളും മറ്റു സംസ്ഥാനങ്ങളേക്കാൾ മെച്ചമാണ് എന്ന യാഥാർഥ്യത്തിൽ നിന്നുകൊണ്ട് ഇതേ സംസ്ഥാനത്തിലെ തന്നെ ഏറെ ദുർബല ജനവിഭാഗത്തെ കാണാൻ എന്തുകൊണ്ട് സംസ്ഥാനം തയ്യാറാവുന്നില്ല? അതിസങ്കീർണമായ ഭൂമി പ്രശ്നം പാർപ്പിട പ്രശ്നം എന്ന നിലയിലേക്ക് ചുരുക്കി എന്നതാണ് കഴിഞ്ഞ പത്തുവർഷത്തെ പ്രധാന വസ്തുത. എല്ലാ ഭൂരഹിത ആദിവാസികൾക്കും ഭൂമി നൽകും എന്ന വാഗ്ദാനത്തിനപ്പുറം അതിനുവേണ്ടിയുള്ള സമഗ്ര പദ്ധതികളോ പണം വകയിരുത്തലുകളോ ഒന്നും നടക്കുന്നില്ല.

2001 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ ആദിവാസികളിൽ 47.1 % കർഷക തൊഴിലാളികളാണ്. 2011 ലേക്കെത്തുമ്പോൾ ഇത് 63.6 % ആയി വർധിക്കുന്നുണ്ട്. ഇതിൽ തന്നെ സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കാൻ കെൽപുള്ളവർ 8608 കുടുംബങ്ങളെ ഉള്ളൂ എന്നുകരുതാം, കാരണം ഇപ്പോൾ ലഭ്യമായ 2013 ലെ ട്രൈബൽ വകുപ്പിന്റെ കണക്കുകൾ പ്രകാരം 50 മുതൽ 100 സെന്റും അതിനുമുകളിലും ഭൂമി സ്വന്തമായുള്ള സംസ്ഥാനത്തെ ആദിവാസി കുടുംബാംഗങ്ങളുടെ കണക്കാണിത്. ഇതിൽ തന്നെ 100 സെന്റിന് (ഒരേക്കർ) മുകളിൽ ഭൂമി സ്വന്തമായുള്ള കുടുംബാംഗങ്ങൾ 1550 മാത്രമാണ്. ഇവരിൽ എത്രപേർ അവരുടെ ഭൂമിയിൽ കൃഷി നടത്തുന്നുണ്ട് എന്നതും അന്വേഷിക്കേണ്ട വസ്തുതയാണ്. കാരണം, കുടുംബാംഗങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വർധന ഭൂമിയുടെ തുണ്ടുവത്കരണത്തിലേക്ക് നയിക്കുന്നു. ഇങ്ങനെയുള്ള തുണ്ടുവൽക്കരണം പല ആദിവാസി സെറ്റിമെന്റുകളെയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളായി മാറ്റിത്തീർത്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കാണ് സർക്കാർ വീണ്ടും വീണ്ടും അവരുടെ മുൻനിര പദ്ധതികളായ കോൺക്രീറ്റ്? വീടുകളും പൊതുബിൽഡിങ്ങുകളും പണിയുന്നത്.

ഭൂമിയുടെ മേലുള്ള ആദിവാസിയുടെ അവകാശങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് അതിൽ വളരുന്ന മരങ്ങൾക്കുമേലുള്ള അവകാശം. പ്ലാൻേറഷനുകളുടെ പിന്നാമ്പുറങ്ങളിലെ കോളനികളിൽ ജീവിക്കുന്ന ആദിവാസികൾക്ക് ഇതിന്റെ വരുമാനത്തിൽ യാതൊരു പങ്കുമില്ല എന്ന കാര്യം കൂടി ഓർക്കണം. സ്വന്തം പുരയിടത്തിലെ മരങ്ങൾ, പ്രധാനമായും പ്ലാവ്, ആഞ്ഞിലി എന്നിവ വീട്ടാവശ്യങ്ങൾക്ക് മുറിക്കണമെങ്കിൽ ഓരോ ആദിവാസിയും കടക്കേണ്ട കടമ്പകൾ ഏറെയാണ്. ഇക്കാരണത്താൽ ഭവന നിർമാണം എന്നത് ആദിവാസിക്ക് അഗ്നി പരീക്ഷയാണ്. ഇത്തരം നൂലാമാലകൾ ഒഴിവാക്കുന്നതിനാണ് പലരും വീട് നിർമാണം കോൺട്രാക്ടറെ ഏൽപ്പിക്കുന്നത്. പിന്നീട് അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഇത്തരം പ്രശ്നങ്ങൾക്ക് അവസാനമുണ്ടാകണമെങ്കിൽ ഒന്നുകിൽ പട്ടയം ലഭിക്കണം അല്ലെങ്കിൽ വനാവകാശ നിയമം അതിന്റെ യഥാർത്ഥ അന്തഃസത്തയോടെ നടപ്പിലാക്കണം. പക്ഷെ ഇതു രണ്ടും കാര്യക്ഷമായി കേരളത്തിൽ നടക്കുന്നില്ല.

ആദിവാസികൾക്ക് സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സർക്കുലർ 2020 മാർച്ച് 24 ന് കേരള വനം വകുപ്പ് ഇറക്കി. പ്രധാനമായും അഞ്ച് ചോദ്യങ്ങൾക്കാണ് ഈ സർക്കുലറിലൂടെ വനം വകുപ്പ് ഉത്തരം നൽകാൻ ശ്രമിച്ചത്. വനാവകാശം ലഭിച്ച ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം ആർക്കാണ് എന്നതാണ് ആദ്യ ചോദ്യം. സ്വന്തമായി നട്ടുവളർത്തിയ ഏതു മരങ്ങളും ഉടമസ്ഥർക്കോ അവരുടെ പിൻഗാമികൾക്കോ ഉപയോഗിക്കാം എന്ന് വനം വകുപ്പ് പറഞ്ഞു. എന്നാൽ ഇത് വനാവകാശ നിയമത്തിന് വിരുദ്ധമാണ്. നിയമപ്രകാരം ഭൂമി പരമ്പരാഗതമായി കൈമാറിവരുന്നതാണ്. രണ്ടാമതായി ഈ മരങ്ങൾക്കു മേലുള്ള അവകാശം എങ്ങനെ സ്ഥാപിച്ചെടുക്കാം എന്നതാണ്. അത് ട്രൈബൽ സെറ്റിൽമെന്റിന്റെ വയസ് കണക്കാക്കി കണ്ടെത്തുമത്രേ. അതായത് ഓരോ സെറ്റിൽമെന്റും നിലവിൽ വന്ന വർഷം സർക്കാർ രേഖ നോക്കി കണ്ടെത്തുമത്രേ. വളരെ കുഴപ്പം പിടിച്ച ഒരു മാർഗമാണിത്.

കേരളത്തിലെ പല ആദിവാസി സെറ്റിൽമെന്റും സ്വാതന്ത്ര്യത്തിനു മുന്നേ, അതായത് ഇപ്പോഴുള്ള സർക്കാരുകൾ വരുന്നതിനു മുൻപേ നിലനിന്നിരുന്നതാണ്; മാത്രമല്ല ആഞ്ഞിലി, നാടൻ പ്ലാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങൾക്ക് ആവശ്യമായ കാതൽ ആകാൻ (അല്ലെങ്കിൽ മൂപ്പെത്താൻ) കുറഞ്ഞത് 40 വർഷം മുകളിലെടുക്കും. ഇപ്പോൾ പല ആദിവാസി സെറ്റിൽമെന്റുകളിലും നിൽക്കുന്ന ഇത്തരം വൃക്ഷങ്ങൾ കുറഞ്ഞത് 70 വർഷത്തിനുമേൽ പഴക്കമുള്ളവയാണ്, അതിൽ മിക്കവയും രണ്ടോ മൂന്നോ തലമുറ മുമ്പുള്ള കുടുംബാംഗങ്ങൾ നട്ടുവളർത്തിയവയാവും. സ്വാഭാവികമായിയും സെറ്റിൽമെന്റ് നിലവിൽ വന്നത് 1950 കൾക്കുശേഷമായിരിക്കും. ഈ സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾ ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.

ഹയർ സെക്കന്ററി തലത്തിൽ നിന്ന് ആയിരക്കണക്കിന് ആദിവാസി കുട്ടികൾ പുറംതള്ളപ്പെടുന്നു എന്നതാണ് മറ്റൊരു ഗുരുതര പ്രശ്‌നം. പ്രവേശനം ലഭിച്ച ശേഷമുള്ള കൊഴിഞ്ഞുപോക്കല്ല, മറിച്ച് യോഗ്യതയുള്ളവർക്ക് പ്രവേശനം ലഭ്യമാവുന്നില്ല എന്നതാണ് കാര്യം. 2020 ഒക്ടോബറിൽ ആദിവാസി വിദ്യാർത്ഥി കൂട്ടായ്മയായ ആദിശക്തി സമ്മർ സ്‌കൂൾ സമർപ്പിച്ച വിവരാവകാശ രേഖകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇതുപ്രകാരം 2019-20 അക്കാദമിക വർഷം മാത്രം കേരളത്തിൽ ആദിവാസി ജനസംഖ്യ കൂടുതലുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നാകെ 5424 പേർ ഹയർ സെക്കന്ററി പഠനത്തിന് അപേക്ഷിച്ചതിൽ 4020 പേർക്കുമാത്രമാണ് പ്രവേശനം ലഭിച്ചത്. 1404 പേർക്ക് പ്രവേശനം ലഭിച്ചില്ല. വയനാട് ആണ് ഇക്കാര്യത്തിൽ മുന്നിൽ. 2020 ൽ വയനാട് ജില്ലയിൽ തന്നെ പത്താം ക്ലാസ് പരീക്ഷയെഴുതിയവരിൽ 2009 പേർ ഹയർ സെക്കന്ററി പ്രവേശനത്തിന് യോഗ്യത നേടി. എന്നാൽ ലഭ്യമായത് 529 സീറ്റുമാത്രമായിരുന്നു. സർക്കാർ ഒക്ടോബറിൽ പുതിയ ഉത്തരവിറക്കുകയും വയനാട് ജില്ലയിലെ ‘യോഗ്യരായ' 424 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ നിർദേശിക്കുകയും ചെയ്തു. ഇവിടെ യോഗ്യത എന്നത് കൃത്യമായി ഓൺലൈൻ അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുക എന്നതാണ്. സെറ്റിൽമെന്റുകളിലെ ഇന്റർനെറ്റ് സൗകര്യമില്ലായ്മ, ഉപകരണങ്ങളുടെ അഭാവം, സാങ്കേതിക ജ്ഞാനത്തിന്റെ അപര്യാപ്തത എന്നിവ മൂലം അവസാന തിയതിക്കുമുൻപ് എല്ലാ സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യാനും അപേക്ഷ നൽകാനും മിക്ക ആദിവാസി വിദ്യാർത്ഥികൾക്കും കഴിയില്ല. ഇതിനായി അവരെ സഹായിക്കുന്ന സർക്കാർ / ഇതര സംവിധാനം പല ആദിവാസി മേഖലകളിലും ഇല്ല.

കേരളത്തിലെ ഭരണകൂടം മുന്നോട്ടുവെക്കുന്ന ആദിവാസി ക്ഷേമ പദ്ധതികളുടെ കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളെക്കുറിച്ച് ഫീൽഡ് എക്സ്പീരിയൻസിന്റെയും ഡാറ്റകളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ അവലോകനമാണ് ഈ പഠനം.

ഭരണകൂട ‘കുറ്റകൃത്യ'മായി മാറിയ ആദിവാസി ക്ഷേമം
ഡോ. അഭിലാഷ് തടത്തിൽ, ഡോ. കെ.എസ്. ഹരി
എന്നിവർ എഴുതിയ പഠനംട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 35-വായിക്കാം

Comments