ഭിന്നശേഷിക്കാരോട് വേണ്ടത് സിംപതിയും ചാരിറ്റിയുമാണോ ?

ഭിന്നശേഷി മനുഷ്യരോടുള്ള സാമൂഹ്യകാഴ്ചപ്പാടിലെ വൈകല്യങ്ങൾ മറികടക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. അവകാശങ്ങൾ എല്ലാ മനുഷ്യർക്കും ഒരുപോലെയാണെന്നും അതിൽ യാതൊരു വിവേചനത്തിനും ഇടമില്ലെന്നും ആദ്യമേ ഉറപ്പിക്കണം. മതപരമോ ലിംഗപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന അതേ ഗൗരവത്തിൽ ന്യൂനപക്ഷക്കാരായ ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അരക്കിട്ടുറപ്പിക്കണം

ധ്യാപകൻ ക്ളാസെടുത്തു കൊണ്ടിരിക്കെ കുട്ടികൾ കുരുത്തക്കേട് കാണിച്ചു എന്നാരോപിക്കപ്പെട്ട ഒരു വീഡിയോ ഈയിടെ വൈറലാവുകയുണ്ടായി. അധ്യാപകൻ കാഴ്ചപരിമിതിയുള്ള ആളായതുകൊണ്ടു കൂടിയാവണം സമൂഹമാധ്യമങ്ങൾ വിഷയം വല്ലാതെയങ്ങ് ഏറ്റെടുത്തത്. കണ്ണുകാണാത്ത പാവം അധ്യപകനോടുള്ള സഹതാപത്താൽ നിഷ്കളങ്ക ഹാന്റിലുകൾ ഒഴുക്കിവിട്ട കണ്ണീർ പുഴയിൽ വിർച്വൽ ലോകം മുങ്ങിക്കുളിക്കുക തന്നെ ചെയ്തു.

കാഴ്ചപരിമിതിയില്ലാത്ത ഒരാളുടെ ക്ലാസിലായിരുന്നു ഇങ്ങനെയൊരു ആരോപണം ഉയർന്നുവന്നത് എന്നു കരുതുക. വിശേഷമായി ഇതിലെന്തെങ്കിലും ഉള്ളതായി നമുക്ക് തോന്നുമോ?

ഒരു ഡിഗ്രി ഫൈനൽ ക്ലാസിൽ ചില കുട്ടികളെങ്കിലും ഇങ്ങനെയൊക്കെത്തന്നെയല്ലേ പെരുമാറുക? അറ്റൻഷൻ സീക്കേഴ്സോ ഹൈപ്പർ ആക്റ്റീവോ ആയ ചിലർ ഏതു ക്ളാസിലും കാണും. ക്ലാസെടുക്കുമ്പോൾ കുട്ടികൾ ചിരിക്കുന്നതും കഥപറയുന്നതും മൊബൈൽ നോക്കുന്നതുമൊക്കെ സാധാരണയല്ലേ ?

ഏതൊരാൾക്കും നിയമപരമായി ഉറപ്പുവരുത്തേണ്ട മനുഷ്യാന്തസ്സ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇവിടെ ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയം. മഹാരാജാസ് കോളേജിൽ അങ്ങനെ നടന്നോ എന്നത് തർക്കവിഷയമാണ്. ആരോപിക്കപ്പെട്ടതുപോലെ അധ്യാപകൻ അപമാനിക്കപ്പെട്ടോ എന്ന വിഷയത്തിൽ വ്യക്തതക്കുറവുണ്ട്. അന്വേഷണം നടക്കുന്നുണ്ട്.

വിഷയം കുറച്ചു കൂടി വലിയ കാൻവാസിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പലരും ചേർന്ന് ഒരു വ്യക്തിയെ പരിഹസിക്കുക, അയാളറിയാതെ അത് ചിത്രീകരിക്കുക, അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുറ്റകൃത്യമാണ്, ഏത് സാഹചര്യത്തിലും. ഈ തരത്തിൽ യാതൊരു ചർച്ചയും ഉണ്ടായില്ല എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇരയാക്കപ്പെട്ടത് കാഴ്ച പരിമിതിയുള്ള ഒരാളാണ് എന്നത് ക്രൈമിന്റെ ഗൗരവം വർധിപ്പിക്കുന്നുമുണ്ട്.

ഭിന്നശേഷിക്കാരായ മനുഷ്യരോട് പൊതുസമൂഹത്തിനുള്ള സമീപനത്തിൽ സിംപതിയും ചാരിറ്റിയുമൊക്കെയാണ് ഇന്നും മുന്നിൽനിൽക്കുന്നത്. സഹായിക്കുക, ചേർത്തുനിർത്തുക, പരിഗണിക്കുക തുടങ്ങിയവയാണ് ഭിന്നശേഷി ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്നും നമ്മൾ ഉപയോഗിച്ചുവരുന്ന വാക്കുകൾ.

ഭിന്നശേഷിക്കാരായ മനുഷ്യരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒട്ടേറെ നിയമങ്ങളുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങളിൽ ഏറ്റവും പ്രധാനം 2016 ൽ പാർലമെന്റ് പാസാക്കിയ RPwD ആക്ട് ( Rights of Persons with Disabilities Act) ആണ്. 21 കാറ്റഗറിയിൽ പെട്ട ഡിസബിലിറ്റികളെ അംഗീകരിക്കുകയും മറ്റു മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളും ഭിന്നശേഷിക്കാർക്ക് കൂടി ഉറപ്പാക്കുകയും ചെയ്യുന്ന നിയമമാണിത്. ഭിന്നശേഷിക്കാർ മറികടക്കാൻ പ്രയാസപ്പെടുന്ന തടസ്സങ്ങളെ നിയമം വിശദീകരിക്കുന്നത്. ഇങ്ങനെയാണ് -

"Barrier means any factor including communicational, cultural, economic, environmental, institutional, political, social, attiitudinal, stuctural factors which hampers the full and effective Participation of persons with disabilities in society".

കാഴ്ചപരിമിതരായ മനുഷ്യർ രണ്ട് തരം പ്രതിസന്ധികളാണ് നിത്യജീവിതത്തിൽ നേരിടേണ്ടിവരുന്നത്. ഫിസിക്കൽ ബാരിയറും ആറ്റിറ്റ്യൂഡിനൽ ബാരിയറും. വീട്, റോഡ്, വാഹനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം കാഴ്ചപരിമിതിയുള്ളവരോട് സൗഹൃദപ്പെടുന്നതല്ല. ഭൗതിക സംവിധാനങ്ങളെ ഡിസൈൻ ചെയ്തെടുത്തവരൊന്നും ഭിന്നശേഷിക്കാരായ മനുഷ്യർക്ക് കൂടി അവകാശപ്പെട്ട തുല്യനീതിയെക്കുറിച്ച് അറിയാതെ പോയതുകൊണ്ടാണ് ലോകം ഇങ്ങനെയായിപ്പോയത്. എന്നാൽ പുതിയ കാഴ്ചപ്പാടോടെയുള്ള നിർമിതികളാരംഭിച്ച് ഈ ഭൗതികതടസ്സങ്ങളെ സാവധാനമെങ്കിലും നമുക്ക് മറികടക്കാൻ സാധിച്ചേക്കും.

ഭിന്നശേഷി മനുഷ്യരോടുള്ള സാമൂഹ്യകാഴ്ചപ്പാടിലെ വൈകല്യങ്ങൾ മറികടക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. അവകാശങ്ങൾ എല്ലാ മനുഷ്യർക്കും ഒരുപോലെയാണെന്നും അതിൽ യാതൊരു വിവേചനത്തിനും ഇടമില്ലെന്നും ആദ്യമേ ഉറപ്പിക്കണം. മതപരമോ ലിംഗപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന അതേ ഗൗരവത്തിൽ ന്യൂനപക്ഷക്കാരായ ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അരക്കിട്ടുറപ്പിക്കണം. രാഷ്ട്രമെന്ന ഓർബിറ്റിന്റെ അവസാനത്തെ ലയറിലാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരുടെ ഇപ്പോഴത്തെ സ്ഥാനം എന്ന തിരിച്ചറിവിലാവണം ലോകത്തെ ഇനിയങ്ങോട്ട് റീ-ഡിസൈൻ ചെയ്യേണ്ടത്.

കാഴ്ചയില്ലാത്ത ആളുകളോട് അവരുടെ ഇഷ്ടം നോക്കാതെ, ആഗ്രഹം മനസിലാക്കാതെ, സംസാരിക്കാൻ പോലും തയാറാവാതെ ഇടപെടുന്ന ആളുകളുണ്ട്. സഹതാപം, സഹായമനസ്കത, ഷോവനിസം തുടങ്ങി പലതുമാവും അവരെ നയിക്കുന്ന വികാരം. റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഒരാളെ, അയാളുടെ സമ്മതമില്ലാതെ കയറിപ്പിടിച്ച് "സഹായി "ക്കുന്നത് പോലും ചിലപ്പോൾ അയാളോട് ചെയ്യുന്ന അതിക്രമമാണെന്ന് നമ്മൾ മനസിലാക്കാറില്ല.

നമ്മുടെ ക്യൂരിയോസിറ്റിയും അവരെ സംബന്ധിച്ച് അട്രോസിറ്റിയായി അനുഭവപ്പെടാം. ആൾക്കൂട്ടത്തിൽ വെച്ച് തോണ്ടിയും പിച്ചിയും ശബ്ദം കേൾപ്പിച്ചും "എന്നെ മനസിലായോ " എന്നു ചോദിക്കുന്നവർ, അവഹേളനത്തിന് പാത്രമാവുന്ന മനുഷ്യരുടെ വേദനയെകുറിച്ച് ചിന്തിക്കാറില്ല. കണ്ണുകാണാത്തവർക്ക് മറ്റെന്തോ ദിവ്യശക്തിയുണ്ട് എന്നൊക്കെയുള്ള സ്‌റ്റിഗ്മയും സമൂഹത്തിലുണ്ട്.

അഭിപ്രായം ചോദിക്കാതെ ബ്ലൈൻഡ് പേഴ്സണ് വേണ്ടി ഓപൻ വോട്ട് ചെയ്യുന്നവരും, പലവേദികളിലും അവരെ റപ്രസന്റ് ചെയ്യുന്നവരും കാണിക്കുന്ന ബെനവലന്റ് ഏബിളിസത്തെയും കുറ്റകൃതമായി തന്നെ കാണണം. ഉദാഹരണങ്ങളിലെ ലഘുത്വം കാഴ്ച പരിമിതരോടുള്ള നമ്മുടെ ക്രൈമിനെ ലഘൂകരിച്ചു കളയുമോ എന്ന ഭയമുണ്ടെങ്കിലും, നിത്യജീവിതത്തിൽ നാമോരോരുത്തരും ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാവുന്നുണ്ട് എന്ന് മനസിലാവണമെങ്കിൽ ഇങ്ങനെയുള്ള ഉദാഹരണങ്ങൾ വേണ്ടിവരുമെന്ന് സമാധാനിക്കുന്നു.

മഹാരാജാസ് കോളജിലെ അധ്യാപകനായ ഡോ. പ്രിയേഷിന്റെ ക്ലാസ് മുറിയിൽ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ ഏതാനും കുട്ടികളുടെ മാത്രം അപരാധമായി ആരോപിക്കുന്നതും ശരിയല്ല എന്നാണ് പറഞ്ഞുവന്നത്. മനുഷ്യരുടെ പരിമിതികളെ വൈകല്യങ്ങളായി കാണുകയും അത് പരിഹാസത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്ന സ്വാഭാവികതയാണ് നമ്മളുണ്ടാക്കി വെച്ചിട്ടുള്ള പൊതുബോധം. മനുഷ്യാവകാശം, ജനാധിപത്യബോധം, അവകാശാധിഷ്ഠിത സ്വത്വം മുതലായ കാഴ്ചപ്പാടുകളിൽ ന്യൂനപക്ഷങ്ങളേയും ഭിന്നശേഷിക്കാരെയുമൊക്കെ ഉൾക്കൊള്ളാൻ ഇനിയും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. സഹതാപം (sympathy) മാത്രമല്ല അനുതാപം (Empathy) പോലും പിന്നിട്ട് മനുഷ്യാവകാശത്തിന്റെ പുതിയ ആശയലോകത്തേക്ക് നമ്മുടെ ചിന്തകൾ വളരേണ്ടിയിരിക്കുന്നു.

കാഴ്ചയിൽ നേരിടുന്ന വെല്ലുവിളിയെ ജീവിതം കൊണ്ട് നേരിട്ടുപോരുന്ന പ്രിയേഷിനെ പോലൊരാൾ ഈ സംഭവത്തിൽ തളർന്നുപോകാനിടയില്ല. എന്നാൽ വർഷങ്ങളായി ഭിന്നശേഷി സൗഹൃദസമൂഹം പുലർന്നുകാണാൻ ആഗ്രഹിക്കുന്നവരും പ്രസ്തുതലക്ഷ്യം മുൻനിർത്തിയുണ്ടായ നിയമങ്ങളുമെല്ലാം ഭിന്നശേഷി ക്കാരോടുള്ള നമ്മളോരോരുത്തരുടേയും പെരുമാറ്റത്തിനു മുന്നിൽ നിരന്തരം തോറ്റുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിച്ചേ മതിയാവൂ.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ (എഡിറ്റർ), എഴുത്ത് അഭിമുഖം നില്ക്കുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments