ഓസ്ട്രേലിയയിൽ നിന്നൊരു കേരള മീൻകറി;
ചില പൾപ്പ് ഫിക്ഷൻ മെമ്മറീസ്

“കാച്ചിയ ഉള്ളിയുടെ മണവും, നേർത്ത ശബ്ദത്തോടെ വെളിച്ചെണ്ണയുടെ ചൂടിനെ ആവാഹിച്ചെടുക്കുന്ന മാങ്ങാപ്പൂളുകളും, അയില കഷണങ്ങളും, ഉടഞ്ഞുകുതിർന്ന് നാനോനാരുകളായ സവാളയും, പച്ചയിലേക്ക് മഞ്ഞരാശി കലർന്ന വേപ്പിലകളും, വായിലിട്ടാൽ അലിഞ്ഞുപോകും വിധമായ വെളുത്തുള്ളിയും, മല്ലി-മഞ്ഞൾ പൊടികൾ വെന്തുലഞ്ഞ് മുളക്പൊടിയോട് കുറുകി ചുമന്ന ചാറും...” ചില മീൻകറി ഓർമ്മകളാണ് Good Evening Friday-ൽ. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം തുടരുന്നു.

Good Evening Friday - 16

ടുപ്പത്ത് മീൻ കറി, ഞാൻ ചെറുതായിട്ടൊന്ന് ഇളക്കി. അടുപ്പത്ത് എന്നത് ഒരു ശൈലിയിൽ പറഞ്ഞതാണ്. സ്റ്റൗവിലാണ് ആക്ച്വലി. ഓസ്ട്രേലിയൻ സ്നാപ്പർ, അതാണ് മീൻ. മീനാണെങ്കിലും പേര് ത്രില്ലർ സിനിമയിലെ ആന്റിഹീറോ സ്റ്റൈലിലാണ്. തിളയ്ക്കണം. ഞാൻ ഫ്ളെയിം കൂട്ടി. വെള്ളം കുറച്ച് വറ്റാനുണ്ട്. മീൻ കഷണങ്ങൾക്കിടയിൽ നിന്ന് പൊന്തി വരുന്ന കുമിളകളെ നോക്കി ഞാൻ നിന്നു. ഓരോ കുമിളകളും മുകളിലേക്ക് വന്ന് പൊട്ടും മുമ്പ് ഓരോരോ ഓർമ്മകളായി.

സ്കൂളിൽ പഠിക്കുന്ന കാലം.

മുണ്ടകൻ കൊയ്ത്തിനും വിരിപ്പ് വിതയ്ക്കുമിടയിൽ മേടത്തറയിലെ കുളം വറ്റിക്കും. അപ്പോൾ ഷെയറായി കിട്ടുന്ന ആഡംബരമാണ് വീടിന്റെ വടക്ക് ഭാഗത്ത് ചെമ്പിലെ വെള്ളത്തിൽ കിടന്ന് നീന്തുമായിരുന്ന ബ്രാലുകൾ. ബ്രാൽ നന്നാക്കിയെടുക്കുന്നത് ഒരു പണിയാണ്. അത് നോക്കിയിരിക്കുന്നിതിലാണ് ബാല്യകാല കുതൂഹലം.

ചിരവിയ നാളികേരം പിഴിഞ്ഞെടുക്കുന്ന ഒന്നാം പാൽ മാറ്റിവെക്കുന്നു. പിന്നെ വെള്ളം കൂട്ടി പിഴിയുന്ന കട്ടി കുറഞ്ഞ രണ്ടാം പാലിലിട്ട് തിളപ്പിച്ച്, ശേഷം ഒന്നാം പാൽ ചേർത്ത് വറ്റിച്ചെടുക്കുന്ന ബ്രാൽ കറിയുടെ ഉപ്പുനോക്കാനെടുത്ത് ബാക്കിയാവുന്ന ചാറ് തൊട്ട് നക്കുമ്പോഴുള്ള നിർവൃതി... കുമിളകളിൽ ഒന്ന് വായുവിലേക്ക് അപ്രത്യക്ഷമാകും മുമ്പ് ഞാനാ സ്വാദ് നുണഞ്ഞു.

ബ്രാൽ നന്നാക്കിയെടുക്കുന്നത് ഒരു പണിയാണ്. അത് നോക്കിയിരിക്കുന്നിതിലാണ് ബാല്യകാല കുതൂഹലം.
ബ്രാൽ നന്നാക്കിയെടുക്കുന്നത് ഒരു പണിയാണ്. അത് നോക്കിയിരിക്കുന്നിതിലാണ് ബാല്യകാല കുതൂഹലം.

വീട് വീതി കൂട്ടാൻ വേണ്ടി വെട്ടിക്കളയുന്നതിന് മുൻപ് അടുക്കളയിലേക്ക് എത്തി നോക്കി നിന്നിരുന്നതാണ് പുളിയൻ മാവ്. 'അടുക്കളയിൽ ഒരില അനങ്ങിയാൽ ഞാനറിയും' എന്ന മട്ടിലായിരുന്നു നിൽപ്പ്. പ്രത്യേകിച്ച് ഉണക്ക അയില വാങ്ങിയാൽ. ഉപ്പിറങ്ങാൻ വെള്ളത്തിലിട്ടു വെയ്ക്കുമ്പോഴേ ചില്ലയിൽ മാങ്ങ ഒന്ന് റെഡിയായിട്ടുണ്ടാകും. ചെറിയ തോട്ടികൊണ്ട് അമ്മക്ക് തന്നെ പൊട്ടിക്കാൻ പാകത്തിൽ.

കാച്ചിയ ഉള്ളിയുടെ മണവും, നേർത്ത ശബ്ദത്തോടെ വെളിച്ചെണ്ണയുടെ ചൂടിനെ ആവാഹിച്ചെടുക്കുന്ന മാങ്ങാപ്പൂളുകളും, അയില കഷണങ്ങളും, ഉടഞ്ഞുകുതിർന്ന് നാനോനാരുകളായ സവാളയും, പച്ചയിലേക്ക് മഞ്ഞരാശി കലർന്ന വേപ്പിലകളും, വായിലിട്ടാൽ അലിഞ്ഞുപോകും വിധമായ വെളുത്തുള്ളിയും, മല്ലി-മഞ്ഞൾ പൊടികൾ വെന്തുലഞ്ഞ് മുളക്പൊടിയോട് കുറുകി ചുമന്ന ചാറും... വർഷങ്ങളെത്ര കഴിഞ്ഞു, ഓർമ്മകൾ എന്റെ സ്വാദ് മുകുളങ്ങളെ ഇപ്പോഴും ത്രസിപ്പിക്കുന്നു.

ഞാൻ ഫ്ളെയിം ലേശം കുറച്ചു.

പൊങ്ങി വന്ന കുമിള പൊട്ടും മുമ്പേ കണ്ടത്, ഞാൻ മിനിയമ്മ എന്ന് വിളിക്കുന്ന അമ്മയുടെ ചേച്ചിയുടെ മുഖം.
പ്രീഡിഗ്രി കാലം. കാലത്ത് ഒമ്പത് വരെ മേനോൻ മാഷ്ടെ ട്യൂഷൻ, പിന്നെ ഒരു മണിക്ക് കോളേജിൽ ക്ലാസ്സ്. ട്യൂഷൻ വിട്ട് മൂന്ന് കിലോമീറ്റർ നടന്നാൽ മിനിയമ്മയുടെ വീട്. അന്നൊക്കെ അപാര വിശപ്പാണ്. പത്ത് ഇഡ്ഡലി വരെ കഴിക്കും. കൂടെയിരുന്ന് കഴിപ്പിക്കും മിനിയമ്മ.
അത് കഴിയുമ്പോൾ മീൻകാരൻ വരും.
"ഡാ ഇന്ന് ചാളയേ ഉള്ളൂന്ന്, മേടിക്കട്ടെ?" മിനിയമ്മ എന്നോട് ചോദിക്കും.
"അത് ധാരാളം"
മിനിയമ്മയുടെ മീൻകറിയുടെ മണം വരാൻ തുടങ്ങുമ്പോൾ ഞാൻ പഠിപ്പ് നിറുത്തും, ഡ്രസ്സ് മാറി റെഡിയാകും.
"കുറച്ച് കൂടെ കഴിക്ക്" മിനിയമ്മ ചോറിടും. ഞാൻ കറി വീണ്ടുമൊഴിക്കും. ആലോചിക്കുമ്പോൾ ഇപ്പഴും വായിൽ വെള്ളം നിറയുന്നു.

പിന്നെ വന്ന നാലു കുമിളകൾ നാല് മുഖങ്ങളായി പരിണമിച്ചു, ഞാൻ, രവി, രാജഗോപാൽ, രമേശ്...
ഞങ്ങളായിരുന്നു ഫൈനൽ ഇയർ മെഡിസിനിൽ കംബൈൻഡ് സ്റ്റഡി. രവിയുടെ വീട്ടിലായിരുന്നു അധികവും. വിഭവസമൃദ്ധമായിരുന്ന ദിനങ്ങൾ. ആറു മണിക്കൂർ പഠനവും, അഞ്ചുനേരം ഭക്ഷണവും.
ഇടയ്ക്ക് എന്റെ വീട്ടിൽ പോകും. ഒരു ചെയ്ഞ്ചിന്. ഞാൻ അമ്മയോട് പറയും, "വിഭവങ്ങൾ അധികം വേണ്ട, അമ്മയുടെ സ്ട്രോങ് ഏരിയയിൽ മാത്രം പിടിച്ചാൽ മതി".
"ആവോലി വാങ്ങാം".
"അത് മതി, പിന്നെ ഒരു മെഴുക്കുപുരട്ടിയും".
അമ്മയുടെ സിഗ്നേച്ചർ ഡിഷ് ആവോലി കറി വരും, ഒപ്പം നല്ല കൊഴമ്പൻ കൂർക്ക മെഴുപുരട്ടിയും.
കൂർക്ക കഷണങ്ങൾക്ക് മീതെ മൊരിഞ്ഞ ഉള്ളിയും, കിഴക്കൻ മുളകിന്റെ അടരുകളും....
ഒപ്പം നല്ല ചേലും ചൂടും ചൊടിയുമുള്ള കറിയും........ നോക്കി നിൽക്കുമ്പോൾ അമ്മ പറയും, "നീ അവരെ വിളിക്ക്".

ഈയിടെയായി വയറിന്റെ പ്രവർത്തനങ്ങളിൽ അച്ഛൻ അത്ര സന്തുഷ്ടനല്ല. ഞാൻ ചികിൽസിച്ചു, എന്റെ ക്ളാസ്സ്മേറ്റ് ജെയ്സൺ അവന്റെ ഗ്യാസ്ട്രെന്ററോളജി സ്കിൽസ് നോക്കി. അച്ഛൻ സന്തുഷ്ടനാവുന്നില്ല.

ഞാൻ രവിയോട് അവന്റെ സർജറി രീതികൾ പരീക്ഷിക്കാൻ പറഞ്ഞു. എല്ലാം പരിശോധിച്ചപ്പോൾ കൂടുതലായിട്ടൊന്നും ചെയ്യാനില്ലെന്ന് അവന് മനസ്സിലായി. അപ്പോൾ അവൻ അച്ഛനോട് സൊറ പറഞ്ഞു, "ഞാൻ പണ്ടത്തെ കാര്യങ്ങൾ ഇന്നലെയും കൂടെ ആലോചിച്ചു. അമ്മ വെക്കാറുള്ള മീൻകറി. അതിന്റെ സ്വാദ് ഇപ്പഴും നാവിലുണ്ട്".

അച്ഛന് സന്തോഷമായി, "അതൊക്കെ ഇപ്പോഴും ഓർക്കാറുണ്ടോ?"
"പിന്നെല്യാണ്ട്, അതൊക്കെ മറക്കാൻ പറ്റ്വോ?"
ആ സന്തോഷത്തിൽ വയറിന്റെ കാര്യം അച്ഛൻ മറന്നു.

മീൻ കറിയുടെ വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു. ഇനി ഉള്ളി കാച്ചണം. വെളിച്ചെണ്ണയിലേക്ക് ഉള്ളിയിടുമ്പോഴുള്ള ശീ ശബ്ദം എനിക്കിഷ്ടമാണ്.

"എന്താ ഒരു മണം?" ഓസ്ട്രേലിയയിൽ വന്ന് അധികമായിട്ടുണ്ടായിരുന്നില്ല, ഒരു ദിവസം ഉച്ചയ്ക്കുള്ള ഭക്ഷണം ഡിപ്പാർട്ട്മെന്റിലെ മൈക്രോവേവ് ഓവനിൽ ചൂടാക്കുമ്പോൾ നേഴ്സ് മെർലിൻ ചോദിച്ചതാണ്.
"കേരളാ മീൻകറി"
"ഫിഷ്?"
"ഞങ്ങൾ അയക്കൂറ പറയും, ഇറ്റ് ഈസ് കിംഗ് ഫിഷ് ഹിയർ"
"നൈസ് സ്മെൽ"
"യു വാണ്ട് റ്റു ട്രൈ?"
അങ്ങനെ അവളുടെ ആംഗലേയമുകുളങ്ങൾ കുത്തരി ചോറിനൊപ്പം മീൻ കറിയുടെ രുചിയറിഞ്ഞു.
"ഇറ്റ് ഈസ് വണ്ടർഫുൾ, യുവർ വൈഫ് ഷുഡ് ബി എൻ എക്സെലന്റ് കുക്ക്’’.
ഞാനായിരുന്നു കുക്കെന്ന് പറയാൻ പോയില്ല. ക്രെഡിറ്റ് നിഷക്കിരിക്കട്ടെ എന്ന് കരുതി.
"എന്തായാലൂം നമ്മളുണ്ടാക്കിയ ഭക്ഷണം മറ്റൊരാൾ ആസ്വദിച്ച് കഴിക്കുമ്പോൾ കണ്ട് നിൽക്കുന്നത്, അതൊരു നിർവൃതിയാണ്" അന്ന് വൈകുന്നേരം ഞാൻ നിഷയോട് പറഞ്ഞു.

ഉള്ളി മൊരിഞ്ഞിരിക്കുന്നു. സ്നാപ്പർ കഷണങ്ങൾക്കും, കുടംപുളിക്കും, തക്കാളി സ്ളൈസുകൾക്കും മീതെ ഉള്ളിയിൽ മൂത്ത വെളിച്ചെണ്ണ ഒഴുകി. തിളച്ച്, ഓർമ്മകൾക്കൊപ്പം മറിഞ്ഞ്, മീൻകറി പാകമായിരിക്കുന്നു. ഇനി ക്ലിനിക്ക് കഴിഞ്ഞ് നിഷ വരും, സ്വാദ് നോക്കുമ്പോൾ പറയും, "പുളി കറക്ടാണ്, ഉപ്പ് ലേശം കൂടെയാകാം".

കുക്കൂന്റേത് ഡിഫറൻറ് സ്റ്റൈൽ ആണ്, "അച്ഛാ സൂപ്പർ".

പ്രതീക്ഷകൾ നിറഞ്ഞ്, മീൻകറി ചുവന്ന് തുടുത്തു.

Cheers!


Summary: Some fish curry memories from Kerala to Australia, Dr Prasannan PA's column series Good Evening Friday part 16.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments