21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 16
▮
ദക്ഷിണം (South) ചെറുത്തുനിൽപ്പിന്റെ ഇടമെന്ന നിലയിൽ അന്താരാഷ്ട്രീയ വ്യവഹാരങ്ങളിൽ ശ്രദ്ധാകേന്ദ്രമാകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ടാകും. ലളിതമായി പറഞ്ഞാൽ, പഴയ മൂന്നാം ലോകമാണ് ദക്ഷിണം. സമകാലിക മുതലാളിത്ത ആഗോളവൽക്കരണത്തിന്റെ പ്രതികൂല സ്വാധീനം ബാധിക്കുന്ന സ്ഥലത്തെയും ജനങ്ങളെയും അഭിസംബോധന ചെയ്യാൻ ആഗോള ദക്ഷിണം എന്ന് പോസ്റ്റ്- നാഷണൽ അർത്ഥത്തിൽ വ്യവഹരിക്കുന്നു.
ആഗോള ദക്ഷിണത്തിന്റെ ഉറവിടം ചരിത്രപരമായി 1955-ൽ ഇന്തോനേഷ്യയിലെ ബാൻഡൂങ് നഗരത്തിൽ നടന്ന ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ നേതാക്കളുടെ ഒത്തുചേരലാണ്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് വെറും ഒരു ദശാബ്ദത്തിനുശേഷം, ഏഷ്യയിലെയും ആഫ്രിക്കയിലെയും പുതുതായി സ്വതന്ത്രരായ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയും പ്രതിനിധികളെയും ഒരുമിച്ചുകൊണ്ടുവന്ന ചരിത്ര സമ്മേളനമായിരുന്നു ഇത്. അജണ്ട ലളിതവും എന്നാൽ ആഴമേറിയതുമായിരുന്നു: നൂറ്റാണ്ടുകളുടെ കൊളോണിയൽ ആധിപത്യത്തിനുശേഷം സ്വയം നിർണ്ണയാവകാശം സ്ഥിരീകരിക്കുക. സാമ്രാജ്യത്വ നിയന്ത്രണത്തിൽനിന്ന് മുക്തമായ ഒരു പുതിയ ആഗോളക്രമം സങ്കൽപ്പിക്കുക.
മാർക്സിസ്റ്റ് സാമ്പത്തികശാസ്ത്രചിന്തകൻ സമീർ അമീൻ ദക്ഷിണദേശങ്ങളുടെ ഉത്ഥാനത്തിന്റെ വിപ്ലവകരമായ ആകാംഷകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ രണ്ടു സുപ്രധാന തരംഗങ്ങളുണ്ടായിരുന്നതായി സമീർ അമീൻ രേഖപ്പെടുത്തുന്നു.
ആദ്യത്തേത്, 20-ാം നൂറ്റാണ്ട് ആരംഭത്തിലെ ദേശീയ വിമോചന മുന്നേറ്റങ്ങൾ. സാമ്രാജ്യത്വ ആധിപത്യത്തിൽ നിന്നുള്ള മോചനത്തിന്റെ വിജയങ്ങൾ മുതലാളിത്തത്തിനപ്പുറം സോഷ്യലിസത്തിലേക്ക് പോകാനുള്ള സാധ്യതകളെ പ്രകടമാക്കുന്നതായിരുന്നു. എന്നാൽ ആദ്യ തരംഗം എൺപതുകളോടെ അവസാനിച്ചു. ചൈനയിൽ ഡെങ് സിയാവോവിന്റെ മുതലാളിത്ത പാതാ സ്വീകരണം സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ അന്ത്യത്തിന്റെ സൂചനയായി കാണാം. പുതിയതും ക്രൂരവുമായ ഒരു മുതലാളിത്ത- സാമ്രാജ്യത്വ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിലേക്ക് നയിച്ചു. ഇത് കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങളെ അടിമകളാക്കി അവരുടെ വിഭവങ്ങളെ കൊള്ളയടിക്കുന്ന കോളനിവൽക്കരണത്തിനു തുല്യമാണ്. എങ്കിലും പ്രതീക്ഷ അതോടെ അസ്തമിച്ചില്ല.

അസ്ഥിരമായ പുതിയ ആഗോളക്രമം തെക്കൻ മേഖലയുടെ ഉണർവിന്റെ രണ്ടാം തരംഗത്തിന്റെ ഉയർച്ചയാൽ ചോദ്യം ചെയ്യപ്പെട്ടു. ഇന്നത്തെ വെല്ലുവിളികൾ എക്കാലത്തേക്കാളും സങ്കീർണമാണ്. എന്നാൽ, ആദ്യത്തേതുപോലെ ഈ രണ്ടാം തരംഗം ലോകവ്യവസ്ഥയുടെ പ്രാന്തപ്രദേശങ്ങളിലെ രാജ്യങ്ങളിൽ മാത്രമാണോ കേന്ദ്രീകരിക്കുക അതോ ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിന്റെ- തെക്കിന്റെയും വടക്കിന്റെയും - മുതലാളിത്തത്തിനപ്പുറമുള്ള പുരോഗതിക്കായുള്ള പരിവർത്തനത്തിന് ഒരേസമയം തുടക്കമിടുകയാണോ എന്ന ചോദ്യമാണ് സമീർ അമീൻ ഉന്നയിച്ചത്.
പ്രതിരോധത്തിൽ ഉലയാൻ തുടങ്ങിയ ആഗോള അധികാരകേന്ദ്രങ്ങളുടെയും ഫിനാൻസ് പ്രഭുത്വങ്ങളുടെയും അസ്ഥിരത, സാമ്രാജ്യത്വ രാഷ്ട്രങ്ങളെ പഴയ അധിനിവേശതന്ത്രങ്ങൾ പുറത്തെടുക്കാൻ നിർബന്ധിതമാക്കി. ഇസ്ലാം ഭീകരതക്കെതിരെയുള്ള ആഗോള യുദ്ധത്തിന്റെ പേരിൽ യുദ്ധസമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയാണ് അവർ സ്വീകരിച്ച ഒരു പരിഹാരമാർഗം.
ലിബറൽ സംസ്കാരത്തെ വിട്ടൊരു കളിയുമില്ല പടിഞ്ഞാറൻ സാമ്രാജ്യത്വത്തിന്. കമ്മ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധത്തിനുശേഷമാണ് ഇസ്ലാം ഭീകരതാ വിരുദ്ധയുദ്ധം ആരംഭിച്ചത്. രണ്ടും ലിബറൽ ജനാധിപത്യങ്ങളുടെ സംരക്ഷണം എന്നാണയിട്ടുകൊണ്ടും. സാമ്പത്തിക ആഗോളീകരണം വഴി തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കാനായിരുന്നു സമാന്തരമായി മറ്റൊരു വഴി തുറന്നത്. ഇതിനെതിരെയുള്ള വെല്ലുവിളിയായാണ് ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ വടക്കൻ താല്പര്യങ്ങളുടെ കേന്ദ്രമായ അമേരിക്ക കണ്ടത്. ഈ ഘട്ടത്തിലാണ് ദക്ഷിണ രാഷ്ട്രങ്ങളുടെ ഐക്യത്തെക്കുറിച്ചുള്ള പുനർചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്.
വൈവിധ്യമാർന്ന ഒരു രാജ്യത്തെ സാംസ്കാരിക ദേശീയതയെ ഏകശിലാരൂപത്തിലേക്ക് സങ്കോചിപ്പിക്കുന്നതിന്റെ ഭവിഷ്യത്താണ് തെക്ക് വടക്ക് ധ്രുവീകരണത്തിന് ഹേതുവാവുന്നത്.
എന്നാൽ ബാൻഡൂങിൽ (Bandung) പങ്കെടുത്ത വിപ്ലവകരമായ കാഴ്ചപ്പാടുള്ള നേതാക്കൾ 21-ാം നൂറ്റാണ്ടിൽ വിരളമായിരുന്നു (ഇല്ല എന്നു തന്നെ പറയാം). ഈ ഘട്ടത്തിൽ അപ്രതീക്ഷിതമായി ലാറ്റിനമേരിക്കയിൽനിന്ന് ഹ്യൂഗോ ഷാവേസ് ദക്ഷിണ രാഷ്ട്രങ്ങളുടെ ചെറുത്തുനിൽപ്പിന്റെ മുഖമായി മാറി. 2005-ൽ ബ്രസീലിൽ നടന്ന ലോക സോഷ്യൽ ഫോറത്തിൽ ‘ലാറ്റിനമേരിക്കയുടെ പുതിയ കാസ്ട്രോ’ എന്നു വിശേഷിപ്പിക്കപ്പെട്ട ഹ്യൂഗോ ഷാവേസ് എല്ലാവരെയും ആവേശപ്പെടുത്തുന്ന പ്രസംഗം നടത്തി. "South also Exists" എന്ന പ്രസംഗം ദക്ഷിണ രാഷ്ട്രങ്ങളുടെ സാമ്പത്തിക അവകാശങ്ങളുടെയും രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെയും ഈ നൂറ്റാണ്ടിലെ സുപ്രധാന രേഖയാണ്.
ഉറുഗ്വേയിൽനിന്നുള്ള കവി മാരിയോ ബെനഡെറ്റിയുടെ (Mario Benedetti, 1920- 2009) വരികളാണ് ഷാവേസ് ഈ പ്രസംഗത്തിൽ ഉദ്ധരിച്ചത്:
തെക്കും നിലനിൽക്കുന്നു
ഫ്രഞ്ച് ഹോണും സ്വീഡിഷ് അക്കാദമിയും
അമേരിക്കൻ സോസും
ഇംഗ്ലീഷ് റെഞ്ചുകളും
എല്ലാ മിസൈലുകളും
വിജ്ഞാനകോശങ്ങളും.
സ്റ്റാർ വാർ
അതിന്റെ സമ്പന്നമായ ദുഷ്ടതയും
എല്ലാ നേട്ടങ്ങളോടും കൂടി
വടക്ക് ആജ്ഞാപിക്കുന്നു,
എന്നാൽ ഇവിടെ
വേരുകൾക്ക് സമീപം
ഓർമ്മകൾ
ഒന്നും ഒഴിവാക്കാത്ത ഇടമാണ്.
മരിക്കുന്നവരും ജീവൻ നഷ്ടപ്പെടുന്നവരുമുണ്ട്
അങ്ങനെ, എല്ലാവരും ചേർന്ന്
അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു.
അറിയപ്പെടട്ടെ;
തെക്കും നിലവിലുണ്ട്.
ജർമൻ ചാൻസലറായിരുന്ന വില്യം ബ്രാൻഡിന്റെ നേതൃത്വത്തിൽ സാമ്പത്തികശേഷിയുടെ കാര്യത്തിൽ ആഗോളീയമായി വടക്കും തെക്കും തമ്മിൽ നിലനിന്നിരുന്ന വേർതിരിവുകൾ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക അസമത്വങ്ങളുടെ വസ്തുതകൾ വ്യക്തമാക്കുന്നതിനൊപ്പം വ്യത്യസ്ത പ്രദേശങ്ങളിലുടനീളമുള്ള വികസനത്തിന്റെയും സമ്പത്ത് വിതരണത്തിന്റെയും സങ്കീർണ്ണ സ്വഭാവത്തിലെ അസന്തുലിതാവസ്ഥ കാണിച്ചുതരുകയും ചെയ്തു, ബ്രാൻഡ് ലൈൻ.

ടാൻസാനിയയുടെ മുൻ പ്രസിഡന്റ് ജൂലിയസ് നൈരേരെ അധ്യക്ഷനായ സൗത്ത് കമ്മീഷൻ (1989) ആണ് ഈ ആശയം തുടർന്ന് വികസിപ്പിച്ചത്. സൗത്ത് കമ്മീഷൻ ഈ അന്വേഷണത്തിന്റെ തുടർച്ചയായി രൂപപ്പെട്ടതാണ്. ദാരിദ്ര്യത്തിൽ കുടുങ്ങിക്കിടക്കുന്ന രാജ്യങ്ങളെ മാത്രമല്ല, അവരുടെ വികസനത്തിനായി ഒരു അജണ്ട നിർമ്മിക്കേണ്ടിയിരുന്ന വികസ്വര രാജ്യങ്ങളെ പരാമർശിക്കുന്നതായിരുന്നു സൗത്ത് കമ്മീഷൻ എന്ന ആശയം. 1987 മുതൽ 1990 വരെ ജനീവയിൽ സൗത്ത് കമ്മീഷന്റെ ആദ്യ സെക്രട്ടറി ജനറലായി ഡോ. മൻമോഹൻ സിംഗ് സേവനമനുഷ്ഠിച്ചു. ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങൾ നേരിടുന്ന വികസന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു സൗത്ത് കമ്മീഷൻ റിപ്പോർട്ട്. ദക്ഷിണ- ദക്ഷിണ സഹകരണത്തിന് ഊന്നൽ നൽകി, ‘ദക്ഷിണ രാജ്യങ്ങൾക്കുള്ള വെല്ലുവിളി’ പുതിയൊരു രാഷ്ട്രീയദിശ തുറക്കുമെന്ന് റിപ്പോർട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിനാണ് റിപ്പോർട്ട് പ്രധാനമായും ഊന്നൽ നൽകുന്നത്.
ദക്ഷിണ രാഷ്ട്രങ്ങളുടെ ഒത്തുചേരലിന്റെയും അതുയർത്തിയ പ്രത്യാശയുടെയും രാഷ്ട്രീയം ചരിത്രപരമായ വീക്ഷണത്തോടെ പ്രതിപാദിച്ചിക്കുന്ന പുസ്തകമാണ് വിജയ് പ്രസാദിന്റെ "ദരിദ്ര രാഷ്ട്രങ്ങൾ: ആഗോള ദക്ഷിണത്തിന്റെ ഒരു സാധ്യമായ ചരിത്രം" (The Poorer Nations: A Possible History of Global South). വർത്തമാനകാലത്തിന്റെ ചരിത്ര പശ്ചാത്തലത്തെയും അതിലെ അവ്യക്തതകളും വൈരുദ്ധ്യങ്ങളും മനസ്സിലാക്കുന്നതിന് ഇതു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ "ദി ഡാർക്കർ നേഷൻസ്: ഹിസ്റ്ററി ഓഫ് ദി തേർഡ് വേൾഡി’’ന്റെ തുടർച്ചയാണിത്.
ഇന്ന് ലോകജനസംഖ്യയുടെ 70 ശതമാനത്തിലധികവും ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40 ശതമാനത്തിലധികവും പ്രതിനിധീകരിക്കുന്നത് ആഗോള ദക്ഷിണ രാഷ്ട്രങ്ങളാണ്. എന്നാൽ ലോക വേദിയിൽ അവർക്ക് താരതമ്യേന പ്രാതിനിധ്യം കുറവാണ്.
ദക്ഷിണരാജ്യങ്ങളുടെ ഉദയം ഒരു ബദൽ വികസന മാതൃകയുടെ വാഗ്ദാനം നൽകുന്നുണ്ടോ അതോ ദക്ഷിണ സ്വഭാവസവിശേഷതകളുള്ള നവലിബറലിസം മാത്രമാണോ എന്ന് വിശദമായി പരിശോധിക്കുന്നു, ഈ പുസ്തകം. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾ നവലിബറലിസത്തിനെതിരെ പോരാടുന്നതിൽ വഹിച്ച പങ്കിനെക്കുറിച്ചും പ്രതിപാദിക്കുന്നു. "മറ്റൊരു ലോകം സാധ്യമാണ്" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വേൾഡ് സോഷ്യൽ ഫോറം പോലുള്ള ഒത്തുചേരലുകളുടെ പ്രായോഗികതയും വിലയിരുത്തുന്നു. മൂന്നാം ലോകത്തിന്റെ കഥകളും പോരാട്ടങ്ങളും അതിന്റെ ഇരകളുടെ- മിക്കപ്പോഴും ഗ്രാമീണ കർഷകരുടെ- വീക്ഷണകോണിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഉദാരവൽക്കരണം, നിയന്ത്രണം ഒഴിവാക്കൽ, സ്വകാര്യവൽക്കരണം എന്നിവ എങ്ങനെ വിജയിച്ചുവെന്ന് അദ്ദേഹം കാണിക്കുന്നു. കാരണം, എൺപതുകൾക്കുശേഷം ഉയർന്നുവരുന്ന ദക്ഷിണ വരേണ്യവർഗങ്ങളും ആഗോള സാമ്രാജ്യത്വത്തിന്റെ ഫോർമുലകളെ അംഗീകരിക്കുകയായിരുന്നു. അവരുടെ രക്ഷാധികാരികളേക്കാൾ വളരെ വലിയ തീക്ഷ്ണതയോടെയാണ് ദക്ഷിണ രാജ്യങ്ങളിലെ വരേണ്യവിഭാഗങ്ങൾ നവലിബറൽ സമീപനങ്ങളെ പുൽകിയത്. ഏറ്റവും വലിയ തെളിവാണ് ദക്ഷിണ കമ്മീഷൻ സെക്രട്ടറി ജനറലായിരുന്ന മൻമോഹൻ സിംഗ്. അദ്ദേഹം ധനകാര്യ മന്ത്രിയായതിനു ശേഷമാണ് ഐ എം എഫ് - ലോകബാങ്ക് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ ഇന്ത്യയിൽ നടപ്പാക്കി ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചത്.

ലോകമെമ്പാടുമുള്ള വലിയ പരിവർത്തനത്തിന്റെ ഒരു സവിശേഷതയാണ് ആഗോള ദക്ഷിണ രാഷ്ട്രങ്ങളുടെ കൂട്ടായ ഉയർച്ച. ഇന്ന് ലോകജനസംഖ്യയുടെ 70 ശതമാനത്തിലധികവും ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40 ശതമാനത്തിലധികവും പ്രതിനിധീകരിക്കുന്നത് ആഗോള ദക്ഷിണ രാഷ്ട്രങ്ങളാണ്. എന്നാൽ ലോക വേദിയിൽ അവർക്ക് താരതമ്യേന പ്രാതിനിധ്യം കുറവാണ്.
ഒക്ടോബർ 22 മുതൽ 24 വരെ റഷ്യയിലെ കസാനിൽ 16-ാമത് ഉച്ചകോടി നടത്തിയ ബ്രിക്സ്, എല്ലാ വികസ്വരരാജ്യങ്ങളുടെയും വികസനത്തിനും സമൃദ്ധിക്കും വൈജ്ഞാനികതയ്ക്കും പുതിയ സാധ്യതകൾ തുറക്കുന്നതിൽ കൂട്ടായ തീരുമാനങ്ങളെടുത്തിരുന്നു. എന്നാൽ വലതുപക്ഷ നേതാക്കളുടെ ഒത്തൊരുമയിൽ ആഗോള ദക്ഷിണം എന്ന സങ്കൽപനത്തിന്റെ രാഷ്ട്രീയ മൂർച്ച നഷ്ടപ്പെട്ടിരിക്കുന്നു. വരേണ്യവിഭാഗങ്ങളുടെയും കോർപറേറ്റുകളുടെയും താല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സഹകരണമായി ഇന്നതു മാറിയിരിക്കുന്നു. അപകോളനീകരണം പോലുള്ള ശക്തമായ രാഷ്ട്രീയ പരികല്പനകൾ ദക്ഷിണ രാഷ്ട്രങ്ങളിലെ വലതുപക്ഷം അപഹരിച്ചിരിക്കുന്ന സാഹചര്യമാണ്. വ്യവസ്ഥാപിതമായിക്കഴിഞ്ഞ ആഗോള ദക്ഷിണം (global south) ചെറുത്തുനിൽപ്പിന്റെ സാധ്യതയെ അടച്ചുകളഞ്ഞിരിക്കുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ഇറാൻ ആക്രമണത്തിൽ ശക്തമായി പ്രതികരിക്കേണ്ട ആഗോള ദക്ഷിണ രാഷ്ട്രീയ ഫോറം മൗനം അവലംബിക്കുകയാണ്. വെനിസ്വെലൻ പ്രസിഡണ്ട് മഡുറോവിനെ ആ രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച് ട്രംപിന്റെ സൈന്യം തട്ടിക്കൊണ്ടുപോയപ്പോഴും ഒരക്ഷരം ഉരിയാടിയില്ല. ബ്രസീലിയൻ പ്രസിഡണ്ട് ലുലാ ഡി സിൽവ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.
രാഷ്ട്രീയ നേതൃത്വവും കോർപറേറ്റും ചേർന്നുള്ള വരേണ്യരുടെ നിക്ഷിപ്‌ത താല്പര്യ ഐക്യത്തിന് ബദലായി ആഗോള ദക്ഷിണ രാഷ്ട്രങ്ങളിലെ ബഹുജനത്തിന് ഒരു ഐക്യദാർഢ്യ സമ്പദ് വ്യവസ്ഥ സാധ്യമാക്കാൻ പറ്റുമോ എന്നതാണ് രാഷ്ട്രീയ പ്രസക്തമായ കാര്യം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിർജീവാവസ്ഥയാണ് ഈ ഐക്യദാർഢ്യ രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് പ്രതിബന്ധം. നീതിയുക്തവും സുസ്ഥിരവുമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള പ്രസ്ഥാനമാണ് സോളിഡാരിറ്റി എക്കണോമി (solidarity economy). അനന്തമായ ലാഭത്തിനും വളർച്ചയ്ക്കും പകരം ജനങ്ങളുടെ അഭിലാഷങ്ങൾക്ക് മുൻഗണന നൽകുന്നു. ലാറ്റിനമേരിക്കയിലെയും ആഗോള ദക്ഷിണരാജ്യങ്ങളിലെയും സാമൂഹിക പ്രസ്ഥാനങ്ങളിൽനിന്ന് വളർന്നുവരുന്ന സോളിഡാരിറ്റി എക്കണോമി; പങ്കാളിത്ത ജനാധിപത്യം, സഹകരണം, പൊതു ഉടമസ്ഥത എന്നിവയിലൂടെയും ഭൂമിയോടുള്ള ഐക്യദാർഢ്യത്തെയും ആദരവിനെയും മുൻനിർത്തിയും സമൂഹങ്ങൾ സ്വയംഭരിക്കുന്ന ഒരു രാഷ്ട്രീയ സാംസകാരിക സ്വച്ഛന്ദ വ്യവസ്ഥ മുതലാളിത്തത്തിനു പകരമായ ബദലുകൾക്ക് ആവിഷ്ക്കാരം നൽകുന്നു.

ഈ നൂറ്റാണ്ടിന്റെ പിറവിയോടെ ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഉയർന്നുവന്ന മുതലാളിത്താനന്തര ചട്ടക്കൂടാണ് സോളിഡാരിറ്റി എക്കണോമി. പങ്കാളിത്ത ജനാധിപത്യം, വംശീയ വിരുദ്ധത, സ്ത്രീവാദം, പരിസ്ഥിതിദർശനം- ഇതൊക്കെ ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യപ്പെടുന്നു. എല്ലാത്തരം അടിച്ചമർത്തലുകളിൽ നിന്നുമുള്ള വിമോചനദർശനത്തിൽ വേരൂന്നിയതാണ് ഈ രാഷ്ട്രീയ സമ്പദ്ശാസ്ത്രവാദ ദർശനം. മുതലാളിത്ത വളർച്ചയുടെ വ്യവസ്ഥയിൽ അന്തർലീനമായ അപകടസാധ്യതകൾക്കെതിരെ സുസ്ഥിരമായ രീതിയിൽ മെച്ചപ്പെട്ട ജീവിതങ്ങളും പ്രതിരോധശേഷിയുള്ള സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ് ഐക്യദാർഢ്യ സമ്പദ് വ്യവസ്ഥ വിഭാവനം ചെയ്യുന്നത്. ഭൗതിക വിജയത്തിന്റെയും സമ്പത്ത് ശേഖരിക്കുന്നതിന്റെയും സ്വപ്നങ്ങൾക്ക് മുകളിൽ, പ്രകൃതിയുമായി സഹവർത്തിത്വത്തോടെ ജീവിക്കുന്നതിനും എല്ലാ മനുഷ്യരുടെയും അനുഭവങ്ങളെ വിലമതിക്കുന്നതിനുമുള്ള ഐക്യം ജനങ്ങളുടെ മനസ്സിൽ വളർത്തിയെടുക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. വീണ്ടെടുക്കലിനു പകരം പുനരുജ്ജീവനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു ഐക്യദാർഢ്യ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷയുടെ തിളക്കമായി മാറുന്നു.
ദക്ഷിണ പ്രതിരോധം
ഐക്യദാർഢ്യരാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ വടക്കിന്റെ സാമ്രാജ്യത്വത്തിനും അധീശത്വത്തിനും എതിരായ ചെറുത്തുനിൽപ്പിന്റെയും ആഗോള വലതുപക്ഷവൽക്കരണത്തിനെതിരായ പ്രതിരോധത്തിന്റെയും ഭൂമികയാക്കുന്നു, ദക്ഷിണ പ്രദേശത്തെ. ആഗോള ദക്ഷിണ രാഷ്ട്രങ്ങളുടെ ഐക്യം അന്താരാഷ്ട്രീയമായ വിഷയമാണ്. അതുകൊണ്ടുതന്നെ, സമാനരീതിയിൽ എല്ലാ ദക്ഷിണ പ്രദേശങ്ങളുടെയും രാഷ്ട്രീയ ഭൂമികയിലേക്ക് മൊഴിമാറ്റുക എളുപ്പമല്ല.
ദക്ഷിണേന്ത്യ (South India) ഇന്നുയർത്തുന്ന ഹിന്ദുത്വ വലതുപക്ഷത്തിനെതിരെയുള്ള പ്രതിരോധം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവരുടേതായ നിലയിൽ നേടിയെടുത്ത നേട്ടങ്ങളുടെയും ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവും ചരിത്രപരവുമായ മുന്നേറ്റങ്ങളുടെയും രാഷ്‌ടീയ സവിശേഷത ആധാരമാക്കിയുള്ളതാണ്. ഇവിടെ, ദക്ഷിണം എന്ന വിഭാഗീകരണത്തിൽ ഒരു പ്രായോഗിക പ്രശ്നമുണ്ട്. വികസന നേട്ടങ്ങളിൽ ദക്ഷിണേന്ത്യ ഉത്തരേന്ത്യയേക്കാൾ പലമടങ്ങ് മുന്നിലാണ്. വികസന അസമത്വമല്ല പ്രധാന പ്രശ്നം, അധികാര വികേന്ദ്രീകരണമാണ്.
കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഭൂമികയെ അട്ടിമറിക്കുന്ന ഏകാധിപത്യപരമായ പ്രവണതകളക്കെതിരായ ജനകീയ ഐക്യദാർഢ്യം ജനാധിപത്യപരമായി സാധ്യമാക്കാവുന്ന സമൂഹങ്ങളാണ്.
ദക്ഷിണാഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ ഭൂ-രാഷ്ട്രീയപരമായ പ്രദേശങ്ങൾ ആഗോള ദക്ഷിണ രാഷ്ട്രീയവുമായി പരസ്പരപൂരകമായ ബന്ധം സ്ഥാപിക്കുന്നത് കൃത്രിമമായിരിക്കുമെങ്കിലും ആഗോളീയവും ദേശീയവുമായ വലതുപക്ഷവൽക്കരണത്തിനെതിരായതും അധീശത്വത്തിനെതിരായ പ്രതിരോധത്തിന്റേതുമായ ജനകീയ ഐക്യദാർഢ്യം വികസിപ്പിക്കാനാകുമെങ്കിൽ തീർച്ചയായും ആഗോള ദക്ഷിണ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഭാവുകത്വവുമായി സാമ്യപ്പെടുത്തുന്ന നിലയ്ക്കുള്ള പ്രചോദനപരമായ തലങ്ങൾ പ്രതിരോധ രാഷ്ട്രീയത്തിനു കണ്ടെത്തകനാകാം. 25 വർഷങ്ങൾക്കുള്ളിൽ ഈ ദക്ഷിണ രാജ്യങ്ങളുടെ ഐക്യദാർഢ്യപരമായ ഒത്തുചേരൽ നിർണായകമായ ചരിത്രഘട്ടങ്ങളിൽ വഴിത്തിരിവായിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായുള്ള ഐക്യദാർഢ്യ സമീപനങ്ങളിലും കാണാം.
കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആഗോള ദക്ഷിണ രാഷ്ട്രീയത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ട്, ഇന്ത്യയുടെ ഫെഡറൽ ഭൂമികയെ അട്ടിമറിക്കുന്ന ഏകാധിപത്യപരമായ പ്രവണതകളക്കെതിരായ ജനകീയ ഐക്യദാർഢ്യം ജനാധിപത്യപരമായി സാധ്യമാക്കാവുന്ന സമൂഹങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ സാമൂഹ്യമാറ്റങ്ങളിലൂന്നിയുള്ള രാഷ്ട്രീയ പ്രയോഗങ്ങൾക്ക് വൻ പ്രാധാന്യം നൽകിയ ഈ പ്രദേശങ്ങൾ പോസ്റ്റ് കൊളോണിയൽ ആവിർഭാവ ഘട്ടത്തിലെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥകൾ തരണം ചെയ്തത് പുരോഗമനപരമായ രാഷ്ട്രീയനയങ്ങൾ നടപ്പാക്കിക്കൊണ്ടാണ്. ദേശീയ ശരാശരിയേക്കാൾ പല സൂചികകളിലും പുരോഗമനപരമായി മുന്നേറാൻ കഴിഞ്ഞത് പ്രതിരോധാത്മകമായ പൊതുഇടപെടലുകൾക്ക് (public action) വമ്പിച്ച പ്രാധാന്യം നല്കിയതുകൊണ്ടാണ്. ഇതെല്ലാം പൂർണതയിൽ എത്തിച്ചേർന്നിട്ടില്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. അടിത്തട്ട് ജനവിഭാഗങ്ങളെ സ്പർശിക്കുന്ന ജനകീയ രാഷ്ട്രീയമാണ് ഇത്തരത്തിൽ വേറിട്ടൊരു വഴിയിലേക്ക് മാറാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച്, കേരളത്തിനും തമിഴ്നാടിനും കർണാടകത്തിനും സാധിച്ചതിന് മുഖ്യ കാരണം.

ദക്ഷിണേന്ത്യൻ പോസ്റ്റ്- കൊളോണിയൽ രാഷ്ട്രീയത്തെ മനസ്സിലാക്കുക എന്നാൽ രാഷ്ട്രീയ പോരാട്ട കാലഘട്ടത്തിലേക്ക് കഥ തിരികെ കൊണ്ടുപോകുക എന്നാണ്. ഒന്നിലധികം തലങ്ങളിലെ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിച്ചാണ് ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതലേ രാഷ്ട്രീയം ദക്ഷിണസമൂഹങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. സാമൂഹിക അസമത്വങ്ങൾക്കെതിരായ പോരാട്ടമാണ് ഈ സംസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ മുഖ്യമായും നിർണയിച്ചത്. സാമൂഹിക മൂലധനം സ്വരൂപിക്കുന്നതിലേക്ക് സമുദായങ്ങളെ പരിവർത്തിപ്പിക്കുന്ന ആദ്യകാല സാമൂഹിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയം പിൽക്കാലത്ത് സ്തംഭിക്കപ്പെട്ടിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സാമുദായിക വരേണ്യതയും രാഷ്ട്രീയ നേതൃത്വവും ഇതിന് കൂട്ടുത്തരവാദികളാണ്. അതേസമയം, പോസ്റ്റ് കൊളോണിയൽ ഘട്ടത്തിൽ ദക്ഷിണേന്ത്യക്കാരോടുള്ള അകലങ്ങൾ ദേശീയതലങ്ങളിൽ വളരെ തീവ്രമായാണ് പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്. മദ്രാസി എന്ന് വിളിച്ചുകൊണ്ടുള്ള അധിക്ഷേപം തമിഴർക്കെതിരെ മാത്രമല്ല, ലുങ്കിയുടുക്കുന്ന ഏതൊരു ദക്ഷിണേന്ത്യക്കാരനെയും ലക്ഷ്യംവെച്ചുള്ളതായിരുന്നു. അധികാരത്തിന്റെ ഉന്നതശ്രേണികളിൽ മലയാളികൾ ധാരാളം വിഹരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പരമോന്നതസ്ഥാനങ്ങൾ ലഭ്യമാക്കാതിരിക്കാനുള്ള കുത്തിത്തിരിപ്പുകൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ദക്ഷിണേന്ത്യക്കാരന് പ്രധാനമന്ത്രിപദം അർഹിക്കുന്നില്ല എന്ന മട്ടിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കാൻ പറ്റില്ല എന്നത് ഒരു പരാധീനതയാണ്, എന്നും എപ്പോഴും.
നേരത്തെ സൂചിപ്പിച്ചപോലെ, ഒന്നിലധികം സാമൂഹിക പ്രതിലോമതകളെയും വൈരുധ്യങ്ങളെയും അഭിമുഖീകരിച്ചാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥനങ്ങൾ സാമൂഹിക സൂചികയിൽ പുരോഗമനപരമായ നേട്ടം കൈവരിച്ചത്. South vs North: India's great divide എന്ന പുസ്തകത്തിൽ നീലകണ്ഠൻ ആർ.എസ്., ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച സാമൂഹിക നേട്ടങ്ങളെക്കുറിച്ച് ഡാറ്റ സഹിതം പ്രതിപാദിക്കുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യതിരിക്തമായി എന്തുകൊണ്ട് നേട്ടങ്ങളുണ്ടാക്കി എന്നതിനെ, ഓരോ സംസ്ഥാനത്തിന്റെയും "ഉപദേശീയ" പ്രവണതകളുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട് എന്നാണ് നീലകണ്ഠൻ ആർ.എസ്. നീരിക്ഷിക്കുന്നത്.
വടക്കേ ഇന്ത്യയെ സ്വാധീനിക്കുന്ന അധീശത്വരാഷ്ട്രീയം ദേശീയതയുടെയാണ്. രാഷ്ട്രീയത്തിലെയും നയരൂപീകരണത്തിലെയും വൈവിധ്യം അഭികാമ്യമാണെന്ന് ഈ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് കരുതുന്നില്ല. വടക്കേ ഇന്ത്യയ്ക്കും തെക്കേ ഇന്ത്യയ്ക്കും ഇടയിലുള്ള ജനസംഖ്യാപരമായ വ്യത്യാസം, കൂടുതൽ ജനസംഖ്യയുള്ള വടക്കേ ഇന്ത്യയ്ക്ക് അനുകൂലമായി ഇതിനകം വളച്ചൊടിക്കപ്പെട്ടിരുന്നു. ജനസംഖ്യാ വളർച്ചയിലെ കൂടുതൽ വ്യതിയാനം വടക്കേ ഇന്ത്യയെ അനുകൂലിക്കുന്നതിലേക്കാണ് നയിച്ചത്. ഇതെല്ലാം ദക്ഷിണേന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ (electoral politics) പങ്ക് നിസ്സാരമാക്കുന്നു. ഒപ്പം സ്വാധീനതയും കുറയുന്നു. നീലകണ്ഠൻ ഉന്നയിക്കുന്ന ഈ ആശങ്കയാണ് മണ്ഡല പുനർനിർണയവും സ്ത്രീസംവരണവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരളത്തെയും തമിഴ്നാടിനെയും തെലങ്കാനയെയും കർണാടകത്തെയും ഐക്യദാർഢ്യപരമായ നീക്കത്തിനു പ്രേരിപ്പിച്ചത്.
സമഗ്രമായി ഓരോ സവിശേഷ മേഖലകളിലെയും- ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി, ജനസംഖ്യാ വൈവിധ്യം- അന്തരവും ദക്ഷിണേന്ത്യ കൈവരിച്ച നേട്ടങ്ങളും കൃത്യമായി നീലകണ്ഠൻ രേഖപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യതിരിക്തമായി എന്തുകൊണ്ട് നേട്ടങ്ങളുണ്ടാക്കി എന്നതിനെ, ഓരോ സംസ്ഥാനത്തിന്റെയും "ഉപദേശീയ" പ്രവണതകളുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട് എന്നാണ് നീലകണ്ഠൻ നീരിക്ഷിക്കുന്നത്. എങ്കിലും സവിശേഷമായ ഒരു പൊതുഘടകം വേർതിരിച്ചു കണ്ടെത്തുക എളുപ്പമായിരിക്കില്ല. ജനകീയ ഇടപെടലും, ജനകീയ ഇഛയോടെ ജനസംഖ്യാ വൈവിധ്യത്തെ പൊതുതാല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കുന്ന സർക്കാർ ഇടപെടലുകളും ഈ നേട്ടങ്ങൾക്കു നിദാനമാണ്.

സെക്യുലർ സാമൂഹിക വീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വമാണ് മുഖ്യമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നതും നിർണായക ഘടകമാണ്. എന്നാൽ മറ്റിടങ്ങളിലെ ഭരണ നിർവഹണം നോക്കുക: ഭക്ഷണശാലകളുടെ ഉടമകളുടെ മതം പ്രഖ്യാപിക്കണം എന്ന വിവാദ ഉത്തരവുകൾ ഇറക്കുക, പ്രണയ മിശ്രവിവാഹങ്ങളുടെ മേൽ സർവൈലൻസ് നടത്താനുള്ള തീവ്രയത്ന പരിപാടികൾ സംഘടിപ്പിക്കുക, ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാജ് നടപ്പാക്കുക തുടങ്ങിയ നടപ്പാക്കുമ്പോൾ സംഭവിക്കുന്നത് സാമൂഹിക സ്തംഭനാവസ്ഥയായിരിക്കുമല്ലോ. തെറ്റായ രാഷ്ട്രീയ മുൻഗണനകളാണ് പുരോഗമനപരമായി ഉണ്ടാകേണ്ട നേട്ടങ്ങളെ അട്ടിമറിക്കുന്നത്. ജാതീയ ഉച്ചനീചത്വഘടന പുരോഗമനപരമായ പ്രവർത്തനങ്ങൾക്ക് എന്നും വിഘാതമായിരുന്നു. ഇന്ത്യയുടെ വൈവിധ്യം യഥാർത്ഥത്തിൽ ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയുടെയും സാംസ്കാരികമായ അടിത്തറകളുടെയും വൈവിധ്യത്തിലൂടെ പ്രകടമാകുന്നതാണ്. അപ്പോൾ സമ്യക്കായ ഭരണനിർവഹണ സമീപനത്തിനുപകരം വിവേചനപരമായ നയങ്ങളും നടപ്പാക്കലും സാമൂഹിക പിന്നാക്കാവസ്ഥയെ വർധിപ്പിക്കുകയേയുള്ളൂ എന്നതാണ് യാഥാർഥ്യം.
വിവേചനപരമായ ഘടനയെ അതിവർത്തിക്കാനുള്ള പരിഹാരമായി നീലകണ്ഠൻ പ്രസ്തുത പുസ്തകത്തിൽ നിർദേശിക്കുന്നത്, Gamified Direct Democracy- യാണ്. നേരിട്ടുള്ള ജനാധിപത്യത്തെ (Direct Democracy) ആശ്രയിക്കുന്നതും ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിലേക്ക് വീഴാതിരിക്കാൻ പര്യാപ്തമാവുമായ സംരക്ഷണവലയങ്ങളുള്ള ഒരു സംവിധാനം ഉപയോഗിച്ച് ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രക്ഷേപണ കാര്യക്ഷമത മെച്ചപ്പെടുത്താം എന്നതാണ്. ജനാധിപത്യത്തിന് ഈടു നൽകുന്നതും വൈവിധ്യങ്ങൾക്ക് താങ്ങ് പകരുന്നതുമായ ജനാധിപത്യരീതികളെക്കുറിച്ചു ചർച്ചകൾ ആരംഭിക്കേണ്ട സമയമായി. കേവലം ചർച്ച എന്ന നിലയിൽ മാത്രമല്ല, പ്രായോഗികമായ പരിവർത്തനം ലക്‌ഷ്യം വെച്ച് ജനാധിപത്യത്തെ ദൃഢപ്പെടുത്തുകയും കൂടുതൽ ആഴത്തിലുള്ളതാക്കുന്നതുമായ ജനാധിപത്യപ്രക്രിയ്ക്ക് അനിവാര്യമായും ശക്തിപകരുന്ന പ്രായോഗിക നടപടികളാണ് വേണ്ടത്.
സി പി എം ഇടക്കാലത്ത് ആനുപാതിക പ്രാതിനിധ്യം നടപ്പാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചിരുന്നു. ദക്ഷിണ സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രിഫെറൻസ് വോട്ടുകൾ ഉൾപ്പെടെ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കാവുന്ന നിയമപരിഷ്‌ക്കാരങ്ങൾ കൂട്ടായി ആലോചിച്ച് നടപ്പാക്കേണ്ടതാണ്. ഏതായാലും, തോക്കിൻകുഴലിലൂടെ ജനകീയാധികാരം സ്ഥാപിക്കാമെന്ന ആശയം കാലഹരണപ്പെട്ടു. പകരം, ജനാധികാരത്തെ ശക്തമാകുന്ന direct democracy രീതികൾ അവലംബിക്കേണ്ട ഘട്ടം വന്നിരിക്കുന്നു. ഈ 25 വർഷങ്ങളിൽ ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടികൾ ജനാധിപത്യത്തെ ദൃഢപ്പെടുത്താനുള്ള പ്രായോഗികമായ പുതുമാർഗങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രചോദനമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീസംവരണം നടപ്പാക്കിയതുപോലെ ആനുപാതിക തിരഞ്ഞെടുക്കൽ രീതിയോ അല്ലെങ്കിൽ പ്രിഫറൻസ് വോട്ടിങ്ങോ ഡയറക്റ്റ് ഡെമോക്രസിയോ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പരീക്ഷിക്കാവുന്നതാണ്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സാധ്യതയും തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഫലപ്രദമായി നടപ്പാക്കാവുന്നതാണ്.

സാംസ്കാരിക ദേശീയതയും
ദക്ഷിണ സംസ്ഥാനങ്ങളും
വൈവിധ്യമാർന്ന ഒരു രാജ്യത്തെ സാംസ്കാരിക ദേശീയതയെ ഏകശിലാരൂപത്തിലേക്ക് സങ്കോചിപ്പിക്കുന്നതിന്റെ ഭവിഷ്യത്താണ് തെക്ക് വടക്ക് ധ്രുവീകരണത്തിന് ഹേതുവാവുന്നത്. വളരെ മുമ്പേ ദ്രാവിഡ രാഷ്ട്രീയം സാംസ്കാരിക ദേശീയവാദികളുടെ കണ്ണിൽ 'ടുകടെ ടുകടെ ഗാങ്ങി'ന്റെ ഭാഗമാണ്. ദക്ഷിണേന്ത്യൻ സാംസ്കാരിക ചരിത്രത്തിന്റെ പ്രാചീനതയും അതിന് ഹാരപ്പൻ സംസ്കൃതിയുമായുള്ള ബന്ധവും ഖനനവസ്തുതയായി കീഴഡിയിലെ (Keeladi) പുരാവസ്തുഗവേഷണം പുറത്തുകൊണ്ടുവരുമ്പോൾ അത് അംഗീകരിക്കാതിരിക്കാനുള്ള സാംസ്കാരിക ദേശീയവാദികളുടെ വൈഷമ്യത്തിനുകാരണം, സംസ്കാരിക ദേശീയതയ്ക്ക് ആധാരമായ ആര്യസംസ്കൃതിയെക്കുറിച്ചുള്ള ചരിത്രസങ്കല്പനം ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ്. സാംസ്കാരിക ദേശീയവാദത്തിന്റെ ആണിക്കല്ലിളക്കുന്നതാണ് കീഴഡി പുരാവസ്തുഗവേഷണത്തിലെ കണ്ടെത്തൽ.
ദക്ഷിണേന്ത്യ- ഉത്തരേന്ത്യ ഭിന്നിപ്പ് സാംസ്കാരിക ദേശീയവാദികൾ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണ്. സംസ്കാരങ്ങൾ തമ്മിലുള്ള ഘർഷണം നിലനിൽക്കുന്നുണ്ടെങ്കിലും, അത് സാംസ്കാരിക ദേശീയതാവാദം ദേശ- രാഷ്ട്രത്തെ ഹിന്ദു- ഹിന്ദി-ഹിന്ദുസ്ഥാൻ എന്ന നിലയിൽ വിഭാവനം ചെയ്യുന്നതിനാലാണ്. നാനാവിഷയങ്ങളിൽ ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യവും സാംസ്കാരിക ദേശീയവാദത്തിന്റെ രാഷ്ട്രീയ അസ്തിത്വത്തെ ഇല്ലാതാകുമോ എന്ന ആധിയുമാണ് ആധുനിക ഇന്ത്യയുടെ ഫെഡറൽ ഘടനയെ തന്നെ ശോഷിപ്പിക്കാനുള്ള ഏകാധിപത്യ പ്രവണതകൾക്ക് കാരണം. രാഷ്ട്രീയാധികാരം വികേന്ദ്രീകൃതമായിരിക്കണം എന്നതാണ് ദക്ഷിണേന്ത്യ ഉന്നയിക്കുന്ന ജനാധിപത്യ പ്രശ്നം.
ദക്ഷിണ പ്രദേശങ്ങളുടെ പ്രതിരോധ രാഷ്ട്രീയത്തിന്റെ കാതൽ ജനാധിപത്യത്തെ ആഴത്തിലാക്കുക എന്നതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഏകീകൃത വീക്ഷണത്തിന്റെ അടിസ്ഥാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഐക്യം അഥവാ രാഷ്ട്രീയമായി ദക്ഷിണേന്ത്യൻ ഐക്യസംസ്ഥാനങ്ങൾ (United States of South India) എന്ന നിലയിലുള്ള അർത്ഥവ്യാപ്തിയുമാണ്. വിഭവങ്ങളുടെ പങ്കുവെയ്‌പ്പിനൊപ്പം വിഭവങ്ങളുടെ ആധികാരികതയും അധികാരം പങ്കിടലിലുള്ള സ്വാധീനതയും ദേശീയതയുടെയും ഫെഡറൽ ഘടനയുടെയും സുസ്ഥിരതയ്ക്ക് അതീവപ്രാധാന്യമുള്ളതാണ്.
ഭാഷ സവിശേഷമായ പൊതുവിഭവമാണ്. ഭാഷയുടെ പ്രാന്തവൽക്കരണം സാംസ്കാരികമായ ചെറുത്തുനില്പുകൾക്ക് എന്നും കാരണമായിട്ടുണ്ട്. ദ്രാവിഡരാഷ്രീയം ദൃഢപ്പെടുന്നതിൽ ഹിന്ദി വിരുദ്ധ ഭാഷാ സമരത്തിനുള്ള പ്രാധാന്യം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. തമിഴ്നാടിന്റെ രാഷ്ട്രീയാധികാരത്തിൽനിന്ന് ദേശീയപാർട്ടിയായ കോൺഗ്രസ് പുറത്തുപോകുന്നതിൽ ഭാഷാ പ്രക്ഷോഭം പ്രധാന കാരണമായിരുന്നു.
അതേസമയം, കേരളം ഭാഷാ സാംസ്കാരികവാദങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടില്ല. മലയാളികളും കേരളവവും ഒരു മാതൃക ഭാഷാസംസ്ഥാനമായാണ് ഫെഡറൽ ഘടനയി പ്രവർത്തിച്ചിരുന്നത്. രാഷ്ട്രീയമായി കേന്ദ്ര സർക്കാർ വിരുദ്ധ സമരങ്ങൾ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയുടെ ഭാഗമാണെങ്കിലും കേന്ദ്ര വിരുദ്ധ (against unitarian) സമരത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ല. ഇന്ത്യൻ ദേശീയതയെ വളരെ പവിത്രമായാണ് മലയാളികൾ കാണുന്നതെന്ന് തോന്നുന്നു. കേരളത്തിൽ ഹിന്ദി വിരുദ്ധ സമരത്തിനു സാധ്യതയില്ലായതിന് ഒരു കാരണം, കേരളത്തിലെ ദേശീയ പ്രസ്ഥാനകാലത്ത്, കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ പങ്കെടുത്ത ആദ്യകാല നേതാക്കൾ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഹിന്ദി പ്രചാരക സഭാ പ്രവർത്തകരായിരുന്നു എന്നതാണ്. അർഹിക്കുന്ന വിഭവപങ്കാളിത്തം കേരളത്തിന് ലഭിക്കുന്നില്ല എന്ന "അഭ്യർത്ഥന"ക്കപ്പുറം (plea) കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭപരിപാടികളിലേക്ക് കടക്കാറില്ല.

കേരളത്തിൽ സംസ്ഥാന പാർട്ടികൾക്ക് രാഷ്ട്രീയ അപ്രമാദിത്വമില്ല എന്നതും ഒരു കാരണമാണ്. കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ സ്റ്റാറ്റസ് നഷ്ടപ്പെടുക അപമാനകരമായ ഒരു കാര്യമാണു പോലും! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല ഉപഭോഗത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ കേരളവും സ്വന്തം ഭാഗം വാദിക്കുന്ന സംസ്ഥാനമാണ്. അയൽസംസ്ഥാനങ്ങളുമായുള്ള തർക്കങ്ങൾ വലിയ സംഘർഷമായി മാറുന്നതിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐക്യദാർഢ്യത്തിനു വിനയാകുന്ന തർക്കങ്ങൾ നിലനിൽക്കുന്നു.
ഭാഷയുടെ സംസ്കാരത്തിന്റെ കാര്യത്തിൽ ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രകടമാകുന്ന വികാരതീവ്രത മലയാളികൾ പ്രകടിപ്പിക്കാറില്ല. ഭാഷയുടെയും ഭാഷാഭിമാനത്തിന്റെയും കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഘർഷണം ചില ഘട്ടങ്ങളെങ്കിലും പ്രകടമായിട്ടുണ്ട്. ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ സിനിമാസംസ്കാരവും വ്യവസായവും സവിശേഷമായി തന്നെയുണ്ട്. ജനതയുടെ പോപ്പുലർ സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാണ് സിനിമ ഉൾപ്പെടെയുള്ള കലാവിഷ്ക്കാരങ്ങൾ. വ്യതിരിക്തമാണ് ഓരോ പ്രദേശത്തെയും ജനപ്രിയ സംസ്കാരങ്ങൾ. പൊതു ഘടകങ്ങൾ കുറവാണ്.
21-ാം നൂറ്റാണ്ടിൽ പുനരവതരിച്ച സാംസ്കാരിക ദേശീയവാദം ഇന്ന് കൂടുതൽ ശക്തമാണ്. സാംസ്കാരിക ദേശീയവാദമാണ് ഇന്ന് അധികാരം കൈയാളുന്നത്.
21-ാം നൂറ്റാണ്ടിൽ പുനരവതരിച്ച സാംസ്കാരിക ദേശീയവാദം ഇന്ന് കൂടുതൽ ശക്തമാണ്. സാംസ്കാരിക ദേശീയവാദമാണ് ഇന്ന് അധികാരം കൈയാളുന്നത്. ഫാഷിസ്റ്റ് അകക്കാമ്പുള്ള സാംസ്കാരിക ദേശീയതാവാദം സാംസ്കാരിക വൈവിധ്യത്തെ ഉപരിപ്ലവമായ വിധത്തിൽ മാത്രമേ അംഗീകരിക്കുന്നുള്ളൂ. ഹിന്ദുത്വ സമഗ്രാധികാരത്തിന് സഹായകമാകുന്ന പ്രതീകങ്ങൾ സ്ഥാപിക്കുന്നതിലും മറ്റുമാണ് സാംസ്കാരിക ദേശീയവാദത്തിന് താല്പര്യം. യഥാർത്ഥത്തിൽ ജനപ്രിയ ജനകീയ സംസ്കാരത്തിന്റെ തലത്തിലാണ് സാംസ്കാരിക ദേശീയതാവാദം ഇന്ത്യയുടെ വൈവിധ്യത്തെ ആവിഷ്‌കരിക്കുന്ന ബഹുസ്വരമായ സാംസ്‌കാരിക അനുഭവങ്ങളുമായി ഏറ്റുമുട്ടുന്നത്. ജനകീയ സംസ്കാരം അതിന്റെ വിഭിന്നരൂപങ്ങളിൽ, മാധ്യമങ്ങളിലൂടെയുള്ള കലാവിഷ്ക്കാരങ്ങളിൽ സാംസ്കാരിക ദേശീയതയുമായി ഏറ്റുമുട്ടുന്നു.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലമാണ് രാഷ്ട്രീയത്തെക്കാൾ ഏറെ തെളിമയോടെ സംസ്‌കാരിക ദേശീയവാദത്തെ ചെറുക്കുന്നത്. സമീപകാലത്ത് കൂടുതൽ ദൃശ്യമായ പ്രവണതയാണിത്.
വേടന്റെ റാപ് സംഗീതത്തിന്റെ പ്രതിരോധ രാഷ്ട്രീയത്തോടുള്ള ഹിന്ദുത്വവാദികളുടെ എതിർപ്പിനു കാരണമായതും പോപ്പുലർ സംസ്കാരത്തിന്റെ തലത്തിൽ സാംസ്കാരിക ദേശീയവാദത്തിന്റെ അവകാശവാദങ്ങളെ നൃശംസം ചെറുക്കുന്നുവെന്നതാണ്. വേടൻ ജാതിവിരുദ്ധരാഷ്ട്രീയത്തെ ആവിഷ്ക്കരിക്കുന്നുവെന്നു മാത്രമല്ല, വേടൻ ദ്രാവിഡ ഡയനീഷ്യസാകുന്നുവെന്നതും (Dionysius) സാംസ്കാരിക ദേശീയതവാദികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. വേടന്റെ ദ്രാവിഡ തീക്ഷ്ണതയുടെ പാടലുകളാണ് ജെൻ സി-യെ ആവേശഭരിതമാക്കുന്നത്. വേടന്റെ സംഗീതം ദ്രാവിഡദേശത്തിലായിരിക്കും മലയാളക്കരയെക്കാൾ കൂടുതൽ അനുരണനം സൃഷ്ടിക്കുക.

ജനാധിപത്യത്തിന്റെ ആഴം വർധിപ്പിക്കാനും ദൃഢപ്പെടുത്താനും ഉതകുന്ന ദക്ഷിണപ്രദേശങ്ങളുടെ സാംസ്കാരിക രാഷ്ട്രീയം ഒരു വിമതബോധത്തിന്റെ പുതിയ ഭാവുകത്വമാണ് പ്രദാനം ചെയ്യുന്നത്. അടിസ്ഥാനപരമായി ആഗോള ദക്ഷിണസങ്കൽപനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശസമരവും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും പോപ്പുലർ സാംസ്കാരിക ചെറുത്തുനിൽപ്പിന്റെ തലങ്ങളിൽ അത് തീവ്രവലതുപക്ഷത്തിനെതിരായ പ്രതിരോധ ശൃംഖലയിലെ കണ്ണികളാണ്.
(അവസാനിക്കുന്നില്ല)
