നഗര ഹൃദയത്തിൽ ശതകോടികൾ വിലമതിക്കുന്ന 47 സെന്റ് സ്ഥലത്ത് എന്തിനാണൊരു ഗ്രന്ഥശാലാ കെട്ടിടം എന്നതാണ് തിരുവനന്തപുരത്തു നിന്നുയരുന്ന ചോദ്യം. തിരുവനന്തപുരം മാത്രമല്ല, മൊത്തത്തിൽ ഒരു വലിയ നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലാകെ ഏറിയും കുറഞ്ഞും പ്രസക്തമായ ചോദ്യമാണിത്. വമ്പൻ ഷോപ്പിംഗ് മാളുകൾക്കും ഫ്‌ളാറ്റുകൾക്കും സാധ്യതയുള്ള കണ്ണായ സ്ഥലങ്ങളിൽ വായനശാലകളും പൊതു വിദ്യാലയങ്ങളും കളിസ്ഥലങ്ങളും നിലനിർത്തുന്നത് നഷ്ടക്കച്ചവടമാണെന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
തിരുവിതാംകൂർ രാജകുടുംബത്തിൽ പുതിയ കിരീടാവകാശി ജനിച്ചതിന്റെ സന്തോഷത്തിൽ 1914 ൽ വഞ്ചിയൂർ കൈതമുക്കിൽ താമസിച്ചിരുന്ന എൻ.കേശവപ്പിള്ള സ്വന്തം വീടിന്റെ ചായ്പിൽ 25 പുസ്തകങ്ങൾ ഒരു വീഞ്ഞപ്പെട്ടിയിൽ അടുക്കിവെച്ച് ആരംഭിച്ചതായിരുന്നു ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളത്തെ, നവോത്ഥാന കേരളമാക്കിയ പരിഷ്‌കരണപ്രസ്ഥാനങ്ങളും സംഘടനകളും മുളപൊട്ടി വരുന്ന കാലമായിരുന്നു അത്. മലയാളനാട്ടിലെ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കൊപ്പം ഗ്രന്ഥശാലയും തളിർത്തു; പൂവിട്ടു. വഞ്ചിയൂർ കോടതിയോട് ചേർന്ന് 13 സെന്റ് സ്ഥലം തീറുനൽകിക്കൊണ്ട് മഹാരാജാവിന്റെ ഉത്തരവിറങ്ങി. അവിടെ ഒരു ഓടിട്ട കെട്ടിടമുണ്ടാക്കി ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. പൗരപ്രമുഖരുടെ കമ്മറ്റിയുണ്ടാക്കി പിരിവെടുത്ത് 34 സെന്റ് സ്ഥലം കൂടി വിലകൊടുത്തുവാങ്ങി. കേരളപ്പിറവിക്കു ശേഷം ട്രാവൻകൂർ-കൊച്ചിൻ സൊസൈറ്റീസ് ആക്റ്റ് പ്രകാരം 1965 ൽ സ്ഥാപനം രജിസ്റ്റർ ചെയ്തു. 1966 ൽ വിശാലമായ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ നിർവഹിച്ചതോടെ ഗവേഷകരുടെയും പത്രപ്രവർത്തകരുടെയും കേരള ചരിത്രകുതുകികളുടെയും അന്വേഷണകേന്ദ്രവും അറിവുത്പാദന കേന്ദ്രവുമായി പ്രസ്തുത ഗ്രന്ഥാലയം മാറിത്തീർന്നു.
1990-കളിലെ ആഗോളവത്കരണക്കാറ്റ് സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ ബോധ്യങ്ങളിൽ അപകടകരമായ മാറ്റം കൊണ്ടുവന്നു. അറിവുത്പാദന പൊതു ഇടങ്ങളിൽ നിന്നും കേരളം മുഖം തിരിക്കാൻ തുടങ്ങി. പണം ഉണ്ടാക്കൽ മാത്രമാണ് സന്തോഷമെന്നും സാമൂഹ്യവും ജനകീയവുമായവയെല്ലാം നഷ്ടക്കച്ചവടമാണെന്നും നാനാ ഭാഗത്തുനിന്നും മുതലാളിമാർ നമ്മെ ഉദ്‌ബോധിപ്പിക്കാൻ തുടങ്ങി. അത്തരം ഒരു സാമൂഹ്യ പരിതസ്ഥിതിയിലാണ് 2010- ൽ ഗ്രന്ഥശാലക്കു പുതിയ ഭരണക്കാർ നിലവിൽ വന്നത്. പ്രസ്തുത ഭരണക്കാർ ഈ സാംസ്‌കാരിക സ്ഥാപനത്തെ ഞെക്കി ഞെക്കി കൊല്ലാൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരും വായനക്കാരും അഭിപ്രായപ്പെടുന്നത്. ആദ്യം വരുമാന സ്രോതസ്സുകളെല്ലാം അടച്ചു. പുതുതായി അംഗത്വം നല്കാതായി. വരിസംഖ്യ പിരിക്കാതായി. കൊറോണയെന്ന മഹാമാരി കാരണം കഴിഞ്ഞ വർഷം ഒത്തിരിമാസങ്ങൾ ഗ്രന്ഥശാല അടച്ചിട്ടു. തുച്ഛമായ ശമ്പളം മാത്രം ലഭിച്ചുകൊണ്ടിരുന്ന ജീവനക്കാർക്ക് അതും നൽകാതായി. ജീവനക്കാർ സ്വയം പിരിഞ്ഞു പോവുമ്പോഴേക്കും 500 കോടിയുടെ ഫ്‌ളാറ്റൊരുക്കാൻ വമ്പൻ നിർമ്മാണക്കമ്പനിയുമായി ഭരണസമിതി ധാരണയിലെത്തി. അതിനെ എതിർത്തുകൊണ്ടാണ് പ്രത്യക്ഷ സമരത്തിലേക്ക് ജീവനക്കാരും വായനക്കാരും നാട്ടുകാരും ഐക്യ മലയാള പ്രസ്ഥാനവും ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്.
ഏഴാംതരം വിദ്യാഭ്യാസം മാത്രം ലഭിച്ച "കേശവൻകുട്ടി' തന്റെ സ്വന്തം പ്രയത്‌നത്താൽ ആരംഭിച്ചതായിരുന്നു വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. അത് തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിന് 16 വയസ്സ്. നവോത്ഥാന നായകരിൽ പ്രധാനികളുടെ പേരുകൾ മാത്രമേ നാം കേൾക്കാറുള്ളൂ. എന്നാൽ കേരള നവോത്ഥാനം അറബിക്കടൽ പോലെ മനോഹരമായത് നാട്ടിടവഴികളുടെ ഓരത്തും, നഗരതെരുവുകൾ ചേർന്നും സ്ഥാപിക്കപ്പെട്ട വായനശാലകളിലൂടെയും സ്‌കൂളുകളിലൂടെയും മറ്റു പൊതു ഇടങ്ങളിലൂടെയുമായിരുന്നു. അതിനെല്ലാം ചാലകശക്തിയായത് ചില മഹത് വ്യക്തികളും. അതിൽ ഒരാളായിരുന്നു എൻ. കേശവപ്പിള്ള. അത് അദ്ദേഹത്തിന്റെ മാത്രം സ്വപ്നമായിരുന്നില്ല. ആ കാലഘട്ടത്തിന്റെയും തിരുവനന്തപുരം നഗരത്തിന്റെയും സ്വപ്നം കൂടിയായിരുന്നു.
കേശവപ്പിള്ളയുടെ നേതൃത്വത്തിൽ നാട്ടുകാരെല്ലാം കൂടി ഒത്തിരി കഷ്ടതകൾ സഹിച്ചും മുണ്ട് മുറുക്കിയുടുത്തുമാണ് വഞ്ചിയൂരിലെ ആ വായനശാലയെ വാനോളമുയർത്തിയത്. അതിനെല്ലാം നെടുനായകത്വം വഹിച്ച നാടിന്റെ പ്രിയപ്പെട്ട "കേശവൻ കുട്ടി'ക്ക് നാട്ടുകാർ സ്‌നേഹത്തോടെ നൽകിയതായിരുന്നു "വായനശാല കേശവപ്പിള്ള' എന്ന നാമധേയം. കൂടാതെ മരണം വരെ/രാജിവെക്കും വരെ അദ്ദേഹമായിരിക്കും ഈ സ്ഥാപനത്തിന്റെ കാര്യദർശി എന്നും, അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഒരാളെ (ഒരാളെ മാത്രം) തുടർന്നും ഭരണസമിതിയിൽ നിലനിർത്താമെന്നും ഭരണഘടനയിൽ എഴുതി വെച്ച് ആ മഹാനോടുള്ള സർവ്വ ആദരവും കാണിക്കാൻ നാട്ടുകാർ മറന്നതുമില്ല. 1972-ൽ ആ ജീവിതം അവസാനിച്ചു. അപ്പോഴേക്കും കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു റഫറൻസ് ലൈബ്രറിയായും സാംസ്‌കാരിക കേന്ദ്രമായും ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല മാറിക്കഴിഞ്ഞിരുന്നു.
1945-ൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം (പിന്നീട് കേരള ഗ്രന്ഥശാലാ സംഘം) രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ട്രഷറർ ആയി ചുമതലയേറ്റത് വായനശാല കേശവപ്പിള്ളയായിരുന്നു. ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ വെച്ചായിരുന്നു സംഘത്തിന്റെ ആദ്യകാല യോഗങ്ങൾ മിക്കതും നടന്നത്. അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളിൽ ഗ്രന്ഥശാലയെന്ന് തികച്ചും പറയാൻ അർഹതയുണ്ടായിരുന്നത് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല മാത്രമായിരുന്നു എന്ന് വായനശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി. എൻ. പണിക്കർ അനുസ്മരിക്കുന്നുണ്ട്. പിന്നീട് പി. എൻ. പണിക്കരോടൊപ്പം കേരളമാകെ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിൽ കേശവപ്പിള്ളയും കർമ്മനിരതനായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിയമാവലിക്ക് രൂപം കൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി കൂടി ആയിരുന്നു അദ്ദേഹം.
ചരിത്രം, സംസ്‌കാരം, സാഹിത്യം, നാടകം, സാമൂഹ്യ ശാസ്ത്രം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠനത്തിനെടുക്കുന്ന സ്വദേശ-വിദേശ ഗവേഷകർക്കെല്ലാം അക്ഷയഖനിയായി മാറാറുണ്ട് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ നിരവധി താളിയോലകളും, മലയാളത്തിലെ ആദ്യകാല മാസികകളും തുടങ്ങി മറ്റെവിടെയും കിട്ടാത്ത നിരവധി അമൂല്യരേഖകൾ ഈ ലൈബ്രറിയിൽ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന മാസികകളും ആഴ്ചപ്പതിപ്പുകളും ഗ്രന്ഥശാലക്ക് കൈമാറുകയായിരുന്നു പോലും രാജഭരണകാലത്തെ പതിവ്. എല്ലാ രേഖകളും കൃത്യമായി അടുക്കി ചിട്ടയോടെ സൂക്ഷിക്കുന്നതിൽ ഭരണസമിതിയും ജീവനക്കാരും നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. ഇവിടെ എത്തിയ ഗവേഷകർ പങ്കുവെക്കാറുള്ള പ്രധാന കാര്യമുണ്ട്. ഗ്രന്ഥാലയത്തിൽ അറിവന്വേഷിച്ചു വരുന്ന പഠിതാക്കൾക്ക് അവരുടെ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ എത്രനേരമെടുത്തിട്ടായാലും ക്ഷമയോടെ തിരഞ്ഞെടുത്ത് നൽകാൻ ജീവനക്കാർ കാണിക്കുന്ന ഉത്സാഹമാണത്. മഹാത്മാഗാന്ധി സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി അംഗീകരിക്കപ്പെട്ട സ്ഥാപനം കൂടിയാണ് ഈ മഹത് സ്ഥാപനം.
കേരളത്തിലെ അമച്വർ നാടകവേദിയുടെ വളർച്ചയും ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ആംഗ്ലോ-സാക്‌സൺ ലോകത്തെ ആദ്യ വനിതാ ജഡ്ജിയായ അന്നാചാണ്ടിയുടെ ആത്മകഥയിലെ വാചകങ്ങൾ തന്നെ അതിന് ഉദാഹരണം. ''ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ച് വി. ജെ. ടി ഹാളിൽ അവതരിപ്പിച്ച നാടകത്തിൽ ഞാൻ അഭിനയിച്ചതിന്റെ പേരിൽ അമ്മ മഹാറാണിയുടെ പ്രത്യേക പ്രീതി വാത്സല്യങ്ങൾക്ക് ഞാൻ പാത്രീഭൂതയായി. ആറുമാസം കഴിയുന്നതിനു മുമ്പ് എന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുകയും ഒരു മുൻസിഫ് ഉദ്യോഗം കിട്ടിയാൽ സ്വീകരിക്കാൻ തയ്യാറാണോ എന്ന് അമ്മ മഹാറാണി ചോദിക്കുകയും ചെയ്തു. അതിന്റെ വരുംവരായ്കകളൊന്നും ആലോചിക്കാതെ എനിക്ക് സന്തോഷമാണെന്നു ഞാൻ മറുപടി പറയുകയും ചെയ്തു.'' സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജസ്റ്റിസ് ആയി അന്നാചാണ്ടി എന്ന മലയാളിയെ മാറ്റുന്നതിൽ ഒരു ഗ്രന്ഥശാലയിലെ നാടകക്കളരി വഹിച്ച പങ്കാണ് മേൽ വാചകത്തിലൂടെ വെളിവാക്കപ്പെടുന്നത്.
എല്ലാ വർഷവും ഒരു പുതിയ നാടകം എഴുതിച്ച്, ഗ്രന്ഥശാലാ അങ്കണത്തിൽ പരിശീലനം പൂർത്തിയാക്കി, വി. ജെ. ടി ഹാളിലും കൊട്ടാരത്തിലും അവതരിപ്പിക്കുക എന്നതായിരുന്നു രീതി. തുലാമാസത്തിലെ തെളിഞ്ഞ രാത്രികളിലായിരുന്നു നാടകങ്ങൾ അരങ്ങേറിയിരുന്നത്. മലയാളത്തിലെ പ്രമുഖ നാടകകൃത്തുക്കളായ ഈ. വി യും, എൻ. പി ചെല്ലപ്പൻ നായരും സി. എൻ ശ്രീകണ്ഠൻ നായരും ജഗതി എൻ. കെ ആചാരിയുമെല്ലാം അവരുടെ പേരുകേട്ട നാടകങ്ങൾ രചിച്ചത് ഗ്രന്ഥശാലക്ക് വേണ്ടിയായിരുന്നു. കൂടാതെ ഗ്രന്ഥശാലയോടൊപ്പം ഭരണസമിതിയിൽ പ്രവർത്തിച്ച കൈനിക്കര എം. കുമാരപ്പിള്ളയും, ജി. ശങ്കരപ്പിള്ള, എൻ. കൃഷ്ണപ്പിള്ള, ടി. എൻ ഗോപിനാഥൻ നായർ തുടങ്ങി നിരവധി മഹത് വ്യക്തികളും വാർഷിക അവതരണത്തിനായി മികച്ച നാടകങ്ങൾ ഒരുക്കി. 1918 ൽ ആദ്യമായി സി. വിയുടെ "മാർത്താണ്ഡവർമ്മ'യുടെ നാടക രൂപാന്തരം വേദിയിലെത്തിച്ച് ആരംഭിച്ച ഇവിടുത്തെ നാടകപ്രസ്ഥാനം 100 ഓളം നാടകങ്ങൾക്ക് അരങ്ങൊരുക്കിയിട്ടുണ്ട്.
അഭിനയ രംഗം പുരുഷന്മാരുടെത് മാത്രമായി അറിയപ്പെട്ടിരുന്ന, സ്ത്രീ വേഷങ്ങൾ പുരുഷന്മാർ കൈകാര്യം ചെയ്തിരുന്ന ഒരു കാലത്ത്, അഭിനയരംഗത്തേക്ക് ഇദംപ്രഥമമായി സ്ത്രീകൾ കടന്നു വരുന്നതും ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിലെ നാടകക്കളരിയിലൂടെയാണ്. അന്നാചാണ്ടി മാത്രമല്ല തിരുവനന്തപുരം കളക്ടർ ആയിരുന്ന ഓമനക്കുഞ്ഞമ്മ ഉൾപ്പെടെ നിരവധി സ്ത്രീകൾ നടകരംഗത്തെത്തിയതും ഗ്രന്ഥശാലയുടെ തുലാമാസ നാടകങ്ങളിലൂടെയായിരുന്നു. നാടകാവതരണത്തിന് യോജിച്ച ഒരു ഓഡിറ്റോറിയം പണിയാനും കേരളത്തിലെ കേളികേട്ട നടകകൃത്തുക്കളുടെയും നടീനടൻമാരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഗ്യാലറി സ്ഥാപിക്കാനും അവരുടെ ശബ്ദം ആലേഖനം ചെയ്ത ടേപ്പുകൾ സൂക്ഷിക്കാനും ഒരു ഘട്ടത്തിൽ ഗ്രന്ഥശാല പദ്ധതി തയ്യാറാക്കിയിരുന്നു. പക്ഷെ അതൊന്നും മുന്നോട്ടു കൊണ്ട് പോവാൻ പിന്നീട് വന്ന ഭരണക്കാർ തയ്യാറായില്ല. കേരളത്തിലെ അമച്വർ നാടകവേദിക്കും നാടക സാഹിത്യ ശാഖക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ ആ മഹാനാടകശാലയെ തച്ചുടച്ച് ഫ്‌ളാറ്റാക്കാൻ ആര് ശ്രമിച്ചാലും അത് അംഗീകരിക്കാൻ കേരളത്തിലെ സാംസ്‌കാരിക ലോകത്തിനാവില്ല.
18 അംഗങ്ങളുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ സ്ഥാപനത്തിനായുള്ളത്. അതിൽ 13 പേരും ഗ്രന്ഥശാല സ്ഥാപിച്ച കേശവപ്പിള്ളയുടെ മക്കളും മരുമക്കളും ചെറുമക്കളും ആയി മാറിയിരിക്കുന്നു. ബാക്കി 5 പേരിൽ സിനിമാനടൻ മധു, മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, എഴുത്തുകാരൻ എം. ജി ശശി ഭൂഷൻ തുടങ്ങിയവരും ഉൾപ്പെടും. പക്ഷെ ഒരു പൊതുസ്ഥാപനത്തെ കുടുംബാധിപത്യം ഉള്ളതാക്കി മാറ്റി, വരുമാനമാർഗ്ഗങ്ങൾ ഇല്ലാതാക്കി, ആനുകാലികങ്ങളും പത്രങ്ങളും നിർത്തി, ജീവനക്കാരെ പിരിച്ചു വിട്ട് "വെടക്കാക്കി തനിക്കാക്കി' ശതകോടികളാക്കി മാറ്റാനുള്ള കുത്സിത ശ്രമത്തെ നാം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.
വായനശാലയുടെ പ്രവർത്തനം നിലച്ച അവസ്ഥയിലാണിപ്പോൾ. ഗ്രന്ഥശാലാ നിയമാവലിയുടെ വകുപ്പ് 59 പ്രകാരം ഗ്രന്ഥശാല പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കേരള സർക്കാരിന് ഗ്രന്ഥശാലാ സ്വത്തുക്കൾ ഏറ്റെടുക്കാം. വിജ്ഞാനോത്പാദനകേന്ദ്രങ്ങളായ സർവകലാശാലകൾ സ്ഥാപിക്കണമെങ്കിൽ കോടിക്കണക്കിനു രൂപ വേണം. എന്നാൽ താളിയോലകളും ആദ്യകാല മലയാള മാസികകളും ഉൾപ്പെടെ അതിവിപുലമായ റഫറൻസ് സൗകര്യം ഉള്ള, ജനകീയമായി രൂപപ്പെട്ട ഒരു ഗ്രാമീണ സർവകലാശാലയെ നിലനിർത്താൻ സർക്കാർ ചെറുവിരലനക്കിയാൽ മതിയാവും. കൂടാതെ നഗര ഹൃദയങ്ങളിലുള്ള ഇത്തരം പൊതു സ്ഥാപനങ്ങളെ നിലനിർത്തണമെന്നുള്ള പൊതുബോധം വളർത്തുന്നതിനും സർക്കാറിടപെടൽ സഹായിക്കും. സർക്കാർ ഏറ്റെടുത്താലും ഇല്ലെങ്കിലും ജനകീയമായ ഒരു ഭരണസമിതി ഉണ്ടാക്കി ഗ്രന്ഥശാലയെ നവീകരിച്ച് ഒരു ആധുനിക സാംസ്‌കാരിക സ്ഥാപനമാക്കാനുള്ള സമരത്തിനായി കേരളീയ സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. പണത്തിനാൽ വിലയിടാവുന്നതല്ല നവോത്ഥാനത്തിന്റെ ഈടുവെയ്പുകൾ എന്ന് നാം വീണ്ടും വീണ്ടും പുതിയ കാലത്തെ കച്ചവട മനസ്സുകളെ ഓർമിപ്പിക്കേണ്ടതുണ്ട്.