ചലച്ചിത്ര അക്കാദമിയിൽനിന്ന് രഞ്ജിത്തിനെ പുറത്താക്കണം

സിനിമയെന്ന വിനോദ വ്യവസായം, ആ വ്യവസായത്തിലെ അവിഭാജ്യ ഘടകമായ സ്ത്രീകളായ അഭിനേതാക്കളെയും സ്ത്രീകളായ സാങ്കേതിക പ്രവർത്തകരെയും എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും പരിഗണിക്കുന്നത് എന്നും അവരുടെ തൊഴിൽ വൈദഗ്ദ്ധ്യത്തിന് എങ്ങനെയാണ് മൂല്യം കണക്കാക്കുന്നത് എന്നും പ്രകടമായിത്തന്നെ കാണിച്ചുതരുന്നുണ്ട് രഞ്ജിത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും അതിനോടുള്ള സർക്കാർ പ്രതികരണവും- മനില സി. മോഹൻ എഴുതുന്നു.

ലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തി​നെ പുറത്താക്കണം

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തൽ ഗുരുതരമാണ്. സിനിമയെന്ന വിനോദ വ്യവസായം, ആ വ്യവസായത്തിലെ അവിഭാജ്യ ഘടകമായ സ്ത്രീകളായ അഭിനേതാക്കളെയും സ്ത്രീകളായ സാങ്കേതിക പ്രവർത്തകരെയും എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും പരിഗണിക്കുന്നത് എന്നും അവരുടെ തൊഴിൽ വൈദഗ്ദ്ധ്യത്തിന് എങ്ങനെയാണ് മൂല്യം കണക്കാക്കുന്നത് എന്നും പ്രകടമായിത്തന്നെ കാണിച്ചുതരുന്നുണ്ട് രഞ്ജിത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും അതിനോടുള്ള സർക്കാർ പ്രതികരണവും.

രഞ്ജിത്ത് ശ്രീലേഖ മിത്രയോട് ചെയ്തത് എങ്ങനെയാണ് സിനിമയിൽ സ്വാഭാവികവത്കരിക്കപ്പെട്ട ചൂഷണരംഗത്തിൻ്റെ ആമുഖമായി മാറുന്നത് എന്ന് മനസ്സിലാവാത്തതുകൊണ്ടോ ‘ശരിയായി മനസ്സിലാക്കുന്നതുകൊണ്ടോ’ ആണ് അവിടെ ലൈംഗികാക്രമണം നടന്നിട്ടില്ലല്ലോ എന്നും പരാതി കിട്ടിയിട്ടില്ലല്ലോ ഭൂരിപക്ഷത്തിനും എന്നും തോന്നുന്നത്. ശ്രീലേഖയുടെ ആരോപണം അവരെ അഭിനയിപ്പിക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് എന്ന രഞ്ജിത്തിൻ്റെ പ്രതികരണവും ഇതേ സ്വഭാവികവത്കരിക്കപ്പെട്ട ചൂഷണബോധത്തിൽ നിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ്.

രഞ്ജിത്ത്
രഞ്ജിത്ത്

സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തന്നെ നിയോഗിച്ച ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചശേഷം സർക്കാരത് പുറത്തു വിട്ടില്ല എന്നതും നാലര വർഷം കഴിഞ്ഞ് വിവരാവകാശ നിയമം ഉപയോഗപ്പെടുത്തിയാണ് റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത് എന്നതും അതിനോട് സർക്കാർ പ്രതിനിധിയും സിനിമാ മന്ത്രിയുമായ സജി ചെറിയാൻ്റെയും അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ (A.M.M.A) യുടെയും പ്രതികരണങ്ങളും കാണിക്കുന്നത് പാട്രിയാർക്കൽ ബോധം ഒരു ഇടതുപക്ഷ സർക്കാരിലും കല കൈകാര്യം ചെയ്യുന്ന സംഘടനയിലും എത്ര മാത്രം ആഴത്തിലും വ്യാപ്തിയിലും പടർന്നിരിക്കുന്നു എന്നാണ്.

സിനിമയെന്ന, ലോകത്തെ ഏറ്റവും ജനകീയമായ കലാരൂപത്തിൻ്റെ നിർമാണ നിർവ്വഹണഘടന അടിമുടി പുരുഷാധിപത്യബോധത്തിൻ്റെ ചൂഷണോപാധികളാൽ കെട്ടിയുണ്ടാക്കിയ ഒന്നാണ് എന്ന് സ്ത്രീകൾ ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് വർത്തമാനകാലത്തെ രാഷ്ട്രീയമായി സജീവമാക്കുന്നത്. അവ ഒറ്റപ്പെട്ട കൂവലുകളാണ്. പക്ഷേ അതിൻ്റെ പ്രതിധ്വനികൾക്ക് വലിയ പ്രകമ്പനങ്ങൾക്കുള്ള ശേഷി കൈവരിക്കാൻ കഴിയും.

ശ്രീലേഖ മിത്ര
ശ്രീലേഖ മിത്ര

ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് തിരിച്ചറിയാതെയിരുന്നു എന്നും ചൂഷണോപാധികൾ ഈ ഘടനയുടെ സ്വാഭാവികവും അനിവാര്യവുമായ ഘടകങ്ങളാണ് എന്നും തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോഴും തെറ്റിദ്ധരിക്കുന്നു എന്നും ആ ചൂഷണോപാധികളെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്നും മനസ്സിലാക്കുമ്പോഴാണ് ഇപ്പോൾ ഉയർന്നു വരുന്ന വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യം കൈവരുന്നത്.

ശ്രീലേഖാ മിത്രയുടെ അന്നത്തേയും ഇപ്പോഴത്തേയും പ്രതികരണങ്ങൾക്ക് തീർച്ചയായും അവർ ആർജ്ജിച്ചെടുത്ത രാഷ്ട്രീയ ധൈര്യത്തിൻ്റെ പിൻബലമുണ്ടാവും. അത് രഞ്ജിത്ത് എന്ന, മലയാള സിനിമാ ആൺബോധ ബിംബത്തിനെതിരെ നേർക്കുനേർ നിന്ന് വിരൽ ചൂണ്ടുകയാണ്. ചൂഷണത്തിൻ്റെ രാവണൻ കോട്ടയിലേക്ക് ഒരു സ്ത്രീയെ വലിച്ചിടാൻ സിനിമ വിരിച്ചിട്ട പരവതാനിയാണ് അവർ ചുരുട്ടിയെടുത്ത് മൂലയ്ക്ക് മാറ്റിയിട്ടത്.

സജി ചെറിയാന്‍
സജി ചെറിയാന്‍

അത് പക്ഷേ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾക്കോ രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തിനോ സംഘടനാ സംവിധാനങ്ങൾക്കോ മനസ്സിലാക്കാൻ പ്രയാസമാണ്. കാരണം സിനിമയുടെ സ്ത്രീവിരുദ്ധ ചൂഷണ ഘടനയിൽ നിന്ന് ഒട്ടും വ്യത്യസ്തമായ ഘടനയല്ല അവയ്ക്കൊന്നുമുള്ളത്.

ലൈംഗികാരോപണങ്ങൾ നേരിട്ട ഒരു പുരുഷ നേതാവിനെതിരെയും ഒരു സംഘടനയും മാതൃകാപരമായ നടപടിയെടുത്തിട്ടില്ല. അതിൽ സംഘടനാഭേദങ്ങളില്ല. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്കു നേരെ ലൈംഗികമായ അധികാര ചൂഷണ പ്രയോഗങ്ങൾ നടക്കുന്നുണ്ട്. സാമൂഹ്യ സംവിധാനം എന്നും എന്തു വില കൊടുത്തും പുരുഷനൊപ്പമാണ് നിന്നിട്ടുള്ളത്.

ലൈംഗിക ചൂഷണം നടത്തിയ നേതാക്കൾക്കും സഹപ്രവർത്തകർക്കുമെതിര പരാതി നൽകിയ സ്ത്രീകൾ ഭരണകക്ഷിയായ സി.പി.എമ്മിലും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സിലും ഉൾപ്പെടെ എവിടെയാണ് ഉള്ളത് എന്നും നേതാക്കൾ എവിടെയാണ് തുടരുന്നത് എന്നും നോക്കിയാൽ മനസ്സിലാവും എന്തുകൊണ്ടാണ് സജി ചെറിയാൻ ഉൾപ്പെട്ട ഭരണനേതൃത്വത്തിന് രഞ്ജിത്തിനേയും ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവരേയും സംരക്ഷിക്കേണ്ടി വരുന്നത് എന്ന്.

ഹേമ കമ്മിറ്റി റിപ്പോട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു
ഹേമ കമ്മിറ്റി റിപ്പോട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു

പുരുഷനുമാത്രം അധികാരമുള്ള വ്യവസ്ഥയിലെ വിനോദ വ്യവസായമാണ് സിനിമ. അവിടെ പുരുഷാധികാരത്തിന് താരപരിവേഷമാണ്. ആലഭാരങ്ങളും സിംഹാസനവും രതിയും പുരുഷൻ്റെ ചൊൽപ്പടിയിലാണ്. സ്ത്രീയ്ക്കു മേലുള്ള അധികാരപ്രയോഗത്തിന് ലൈംഗികതയെ എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സാധ്യത ഈ വ്യവസായത്തിനകത്ത് സ്വാഭാവികമായിത്തന്നെ നിലനിൽക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ആ അധികാരത്തിൻ്റെ ലക്ഷണമൊത്ത പ്രതീകത്തിന് നേരെയുള്ള കൂവലിനെ രാഷ്ട്രീയമായിക്കാണാനുള്ള ശേഷി ഉണ്ടാകണം ഭരണകൂടത്തിന് എന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതു സമൂഹം. സിനിമയിൽ, കലയിലും അണിയറയിലും രഞ്ജിത്തിനും മുന്നേ അധികാര പുരുഷാരം സ്ത്രീകളെ ചൂഷണോപാധികളായിത്തന്നെയാണ് കണ്ടിരുന്നത്. രഞ്ജിത്ത് ആ വഴിയിലെ വിജയിയായ പ്രയോക്താവാണ്. തിരുത്താനുള്ള ശേഷി വേണ്ടത് സർക്കാരിനാണ്.

രഞ്ജിത്തിൻ്റെ, സിനിമാവ്യവസായത്തിൻ്റെ സ്ത്രീ വിരുദ്ധരാഷ്ടീയത്തോട് എംപതിയാണ് രാഷ്ട്രീയ നേതൃത്വത്തിന്, സർക്കാരിന് തോന്നുന്നതെങ്കിൽ രഞ്ജിത് അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരും. മറിച്ചാണെങ്കിൽ ആ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ പുറത്താക്കണം.

Comments