പൊയ്കയിൽ അപ്പച്ചനിസം:
കേരളത്തിന്റെ അടിമ ജനത നവോത്ഥാന മാനിഫെസ്റ്റോ- 3
കേരളത്തിലെ നവോത്ഥാന പ്രക്രിയകളെ പൊതുവിൽ ജാതിവിവേചനവുമായി ബന്ധപ്പെടുത്തിനോക്കിയാൽ ജാതിമേൽക്കോയ്മക്കെതിരായ പ്രതികരണങ്ങളുടെ പ്രാദേശികവും ജാതിസ്വത്വവത്കരണപരവുമായ സവിശേഷതകൾ വെളിപ്പെടും, ഒരുഭാഗത്ത് പ്രതിജാതിസ്വത്വങ്ങൾ രൂപീകരിക്കപ്പെടുകയും അവ സഞ്ചാര, വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനുമായി നടത്തിയ പ്രക്ഷോഭങ്ങളുടെ പരമ്പര കാണാം. മറുവശത്ത്, മതപരിവർത്തനത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ധാരകളും കാണാം.
പൊതുവെ, അധഃസ്ഥിത വിമോചനത്തിന്റെ ഭാഗമായാണ് അക്കാലത്തെ പ്രവർത്തനങ്ങൾ അധികവും നടന്നത്. അതുകൊണ്ടുതന്നെ ഓരോ നവോത്ഥാന നായകരുടെ പ്രവർത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടും അതോടൊപ്പം പ്രതിസമുദായ സ്വത്വങ്ങളുമായും പ്രദേശങ്ങളുമായും സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നതുമായും വിലയിരുത്താം. പൊതുവിൽ ഇക്കൂട്ടരുടെ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ചില സമാനതകൾ ദർശിക്കാമെങ്കിലും മാർഗങ്ങളിലും ഊന്നലുകളിലും ഭിന്നതയും കാണാം. എന്തുകൊണ്ട് ഇത്രയും വൈവിധ്യം നവോത്ഥാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായി എന്ന ആലോചന അധികം ചർച്ച ചെയ്തു കാണാറില്ല. കേരളത്തിലെ ജാതീയഘടനയുടെ വൈവിധ്യവും ജാതിനിലകളും ജാതികളുടെ പ്രാദേശിക വിന്യാസവും മതഘടനയും കേരള രൂപീകരണത്തിനു മുമ്പുള്ള തദ്ദേശീയ ഭരണവ്യവസ്ഥകളുമൊക്കെ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ജാതിയടിസ്ഥാനത്തിലുള്ള ഉച്ചനീചത്വം നിലനിന്നെങ്കിലും സാമൂഹികമായി ഭിന്നമതങ്ങളിൽപ്പെട്ട ജാതി- ഉപജാതികളുടെ അവസ്ഥകൾ സമാനമായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്തെ പ്രവർത്തനങ്ങളിൽ പ്രായോഗികമായ ഏകോപനം സാധിച്ചിരുന്നില്ല.
എസ്.എൻ.ഡി.പിയിൽ എല്ലാവർക്കും അംഗത്വം കൊടുക്കണമെന്ന ശ്രീനാരായണഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാണ് ആ സമുദായ സംഘടന തീരുമാനിച്ചത്. അക്കാലത്ത് ദലിതരുടെ ഇടയിൽ നടന്ന സാമൂഹിക പരിവർത്തന ശ്രമങ്ങൾമാത്രം പരിശോധിച്ചാൽ ദലിതർക്കിടയിൽരൂപപ്പെടാതെപോയ ഐക്യഭാവനയുടെ അഭാവം വ്യക്തമാകും.
നിലവിലുള്ള ചൂഷണഘടനയിൽനിന്ന് മാറി കൊളോണിയൽ ആധുനികത വിഭാവനം ചെയ്ത പുതിയൊരു സാമൂഹികാവസ്ഥയിലേക്ക് പരിവർത്തനപ്പെടുക എന്ന സമാന ഉദ്ദേശ്യം പൊതുവെ കാണാമെങ്കിലും ഏകോപനം അസാധ്യമായിരുന്നു. ജാതി ഉപജാതികളുടെ പ്രാദേശികമായ വിഘടിതാവസ്ഥയും ജാതികൾ തമ്മിൽ നിലനിന്ന വിവേചന മനോഭാവവും അതിലേറെ മതഭിന്നതയും ഒരുമ സൃഷ്ടിക്കാനുതകുന്ന രാഷ്ട്രീയ ഉണർവില്ലായ്മയുമൊക്കെ ഇതിനുകാരണമായി കണ്ടെത്താം. എസ്.എൻ.ഡി.പിയിൽ എല്ലാവർക്കും അംഗത്വം കൊടുക്കണമെന്ന ശ്രീനാരായണഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാണ് ആ സമുദായ സംഘടന തീരുമാനിച്ചത്. ഗുരു വിഭാവനം ചെയ്ത ജാതിയേതര മനുഷ്യഭാവനയുടെ രാഷ്ട്രീയം ഉൾക്കൊള്ളാനുള്ള രാഷ്ട്രീയബോധം അന്നും ഇന്നും ആ സംഘടനക്കില്ലാതെപോയി. അക്കാലത്ത് ദലിതരുടെ ഇടയിൽ നടന്ന സാമൂഹിക പരിവർത്തന ശ്രമങ്ങൾ മാത്രം പരിശോധിച്ചാൽ ദലിതർക്കിടയിൽരൂപപ്പെടാതെപോയ ഐക്യഭാവനയുടെ അഭാവം വ്യക്തമാകും. അക്കാലത്തെ പൊതുനിലപാടായി ഉയർന്നുവന്ന പ്രതിജാതിസ്വത്വവത്കരണത്തിന് ഭിന്നമായി അടിമവംശത്തിനിടയിൽ ജാതിയേതരമായ വർഗ ഐക്യം വിഭാവനം ചെയ്ത പൊയ്കയിൽ അപ്പച്ചന്റെ പ്രവർത്തനങ്ങളെ ബദൽസാമൂഹിക മുന്നേറ്റമായി തിരിച്ചറിയാവുന്നതാണ്.
നവോത്ഥാനകാലത്ത്, ദലിതരുടെ ഉന്നമനത്തിന് പ്രവർത്തിച്ച പ്രമുഖ സംഘടനകളായിരുന്നു അയ്യങ്കാളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സാധുജന പരിപാലനസംഘം(1907), പൊയ്കയിൽ അപ്പച്ചന്റെ നേതൃത്വത്തിലുള്ള പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ് എന്ന പേരുവന്നത് പിന്നീടാണെങ്കിലും അപ്പച്ചന്റെ ക്രൈസ്തവവിരുദ്ധ പ്രവർത്തനങ്ങൾ 1907- ലെ വാകത്താനം ലഹളയ്ക്കു മുമ്പേ ആരംഭിച്ചിരുന്നു), ജോൺ ജോസഫ് പാമ്പാടിയുടെ ചേരമർ മഹാജനസഭ (1921), കാവാരികുളം കണ്ടൻ കുമാരൻ നേതൃത്വം നൽകിയ ബ്രഹ്മപ്രത്യക്ഷ സാധുജന പറയർ സംഘം (1911). അയ്യങ്കാളിക്ക് സാധുജനം, അപ്പച്ചന് അടിമസന്തതികൾ, ജോൺ ജോസഫിന് ചേരമർ എന്നിങ്ങനെ വ്യവഹരിച്ച വിഭാഗങ്ങൾ കേരളത്തിലെ അധഃസ്ഥിത ദലിത് വിഭാഗങ്ങളായിരുന്ന പുലയ- പറയ- കുറവ വിഭാഗങ്ങളാണ്. നവോത്ഥാനകാലത്തു രൂപം കൊണ്ട ഈ പേരുകൾ പരിശോധനയർഹിക്കുന്നുണ്ട്. കാരണം, ഇവ രൂപപ്പെടുത്തിയ ആൾക്കാരുടെ അന്നത്തെ മനോഭാവവും രാഷ്ട്രീയ അവബോധവും ഈ സംജ്ഞകൾ പ്രതിഫലിപ്പിക്കുന്നുണ്ട്.
അയ്യങ്കാളിയിൽ നിന്ന് വ്യത്യസ്തമായി, അപ്പച്ചൻ കേരളത്തിന്റെ റാഡിക്കലിസ്റ്റായിരുന്നുവെന്നു തെളിയിക്കുന്നതാണ് അടിമസന്തതികൾ എന്ന സംജ്ഞ. ഭിന്നജാതികളും ഉപജാതിയകളുമായി ദലിത് വിഭാഗങ്ങൾ ചിന്നിച്ചിതറിനിൽക്കുമ്പോൾ ഇക്കൂട്ടരെ ഏകോപിപ്പിക്കാൻ ഏകമാർഗം അവരുടെ വർഗബോധത്തെ ഉറപ്പിച്ചെടുക്കലാണ്.
സാധുജനം എന്നത് വർഗത്തെയോ ജാതിയേയോ പ്രതിനിധീകരിക്കുന്നില്ല, എന്നു മാത്രമല്ല, അതൊരു അവസ്ഥയായി മനസിലാക്കുകയും കരുണ ആവശ്യപ്പെടുന്ന വിഭാഗമാണെന്നുള്ള ധാരണയും ജനിപ്പിക്കുന്നു. അത്തരമൊരു പദം അന്യരുടെ സഹതാപത്തിന്റെയും വിഭാഗത്തിന്റെ അപേക്ഷയുടെയും അർത്ഥ വിവക്ഷയുള്ളതാണ്, അതൊരു സ്വത്വനിർണയ സംജ്ഞയല്ല. അതുകൊണ്ടുതന്നെ സാമുദായികമായ സ്വത്വനിർമിതിയുടെ രാഷ്ട്രീയം അതു പങ്കിടുന്നില്ല. പകരം, അക്കാലത്തെ സമുദായവത്കരണ പ്രക്രിയയിൽ സാധുജനങ്ങളായി ചിലർ പ്രതിനിധാനം ചെയ്യപ്പെട്ടുവെന്നുമാത്രം. എന്നാൽ, അതിന്റെ സ്വത്വപരമായ രാഷ്ട്രീയവിവക്ഷയോ ഒന്നുമല്ല അയ്യങ്കാളിയെ സ്വാധീനിച്ചത്. എസ്.എൻ.ഡി.പി രൂപം കൊണ്ടതുവഴി ഒരു അവർണജാതിയുടെ അവകാശസമരങ്ങൾ ആ സംഘടന ഏറ്റെടുത്തു വിജയിക്കുമ്പോൾ സമാനമായ ഇതര അവർണവിഭാഗങ്ങളെ കൂട്ടിച്ചേർത്ത് മുന്നേറുക എന്ന കാര്യപരിപാടിയാണ് അയ്യങ്കാളിക്ക് മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് താനിടുന്ന പേരിന്റെ സവിശേഷാർത്ഥം പരിഗണിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ, അതൊരു അകം വീക്ഷണമായിരുന്നില്ല; പകരം പുറംവീക്ഷണമായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. അയ്യങ്കാളിയുടെ പ്രസക്തിയെ ഇല്ലാതാക്കാനല്ല, പകരം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ പ്രകൃതം വ്യക്തമാക്കാനാണ് ഈ പരിശോധന.
അയ്യങ്കാളിയിൽ നിന്ന് വ്യത്യസ്തമായി, അപ്പച്ചൻ കേരളത്തിന്റെ റാഡിക്കലിസ്റ്റായിരുന്നുവെന്നു തെളിയിക്കുന്നതാണ് അടിമസന്തതികൾ എന്ന സംജ്ഞ. ഭിന്നജാതികളും ഉപജാതിയകളുമായി ദലിത് വിഭാഗങ്ങൾ ചിന്നിച്ചിതറിനിൽക്കുമ്പോൾ ഇക്കൂട്ടരെ ഏകോപിപ്പിക്കാൻ ഏകമാർഗം അവരുടെ വർഗബോധത്തെ ഉറപ്പിച്ചെടുക്കലാണ്. അതിനായി അവരുടെ ജാതിയേതരമായ സമാന ഭൂതകാലത്തെ ഓർമിപ്പിച്ച് ഐക്യം ഉറപ്പിക്കാമെന്ന തിരിച്ചറിവാണ് അപ്പച്ചനെ ചരിത്രനിർമിതിയിലേക്കു നയിച്ചത്. എല്ലാവരെയും ഒരുമിപ്പിക്കാൻ ഏകമാർഗം ജാതിയേതരമായ വർഗ്ഗബോധം സൃഷ്ടിക്കലാണ്. അപ്പച്ചൻ പാട്ടുകളിലൂടെ അടിമബോധം വിനിമയം ചെയ്തതും അതിനുവേണ്ടിയാണ്. ആകെ ഇവർക്കിടയിലുണ്ടായിരുന്ന ഭിന്നതകളിലൊന്ന് മതപരമായിരുന്നു- ക്രിസ്തുമതം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും.
ദലിത് സമുദായ നിർമിതിയിലേക്കു കടക്കാനുള്ള ഒറ്റ പ്രസ്ഥാനമായി ഇക്കൂട്ടർക്ക് അന്ന് രൂപപ്പെടാൻ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അന്നുമാത്രമല്ല, ഇന്നും രൂപപ്പെട്ടിട്ടില്ല എന്ന് ഉത്തരം പറയേണ്ടിവരും.
ക്രിസ്തുമതം സ്വീകരിച്ചത് ജാതിവിവേചനത്തിനുള്ള പരിഹാരമെന്ന നിലയ്ക്കും പൗരത്വസമത്വത്തിനും വേണ്ടിയാണ്. എന്നാൽ, സ്വാനുഭവം അപ്പച്ചനെ പുതിയ തിരിച്ചറിവിലെത്തിച്ചു. മതപരിവർത്തനം സാമൂഹികമാറ്റം സൃഷ്ടിക്കുന്നില്ല. മതമേതായാലും അധഃസ്ഥിതവിവേചനം തുടരും. അതുകൊണ്ട് മതം ഉപേക്ഷിക്കുകയും ജാതിയേതര മതരഹിത സ്വതന്ത്ര സമുദായ സൃഷ്ടിയിലേക്ക് കടക്കുകയാണ് പരിഹാരം എന്നുറപ്പിക്കുകയും ചെയ്തു. പാട്ടുകളിലൂടെ അവതരിപ്പിച്ച അടിമസന്തതികൾ ആദിമരെന്ന ബോധനിർമിതിയെയല്ല, ആദിമഗോത്രമായ ജനതയെ ജാതികളാക്കി അടിമകളാക്കിയ ചരിത്രസന്ദർഭത്തെയാണ് അപ്പച്ചൻപരിഗണിച്ചത്. അതുകൊണ്ടാണ് അടിമസന്തതികൾ എന്നു പേരിട്ടതും മാറേണ്ടത് അതാണെന്നുറപ്പിച്ചതും.
അപ്പച്ചൻ അവതരിപ്പിച്ച ആദിമജനതാവാദത്തെ ഏറ്റെടുത്തുകൊണ്ടാണ് ജോൺ ജോസഫിന്റെ ചേരമ സൃഷ്ടിയുണ്ടായത്. അടിമകളാക്കപ്പെട്ടവരുടെ ഗൃഹാതുരത്വനിർമ്മിതിക്ക് പ്രസക്തിയേറെയില്ല. അവരനുഭവിക്കുന്ന അവസ്ഥക്കാണ് പ്രാധാന്യം. മൂവരുടെയും രാഷ്ട്രീയ ബോധം വ്യത്യസ്തമായിരുന്നുവെന്നും അവരുടെ സമീപനഭിന്നതക്കുള്ള കാരണം അതായിരുന്നുവെന്നും വ്യക്തമാണ്. മൂവരിലും റാഡിക്കലായ നിലപാട് അപ്പച്ചന്റേതായിരുന്നുവെന്നു നിസ്സംശയം പറയാം. ഈ ഭിന്നത തന്നെയാകാം അക്കാലത്ത് ദലിത് ഐക്യം സൃഷ്ടിക്കപ്പെടാതിരുന്നതിന് പ്രധാന കാരണവും. ദലിത് സമുദായ നിർമിതിയിലേക്കു കടക്കാനുള്ള ഒറ്റ പ്രസ്ഥാനമായി ഇക്കൂട്ടർക്ക് അന്ന് രൂപപ്പെടാൻ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അന്നുമാത്രമല്ല, ഇന്നും രൂപപ്പെട്ടിട്ടില്ല എന്ന് ഉത്തരം പറയേണ്ടിവരും.
മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെയാണ് ദലിത് ഐക്യം രൂപപ്പെടാത്തതിനു പിന്നിലും പ്രവർത്തിച്ചത്. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി, അപ്പച്ചൻ, ജോൺജോസഫ് തുടങ്ങിയവർ നടത്തിയ ഇടപെടലുകൾ പൊതുവിൽ അധഃസ്ഥിതവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചുതന്നെയുള്ളതായിരുന്നുവെങ്കിലും പലപ്പോഴും ഊന്നലുകളിൽ അവരവരുടെ പ്രതിനിധാന താല്പര്യവും സൂക്ഷ്മമായി പ്രകടമായിരുന്നു. അപ്പച്ചനായിരുന്നു ദലിതൈക്യത്തോടുള്ള സമീപനം കൂടുതൽ പ്രകടിപ്പിച്ചിരുന്നതെന്നു പ്രജാസഭാരേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. അപ്പച്ചന്റെ ഐക്യസമീപനത്തെ ഭാഗികമായെങ്കിലും ഉൾക്കൊണ്ടിരുന്നത് അയ്യങ്കാളി മാത്രമായിരുന്നു.
ദലിതർ എന്നു പിൽക്കാലത്തു അറിയപ്പെട്ട അധഃസ്ഥിത ജനതയുടെ പൊതുവിലുള്ള ഉന്നമനം അക്കാലത്തെ പ്രവർത്തനങ്ങളുടെ പിന്നിൽ കാണാമെങ്കിലും പ്രാദേശികതയോടൊപ്പം ഊന്നൽനൽകിയ വിഭാഗങ്ങളിലുള്ള ഭിന്നത ഓരോരുത്തരുടെ പ്രവർത്തനങ്ങളെയും സവിശേഷമാക്കുന്നു. ഉദാഹരണമായി, സാധുജനപരിപാലനസംഘം പൊതുവായി അധഃസ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ചെങ്കിലും അതിന്റെ പ്രവർത്തനം കൂടുതൽ സജീവമായിരുന്നത് പുലയ സമുദായത്തിനിടയിലും സവിശേഷമായി തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമായിരുന്നു. മതേതരത്വത്തിന്റെയും ജാതിമേൽക്കോയ്മാ വിരുദ്ധതയുടെയും അടിസ്ഥാനം സാധുജനപരിപാലനസംഘത്തിനുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. തുടർന്നുവന്ന അപ്പച്ചനും ജോൺ ജോസഫും ആദ്യകാലത്ത് സാധുജന പരിപാലനസംഘത്തിൽ പ്രവർത്തിച്ചിരുന്നവരാണ്. അക്കാലത്ത് ദലിതർ രണ്ടു മതചേരിയിലായിരുന്നു. ഹിന്ദുമതത്തിൽ വിവേചനം അനുഭവിച്ചിരുന്ന, എന്നാൽ പരമ്പരാഗത ദ്രാവിഡവിശ്വാസങ്ങളുമായി നിലനിന്ന് പിൽക്കാലത്ത് ഹിന്ദുക്കളായി മാറിയവരും വിവേചനത്തിൽനിന്ന് മോചനം ലഭിക്കാൻ ക്രിസ്തുമതത്തിൽ ചേർന്നവരും. സാധുജനപരിപാലനസംഘത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്രാപിച്ചിരുന്നത് ഹൈന്ദവഘടനയിൽ വിവേചനം അനുഭവിച്ചിട്ടും മതപരിവർത്തനം ഏറ്റെടുക്കാത്തവർക്കിടയിലാണ്. ഇരുകൂട്ടരും പ്രാദേശികമായി അനുഭവിച്ച പ്രശ്‌നങ്ങളും വ്യത്യസ്തമാണെന്ന് മനസിലാക്കി അവയെ സവിശേഷമായി നോക്കിക്കാണേണ്ടതാണെന്ന ബോധ്യമാണ് അപ്പച്ചനെയും ജോൺ ജോസഫിനെയും അവശക്രൈസ്തവ പ്രശ്‌നത്തിലെത്തിച്ചത്.
അപ്പച്ചൻ വ്യത്യസ്തനാകുന്നത്, അദ്ദേഹം മുൻമാതൃകകളില്ലാതെ വിഭാവനം ചെയ്ത അടിമസന്തതികളുടെ ജാതിയേതര മതേതര സമുദായ സൃഷ്ടി എന്ന ആശയം കൊണ്ടാണ്. അതോടൊപ്പം, മതം ഒരു ജാതി വിമോചനമാർഗ്ഗമല്ല എന്ന തിരിച്ചറിവും പ്രധാനമാണ്.
ദലിത് ക്രൈസ്തവരെ കേന്ദ്രീകരിച്ചും പരിവർത്തിത ക്രൈസ്തവർ അനുഭവിക്കുന്ന ജാതിവിവേചനത്തിൽ ഊന്നിക്കൊണ്ടും ക്രിസ്തുമതം അടിമജനതയുടെ വിമോചനത്തിനു പരിഹാരമല്ലെന്നു കണ്ട്, ക്രിസ്തുമതം ഉപേക്ഷിക്കാനും ജാതിയേതരമായ ഒറ്റ സമുദായമായി അടിമസന്തതികളെ കൂട്ടിയിണക്കി, ആത്മാഭിമാനത്തോടുകൂടിയ, സ്വയംപര്യാപ്തമായ സമുദായനിർമ്മിതിക്കാണ് അപ്പച്ചൻ ശ്രമിച്ചത്. പൊയ്കക്കൂട്ടർ എന്നറിയപ്പെടുന്ന അപ്പച്ചൻ അനുയായികളിൽ ഭിന്നജാതിയിൽപ്പെട്ടവരുണ്ടായിരുന്നു. അപ്പച്ചന്റെ ചിന്തയിലെ റാഡിക്കൽ നവീനതയാണ് വർഗപരമായ ഐക്യം എന്ന ആശയം.
അപ്പച്ചനിൽനിന്ന് വ്യത്യസ്തമായി പാമ്പാടി ജോൺ ജോസഫ് ക്രിസ്തുമതം വിമോചനമാർഗമായി തന്നെ കാണുകയും ക്രിസ്തുമതവിഭാഗങ്ങളിലെ അവർണ- സവർണ വേർതിരിവിനെതിരെ നിലകൊള്ളുകയും ചെയ്തു. പുലയർ, പറയർ, കുറവർ എന്നിവർ ചേരനാട്ടിലെ ആദിമദ്രാവിഡ വിഭാഗങ്ങളായതുകൊണ്ട് അക്കൂട്ടരെ ചേരമർ ആയി കണ്ടാണ് ചേരമർ മഹാജനസഭ രൂപീകരിച്ചത്. അവശ ക്രിസ്ത്യാനികൾക്ക് പൗരാവകാശങ്ങളിൽ തുല്യത വേണമെന്നദ്ദേഹം വാദിച്ചിരുന്നു. അപ്പച്ചൻ ഉന്നയിച്ച ക്രിസ്ത്യാനികൾക്കിടയിലെ സവർണ- അവർണവിവേചനത്തെ എതിർത്തിരുന്നെങ്കിലും, തുല്യതക്കായി പൊരുതാനാണ് ശ്രമിച്ചത്. അപ്പച്ചനെപ്പോലെ മതം ഉപേക്ഷിച്ചില്ല. ജനാധിപത്യത്തിൽ ദലിത് ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം നേടിയെടുക്കാനായി നിലകൊണ്ടു.
ഇവരിൽ മൂന്നുപേരിലും അപ്പച്ചൻ വ്യത്യസ്തനാകുന്നത്, അദ്ദേഹം മുൻമാതൃകകളില്ലാതെ വിഭാവനം ചെയ്ത അടിമസന്തതികളുടെ ജാതിയേതര മതേതര സമുദായ സൃഷ്ടി എന്ന ആശയം കൊണ്ടാണ്. അതോടൊപ്പം, മതം ഒരു ജാതി വിമോചനമാർഗ്ഗമല്ല എന്ന തിരിച്ചറിവും പ്രധാനമാണ്. അധഃസ്ഥിതർക്കിടയിലെ ക്രൈസ്തവവത്കരണം രണ്ടു ധാരകളായി മനസിലാക്കുമ്പോഴാണ് അപ്പച്ചനും ജോൺജോസഫും വ്യത്യസ്തരാകുന്നത്. അപ്പച്ചൻ ക്രിസ്തുമതത്തെ വിമോചനമാർഗമായി തുടക്കത്തിൽ സ്വീകരിച്ചു, സ്വന്തം ജനതയെ ക്രൈസ്തവരാക്കാനായുള്ള സുവിശേഷപ്രവർത്തനം ആത്മാർത്ഥതയോടെ ഏറ്റെടുത്തു. പ്രവർത്തനത്തിനിടയിൽ തന്റെ സമൂഹത്തെ ബൈബിൾ ഉൾക്കൊള്ളുന്നില്ല എന്നും ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ക്രിസ്ത്യാനികൾക്കിടയിൽപോലും സമത്വം നേടിയില്ലെന്നും പഴയ ജാതിവിവേചനം അതേപടി സവർണ ക്രൈസ്തവർക്കിടയിൽ നിലനിൽക്കുന്നുവെന്നും ബോധ്യമായതോടെ സുവിശേഷപ്രവർത്തനങ്ങളിൽ അടിമപ്രശ്‌നങ്ങളും കൂടി ഉൾപ്പെടുത്തി നവീകരിക്കാൻ ശ്രമിച്ചു. സവർണ ക്രൈസ്തവർ അപ്പച്ചനെതിരെ പ്രതിഷേധിച്ചു. അവസാനം സഭ വിട്ട് ക്രൈസ്തവർക്കിടയിൽ നിലനിന്ന ജാതിവിവേചനത്തിനെതിരെ പൊരുതാൻ ഇറങ്ങിത്തിരിച്ച അപ്പച്ചന് സവർണ ക്രൈസ്തവസഭകളിൽനിന്ന് തുടരെത്തുടരെ ആക്രമണം നേരിടേണ്ടിവന്നു. അപ്പച്ചൻ സ്വാനുഭവങ്ങളിലൂടെ മനസ്സിലാക്കിയ സത്യങ്ങൾ തന്റെ വംശത്തെ ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ അക്കാലത്തെ കേരള റാഡിക്കൽ സംസ്‌കാരത്തിന്റെ നവീനമുഖമാണ് വ്യക്തമാക്കുന്നത്. ക്രൈസ്തവർക്കിടയിലെ ജാതിവരേണ്യത തുറന്നുകാട്ടാനും മിഷനറി ആധുനികത പറയുന്ന പൗരസമത്വം പൊള്ളയാണെന്നും അപ്പച്ചൻ വിളിച്ചു പറഞ്ഞു.
ജാതി-മത ഘടനയിൽ നിന്ന് വേർപെട്ട് സ്വതന്ത്രസമുദായമായി ജീവിക്കുക അക്കാലത്ത് വിഭാവനം ചെയ്യാൻകഴിയുന്നതിനുമപ്പുറമുള്ള റാഡിക്കൽ ഭാവനയായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. ജാതിവിവേചനത്തെയും ജാതിസങ്കല്പത്തെയും വിശാല മനുഷ്യഭാവനകൊണ്ട് എതിർത്ത ശ്രീനാരായണഗുരുവിന് അത് പ്രയോഗത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇത്രയും ശക്തമായ പ്രതിരോധം സവർണ ക്രൈസ്തവർക്കെതിരേയും ബൈബിളിനെതിരെയും ഉയർത്തിയതോടെ ശത്രുപക്ഷത്ത് സവർണ ക്രിസ്ത്യാനികളും മിഷനറിമാരും കൊളോണിയൽ അധികാരികളും പ്രാദേശിക ഭരണകൂടവും ഒത്തുചേർന്നു. എതിർപ്പേറെ ഉണ്ടായിട്ടും അപ്പച്ചൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. സവർണ ക്രൈസ്തവർ അപ്പച്ചനെയും സംഘത്തെയും കായികമായി അപായപ്പെടുത്താൻ ശ്രമിച്ചതിനെയെല്ലാം അതിജീവിച്ച് പി.ആർ.ഡി.എസിന്റെ വിദ്യാഭ്യാസ രക്ഷാപ്രവർത്തനങ്ങളെ സജീവമാക്കി. അക്കാലത്ത് പറഞ്ഞു ബോധ്യപ്പെടുത്താൻ എളുപ്പമല്ലാത്ത ജാതി- മത വിരുദ്ധമായ നിലപാടുകളാണ്, കേരള റാഡിക്കലിസത്തിന്റെ അക്കാലത്തെ മുഖമായി അപ്പച്ചനെ മാറ്റിയത്.
അപ്പച്ചനുമായും അനുയായികളായ പൊയ്കക്കൂട്ടരുമായും ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന വാകത്താനം ലഹള (1907) , മുണ്ടക്കയം ലഹള (1908), വെള്ളനടി ലഹള (1908), കൊഴുക്കിച്ചിറ ലഹള (1913), മംഗലം ലഹള (1913) വെട്ടിയാട്ടു ലഹള എന്നിവയുടെ സത്യാവസ്ഥ വിലയിരുത്തുമ്പോൾ അവയൊക്കെ സാമുദായിക ഉദ്‌ബോധന പ്രവർത്തനങ്ങൾക്കായും അടിമസന്തതികളുടെ ഭൂ അവകാശത്തിനു വേണ്ടിയും നടന്ന സാമൂഹിക ചെറുത്തുനിൽപ്പുകളായിരുന്നുവെന്നു ബോധ്യപ്പെടും. ലഹളകളായി ചിത്രീകരിക്കുന്ന ഈ സംഘർഷങ്ങൾ സവർണ ക്രൈസ്തവർ പൊയ്കക്കൂട്ടരുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്നു കാണാം. അപ്പച്ചൻ ബൈബിൾ വിമർശനം നടത്തിയത് തന്റെ ജനതയെ ഉദ്‌ബോധിപ്പിക്കാനായിരുന്നുവെങ്കിലും സവർണ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തി എന്നു പറഞ്ഞ് സവർണ ക്രിസ്ത്യാനികൾ അപ്പച്ചനെ വധിക്കാനും പൊയ്കക്കൂട്ടരെ അടിച്ചമർത്താനും ആസൂത്രണത്തോടെ നടപ്പിലാക്കിയ അടിപിടികളായിരുന്നു അധികവും. സ്വരക്ഷക്കായുള്ള പ്രതിരോധമാണ് പൊയ്കക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എന്നാൽ, സവർണ ക്രൈസ്തവർ ഇവയെയൊക്കെ അപ്പച്ചനും കൂട്ടരും സൃഷ്ടിച്ച ലഹളകളാക്കി മാറ്റുകയാണുണ്ടായത്. പലപ്പോഴും ലോക്കപ്പ് മർദ്ദനവും കോടതിവ്യഹാരങ്ങളും നടന്നത് സവർണപക്ഷത്തിന്റെ പങ്ക് ശരിവയ്ക്കുന്നുണ്ട്. എങ്കിലും, അപ്പച്ചനെ കോടതിക്ക് ശിക്ഷിക്കാൻ മാത്രമുള്ള തെളിവുകളില്ലാതെപോയിയെന്നതും അതോടൊപ്പം ശക്തമായ വാദമുഖങ്ങളുമായി പ്രതിരോധിക്കാൻ അപ്പച്ചനു കഴിഞ്ഞുവെന്നതും ഓർക്കേണ്ടതാണ്.
ജാതിമേധാവിത്തത്തിന്റെയും അനാചാരങ്ങളുടെയും പിടിയിൽനിന്ന് ജനതയെ ആധുനിക വ്യവസ്ഥയിലേക്കു നയിക്കുക എന്ന നവോത്ഥാന പ്രക്രിയയിൽ അക്കാലത്തെ നവോത്ഥാനനായകരെല്ലാം പങ്കാളികളാണ്. ഇതിൽ അപ്പച്ചൻ നിർവഹിച്ച പങ്ക് എന്താണെന്ന് നിശ്ചയിക്കണം. അടിമജാതികളെല്ലാം ദ്രാവിഡരായ ആദിമരിൽ ഒരേ ഗോത്രത്തിൽ പെട്ടവരായിരുന്നുവെന്നും അവർക്കിടയിലെ ജാതികളെല്ലാം പിൽക്കാലത്തുണ്ടാക്കിയതാണെന്നും തിരിച്ചറിഞ്ഞ് ജാതി / ഉപജാതി രഹിത ദലിത് സമൂഹസൃഷ്ടി എന്ന ആശയം മുന്നോട്ടുവെച്ച് പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അടിമനിരോധനമുണ്ടായെങ്കിലും അവരുടെ ആത്മാഭിമാനം ഉയർത്താനോ പുനരധിവസിപ്പിക്കാനോ ശ്രമങ്ങളുണ്ടായില്ല എന്ന തിരിച്ചറിവും അപ്പച്ചനുണ്ടായിരുന്നു.
അക്രൈസ്തവ ദലിത് വിഭാഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായി പരിവർത്തിത ക്രൈസ്തവരെയും പരിഗണിക്കണമെന്ന അപ്പച്ചന്റെ ആവശ്യം ഇന്നും കേരളം അനുഭാവപൂർവം പരിഗണിച്ചിട്ടില്ല. ഇതിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ അപ്പച്ചൻ ഉന്നയിച്ച അതേ ഭരണകൂട മനോഭാവം തിരിച്ചറിയാം.
അധികാരം, സമ്പത്ത്, അറിവ് ഇവയില്ലാത്ത ജനതക്ക് ഭൂമിയിൽ അവകാശമില്ല എന്ന സവർണ സാമൂഹികക്രമത്തിന്റെ തീക്ഷ്ണത ഉൾക്കൊള്ളാൻ അപ്പച്ചനു കഴിഞ്ഞിരുന്നു. പരിഹാരമായി അപ്പച്ചൻ പ്രാവർത്തികമാക്കിയ ജാതി- മത നിഷേധവും സ്വതന്ത്രസമൂഹസൃഷ്ടിയും നവീന ചുവടുവയ്പ്പായിരുന്നു. ജാതി-മത ഘടനയിൽ നിന്ന് വേർപെട്ട് സ്വതന്ത്രസമുദായമായി ജീവിക്കുക അക്കാലത്ത് വിഭാവനം ചെയ്യാൻകഴിയുന്നതിനുമപ്പുറമുള്ള റാഡിക്കൽ ഭാവനയായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. ജാതിവിവേചനത്തെയും ജാതിസങ്കല്പത്തെയും വിശാല മനുഷ്യഭാവനകൊണ്ട് എതിർത്ത ശ്രീനാരായണഗുരുവിന് അത് പ്രയോഗത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ആ സന്ദർഭത്തിലാണ് അപ്പച്ചൻ ജാതിരഹിതസമൂഹം എന്ന ആശയം പ്രായോഗികമാക്കാൻ ശ്രമിച്ചത് എന്നുകൂടി ഓർക്കേണ്ടതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ശ്രീനാരായണഗുരുവിനൊപ്പമോ അതിലും കൂടുതൽ പ്രാധാന്യത്തോടെയോ അപ്പച്ചനെയും ഉൾക്കൊള്ളേണ്ടിയിരുന്നു. തത്വചിന്താധിഷ്ഠിതമായി ഗുരുവിന്റെ മനുഷ്യഭാവനയെ അംഗീകരിക്കുമ്പോൾത്തന്നെ ജാതിമത നിഷേധത്തിലൂടെ വർഗാധിഷ്ഠിതമായ ആധുനിക സമുദായ സൃഷ്ടി എന്ന അപ്പച്ചൻ ഭാവനയും റാഡിക്കലായിരുന്നുവെന്നും കൂടുതൽ പ്രയോഗികമായിരുന്നുവെന്നും ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. അപ്പച്ചനെ ഉൾക്കൊണ്ടിരുന്നെങ്കിൽ കേരളത്തിന്റെ ആധുനികീകരണം മൗലികവും റാഡിക്കലുമായ കൂടുതൽ തലങ്ങളിലേക്കു വളർന്നേനെ.
നിഷേധിക്കപ്പെട്ടിരുന്ന സ്വത്തുക്കളും വിഭവങ്ങളും ആർജ്ജിക്കാനുള്ളതാണ്, ആരെങ്കിലും അനുവദിക്കേണ്ടതല്ല എന്ന ബദൽ വീക്ഷണം തന്റെ ജനതയെ മനസിലാക്കിക്കുന്ന പ്രായോഗിക പ്രവർത്തനങ്ങൾ ഏറ്റെടുത്തുവെന്നതും അക്കാലത്തെ സമാനതയില്ലാത്ത റാഡിക്കൽ പ്രയോഗമായിരുന്നു. പൊയ്കക്കൂട്ടർ 1912- ൽ എരുമേലിക്കടുത്തു കൊഴുക്കച്ചിറയിൽ വനഭൂമി വെട്ടിത്തെളിച്ചു കൃഷി ചെയ്തു. വിഭവസമാഹരണത്തിന് സവർണരെത്തിയതോടെ സംഘർഷം ആരംഭിച്ചു. അയ്യങ്കാളിയുൾപ്പടെയുള്ളവർ കൊഴുക്കുചിറ ലഹള കായികമായി നേരിട്ട് പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെങ്കിലും സംഘർഷം ഒഴിവാകാത്തതിനെ തുടർന്ന് തന്റെ അനുയായികളോട് സ്ഥലം വിട്ടൊഴിഞ്ഞു പോകാൻ അപ്പച്ചൻ ആവശ്യപ്പെടുകയാണുണ്ടായത്. കൊഴുക്കുചിറ ലഹള എന്നാണ് ഈ സവർണാതിക്രമം അറിയപ്പെടുന്നത്.
കൊഴുക്കുചിറ ലഹളക്കുശേഷം അപ്പച്ചൻ തന്റെ സാമ്പത്തികവീക്ഷണം പരിഷ്‌കരിച്ചു. അടിമസന്തതികൾക്ക് സ്വന്തമായി ഭൂമിയും പാർപ്പിടവും അടിയന്തരാവശ്യമാണെന്നു മനസ്സിലാക്കി അവർക്കായി ഭൂമി വാങ്ങി പാർപ്പിടങ്ങളുണ്ടാക്കി കാർഷിക സൗകര്യങ്ങളൊരുക്കി ആത്മാഭിമാനമുള്ള സ്വാതന്ത്ര ജനതയാക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. ഒരു ജാതിരഹിത സമൂഹമായിരുന്നു വിഭാവനം ചെയ്തത്. അനുയായികൾ ജാതിക്കതീതമായി പ്രവർത്തിക്കണം എന്ന നിർബന്ധവും പാലിച്ചതോടെ മിശ്രവിവാഹവും ജാതിരഹിതമായ പന്തിഭോജനവും പ്രോത്സാഹിപ്പിക്കപ്പെട്ടു. ശ്രീനാരായണഗുരുവിനു പ്രായോഗികമാക്കാൻ കഴിയാത്ത ജാതിയേതര സമൂഹസൃഷ്ടി പ്രയോഗത്തിലെത്തിക്കാൻ അപ്പച്ചനും പി.ആർ.ഡി.എസിനും കഴിഞ്ഞുവെന്നത് ചരിത്രപ്രാധാന്യമർഹിക്കുന്ന മാതൃകയാണ്. എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും കേരളം മൗലികമായും റാഡിക്കലായും സൃഷ്ടിച്ച വർഗസമൂഹ മാതൃകയായിരുന്നു ഇതെന്നു സമ്മതിച്ചേ മതിയാകൂ.
അപ്പച്ചന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാനായത് പൊയ്കക്കൂട്ടർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അനുയായികളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ്. ഈ കൂട്ടായ്മ പിൽക്കാലത്തു പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിലറിയപ്പെട്ടു. ഇതൊരു ക്രൈസ്തവ സഭയല്ല. കേരളത്തിൽ ആദ്യമായി ജാതിയേതര മതേതര സാമൂഹിക പ്രസ്ഥാനമായി രൂപംകൊണ്ടതാണെന്നു പറയാം. ക്രിസ്ത്യാനിയായിരുന്ന അപ്പച്ചനും അനുയായികളും ക്രൈസ്തവവത്കരണത്തിന്റെ ഭാഗമായി അനുശീലിച്ച ചില സ്വഭാവങ്ങൾ ഇതിന്റെ പേരിലുൾപ്പടെ കടന്നുവന്നിട്ടുണ്ട്. സംഘടന കൊണ്ട് ശക്തരാകുക എന്ന ഗുരുവിന്റെ ആശയത്തിനു തുല്യമായിട്ടാണ് ഇത് രൂപംകൊണ്ടതെന്നു പറയാനാവില്ല.
ക്രൈസ്തവ സഭകളിൽ നിന്ന് പുറത്തുവന്നിട്ടും വളരെക്കാലം സംഘടനാരൂപീകരണത്തിലേക്ക് അപ്പച്ചൻ താല്പര്യം കാണിച്ചിരുന്നില്ല. പൊയ്കക്കൂട്ടർ ആദ്യകാലങ്ങളിൽ അപ്പച്ചനിൽ വിശ്വാസമർപ്പിച്ച് അധഃസ്ഥിത ജനതയുടെ വിമോചനത്തിനായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളെ സന്നദ്ധ പ്രവർത്തനമായി, സാമൂഹ്യസേവനമായി ഏറ്റെടുത്തു. പ്രവർത്തനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ അനൗദ്യോഗികമായ സവർണവിരുദ്ധ സംഘടനാ സ്വഭാവം കൈവന്നു. അക്കാലങ്ങളിൽ പൊയ്കക്കൂട്ടർക്കെതിരായി സവർണ ക്രൈസ്തവർ നടത്തിയ കലാപങ്ങളിൽ നിന്നും, ബോധപൂർവമായ വധശ്രമങ്ങളിൽ നിന്നും അപ്പച്ചനെ രക്ഷിക്കാനും സ്വരക്ഷക്കുമായി അവർ തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഈ ചെറുത്തുനിൽപ്പുകളാണ് പൊയ്കകൂട്ടർക്ക് സംഘടനാസ്വഭാവം പകർന്നു നല്കിയത്. 1910- ൽ നടന്ന ഒരു കോടതിവിചാരണക്കിടയിലാണ് ‘നിങ്ങൾനടത്തുന്ന സമുദായത്തിന്റെ പേരെന്താണ്’ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായി, പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേര് അപ്പച്ചൻ അറിയിച്ചത്.
നിർഭാഗ്യവശാൽ അപ്പച്ചന്റെ മൗലികവും പുരോഗമനപരവും വർഗ്ഗപരവുമായ ആശയലോകത്തെ ഉൾക്കൊണ്ടു വളരാൻകേരള റാഡിക്കലിസത്തിനായില്ല എന്നത് ഇനിയെങ്കിലും ബോധ്യപ്പെടേണ്ടതാണ്.
പ്രത്യക്ഷത്തിൽ രക്ഷ കിട്ടുന്ന സഭയാണ് പ്രത്യക്ഷ രക്ഷാ സഭ എന്നതിന്റെ വിവക്ഷ. ഇതൊരു മതസഭയല്ല; ബൈബിളിനെയും ക്രിസ്തുമത ദൈവസങ്കല്പങ്ങളെയും നിരാകരിക്കുന്നു. എന്നാൽ ഹൈന്ദവ ആത്മീയതയുടെ ഭാഗവുമല്ല. ക്രൈസ്തവ- ഹൈന്ദവ മോക്ഷസങ്കല്പമല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ വ്യക്തിയുടെ തിരിച്ചറിവിന്റെ രക്ഷയാണത് ഉദ്ദേശിക്കുന്നത്. ഇതിന് പൂർവ മാതൃകകളില്ല. ആത്മീയതയെ സാമൂഹിക കർത്തവ്യമായി ഉൾക്കൊള്ളുന്നു.
അക്ഷീണ പരിശ്രമം കൊണ്ട് നമുക്കൊരു
കെട്ടിടം തൽക്ഷണം തീർക്കേണമേ, ആക്ഷേപങ്ങളെല്ലാം തീർക്കേണമേ,
നമുക്കാനന്ദമായൊന്നു വാഴേണമേ
എന്ന ആഹ്വാനത്തിൽ, ആത്മാഭിമാനത്തോടെ വാഴാൻ ദൈവസങ്കല്പമല്ല, ഭൗതികമായ ഇടപെടലാണ് വേണ്ടത് എന്ന് പറയുകയാണ്. സ്വയം നവീകരണത്തിന് അപ്പച്ചൻ പെരുമാറ്റച്ചട്ടമുണ്ടാക്കി. തന്റെ വംശത്തെ മാറ്റിനിറുത്തുന്നതിൽ പ്രധാനമായ ഒരു ഘടകം അശുദ്ധിയാണ്, അതുകൊണ്ട് പ്രതിരോധമായി ശുചിത്വത്തെ ഏറ്റെടുത്തു. അടിമ വംശത്തെ തിരിച്ചറിയാനും ഒഴിവാക്കാനും ഉപയോഗിച്ച അളവുകോലിൽ പ്രധാനം ശുദ്ധി എന്ന സവർണ സങ്കല്പമാണ്. സവർണ ഹിന്ദുക്കൾ, സവർണ ക്രിസ്ത്യാനികൾ, യൂറോപ്യൻമിഷനറിമാർ എന്നിവരൊക്കെ സമാനമായി ശുദ്ധിസങ്കല്പം വിവേചന ഉപാധിയാക്കിയിട്ടുണ്ട്. അപ്പച്ചൻ ആദ്യം തന്റെ അനുയായികൾ അലക്കി വെളിപ്പിച്ച വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടു. ഒപ്പം, ശരീരശുദ്ധിയും ഗൃഹശുദ്ധിയും വചനശുദ്ധിയും പാലിക്കണമെന്നും. കൈകൂപ്പി വന്ദനമറിയിക്കുന്ന പെരുമാറ്റം വേണം, സ്ത്രീകൾ റൗക്ക ധരിക്കണം, മുട്ടിനു താഴെയിറക്കി മുണ്ടുടുക്കണം, പുകവലി- മദ്യം എന്നിവ വർജ്ജിക്കണം, സ്ത്രീകളോട് മാന്യമായി പെരുമാറണം, കാള, പോത്ത് തുടങ്ങിയവയുടെ മാംസം വർജിക്കണം തുടങ്ങിയുള്ള സ്വയം നവീകരണ പ്രക്രിയയുടെ ഭാഗമായി നടപ്പാക്കി. സൈനികവൽക്കരണമെന്ന ആശയം തന്നെയായിരുന്നു ഈ വസ്ത്രധാരണമെങ്കിലും അവ സൃഷ്ടിച്ച സമത്വ ബോധവും ഇതര വിഭാഗങ്ങളിൽ നിന്നുള്ള വ്യത്യാസവും വസ്ത്രത്തെ ഒരു ഭാഗത്ത് പ്രത്യക്ഷരക്ഷാ സഭക്കാരുടെ സ്വത്വമുദ്രയാക്കി. മാംസഭക്ഷണം ഒഴിവാക്കി സസ്യഭുക്കുകളായി സവർണ ഹിന്ദുരീതി നയിക്കാനല്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ കാളയും പോത്തും കഴിക്കരുത് എന്ന് നിർദേശിച്ചുവെന്നുമാത്രം. അടിമവംശത്തിന്റെ ഉദ്‌ബോധനത്തിന് തെരുവോരം നടത്തിയ സഞ്ചാരപ്രസംഗങ്ങൾ സാധ്യമായത് അപ്പച്ചന്റെ മുൻ ക്രൈസ്തവ ബന്ധം മൂലമാണ്. എന്നാലത് അധഃസ്ഥിതനുണ്ടായിരുന്ന സഞ്ചാരവിലക്കുകൾക്കെതിരെയുള്ള പ്രതിഷേധമായി മാറിയെന്നതും അടിവരയിട്ടു ഓർക്കേണ്ടതാണ്. പി.ആർ.ഡി.എസ് നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രധാനമായി രണ്ടു കാര്യങ്ങൾ കാണാം. സ്വന്തമായി സ്‌കൂളുകൾ സ്ഥാപിച്ചുവെന്നതും മുഖ്യമായും ഭാഷാസ്‌കൂളുകൾക്ക് പ്രാധാന്യം നല്കിയെന്നതുമാണ് അത്. 1930- ലാണ് വെങ്ങളത്തുകുന്നിൽ ഒരു ഇംഗ്ലീഷ് മീഡിയം റെസിഡൻഷ്യൽ സ്‌കൂൾ ആരംഭിച്ചത്. പ്രത്യേകമായി സർക്കാർ ആനുകുല്യമില്ലാതെയാണ് ഈ സ്‌കൂളുകൾ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. ഇതും ബദൽ ഇടപെടൽ തന്നെയയായി പരിഗണിക്കാം. ഒരേസമയം മിഷനറി വിദ്യാഭ്യാസത്തിനും സർക്കാർ സ്‌കൂളുകൾക്കും സമാന്തരമായി വിദ്യാഭ്യാസത്തിൽ ഇടപെടാൻ പി.ആർ.ഡി.എസിനു കഴിഞ്ഞുവെന്നതാണ് പ്രധാനം. അറിവിലൂടെ തന്റെ വംശം ഭാവിയിൽ സ്വാതന്ത്രരാകുമെന്നദ്ദേഹം വിശ്വസിച്ചിരിക്കാം.
1921ലാണ് അപ്പച്ചൻ ആദ്യമായി ശ്രീമൂലം പ്രജാസഭയിൽ അംഗമായത്. ഇതോടെയാണ്, ക്രിസ്തുമതം സ്വീകരിച്ച ദലിതരുടെ പ്രശ്‌നങ്ങൾ അധികാരികളെ ബോധ്യപ്പെടുത്താനും അനുകൂലമായ നടപടികൾ സാധിച്ചെടുക്കാനും കഴിഞ്ഞത്. അയ്യങ്കാളി പുലയരുടെ പ്രതിനിധിയായിട്ടാണ് പ്രജാസഭയിൽ പ്രവർത്തിച്ചത്. എന്നാൽ, അധഃസ്ഥിതവർഗ്ഗത്തിൽപെട്ട ഇതരവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലർത്തിയിരുന്നു. അപ്പച്ചൻ അടിമ വംശത്തിൽപ്പെട്ട എല്ലാവരുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്നു. 1921- ൽ അടിമവംശത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം എന്നീ വിഷയങ്ങൾ ഏറ്റെടുക്കുകയും പുസ്തകത്തിനും ഉച്ചഭക്ഷണത്തിനും ഗ്രാൻറ് ഏർപ്പെടുത്തിക്കാനും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്താനും ഉദ്യോഗത്തിൽ പ്രായപരിധി ഇളവ്, ക്ലാസ് കയറ്റത്തിൽ മാർക്കിളവ് എന്നിവ നടത്തിയെടുക്കാനും ശ്രമിച്ചു. അതോടൊപ്പം, ക്രിസ്ത്യാനികൾ എന്നത് ഒറ്റ വിഭാഗമല്ലെന്നും അതിൽ അവഗണന അനുഭവിക്കുന്നവരാണ് ദലിത് ക്രൈസ്തവരെന്നും ഗവണ്മെൻറ് ആനുകൂല്യങ്ങൾ അവർക്ക് സവിശേഷമായി അനുവദിക്കണമെന്നും വാദിച്ചു. പരിവർത്തിത ക്രൈസ്തവർ ജാതിവിവേചനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നതുകൊണ്ട്, അക്രൈസ്തവരായ ദലിതർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സമാനമായി ദലിത് ക്രൈസ്തവർക്കും നൽകണമെന്നും വാദിച്ചു.
1931- ൽ രണ്ടാംവട്ടവും അപ്പച്ചൻ പ്രജാസഭയിലെത്തി. അന്ന് ദലിത് വിഭാഗങ്ങളിൽ പ്പെട്ട പല ഉപജാതി പ്രതിനിധികളും പ്രജാസഭയിലുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ സമുദായ പ്രശ്‌നങ്ങൾ അവതരിപ്പിച്ചപ്പോൾ അപ്പച്ചൻ എല്ലാവരുടെയും ആവശ്യം ഒന്നാണെന്നും ഐക്യത്തോടെ സംസാരിച്ച് പ്രശ്‌നപരിഹാരം നേടണമെന്നുമുള്ള വർഗപരമായ നിലപാടെടുത്തു. അയ്യങ്കാളി ഒഴികെയുള്ളവർക്ക് അപ്പച്ചന്റെ വർഗപരമായ നിലപാടിനോട് യോജിക്കാനായില്ല.
കേരളത്തിന്റെ തദ്ദേശീയമായ റാഡിക്കൽ സമീപനമാണ് അപ്പച്ചനിസം. അതിനെ അടിസ്ഥാനമാക്കിവേണം കേരള റാഡിക്കലിസത്തെ മുന്നോട്ടുനയിക്കേണ്ടിയിരുന്നത്.
അധഃസ്ഥിത ജനതയുടെ വിദ്യഭ്യാസത്തിനും ഉദ്യോഗത്തിനും ഭൂ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനും അധഃസ്ഥിത നേതാക്കൾ ശബ്ദമുയർത്തിയിരുന്നു. ഭൂമിയുടെ ഉടമവകാശത്തെ അടിമത്ത വിമോചനമായി അപ്പച്ചൻ കണ്ടതുകൊണ്ട്, അടിമവംശത്തിന് ഭൂമി പതിച്ചുതരണം, തരിശുഭൂമി കണ്ടെത്തി പതിച്ചുതരണം, വനഭൂമിയിൽ കൃഷിചെയ്യാനനുയോജ്യമായ ഇടങ്ങളിൽ കൃഷി ചെയ്യാൻ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ വർഗപരമായ നിലപാടായി മുന്നോട്ടുവച്ചു. പി.ആർ.ഡി.എസ് സ്‌കൂളുകൾക്ക് ഗ്രാന്റ് അനുവദിക്കാത്തതിനെ വിമർശിക്കുകയും ദലിത് ക്രൈസ്തവർക്കായുള്ള ഭൂ അവകാശങ്ങൾക്കുവേണ്ടി സവിശേഷമായി നിലകൊള്ളുകയും ചെയ്തു. അപ്പച്ചന്റെ അഭിപ്രായങ്ങൾക്ക് അംഗീകാരമുണ്ടായിയെന്നതും ഓർക്കേണ്ടതാണ്. വളക്കൂറില്ലാത്ത, കൃഷിയോഗ്യമല്ലാത്ത ഭൂമിയാണ് ദലിതർക്ക് പതിച്ചുകിട്ടിയത് എന്നും അതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നുമുള്ള അപ്പച്ചന്റെ അഭിപ്രായത്തിന് സത്വര നടപടിയുണ്ടാകുമെന്ന് ദിവാൻ അറിയിച്ചു. ഇന്നും നടപ്പിലുള്ള വിദ്യാഭ്യാസാനുകൂല്യങ്ങൾ ആദ്യമായി ഉന്നയിച്ച് പരിഹാരം കണ്ടെത്തിയത് അപ്പച്ചനായിരുന്നു. അന്ന് അപ്പച്ചൻ ഉന്നയിച്ച ഭൂ പ്രശ്‌നം ദലിതരെയും ആദിവാസികളെയും സംബന്ധിച്ച് ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി നിലനിൽക്കുന്നു. അന്നത്തെപോലെ ഒരുനൂറ്റാണ്ടിനുശേഷം ഇന്നും പതിച്ചുനൽകുന്ന ഭൂമി കൃഷിചെയ്യാനാകാത്തതാണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അപ്പച്ചൻ മുന്നോട്ടുവച്ച ‘കർഷകന് ഭൂമി’ എന്നവാദം കേരളത്തിലെ റാഡിക്കൽ വാദങ്ങളിൽ പ്രഥമ പരിഗണന അർഹിക്കുന്നതാണ്.
അക്രൈസ്തവ ദലിത് വിഭാഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായി പരിവർത്തിത ക്രൈസ്തവരെയും പരിഗണിക്കണമെന്ന അപ്പച്ചന്റെ ആവശ്യം ഇന്നും കേരളം അനുഭാവപൂർവം പരിഗണിച്ചിട്ടില്ല. ഇതിന്റെ കാരണങ്ങൾ അന്വേഷിച്ചാൽ അപ്പച്ചൻ ഉന്നയിച്ച അതേ ഭരണകൂട മനോഭാവം തിരിച്ചറിയാം. ക്രിസ്ത്യാനികൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളുടെ പങ്കിനേ പരിവർത്തിത ക്രിസ്ത്യാനികളായ ദലിതർക്കും അർഹതയുള്ളൂവെന്ന നിലപാടാണ്. എന്നാൽ ഇതിനെതിരെയാണ് 1920-കളിൽ തന്നെ അപ്പച്ചൻ ശബ്ദമുയർത്തിയത്. അടിമവംശത്തെ മതഭേദമെന്യേ, ജാതി ഉപജാതിഭേദമെന്യേ ഒരു വർഗമായി കാണണമെന്നും ആനുകൂല്യങ്ങൾ സമാനമായി വിതരണം ചെയ്യണമെന്നുമാണ് അപ്പച്ചൻ വാദിച്ചത്. വർഗപരമായ അപ്പച്ചന്റെ നിലപാട് ഏറ്റെടുക്കാതെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ദലിതരെ ഇന്നും നോക്കിക്കാണുന്നത് ചരിത്രനിഷേധമായേ കാണാനാവൂ. കേരളത്തിന്റെ തദ്ദേശീയമായ റാഡിക്കൽ സമീപനമാണ് അപ്പച്ചനിസം. അതിനെ അടിസ്ഥാനമാക്കിവേണം കേരള റാഡിക്കലിസത്തെ മുന്നോട്ടുനയിക്കേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ അപ്പച്ചന്റെ മൗലികവും പുരോഗമനപരവും വർഗ്ഗപരവുമായ ആശയലോകത്തെ ഉൾക്കൊണ്ടു വളരാൻകേരള റാഡിക്കലിസത്തിനായില്ല എന്നത് ഇനിയെങ്കിലും ബോധ്യപ്പെടേണ്ടതാണ്.
അപ്പച്ചനിസത്തെ മനസ്സിലാക്കുമ്പോൾ അപ്പച്ചന്റെ റാഡിക്കൽ സമീപനങ്ങളെയും അതുവഴി അപ്പച്ചന് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെയും കൂടി അറിയണം. അക്കാലത്തുയർന്നുവന്ന സമുദായവത്കരണത്തെ (ജാതിവത്കരണം) അപ്പച്ചൻ അതേപടി ഏറ്റെടുത്തില്ല. ജാതിപ്രസ്ഥാനത്തിന് അധഃസ്ഥിത വിമോചനം സാധ്യമാക്കാനാവില്ല എന്ന ബോധ്യമാണ് അപ്പച്ചനുണ്ടായിരുന്നത്. ഒരേ ചരിത്രാടിത്തറയുള്ള വിഭാഗങ്ങൾ ജാതിയേതരമായി ഒന്നിച്ച് ഒരേ വർഗമായി തിരിച്ചറിഞ്ഞ് ആധുനിക സമുദായമായി രൂപംകൊള്ളുക എന്ന തികച്ചും മാനവികവും ശാസ്ത്രീയവും റാഡിക്കലുമായ വർഗസങ്കൽപം അവതരിപ്പിക്കുകയായിരുന്നു അപ്പച്ചൻ. പി.ആർ.ഡി. എസ് നവീനമായ സമൂഹമായിരുന്നു. ഭൗതികമായ ജീവിതം ആത്മാഭിമാനത്തോടെ സ്വന്തം അധ്വാനത്തെ മുൻനിറുത്തി ലിംഗഭേദം, ജാതിഭേദം, മതഭേദം ഇവയില്ലാതെ സമത്വവും സാഹോദര്യവും പാലിക്കുന്ന ജീവിതക്രമമായിട്ടാണ് അപ്പച്ചന്റെ മനുഷ്യസമുദായഭാവനയെ കാണേണ്ടത്. ‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എന്ന് ശ്രീനാരായണഗുരു വിഭാവനം ചെയ്തതിനു സമാനമായ സമൂഹസങ്കല്പമാണ് അപ്പച്ചനും മുന്നോട്ടുവെച്ചത്. ഗുരു ഭൗതികവും ആത്മീയവുമായ ജീവിതക്രമത്തിന് ഉന്നൽ നൽകിയപ്പോൾ അപ്പച്ചൻ കൂടുതൽ റാഡിക്കലായ നിലപാട് കൈക്കൊണ്ടു. മതം വിമോചനം അസാധ്യമാക്കുന്നു, അത് ജാ തികളെ നിലനിർത്തി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ബോധ്യത്തിലാണ് ക്രിസ്തുമതം ഉപേക്ഷിച്ചതും ബൈബിൾ കത്തിച്ചതും. ആത്മാഭിമാനത്തോടെ ഇഹലോകത്ത് ജീവിക്കുന്നതിന് മതം അനുകൂലമല്ല. അധ്വാനത്തിലൂന്നിയ ഭൗതിക സുരക്ഷയും വിവേചനതീതമായ സാഹോദര്യവും സൃഷ്ടിച്ചുകൊണ്ടുള്ള ഭൗതികജീവിതത്തിനാണ് പ്രാധാന്യമെന്നു മനസിലാക്കികൊണ്ടുള്ള സമൂഹപരിവർത്തനമാണ് അടിമസന്തതികളുടെ വിമോചനം അഥവാ രക്ഷ ഉറപ്പുവരുത്തുന്നത് എന്ന് ചിന്തിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ഭൗതികതയ്ക്ക് നൽകിയ ഊന്നൽ പൊയ്കക്കൂട്ടരിൽ ആത്മീയ ശൂന്യത സൃഷ്ടിച്ചു. ബൈബിൾ കത്തിച്ച് ക്രിസ്തുമതം ഉപേക്ഷിച്ചുവന്നവർക്ക് സമത്വവും സാഹോദര്യവും നിറഞ്ഞ ഭൗതികജീവിതമല്ലാതെ ജനതയ്ക്കു വിശ്വസിക്കാനും ആത്മീയാഭയത്തിനും പകരം നൽകാൻ അപ്പച്ചന് കഴിഞ്ഞില്ല. എന്നാൽ അവർ അനുഭവിച്ച വിടവ് അവർതന്നെ പരിഹരിച്ചു. എല്ലാത്തിനും രക്ഷയും പരിഹാരവുമായി അപ്പച്ചനെ മനസിൽ പ്രതിഷ്ഠിച്ചു മുന്നേറി. അപ്പച്ചനും കൃത്യമായി ഇതുമനസിലാക്കിയെങ്കിലും അവർ ഒറ്റ നവീന സമൂഹമായി മാറുന്നുവെന്നതുകൊണ്ടും വിവേചനം ഒഴിഞ്ഞുപോകുന്നുവെന്നതുകൊണ്ടും തന്റെ രക്ഷാപ്രവർത്തനങ്ങളുടെ സാമൂഹിക രാഷ്ട്രീയം മനസിലാക്കാനുള്ള രാഷ്ട്രീയാവബോധം നേടാത്തവരയതുകൊണ്ടും അവരുടെ വിശ്വാസത്തെ എതിർക്കാനും അപ്പച്ചൻ ശ്രമിച്ചില്ല. പകരം രക്ഷാവേലകൾ നിർത്തരുത് എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അപ്പച്ചൻ ആൾദൈവമായി പ്രവർത്തിക്കുന്നുവെന്നൊക്കെ മിഷനറിമാർ വിമർശിച്ചിട്ടുണ്ടെങ്കിലും അപ്പച്ചൻ രക്ഷാസങ്കൽപത്തെ ഭൗതികമായ ആത്മീയതയായി പരിവർത്തനപ്പെടുത്തി, അധ്വാനത്തിലും കൂട്ടായ്മയിലും ഉടലെടുക്കുന്ന പുതിയ ദൈവ സങ്കല്പത്തെ വിഭാവനം ചെയ്യുകയായിരുന്നു. കർമ്മത്തിലൂന്നിയ ആത്മീയഭാവം സാമൂഹികവും ഭൗതികവുമായ രക്ഷയാണ് എന്നു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. ഭൗതിക ജീവിത സുരക്ഷകൊണ്ട്, അത് സൃഷ്ടിക്കാൻ കഴിയാത്ത ദൈവത്തെ വിചാരണ ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഇത്രയും റാഡിക്കലായ ഒരു ചിന്താധാര അപ്പച്ചനിസത്തിലുണ്ട്. അക്കാലത്തെ സമുദായോദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരിലും ഇത്രയും തീക്ഷ്ണവും ഭൗതികവും വർഗ്ഗപരവുമായ തിരിച്ചറിവ് ഉണ്ടായിരുന്നുവെന്നു ഉറപ്പിക്കാനാവില്ല. അപ്പച്ചനിസം പൂർണമായും തദ്ദേശീയവും മൗലികവും വിമോചനാത്മകവുമായ റാഡിക്കൽ ചിന്ത ഉൾക്കൊള്ളുന്നതാണ്. നവോത്ഥാനപ്രക്രിയായി വിശേഷിപ്പിക്കുന്ന സമുദായവൽക്കരണത്തെ പൊതുവിൽ ജാതിസ്വത്വവത്കരണമായി ആഘോഷിച്ചപ്പോൾ ജാതിയേതരമായി വർഗപരമായ നിലപാട് സ്വീകരിക്കാൻ അപ്പച്ചന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്നത് തിരിച്ചറിയാതിരുന്നുകൂടാ.
അപ്പച്ചനിസത്തിന് സർഗാത്മകമായ പിന്തുടർച്ചകൾ ഉണ്ടാകാതിരിക്കാനുള്ള കാരണവും അപ്പച്ചൻ വിഭാവനം ചെയ്ത ദലിത് ഐക്യം ഇനിയും എന്തുകൊണ്ട് രാഷ്രീയ പ്രബുദ്ധ കേരളം ഏറ്റെടുക്കാതിരിക്കുന്നുവെന്നതും അന്വേഷിച്ചറിയേണ്ടതുണ്ട്.
കൊളോണിയൽ ആധുനികത നൽകിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ആർജിച്ച പൗരബോധം ജനസംഖ്യാടിസ്ഥാനത്തിലുള്ള ആളോഹരി പ്രാതിനിധ്യത്തിനായി വാദിക്കാൻ ഡോ. പല്പുവിനെയും മറ്റുള്ളവരെയും പ്രാപ്തമാക്കിയപ്പോൾ അത്തരം പിൻബലം അവകാശപ്പെടാനില്ലാത്ത അപ്പച്ചൻ തന്റെ വംശത്തിന്റെ പ്രശ്‌നങ്ങളുടെ ആഴവും പരപ്പും തനതായി മനസിലാക്കുകയും വർഗ്ഗവിമോചനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തു നടപ്പാക്കുകയും അവസരം ലഭിച്ചപ്പോൾ അധികാരകേന്ദ്രങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അപ്പച്ചൻ മുന്നോട്ടുവെച്ച പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടായെങ്കിലും പരിവർത്തിത ക്രൈസ്തവർക്ക് സംവരണാനുകൂല്യം ഇനിയും പൂർണമായി ലഭ്യമായിട്ടില്ല. പൂർവമാതൃകകളില്ലാത്ത പി.ആർ.ഡി.എസ് മാതൃകയുടെ റാഡിക്കൽ സാധ്യതകൾ അനന്തമായിരുന്നു. പക്ഷേ അപ്പച്ചന്റെ വേറിട്ട റാഡിക്കൽ ചിന്തയെ ഉൾക്കൊള്ളാൻ സാക്ഷരകേരളത്തിനു കഴിഞ്ഞില്ല. അപ്പച്ചനിസം കേരളത്തിന്റെ റാഡിക്കലായ നവോത്ഥാന തദ്ദേശീയതയെ പ്രതിനിധാനം ചെയ്തുവെന്നത് മായ്ക്കാനാവില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അപ്പച്ചനിസത്തെ ഉൾക്കൊണ്ടിരുന്നെങ്കിൽ ആധുനിക കേരള സമൂഹം മതേതരവും ജാതിയേതരവുമായ വർഗഘടനയെ പ്രായോഗികമായി പ്രതിനിധാനം ചെയ്യുന്നതാകുമായിരുന്നു. അപ്പച്ചനിസത്തിനു സമകാല തുടർച്ചയും കാലോചിതമായ പരിഷ്‌ക്കരണവും കൈവന്ന്, കേരള റാഡിക്കലിസം കൂടുതൽസർഗാത്മകമാകുമായിരുന്നു. അപ്പച്ചനിസത്തെ തിരിച്ചറിയാനും ഉൾക്കൊള്ളാനും വൈകുന്നതിന്റെ കാരണം, അപ്പച്ചൻ പ്രശ്‌നവൽക്കരിച്ച സാക്ഷരതാ രാഷ്ട്രീയവും ജാതിസ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കൂടാതെ, അപ്പച്ചനിസത്തിന് സർഗാത്മകമായ പിന്തുടർച്ചകൾ ഉണ്ടാകാതിരിക്കാനുള്ള കാരണവും അപ്പച്ചൻ വിഭാവനം ചെയ്ത ദലിത് ഐക്യം ഇനിയും എന്തുകൊണ്ട് രാഷ്രീയ പ്രബുദ്ധ കേരളം ഏറ്റെടുക്കാതിരിക്കുന്നുവെന്നതും അന്വേഷിച്ചറിയേണ്ടതുണ്ട്.
(അവസാനിച്ചു)