എല്ലാ കാലത്തും രാഷ്ട്രീയവും സാമൂഹ്യവുമായ വലിയ തർക്കങ്ങൾക്ക് കാരണമായ വിഷയമാണ് സംവരണം, അതിൽ തന്നെ ജാതിസംവരണം. ജാതി സംവരണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും പൂർണ്ണമായി സംവരണം എന്താണെന്ന് മനസിലാക്കിയിട്ടാണോ അങ്ങനെ ചെയ്യുന്നത് എന്നത് തീർച്ചയായും ചോദ്യമായി ഉന്നയിക്കേണ്ടിരിക്കുന്നു.
സംവരണം എന്നാൽ, ബൗദ്ധികമായി കഴിവു കുറഞ്ഞതും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നതുമായ ആളുകൾക്ക്, ബൗദ്ധികമായും സാമൂഹ്യമായും മുന്നാക്കം നിൽക്കുന്ന ആളുകളുടെ അധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വരുമാനത്തിൽ നിന്നെടുത്തുകൊടുക്കുന്ന ജോലിയും കൂലിയും ആണെന്ന വരേണ്യവിചാരം പൊതുവെയുണ്ട്. അതായത് സമ്പന്ന സവർണർ നൽകുന്ന ഭിക്ഷയാണ് സംവരണം.
ജാതിസംവരണത്തിനെതിരെ സംസാരിക്കുന്നവർ മറ്റു ചില വാദങ്ങൾ കൂടി ഉന്നയിക്കാറുണ്ട്:
ജാതിസംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടത്.
ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം അനീതിയാണ്, അത് ജാതിവ്യവസ്ഥയും ജാതിവിവേചനവും നിലനിർത്താൻ മാത്രമേ സഹായിക്കുകയുള്ളൂ.
മെറിറ്റ് നോക്കാതെ സംവരണം കുത്തിക്കയറ്റിയതാണ് നമ്മുടെ നാട്ടിലെ പൊതുമേഖലാ സ്ഥപനങ്ങളുടെ ഗുണനിലവാരം ഇടിയാൻ കാരണം.
ഇങ്ങനെ പോകുന്നു എതിർപക്ഷവാദങ്ങൾ.
ഇതെല്ലമാണ് സംവരണം എന്നു പറയുന്ന സവർണ്ണ വിവരക്കേട് അവിടെ നിൽക്കട്ടെ. എന്നാൽ സവർണ്ണർ പറയുന്ന വിവരക്കേട് അതേപടി വിഴുങ്ങി, സംവരണം വാങ്ങുന്നത് എന്തോ വലിയ പാതകവും അപമാനവുമാണെന്ന് കരുതുന്ന സംവരണീയരുടെ വിവരക്കേടിനെ, അവിടെ നിൽക്കട്ടെ എന്നുപറഞ്ഞ് തള്ളിക്കളയാൻ കഴിയാത്തതുകൊണ്ടാണ് ചില കാര്യങ്ങൾ എഴുതുന്നത്.
ഉയർന്ന ജാതികൾക്ക് താഴ്ന്ന ജാതികളേക്കാൾ ഔന്നത്യം കണക്കാക്കപ്പെടുന്നതിനാൽ സ്വാഭാവികമായും താഴ്ന്നത് എന്ന് കരുതപ്പെട്ട ജാതികൾ അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടു.
ഇന്ത്യൻ ജാതിവ്യവസ്ഥയെയും ഇന്ത്യയിൽ ജാതി സംവരണം നടപ്പാക്കാനുണ്ടായ കാരണങ്ങളെയും വിലയിരുത്തിവേണം ഈ ആലോചന തുടങ്ങാൻ. ഒപ്പം പട്ടികജാതി സംവരണം ഹിന്ദു പട്ടികജാതികൾക്ക് മാത്രമായി സംവരണം ചെയ്തുവയ്ക്കുന്നതിലെ ചരിത്രപരമായ നീതികേട് സൂചിപ്പിക്കുകയും വേണം.
ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഉത്ഭവത്തെക്കുറിച്ച് മതപരവും ചരിത്രപരവുമൊക്കെയായ വ്യാഖ്യാനങ്ങളുണ്ട്.
മതപരമായ സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നത്, ഋഗ് വേദത്തിന്റെ അടിസ്ഥാനത്തിൽ, ആദിമ മനുഷ്യനായ വിരാട് പുരുഷൻ തന്റെ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് നാല് വർണ്ണങ്ങളെ ഉണ്ടാക്കി എന്നതാണ്. ബ്രാഹ്മണർ പുരുഷന്റെ തലയിൽ നിന്ന്, ക്ഷത്രിയർ കയ്യിൽ നിന്ന്, വൈശ്യർ തോളിൽ നിന്ന്, ശൂദ്രർ പാദങ്ങളിൽ നിന്ന് ഉണ്ടായി. സൃഷ്ടിക്കപ്പെട്ട അവയവങ്ങളുടെ പ്രാധാന്യം വർണ്ണങ്ങളുടെ സാമൂഹ്യപദവി നിർണ്ണയിക്കുന്നു. ഉദാഹരണത്തിന്, ബ്രാഹ്മണർ, പുരുഷന്റെ തലയിൽ നിന്ന് ഉൽഭവിച്ചതിനാൽ, വിദ്യാഭ്യാസവും ബുദ്ധിയുമായി ബന്ധപ്പെട്ടും ഏറ്റവും ശക്തിയുള്ള വർണ്ണമായും കണക്കാക്കപ്പെടുന്നു. ആയുധധാരികളായ ക്ഷത്രിയർ കരുത്തിനെ പ്രതിനിധീകരിക്കുന്ന കൈകളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മതപരമായ സിദ്ധാന്തം വെളിപ്പെടുത്തുന്നത്, വർണങ്ങൾ ബ്രഹ്മാവിന്റെ ശരീരാവയവങ്ങളിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നാണ്.
ചരിത്രപരമായി, ജാതിവ്യവസ്ഥയുടെ ആരംഭം ആര്യന്മാരുടെ ഇന്ത്യയിലെ വരവിനൊപ്പം 1500 ബി.സിയിൽ തുടങ്ങിയതാണെന്ന് കരുതപ്പെടുന്നു
ജാതി എന്ന വാക്കിന് നിർവചനം നൽകുന്നത് അത്ര എളുപ്പമല്ല. റിസ്ലിയുടെ (Sir Herbert Hope Risley) നിർവചനമനുസരിച്ച് ഒരേ പേരുള്ള കുടുംബം അല്ലെങ്കിൽ കുടുംബങ്ങളുടെ ഒരു സമാഹാരമാണ് ജാതി. ജാതി ഒരു പാരമ്പര്യ തൊഴിൽ പിന്തുടരുന്നു, ഇത് അവരെ ഒരു ഏകമാന സമുദായമായി പരിഗണിക്കുന്നതിന് കാരണമായി എന്ന വിശകലനങ്ങളുണ്ട്.
ജാതി, ഇതിനു പുറമേ, ഏതെങ്കിലും ഒരു ആവിഷ്കാരിക വിഭാഗത്തിന്റെ അന്തർജാതിയും പാരമ്പര്യ ഉപവിഭാഗവും ആണെന്നും നിർവചിക്കപ്പെട്ടിട്ടുണ്ട്. മറ്റു ഉപവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന അല്ലെങ്കിൽ താഴ്ന്ന സാമൂഹിക ബഹുമാന്യതയിലാണ് ഒരു ജാതിക്കകത്തുതന്നെ ആളുകൾ നിലനിൽക്കുന്നത്. ഓരോ ജാതിയും അനുഭവിക്കുന്ന സാമൂഹ്യപദവി സമ്പത്തിലേക്കും അധികാരത്തിലേക്കുമുള്ള അവരുടെ പ്രവേശനത്തിൽ നിർണ്ണായകമാണ്.
ശൂദ്രർ അനുഭവിച്ച ബുദ്ധിമുട്ടുകൾ അവരുടെ മതപരമായ സാമൂഹ്യബാധ്യതകളായിരുന്നു. എന്നാൽ അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ച അയിത്തവും അസ്പ്രശ്യതയും അവർ അനുഭവിക്കേണ്ട മതപരമായ ഉത്തരവാദിത്തമായിരുന്നില്ല.
സമൂഹത്തിലെ നേതൃസ്ഥാനങ്ങൾ ആധിപത്യമുള്ള ഏതാനും ജാതികൾക്കു മാത്രമാണ് പിടിച്ചുപറ്റാനായത്. ഉയർന്ന ജാതികൾക്ക് താഴ്ന്ന ജാതികളേക്കാൾ ഔന്നത്യം കണക്കാക്കപ്പെടുന്നതിനാൽ സ്വാഭാവികമായും താഴ്ന്നത് എന്ന് കരുതപ്പെട്ട ജാതികൾ അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടു. ബ്രാഹ്മണർ, സാധാരണയായി പുരോഹിതരും പണ്ഡിതരുമായി ജോലി ചെയ്തുകൊണ്ട് ഉന്നതസ്ഥാനത്ത് നിലകൊള്ളുന്നു.
ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ തുടങ്ങിയവർ വർണവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളായിരുന്നു. ശൂദ്രർ സാമൂഹ്യ വിവേചനങ്ങൾ അനുഭവിച്ചവരാണെങ്കിലും അവർ വർണവ്യവസ്ഥയിൽ തുടരുന്നതിന് കൊടുത്ത വിലയായിരുന്നു അവരുടെ മേലുണ്ടായിരുന്ന സാമൂഹ്യ വിവേചനങ്ങൾ. എന്നാൽ വർണ വ്യവസ്ഥക്കുപുറത്ത് ജീവിച്ചിരുന്ന അവർണ്ണ വിഭാഗങ്ങൾക്കുമേൽ ശൂദ്രർ അടക്കമുള്ള വർണ്ണക്കാർ അടിച്ചേൽപ്പിച്ച സാമൂഹ്യ- സാമ്പത്തിക വിവേചനങ്ങൾ അധികാരം കൊണ്ടും അക്രമം കൊണ്ടും തുടർന്നുപോന്ന മനുഷ്യത്വരഹിതമായ തിന്മകളായിരുന്നു.
ശൂദ്രർ അനുഭവിച്ച ബുദ്ധിമുട്ടുകൾ അവരുടെ മതപരമായ സാമൂഹ്യബാധ്യതകളായിരുന്നു. എന്നാൽ അവർണ്ണ വിഭാഗങ്ങൾ അനുഭവിച്ച അയിത്തവും അസ്പ്രശ്യതയും അവർ അനുഭവിക്കേണ്ട മതപരമായ ഉത്തരവാദിത്തമായിരുന്നില്ല. നൂറ്റാണ്ടുകളോളം അവർണ്ണ ജനതകളെ അധികാരവും വിഭവങ്ങളും ഇല്ലാത്തവരാക്കി മാറ്റിയത് അക്രമത്തിലൂടെയും അധികാരത്തിലൂടെയുമാണെന്നത് സംവരണത്തെ പറ്റിയുള്ള ഏതൊരു ചർച്ചയിലും ഏറ്റവും മുഖ്യമായി പരിഗണിക്കേണ്ട ഒരു കാര്യമാണ്. സംവരണം എന്നത് അധികാരത്തിലും വിഭവങ്ങളുടെയും മേലുമുള്ള പ്രതിനിധ്യ അവകാശമാണെന്ന വാദത്തിന്റെ മർമം കിടക്കുന്നത് മേൽ സൂചിപ്പിച്ച അധികാര – വിഭവ രാഹിത്യത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രത്തിലാണ്.
ഇത്തരം വേർതിരിവുകൾ ഇപ്പോഴും തുടരുന്ന ഒരു സമൂഹത്തിന് ഒരിക്കലും ഭരണഘടന വിഭാവനം ചെയ്യുന്ന ഐക്യവും അഖണ്ഡതയുമുള്ള ഒരു ജനതയാകാൻ കഴിയില്ലെന്ന വലിയ തിരിച്ചറിവിലാണ്, അവർക്കിടയിൽ തുല്യതയും നീതിയും നടപ്പിലാക്കാനും ആത്മാഭിമാനമുള്ള പൗരരായി അവരെ രൂപപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ മുന്നുപാധിയായി സംവരണം കൊണ്ടുവന്നത്. സംവരണം ഓരോ സംവരണീയരുടെയും ജന്മാവകാശമാണ്. സവർണ്ണർക്ക് സംവരണത്തിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് അവരുടെ വലിയ പിഴയാണ്, അവർ നൂറ്റാണ്ടുകളായി ചെയ്ത കൊടും ക്രൂരതകൾക്ക് അവരോടുക്കേണ്ട വലിയ പിഴ, അത്ര മാത്രം.
ഇന്ത്യയിൽ സംവരണം വിഭാവനം ചെയ്തിരിക്കുന്നത് രാഷ്ട്രീയ അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും ജ്ഞാനത്തിൽ നിന്നും സാമൂഹ്യവിനിമയങ്ങളിൽ നിന്നും നൂറ്റാണ്ടുകളോളം അകറ്റിനിർത്തപ്പെട്ടിരുന്ന ജനങ്ങൾക്ക്, അതുകൊണ്ടുമാത്രമുണ്ടായ പിന്നാക്കാവസ്ഥ മറികടക്കുന്നതിനും അതുവഴി തങ്ങൾക്കു കൂടി അവകാശപ്പെട്ട ഇടങ്ങൾ സ്വന്തമാക്കാനും അവരെ പ്രാപ്തരാക്കാൻ വേണ്ടിയാണ്. സ്വാഭിമാനമുള്ള, സ്വാധികാരമുള്ള, തന്റേതായ ഇടമുള്ള (‘തന്റേട’മുള്ള) ഒരു ജനതയായി ദലിത്- ആദിവാസി , പിന്നാക്ക ഹിന്ദു, മുസ്‍ലിം, സിഖ്, നവ ബുദ്ധിസ്റ്റ്, ദലിത് ക്രിസ്ത്യൻസ് ജനതകളെ മാറ്റുക എന്ന വലിയ സ്വപ്നമാണ് സംവരണത്തിലൂടെ സാക്ഷാത്കരിക്കുന്നത്. സംവരണത്തിന്റെ അഭാവത്തിൽ, ജാതിഇടങ്ങൾ മാത്രമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ, ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ വെള്ളരിക്കാപാടത്തെ നോക്കുകുത്തികൾ മാത്രമായിരിക്കും.
സംവരണ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി സംവാദം സംഘടിപ്പിച്ചാൽ അതിൽ പങ്കെടുക്കുക സംവരണവിരുദ്ധരായിരിക്കും. സംവരണീയർ അതിൽ പങ്കെടുക്കാതെ അദൃശ്യരായി നിൽക്കുന്നു എന്നത് എത്രമാത്രം സവർ
നിയമത്തിനു മുന്നിലെ തുല്യത, ജാതി- മത- ലിംഗ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഇല്ലാതാക്കൽ , തൊഴിലവസരങ്ങളിലുള്ള തുല്യത, അസ്പൃശ്യത ഇല്ലാതാക്കൽ, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം, എവിടെയും തൊഴിലെടുക്കാനുള്ള അവകാശം തുടങ്ങി ഭരണഘടന നൽകുന്ന എല്ലാ മൗലികാവശങ്ങളും പ്രയോഗത്തിൽ കൊണ്ടുവരുന്നതിനുള്ള ഒഴിവാക്കാനാവാത്ത മുന്നുപാധി സംവരണമാണെന്നുകാണാൻ യാതൊരു ബുദ്ധിമുട്ടുമില്ല.
സംവരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ബ്രാഹ്മണ ഭരണകൂടം കൊണ്ടുവന്ന ഒന്നല്ല. കോലാപ്പൂരിലെ സാഹു മഹാരാജാവ് 1882- ൽ തന്നെ തന്റെ പ്രജകളിലെ അബ്രാഹ്മണർക്ക് 50 ശതമാനം ജോലി സംവരണം ഏർപ്പെടുത്തിയിരുന്നു. അബ്രാഹ്മണർക്ക് പഠിക്കാൻ സ്കൂളും കോളേജും ഹോസ്റ്റലുകളും പഠിച്ച് ജയിക്കുന്നവർക്ക് ജോലിയും അദ്ദേഹം സംവരണം ചെയ്തിരുന്നു. 1909-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റനുസരിച്ച് ബ്രിട്ടീഷുകാർ അവർണ്ണ വിഭാഗങ്ങൾക്ക് ജോലി സംവരണം ഏർപ്പെടുത്തിയിരുന്നു. അതിനും എത്രയോ മുൻപ് പട്ടാളത്തിൽ ബ്രിട്ടീഷ് സർക്കാർ സംവരണം ഏർപ്പെടുത്തിയിരുന്നു. അംബേദ്കറുടെ രൂപപ്പെടലിൽ നിർണ്ണായക പങ്കു വഹിക്കാൻ അദ്ദേഹത്തിന്റെ പിതാവിന് കഴിഞ്ഞത് പട്ടാളത്തിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗമായിരുന്നു എന്നത് ഓർക്കുമല്ലോ.
1932-ലെ വട്ടമേശ സമ്മേളനത്തെ തുടർന്നാണ് കമ്മ്യൂണൽ അവാർഡ് മുസ്‍ലിംകൾക്കും സിഖുകാർക്കും ഇന്ത്യൻ ക്രിസ്ത്യാനിക്കും ആംഗ്ലോ ഇന്ത്യക്കാർക്കും യൂറോപ്യന്മാർക്കും ഹിന്ദുക്കൾക്കും അധഃസ്ഥിതർക്കും (ഇന്നത്തെ ദലിതർ ) ഏർപ്പെടുത്തിയത്. ലോകത്തെല്ലായിടത്തും ചരിത്രപരമായി പിന്നാക്കമായിപ്പോയ ജനങ്ങളെ മുൻനിരയിലെത്തിക്കുന്നതിനായി സംവരണം നിലനിൽക്കുന്നുണ്ട്.
സംവരണം എന്നത് രാജ്യത്തിന്റെ മഹാമനസ്കതയോ ഭരണകൂടത്തിന്റെ ഔദാര്യമോ സവർണ്ണ സമ്പന്നരുടെ ദാനമോ എച്ചിലോ ഒന്നുമല്ല. സംവരണാർഹരായ ഇന്ത്യയിലെ പൗരരുടെ അവകാശമാണത്. സംവരണം ഒരപമാനമാണെന്ന് കരുതുന്നവർ ചരിത്രബോധം ആർജിച്ചിരിക്കുക, സവർണ്ണരുണ്ടാക്കിയ പാഠങ്ങളിലൂടെയായിരിക്കും.
സംവരണ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി സംവാദം സംഘടിപ്പിച്ചാൽ അതിൽ പങ്കെടുക്കുക സംവരണവിരുദ്ധരായിരിക്കും. സംവരണീയർ അതിൽ പങ്കെടുക്കാതെ അദൃശ്യരായി നിൽക്കുന്നു എന്നത് എത്രമാത്രം സവർണ്ണ സംവരണ മൂല്യബോധം അവർ സാംശീകരിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. സവർണ്ണ സമ്പന്നർക്ക് സർക്കാരിൽ നിന്ന് കോടികളുടെ നികുതി ഇളവുകളും മറ്റാനുകൂല്യങ്ങളും പറ്റുന്നതിൽ അപമാനം ഒട്ടുമില്ലെങ്കിൽ ഒരു സർക്കാർ ജോലി സംവരണത്തിലൂടെ വാങ്ങുന്നതിൽ എന്തപമാനമാണുള്ളതെന്ന് സംവരണീയർ തീർച്ചയായും ചിന്തിക്കണം. സവർണ്ണ മുതലാളിമാർ പറ്റുന്ന ഇളവുകളുടെ നൂറിലൊന്നുപോലും സംവരണീയർക്ക് ശമ്പളമായി കിട്ടുന്നില്ലേന്ന് അവർക്കറിയാമോ?. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കമാക്കപ്പെട്ട ജനതകൾക്ക് അവസര സമത്വത്തിന് രാഷ്ട്രം നൽകുന്ന ഒന്നാണ് സംവരണം.
ഹിന്ദുമതത്തിൽ ഉൾപ്പെട്ടിട്ടുള്ള പഴയ അസ്പൃശ്യ ജാതികളിലെ ആളുകൾക്കുമാത്രമേ പട്ടികജാതി സംവരണം കൊടുക്കൂ എന്ന നിലപാടാണ് ഭരണകൂടം പിന്തുടരുന്നത്. അങ്ങേയറ്റം ചരിത്രവിരുദ്ധമായ ഒരു സങ്കൽപ്പനത്തിന്മേലാണ് ഈ അന്യായം തുടരുന്നത്.
ഹിന്ദു വർണവ്യവസ്ഥക്കുവെളിയിൽ അസ്പൃശ്യരും അയിത്തക്കാരുമായി, ഹിന്ദു ഗ്രാമങ്ങൾക്ക് വെളിയിലുള്ള അധികാര- അവകാശ- വിഭവ രഹിത പുറമ്പോക്കുകളിൽ നൂറ്റാണ്ടുകളോളം കഴിഞ്ഞ അവർണ്ണ ജനതകൾ പിൽക്കാലത്ത് സാമൂഹ്യ പുരോഗതിക്കായി ക്രിസ്തുമതവും സിഖ് മതവും ഇസ്‍ലാമും ബുദ്ധമതവും സ്വീകരിച്ചു. സാമൂഹിക പുരോഗതിക്കുതകും എന്ന് അവർണ്ണ ജനവിഭാഗങ്ങൾക്ക് തോന്നിയ മതങ്ങൾ അവർ ആത്മീയമായി ‘സ്വീകരിക്കുക’യാണുണ്ടായത്.
എന്നാൽ പൂന പാക്റ്റ് കാലത്ത് ഗാന്ധിയടക്കമുള്ളവർ അസ്പൃശ്യജനത ഹിന്ദു സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന വാദമുയർത്തുകയും അംബേദ്‌കർ മുന്നോട്ടു വെച്ച അസ്പൃശ്യ ജനതകൾക്ക് ‘പ്രത്യേക മണ്ഡലം’ എന്ന ആവശ്യം അട്ടിമറിക്കുകയും ചെയ്തു. ഗാന്ധി മുന്നോട്ടുവെച്ച വാദം തന്നെയാണ് മറ്റൊരു യുക്തിയിൽ നവ ഹിന്ദുത്വ ദേശീയവാദക്കാരും മുന്നോട്ടുവയ്ക്കുന്നത്. അസ്പൃശ്യജാതിക്കാർ പല മതങ്ങൾ സ്വീകരിച്ചതുപോലെ ഹിന്ദുമതവും സ്വീകരിച്ചു, അല്ലെങ്കിൽ ഹിന്ദുമതം അവരുടെ മേൽ കെട്ടിവെച്ചു എന്നതാണ് സത്യം.
ജാതിയുടെ വന്യതകളെ ഒരേതരത്തിൽ അനുഭവിച്ച ജനതകളുടെ പിൻതലമുറകൾ ഇന്ന് പല മതങ്ങളിലാണ് ജീവിക്കുന്നത്. ഏത് മതം സ്വീകരിച്ചാലും അവയൊന്നും അവരെ സാമൂഹ്യമായി ഉയർത്തുകയോ സാമ്പത്തികമായി ഉന്നമനത്തിലെത്തിക്കുകയോ ഉണ്ടായില്ല. ആ നിലയ്ക്ക് പഴയ അസ്പൃശ്യ ജാതികൾ ഏത് മതം സ്വീകരിച്ചാലും അവർക്ക് ജാതിസംവരണം അനുവദിക്കേണ്ടത് നീതിബോധമുള്ള ജനാധിപത്യ ഭരണകൂടം ചെയ്യേണ്ട കാര്യമാണ്. എന്നാൽ ഹിന്ദുമതത്തിൽ ഉൾപ്പെട്ടിട്ടുള്ള പഴയ അസ്പൃശ്യ ജാതികളിലെ ആളുകൾക്കുമാത്രമേ പട്ടികജാതി സംവരണം കൊടുക്കൂ എന്ന നിലപാടാണ് ഭരണകൂടം പിന്തുടരുന്നത്. അങ്ങേയറ്റം ചരിത്രവിരുദ്ധമായ ഒരു സങ്കൽപ്പനത്തിന്മേലാണ് ഈ അന്യായം തുടരുന്നത്.
അസ്പൃശ്യ ജനതകൾ ഹിന്ദുക്കളായിരുന്നില്ല എന്ന നിലപാടാണ് അംബേദ്‌കർ പുലർത്തിയത്. അസ്പൃശ്യ ജനതകൾ എന്തുകൊണ്ട് ഹിന്ദുക്കളല്ല എന്ന് അംബേദ്കറും ശുദ്ധിവാദക്കാരായ സവർണ്ണ ഹിന്ദുക്കളും അക്കമിട്ട് പറഞ്ഞത് നമ്മുടെ പൊതുജ്ഞാനമണ്ഡലത്തിൽ ഇന്നും കാണാം.
അസ്പൃശ്യ വിഭാഗങ്ങളുടെ മതസ്വീകരണത്തെ ‘മതപരിവർത്തനം’ എന്നാണ് സംഘപരിവാർ ശക്തികളും ഭരണകൂടവും വിശേഷിപ്പിക്കുന്നത്. മത സ്വീകരണത്തെ മതപരിവർത്തനം എന്ന് വിശേഷിപ്പിക്കുമ്പോൾ അസ്പൃശ്യർ ഹിന്ദു സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്ന ഗാന്ധിയൻ വാദത്തെ അത് സാധൂകരിക്കുന്നു. ഗാന്ധി അസ്പൃശ്യ ജനതകളെ ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമായി കരുതിയത്, ‘അയിത്തവും അസ്പൃശ്യതയും ഹിന്ദുമതത്തിലെ അടിസ്ഥാന തത്വങ്ങൾ അല്ല’ എന്ന വാദമുയർത്തിയായിരുന്നു. എന്നാൽ അസ്പൃശ്യ ജനതകൾ ഹിന്ദുക്കളായിരുന്നില്ല എന്ന നിലപാടാണ് അംബേദ്‌കർ പുലർത്തിയത്. അസ്പൃശ്യ ജനതകൾ എന്തുകൊണ്ട് ഹിന്ദുക്കളല്ല എന്ന് അംബേദ്കറും ശുദ്ധിവാദക്കാരായ സവർണ്ണ ഹിന്ദുക്കളും അക്കമിട്ട് പറഞ്ഞത് നമ്മുടെ പൊതുജ്ഞാനമണ്ഡലത്തിൽ ഇന്നും കാണാം. ഗാന്ധിയെക്കൊണ്ട് മറ്റൊരു നിലപാടെടുപ്പിക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയ സാഹചര്യങ്ങളും വായനക്കാർക്ക് വിശകലനം ചെയ്യാം.
അസ്പൃശ്യത ഹിന്ദുമതത്തിന്റെ അവിഭാജ്യ തത്വമല്ലെന്ന വാദത്തിലാണ് അസ്പൃശ്യർ ഹിന്ദുക്കളാണെന്ന് ഗാന്ധി പറഞ്ഞത്. എന്നാൽ ഹിന്ദുമതം സ്വീകരിക്കാത്ത അസ്പൃശ്യ ജനതക്ക് പട്ടികജാതി സംവരണം നിഷേധിക്കുന്നത് അയിത്തവും അസ്പൃശ്യർതയും ഹിന്ദുമതത്തിന് ‘പേറ്റന്റുള്ള’ ഒന്നാണെന്ന വാദത്തിലാണ്. മറ്റു മതങ്ങളിൽ അയിത്തമോ അസ്പൃശ്യതയോ ഇല്ലെന്ന വിചിത്രവാദമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിയുടെ വാദത്തിന്റെ നേർവിപരീതമാണ് ഹിന്ദു ഇതര അസ്പൃശ്യ ജനതകൾക്ക് സംവരണം നിഷേധിക്കുന്നതിന് ഭരണകൂടം മുന്നോട്ടു വയ്ക്കുന്നത്.
ഹിന്ദു മതത്തിൽ അയിത്തവും അസ്പൃശ്യതയും അനുഭവിക്കുന്നതിനുള്ള കൂലിയല്ല സംവരണം; മറിച്ച് നൂറ്റാണ്ടുകൾ ഹിന്ദുമതത്തിനു വെളിയിൽ അയിത്തക്കാരും അസ്പൃശ്യരായും ജീവിച്ചതുവഴി അധികാരവും അവകാശവും വിഭവങ്ങളും നഷ്ടപ്പെട്ട ജനതകൾക്ക് അധികാരത്തിലും വിഭവങ്ങളിലും പങ്കാളിത്തം നൽകുന്നതിനുള്ള ഭരണഘടനാനുസാരിയായ സംവിധാനമാണ്. അത് മതം നോക്കാതെ എല്ലാ അസ്പൃശ്യ ജാതികളുടെയും പിൻതലമുറകൾക്ക് തുല്യമായി ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. പട്ടികജാതി സംവരണം ഹിന്ദുമതത്തിന്റെ ഔദാര്യമോ, ഹിന്ദുക്കളായി ജീവിക്കാൻ പട്ടികജാതികൾ പൊതുഇടത്തിൽ അനുഭവിക്കുന്ന ജാതീയ വിവേചനങ്ങൾക്കുള്ള കൂലിയോ അല്ല. നൂറ്റാണ്ടുകളോളം സവർണ്ണ ജാതികൾ കൈവശംവെച്ചനുഭവിച്ച അധികാര വിഭവങ്ങളുടെ പങ്കുവയ്ക്കൽ മാത്രമാണ് സംവരണം. ഏത് മതം സ്വീകരിച്ച അസ്പൃശ്യ ജനതകളുടെ പിൻതലമുറകൾക്കും അതിന് അവകാശമുണ്ട്. ഗാന്ധി അസ്പൃശ്യരെ ഹിന്ദുക്കളാക്കിയത് ഹിന്ദുമതത്തിൽ അയിത്തത്തിനും അസ്പൃശ്യതയ്ക്കും സ്ഥാനമില്ല എന്ന പുരോഗമന നിലപാട് പുലർത്തിയായിരുന്നുവെങ്കിൽ അസ്പൃശ്യത ഹിന്ദുമതത്തിന് മാത്രം അവകാശപ്പെട്ട ആത്മീയ തത്വമാണെന്ന ജാതിവാദം ഉയർത്തിയാണ് ഹിന്ദു ഇതര അസ്പൃശ്യ ജനതകൾക്ക് പട്ടികജാതി സംവരണം നിഷേധിക്കുന്നത് എന്ന വൈരുദ്ധ്യം കാണാതെ പോകരുത്.