ചാരായം:
ഒരു സാമൂഹ്യ- സാംസ്കാരിക
രുചിനോട്ടം

പലതരം മനുഷ്യർക്കിടയിലൂടെയുള്ള യാത്രയാണിത്. സ്ഥലവും കാലവും മാഞ്ഞുപോകുന്ന, പ്രതിജനഭിന്നരായ പച്ചമനുഷ്യരുമായുള്ള സഹവാസങ്ങളുടെ കഥയും അനുഭവവും.ലീഷ മഞ്ജു എഴുതുന്ന കോളം തുടങ്ങുന്നു.

കാണുന്ന മുഖങ്ങൾ മിക്കതും ഓർമയിൽ വരണമെന്നില്ല. പക്ഷെ, ചില മനുഷ്യരും അവർക്കൊപ്പം ചെലവഴിച്ച സമയവും അവശേഷിപ്പിക്കുന്ന കുറെ പ്രതീതികൾ ബാക്കി നിൽക്കും, പലകൂട്ടം ഭാവ-രസങ്ങൾ ഇടചേർന്ന വിചാരങ്ങളും. ഇന്നിന്റെ ഏതെങ്കിലും അനുഭവമോ വാർത്തയോ കേൾവിയോ ആ ഓർമകളിൽ കൊരുത്തുമ്പോൾ പുതിയൊരു മിക്സ് ഉണ്ടാവും. കാഴ്ചയിലും ചിന്തകളിലും. അത്തരം ചില കൂട്ടുകളാണ് ഈ കോളം.

“ഇന്നിനി ഇവരെ നോക്കേണ്ട മാഡം, തലയൊന്നു പോങ്ങണേൽ വൈകിട്ടാവും’’, കൂടെയുണ്ടായിരുന്ന ഫീൽഡ് വർക്കർ പറഞ്ഞു, ഒരു വീടിന്റെ വരാന്തയിൽ കേറി അകത്തുള്ള ആരോടോ എന്തോ ചോദിച്ചശേഷം. സ്വരത്തിൽ നിരാശയും ദേഷ്യവും കലർന്നിരുന്നു.

മധ്യപ്രദേശ്- മഹാരാഷ്ട്ര അതിർത്തിയിലെ ബടുവാനി (ബർബാനി) ജില്ലയിലെ ഗ്രാമത്തിലാണ്. നർമദ നദിയുടെ തെക്ക്, സത്പുര നിരകളിലുള്ള പ്രദേശം. 1947-ലെ ആദ്യ സംസ്ഥാന രൂപീകരണത്തിൽ ‘മദ്ധ്യ ഭാരത്’ എന്ന സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അത് പിന്നീട് മധ്യപ്രദേശിൽ ലയിച്ചത് 1956- ലാണ്.

മധ്യപ്രദേശ്- മഹാരാഷ്ട്ര അതിർത്തിയിലെ ബടുവാനി (ബർബാനി) ജില്ലയിലെ ഗ്രാമത്തിലാണ്. നർമദ നദിയുടെ തെക്ക്, സത്പുര നിരകളിലുള്ള പ്രദേശം.
മധ്യപ്രദേശ്- മഹാരാഷ്ട്ര അതിർത്തിയിലെ ബടുവാനി (ബർബാനി) ജില്ലയിലെ ഗ്രാമത്തിലാണ്. നർമദ നദിയുടെ തെക്ക്, സത്പുര നിരകളിലുള്ള പ്രദേശം.

ഇൻഡോറിൽനിന്ന് മൂന്നു മണിക്കൂർ യാത്ര ചെയ്ത് ഉച്ചയായി എത്തുമ്പോൾ. എന്നിട്ടും ഗ്രാമം ഉണർന്നിട്ടില്ല. നിരത്തുകളും കൃഷിയിടങ്ങളിലെയ്ക്കുള്ള വഴികളും വിജനം. കലുങ്കുകളിലിരുന്ന് നേരം കൊല്ലുന്ന വയസ്സന്മാരുടെ കൂട്ടമില്ല. ആൽത്തറയ്ക്കുചുറ്റും കൂടി കിലുകിലാ കഥ പറയുന്ന മുത്തശ്ശികളെ കാണാനില്ല.
പഞ്ചായത്ത് ടാപ്പിനുചുറ്റും കുടവുമായി നിരന്നു നിൽക്കുന്ന പെണ്ണുങ്ങളുടെ നിരയില്ല.
പാടങ്ങളിലേയ്ക്ക് വരിയായി പോകുന്ന കാളവണ്ടികളുടെ മണിയടിയില്ല.

ഇതെന്തുപറ്റിയെന്നു ഫീൽഡ് വർക്കറോട് തിരക്കി.

“ഇന്നലത്തെ ഒരു കല്യാണത്തിന്റെ ക്ഷീണത്തിലാണ് എല്ലാവരും, വിരുന്ന് കഴിഞ്ഞവർ ഇതുവരെ കെട്ടുവിട്ട് എണീറ്റിട്ടില്ല. മൌവ അടിച്ചതല്ലേ,” അവർ പാതി ജാള്യതയോടെ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രബലവും വ്യാപകവുമായ ആദിവാസിവിഭാഗത്തിൽ പെട്ട ഒന്നാണ് ഭിൽ.
ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രബലവും വ്യാപകവുമായ ആദിവാസിവിഭാഗത്തിൽ പെട്ട ഒന്നാണ് ഭിൽ.

അന്നാട്ടിൽ കല്യാണവിരുന്ന് സിമ്പിളാണ്; നാട്ടുകാർക്ക് മൊത്തം വയറുനിറയും വരെ റൊട്ടിയും (കട്ടിയുള്ള ചപ്പാത്തി) ചിക്കൻ കറിയും, പിന്നെ മയങ്ങിവീഴുംവരെ ചാരായവും.
മൌവ (mahva / Madhuca longifolia) എന്നാൽ മരത്തിന്റെ പൂവ് വാറ്റിയുണ്ടാക്കുന്ന പൂക്കുറ്റിച്ചാരായം.

‘ഭിൽ’ അഥവാ ‘ഭീൽ’ ആദിവാസികളുടെ നാടാണ്‌.

ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രബലവും വ്യാപകവുമായ ആദിവാസിവിഭാഗത്തിൽ പെട്ട ഒന്നാണ് ഭിൽ. രാമായണത്തിൽ വരെ പരാമർശിക്കപ്പെടുന്ന വംശം; മാതംഗമുനിയുടെ ശിഷ്യയായ ശബരി / ഭിലാനി ഈ വംശജയായിരുന്നെന്ന് സൂചനകളുണ്ട്.

മുമ്പ് ഗ്രാമത്തിൽ ചാരായം വാറ്റിയിരുന്നപ്പോൾ സമത്വം നിലനിന്നിരുന്നു. ആണും പെണ്ണും കുടിക്കും. ഏതെങ്കിലും ആണൊരുത്തന് കൈതരിച്ച് കേട്ടിയോൾക്കിട്ട് ഒന്നെങ്ങാനും കൊടുത്താൽ രണ്ടെണ്ണം തിരിച്ച് ഉറപ്പ്.

ആധുനിക ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഇവരെ ഒഴിവാക്കാൻ പറ്റില്ല. രജപുത്രർ കയ്യേറുന്നതു വരെ ഗുജറാത്തിന്റെ വലിയ ഭൂഭാഗങ്ങൾ ഇവരുടെ ഭരണത്തിലായിരുന്നു; പതിനൊന്ന് മുതൽ പതിനാലാം നൂറ്റാണ്ടു വരെ. പല നാട്ടുരാജ്യങ്ങളും സാമ്രാജ്യത്വശക്തികൾക്കു ചുക്കാൻ പിടിച്ചപ്പോൾ ആ ഭീമന്മാർക്ക് അടിപ്പെടാതെ എതിർത്ത യോദ്ധാക്കളുടെ സമൂഹം. രജപുത്രരെയും മുഗളരെയും ബ്രിട്ടീഷ് വാഴ്ചയെയും തടുത്തു നിർത്തിയ പ്രൌഢ ജനത.

ഗുജറാത്ത്‌, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിങ്ങനെ മധ്യേന്ത്യയിലും ത്രിപുര, ബംഗാൾ എന്നിങ്ങനെ കിഴക്കൻ സംസ്ഥാനങ്ങളിലുമായി ചിതറി വ്യാപിച്ചു കിടക്കുന്നു, ‘ഭിലി’ ഭാഷാവംശജർ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലും ഇവരുടെ ഒരു ഉപഗണമുണ്ട്.

ഗുജറാത്ത്‌, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിങ്ങനെ മധ്യേന്ത്യയിലും ത്രിപുര, ബംഗാൾ എന്നിങ്ങനെ കിഴക്കൻ സംസ്ഥാനങ്ങളിലുമായി ചിതറി വ്യാപിച്ചു കിടക്കുന്നു, ‘ഭിലി’ ഭാഷാവംശജർ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലും ഇവരുടെ ഒരു ഉപഗണമുണ്ട്.
ഗുജറാത്ത്‌, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിങ്ങനെ മധ്യേന്ത്യയിലും ത്രിപുര, ബംഗാൾ എന്നിങ്ങനെ കിഴക്കൻ സംസ്ഥാനങ്ങളിലുമായി ചിതറി വ്യാപിച്ചു കിടക്കുന്നു, ‘ഭിലി’ ഭാഷാവംശജർ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലും ഇവരുടെ ഒരു ഉപഗണമുണ്ട്.

ആ ഇടങ്ങളിലെ ഭാഷകളുമായി ചേർന്ന് ‘ഭിലി’ ഭാഷയ്ക്ക് 36 ഭാഷാഭേദങ്ങളുണ്ടെന്നാണ് കണക്ക്. മതഭേദങ്ങളുമുണ്ട്. സെൻസെസ് രേഖപ്പെടുത്തിയതു പ്രകാരം ഒരു കോടിയിലധികം ഭിൽ വംശജർ രാജ്യത്തുണ്ട്. ഇന്ത്യയിലെ ആകെ ആദിവാസി വിഭാഗത്തിന്റെ 37 ശതമാനത്തോളം വരും ഇവർ.

അഴകുള്ള മുഖവും ചടുലമായ ചുവടുകളും പ്രൌഢമായ മനോഭാവവും അന്തസ്സുള്ള പെരുമാറ്റവുമുള്ള സമൂഹം. ഒപ്പം, കടുംനിറങ്ങളുടെ വസ്ത്രവും മനോഹരമായ ആഭരണങ്ങളും. മറ്റൊരാളോട് കെഞ്ചുന്ന, എന്തിനെങ്കിലും വേണ്ടി കൈനീട്ടുന്ന ആരെയും ഇവരുടെ കൂട്ടത്തിൽ കാണാൻ സാധിക്കില്ല; എത്ര ദാരിദ്ര്യമുണ്ടെങ്കിലും.

ദൂരെയെങ്ങോ നമുക്ക് പരിചിതമല്ലാത്ത ഒരു കൂട്ടം എന്നുതോന്നുമെങ്കിലും രസകരമായ ഒരു തിയറി ചില ചരിത്രകാരർ മുന്നോട്ടുവയ്ക്കുന്നുണ്ട്. നമുക്ക് ചിരപരിചിതമായ ‘ബില്ല്’ അഥവാ ‘വില്ല്’ എന്ന ദ്രാവിഡവാക്കിൽ നിന്നാണ് ‘ഭിൽ’ എന്ന പേരിന്റെ ഉത്ഭവമെന്നാണ് അവർ സമർഥിക്കുന്നത്. അമ്പും വില്ലും ആയുധമായിരുന്ന, വില്ലാളിവീരന്മാരായ സമൂഹത്തെ സൂചിപ്പിക്കുന്ന വാക്ക്.

കാലങ്ങൾക്കുമുന്നേ മലയാളികൾ ജോലിക്കായി കുടിയേറിയ ഛത്തീസ്ഗഢിലെ ‘ഭിലായ്’ സിറ്റിക്ക് ആ പേര് കിട്ടിയതും ഇവരിൽ നിന്നാണ്.

ധീരരായ പോരാളികളായ ഇവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ 1840- 50 കളിൽ അനേകം കലാപങ്ങളിൽ പങ്കെടുത്തു. അതോടെ ഭിൽ സമൂഹത്തെ ബ്രിട്ടീഷ് ഭരണം ‘ക്രിമിനൽ ട്രൈബ്’ ആയി പ്രഖ്യാപിച്ചു. ഇവരെ ഏതുസമയത്തും കാരണം കൂടാതെ പിടിച്ചുകൊണ്ടുപോകാനും തടവിലിടാനും, വധിക്കാൻ വരെയും അധികാരികൾക്ക് അനുമതിയുണ്ടായിരുന്നു. എന്നിട്ടും അവർ അന്യായ നികുതിപ്പിരിവിനും അടിമ വേലയ്ക്കും സാമ്രാജ്യത്വവാഴ്ചക്കുമെതിരെ പോരാടി.

അഴകുള്ള മുഖവും ചടുലമായ ചുവടുകളും പ്രൌഢമായ മനോഭാവവും അന്തസ്സുള്ള പെരുമാറ്റവുമുള്ള സമൂഹം. ഒപ്പം, കടുംനിറങ്ങളുടെ വസ്ത്രവും മനോഹരമായ ആഭരണങ്ങളും.  മറ്റൊരാളോട് കെഞ്ചുന്ന, എന്തിനെങ്കിലും വേണ്ടി കൈനീട്ടുന്ന ആരെയും ഇവരുടെ കൂട്ടത്തിൽ കാണാൻ സാധിക്കില്ല; എത്ര ദാരിദ്ര്യമുണ്ടെങ്കിലും.
അഴകുള്ള മുഖവും ചടുലമായ ചുവടുകളും പ്രൌഢമായ മനോഭാവവും അന്തസ്സുള്ള പെരുമാറ്റവുമുള്ള സമൂഹം. ഒപ്പം, കടുംനിറങ്ങളുടെ വസ്ത്രവും മനോഹരമായ ആഭരണങ്ങളും. മറ്റൊരാളോട് കെഞ്ചുന്ന, എന്തിനെങ്കിലും വേണ്ടി കൈനീട്ടുന്ന ആരെയും ഇവരുടെ കൂട്ടത്തിൽ കാണാൻ സാധിക്കില്ല; എത്ര ദാരിദ്ര്യമുണ്ടെങ്കിലും.

മഹാറാണാ പ്രതാപ് ഉൾപ്പടെ വാണരുളിയ ‘മേവാർ’ (ഇപ്പോഴത്തെ രാജസ്ഥാന്റെ ഭാഗം) നാട്ടുരാജ്യത്തെ ‘ഗരാസിയ’ ഗോത്രക്കാരും ഭിൽ ജനതയുടെ ഒപ്പം കൂടി. അല്ലെങ്കിലും അവർ സ്വന്തക്കാർ തന്നെ. ഭിൽ സ്ത്രീകളെ കല്യാണം കഴിച്ച രജപുത്രരുടെ പിന്തുടർച്ചയാണ് ‘ഗരാസിയ’ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവരുടെ കൂട്ടുമുന്നണി ഭീഷണിയായി തോന്നി, മേവാർ രാജ്യത്തെ ജമീന്ദർമാർക്ക്. അവർ നടപ്പിലാക്കാനൊരുങ്ങിയ ഏകപക്ഷീയ നിയമവാഴ്ചയ്ക്കും നികുതി പിരിവിനും എതിരെ ഭിൽ- ഗരാസിയ സഖ്യം ചെറുത്തുനിന്നു.

അവരുടെ ശക്തി കണ്ട് ഭയപ്പെട്ട മേവാർ കൂട്ടം അവരെ അടിച്ചമർത്താൻ ബ്രിട്ടീഷ് താപ്പാനകളെ തന്നെ കൂട്ടുപിടിച്ചു. 1913- ലെ കലാപത്തിൽ 1500- ഓളം ഭിൽ പടയാളികൾ കൊല്ലപ്പെട്ടതായി രേഖകൾ പറയുന്നു.

പണ്ട് ലോക്കൽ ചാരായത്തിനായി ദിവസക്കൂലി കിട്ടുന്നതിന്റെ പത്തിലൊന്ന് മാത്രം കൊടുത്തിരുന്നപ്പോൾ വിദേശ മദ്യത്തിന് കൂലിയുടെ പകുതിയിലധികം കൊടുക്കേണ്ടിവന്നു. തിരിച്ച് വീട്ടിലെത്തിക്കുന്ന പൈസയുടെ അളവു കുറഞ്ഞു വന്നു.

തുടർച്ചയായുള്ള ഇത്തരം വിദേശ- സ്വദേശ അടിച്ചമർത്തലുകളിൽ തളർന്ന്, ക്രിമിനലുകളായി മുദ്രകുത്തപ്പെട്ട അവർ സംസ്ഥാന രൂപീകരണത്തോടെ പലയിടത്തായി ഛിന്നഭിന്നമാക്കപ്പെട്ടു. ഒരേ ഭാഷയും ഒരേ സംസ്കാരവുമുണ്ടായിരുന്ന ജനത, പല ഭാഷകൾ സംസാരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലായി ചിതറി. അവിടങ്ങളിലെ ഭാഷയും രീതികളും അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു, ഔദ്യോഗികമായും അല്ലാതെയും.

അങ്ങനെ ഭിൽ സമൂഹവും മുഖ്യധാരാ സമൂഹത്തിൽ നിന്ന് ബഹിഷ്കൃതരായി, അവർക്കുള്ള അവകാശങ്ങളൊന്നുമില്ലാതെ. പ്രബലമായ സംസ്കാരത്തിന്റെ തള്ളിച്ചയിൽ അവർ സ്വയം നഷപ്പെട്ടു, മറ്റനേകം ആദിവാസി സമൂഹങ്ങളെ പോലെ. തമ്മിൽത്തമ്മിൽ ആശയവിനിമയത്തിനുള്ള വേദികൾ പോലുമില്ലാതെ പോയ തദ്ദേശീയ സാംസ്‌കാരിക സമൂഹങ്ങൾ.

കാലങ്ങൾക്കുമുന്നേ മലയാളികൾ ജോലിക്കായി കുടിയേറിയ ഛത്തീസ്ഗഢിലെ ‘ഭിലായ്’ സിറ്റിക്ക് ആ പേര് കിട്ടിയതും ഇവരിൽ നിന്നാണ്.
കാലങ്ങൾക്കുമുന്നേ മലയാളികൾ ജോലിക്കായി കുടിയേറിയ ഛത്തീസ്ഗഢിലെ ‘ഭിലായ്’ സിറ്റിക്ക് ആ പേര് കിട്ടിയതും ഇവരിൽ നിന്നാണ്.

എന്നാൽ ആർക്കും അടിപ്പെടാത്ത വീറും അഭിമാനവും അവർ കൈവിട്ടില്ല. പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഭിൽ ജനതയെ ഒന്നിപ്പിച്ച് അവരുടെ സംസ്കാരവും സ്വാഭിമാനവും സ്വത്വവും നിലനിർത്താൻ ‘ഭിൽ ദേശ്’ എന്നൊരു സംസ്ഥാനം രൂപീകരിക്കാൻ വർഷങ്ങളായി ഒരു കൂട്ടം നേതാക്കൾ പ്രവർത്തിക്കുന്നുണ്ട്.

അങ്ങനെ മഹത്തായ പാരമ്പര്യമുള്ള ഭിൽ വംശജരാണ് മൌവയുടെ വീര്യമടിച്ച് എണീക്കാൻ വയ്യാതെ കിടക്കുന്നത്.

ഇത് പുതുമയല്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭിൽ സമൂഹം ആദ്യമായി പൊരുതിയ ബ്രിട്ടീഷ് നിയമങ്ങളിൽ ഒന്നായിരുന്നു, തദ്ദേശീയ ചാരായത്തിന്റെ നിരോധനം. അവരുടെ സംസ്കാരത്തിൽ ഒഴിച്ചുകൂടാത്ത പാനീയം. എല്ലാ ആദിമസമൂഹങ്ങളുടെയും സാമൂഹ്യ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ചാരായമെന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും. ക്രിസ്തുവിന് 800 വർഷം മുമ്പുതന്നെ ഇന്ത്യാ ഭൂവിഭാഗത്ത് ചാരായമുണ്ടാക്കിയിരുന്നതായി ചരിത്രകാരർ പറയുന്നു.

17-ാം നൂറ്റാണ്ടിലെ മുഗൾ കാലഘട്ടത്തിൽ ‘ബംഗാൾ അറാക്’ യൂറോപ്യൻ കച്ചവടക്കാരുടെ പ്രിയ പാനീയമായിരുന്നു.

ഇന്ത്യയിൽനിന്ന് ഈസ്റ്റിന്ത്യ കമ്പനി വഴി ലോകമെമ്പാടും പോപ്പുലറായ ‘പഞ്ച്’ ഉണ്ടാക്കുന്നത് ചാരായം ഉപയോഗിച്ചാണ്‌. അഞ്ച് (ഹിന്ദിയിലെ പാഞ്ച്) ചേരുവകൾ എന്നത് ഉദേശിച്ചാവും പഞ്ച് എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഭിൽ ജനതയെ ഒന്നിപ്പിച്ച് അവരുടെ സംസ്കാരവും സ്വാഭിമാനവും സ്വത്വവും നിലനിർത്താൻ ‘ഭിൽ ദേശ്’ എന്നൊരു സംസ്ഥാനം രൂപീകരിക്കാൻ വർഷങ്ങളായി ഒരു കൂട്ടം നേതാക്കൾ പ്രവർത്തിക്കുന്നുണ്ട്.
പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഭിൽ ജനതയെ ഒന്നിപ്പിച്ച് അവരുടെ സംസ്കാരവും സ്വാഭിമാനവും സ്വത്വവും നിലനിർത്താൻ ‘ഭിൽ ദേശ്’ എന്നൊരു സംസ്ഥാനം രൂപീകരിക്കാൻ വർഷങ്ങളായി ഒരു കൂട്ടം നേതാക്കൾ പ്രവർത്തിക്കുന്നുണ്ട്.

പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ചാണ് എക്കാലത്തും മദ്യം വാറ്റിയിരുന്നത്. തെക്കേ ഇന്ത്യയിൽ പലതരം കള്ള്, കശുവണ്ടി എന്നിവ കൊണ്ടും, കിഴക്കൻ- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നെല്ല്, കരിമ്പ് തുടങ്ങിയവ കൊണ്ടും ചാരായമുണ്ടാക്കുന്നത് പരമ്പരാഗതമായി പിന്തുടർന്നിരുന്നു.

നാട്ടിൽ, കാഞ്ഞിരപ്പള്ളി- പാല ബെൽറ്റിൽ, ഒരു പട്ടച്ചേട്ടനുണ്ടായിരുന്നു. ഓരോ കുടുംബക്കൂട്ടത്തിലും, അല്ലെങ്കിൽ കൂട്ടുസംഘത്തിലും, ക്ഷണമനുസരിച്ച് അവിടെ പോയി സ്വന്തം കൂട്ട് അനുസരിച്ച് മുന്തിയ പട്ടച്ചാരായമുണ്ടാക്കിയിരുന്ന തോമാ ചേട്ടൻ. കള്ളാണ് ബേസ് എങ്കിലും അതിലേയ്ക്ക് ജീവനുള്ളതും അല്ലാത്തതുമായ പലതും ചേർക്കപ്പെട്ടു.

ചേട്ടന്റെ കൂട്ട് വായിൽനിന്ന് താഴോട്ടിറങ്ങുന്ന ഓരോ ഘട്ടത്തിലും അതിന്റെ വീര്യം പല നിലയിൽ ഓരോരുത്തരിലും പുറത്തുവന്നുകൊണ്ടിരിക്കും. മുഖം വക്രിച്ചും, അകത്തെ പുകച്ചിൽ പുറത്തേയ്ക്ക് ഊതിത്തണുപ്പിച്ചും, കൂടുതൽ ഉശിര് കാണിക്കാൻ ഉറക്കെച്ചിരിച്ചും മദം കാട്ടിയും അവർ ആഘോഷിച്ചു. പക്ഷെ പിറ്റേന്ന് രാവിലെ ഇതൊന്നും കാണില്ലെന്നു മാത്രം. അമ്മച്ചിമാരുടെ ഭാഷയിൽ, “ചെകുത്താൻ ഈമ്പിയത് പോലെ കിടക്കും.”

ചാരായനിരോധനം വന്നതോടെ പുറത്തുനിന്നുള്ള വിദേശ മദ്യമായി അവരുടെ ആശ്രയം. ഗ്രാമത്തിൽ നിന്ന് മിനിമം നാലഞ്ച് കിലോമീറ്റർ ദൂരെ ചെറിയ ടൗണിലുള്ള ലിക്കർ ഷോപ്പ് ആണുങ്ങളുടെ മാത്രം കുത്തകയായി.

സാമൂഹ്യം മാത്രമല്ല, ആത്മീയജീവിതത്തിലും ചാരായത്തിന് മോശമല്ലാത്ത സ്ഥാനമുണ്ട്. കേരളത്തിൽ ഗുളികനും മുത്തപ്പനും നിവേദ്യമായും തമിഴ്നാട്ടിലെ കൽവാരായൻ മലകളിൽ വർഷാവർഷം നടത്തുന്ന ക്ഷേത്രോത്സവത്തിനും ചാരായം ഉപയോഗിക്കുന്നു. ഈ ശീലങ്ങളൊന്നും വർഷത്തിൽ ഒരിക്കലായി ഒതുങ്ങില്ലല്ലോ.

എളുപ്പത്തിൽ ചുളുവിനു കിട്ടാവുന്ന മദ്യത്തിന്റെ ഉപയോഗവും ആസക്തിയും അമിതമായപ്പോൾ അത് ദാരിദ്ര്യം, അനാരോഗ്യം, ഗാർഹിക പീഡനം എന്നിങ്ങനെ പലതരം സമൂഹ്യവിപത്തുകളിലെയ്ക്ക് വഴിതെളിച്ചു. ചുറ്റുപാടും, മിക്കവാറും കുടുംബത്തും തന്നെയും, കന്നാസുകൾ നിറഞ്ഞു തുളുമ്പുമ്പോൾ, അഡിക്ഷൻ സാർവത്രികമായി. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവന്നത് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും തന്നെ. ലഹരിയിൽ സുബോധം നഷ്ടപ്പെട്ടവർ വീട്ടിൽ അതിക്രമങ്ങൾ അഴിച്ചുവിട്ടു, ഉള്ള പണം മുഴുവൻ ലഹരിക്കായി ചെലവാക്കി. പൊറുതിമുട്ടിയ സ്ത്രീകൾ ഒറ്റയ്ക്കും പിന്നെ കൂട്ടായും പ്രതികരിക്കാൻ തുടങ്ങി. സാമൂഹ്യ സംഘടനകളും സാമുദായിക നേതാക്കളും അവർക്കൊപ്പം നിന്നു.

വിവിധ സർക്കാറുകൾ മദ്യനിരോധനം പല നിലകളിൽ നടപ്പാക്കാൻ ശ്രമിച്ചു.
1990- കളിൽ ആന്ധ്രാപ്രദേശിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന വമ്പൻ ചാരായ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായി വാറ്റ് നിരോധിച്ചു. കേരളവും (1996) കർണാടകയും (2007) പോലെ പല സംസ്ഥാനങ്ങളും ചാരായ നിരോധനം നടപ്പാക്കി. ചില സംസ്ഥാനങ്ങൾ ചില പ്രദേശങ്ങളിൽ മാത്രമായി നിരോധിച്ചു.

മനുഷ്യർക്കും ദൈവങ്ങൾക്കും തലമുറകളായി ഇഷ്ടപ്പെട്ട പാനീയമായിട്ടുകൂടി ആരാധനാലയങ്ങളുടെ ചുറ്റുപാടുകളിൽ ഇവ നിരോധിക്കപ്പെട്ടു.

വീട്ടിൽ ഫ്രീയായി കിട്ടിയിരുന്നത്, നല്ല കാശിന് കുറച്ച് ദൂരെ പോയാൽ മാത്രം കിട്ടുമെന്നായപ്പോൾ പതിയെപ്പതിയെ കുറേപ്പേർ മദ്യത്തെ കൈവിട്ടു. ‘വിദേശി’യുടെ വില താങ്ങില്ലെന്നു വന്നപ്പോൾ കുടിയുടെ അളവു കുറഞ്ഞു. മാത്രവുമല്ല, കുറച്ച് ദൂരെപ്പോയി മദ്യപിച്ച് തിരിച്ച് വീടുകളിലെത്തുമ്പോഴേയ്ക്കും കെട്ടിറങ്ങി, അലമ്പിനും കുറവുണ്ടായി.

2021-ൽ മദ്ധ്യപ്രദേശ് ഗവണ്മെന്റ് മൌവയെ പൈതൃകമദ്യമായി (ഹെറിറ്റേജ് ലിക്വർ) പ്രഖ്യാപിച്ചു.
2021-ൽ മദ്ധ്യപ്രദേശ് ഗവണ്മെന്റ് മൌവയെ പൈതൃകമദ്യമായി (ഹെറിറ്റേജ് ലിക്വർ) പ്രഖ്യാപിച്ചു.

ചാരായനിരോധനം നൽകിയ ആത്മവിശ്വാസത്തോടെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും സ്ത്രീകളുടെ സംഘങ്ങൾ രൂപിതമായി. മദ്യപിച്ച് ഭാര്യമാരെ ഉപദ്രവിക്കുന്നവരെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇടപെടാൻ പോലീസ് നിർബന്ധിതരായി. എന്നാൽ എല്ലാ നിയമത്തെയും പോലെ ചാരായനിരോധനത്തിനുമുണ്ടായി പ്രതീക്ഷിക്കാത്ത ഒരു ഇംപാക്റ്റ്, ചിലയിടത്തെങ്കിലും.

“ഇവരുടെ നിയമത്തോടെ ഞങ്ങളുടെ കാര്യം കഷ്ടത്തിലായി”, ഭിലോഡയിലെ കാരണവത്തി മധുബെഹൻ മനസ്സുരുകി പരാതിപ്പെട്ടു.

അതിലും കാര്യമുണ്ട്; മുമ്പ് ഗ്രാമത്തിൽ ചാരായം വാറ്റിയിരുന്നപ്പോൾ സമത്വം നിലനിന്നിരുന്നു. ആണും പെണ്ണും കുടിക്കും. ഏതെങ്കിലും ആണൊരുത്തന് കൈതരിച്ച് കേട്ടിയോൾക്കിട്ട് ഒന്നെങ്ങാനും കൊടുത്താൽ രണ്ടെണ്ണം തിരിച്ച് ഉറപ്പ്.

ഒരു റൗണ്ട് അടിയും കഴിഞ്ഞ് കിറുങ്ങി സമാധാനത്തോടെ രണ്ടാളും കിടന്നുറങ്ങും. രാവിലെ മിണ്ടാതെ എഴുന്നേറ്റ് പണിക്കുപോകും. എല്ലാവരും കുടിക്കുന്നതുകൊണ്ട് പെട്ടെന്നുതന്നെ സ്റ്റോക്ക് തീരുകയും ചെയ്യും.

ചാരായനിരോധനം വന്നതോടെ പുറത്തുനിന്നുള്ള വിദേശ മദ്യമായി അവരുടെ ആശ്രയം. ഗ്രാമത്തിൽ നിന്ന് മിനിമം നാലഞ്ച് കിലോമീറ്റർ ദൂരെ ചെറിയ ടൗണിലുള്ള ലിക്കർ ഷോപ്പ് ആണുങ്ങളുടെ മാത്രം കുത്തകയായി. പുറമെയുള്ള പണി പോരാഞ്ഞ് വീട്ടുപണികളും കൂടി തീർക്കുന്ന സ്ത്രീകൾക്ക് അത്രയും ദൂരെ പോയി കള്ളുകുടിക്കാൻ എവിടെ സമയം?

പണ്ട് ലോക്കൽ ചാരായത്തിനായി ദിവസക്കൂലി കിട്ടുന്നതിന്റെ പത്തിലൊന്ന് മാത്രം കൊടുത്തിരുന്നപ്പോൾ വിദേശ മദ്യത്തിന് കൂലിയുടെ പകുതിയിലധികം കൊടുക്കേണ്ടിവന്നു. തിരിച്ച് വീട്ടിലെത്തിക്കുന്ന പൈസയുടെ അളവു കുറഞ്ഞു വന്നു. കല്യാണച്ചെലവ് കൂടിക്കൂടി വന്നു. പുതിയ ഐറ്റംസ് മെനുവിലെത്തി. ചെലവിനായി കൊള്ളപ്പലിശയ്ക്കു കടമെടുത്തു. കിട്ടുന്ന പണിക്കൂലി പലിശ കൊടുത്തു വീട്ടാൻ തന്നെ തികയില്ലെന്നായി. പോരാത്തതിന് പെണ്ണുങ്ങൾക്ക് കിട്ടുന്ന അടിയുടെ എണ്ണവും കഠിന്യവും കൂടിവന്നു. തിരിച്ചടിക്കാൻ അവർക്ക് പറ്റിയുമില്ല; അവർ സുബോധത്തോടെയാണല്ലോ. ആ ബോധ്യം ആണുങ്ങളുടെ വീര്യം വർദ്ധിപ്പിച്ചു.

പതിയെപ്പതിയെ ഒളിച്ചും പാത്തും അനധികൃത ചാരായം ചില വീടുകളിലുണ്ടാക്കാൻ തുടങ്ങിയപ്പോഴും ഈ പതിവ് തുടർന്നു. അതോടെ മദ്യപാനവും അനന്തര ദൂഷ്യങ്ങളും ആണുങ്ങളുടെ കുത്തകയായി. പെണ്ണുങ്ങൾ അതിന്റെ ഇരകളും.

എളുപ്പം വീര്യം കൂട്ടാനായി രാസവസ്തുക്കൾ ചേർത്ത ചാരായമുണ്ടാക്കാൻ തുടങ്ങി. മദ്യദുരന്തം തുടർക്കഥയായി. പോരാഞ്ഞ്, മാറിമാറിവരുന്ന സർക്കാറുകൾ നയത്തിൽ ഇളവു വരുത്തി. ഇടയ്ക്കിടെ നിരോധനം നടപ്പാക്കിയും ഒഴിവാക്കിയും ഭാഗികമായി ഒഴിവാക്കിയും അതിൽ വെള്ളം ചേർത്തു. പോലീസ് കണ്ണടയ്ക്കാൻ തുടങ്ങി; പങ്കുപറ്റാനും. അതിനൊപ്പം ആണുങ്ങൾ തങ്ങളുടെ അളവും അക്രമവും കൂട്ടി.

പല ആദിവാസി സമൂഹങ്ങളിലും ചാരായ നിരോധനം കൊണ്ടുണ്ടായ പ്രധാന മാറ്റം ഈ സ്ത്രീ- പുരുഷ അസന്തുലിതാവസ്ഥയാണ്; മധുബഹനെ സംബന്ധിച്ച്.

അവസാന തുള്ളി…

എരിവുള്ള പ്രതികാരം:
2021-ൽ മദ്ധ്യപ്രദേശ് ഗവണ്മെന്റ് മൌവയെ പൈതൃകമദ്യമായി (ഹെറിറ്റേജ് ലിക്വർ) പ്രഖ്യാപിച്ചു. 2023-ൽ മൌവയിൽനിന്ന് വാറ്റിയെടുക്കുന്ന ‘മോണ്ട്’ ബ്രാൻഡ് ചാരായം ആദിവാസികൾ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശീയ മദ്യമായി. ആദിവാസി സ്വാശ്രയ സംഘങ്ങൾ വഴി പരിശീലനവും നിർമാണവും വിതരണവും നടത്തുന്ന നാടൻ വാറ്റുചാരായം!


Summary: Stories and experience of human companionship, This is a journey through different kinds of people. Leesha Manju's column part -1.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. 15 വര്‍ഷം വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments