മധ്യപ്രദേശ് കാന്ധ്വാ (പഴയ നിമാർ) ജില്ലയിൽ കൂടെയുള്ള യാത്ര.
ചരിത്രം, പുരാണം ഒക്കെ മഹത്തരം തന്നെ.
ബിംബിസാരന്റെ മഗധയിൽ തുടങ്ങി യാദവരുടെയും മൗര്യന്മാരുടെയും ഗുപ്തന്മാരുടെയും ചാലൂക്യന്മാരുടെയും മുഗളന്മാരുടെയും മാറിമാറി വന്ന ഭരണവും ഭരണപരിഷ്കാരങ്ങളും അനുഭവിച്ച ജനവിഭാഗം.
സ്വാതന്ത്ര്യസമരകാലത്ത് താന്തിയാ തോപ്പെ പോലീസ് സ്റ്റേഷനും ഓഫീസുകളും തീവച്ചിട്ടുള്ള ചരിത്രനാട്. ബഹുമുഖ പ്രതിഭയായിരുന്ന കിഷോർകുമാറിന്റെ ജന്മസ്ഥലം.
ജില്ലാതലസ്ഥാനം കാന്ധ്വാ ഒരു മെയിൻ റെയിൽവേ ജംഗ്ഷനുമാണ്.
പക്ഷെ ഉൾനാട്ടിലേക്ക് പോയാലോ, ഇത്തരം റൊമാന്റിക് ചരിത്രവും ഇമേജും ഒന്നും ഓർമ വരില്ല. പകരം അലയുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകൾ. പരന്നുകിടക്കുന്ന വരണ്ട പ്രദേശങ്ങൾ, കൃഷിസ്ഥലങ്ങളുടെ ഇടയ്ക്കായി റോഡിനോട് ചേർന്ന് വീടുകൾ തിങ്ങിനിറഞ്ഞ ഗ്രാമങ്ങൾ. അവയുടെ വശങ്ങളിൽ കുടിവെള്ളത്തിനായി കുഴൽക്കിണറുകൾ. അതിലെല്ലാം അരയാൾ (അര-ആൺ) മേലെ പൊക്കമുള്ള ഹാൻഡ് പമ്പിൽ വലിഞ്ഞുതൂങ്ങിക്കിടന്ന് ചുറ്റും നിരത്തിവച്ച കുടങ്ങളിൽ വെള്ളം ശേഖരിക്കുന്ന സ്ത്രീകളും കുട്ടികളും.
സർക്കാർ രേഖപ്പെടുത്തിയ കണക്കനുസരിച്ച് ഒന്നര കോടിയാണ് രാജ്യത്തെ കുഴൽക്കിണറുകൾ.
മഷിയിട്ടുനോക്കിയാലും ആണൊരുത്തനെ കാണാത്ത ഇടം. വീട്ടിലേയ്ക്കുള്ള പൊതുആവശ്യം എന്ന നിലയ്ക്ക് വെള്ളം കണ്ടെത്തലും ചുമന്ന് വീട്ടിലെത്തിക്കലും യുക്തിപൂർവ്വം ഉപയോഗിക്കലും സ്ത്രീകളുടെ മാത്രം ചുമതലയാണല്ലോ ഈ രാജ്യത്ത് പൊതുവേ. എന്നാലും വെള്ളം പമ്പ് ചെയ്തെടുക്കുന്ന വാൽവും മറ്റു ഫിറ്റിങ്ങ്സും അങ്ങനെയല്ല. അളവും പരുവവും ആണിന്റെ ശരീരത്തിനും കായികബലത്തിനുമൊപ്പം. പഴകി തുരുമ്പിച്ചാൽ പറയുകയും വേണ്ട.
പ്രായാധിക്യം കൊണ്ട് ഞരങ്ങുന്ന പമ്പ്, അവയെക്കാൾ കഷ്ടം ശാരീരികാവസ്ഥയുള്ള സ്ത്രീകൾ സകല ശക്തിയുമെടുത്ത് അനേക തവണ വലിച്ചുതാഴ്ത്തി കുടങ്ങളിൽ വെള്ളം നിറയ്ക്കുന്നത് കണ്ടാൽ ചങ്ക് പറിഞ്ഞുപോരുമെന്നു തോന്നും.
ഭൂമിക്കടിയിലെ വെള്ളം രണ്ടായിരത്തോളം അടി മുകളിലെത്തിച്ചിട്ടും അവിടെനിന്ന് കുടത്തിലെത്തിക്കാൻ ഒരു സിമ്പിൾ ടെക്നോളജി ചൊവ്വയിൽ വെള്ളം തേടിപ്പോകുന്ന ഈ യുഗത്തിലും കണ്ടെത്തിയില്ലത്രേ.
കാന്ധ്വായിലെ ഈ കാഴ്ച കണ്ടപ്പോൾ അതുമായി പുലബന്ധം പോലുമില്ലാത്ത ഓരോർമ്മ പെട്ടെന്ന് കേറിവന്നു.
പൊൻകുന്നത്തെ ഒരു പഴയ ബസും ഒരു വീഴ്ചയും. പൊൻകുന്നം ബസ് സ്റ്റാന്റ് ഒരു യുദ്ധഭൂമിയാണ്.
കെ കെ റോഡും പി പി റോഡും കൂട്ടിമുട്ടുമ്പോൾ കോട്ടയം, കുമളി, പാലായുടെ സ്വഭാവവിശേഷങ്ങൾ ഉണ്ടാകാതെ വയ്യല്ലോ. മല- ഇട- നാടിന്റെ സംയോജന വിസ്ഫോടനം. കാലങ്ങൾക്കുമുന്നേ തന്നെ അവിടം രസകരമായ ഒരുമിച്ചുചേരലിന്റെ ഇടമായിരുന്നു. ചെല്ലാർകോവിലിൽനിന്ന് കേറിയപ്പോൾ ഇട്ട സ്വെറ്റർ ഊരുന്നുണ്ടാകും, മങ്ങിയ മുഖവും വരണ്ട കൈകളുമായി വന്നിറങ്ങിയ അമ്മച്ചിമാർ.

ഉണക്കമീനും പുകയത്തുവച്ച ഉണക്കിറച്ചിയും, പിന്നെ ഉഴുന്നാടയും നിറച്ച കൂടുകളുമായി മലബാർ വണ്ടിയും കാത്തുനിൽപ്പുണ്ടാവും, പെരുന്നാളും ക്രിസ്തുമസും കഴിഞ്ഞു തിരിച്ചുപോകുന്നോർ. ‘ദൈവസഹായ’ത്തിൽ കേറി മസാലദോശ അടിച്ചവരും തൊട്ടടുത്ത ഹിൽഡ ബാർ സന്ദർശിച്ചവരും അടുത്തുവരുന്ന ബസിലിടിച്ചു കേറാനുള്ള തയ്യാറെടുപ്പിലാകും.
കമ്പം-തേനി, ഇരിട്ടി, പരപ്പനങ്ങാടി തുടങ്ങി വമ്പൻ റൂട്ടുകളുടെ ഇടയ്ക്ക് പാലാ, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എരുമേലി വരെയുള്ള ലൊട്ടുലൊടുക്ക് റൂട്ടുകളിലേയ്ക്ക് ഓടുന്ന ബസുകൾ സദാ സമയത്തും തിക്കിത്തിരക്കുന്നുണ്ടാവും. ലോക്കൽ വണ്ടികൾ സ്റ്റാന്റ് പിടിക്കാൻ മത്സരിക്കും.
ദൂരവണ്ടികൾ സ്റ്റാന്റ് വഴി വളച്ചെടുത്ത് വന്നവഴിയെ പോകും. ഇവർക്കിടയിലൂടെ തങ്ങളുടെ വണ്ടി തപ്പി ഒരു ജനക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കും.
കാലം മാറി.
ഏതുവഴിക്ക് എവിടെനിന്ന് വരുന്നു എന്ന് തിരിച്ചറിയാൻ പറ്റാത്ത വേഷങ്ങളിലും ഭാവത്തിലുമായി യാത്രക്കാർ. കടകളുടെ നീണ്ട നിരകൾ ബസ് സ്റ്റാന്റിനു പുറത്തേയ്ക്ക് വ്യാപിച്ചു. ചുറ്റുമുള്ള ഒറ്റ നില കെട്ടിടങ്ങൾ പല നിലകളായി. എങ്കിലും ബസിനുപുറകെയുള്ള ഓട്ടത്തിന് ഒരു കുറവുമില്ല. മറിച്ച്, ബസുകളുടെ പന്തയഓട്ടവും യാത്രക്കാരുടെ ബാഹുല്യവും മൂലം ജനത്തിന്റെ അങ്കലാപ്പ് പതിന്മടങ്ങായി.
ആകെ മൊത്തം അലങ്കോലം.
ഒരു ദിവസം അതിനും മുകളിൽ കേട്ട ബഹളം. എല്ലാ തലകളും അവിടെയ്ക്ക് തിരിഞ്ഞു. ഒരു കയ്യിൽ സാരിക്കുത്തും, പിന്നെ സാരിത്തുമ്പും. മറു കയ്യിൽ ബാഗും കുടയും, അതിൽ തൂങ്ങി ഒരു കൊച്ചും. ധൃതിയിൽ ഓടിപ്പിടച്ചുവരുന്ന ഒരമ്മ. തലനരക്കാത്ത, വയറു ചാടാത്ത, ഓടാൻ കെല്പുള്ള ചെറുപ്പക്കാരി അമ്മ തന്നെ.
“കേറിക്കേ കേറിക്കേ, പെട്ടെന്ന് കേറിക്കേ ചേച്ചീ”, കർമ്മനിരതനായ കിളി. ചന്ദ്രനിലെത്താൻ ഇപ്പൊ പുറപ്പെടണം എന്ന മട്ടിൽ വണ്ടി ഇരപ്പിക്കുന്ന ഡ്രൈവർ.
സ്ത്രീയുടെ ഡ്രസ്സുകൾക്ക് പൊതുവേ പോക്കറ്റ് ഇല്ലെന്നും, യാത്ര ചെയ്യുമ്പോൾ അവരുടെ കയ്യിൽ മിനിമം ഹാൻഡ്ബാഗ് എങ്കിലും ഉണ്ടെന്നുമുള്ള സാമാന്യജ്ഞാനം ഇപ്പോഴും സ്പേസ് ഡിസൈനിൽ കണക്കാക്കുന്നില്ല.
ഓടിവന്ന അമ്മയാകട്ടെ, ബസിലെ പടി വലിഞ്ഞു കേറുന്നതിനിടയിൽ, കൈവരിയിൽ ഒന്നു പിടിച്ച് തൂങ്ങുമ്പോഴേയ്ക്കും കുഞ്ഞിനേയും കൊണ്ട് കാലുതെറ്റി താഴെവീഴുന്നു.
പൊക്കി എഴുന്നേൽപ്പിക്കാൻ വന്നവർ കിളിക്ക് നേരെ തട്ടിക്കേറുന്നു, ബസിന്റെ സൈഡിലടിച്ച് ഡ്രൈവറോട് വണ്ടി നിർത്താൻ കൂകുന്നു, ആകെ സീൻ.
“ഈ പടിയൊക്കെ കുറച്ചു താഴെയാക്കാൻ മേലേ? പതിനെട്ടാംപടി പോലെ വേണം ചവിട്ടിവലിഞ്ഞു കേറാൻ” വീണിടത്തുനിന്ന് കുഞ്ഞിനേയും കൊണ്ട് ഉരുണ്ടുപിരണ്ട് എണീക്കുന്ന അമ്മ ഷോക്കും അമർഷവും കൊണ്ട് ഒരു പൊട്ടിത്തെറി.
ബസിലെ വാതിൽപ്പടി പോരാട്ടങ്ങൾ, പതിവായി ആവർത്തിക്കുന്ന വീഴ്ചകൾ, വണ്ടിക്കു പുറത്തേയ്ക്ക് തെറിച്ചുവീണു മരിച്ച വാർത്തകൾ, ഒരു ഞെട്ടലുമില്ലാതെ കണ്ടുപോകുന്ന പതിവ് കാഴ്ചകൾ.
ബസിന്റെ വാതിൽപ്പടിയിൽനിന്ന് വീണു മരിക്കുന്നതിൽ ബഹുഭൂരിപക്ഷം സ്ത്രീകളാണെന്നത് ആരും ഓർക്കാത്ത സത്യവും. അതിനിടയ്ക്ക് ആ അമ്മയുടെ പൊട്ടിത്തെറി എവിടെയോ കൊളുത്തിക്കിടന്നു. അതു പിന്നീട് ഒരുപാട് യാത്രകളിൽ തികട്ടിവരുകയും ചെയ്തു; കാന്ധ്വയിലെ കുഴൽക്കിണറുകളിൽനിന്ന് വെള്ളമെടുക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ എന്ന പോലെ.
ചങ്ക് പറിച്ചെടുക്കുന്നവിധം കോരിയെടുത്ത വെള്ളം തലയിൽ ചുമന്ന് അടുക്കളയിലെത്തിച്ചാലോ, അവിടെയുണ്ടാവും ഒരു സ്റ്റൂൾ. അടുക്കളുടെ മേൽക്കൂരയിൽ തൊട്ടുനിൽക്കുന്ന കയ്യെത്താത്ത ഷെൽഫിന്റെ മുകളിൽനിന്ന് പെണ്ണുങ്ങൾക്ക് കുപ്പിയും പാത്രങ്ങളും എത്തിയെടുക്കാൻ.
അതിൽനിന്ന് മറിഞ്ഞുവീണ് നടുവേദനയും മുട്ടുവേദനയും മാറാത്ത അനേകയെണ്ണം പെണ്ണുങ്ങൾ എല്ലാ നാട്ടിലുമുണ്ടാവും, എന്റെ വീട്ടിലെപ്പോലെ.
അതും പോരാഞ്ഞ് ഒരു ഭംഗിക്ക് വീതികൂട്ടി പണിത അടുപ്പുപാതകവും വാഷ്‌ബേസിനും. ഏന്തിവലിഞ്ഞു നിന്നു വേണം പാചകം ചെയ്യാനും പാത്രം കഴുകാനും.
മിക്കവാറും പെണ്ണുങ്ങൾക്ക് നാൽപ്പത് കഴിയുമ്പോൾ നടുവൊടിഞ്ഞ പഴേ എഞ്ചിൻ എന്ന ബഹുമതിയും കിട്ടിയിട്ടുണ്ടാവും.
പരിണാമത്തിന്റെ വിചിത്രവഴിയിൽ എന്നോ എവിടെയോ വച്ച് പെണ്ണിന് പതിച്ചുകിട്ടിയ, ഇപ്പോഴും കൈമാറാൻ മടിക്കുന്ന, അടുക്കളയിൽ ഇതാണ് അവസ്ഥ. അപ്പോൾപ്പിന്നെ ഓഫീസുകളിലെ കസേര, മേശ, പള്ളിക്കൂടത്തിലെ ബ്ലാക്ക് ബോർഡ്, ഇവയുടെ ഒന്നും കാര്യം പറയേണ്ടല്ലോ. അതും ഇന്ത്യയിലെ തൊഴിലിടങ്ങളിൽ 20% മാത്രം സ്ത്രീകൾ ഉള്ളപ്പോൾ.
ബസിന്റെ മാത്രമല്ല, ട്രെയിനിന്റെ വാതിപ്പടിയും ഗംഭീരം തന്നെ. ഒരു തരത്തിൽ മറ്റുള്ളവരുടെ സഹായത്തോടെ അകത്തു കേറിപ്പറ്റിയാൽ പോലും ഇനിയും കിടക്കുന്നു കടമ്പകൾ.
താഴത്തെ ബെർത്ത് കിട്ടാനുള്ള ഭാഗ്യം എല്ലാവർക്കും ഇല്ലല്ലോ. സാരിയും തെറുത്തു കേറ്റി, തേഞ്ഞ മുട്ടുമായി സ്ത്രീകൾ മുകളിലത്തെ ബെർത്തിൽ വലിഞ്ഞുകയറുന്ന കാഴ്ച കാണാൻ വല്ലാത്ത ത്രില്ല് തന്നെ. ഇപ്പോൾ താഴോട്ടു പതിക്കും എന്ന സസ്പെൻസ് ഓരോ പ്രാവശ്യവും ഈ കയറ്റി-ഇറക്കത്തെ ഒരു ഗംഭീര ദൃശ്യമാക്കുന്നു. പല ട്രെയിനുകളിലും ചവിട്ടിക്കേറാനുള്ള കമ്പിപ്പടികൾ തുരുമ്പിച്ച് ഇളകിയതും ആയിരിക്കും. അപ്പോൾപ്പിന്നെ ദൃശ്യം ഒന്നുകൂടെ കൊഴുക്കും. ഇത് ഡിസൈൻ ചെയ്തവരുടെ മനസ്സിൽ എന്തായാലും കസ്റ്റമറായിട്ട് ഒരു സ്ത്രീ ആയിരിക്കില്ല ഉണ്ടായിരുന്നത്.
സ്ത്രീകൾ കൂടുതലായി യാത്ര ചെയ്യുന്ന ഈ കാലത്തുപോലും പല പബ്ലിക് ടോയ്ലെറ്റുകളിലും വാഷ്‌റൂമുകളിലും ഹാൻഡ്ബാഗോ ദുപ്പട്ടയൊ തൂക്കിയിടാനോ വെക്കാനോ സൗകര്യമില്ല. നനഞ്ഞ, വൃത്തികെട്ട തറയിൽ ബാഗും മൊബൈൽ ഫോണും വച്ചിട്ട് വേണം ടോയ്‌ലറ്റ് ഉപയോഗിക്കാൻ.
നിസ്സാര കാര്യമേയുള്ളൂ.
കതകിലോ ഭിത്തിയിലോ ഒരു ആണിയോ ബാറോ- അത്രയും മതി. പക്ഷെ ഇല്ലാത്തപ്പോൾ അവയുടെ മൂല്യം അപാരം.

സ്ത്രീയുടെ ഡ്രസ്സുകൾക്ക് പൊതുവേ പോക്കറ്റ് ഇല്ലെന്നും, യാത്ര ചെയ്യുമ്പോൾ അവരുടെ കയ്യിൽ മിനിമം ഹാൻഡ്ബാഗ് എങ്കിലും ഉണ്ടെന്നുമുള്ള സാമാന്യജ്ഞാനം ഇപ്പോഴും സ്പേസ് ഡിസൈനിൽ കണക്കാക്കുന്നില്ല.
എത്രയോ നൂറ്റാണ്ടുകളായിട്ട് നടന്നുപോരുന്ന പ്രക്രിയ. പകുതി ജനങ്ങളെ പാടേ മറന്ന സാങ്കേതിക വികസനങ്ങൾ.
ഒരു വസ്തു, അല്ലെങ്കിൽ സ്പേസ്, ഡിസൈൻ ചെയ്യുമ്പോൾ ഒരു ശരാശരി ആൺശരീരം, അല്ലെങ്കിൽ, ആൺരീതി ആണ് ഇന്നും അളവുകോൽ. അന്താരാഷ്ട്ര കണക്ക് അനുസരിച്ച് ഒരു ആണിന്റെ ഉത്തമ ഉയരം 177 സെന്റിമീറ്റർ, പെണ്ണിന്റേത് 162 സെന്റിമീറ്റർ. ഈ വ്യത്യാസം തിരിച്ചറിയപ്പെടുന്നില്ല, പരിഗണിക്കപ്പെടുന്നില്ല. അതനുസരിച്ച് പ്ലാൻ ചെയ്യപ്പെടുന്നില്ല. എന്തിനും, ഏതിലും.
നിത്യോപയോഗസാധനങ്ങളിലും ഇടങ്ങളിലും മാത്രമല്ല, ചിന്തകളിലും ആവശ്യങ്ങളിലും അളവിന്റെ വ്യത്യസ്തത പാടേ അവഗണിക്കപ്പെടുന്നു.
“പുല്ല്, ഈ പെണ്ണുങ്ങളെയൊന്നും ഇത്രേം ബോധം വെപ്പിക്കെണ്ടായിരുന്നു, എങ്കിൽ കാര്യങ്ങൾ എളുപ്പം നടന്നേനെ”, പ്രമോദ് ശിഞ്ഞാഡേ നിന്ന് പൊട്ടുകയാണ്.
രംഗം മഹാരാഷ്ട്രയിലെ മാറാത്ത് വാഡാ. പോരാളികളായ മറാത്തകളുടെ ഹൃദയഭൂമി. ശിവാജി മഹാരാജ് കുതിരപ്പുറത്തും പൊതുബോധത്തിലും ഇപ്പോഴും കൊടികുത്തിവാഴുന്ന നാട്. രാജ്മാതാ ജിജാബായിയെ ആരാധിക്കുന്ന നാട്.
മൂന്നാല് വർഷം കൂടുമ്പോൾ മാത്രം മര്യാദയ്ക്ക് മഴ പൊടിയുന്ന തരിശുപ്രദേശം.
നാന്ദെട് ജില്ലയിലെ അംബേഗാവ് ഗ്രാമത്തിൽ ജലസേചന പദ്ധതിക്ക് പ്ലാനും കൊണ്ട് ഒരു സ്പാനിഷ് ഏജൻസിയുടെ ഒപ്പമുള്ള സന്ദർശനം. നാട്ടുകാരെ കൂട്ടി ആലോചനകൾ, പദ്ധതികൾ, തകൃതിയായ പ്ലാനിംഗ്.
ഗുണഭോക്താക്കളെ ഒന്നിച്ചു കൂട്ടി ഡിസ്കഷൻ. ആണുങ്ങളെയും പെണ്ണുങ്ങളെയും വേറെ വേറെ വിളിച്ച് ഡിസ്കഷൻ.
അതോടെ പ്രശ്നങ്ങൾ തലപൊക്കി. ആരും അതുവരെ കണക്കുകൂട്ടാത്ത ഉഗ്രൻ പ്രശ്നങ്ങൾ.
ആണുങ്ങൾക്കുവേണ്ടത് കൃഷിക്കുള്ള വെള്ളം, കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന പമ്പും. പെണ്ണുങ്ങൾക്ക് ആവശ്യം കുടിവെള്ളവും വീടിനടുത്ത് ടാപ്പും. കേട്ടാൽ നിസ്സാരമെങ്കിലും സംഭവം വഷളായി.
സ്ത്രീകൾ കൂടുതലായി യാത്ര ചെയ്യുന്ന ഈ കാലത്തുപോലും പല പബ്ലിക് ടോയ്ലെറ്റുകളിലും വാഷ്‌റൂമുകളിലും ഹാൻഡ്ബാഗോ ദുപ്പട്ടയൊ തൂക്കിയിടാനോ വെക്കാനോ സൗകര്യമില്ല. നനഞ്ഞ, വൃത്തികെട്ട തറയിൽ ബാഗും മൊബൈൽ ഫോണും വച്ചിട്ട് വേണം ടോയ്‌ലറ്റ് ഉപയോഗിക്കാൻ.
ആവശ്യങ്ങൾ രണ്ടും കൃത്യമാണ്, ലോജിക്കും ഉണ്ട്.
സമൂഹം ഏല്പിച്ച ആൺ- പെൺ റോളുകളുടെ അന്തരങ്ങൾ അവരുടെ ആവശ്യങ്ങളിലും കൈ കടത്തി. ആണൊരുത്തൻ ഓർക്കുന്നത് കൂടുതൽ തവണ കൃഷി, കൂടുതൽ വിളവ്, പോക്കറ്റിൽ വീഴുന്ന കാശ്, മേടിക്കാൻ പോകുന്ന അധിക കൃഷിഭൂമികൾ.
പെണ്ണ് ആലോചിക്കുന്നത് കുടം നിറയെ വെള്ളത്തിനായുള്ള 3-4 കിലോമീറ്റർ നടത്തം, വെള്ളം കൊണ്ടുവരാൻ വേണ്ടി മാത്രം നിർത്തലാക്കിയ മൂത്തമകളുടെ പഠിത്തം, വെള്ളം തീർന്നതു കൊണ്ട് കുളിക്കാത്ത ഇളയതുങ്ങളുടെ വരട്ടുചൊറി.
ഏതെങ്കിലും ഒരു ജലസംവിധാനത്തിനു മാത്രമേ പ്രൊജക്റ്റിൽ കാശുള്ളൂ. തങ്ങൾ പിടിച്ച വശത്തുനിന്ന് ഇഞ്ചിനിഞ്ചു വിടാതെ കട്ടയ്ക്ക് നിൽക്കുന്നു ആണും പെണ്ണും.
‘പെൺബുദ്ധി’ എന്നൊന്നും പറഞ്ഞു തള്ളാൻ വയ്യല്ലോ, സംഘടനാ ഡയറക്ടർ ശിഞ്ഞാഡേയ്‌ക്ക്; പ്രത്യേകിച്ച് ചീങ്കണ്ണി മദാമ്മ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധിക്കുമ്പോൾ.
അപ്പോളാണ് നാട്ടിലെ പെണ്ണുങ്ങളെ ഇത്രയും ബോധം വെയ്പ്പിക്കെണ്ടായിരുന്നു എന്ന ബോധം ശിഞ്ഞാഡേയ്ക്ക് തെളിയുന്നത്.
നാട്ടുനടപ്പനുസരിച്ചാണെങ്കിൽ പെണ്ണുങ്ങൾ പ്രൊജക്റ്റ് പ്ലാനിന്റെ വഴിക്കേ വരില്ല, ആശയ സംഘട്ടനങ്ങളും ഇല്ല. ആണുങ്ങൾ ആണുങ്ങൾക്കു വേണ്ടി ആണുങ്ങളെപ്പോലെ കാര്യങ്ങൾ ശടപടേന്ന് നടത്തിയേനെ.
ഇതിപ്പോ പുലിവാലായി. സമഗ്ര വികസനം വാഗ്ദാനം ചെയ്ത് പ്രൊജക്റ്റ് ഉണ്ടാക്കി. ആദ്യഘട്ടത്തിൽ തന്നെ സ്ത്രീപങ്കാളിത്തം അതിന്റെ പ്രധാന ഭാഗമാക്കി. അതുവരെ ആൺമേൽക്കൊയ്മയുടെ കീഴിൽ, സ്വന്തമായി ഒരു തീരുമാനവും എടുക്കാതെ, മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിച്ച പെണ്ണുങ്ങളെ അവരുടെ അവകാശം, അവരുടെ ആവശ്യം, അവരുടെ പ്രാധാന്യം എന്നൊക്കെ പറഞ്ഞുപഠിപ്പിച്ച് തലയിൽ കേറ്റി.

പെണ്ണുങ്ങളാണേൽ പുതുതായി നേടിയ അറിവും, മറ്റു നാടുകളിലെ ഉത്തമ ഉദാഹരണങ്ങളും വച്ച് അവർക്ക് കിട്ടിയ തക്കം കാര്യമായിത്തന്നെ ഉപയോഗിച്ചു.
രണ്ടാം ഘട്ടം. അപ്പോഴേയ്ക്കും പണ്ട് തലമൂടി വാ പൊത്തി നിന്ന പെണ്ണുങ്ങൾ സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെട്ട് അതിനുവേണ്ടി നിലകൊള്ളാൻ തുടങ്ങി.
ഒടുവിൽ മദാമ്മ തന്നെ ഇടപെട്ടു. കുടിവെള്ളം അടിസ്ഥാന ആവശ്യമെന്ന നിലയിൽ സ്ത്രീകളുടെ ആവശ്യം അംഗീകരിച്ചു. കൃഷിക്കുള്ള ജലസേചനത്തിനായി ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ സഹകരണ സംഘങ്ങൾ വഴി ശ്രമിക്കാൻ തീരുമാനമായി. നിവർത്തിയില്ലാതെ അതിനു സമ്മതിക്കേണ്ടിവന്നതോടെയാണ് പ്രമോദ് ശിഞ്ഞാഡേ ഉൾപ്പെടെയുള്ള തലമൂത്ത ആണുങ്ങൾ സ്വയം പ്രാകിയത്, കുറച്ച് ഉറക്കെത്തന്നെ.
സ്ത്രീശാക്തീകരണം വച്ച് പ്രൊജക്റ്റ് കാശ് എഴുതി മേടിച്ചാലും ഇത്രക്കങ്ങ് ശാക്തീകരിക്കണ്ടായിരുന്നു.
“നിർത്തേണ്ടിടത്തു നിർത്തണം’’, പടിക്ക് താഴെ, എളുപ്പത്തിൽ കേറാതെ, പെട്ടെന്ന് കയ്യെത്താത്ത വണ്ണം.
