പൊരുത്തമില്ലാത്ത
ജീവിതത്തോട്
പൊരുതുന്ന സുനിത

‘‘ഇത്ര കടുത്ത നിസ്സഹായതയിലും സുനിതയുടെ മുഖത്ത് ദൈന്യതയുടെ നിഴൽ പോലുമില്ല. മറിച്ച്, സ്വന്തമായി ഒരു ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നതിന്റെ തിരക്കിലാണ്. തയ്യൽ പഠിച്ച് ചെറിയ നിലയിൽ തുന്നൽപ്പണി ചെയ്യുന്നു, സീസണാകുമ്പോൾ കൃഷിയിടങ്ങളിൽ കൂലിവേലക്ക് പോകുന്നു, മീൻ വിൽക്കാൻ പോകുന്നു’’- ലീഷ മഞ്ജു എഴുതുന്ന കോളം തുടരുന്നു.

ല്ലാത്തൊരു പരുങ്ങലോടെയാണ് സുനിത മുറിയിലേയ്ക്ക് കയറിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ കമ്മ്യൂണിറ്റി സെന്ററാണ് രംഗം. അവിടെനിന്ന് സ്കോളർഷിപ്പ് കൊടുക്കുന്ന കുട്ടികളുടെ അമ്മമാരോട് സംസാരിക്കാൻ വിളിച്ചപ്പോൾ എത്തിയതാണ് സുനിത. മൂന്നു പീക്കിരി പിള്ളേരും കൂടെയുണ്ട്. അവരുടെ മുഖത്തും അതിൽ കൂടുതൽ പേടി.

അകത്ത് ഒരു സ്ത്രീ മാത്രമേയുള്ളൂ എന്നു കണ്ടപ്പോൾ അവൾ ഒന്നയഞ്ഞു:
“ഇവരെ നോക്കാൻ വേറാരും ഇല്ലായിരുന്നു” എന്ന് ക്ഷമാപണസ്വരത്തിൽ പറഞ്ഞ് മൂന്നു കുഞ്ഞുങ്ങളെയും ബെഞ്ചിൽ ഒതുക്കിയിരുത്തി.
കഷ്ടിച്ച് 25 വയസ്സേയുള്ളൂ സുനിതയ്ക്ക്. കുഞ്ഞുങ്ങൾക്ക് മൂന്നും അഞ്ചും എട്ടും വയസ്.

“ഇത്ര ചെറുപ്പത്തിലേ മൂന്നു കുട്ടികൾ?”,
ആ ചോദ്യത്തിന് വിളറിവെളുത്ത ഒരു ചിരിയല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.
ഇരുണ്ടു മെലിഞ്ഞു ഉറച്ച ദേഹം, ചുരുണ്ട മുടി, നെറ്റിയിൽ പച്ചകുത്തു. ആ നാട്ടിലേതുമായി ഒരു സാമ്യവും ഇല്ലാത്ത രൂപ- ഭാവങ്ങൾ.

മുംബൈയുടെ പ്രാന്തപ്രദേശമാണ് ഉത്തൻ വില്ലേജ്.
പണ്ട് അതൊരു ‘ഓണംകേറാമൂല’യായിരുന്നെങ്കിലും ഇപ്പോൾ താനെ ജില്ലയിലെ മിര- ബയന്തർ മുനിസിപ്പാലിറ്റിയിൽ പെടുന്ന കടലോരപ്രദേശമാണ്. അറബിക്കടലിനും സഹ്യന്റെ താഴ് വാരത്തിനും ഇടയിലായി കിടക്കുന്ന പ്രകൃതി. ഇപ്പോൾ മുംബൈ നഗരത്തിന്റെ വൃത്തികേടുകൾ മുഴുവൻ എറിയപ്പെട്ട് അഴുക്കുകൂനയായി.

മുംബൈ നഗരം പിന്നിട്ട് ചെറിയ കുന്നുകളും കൈത്തോടുകളും വഴി പോകുമ്പോഴും നഗരത്തിന്റെ ചീഞ്ഞ മണം പിന്തുടർന്നു. വഴിവക്കിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും.
ഡ്രോൺ വ്യൂവിന് മാത്രം പറ്റിയ ഭൂമി.

പരമ്പരാഗത മത്സ്യതൊഴിലാളികളായ കോലികളും കർഷകരായ ഈസ്റ്റ് ഇന്ത്യൻസുമാണ് അവിടെ വസിക്കുന്നത്. പതിനഞ്ച്- പതിനാറു നൂറ്റാണ്ടുകളിൽ മതം മാറി ക്രിസ്ത്യാനികളായ കുമ്പി, കുപാരി ജാതിയിൽപെട്ടവരുടെ പിൻതലമുറയാണ് അവിടത്തുകാർ.

ടാൻ ആയ തവിട്ടുനിറത്തിൽ കുറച്ചു തടിച്ച ദേഹപ്രകൃതിയുള്ള അവരെപ്പോലെയേ അല്ല, മുന്നിലിരിക്കുന്ന സുനിതയെ കാണാൻ. ഉറക്കെ ചലപിലാ സംസാരിക്കുന്ന, വലിയ എളിമയൊന്നും ഏശാത്ത, തുറന്നു ഇടപെടുന്ന അവരുടെ യാതൊരു പെരുമാറ്റരീതിയും കാണിക്കുന്നുമില്ല.

“ഞാൻ ഈ നാട്ടുകാരിയല്ല’’, എന്തോ കുറ്റം ചെയ്ത പോലെ, അപകർഷതാബോധം നിറഞ്ഞ ശബ്ദത്തിൽ സുനിത പറഞ്ഞുതുടങ്ങി; ഉത്തനിലെത്തിയ കഥയും അവൾ പറഞ്ഞു.

പാൽഘർ ജില്ലയിലെ ദഹാനുവിനടുത്തുള്ള ഒരു ആദിവാസിഗ്രാമത്തിലാണ് അവളുടെ വീട്. മലമ്പ്രദേശം എന്നു പറയാവുന്ന ഭൂഭാഗം. മഹാരാഷ്ട്ര- ഗുജറാത്ത് ബോർഡറായ ആ പ്രദേശത്തെ തദ്ദേശവാസികൾ വാർളി, കട്കാരി, ഭില്ല തുടങ്ങിയ ആദിവാസി സമൂഹങ്ങളാണ്. അവരാകട്ടെ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സകല മേഖലകളിലും പിന്നാക്കവും. സ്വന്തമായി ഭൂമിയില്ലാത്ത കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ. പരമ്പരാഗത കൃഷിയായ നെല്ലും, ചിക്കു പോലുള്ള പഴ വർഗങ്ങളുമാണ് പ്രധാന വിളകൾ. കൃഷിയിൽ നിന്നുള്ള ദിവസക്കൂലിയാണ് ഭൂരിഭാഗത്തിന്റെയും പ്രധാന വരുമാനം.

അദാനിയുടെ തെർമൽ പവർ സ്റ്റേഷൻ അവിടെ ഓൺ ആയെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ഇനിയും എത്തിയിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനവും ഇതുവരെ അവർക്ക് ഒരു മുൻഗണനയായിട്ടുമില്ല.

അദാനിയുടെ തെർമൽ പവർ സ്റ്റേഷൻ അവിടെ ഓൺ ആയെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ഇനിയും എത്തിയിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനവും ഇതുവരെ അവർക്ക് ഒരു മുൻഗണനയായിട്ടുമില്ല.

കുട്ടികളെ എത്രയും പെട്ടെന്ന് കെട്ടിച്ചുവിട്ട് തൊല്ല ഒഴിക്കുകയാണ് നാട്ടുനടപ്പ്. അതിനുള്ള ചെലവ് ഓർത്തുമാത്രം ചിലരുടെ കല്യാണം വൈകിയാലായി. ഈ നടപ്പുരീതിയാണ് ബോംബെ നഗരത്തിലെ തൊഴിൽദല്ലാളന്മാർ മുതലാക്കുന്നത്. കെട്ടിച്ചുവിടാൻ കാശില്ലാത്ത വീടുകൾ കേറിയിറങ്ങി അവർ പെൺകുട്ടികളെ പല ജോലികൾക്കായി കൂട്ടിക്കൊണ്ടുപോകും.

“ഉത്തനിലുള്ള പെൺകുട്ടികളൊക്കെ ജോലിക്കു പോകുന്നവരാണ്; അതുകൊണ്ട് വീട്ടുപണി എടുപ്പിക്കാൻ ഞങ്ങൾടെ നാട്ടിൽനിന്ന് ആളെ കൊണ്ടുവരും,” നഷ്ടബോധം നിറഞ്ഞ സുനിതയുടെ സ്വരം ഇടറി.

"എത്രവരെ പഠിച്ചു?"

“നാലാം ക്ലാസ്സ്‌’’, തുടർന്നു പഠിക്കാൻ അവരുടെ ഊരിൽ സ്കൂൾ ഇല്ല, അപ്പർ പ്രൈമറി സ്കൂൾ അടുത്ത ഗ്രാമത്തിലേയുള്ളൂ. അതുകൊണ്ട് പഠിത്തം നിന്നു.

പരിചയക്കുറവു മാറിയപ്പോൾ സുനിത തുറന്നു സംസാരിക്കാൻ തുടങ്ങി, ആദ്യമായിട്ടാണ് അവളുടെ കഥ പറയാൻ അവസരം കിട്ടുന്നത് എന്നു തോന്നുന്ന വിധം.

ഉത്തനിലെത്തുമ്പോൾ അവൾക്കു 13 വയസാണ് പ്രായം. വാർളി ഭാഷ സംസാരിക്കുന്ന അവൾക്ക് പുതിയ ഇടത്തെ കോലി ഭാഷ പോലും അറിയില്ല. ജീവിതരീതിയും സംസ്കാരവുമാണെങ്കിൽ ആകെ വ്യത്യാസവും. സ്കൂളിൽ പോകേണ്ട പ്രായത്തിൽ അവൾ തനിക്കു തികച്ചും അപരിചിതമായ ഒരു കുടുംബത്തിൽ പുതിയകാല അടിമത്തത്തിന്റെ ഭാരം ചുമന്നുജീവിച്ചു.

മത്സ്യബന്ധനപ്രദേശങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകുന്നത് ആണുങ്ങളാണെങ്കിലും അതിനോടനുബന്ധിച്ചുള്ള അനേകം ജോലികൾ ചെയ്യുന്നത് സ്ത്രീകളാണ്. മീൻ വില്പന, മീൻ തരം തിരിക്കൽ, ഉപ്പുമീൻ ഉണക്കൽ, വിൽക്കൽ എന്നിങ്ങനെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പണികൾ ഇതുമായി ബന്ധപ്പെട്ടുണ്ട്.

ഉത്തൻ പോലെ നഗരവൽക്കരണവും സാമൂഹ്യ പുരോഗതിയും എത്തപ്പെട്ട നാടുകളിൽ പെൺകുട്ടികളും ആൺകുട്ടികളും എല്ലാവരും സ്കൂൾ- കോളേജ് വിദ്യാഭ്യാസമുള്ളവരാണ്. ആൺകുട്ടികളിൽ ഒരു ഭാഗം പരമ്പരാഗത മത്സ്യബന്ധനതൊഴിലിൽ ഏർപ്പെടുമ്പോൾ പെൺകുട്ടികൾ മിക്കവാറും പേർ ഏതെങ്കിലും വൊക്കേഷണൽ കോഴ്സും കഴിഞ്ഞ് മുംബൈയിലും ചുറ്റുമുള്ള പട്ടണപ്രദേശങ്ങളിലും ജോലിക്ക് ശ്രമിക്കും.

ഉത്തനിലുള്ള കോൺവെന്റ് വഴി ഒരുപാട് പെൺകുട്ടികൾ നഴ്സിംഗ് കഴിഞ്ഞ് പലയിടങ്ങളിൽ ജോലി കിട്ടി പോയി. റോഡും ബസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും, ഒപ്പം സാമൂഹ്യാവബോധവും കൂടുന്നതനുസരിച്ച് വിദ്യാഭ്യാസനിലവാരം കൂടി. പ്രൊഫഷണൽ ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടി. ദിവസം മുഴുവൻ നീളുന്ന വീട്ടിലെ പണികളും മത്സ്യബന്ധനജോലികളും ചെയ്യാൻ കുടുംബത്തിൽ ആളില്ലാതെയായി. അതോടെയാണ് പുറമേനിന്ന് പെൺകുട്ടികളെ ജോലിക്ക് കൊണ്ടുവരാൻ തുടങ്ങിയത്.

കടലും കടലോരപ്രദേശവുമായി യാതൊരു പരിചയവുമില്ലാതെ വളർന്ന സുനിത വീടിനകത്തും പുറത്തുമുള്ള സകല പണികളും ചെയ്യേണ്ടിവന്നു. എന്നാൽ അതിനുള്ള കൂലിയൊന്നും അവളുടെ കയ്യിൽ കിട്ടിയില്ല. വീട്ടുകാർക്ക് അതുകിട്ടിയിട്ടുണ്ടാവും.

“എത്രയാണെന്ന് എനിക്കറിയില്ല, ഏജന്റുമാർ അച്ഛനെ എല്പിക്കുകയാണ് ചെയ്തത്,” വലിയ ഭാവഭേദമില്ലാതെ സുനിത പറഞ്ഞു.

അങ്ങനെ നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഉത്തനിൽ നിന്നുതന്നെ ഒരു കല്യാണാലോചന എത്തി. 18 തികയാത്ത സുനിതയ്ക്ക് നാൽപതു വയസ്സ് കഴിഞ്ഞ ഒരാളുടെ ആലോചന. മീൻ പിടുത്തമാണ് തൊഴിൽ. ജാതി, മതം, സംസ്കാരം, ഭാഷ ഉൾപ്പെടെ എല്ലാം വ്യത്യസ്തമായിട്ടും സുനിതയെ ചെറുക്കന്റെ വീട്ടുകാർ സെലെക്റ്റ് ചെയ്യാൻ ഒരു കാരണമുണ്ട്.

“ഇവിടുത്തെ പെൺപിള്ളേർക്ക് മുക്കുവനെ കെട്ടാൻ താല്പര്യമില്ല, കെട്ടുന്നെങ്കിൽ ജോലിക്കാരെ മാത്രം മതി അവർക്ക്."

ചെലവുകാശു മാത്രം ശമ്പളമായി കിട്ടുന്ന ഓഫീസ് ബോയ് ആൽവിൻ സങ്കടത്തോടെ പറഞ്ഞായിരുന്നു, തലേന്നത്തെ മീറ്റിംഗിൽ:
“ഇനി ഇത്തരം പരമ്പരാഗത തൊഴിൽ ചെയ്യുന്നോർക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് പെണ്ണുങ്ങളെ കിട്ടാൻ പാടാണ്. അതുമല്ല, നമ്മുടെ കുട്ടികൾക്ക് ഈ മീൻപണിയൊക്കെ ചെയ്യാനും മടിയാണ്. ആദിവാസി കുട്ടികളാണേൽ മറിച്ചൊന്നും പറയാതെ നല്ല പണി എടുത്തോളും.”

ഒരു വീട്ടിലെ പണിയിൽനിന്ന് അടുത്ത വീട്ടിലെ കൂടുതൽ പണികളിലേയ്ക്കു സുനിത കടന്നു. കൂലിയില്ലാത്ത പണി. കല്യാണം കഴിഞ്ഞ് 7 വർഷത്തിനകം മൂന്നു കുട്ടികളുമായി.

അങ്ങനെയാണ് സുനിത ഉത്തനിലെ മരുമകളായത്.
അവളുടെ വീട്ടുകാർക്ക് സന്തോഷം, മകളെ കെട്ടിച്ചു വിടാനുള്ള ചെലവുകാശ് ഉണ്ടാക്കേണ്ടിവരില്ലല്ലോ.
അതുവരെ അവൾ പണിചെയ്തുണ്ടാക്കിയ കാശ് കുടുംബത്തിന് ലാഭം. പ്രായക്കൂടുതലുണ്ടെങ്കിലും ചെക്കന്റെ ജാതി തങ്ങളേക്കാൾ ഉയർന്നതെന്ന ആശ്വാസവും ഒപ്പം.

“ഇവിടെ എന്നെപ്പോലെ ഒരുപാട് ആദിവാസി കുട്ടികൾ പണിക്കുവരുന്നുണ്ട്, അവർക്ക് ഇവിടെത്തന്നെ കല്യാണവും നടക്കുന്നുണ്ട്.” സുനിത പറഞ്ഞു.
അവളുടെ പറച്ചിലിൽ സങ്കടമാണോ, ആശ്വാസമാണോന്ന് സംശയം തോന്നി.

“ആള് സ്ഥിരം കുടിയായിരുന്നു, ഒടുവിൽ കരളു പോയി, കുറേക്കാലം ചികിത്സിച്ചു. അതിനിടക്ക് കോവിഡ് വന്നു ആള് പോയി’’, വികാരക്ഷോഭം ഒന്നുമില്ലാതെ സുനിത പറഞ്ഞു.

ആരോ നടത്തിത്തന്ന, തീരെ പൊരുത്തമില്ലാത്ത, ആ ബന്ധത്തിൽ അവൾക്ക് ഏതെങ്കിലും വിധത്തിൽ സ്നേഹമോ സന്തോഷമോ കിട്ടിയിരുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം വന്നില്ല.
എന്തായാലും ആ മരണം അവളെ അധികം ഞെട്ടിച്ചതായോ തളർത്തിയതായോ തോന്നിയില്ല.

25 തികയുന്നതിനുമുമ്പേ വിധവയായ അവൾ മൂന്നു ചെറിയ കുട്ടികളുമായി ഭർത്താവിന്റെ വീട്ടുകാരുടെ ഒപ്പം കഴിയുന്നു. വിധവയായതുകൊണ്ട് സോഷ്യൽ ലൈഫ് തീരെ ഇല്ല, അതും ആദിവാസികളെ തരംതാഴ്ത്തി കാണുന്ന സമൂഹത്തിൽ.

“ഈ കുഞ്ഞുങ്ങളെയും കൊണ്ട് എവിടെ പോകാനാ? നാട്ടിലേയ്ക്ക് തിരിച്ചുപോയാൽ കുടുംബത്തിന് മാനക്കേടാകും.”

ഇതെന്തു കെട്ട സമൂഹം എന്ന് ആലോചിച്ചതും, ചിന്ത നമ്മുടെ നാട്ടിലേയ്ക്ക് പോയി. അടുപ്പമുള്ള ഒരു വീട്ടിലെ മനസമ്മതക്കഥ ഓർമ വന്നു.

എത്രയോ കേസുകളുണ്ടായിട്ടും, കല്യാണം കഴിഞ്ഞ് ഇറക്കിവിട്ട പെണ്ണിന്റെ നേരെ ഇന്നും വാതിലുകൾ അടഞ്ഞുകൊണ്ടേയിരിക്കുന്നു. സമൂഹത്തിനുമുന്നിൽ തല താഴും എന്ന വ്യർത്ഥചിന്തയിൽ അവളുടെ വേദനകൾ മൂടിവെക്കുന്നു.

ബന്ധുക്കൾ ഇടയിൽനിന്നു കൊണ്ടുവന്ന ആലോചന. നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ചെറുക്കനും പെണ്ണും. നല്ല തറവാട്ടുകാർ. എല്ലാം കൊണ്ടും അസ്സൽ പൊരുത്തം. എഴുനൂറു പേരെ വിളിച്ച് നടത്തിയ മനസമ്മതം പൊടിപൊടിച്ചു. അത് അത് കഴിഞ്ഞതോടെയാണ് ചെറുക്കന്റെ ഭാവം മാറിയത്. സംശയരോഗവും വയലൻസും കൂടിയ ഒന്നാന്തരം സൈക്കോ.
പെങ്കൊച്ച് ആകെ ഡെസ്പായി. പേടിയും, സങ്കടവും, അവൻ കൊടുക്കുന്ന സ്‌ട്രെസ്സും, ജോലിയുടെ ടെൻഷനും, എല്ലാം കൂടി അവൾക്ക് താങ്ങാൻ പറ്റുന്നില്ല. ഒടുവിൽ അമ്മയോട് പറഞ്ഞു. അമ്മ ബന്ധുക്കളോടും.

“ലക്ഷങ്ങളാണ് ചെലവായത്, അതെങ്ങനെ ഒരു തോന്നലിൽ ഒഴിവാക്കാൻ പറ്റും?”

“പത്തെഴുന്നൂറു പേരുടെ മുന്നിൽവച്ചു നടത്തിയ ഉറപ്പിക്കൽ അല്ലേ? എന്തൊരു നാണക്കേടാകും കുടുംബത്തിന്?”

“അതൊക്കെ ആദ്യം പെങ്കൊച്ചിനു തോന്നുന്നതാ, കുറെ കഴിയുമ്പോ ശരിയായിക്കോളും”

“വേറെ കുഴപ്പമൊന്നുമില്ലല്ലോ, അതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ തീരാവുന്നതെയുള്ളൂ, ഇതിപ്പോ നാട്ടുകാരോട് എന്തു പറയും?”

“പെണ്ണിന് പേടിയാണെന്ന് പറഞ്ഞ് കല്യാണം ഉപേക്ഷിക്കാൻ പറ്റുവോ, ഇതൊക്കെ തറവാട്ടുകാർക്ക് പറ്റുന്നതാണോ?”

ഇങ്ങനെപോയി ബന്ധുക്കളുടെ ആകുലതകൾ. ഒരാൾ പോലും അവരുടെ പെൺകൊച്ചിന് ഒരു സപ്പോർട്ട് കൊടുക്കാൻ, അവൾക്ക് അപകടം വരാതെ നോക്കാൻ, ആലോചിച്ചില്ല.

ഒടുവിൽ അവളുടെയും അമ്മയുടെയും നിർബന്ധം കൊണ്ട് ആ കല്യാണം വേണ്ടെന്നുവച്ചപ്പോൾ ഉലഞ്ഞ ഒരുപാട് ബന്ധങ്ങൾ ബാക്കി.

മനസമ്മതം കഴിഞ്ഞ് ഒഴിവാകാൻ ഇതാണ് അവസ്ഥ എങ്കിൽ കല്യാണത്തിനുശേഷം പിന്നെ എന്താവും പുകില്?

കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ വീട്ടിൽ തിരിച്ചെത്തുന്ന മാനക്കേട് ഒഴിവാക്കാൻ അവരുടെ നരകജീവിതം കണ്ടിട്ടും കാണാതെ നടിക്കുന്ന വീട്ടുകാർ. ‘നാട്ടുകാർ’ എന്ന ദുർഭൂതത്തെ പേടിച്ച് കുട്ടികളെ നരകിപ്പിക്കുന്ന കുടുംബക്കാർ.

ദുരന്തം നടന്നുകഴിയുമ്പോൾ മാത്രം ലോകത്തിനു മുമ്പിൽ നിലവിളിക്കുന്ന വീട്ടുകാരും കൂട്ടുകാരും. വേണ്ട നേരത്ത് ഒന്ന് കൈപിടിക്കാൻ ആളില്ലാഞ്ഞത് കൊണ്ട് സ്വയം മരിച്ച, അല്ലെങ്കിൽ കൊല്ലപ്പെട്ട, അനേകം പെൺകുട്ടികൾ.

ആയിരം കിലോമീറ്ററുകൾക്ക് അപ്പുറമിപ്പുറവും കഥകൾക്ക് വലിയ മാറ്റമൊന്നുമില്ല.

ഇന്ത്യ ഡേറ്റ മാപ് അനുസരിച്ച് 2025-ൽ രണ്ടര ലക്ഷത്തിലധികം ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഓരോ സ്ത്രീകൾ വീതം ഗാർഹിക പീഡനം മൂലം മരിക്കുന്നു.
30% സ്ത്രീകളും പങ്കാളിയിൽനിന്ന് മാനസിക, ശാരീരിക, ലൈഗിക പീഡനങ്ങൾ ഏൽക്കുന്നു.
ഇത്രയൊക്കെയായിട്ടും കല്യാണം കഴിഞ്ഞ് പോയ പെണ്ണിന്റെ നേരെ ഇന്നും വാതിലുകൾ കൊട്ടിയടയുന്നു.
കുറ്റം മാത്രം ചികയുന്ന സമൂഹത്തിനുമുന്നിൽ തല താഴും എന്ന പൊട്ടവിശ്വാസത്തിൽ അവളുടെ വേദനകൾ മൂടിവെക്കുന്നു. പോയവളുടെ ഭാരവും കൂടെ ഏൽക്കേണ്ടിവരുമോ എന്നു പേടിച്ച് അവളുടെ ആവലാതികൾ കേൾക്കാൻ നിക്കാതെ സൗകര്യപൂർവ്വം ഒഴിവാകുന്നു.

സ്ത്രീധനത്തിനും കല്യാണധൂർത്തിനുമായി മുടക്കുന്ന തുക കൊണ്ട് അവൾക്ക് സ്വന്തമായ ഒരു വരുമാനമോ, ഒറ്റയ്ക്ക് നില്ക്കാൻ ഒരു വീടോ ആക്കിക്കൊടുക്കാൻ ഇനിയും മടിക്കുന്നു.

ജനിച്ചു വളർന്നിടവും ചെന്നു കേറിയിടവും സ്വന്തമാകാതെ സുനിതയെ പോലെയുള്ള അനേകം പെൺകുട്ടികൾ, എല്ലാവരുമുണ്ടായിട്ടും അനാഥകളാകുന്നു. വഴിമുട്ടിയ അനേകം സുനിതമാർ ചത്തതിനൊപ്പമേ ജീവിക്കുന്നു.

ഇങ്ങനെയുള്ള അവസ്ഥയിൽ ന്യൂജൻ കാണിക്കുന്ന ധീരതയും ‘താൻപോരിമ’യും എങ്ങനെ സമ്മതിച്ചു കൊടുക്കാതിരിക്കും?

മകൾ ഇല്ലാതാകുമ്പോൾ നാട്ടുകാർക്കും പോലീസിനും മുന്നിൽ പരാതിയുമായി എത്തുന്ന കുടുംബക്കാരെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കാതെ എങ്ങനെ പ്രശ്നപരിഹാരമാകും?


Summary: Stories and experience of human companionship, This is a journey through different kinds of people. Leesha Manju's column part -4.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments