ഒരു വിവാഹച്ചടങ്ങില്‍ നാഗസ്വരം വായിക്കാന്‍ എത്തിയ ശെല്‍വനെ പരിചയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, ‘ഇത് ഒരു സൈഡ് പരിപാടിയാണ് സാറേ, ഞാന്‍ ഒരു ഓട്ടോക്കാരനാണ്. ജീവിക്കണമെങ്കില്‍ ഓട്ടോ ഓടിക്കണം’ എന്നാണ്.
ഒരു നാഗസ്വരം വായിച്ച് ഒരാള്‍ക്ക് ജീവിക്കാനാവില്ല, എന്നാല്‍ ഓട്ടോ കൊണ്ട് ഒരു കുടുംബം കഴിയും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 2015-ല്‍ കേരളത്തിലുള്ള ആകെ ഓട്ടോകളുടെ എണ്ണം 7,31,000 ആണ്. അത് ഇപ്പോള്‍നിശ്ചയമായും എട്ട് ലക്ഷം കടന്നിട്ടുണ്ടാവും.
കേരളത്തോളം പഴക്കമുണ്ട് സംസ്ഥാനത്തെ ഓട്ടോ സവാരിക്കും എന്ന് വേണമെങ്കില്‍ പറയാം. 1957-ല്‍ എറണാകുളം നഗരത്തില്‍ ആദ്യത്തെ ഓട്ടോ ഓടി. കോട്ടയം ടൗണിലും 1957 മുതല്‍ തന്നെ ഓട്ടോറിക്ഷ ഓടിത്തുടങ്ങിയെന്ന് ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ഓട്ടോ ഡ്രൈവറായ പി. ഐ. രാമന്‍ പറയുന്നു. കോട്ടയംകാരുടെ പ്രിയപ്പെട്ട രാമേട്ടന് 87 വയസാവുകയാണ്. കോവിഡ് വ്യാപിച്ച കാലം വരെ ഇദ്ദേഹം ഓട്ടോ ഓടിച്ചു. ഇപ്പോള്‍ വിശ്രമത്തിലാണ്. ഓട്ടോ ഓടിച്ചു നേടിയ സമ്പാദ്യം കൊണ്ടാണ് രാമേട്ടന്‍ നാല് പെണ്‍കുട്ടികളെ പഠിപ്പിച്ചതും അവരുടെ വിവാഹം നടത്തിയതും. 1957-ല്‍ കൂലിക്ക് ഓടിത്തുടങ്ങിയ രാമേട്ടന്‍ 1977 ആയപ്പോള്‍ ഒരു വണ്ടി സ്വന്തമാക്കി. ഭാര്യയുടെ പേര് ചെല്ലമ്മ എന്നായതിനാല്‍ വണ്ടിക്ക് ‘ചെല്ലം’ എന്ന് പേരുമിട്ടു.
കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഓടിത്തുടങ്ങുന്നത് 1960- കളുടെ മധ്യത്തിലാണെന്ന് ചില ഓട്ടോക്കാര്‍ പറയുന്നുവെങ്കിലും കൃത്യമായ തീയതി ആര്‍ക്കും അറിയില്ല. തിരുവനന്തപുരത്ത് ഓട്ടോ എത്താന്‍ പിന്നെയും വൈകി. 1970- കളിലാണ് തലസ്ഥാനത്ത് ഓട്ടോ ഓടിത്തുടങ്ങിയത്.
ജെറ്റ് എഞ്ചിനും റഡാറുമൊക്കെ വികസിപ്പിക്കാന്‍ കാരണമായ രണ്ടാം ലോകമഹായുദ്ധമാണ് ഓട്ടോറിക്ഷയുടെ പിറവിക്ക് പിന്നിലുമെന്ന് വേണമെങ്കില്‍ പറയാം. യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഇറ്റലിയുടെ റോഡുകളിലൂടെ ആളുകളെ കൊണ്ടുപോകുന്നത് ദുഷ്‌ക്കരമായി തീര്‍ന്നു. നഗരത്തിലാണെങ്കില്‍ ഇടുങ്ങിയ ഇടവഴികളും നാട്ടിന്‍പുറങ്ങളില്‍ കയറ്റങ്ങളുമായിരുന്നു ഇറ്റാലിയന്‍ വീഥികളുടെ ഭൂമിശാസ്ത്രം. യുദ്ധകാലത്ത് ജെറ്റ് എഞ്ചിന്‍ വികസിപ്പിച്ച കൊറാഡിനോ ഡി അസാനിയോ എന്ന എഞ്ചിനിയര്‍തന്നെ ഒരു ഇരുചക്ര വാഹനത്തിന് രൂപം നല്‍കി. അതിന് വെസ്പ എന്ന പേരും നല്‍കി. വെസ്പ എന്നാല്‍ ഇംഗ്ലീഷിലെ Wasp, മലയാളത്തിലെ കടന്നല്‍. ഈ കടന്നല്‍ വണ്ടിയില്‍ ആളെ കൊണ്ടു പോകാമെങ്കിലും ചരക്ക് നീക്കം നടക്കില്ല. അതു കൊണ്ട് അസാനിയോ ഒരു മുച്ചക്ര വാഹനത്തിന് രൂപം നല്‍കുകയും അതിന്റെ എഞ്ചിന്‍ തേനീച്ചയെ പോലെ മുരളുന്ന ഒന്നായതിനാല്‍ തേനീച്ച എന്ന് അര്‍ത്ഥം വരുന്ന ആപെ എന്ന ഇറ്റാലിയന്‍ പേരും നല്‍കി. യുദ്ധകാലത്ത് ജെറ്റ് എഞ്ചിന്‍ നിര്‍മ്മിച്ച പിയാജിയോ കമ്പനിയാണ് ഈ മുച്ചക്ര വാഹനവും ഉല്‍പ്പാദിപ്പിച്ചത്. യുദ്ധം കഴിഞ്ഞതോടെ ജെറ്റ് വിമാനങ്ങളുടെ ആവശ്യം കുറഞ്ഞു എന്ന് മാത്രമല്ല യുദ്ധത്തില്‍ ജര്‍മ്മനി ഇറ്റലിയുടെ പല ജെറ്റ് നിര്‍മ്മാണ ശാലകളും ബോംബിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
1947-ല്‍ ഇറ്റലിയില്‍ ഇറങ്ങിയ ഓട്ടോയുടെ ആദ്യ രൂപം കണ്ട എന്‍.കെ. ഫിറോദിയ എന്ന ഇന്ത്യന്‍ വ്യവസായി ഇത് ഇന്ത്യന്‍ റോഡുകള്‍ക്ക് ഏറെ അനുയോജ്യമാണെന്ന് മനസിലാക്കി. ആപെ എഞ്ചിന്‍ വരുത്തി മാതൃക മനസിലാക്കി രൂപകല്‍പ്പന തയ്യാറാക്കി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെയും അന്നത്തെ ആഭ്യന്തര മന്ത്രി മൊറാര്‍ജി ദേശായിയെയും മാതൃക കാണിച്ചപ്പോള്‍ അവര്‍ക്കും ബോധ്യപ്പെട്ടു.
പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ ഓട്ടോ ഒരു ഭ്രമമാണ്. മറ്റൊരു വാഹനത്തിനുമില്ലാത്ത തദ്ദേശീയത അവര്‍ ഓട്ടോയില്‍ കാണുന്നു.
അങ്ങനെ 1957-ല്‍ ഇന്നത്തെ ബജാജ് ഓട്ടോ കമ്പനിയുടെ ആദ്യ രൂപമായ ബച്ച് രാജ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്ന കമ്പനി ഇന്ത്യയില്‍ ആദ്യത്തെ ഓട്ടോറിക്ഷ അവതരിപ്പിച്ചു. ഇതിനുപിന്നിലെ തലച്ചോറ് നവന്‍മാല്‍ കുന്ദന്‍മാല്‍ ഫിറോദിയ ആയിരുന്നുവെങ്കിലും പിന്നീട് ബജാജ് ഓട്ടോ ഇത് സ്വന്തമാക്കി. ബജാജുമായി എന്‍.കെ. ഫിറോദിയ തെറ്റിപ്പിരിഞ്ഞുവെങ്കിലും ഓട്ടോറിക്ഷ ബജാജിന്റെ സ്വന്തമായി. കമ്പനിയിലെ ഓഹരി സംബന്ധിച്ച് ഫിറോദിയയും ബജാജും തമ്മില്‍ പിന്നീട് കേസും നടന്നിരുന്നു.
ഇതാണ് ഇന്ത്യയിലെ ഓട്ടോയുടെ ലഘുചരിത്രം. സൈക്കിള്‍ റിക്ഷയുടെ സ്ഥാനമാണ് ഓട്ടോ കൈയടക്കിയത്. സത്യനും എം.ജി.ആറും റിക്ഷാക്കാരായി അഭിനയിച്ചുവെങ്കില്‍ മോഹന്‍ലാലും രജനീകാന്തും ഓട്ടോക്കാരായി അഭിനയിച്ചു. ഏയ് ഓട്ടോ മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെയുള്ള സിനിമകളില്‍ ഓട്ടോ പ്രമേയമായി വന്നു.
അമിത കൂലിയും അപമര്യാദയും ചെന്നൈ നഗരത്തിലെ ഓട്ടോക്കാരുടെ മുഖമുദ്രയായി തന്നെ കണക്കാക്കപ്പെട്ടു. പിന്നെ ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പേര് വീണ്ടെടുത്തത് രജനീകാന്തിന്റെ ബാഷ എന്ന പടത്തിലൂടെയാണ്.
പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ ഓട്ടോ ഒരു ഭ്രമമാണ്. മറ്റൊരു വാഹനത്തിനുമില്ലാത്ത തദ്ദേശീയത അവര്‍ ഓട്ടോയില്‍ കാണുന്നു. അതുകൊണ്ടാവും മെക്‌സിക്കന്‍ അംബാസഡറും പിന്നീട് അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ നാല് വനിതാ ഉദ്യോഗസ്ഥരും കാര്‍ ഉപേക്ഷിച്ച് ഓട്ടോ ഓടിച്ച് ജോലി സ്ഥലത്ത് എത്താന്‍ തുടങ്ങിയത്. വിദേശികള്‍ ധാരാളമെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കരകൗശല സ്ഥാപനങ്ങളില്‍ തടിയിലും ലോഹത്തിലും തീര്‍ത്ത ഓട്ടോറിക്ഷയുടെ ചെറുരൂപങ്ങള്‍ ധാരാളം വിറ്റുപോകുന്നു.
ഓട്ടോക്കാരിലെ വില്ലന്‍ ആരെന്ന് ചോദിച്ചാല്‍ അത് മദ്രാസിനെ കിടുകിടാ വിറപ്പിച്ച ഓട്ടോ ശങ്കര്‍ ആണ്. തന്റെ മൂന്നാം ഭാര്യയായ ലളിതയെ ഉള്‍പ്പടെ നാല് പേരെ വധിച്ച ശങ്കര്‍ പഴയ മദിരാശിയിലെഅറിയപ്പെടുന്ന അധോലോക നായകനായിരുന്നു. 1995-ല്‍ ഇയാളെ തൂക്കിലേറ്റി. വളരെക്കാലം ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ശങ്കറിന്റെ ദുഷ്‌പ്പേരും പേറിയാണ് ജീവിച്ചത്. അമിത കൂലിയും അപമര്യാദയും ചെന്നൈ നഗരത്തിലെ ഓട്ടോക്കാരുടെ മുഖമുദ്രയായി തന്നെ കണക്കാക്കപ്പെട്ടു. പിന്നെ ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പേര് വീണ്ടെടുത്തത് രജനീകാന്തിന്റെ ബാഷ എന്ന പടത്തിലൂടെയാണ്. അതില്‍ രജനീകാന്ത് ഓട്ടോ ഡ്രൈവറായി വേഷമിട്ടു. ‘ഞാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍ നാലും തെരിഞ്ഞ റൂട്ടുക്കാരന്‍...’ എന്ന ഗാനം തമിഴകമെങ്ങും അലയടിച്ചു.
ഓട്ടോയില്ലാത്ത കേരളത്തെ കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലും വയ്യ. അത്രമേല്‍ മലയാളി ജീവിതവുമായി ഈ മുച്ചക്രവാഹനം ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു. കേരള ഓട്ടോ കൂട്ടായ്മ എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ‘ഓട്ടം കിട്ടാതെ കിടന്നപ്പോള്‍ ഒരു നേരമ്പോക്ക്’ എന്ന അടിക്കുറിപ്പോടെ പാട്ട് പാടുകയും അഭിനയിക്കുകയും ചെയ്യുന്ന വീഡിയോകള്‍ ഇതില്‍ ഡ്രൈവര്‍മാര്‍ പങ്ക് വയ്ക്കുന്നു. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടം കിട്ടാതെ കിടന്ന് മുഷിയുമ്പോള്‍ ഇത്തരം നേരമ്പോക്കുകള്‍ അവരെ രക്ഷിക്കുന്നു. ‘എന്റെ അപേ പാസഞ്ചര്‍ ഓട്ടോ ആണ്. അതിന്റെ ഫ്രണ്ടിന് ഭയങ്കര ടൈറ്റ്. വെട്ടലുമുണ്ട്. എന്തായിരിക്കും പ്രോബ്‌ളം?’ ഇങ്ങനെയുള്ള അല്ലറ ചില്ലറ വണ്ടിപ്രശ്‌നങ്ങളും ഈ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം തേടുകയും ചെയ്യുന്നുണ്ട്.
നാഗസ്വരം വായിക്കുന്ന ഓട്ടോ ഡ്രൈവറെ കുറിച്ച് പറഞ്ഞാണല്ലോ തുടങ്ങിയത്. സംഗീതവും ഓട്ടോറിക്ഷയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കാനഡയില്‍ നിന്നും വരും. കാനഡ ആസ്ഥാനമായ ഒരു ഇന്ത്യന്‍ അന്തര്‍ദേശീയ സംഗീത ബാന്‍ഡിന്റെ പേര് തന്നെ ‘ഓട്ടോറിക്ഷ’ എന്നാണ്. ഓട്ടോറിക്ഷ എന്ന പേരിലും മീറ്റര്‍ എന്ന പേരിലും അവര്‍ ആല്‍ബം ഇറക്കിയിട്ടുണ്ട്.
ഓട്ടോ തല്‍ക്കാലം ഓട്ടം നിര്‍ത്തുന്നു. നാഗസ്വരത്തെ കുറിച്ച് ഉടനെ എഴുതാം.