ഹാഥ്റസിലെ പെൺകുട്ടി, തൃശ്ശൂരിലെ ദീപക് ധോബി

ഇസ്തിരിയിടുന്ന മനുഷ്യരുടെ ജീവിതമാണ് കെ.സി. ജോസ് എഴുതുന്നത്. തൃശൂരിൽനിന്നുതുടങ്ങി ബോംബെ വരെ നീളുന്ന ഒരു അടിസ്ഥാനവർഗ സമൂഹത്തിന്റെ സന്തോഷവും ദുഃഖവും നിറഞ്ഞ അനുഭവങ്ങൾ. ഇപ്പോൾ, യു.പി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ നഗരങ്ങളിലേക്ക് കുടിയേറി ഇതേ തൊഴിൽ തുടരുന്ന മനുഷ്യർ. എവിടെയായാലും ഒരേതരം അനുഭവങ്ങളും ജീവിതവുമുള്ള മനുഷ്യർ.

യു.പിയിൽ, വാൽമീകി സമുദായത്തിലെ പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച് ചുട്ടുകൊന്ന സ്ഥലമാണ് ഹാഥ്റസ്. ഗട്ടറുകളും ടോയ്ലെറ്റുകളും വൃത്തിയാക്കാനുള്ളവർ എന്ന് മുദ്രയടിക്കപ്പെട്ടവരാണ് ഈ സമുദായം. വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെടുന്നവർ. വരേണ്യവർഗത്തിന്റെ വിലക്കുകൾ അനുസരിക്കാത്ത വാൽമീകികൾക്കും ദലിത് സമൂഹത്തിനും യു.പി.യിൽ മാത്രമല്ല, ഉത്തരേന്ത്യയിലെവിടെയും സമാന അനുഭവങ്ങൾ ധാരാളം പറയാനുണ്ടാകും.

അലക്കുകാരായ ദമ്പതികളുടെ ആദ്യ മകനാണ് ദീപക്, 28 വയസുണ്ട്. അയാൾക്ക് ഇപ്പോൾ 28 വയസ്സോളം പ്രായമുണ്ട്. തൃശ്ശൂരിന്റെ ഹൃദയഭാഗത്തുള്ള ഒരു ഇസ്തിരിക്കടയിൽ വെച്ചാണ് ദീപക്കിനെ പരിചയപ്പെടുന്നത്. ഫുൾകൈ ബനിയനും ബർമുഡയുമാണ് വേഷം. അയാൾ ഇസ്തിരിപ്പണിയെടുക്കുമ്പോൾ ഇയർഫോണിലൂടെ പാട്ടു കേട്ടുകൊണ്ടിരിക്കും. ഹിന്ദി, ബോജ്പുരി ഗാനങ്ങളാണ് അയാളുടെ സംഗീതലോകം.

ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നു എന്ന് പരാതിയുണ്ടായിരുന്നു.

അഞ്ചാം ക്ലാസു വരെ വീടിനകലെയുള്ള ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു പഠനം. അത് ഇടക്കുവച്ച് അവസാനിപ്പിക്കാൻ കുടുംബം നിർബന്ധിതരായി. ഗംഗാനദിയുടെ കൈവഴികളുടെ കൈവഴിയായി ഒഴുകുന്ന കൊച്ചുനദിയിലാണ് ഇവർക്ക് വസ്ത്രം അലക്കേണ്ടത്. അച്ഛന് സുഖമില്ലാതെയായി. രോഗമെന്തെന്ന് തിട്ടപ്പെടുത്താൻ ആ ഗ്രാമത്തിൽ ഡോക്ടറില്ല. ഒരു മുറിവൈദ്യൻ വന്ന് ഇടയ്ക്കിടെ ചില പച്ചമരുന്നുകൾ നല്കും. മന്ത്രവാദി വന്ന് പൊടിയൂതി കയ്യിൽ താവീസ് (ഉറുക്ക്) കെട്ടി ദക്ഷിണ വാങ്ങിപ്പോകും. രോഗിക്ക് ഒരു മാറ്റവുമുണ്ടായില്ല.

പ്രാദേശിക ഭരണകൂടത്തിന്റെ കൃപാകടാക്ഷത്താൽ ആയിടെ ദീപക്കിന്റെ ഗ്രാമത്തിലൊരു പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങി. ദീപക്കിന്റെ അമ്മ, രാം ഗോപാൽ ഡോബിയെന്ന അവരുടെ ഭർത്താവിന്റെ രോഗവിവരങ്ങൾ വള്ളിപുള്ളി തെറ്റാതെ ഡോക്ടറെ കേൾപ്പിച്ചു. കരുണാമയിയായ ആ ലേഡീ ഡോക്ടർ അന്നുതന്നെ ദീപക്കിന്റെ വീട്ടിലെത്തി അച്ഛനെ പരിശോധിച്ചു. അയാൾക്ക് രക്തസമ്മർദ്ദം കൂടിയും കുറഞ്ഞുമിരിക്കുന്നു. പക്ഷാഘാത സാധ്യതയു​ണ്ടെന്നും ലക്നൗ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണമെന്നും പറഞ്ഞു. പക്ഷേ അതുണ്ടായില്ല. വൈകാതെ, രാം ഗോപാൽ ധോബി മരിച്ചു. പരലോകത്തുനിന്ന് ‘ബുലാവാ’ (വിളി) വന്നുവെന്നാണ് ദീപക്ക് ആ മരണത്തെ വിശേഷിപ്പിച്ചത്.

അമ്മയും മൂന്ന് പെൺമക്കളും ദീപക്കും പട്ടിണി കൊണ്ട് പൊരിഞ്ഞു. പുല്ലുമേഞ്ഞ രണ്ട് മുറികളുള്ള അടച്ചുറപ്പില്ലാത്തതാണ് വീട്. പുറത്ത് തീ കൂട്ടി സിഗ്ഡി (കരിയടുപ്പ്) കത്തിച്ചാണ് അവർ റൊട്ടി ചുടുക. ഒരു ദിവസം ഇരുന്നൂറും മുന്നൂറും വിഴുപ്പ് വസ്​ത്രങ്ങൾ അലക്കുന്ന മനുഷ്യനായിരുന്നു രാംഗോപാൽ ചൗഹാനും ഭാര്യയും. ദീപക്കിന് പതിനാല് വയസ്. അവനും കുടുംബത്തിെൻ്റ പട്ടിണിമാറ്റാൻ സ്വയം അലക്കുകാരനായി. അത് ദൈവം കല്പിച്ചുതന്ന ജോലിയാണെന്ന് അയാൾ വിശ്വസിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വിശ്വസിച്ചേ മതിയാകൂ.

Photo: Wikimedia Commons

വിഴുപ്പുതുണികൾ ആദ്യമായെടുത്ത് അവരുടെ ആകെയുള്ള കുടുംബസ്വത്തായ കഴുതപ്പുറത്ത് കയറ്റിവെച്ച് കെട്ടി ദീപക് മുന്നിലും കഴുത പിന്നിലുമായി നദീതീരത്തേക്ക് നടന്ന ദിവസം അവന് മറക്കാനാകില്ല. കഴുതകൾക്ക് ബുദ്ധികുറവാണെന്നു പറയും, പക്ഷെ വഴി തെറ്റാറില്ല. ഒരേ ദിശയിൽ വഴിതെറ്റാതെ സഞ്ചരിക്കാനുള്ള രീതി അവയെ യജമാനൻ തല്ലി പഠിപ്പിച്ചിട്ടുണ്ടല്ലോ.

കഴുത നദീതീരത്ത് കുനിഞ്ഞുനിന്നു, ദീപക് തുണിക്കെട്ട് താഴെയിറക്കി. കഴുത പുല്ലു തിന്നാൻ പോയി, ദീപക് ധോബി അലക്കാനും തുടങ്ങി. അവിടെ വേറെയും അലക്കുകാരുണ്ട്.

കിഷൻ ചന്ദർ എഴുതിയ പ്രശസ്ത നോവലാണ് ‘An Autobiography of a Donkey’ (‘ഒരു കഴുതയുടെ ആത്മകഥ’). ഗംഗാ നദിയിൽ അലക്കുന്ന ഒരു ധോബിയെ മുതല പിടിക്കുന്ന സംഭവത്തിൽ അയാളുടെ കഴുത പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ കണ്ട് ധോബിക്കുവേണ്ടി വക്കാലത്ത് പിടിക്കുന്നതാണ് ഇതിവൃത്തം.

ദീപക് എന്ന യുവാവിന്റെ ജീവിതയാത്ര ഇവിടെ തുടങ്ങുകയാണ്. അവന്റെ ബാല്യം അകാലത്തിൽ അവസാനിച്ചു. അവനിപ്പോൾ പിടിപ്പത് പണിയുണ്ട്. അന്യരുടെ വിഴുപ്പ് കാരവെള്ളത്തിൽ പുഴുങ്ങിയെടുത്ത് നദീതീരത്തെ അലക്കുകല്ലിൽ ആഞ്ഞടിക്കുമ്പോൾ സ്വന്തം കുടുംബത്തിന്റെ വയറുകളെക്കുറിച്ചു മാത്രമായിരുന്നു ചിന്ത.

സഹോദരിമാർ മൂന്നു പേരുണ്ട്. അവരെ കാണുമ്പോൾ അവൻ നാട്ടിലെ പഴമൊഴി ഓർക്കും, ‘ജവാനി ലഡ്ക്കി ഖുലാ ഹുവാ തിജോരി ജൈസീ ഹെ’. തുറന്നു കിടക്കുന്ന അലമാര പോലെയാണ് യുവതികൾ. ഹാഥ്റസാണ് സ്ഥലം. അവിടെ ദരിദ്രർ സുരക്ഷിതരല്ല. ദീപക്കിനുമുന്നിൽ ഹാഥ്റസിലെ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു. കത്തിക്കരിഞ്ഞ അവളുടെ രൂപം അവനെ നോക്കി അലറിവിളിക്കുന്നു.

ദീപക് ലക്നൗവിലേയ്ക്കുള്ള അടുത്ത ബസ് പിടിച്ചു. എന്തെങ്കിലും കാര്യമായി സമ്പാദിക്കണം. കളവ്, പിടിച്ചുപറി തുടങ്ങിയവ പാപമാണെന്നറിയാം. ലക്നൗ യു.പിയുടെ സംസ്​ഥാനമാണ്. നവാബ്മാരുടെ നഗരം. മീസാൻ കല്ലുകൾ നിറഞ്ഞ ശ്മശാനങ്ങളിൽ നവാബ്മാർ അന്ത്യനിദ്രയിലാണ്. അവരുടെ കൊട്ടാരങ്ങൾ പലതും ഇടിഞ്ഞുപൊളിഞ്ഞിട്ടുണ്ട്. ഉദ്യാനങ്ങൾ കാടുപിടിച്ചു. കൊട്ടാരങ്ങൾ ശൂന്യം. അവിടെ ഖവ്വാലിയില്ല. ചിലയങ്കണിഞ്ഞ് നർത്തകിമാർ ചുവടു വെക്കുന്നില്ല. ആരും ഹാർമോണിയം മീട്ടുന്നുമില്ല. സരോദ് വായിക്കുന്നവരില്ല. തബലയുടെ പെരുക്കങ്ങളില്ല. ഉയരം കൂടിയ ഞാവൽ മരങ്ങളിൽ തലകീഴെ തൂക്കിയ വവ്വാലുകൾ, പ്രാവിൻ കാഷ്​ടം വീണ സിമന്റുതറ.

വല്ലാ​ത്തൊരു മടുപ്പ് ദീപക്കിനെ പിടികൂടി. ചെറിയ ജോലികൾ ചെയ്ത് ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ ശ്രമിച്ചുവലഞ്ഞ അവൻ കറങ്ങിത്തിരിഞ്ഞ് ലക്നോ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ ഒരു ട്രെയിൻ നിന്ന് കിതക്കുന്നു. അത് എങ്ങോട്ടാണ് പോകുന്നതെന്നൊന്നും അവൻ ആലോചിച്ചതേയില്ല. തുണിസഞ്ചിയുമായി ഒരു കംപാർട്ട്മെൻ്റിൽ കയറി. ടിക്കറ്റ് ചെക്കിംഗിന് ആരും വരാത്ത ഒരു അൺ റിസർവ്ഡ് കമ്പാർട്ടുമെന്റ്. രണ്ടു പകലും രാത്രിയും കഴിഞ്ഞപ്പോൾ ദീപക് ധോബി എത്തിയത് ബോംബെ സെൻട്രൽ സ്റ്റേഷനിൽ.

ലഖ്നൗവിൽ ഇപ്പോൾ ചിലയങ്കണിഞ്ഞ് നർത്തകിമാർ ചുവടു വെക്കുന്നില്ല. ആരും ഹാർമോണിയം മീട്ടുന്നുമില്ല. സരോദ് വായിക്കുന്നവരില്ല. തബലയുടെ പെരുക്കങ്ങളില്ല. / കറാമത്തുല്ല ഖാൻ (1848-1933). Photo: Irfan Khan.

ആൾക്കൂട്ടത്തിനിടയിൽ ഏകനായി അവൻ പുറത്തിറങ്ങി. ചായ വില്ക്കുന്ന യു.പിവാലയിൽ നിന്ന് വാട്ടചായ കുടിച്ച് അഞ്ചു രൂപ നൽകി. ഏതാണ്ട് ശൂന്യമായ പൈജാമയുടെ കീശയിൽ തപ്പിനോക്കിയപ്പോൾ ഒരു ഇരുപതിന്റെ നോട്ട് തടഞ്ഞു. ദീപക് ധോബിയുടെ ചുണ്ടിലൊരു ചെറു മന്ദഹാസം.

സബർബൻ തീവണ്ടികളുടെ പോക്കുവരവിനെകുറിച്ചുള്ള അനൗൺസ്മെൻ്റുകൾ ഇടതടവില്ലാതെ… അവൻ അവിടെ കാത്തുനിന്ന ഭയന്തർ ഫാസ്റ്റിലെ മാൽഡബ്ബയിൽ കയറി. മച്ചിവാലികളും ഡബ്ബാവാലകളും നിലത്തു കുത്തിയിരുന്ന് തംബാക്കു ചവയ്ക്കുന്നു. ചിലർ ബീഡി വലിച്ചു തള്ളുന്നു, ചിലരാകട്ടെ പൊട്ടിച്ചിരിക്കുന്നു. അവരുടെ ഭാഷ അവന് മനസ്സിലായില്ല. അവന്റെ കണ്ണുകളടഞ്ഞു.. ‘അരേ ബേഠാ–ഉഠോ’ എന്ന പതിഞ്ഞ ശബ്ദത്തോടൊപ്പം ഒരു കരസ്പർശം. ദീപക് ധോബി കണ്ണുതുറന്നു. പുകയില ചവച്ച് പല്ല് വൃത്തികേടാക്കിയ ഒരു വയോധികൻ. ഭയന്തർ ഫാസ്റ്റ് യാത്ര താല്കാലികമായി അവിടെ അവസാനിപ്പിച്ചിരിക്കുന്നു.

അവൻ ഉറക്കച്ചടവോടെ ചാടിയിറങ്ങി മുന്നിൽക്കണ്ട കോൺക്രീറ്റ് ബഞ്ചിലിരുന്നു. സബർബൻ ട്രെയിനുകൾ പായുന്നു, യാത്രികർ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. അപ്പോൾ വന്ന ചർച്ച് ഗേറ്റ് ബൗണ്ട് സ്ലോ ട്രെയിനിൽ അവനറിയാതെ കയറി. തൊട്ടടുത്ത സ്റ്റേഷനായ മീരാ റോഡിലെത്തി.

മീരാറോഡിലെ ശാന്തിനഗർ ആദ്യ കാലങ്ങളിൽ നഗരമൊന്നുമായിരുന്നില്ല. ഒരു ഈച്ചയെപോലും അവിടെ കണ്ടിരുന്നില്ല. പുൽക്കൊടികളുമുണ്ടായിരുന്നില്ല. ഉപ്പളങ്ങളും ചതുപ്പുനിലങ്ങളും മണ്ണിട്ട് മൂടി ബിൽഡർ ലോബി ഒരു ചെറുപട്ടണം പണിതുയർത്തിയിരുന്നു, ‘ശാന്തി നഗർ’ എന്ന് പേരുമിട്ടു. ഇന്ന് അവിടം സമ്പന്നരുടെ വാസഗൃഹങ്ങളാണ്. ഇപ്പോഴും വെസ്റ്റ് മീരാ റോഡ്, ഭയന്തർ വെസ്റ്റ്, വസയി ഈസ്റ്റിലെ പ്രദേശങ്ങളിൽ ഈ അനധികൃത ഇടപാടുകൾ തകൃതിയാണ്.

ഗോഖിവാര കുന്നുകൾ ഇടിച്ചുനിരത്തിയാണ് അവിടമാകെ മൾട്ടി സ്റ്റോറീഡ് ബിൽഡിങ്ങുകളും റസിഡൻഷ്യൽ കോംപ്ലക്സുകളും നിർമിച്ചത്. ബിൽഡർമാരുടെ ഓഫീസുകൾ, ബഹുനില കെട്ടിടങ്ങൾ, ചായ് പാവ് സെൻ്ററുകൾ, ലോണ്ടറി സർവ്വീസുകാർ എന്നിവയെല്ലാം മീരാറോഡിലെ ശാന്തി നഗറിലുണ്ട്.

ദീപക്ക് അടഞ്ഞുകിടന്ന ഒരു കടയുടെ ചവിട്ടുപടിയിലിരുന്ന് അവസാനത്തെ ബീഡിയും കത്തിച്ചു. ബജാജ് മോപ്പഡിൽ അവിടെയെത്തിയ ഒരാൾ സമീപമുള്ള കട തുറന്ന് തുണിക്കെട്ടുകൾ പുറത്തെടുത്തുവെച്ചു, അവ ഇസ്​തിരിയിട്ട വസ്​ത്രങ്ങളാണ്. ഷോപ്പ് വീണ്ടും താഴിട്ട് പൂട്ടി മോപ്പഡിൽ തുണിക്കെട്ടുകൾ ഭദ്രമായി കെട്ടിവെയ്ക്കുന്നതിനിടയിൽ അയാൾ ദീപക്കിനെ കണ്ടു. ‘എന്താ കാര്യം’ എന്ന് ആംഗ്യഭാഷ.
അവൻ ‘കാം’ എന്നു മാത്രം പറഞ്ഞു. ദീപക് അന്നു മുതൽ ശാന്തി നഗർ ഡ്രൈക്ലീനിംഗ് ആൻ്റ് അയേൺ സർവ്വീസിലെ ജോലിക്കാരനായി.

ദീപക് ബോംബെ കഥ പറഞ്ഞവസാനിപ്പിച്ചു.

ഇസ്​തിരികടയുടമ മരിച്ചപ്പോൾ ദീപക് വീണ്ടും തൊഴിൽ തേടി വീരാറിലെത്തി. അവിടെ ബോളിഞ്ച് ഗാവിലും വിരാട്നഗറിലും ജോലി ചെയ്തു. ഇതിനിടെ ഇസ്​തിരിപ്പണി മടുത്തു. ഒരേ ആളുകളും അവരുടെ പെരുമാറ്റങ്ങളും അവന് സഹിക്കാനാകാതെയായി. തലയ്ക്കടിയേറ്റ പോലെ കോവഡ് വീരാറിൽ വ്യാപകമായി, ദീപക്കിന്റെ കഞ്ഞികുടി മുട്ടി. ഒടുവിൽ, അവൻ കേരളത്തിലേക്ക് വണ്ടി കയറി.

ആലുവയിലാണ് അയാളുടെ ‘ജാത്വാല’ (സ്വന്തം നാട്ടുകാരൻ) കാത്തുനിന്നത്. ആ സ്റ്റേഷനിൽ ‘ചൂല് കെട്ടഴിച്ചിട്ടതുപോലെ’ അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കാത്തുനില്ക്കുന്നത് അവൻ ആഹ്ലാദത്തോടെ കണ്ടു. രണ്ടുമൂന്നു വർഷം കളമശ്ശേരിയിലും പാലാരിവട്ടത്തും മറ്റും ഇസ്​തിരി ജോലി ചെയ്ത ദീപക് ധോബി ഇപ്പോൾ തൃശൂരിലാണ്. ഇവിടെ അയാളുടെ സുഹൃത്തുക്കൾ സമാന ജോലി ചെയ്യുന്നവരാണ്.

ഇന്നത്തെ ദീപക് പ്രതികരിക്കാനറിയാത്ത പഴയ യു.പിവാലയായ ഇസ്തിരിക്കാരനല്ല. കേരളവും ബോംബെയും അയാളെ പലതും പഠിപ്പിച്ചു. അമ്പരപ്പിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്കു മുമ്പിൽ ആദ്യം പതറിയ ദീപക് ഇന്ന് കാര്യപ്രാപ്തിയുള്ള നമ്പർ വൺ ഇസ്തിരിവാലയാണ്. ദുരിതജീവിതമാണ് അതിന്റെ പ്രേരകശക്തി.

‘ദോബികൾക്ക് അലക്കൊഴിഞ്ഞ നേരമില്ല’ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് നൂറ് ശതമാനവും ശരിയാണെന്നാണ് എ​ന്റെ അനുഭവം. ഇവിടെ പരമ്പരാഗതമായി അലക്കുതൊഴിൽ ചെയ്യുന്ന സമൂഹം ഇല്ലെന്നുപറയാം. വർഷങ്ങൾക്കു മുമ്പ് ഈ തൊഴിൽ കാലഹരണപ്പെട്ടു.

ആ സ്റ്റേഷനിൽ ‘ചൂല് കെട്ടഴിച്ചിട്ടതുപോലെ’ അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കാത്തുനില്ക്കുന്നത് അവൻ ആഹ്ലാദത്തോടെ കണ്ടു. / Photo: Muhammad Hanan

എന്റെ ബാല്യത്തിൽ ‘ടിച്ചൂർ വാഷിങ്ങ് ഹോം’ ഉടമ, കൊമ്പൻമീശക്കാരൻ ദേവസ്യേട്ടനാണ് സൈക്കിളിൽ വീട്ടിലെത്തി മുഷിഞ്ഞ തുണികൾ ശേഖരിച്ച് അലക്കിത്തേച്ചവ തിരികെത്തിരിക. അമ്മയും രണ്ടാമത്തെ ചേച്ചി ത്രേസ്യാകുട്ടിയുമാണ് അതിന്റെ ‘ഇസ്സാബ്’ (കണക്ക്) സൂക്ഷിപ്പുകാരികൾ. തികഞ്ഞ കമ്യൂണിസ്റ്റായ ദേവസ്യേട്ടൻ നീലേശ്വരം ഗ്രാമപരിസരത്താണ് കട നടത്തിയിരുന്നത്. അവിടേം സൊറ പറയുന്നവരും കുശുമ്പ് പറയുന്നവരും മുഖസ്​തുതി പറയുന്നവരും സമ്മേളിക്കുന്നു. ദേവസ്യേട്ടനും ചിലപ്പോൾ കമൻ്റടിച്ച് ചിലരെ പരിഹസിച്ചുവിടുന്നതിന്നുമിടയിൽ തന്റെ നാലര–അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ചിരട്ടക്കനൽ നിറച്ച തേപ്പുപെട്ടി ശ്രദ്ധാപൂർവ്വം വസ്​ത്രത്തിൽ ഓടിക്കണതു കാണാം. ചില്ലറ ചായ കുടി, ബീഡിവലി തുടങ്ങിയവ ഇതിന്നിടയിൽ യഥാവിധിയുണ്ടാകും. ഇവിടെ വസ്​ത്രം തരംതിരിക്കൽ പരിപാടി കൗതുകകരമാണ്. ചിലതിന് ഒരു പ്രത്യേക കെട്ട് കെട്ടും. കറ പിടിച്ചവ, കരിമ്പനയടിച്ചവ, ചായക്കറ, മുറുക്കാൻകറ എന്നിങ്ങനെ വിവിധ കറകൾ പറ്റിപ്പിടിച്ചവ വേറെയൊരു പ്രത്യേക കെട്ടോട് കൂടിയാണ് അലക്കുകാർക്ക് കൊടുക്കുക.

‘ദോബിമാർക്ക്’ ഇന്ന് ഏതോ പ്രത്യേക മഷികൊണ്ട്ഡ്രൈക്ലീനിംഗ് ലോണ്ടറിക്കാർ അടയാളപ്പെടുത്തുമ്പോൾ ദേവസ്യേട്ടനെപോലുള്ളവർ ഒരു ചെടിയുടെ ‘കായ’ യുടെ നീരുകൊണ്ടാണ് വസ്​ത്രങ്ങൾക്ക് അടയാളമിടുക. അത് മാറ്റണമെങ്കിൽ വസ്​ത്രത്തിന്റെ ആ ഭാഗം കീറിക്കളയണം. ഞാൻ കേരളവർമയിൽ ചേർന്നകാലത്ത് ദേവസ്യേട്ടൻ ഈ കലാപരിപാടി നിർത്തി. അദ്ദേഹം മരിച്ചതായി പിന്നീട് ബോംബെയിലേക്ക് വന്ന അമ്മയുടെ കത്തിൽ കണ്ടു.

‘ദോബിമാർക്ക്’ എന്ന് വിളിക്കപ്പെടുന്ന അടയാളപ്പെടുത്തൽ

ആ കടയും സമീപത്തുള്ള ജർമൻസ് പന്തൽപണിയും ഇന്നില്ല. ജർമന്റെ കലാവിരുതുകൾ തൃശൂർ പൂരം നാളുകളിൽ വടക്കുംനാഥൻ, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെ പന്തലുകളായി രൂപപ്പെടുന്നു. നായ്ക്കനാൽ, നടുവിലാൽ, മണികണ്ഠനാൽ നടകളിലാണ് 35–40 അടിയിലധികം ഉയരത്തിലും വൈദ്യുത ദീപാലങ്കാരത്തോടെയും ഏറ്റവും പുതുപുത്തൻമാതൃകയിൽ പന്തലുകൾ ഉയർന്നിരുന്നത്. ഇപ്പോഴും പൂരത്തിന് പന്തലുകൾ അവിടെ ഉയരുന്നുണ്ട്. തായമ്പകയും, തിമിലയും, കൊമ്പ് വിളിയും ഇലത്താളങ്ങളും സമ്മേളിക്കുന്ന വാദ്യവിശേഷങ്ങൾക്കൊപ്പം ആനകൾ തിടമ്പേറ്റിനിന്ന് ചെവിവട്ടം പിടിക്കുന്നു, ജനം ഹർഷാരവം മുഴക്കി ആവേശഭരിതരായി തുള്ളിച്ചാടുന്നുമുണ്ട്. പടക്കങ്ങൾ പൊട്ടുന്നു. അമിട്ടുപൊട്ടുന്നുണ്ട്. ഗുണ്ടുകളുടേയും, കതിനാവെടികളുടേയും കാതടപ്പിക്കുന്ന ശബ്ദം. ആചാരങ്ങൾമൂലം അനുഷ്ഠാനങ്ങളും ഇന്നും തൃശൂരിൽ ശോഷിച്ചിട്ടില്ല. കഴിഞ്ഞ പൂരം വെടിക്കെട്ട് എന്തോ കാരണങ്ങളാൽ അലങ്കോലമായതു നമുക്ക് മറക്കാമോ?

ദേവസ്യേട്ടനുശേഷം ഞങ്ങളുടെ വീട്ടിൽ തുണിയലക്കിതേയ്ക്കുന്ന ജോലി ചെയ്തിരുന്നത് പൗലോസേട്ടനായിരുന്നു. പി.ഒ.റോഡിൽനിന്ന് ശക്തൻ മാർക്കറ്റ് ഭാഗത്തേക്ക് തിരിയുന്ന കവലയിലുണ്ടായിരുന്ന ‘ദി പോപ്പുലർ വാഷിംഗ് ഹോമി’ലെ ജോലിക്കാരായിരുന്നു. കമ്യൂണിസ്റ്റായിരുന്നു പൗലോസേട്ടനും ദേവസ്യേട്ടനും. പോപ്പുലർ ഉടമ കാട്ടൂക്കാരൻ (കെ.പി.പോൾ) രണ്ടാം ലോകമഹായുദ്ധകാലത്താണ് ഓട്ടോമൊബൈൽ ആരംഭിച്ചത്. പിന്നീട് ഇന്ത്യയിൽ പ്രശസ്​തമായ പോപ്പുലർ ഓട്ടോ ബൈൽസ് ​കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയായി, കൂടുതൽ പോപ്പുലറായി. അദ്ദേഹം സീതാറാം മിൽ തൊഴിലാളികളുടെ സമരത്തിൽ പണവും മറ്റു സഹായങ്ങളും നൽകി അവരെ സഹായിച്ചിട്ടുണ്ടെന്ന് എന്റെ വീടി​ന്റെ തൊട്ടടുത്തുള്ള മൺമറഞ്ഞ മിൽ ത്തൊഴിലാളികളും കമ്യൂണിസ്റ്റുകളായ ഔസേപ്പേട്ടനും കൊച്ചുവറീതേട്ടനും പലപ്പോഴും പറയാറുണ്ട്.

Photo: Meena Kadri, Flickr

ഔസേപ്പേട്ടനും സഖാവ് എ.എം. പരമനും അന്തിക്കാട് ചെത്ത് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് പോലീസിന്റെയും ഗുണ്ടകളുടേയും ക്രൂരമർദ്ദനം ഏറ്റുവാങ്ങിയവർ കൂടിയാണ്. ഈ സഖാക്കളേയും അവിടെ സമാനമായ അക്രമങ്ങൾക്കിരയായവരേയും കോട്ടയ്ക്കൽ ആയുർവേദ വൈദ്യശാലയുടെ കീഴിലുള്ള ആശുപത്രിയിൽ ‘എണ്ണപ്പാത്തിയിൽ’ കിടത്തി, ഉഴിച്ചിലും, പിഴിച്ചിലുമൊക്കെ നടത്താൻ തുടർചികിത്സക്ക് പണം നല്കി സഹായിച്ചതും മേൽപറഞ്ഞ പോപ്പുലർ ഓട്ടോമൊബൈൽസ് പോളേട്ടനും ഫാഷൻ ഫാബ്രിക് ഉടമ ഫാഷൻ പൊറിഞ്ചേട്ടനും (ഫ്രാൻസിസ്​), പീച്ചി ട്രാൻസ്​പോർട്ട് ഉടമ കെ.കെ. പോളേട്ടനും തന്നെയായിരുന്നു.

ആമ്പല്ലൂർക്കാരനായ പൗലോസേട്ടൻ ആരംഭിച്ച ‘വിനോളിയ വാഷിംഗ് ഹോം’ പാട്ടുരായ്ക്കൽ ജംഗ്ഷനിൽ ഞങ്ങളുടെ പഴയ തറവാട് വീടിന്റെ മുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കുറച്ചുകാലത്തിനുശേഷം അതിന് ഷട്ടറിട്ടു. അറംപറ്റി എന്നു തന്നെ പറയേണ്ടിവരും. അദ്ദേഹത്തിന്റെ മകൻ ജോണി അകാലത്തിൽ മരിച്ചതാണ് കാരണം. ‘വിനോളിയ’ സോപ്പിനെകുറിച്ച് എസ്​.കെ. പൊറ്റെക്കാടിന്റെ ‘ഒരു തെരുവിന്റെ കഥ’യിലും ‘ദുർദിനം’ എന്ന കഥയിലും പരാമർശമുണ്ട്. ‘സുഗന്ധവാഹിനിയാണീ സോപ്പ്’ എന്നാണ് വിശേഷണം.

പഴയകാല ഇസ്​തിരിക്കടകൾ ഇന്ന് ഈ പട്ടണത്തിൽ അംഗുലീപരിമിതമാണ്. പലരും ഈ പരിപാടി നിർത്തിവെച്ച് വേറെ ബിസിനസ്സിലേക്കുപോയി. അവരിൽ ചിലരുടെ മക്കൾ ലോട്ടറി കച്ചവടം തുടങ്ങി. വേറെ ചിലർ ചായക്കടയും ബീഡി, സിഗരറ്റ്, മുറുക്കാൻ കടകളും തുടങ്ങിയാണ് ജീവിതം നയിക്കുന്നത്.

വാടകയ്ക്കെടുത്ത മുറി ഒഴിയാനുള്ള ഉടമയുടെ വക്കീൽനോട്ടീസുകൾ കൊണ്ട് പൊറുതിമുട്ടിയ ഉണ്യേട്ടൻ എന്ന എപ്പോഴും തമാശ പറയുന്ന എന്റെ സുഹൃത്ത് ഈ പരിപാടിക്ക് ഫുൾസ്റ്റോപ്പിട്ട് ഷൊർണ്ണൂരിലാണ് ഇപ്പോൾ താമസം. കോട്ടപ്പുറം നിവാസിയായിരുന്ന അദ്ദേഹത്തെ ‘റോയിട്ടർ ഉണ്യേട്ടൻ’ എന്നാണ് ഞങ്ങൾ വിളിക്കുക. അവിടെ ഉണ്യേട്ടനും ഞങ്ങൾ രണ്ടുമൂന്നു സുഹൃത്തുക്കളുമൊത്ത് പെഗ്ഗടിയും സിഗരറ്റ് വലിയുമൊക്കെ ചിലപ്പോൾ ഉണ്ടായിരുന്നു. എന്റെ യൗവനകാലമായിരുന്നു അത്.

ഡ്രൈക്ലീനിംഗ് @ തൃശൂർ

തൃശൂരിൽ 1967–68 കാലങ്ങളിലാണ് ആദ്യമായി ഡ്രൈക്ലീനിംഗ് പരിപാടി ആരംഭിക്കുന്നത്. സ്​നോവൈറ്റ് എന്ന ഈ സ്​ഥാപനം ഇപ്പോഴും എം.ജി.റോഡിൽ സജീവമാണ്. ഞങ്ങളുടെ അയൽക്കാരനായിരുന്ന സഖാവ് ഔസേപ്പേട്ടന്റെ മകൻ (ശലമോൻ–ഈയിടെ മരിച്ചു) വിവാഹം കഴിച്ചത് സ്​നോവൈറ്റ് ഉടമയുടെ കുടുംബത്തിൽ നിന്നാണ്.

കൃത്യനിഷ്ഠ, ഹൃദ്യമായ പെരുമാറ്റം കസ്റ്റമർ കെയേഴ്സ് ഉൾപ്പെടെയുള്ള സ്​നോവൈറ്റിന്റെ സേവനത്തിന് ഇപ്പോഴും ഒരു കോട്ടവും വന്നിട്ടില്ല. ‘സ്​നോവൈറ്റ്’ അവരുടെ ബിസിനസ്സ് പുഷ്​ടിപ്പെടുത്താൻ ലക്ഷങ്ങൾ വില വരുന്ന പുതിയ മെഷിനറികൾ ഇറക്കുമതി ചെയ്തിരിക്കുന്നതും വളരെ മുമ്പുതന്നെ. പരിചയസമ്പന്നരായ ഇസ്​തിരിവാലകളും ഡാണിക്ക്, ഡൈയിങ് (മാധവികുട്ടിയുടെ ഇതേപേരിലുള്ള ഒരു കഥ ഓർമ വരുന്നു) തുടങ്ങിയവയും കൃതഹസ്​തതയോടെ അവിടെ നടത്തിവരുന്നുണ്ട്. ബില്ലെഴുത്ത് ആദ്യം കൈയ്യുകൊണ്ടായിരുന്നെങ്കിലും ഇപ്പോൾ കമ്പ്യൂട്ടർ ഏറ്റെടുത്തുവെന്നുമാത്രം.
ഇംഗ്ലീഷ് ഫെയറി ടെയ്ൽ ആയ ‘സ്​നോവൈറ്റ്’ എന്ന് ഈ സ്ഥാപനത്തിന് പേരിട്ടതാരെന്നറിയില്ലെങ്കിലും വെള്ളവസ്​ത്രങ്ങൾ സ്നോവൈറ്റായിത്തന്നെ നീറ്റായി അലക്കിത്തേച്ച് നിങ്ങൾക്ക് ലഭിക്കും.

തൃശൂരിൽ 1967–68 കാലങ്ങളിലാണ് ആദ്യമായി ഡ്രൈക്ലീനിംഗ് പരിപാടി ആരംഭിക്കുന്നത്. സ്​നോവൈറ്റ് എന്ന ഈ സ്​ഥാപനം ഇപ്പോഴും എം.ജി.റോഡിൽ സജീവമാണ്. / Photo: Google Maps

അഡ്വ. പി. രാമദാസ് 1969- ൽ സമാരംഭിച്ച ‘ഡിലൈറ്റ്’ ഡ്രൈക്ലീനേഴ്സ് തൃശൂരിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ സ്ഥാപനമായിരുന്നു. സ്വരാജ് റൗണ്ടിൽ എസ്.എൻ. കഫേയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന അവിടെ അഡ്വക്കറ്റ് ഗുമസ്തൻ തോമസാണ് വൈകീട്ട് നാല് മുതൽ എട്ട് മണി വരെ ഡിലൈറ്റിന്റെ നോട്ടക്കാരൻ.

അഡ്വക്കറ്റ് ബഹുമുഖ പ്രതിഭയുള്ള സഹൃദയൻ കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘കലാഭാരതി’ എന്ന സംഘടനയിൽ സിനിമയായിരുന്നു മുഖ്യവിഷയം. പി.രാമദാസും സഹപാഠികളും തൃശൂർ സെൻ്റ് തോമസ് വിദ്യാർത്ഥികളായിരുന്ന 1957–58 കാലങ്ങളിലാണ് മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ന്യൂസ് പേപ്പർ ബോയ് നിർമിച്ചതും സംവിധാനം ചെയ്തതും. ന്യൂസ് പേപ്പർ ബോയിയെയും പിന്നണിപ്രവർത്തകരുടെയും ജീവിതവും പറയുന്ന പുസ്​തകം കേരള ചലച്ചിത്ര അക്കാദമി പുറത്തിറക്കിയിട്ടുണ്ട്. ഐ. ഷൺമുഖദാസാണ് രചയിതാവ്.

അന്നത്തെ ആ കൂട്ടായ്മയിൽ നിന്ന് ആരും പിന്നീട് സിനിമാരംഗത്ത് തുടർന്നില്ല. എന്നാൽ രാമദാസ് ‘നിറമാല’ എന്ന ഒരു സിനിമ കൂടി നിർമിച്ചു. സാമ്പത്തികമായി അത് വിജയിച്ചില്ല. 1948–ൽ മഹാത്മാ മെമ്മോറിയൽ ആർട്ട്സ് ക്ലബ് ആരംഭിച്ചത് അഡ്വ. വി. രാമദാസ് തന്നെയായിരുന്നു. കെ.സി. ഫ്രാൻസിസ് പത്രാധിപരായിരുന്ന മഹാത്മ ക്ലബിന്റെ പ്രസിദ്ധീകരണം ‘കഥ’ മാസിക അന്ന് വളരെ പ്രസിദ്ധവുമായിരുന്നു.

ന്യൂസ്പേപ്പർ ബോയ് സിനിമയിലെ രംഗം / Photo: Wikimedia Commons

തൃശൂരിലെ മുതിർന്ന എഴുത്തുകാരായ സി.എ. കിട്ടുണ്ണി, സി.എ. ജോസഫ് (കവി), അധ്യാപകനനും കവിയും കഥാകൃത്തുമായ കുളമ്പ്രൻ ഫ്രാൻസിസ് തുടങ്ങിയവരുടെ എണ്ണം പറഞ്ഞ കഥകളാണ് രാമദാസിന്റെ ‘കഥ’ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നത്. അഡ്വ. ദേവസ്സി പ്രശസ്​തനായ നിയമപണ്ഡിതൻ എന്നതിനുപുറമേ ഖലിൽ ജിബ്രാന്റെ ചില കവിതകൾ മലയാളത്തിൽ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഈ കവിതകളിൽ ചിലവ ‘കഥ’ മാഗസിനിൽ വർഷങ്ങൾക്കുശേഷം ഞാൻ വായിച്ചതോർക്കുന്നു.

തിരുവമ്പാടി ക്ഷേത്രത്തിന് എതിർവശമുണ്ടായിരുന്ന യോഗക്ഷേമം ലൈബ്രറിയുടെ സെക്രട്ടറിപദം ഏറ്റെടുത്ത് പി.രാമദാസ് തൃശൂർ നിവാസികൾക്കിടയിൽ വായനയുടെ പുത്തനുണർവ് സൃഷ്​ടിക്കാൻ ശ്രമിച്ചകാലം വിദൂരമാണെങ്കിലും ‘എന്റെ വായനയുടെ ജീവചരിത്രം’ അവിടെ ആരംഭിച്ചു. സാത്വികനും വൃദ്ധനുമായിരുന്ന ശ്രീമാൻ മേനോനായിരുന്ന ആദ്യത്തെ ലൈേബ്രറിയൻ.

പി. രാമദാസ്

പിന്നീട് തോമസ് ആ റോൾ ഏറ്റെടുത്തു. അഡ്വക്കറ്റിന്റെ ഈ ഗുമസ്​തൻ ചുരുളൻമുടിയുള്ള അല്പം ഉയരം കൂടിയ എപ്പോഴും വെളുത്തവസ്​ത്രങ്ങൾ മാത്രം ധരിക്കുന്ന ആളാണ്. കണിമംഗലം പ്രദേശത്താണ് വീട്. ഞാൻ ഡിലൈറ്റിലും യോഗക്ഷേമത്തിലും ചെല്ലുമ്പോഴൊക്കെ വീട്ടുപേരിലാണ് അദ്ദേഹം എന്നെ വിളിക്കുക, അത് എനിക്കിഷ്​ടമല്ലെങ്കിലും. 1975- ൽ അടിയന്തരാവസ്​ഥക്കാലത്ത് ഞാൻ തൃശൂർ വിട്ടപ്പോൾ ‘ഡിലൈറ്റ് ഡ്രൈക്ലീനേഴ്സ്​’ അടച്ച് പരിപാടി അവസാനിപ്പിച്ചിരുന്നു. അതിന്റെ കാരണം അജ്ഞാതമാണ്.

അലങ്കാരമായ ഒരു ഇൻ്റർവ്യൂ

1975 മുതൽ കുറേക്കാലം താമസം ചെമ്പൂർ ഘാഠ്ളാ വില്ലേജിൽ ബേബി ചേച്ചി (ചേച്ചിമാരിൽ നമ്പർ 3) യുടെ കുടുംബവുമൊത്തായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് അധികനാളായിട്ടില്ല. എങ്കിലും മഹാനഗരജീവിതം ഫുൾസ്പീഡിലും ഹൈപിച്ചിലും നീങ്ങിക്കൊണ്ടിരുന്നു. ഇവിടെ ജോലി തേടിയെത്തിയ എനിക്ക് നാലഞ്ച് മാസങ്ങൾ പിന്നിട്ടപ്പോഴും ഒരു പണിയുമായില്ല. ടൈംസ് ഓഫ് ഇന്ത്യയിലെ ‘സിറ്റ്വേഷൻ വേക്കൻ്റ്’ കോളം അരിച്ചുപെറുക്കി അതിലെ ബോക്സ് നമ്പറുകളിലേയ്ക്ക് തുരുതരായെന്ന് അപേക്ഷകൾ അയക്കുകയാണ് ഒരു പണി. ബാല്യം മുതൽ ഇസ്തിരിയിട്ട് വടി പോലെയാക്കിയ ഷർട്ടും മുണ്ടും മാത്രമേ ഞാൻ ധരിക്കൂ. അപ്പോപിന്നെ, ബോംബെയിലും ഞാൻ ആ ഇസ്തിരിരീതി പിൻതുടർന്നു എന്നൂഹിക്കാം.

ബേബിയുടെ കെട്ടിടത്തിൽ നിന്ന് തൊട്ടുമാറി ഇടതുഭാഗത്തുള്ള തകിട് ഷീറ്റുകൾ മേഞ്ഞ ചായ്പ്പിൽ കാലു ഡോബിയും അടുത്തുള്ള ചക്കിവാല അനിൽ ചൗഹാനും റാംഭറോസെ ചായക്കടക്കാരനും ഉത്തമസുഹൃത്തുക്കളായി. കാലു ഡോബിയ്ക്ക് ഞാൻ ഹാങ്ങറുകളും തുണിയും നൽകും. അയാളത് തേച്ച് ഹാങ്ങറിൽത്തന്നെ തൂക്കിയിട്ടാണ് ഫ്ളാറ്റിൽ തരിക. അതായത് എന്റെ പാൻ്റും ഷർട്ടും ‘മടക്കിയൊടിച്ച്’ തരുന്നത് എനിക്കന്ന് ഒട്ടും ഇഷ്​ടമായിരുന്നില്ല. കാലു ഡോബിയുടെ കണ്ണുകൾ ആരോ അടിച്ചുകലക്കിയപോലെ ചുവന്നാണിരിക്കുക.

ചക്കിവാല അനിൽ ചൗഹാൻ ഗോതമ്പ് പൊടിയാൽ പൊതിഞ്ഞ തലമുടിയും ശരീരവുമായാണ് ഡീലിങ്ങ്സ്​. പൈജാമയും ബനിയനുമാണ് അയാളുടെ പതിവ് വേഷം. ഇദ്ദേഹത്തിന്റെ ബീവി നമ്പർ–1 സ്വന്തം നാടായ ഗാസിയാബാദിലായിരുന്നെങ്കിലും ബീവി നമ്പർ–2 ഇവിടെ അനിലിന്റെ ‘ദേഖ് പാൽ’ (സംരക്ഷണം) നടത്തിയും റൊട്ടിചുട്ടും മുളകരച്ചും മീൻകറി വെച്ചും അതേ പീടികമുറിയിൽ തന്നെയായിരുന്നു കാൽഡസനോളം പിള്ളേരുമൊത്ത് കഴിഞ്ഞിരുന്നത്.

Photo: Meena Kadri, Flickr

കാലുഡോബിയും അനിൽ ചൗഹാനും ഒരേ ഗ്രാമവാസികളാണ്. അതുകൊണ്ട് മേൽപറഞ്ഞ സ്ത്രീ തന്നെയാണ് കാലുവിനുവേണ്ടി ഭക്ഷണം പാചകം ചെയ്യുന്നത്. വലിയൊരു മൂക്കുത്തി ധരിച്ച ആ സ്ത്രീ എപ്പോഴും പാൻ ചവച്ചുകൊണ്ടിരിക്കുന്നത് കാണാം. നീണ്ട തലമുടി അഴിച്ചിട്ട് അതിൽ എണ്ണപുരട്ടി വെയിൽ കായുന്നത് അവരുടെ ഒരു ഐഡൻ്റിറ്റിയാണെന്നു തോന്നുന്നു. ബോംബെയിലെ ഓഫീസ് ഗോവേഴ്സിന്റെ ടിപ്പ്–ടോപ്പ് വസ്ത്രങ്ങൾ തേച്ചുമിനുക്കാൻ യു.പിയിലെ ഇസ്തിരിക്കാരെ ആവശ്യമുണ്ട്. ടാക്സിവാലകളും പഴം, പച്ചക്കറി വില്പനക്കാരും ഫ്ളോർ മിൽ നടത്തുന്നവരും യു.പി.ക്കാർ തന്നെ. പക്ഷെ, ആദ്യ കാലങ്ങളിൽ ഇവരെ ശിവസേനയ്ക്ക് ‘കണ്ണെടുത്താൽ കണ്ടുകൂടാ’ എന്ന സ്ഥിതി വിശേഷമായിരുന്നു. അന്ന് സംഘപരിവാർ- ബി.ജെ.പി- ശിവസേന സഖ്യം വലിയ സ്ട്രങ്ത്തിലായിരുന്നു പെർഫോമൻസ്. ബയ്യകളെ മഹാനഗരത്തിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇന്ന് കാലം മാറി. അവരുടെ നയങ്ങളും മാറി. എല്ലാ ഹിന്ദുക്കളും ‘ഒരമ്മപെറ്റമക്കളാ’ണെന്ന് കൊട്ടിഘോഷിക്കുകയും അവർ ചെയ്യുന്നുവെന്നും ഓർക്കുക.

കെട്ടിടങ്ങളുടെ കോണിച്ചുവട്ടിൽ ഇസ്തിരിക്കടയും താമസവും നടത്തുന്ന യു.പിവാല ബയ്യയുടെ കുടുംബം പെറ്റുപെരുകി അവരുടെ ഗ്രാമം തന്നെ ഇവിടെ പറിച്ചുനടന്നുവെന്നായിരുന്നു ശിവസേനയുടെ പരാതികളിൽ ആദ്യത്തേത്. വർഷങ്ങൾക്കുമുമ്പ് സെൻട്രൽ റെയിൽവേയുടെ എഴുത്തുപരീക്ഷ മറൈൻ ലൈൻസിലുള്ള വിൽസൺ കോളേജിൽ നടന്നുകൊണ്ടിരിക്കെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ് നിർമാൺ സേന പ്രവർത്തകർ പരീക്ഷാപേപ്പറുകൾ വലിച്ചുകീറി അടിപിടിയുണ്ടാക്കി പാവം പരീക്ഷാർത്ഥികളെ ഓടിച്ചുവിട്ട സംഭവവും ഇതിനോട് കൂട്ടിവായിക്കാം. റെയിൽവേ ജോലി യു.പി.ക്കാരുടെ കുത്തകയാണെന്നായിരുന്നു നവനിർമാൺ സേനയുടെ അന്നത്തെ പ്രധാന ആരോപണം.

ഇതിനിടെ ടൈംസ് സിറ്റ്വേഷൻ വേക്കൻ്റ് കോളങ്ങളിലേക്ക് ഞാനയച്ച അപേക്ഷകൾക്ക് പ്രയോജനവും ലഭിച്ചു, ചില മറുപടികൾ വന്നു. അവയിലൊന്ന് ‘അലങ്കാർ ലോണ്ടറി’യുടെ സിപ്രി മെയ്ൻ പ്ലാൻ്റിലേയ്ക്കുള്ള ക്ലറിക്കൽ പോസ്റ്റിലേയ്ക്കാണ്.

കെട്ടിടങ്ങളുടെ കോണിച്ചുവട്ടിൽ ഇസ്തിരിക്കടയും താമസവും നടത്തുന്ന യു.പിവാല ബയ്യയുടെ കുടുംബം പെറ്റുപെരുകി അവരുടെ ഗ്രാമം തന്നെ ഇവിടെ പറിച്ചുനടന്നുവെന്നായിരുന്നു ശിവസേനയുടെ പരാതികളിൽ ആദ്യത്തേത്. / Photo: Linda De Volder

കാലു ഡോബി തേച്ചുതന്ന നീല ഷർട്ടും അതിനുചേർന്ന പാൻ്റും ധരിച്ച് ഞാൻ അലങ്കാർ ലോണ്ടറി പ്ലാൻ്റിലെത്തി. സമയം രാവിലെ പത്ത്–പത്തര. വാച്ച്മാന് ‘ഇൻ്റർവ്യൂ ഖടിതം’ കാണിച്ചു. ‘‘ഉള്ളൈ പോങ്കോ’’ തമിഴ്നാട്ടുകാരനാണയാൾ. ഫാക്ടറിയിലെ വിശാലമായ സ്വീകരണമുറിയിലെ സോഫയിലിരുന്നപ്പോൾ ഒരു യുവതി പ്രത്യക്ഷപ്പെട്ടു. ‘എന്താകാര്യം?’ മലയാളത്തിലാണ് മൊഴിഞ്ഞത്. ഞാൻ കോൾ ലെറ്റർ നല്കി. ഓസിലേറ്റിംഗ് ഫാൻ പോലെ തിരിഞ്ഞ് അവൾ അവിടെ കണ്ട എല്ലാവരേയും നോക്കി പുഞ്ചിരിച്ച്, ‘മാനേജർ പരമേശ്വർ പ്രധാൻ’ എന്ന പിച്ചളയിൽ തീർത്ത നെയിംബോർഡ് പതിച്ച മുറിയിലേക്ക് കയറിപ്പോയി.

എന്റെ ആദ്യത്തെ ഇൻ്റർവ്യൂവാണ്.
അകാരണമായ ഒരു ഭയം വലിഞ്ഞുമുറുക്കി.
‘‘ആത്ത് മതേ ആ’’, മാനേജരുടെ ശബ്ദം കേട്ടു. മറാഠിയാണ് ഭാഷ.
‘‘ഇരിക്കൂ, മുറുക്കൂ, തുപ്പൂ’’ എന്നൊക്കെയുള്ള പതിവ് ഉപചാരവാക്കുകൾ.
ഞാൻ സി.വി. നീട്ടി. ആ കക്ഷി അത് തൊട്ടുനോക്കിയതേ ഇല്ല. ആളുടെ ആദ്യത്തെ ചോദ്യം; ‘എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ട്?’ ‘‘ഞാനോ, ഒരു സ്ഥലത്തും ഈ നിമിഷം വരെ അത് ചെയ്തിട്ടില്ല’’.
ഹമ്പടാ! എന്നതിനുപകരം ബഹൂത് അച്ചാ, ‘തകർപ്പൻ’ എന്നായിരുന്നു അയാളുടെ പ്രതികരണം. സംഗതി കയ്യിൽനിന്നു പോകാറായി. പ്രധാന്റെ ശബ്ദത്തിനു തന്നെ ഒരു സ്പെഷ്യൽ ഗാംഭീര്യമുണ്ട്.

മാനേജർ സാബ് ചോദ്യപ്രഹരത്തിൽ നമ്പർ റ്റു കൂടി തൊടുത്തുവിട്ടു, ‘ഒ.കെ., ക്രെഡിറ്റും ഡെബിറ്റും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഒരു വ്യത്യാസവും എനിക്ക് മനസ്സിൽ തോന്നിയിട്ടില്ല. (കേട്ടുകേൾവിയുണ്ട്). എങ്കിലും അല്പം ആലോചിച്ചപോലെ നടിച്ച് ഉത്തരം പറഞ്ഞു, ‘ക്രെഡിറ്റ് ക്രെഡിറ്റും ഡെബിറ്റ് ഡെബിറ്റുമാണ് സാർ’. മാനേജർ ആദ്യം ചിരിച്ചു. അത് ഒരു കൊലച്ചിരി, അല്ലെങ്കിൽ തമിഴ് സിനിമയിലെ പ്രധാന വില്ലൻകഥാപാത്രമായിരുന്ന എം.എൻ. നമ്പ്യാരോ, വീരപ്പയോ ചിരിക്കുംപോലെ.
ഞാനയാൾക്കപ്പോൾതന്നെ ഒരു പേരിട്ടു, ‘ചിരിക്കും തമ്പ്രാൻ’ (വി.കെ.എന്നിന്റെ ഒരു കഥയിൽ നിന്ന് കടമെത്തുതാണീ പ്രയോഗം.)
‘‘Ok, I shall inform you dear Mr.debit £ credit man’’ എന്ന് മാനേജർ പറഞ്ഞു.
‘‘Ok sir, thanks’’ എന്ന് ഞാനും പറഞ്ഞ് സ്​ഥലം വിട്ടു.
മാനേജർ ചിരിച്ചുമറിയുന്ന ശബ്ദം അപ്പോഴും ആ മുറിയിൽ മുഴങ്ങുന്നുണ്ട്.

അലങ്കാർ ലോണ്ടറിക്ക് മുംബൈയിലുടനീളം ശാഖകളുണ്ട്. ചെമ്പൂരിൽ ഗുപ്ത പാനീപൂരി വാലയുടെ ഔട്ട്ലെറ്റിന് സമീപവും, ചർച്ച് ഗേറ്റ് ഈറോസ് സിനിമകെട്ടിടത്തിലും, സയൺ സർക്കിൾ, ദാദർ സർക്കിൾ തുടങ്ങിയ പോഷ് ലൊക്കാലിറ്റികളിലുമായുള്ള ഇവരുടെ ബ്രാഞ്ചുകളിൽ തിരക്കൊഴിഞ്ഞ നേരം കണ്ടിട്ടില്ല.

1875-ലോ മറ്റോ ബ്രിട്ടീഷ് ഭരണകൂടം ബോംബെയിൽ ജേക്കബ് സർക്കിൾ പരിസരത്ത് സ്​ഥാപിച്ച ‘ധോബി ഘട്ട്’ അഥവാ ‘ധോവി താലാവ്’ (മറാഠി) രൂപം കൊണ്ടത്. യു.പിയിൽ നിന്നുള്ള അലക്കുകാരുടെ കേന്ദ്രമായി ഇപ്പോഴും ഈയിടം നിലനിൽക്കുന്നു. കോൺക്രീറ്റ് തൊട്ടികളിൽ വെള്ളം നിറച്ച് സമീപത്തു സ്​ഥാപിച്ച അലക്കുകല്ലിൽ വസ്​ത്രങ്ങൾ തല്ലി അലക്കുന്ന ഇന്ത്യൻ സമ്പ്രദായം ഇന്നും അതേ രീതിയിൽത്തന്നെയാണ് ഇവിടെ തുടരുന്നത്. ധോബി താലാവിന് ചുറ്റുമുള്ള ഓടുമേഞ്ഞ ചോളുകളിലെ ഒറ്റമുറികളിൽ അലക്കുകാർ തങ്ങളുടെ കനൽജീവിതം തള്ളിനീക്കുന്നു. ചോളുകളുടെ വരാന്തയിൽതന്നെ അലക്കിയ വസ്​ത്രങ്ങൾ ഇലക്ട്രിക് തേപ്പുപെട്ടി ഓടിച്ചുകൊണ്ടിരിക്കുന്നവരിൽ അധികവും അലക്കുകാരുടെ വാമഭാഗങ്ങളാണ്. 120 ചതുരശ്ര അടിമാത്രം വിസ്​തീർണമുള്ള മുറികളുടെ ഒരു ഭാഗത്ത് മണ്ണെണ്ണ സ്റ്റൗ ‘ബൂ ബൂ’ എന്ന് നിരന്തരം കത്തിക്കൊണ്ടിരിക്കും. സ്​ത്രീകൾ ഇടയ്ക്കിടെ അതിനരികെ ചെന്ന് അരിയുടെ വേവും ദാൾ കറിയുടെ സ്വാദുമൊക്കെ പരിശോധിക്കുന്ന കാഴ്ച നമ്മുടെ കണ്ണു നനക്കും. അലക്കാതെയും, ഇസ്​തിരിയിടാതെയും ഒരു ധോബിയ്ക്കും അന്നും ഇന്നും ജീവിക്കാൻ സാധ്യമല്ല എന്നതിന് കേവല ദൃഷ്​ടാന്തം മാത്രമാണിത്. അതാണല്ലോ, ധോബിയ്ക്ക് അലക്കൊഴിഞ്ഞ് നേരമില്ലായെന്ന് നാമെല്ലാം പറയുന്നത്.

ധോബി ഘട്ട് / Photo: guy_incognito, flickr

ഈ കാലത്തിനിടയിൽ ബോംബെ ബിൽഡർ ലോബി ധോബിഘട്ടിനെ കൈവെയ്ക്കാൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ അതുണ്ടായില്ല. സഞ്ജയ് ദത്തിന്റെ ‘മുന്നാഭായി എം.ബി.ബി.എസ്സി’ലും മറ്റു ചില ഹിന്ദി സിനിമകളിലും ധോബി താലാവിന്റെ ദൃശ്യാംശങ്ങൾ കാണാം. എന്നാൽ അലക്കുകാരുടെ ജീവിതം അവയിലൊന്നിലും പറയുന്നില്ല. ഇതിന് അപവാദമായി രാജ്കപൂറിന്റെ ‘ആവാര’യിൽ ഇസ്​തിരിവാലയായി വേഷമിടുന്ന നായകന്റെ ധർമ്മസങ്കടങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അത് നന്നായിട്ടുമുണ്ട്.

വാനങ്കളിൽ ഒരു വസന്തം!

കേരളത്തിന്റെ തൊഴിൽ മേഖലയിൽ തള്ളിക്കയറിവരാൻ നിർബന്ധിതരായ ഉത്തരേന്ത്യക്കാർ ധാരാളമാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ആക്രി കച്ചവടക്കാരും കട്ടപ്പണിക്കാരും പിന്നാക്ക സമുദായത്തിലെന്നപോലെ ബംഗാൾ, ആസാം, ഒഡീഷ, യു.പി എന്നീ സംസ്​ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കൺസ്​ട്രക്ഷൻ വർക്കേഴ്സും ബാർബാർമാരും ഇസ്​തിരി ചെയ്യുന്നവരും ഹോട്ടൽ തൊഴിലാളികളും തമസ്​കരിക്കപ്പെട്ട സമുദായങ്ങളിലെ അംഗങ്ങളാണ്.

തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പത്തിരുപത്തഞ്ചോളം വർഷങ്ങൾക്കുമുമ്പ് തൃശൂരിലെത്തിയ രാജേഷ് – കല ദമ്പതികൾ ഇന്നിപ്പോൾ ‘വെൽ എസ്റ്റാബ്ലിഷ്ഡ് ഇസ്​തിരിവാല’കളാണ്. അവരുടെ മൂത്തമകൻ എഞ്ചിനിയറിംഗ് പാസായി കോയമ്പത്തൂരിൽ ജോലി നോക്കുന്നു. മകൾ സമീപത്തുള്ള കോൺവെൻ്റ് ഗേൾസ് സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമാണ്. തിരുവമ്പാടി ഭാഗത്തുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ വിശാലമായ പാർക്കിംഗ് സ്പേസിൽ കല വസ്ത്രങ്ങൾക്ക് ഇസ്തിരിയിടുമ്പോൾ, അവരുടെ ഭർത്താവ് രാജേഷ് പൂങ്കുന്നം സ്​കൂൾ പരിസരത്ത് കടമുറി വാടകയ്ക്കെടുത്താണ് തന്റെ ജോലി ചെയ്യുന്നത്. അയാൾ രണ്ടു പേരെ ‘പീസ് വർക്ക് ’ അടിസ്ഥാനത്തിൽ ജോലിയിൽ സഹായിക്കാനായി ചേർത്തിട്ടുണ്ട്. അതായത് ‘മാന്യന്മാർ’ക്ക് ഓഫീസിൽ പോകുമ്പോഴും കള്ളടിക്കാൻ ഓഫീസേഴ്സ് ക്ലബുകളിൽ പോകുമ്പോഴുമൊക്കെ ഇസ്തിരിയിട്ട വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ. ഇതിനെ ‘ആദത് സെമജ്ബ്ദർ’ എന്ന് ഹിന്ദിയിലും ‘സ്റ്റാറ്റസ് സിംബൽ’ എന്നു ഇംഗ്ലീഷിലും പറയുന്നു.

ഇന്ന് നമ്മുടെ നാട്ടിലെ സമ്പന്നരും കെട്ടിടസമുച്ചയങ്ങളിലെ താമസക്കാരും വീട്ടിൽ ഇസ്​തിരിയിടുന്ന പതിവില്ല. അവരുടെ ഹൗസിംഗ് സൊസൈറ്റികളിലെ വാച്ച്മാൻമാരാണ് ഇസ്​തിരിക്കാരെ ഈ പരിപാടി ഏല്പിക്കുന്നത്. രാജേഷിന്റെ ഇസ്​തിരിക്കടയുടെ ആരംഭദശയിൽ സൈക്കിളിൽ റോന്തു ചുറ്റിയാണ് വസ്​ത്രങ്ങൾ ശേഖരിക്കുക. ഇന്നത് മാറി. അയാളുടെ ഫോണിൽ വാട്ട്സാപ്പ് മെസ്സേജുകൾ വരും, അതിനനുസരിച്ച് ഇസ്തിരിക്കുള്ള തുണിശേഖരിക്കാൻ സഹായികളെ വിടും. ചില പിശുക്കന്മാർ ‘മിസ്ഡ് കോൾ’ അടയാളം മാത്രം നല്കുമെന്ന് രാജേഷ് അല്പം ചിരിച്ച് പറഞ്ഞു. അവർ എപ്പോഴും ബിസിയായ മാന്യന്മാരാണെന്നും അയാൾ കൂട്ടിചേർത്തു.

ഈ ദമ്പതികൾ പൂങ്കുന്നം സീതാറാം മിൽ പരിസരത്ത് സ്വന്തമായി ഭൂമി വാങ്ങി ടെറസ്സ് വീട് കെട്ടിപ്പൊക്കി സമാധാനപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്. 32’’ എൽ.ഇ.ഡി. ടി.വി, രണ്ട് ഡോറുകളുള്ള ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവയും വീട്ടിൽ സജ്ജമാക്കിയിരിക്കുന്നു. വിട്രിഫൈഡ് ടൈൽസ് പതിച്ച മുറിയിൽ സോഫാസെറ്റി, ഡൈനിംഗ്ടേബിൾ, ഫ്ളവർവേസ്​, വേൽമുരുകന്റെ ഛായാചിത്രം എന്നിവയും കാണാം.

രാജേഷിന് നന്നായി മലയാളം സംസാരിക്കാനറിയാമെങ്കിലും കലയുടെ മലയാളത്തിൽ ‘ചെന്തമിഴ്’ കടന്നുവരാറുണ്ട്. കെട്ടിടസമുച്ചയത്തിലുള്ളവരുടെ വസ്​ത്രങ്ങൾ ഇസ്​ത്രിചെയ്ത് ജീവിതത്തിനു തുടക്കമിട്ട രാജേഷ് പിന്നീടാണ് ‘സംസാര’ത്തെ മധുരയിൽ നിന്ന് ഇവിടേക്ക് കൂട്ടികൊണ്ടുവന്നതെന്ന് പറയുന്നു. അതായത് നാല് കാശൊക്കെ അയാളുടെ കയ്യിൽവന്നുചേർന്ന ശേഷം മാത്രം.

രാവിലെ അഞ്ച് അഞ്ചരയോടെ ഉറക്കമെണീറ്റ്, കുളിച്ച് പൊട്ടുതൊട്ടാണ് കല അടുക്കളയിൽ (കിച്ചൺ എന്നാണവർ പറഞ്ഞത്) കയറുക. മുറ്റത്ത് തുളസിത്തറ കണ്ടില്ലല്ലോ എന്ന എന്റെ കുസൃതിചോദ്യത്തിന് ‘അതുക്ക് സ്​ഥലമെങ്കേ?’ എന്നാണ് ഉത്തരം. എങ്കിലും ഉള്ള സ്​ഥലം ‘ശുത്തം പണ്ണുവേൻ’ (ശുചിയാക്കും) എന്ന് അവർ കൂട്ടിചേർത്തു. ദിനവും അവിടെ അരിപ്പൊടി കോലങ്ങൾ വരക്കുക സ്വന്തം കൈവിരലുകൾ കൊണ്ടുതന്നെയാണെന്നും ആ സ്​ത്രീ പറഞ്ഞു. വീട്ടിലെ കിച്ചണിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന കല (40) എന്ന മധുരൈ ജില്ലക്കാരി ഇഡ്ഡലി, ദോശൈ, പൊങ്കൽ, പൊരിയൽ, സാമ്പാർ, കീമ്പാർ, തോരൻ, കീരൻ, കിച്ചടി, പച്ചടി എന്നിവയാണ് ഉണ്ടാക്കുക. വിഷു, ഓണം. ദീപാവലി, പൊങ്കൽ (മാട്ടുപൊങ്കൽ), ആഘോഷിക്കുന്ന ദമ്പതികളുടെ നാട്ടിൽ സ്വന്തമെന്നു പറയാൻ ബന്ധുക്കൾ ആരുമില്ലെത്ര. അതുകൊണ്ട് വല്ലപ്പോഴുമാണ് യാത്ര. അത് മധുരൈ മീനാക്ഷി കോവിലിൽ തൊഴാനുള്ള പുറപ്പാടാണ്. സാധാരണക്കാരായ തൊഴിലാളികളെപ്പോലെയല്ല, ടിക്കറ്റ് ഓൺലൈനിൽ റിസേർവ് ചെയ്തു മാത്രമാണ് സഞ്ചാരമെന്നും രാജേഷ് പറഞ്ഞു.

ദമ്പതികളുടെ മകൾക്ക് പഠിച്ച് വലുതായി ഒരു ഐ.റ്റി പ്രൊഫഷണൽ ആകണമെന്നാണ് ആഗ്രഹം. അതിന് മുന്നോടിയായി ഒരു കമ്പ്യൂട്ടർ ഇൻസ്റ്റാൾമെൻ്റ് വ്യവസ്​ഥയിൽ ആദ്യമേ വാങ്ങിയിട്ടിരിക്കുന്നു. മക്കൾ രണ്ടും പഠിപ്പിൽ ഉത്സാഹമുള്ളവരാണെന്ന് കല–രാജേഷ് ദമ്പതികൾ അഭിമാനത്തോടെ പറയുന്നു. അതാണല്ലോ മകൻ കഷ്​ടപ്പെട്ട് എഞ്ചിനിയറിംഗ് പഠിച്ച് പാസായി ഇപ്പോൾ ജോലി ചെയ്യുന്നതെന്ന് ഞാൻ തട്ടിവിട്ടപ്പോൾ, ‘‘ആമാം, അപ്പടിയേ താൻ അങ്കിൾ’ എന്ന് മന്ദഹാസത്തോടെ കല.

പാട്ടുകേൾക്കാനും പാടാനുമൊക്കെ കമ്പമുള്ള കലയും രാജേഷും ട്രാൻസിസ്റ്ററിലും സെൽഫോണിലുമായി അവ കേൾക്കാറുണ്ട്. ‘‘രാജാവിൻ പാർവൈ റാണിയിൻ പക്കം, കൺമൂടുതെ വെക്കം, പൊൻമാലൈ മയക്കം’’ എന്ന് ജയലളിതയും എം.ജി.ആറും പാടുന്ന ആ ഗാനം കലയുടെ സെൽഫോണിൽ അപ്പോൾ പാടുന്നുണ്ടായിരുന്നു. രാജേഷ് തിരുനെൽവേലിജില്ലക്കാരനും കല മധുരക്കാരിയുമാണ്. പക്ഷെ ‘തിരുമണം’ വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ചതാണെന്ന് രാജേഷ് പറഞ്ഞു. കലയ്ക്കും പഠിച്ചുയരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് അന്നത്തെ സാഹചര്യം അനുവദിച്ചില്ലായെന്നും അവർ സങ്കടപ്പെട്ടു. എന്നാലും അവർ ഇൻ്റർമീഡിയറ്റ് പാസ്സായിട്ടുണ്ട്.
‘‘ഇപ്പോത് ഇന്ത വാഴ്കയിലെ ഉങ്കളുക്ക് നല്ല സന്തോഷമില്ലൈയാ’’ എന്ന് ഞാൻ ദമ്പതികളെ സമാധാനപ്പെടുത്തി.
‘ആമാ സാർ, എല്ലാമേ വേൽമുരുകൻ കൃപൈ’ അവർ പറഞ്ഞു. ഒരു സഞ്ചി നിറയെ ഇസ്​തിരി ചെയ്യാനുള്ള വസ്​ത്രങ്ങളുമായി ഒരു സ്​ത്രീ വന്നു.
പാക്കാലാം, ഞാനവരോട് താൽക്കാലികമായ ഗുഡ്ബൈ പറഞ്ഞു.

വല്ലപ്പോഴും വീണുകിട്ടുന്ന ഇടവേളകളിൽ ആനന്ദവികടനം ദിനതന്തിയും വായിക്കാറുള്ള കല–രാജേഷ് ദമ്പതികൾ തമിഴ് സിനിമകളും തമിഴ്നാട് അരശിയൽ (രാഷ്ട്രീയ) വാർത്തകളും മറ്റും വൈകുന്നേരങ്ങളിൽ ടി.വി.യിൽ കാണാറുണ്ട്. എം.ജി.ആർ.പാടിയ പോലെ ‘പുതിയവാനം, പുതിയ ഭൂമി, എങ്കും കുളിർ മഴ’ പെയ്യുന്ന പോലെത്തന്നെയാകട്ടെ ഇവരുടെ വാഴ്കയും! വണക്കം!


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments