ജനാധിപത്യ രാജ്യവും മുറിവേറ്റ കർഷകരും

സദാശിവ റായ് രാജ്യതലസ്ഥാനത്തെ റോഡരികിലേക്ക് ജീവിതം പറിച്ചുനട്ടത് ആത്മഹത്യ ചെയ്യാനുള്ള ഭയംകൊണ്ടാണ്. കൂട്ടുകൃഷിയിൽ സുഹൃത്തായ സരൻ റായിയുടെയും ഭാര്യ യശോദയുടെയും ചലനമറ്റ ആമാശയം കണ്ട ഡോക്റ്റർക്ക് കരയാൻപോലും സാധിച്ചിരുന്നില്ല. നെഞ്ച് പൊള്ളിയാണ് തുന്നിക്കെട്ടിയത്. ചോളത്തിന്റ ഏതാനും അല്ലികൾ മാത്രമാണ് അക്കാലമത്രയും നാടിനെ ഊട്ടിയവരുടെ വയറ്റിൽ അവശേഷിച്ചത്.

Delhi Lens

നത്ത ചൂടിൽ വെന്തുരുകുകയാണ് രാജ്യതലസ്ഥാനം. അതുൽഗ്രോവ് റോഡിലേക്ക് കടന്നപ്പോഴാണ് തെല്ലൊന്ന് ആശ്വാസമായത്. വഴിനീളെ ഇരുവശങ്ങളിലും വന്മരങ്ങളുണ്ട്. അവക്കിടയിലൂടെ വീശുന്ന കാറ്റിന് പക്ഷെ തീച്ചൂടാണ്. ജോലിസമയം ചൂടിന് അനുസരിച്ച് ക്രമീകരിച്ചതിനാൽ പുറത്തൊന്നും അധികമാരുമില്ല. ദൂരെനിന്നേ അത്തിമരത്തിന് താഴെയിരിക്കുന്ന സദാശിവ റായിയെ കാണാം. ഞങ്ങളെ കണ്ടപ്പോഴെ ചായപാത്രത്തിലേക്ക് പാലൊഴിച്ചു. സ്റ്റൗവിലേക്ക് വേഗത്തിൽ കാറ്റ് അടിച്ചു കയറ്റി. തുരുമ്പെടുത്ത് ദ്രവിചിട്ടുണ്ടെങ്കിലും അത് ശക്തിയായി ജ്വലിച്ചു.

സംസാരിക്കാൻ തുടങ്ങിയപ്പോൾ വലിയ ആവേശത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. വർഷങ്ങളായി ആ മരച്ചുവട്ടിലുണ്ട്. എങ്കിലും പേരുപോലും അധികമാർക്കും അറിയില്ല. എല്ലാവർക്കും ബാബുവാണ്. ചിലർക്ക് "ചായ് വാല'. ബിഹാറിൽ നിന്ന് വന്നതുകൊണ്ടാകണം ബാബു എന്ന വിളിപേരു കിട്ടിയത്. ആരോടെന്നില്ലാതെ പറഞ്ഞു. ചിലർ കളിയാക്കിയും മറ്റുചിലർ അധികാരത്തോടെയുമല്ലാതെ ആ പേര് വിളിച്ചിട്ടില്ല. അത് അങ്ങനെയാണ് ബിഹാറിലെ എന്നല്ല സാധാരണ ജോലി ചെയ്യുന്ന ഏത് നാട്ടിലെ മനുഷ്യനും ഡൽഹിയിൽ ബാബുവാണ്. സവർണ്ണതയുടെ അണയാത്ത ബോധവും ആ വിളിക്ക് പുറകിലുണ്ട്.

രാജ്യതലസ്ഥാനത്തെ റോഡരികിലേക്ക് ജീവിതം പറിച്ചുനട്ടത് ആത്മഹത്യ ചെയ്യാനുള്ള ഭയംകൊണ്ടാണ്. ഗോതമ്പ് പാടങ്ങളിൽ വിളഞ്ഞതിലേറെയും പ്രളയമെടുത്തപ്പോൾ മറ്റുമാർഗങ്ങൾ ഇല്ലാതായി. ഗത്യന്തരമില്ലാതെ നാടുവിട്ടു. കൂട്ടുകൃഷിചെയ്ത സുഹൃത്തായിരുന്ന സരൺ റായിയുടെ മുന്നിൽ മരണമായിരുന്നു മാർഗം. അദ്ദേഹം തൂങ്ങിയ മാവിന് മറുവശത്ത് ഭാര്യ യശോദയും നീലിച്ചു കിടന്നിരുന്നു. ചലനമറ്റ ശരീരങ്ങൾ ഗ്രാമത്തിന് പതിവ് കാഴ്ചയായതിനാൽ ആ ദിവസവും സാധാരണപോലെ കടന്നുപോയി.

 അതിജീവനത്തിനായി  ഡൽഹിയിലെത്തി 'ചായ് വാലാ' ജീവിതം നയിക്കുന്ന സദാശിവ റായി എന്ന ബീഹാറി കർഷകൻ
അതിജീവനത്തിനായി ഡൽഹിയിലെത്തി 'ചായ് വാലാ' ജീവിതം നയിക്കുന്ന സദാശിവ റായി എന്ന ബീഹാറി കർഷകൻ

വേദനയും രോഷവും സദാശിവ റായുടെ കണ്ണിൽ നിറഞ്ഞു. പരുത്ത കൈ കൊണ്ട് കണ്ണീർ തുടച്ചു. വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾ നീറ്റുന്നുണ്ട്. മരണം മുളക്കുന്ന പാടത്തേക്ക് ഇനിപോകില്ലെന്ന് അന്ന് തീരുമാനിച്ചെങ്കിലും സാധിച്ചില്ല. ഉപജീവനത്തിനായി ഗ്രാമത്തിൽ ആകെയുള്ള സാധ്യത കൃഷിയാണ്. മറ്റൊന്നും അവിടുത്തെ മനുഷ്യർക്ക് ശീലമില്ല. രാജ്യത്തെ മഹാഭൂരിപക്ഷം കർഷകരും നേരിടുന്ന വെല്ലുവിളികൾ ഈ വിധം തീക്ഷ്ണവും സമാനതകളില്ലാത്തതുമാണ്.

കണക്കുകൾക്കപ്പുറത്തെ മരണങ്ങൾ

സരൻ റായിയുടെയും യശോദയുടെയും ചലനമറ്റ ആമാശയം കണ്ട ഡോക്റ്റർക്ക് കരയാൻപോലും സാധിച്ചിരുന്നില്ല. നെഞ്ച് പൊള്ളിയാണ് തുന്നിക്കെട്ടിയത്. ചോളത്തിന്റ ഏതാനും അല്ലികൾ മാത്രമാണ് അക്കാലമത്രയും നാടിനെ ഊട്ടിയവരുടെ വയറ്റിൽ അവശേഷിച്ചത്. ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായെന്ന് എഴുതി തീർത്തപ്പോഴേക്കും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ണീരുപടർന്നിരുന്നു.

2017-18 ലെ സർവ്വെ പ്രകാരം പ്രതിദിനം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം പത്താണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 1995 മുതൽ 2004 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 2,50,000 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. കർഷകനായിരുന്ന സദാശിവ റായ് എങ്ങനെ ഡൽഹിയിൽ എത്തി എന്നതിനുള്ള ഉത്തരമാണത്. ഉത്തരേന്ത്യയിലെ വയലുകളിലാകെ മരണം ഈ വിധം ഭീതിപടർത്തുന്നുണ്ട്. ആ ഭയമാണ് മഹാ ഭൂരിപക്ഷത്തെയും ഗ്രാമത്തിന് പുറത്തെത്തിച്ചത്. ലക്ഷക്കണക്കിന് കർഷകരാണ് പലജോലികൾക്കായി ഇന്ന് ഡൽഹിയിലുള്ളത്.

അനീതിയുടെ വിളനിലങ്ങൾ

രാജ്യതലസ്ഥാനത്തുനിന്നും 1300 കിലോമീറ്റർ അകലെയുള്ള സഹർസയാണ് സദാശിവ റായിയുടെ ഗ്രാമം. ഒന്നരവർഷമായി ഗ്രാമത്തിലേക്ക് പോയിട്ട്. യാത്രക്കായി പണംകൂട്ടി വക്കുമെങ്കിലും അതിന് സാധിക്കാറില്ല. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ കണ്ണിൽ വല്ലാത്തൊരു തിളക്കം. കാരണവും അദ്ദേഹം തന്നെ പറഞ്ഞു, ആരും ഇത്തരത്തിൽ ഒന്നും ചോദിക്കാറില്ല. എല്ലാവർക്കും വേണ്ടത് ചായമാത്രമാണ്.

കൂലിയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനുമുണ്ട്. 200 രൂപ പുരുഷന് കിട്ടുമ്പോൾ 100 രൂപയാണ് സ്ത്രീക്ക്. / ഫോട്ടോ : പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ
കൂലിയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനുമുണ്ട്. 200 രൂപ പുരുഷന് കിട്ടുമ്പോൾ 100 രൂപയാണ് സ്ത്രീക്ക്. / ഫോട്ടോ : പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ

പാലിൽ വെള്ളമൊഴിക്കാതെയാണ് ചായ ഉണ്ടാക്കുന്നത്. കൂടെ ഇഞ്ചിയും ഏലക്കയും ചേർക്കുന്നത് കൊണ്ട് പ്രത്യേക രുചിയാണ്. വെള്ളം ചേർക്കാത്ത മധുരമേറിയ ചായയാണ് എല്ലാവർക്കും വേണ്ടത്. ചായക്ക് പിന്നിലെ മനുഷ്യന്റെ ജീവിതംകാണാൻ ആർക്കും സമയമില്ല. ഓരോ ചായയിലൂടെയും പകർന്ന് കൊടുക്കുന്നത് മായം കലർത്താൻ ശീലിച്ചിട്ടില്ലാത്ത കർഷകന്റെ മനസ്സുകൂടെയാണ്.

ചായ അടിക്കുന്നതിനിടക്ക് പ്രിയപ്പെട്ടവരെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കുടുംബവും കൃഷിയും രണ്ടായി കാണാത്ത ആ മനുഷ്യൻ ഏറെ വേവലാതിപ്പെട്ടത് കൃഷിയെ കുറിച്ചാണ്. ഓർമ്മവെച്ച കാലം മുതൽ കൃഷിഭൂമി തരിശിട്ടിട്ടില്ല. അച്ഛൻ കക്കന്ദ്ര റായ് പിച്ചവെക്കാൻ പഠിപ്പിച്ചതുപോലും കൃഷിഭൂമിയിലാണ്. ജീവിതം പഠിച്ചതും ആമാശയം നിറച്ചതും ആ മണ്ണിൽ വിയർപ്പൊഴുക്കിയിട്ട് തന്നെ.

കൃഷിസ്ഥലത്ത് നിന്ന് പരമാവധി ഒരു വർഷത്തിൽ ലഭിക്കുന്ന ലാഭം രണ്ടായിരം രൂപയാണ്. അതിന് തന്നെ രാപ്പകൽ അധ്വാനവും വേണം. ആ പണം പുരകെട്ടാനുള്ള പനയോലക്ക് പോലും തികയില്ല. മറ്റ് ജോലികൾ ചെയ്യാം എന്ന് കരുതിയാൽ പരമാവധി കിട്ടുന്ന കൂലി 200 രൂപയാണ്. സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ പാടങ്ങളിൽ കുടുംബമായി വന്നാണ് അദ്ധ്വാനം. മണ്ണിൽ കാലുറക്കുന്ന പിഞ്ചു മക്കളും കൂടെ ഉണ്ടാകും. എന്നാൽ കൂലിയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനുമുണ്ട്. 200 രൂപ പുരുഷന് കിട്ടുമ്പോൾ 100 രൂപയാണ് സ്ത്രീക്ക്.

വയറെരിഞ്ഞ് ഇല്ലാതെയാവരുത്

എങ്ങും പട്ടിണി പേപിടിച്ച് അലയുന്ന ഗ്രാമങ്ങളാണ്. വിത്തിനുള്ള സബ്സിഡി വെട്ടി ചുരുക്കിയതും ജലസേചനത്തിലുള്ള അപാകതയുമാണ് കൃഷി വലിയ നഷ്ടമാക്കുന്നത്. 11400 കർഷകരാണ് 2019 ഇൽ മാത്രം രാജ്യത്ത് ആത്മഹത്യ ചെയ്തത്. നാഷണൽ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് അന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം പറഞ്ഞത്. നെഞ്ച് പിളർക്കും വിധമാണ് മരണസംഘ്യ ഉയരുന്നത്. ജീവനറ്റ് വീഴുന്നവരുടെ എണ്ണമെടുക്കലാണ് സർക്കാരിന്റെ ആകെയുള്ള ഇടപെടൽ.

ഓരോ കർഷക കുടിലിന് മുന്നിലും മരണം തളം കെട്ടി കിടക്കുന്നുണ്ട്. പട്ടിണി സഹിക്കാൻ കഴിയാതെ വൃക്ക വിറ്റവരും ഗ്രാമത്തിൽ ഏറെയാണ്. ഇതിനായി പ്രത്യേക മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. പട്ടിണിക്കൊപ്പം കാലങ്ങളായി ബിഹാറിനെ പിടികൂടിയ രോഗബാധയാണ് മസ്തിഷ്‌കജ്വരം. 2019 ൽ മരിച്ചു വീണ കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറിൽ അധികമാണ്. കഴിഞ്ഞവർഷങ്ങളിലെ മരണ സംഖ്യ അതിനിരട്ടിയോളം വരും. രോഗകാരണം പോലും തിരിച്ചറിയാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർ. ലിച്ചിപ്പഴമാണെന്നും, പോഷകക്കുറവാണെന്നും പല വാദങ്ങൾ ഉണ്ട്. എന്നാൽ മരണകാരണം പട്ടിണിയാണെന്നാണ് ബിഹാറിലെ ഗ്രാമങ്ങൾ പറയുന്നത്.

ഓരോ വർഷവും പേറ്റുനോവ് മാറും മുൻപെ നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾക്കാണ് ഗ്രാമം ബലിയിടുന്നത്. സദാശിവ റായിയുടെ വിശ്രമമില്ലാത്ത ജീവിതത്തിന് കാരണവും ഇതൊക്കെയാണ്. പ്രിയപ്പെട്ടവർ വയറെരിഞ്ഞ് ഇല്ലാതെയാവരുത്. അതിശൈത്യവും,കൊടും ചൂടും വകവെക്കാതെ ഇവിടെ ചായ വിൽക്കുന്നത് ആ അവസ്ഥയെ അതിജീവിക്കാനാണ്. ഒന്നിലേറെ തവണ അദ്ദേഹമത് ആവർത്തിച്ച് പറഞ്ഞു.

പുകമൂടിയ മനുഷ്യർ

എക്കാലത്തെയും വലിയ കർഷക മുന്നേറ്റങ്ങളാണല്ലൊ മാസങ്ങൾക്ക് മുൻപ് രാജ്യം കണ്ടത്. വലിയ അലയൊലികളാണ് സദാശിവ റായിയുടെ ഗ്രാമത്തിലും അത് ഉണ്ടാക്കിയത്. രാഷ്ട്രീയത്തിന് അതീതരായി അവർ ഒന്നടങ്കം ഡൽഹി അതിർത്തികളിലേക്ക് ഒഴുകിയെത്തി. വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകൾ ചോരക്കറ കൊണ്ട് ചേർന്നൊട്ടിപ്പോയിരുന്നു. മനസിന്റെ മാത്രമല്ല മണ്ണിന്റെ കരച്ചിലിനു കൂടി സ്വന്തം കണ്ണിൽ നിന്നു ചുടുനീരൊഴുക്കുന്നത് കൊണ്ടാകണം അവർക്ക് അത്രമേൽ സഹനത്തോടെ സമരം ചെയ്യാൻ സാധിച്ചത്.

സദാശിവ റായി
സദാശിവ റായി

രാജ്യത്ത് നടക്കുന്ന എല്ലാമുന്നേറ്റങ്ങളെയും സമരങ്ങളേയും കുറിച്ച് സദാശിവ റായിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഒറ്റക്ക് പഠിച്ച അക്ഷരങ്ങൾ ഏറെയുള്ളതിനാൽ രണ്ടോളം പത്രങ്ങൾ മുടങ്ങാതെ വായിക്കും. ഒരു വിഭാഗത്തിന്റെ കൈയിൽ മാത്രമായി സമ്പത്ത് കുന്നുകൂടികൊണ്ടിരിക്കുകയും ഭൂരിപക്ഷ ജനത പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചൂഷണത്തിനെതിരെ ഗ്രാമങ്ങൾ ഇളകി വന്ന ചരിത്രം ഇന്ത്യൻ വഴികളിൽ ഏറെ ഉണ്ടെന്ന് കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ പ്രചാരണങ്ങളിൽ ചായ ഏറെ ഇടം പിടിച്ചെങ്കിലും അത് അതിജീവനമാർഗ്ഗമാക്കിയവർ ഇപ്പോഴും പെരുവഴിയിലാണ്. ഒന്നിടവിട്ട് 1000 രൂപ കൈക്കൂലിയായി പൊലീസിന് കൊടുക്കണം. പെരുവഴിയിൽ ജീവിതം കണ്ടെത്തുന്നതിനുള്ള ശിക്ഷ. "ആരുഭരിച്ചാലും ഞങ്ങളുടെ ജീവിതം ഇതിനപ്പുറം എന്താവാനാണ്. അവർ ഞങ്ങളെ കാണുന്നെ ഇല്ലല്ലോ', നിസ്സഹായതയോടെ അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.

അപ്പോഴേക്കും പാത്രത്തിനുള്ളിലെ പാൽ തിളച്ച് സ്റ്റൗവിന് മുകളിലൂടെ ഒഴുകി. അതിൽ നിന്ന് വന്ന പുകച്ചുരുളുകൾ അവിടെയാകെ പരന്നു. കോടിക്കണക്കിന് വരുന്ന ഇന്ത്യൻ കർഷകന്റെ മുറിവേറ്റ പ്രതിനിധിയാണ് സദാശിവ റായ്. ജീവിതം തെരുവിന് കൊടുത്ത അദ്ദേഹത്തിന്റെ മുഖം അവസാനമായി നോക്കിയപ്പോൾ പുകച്ചുരുൾ വന്ന് മൂടിയിരുന്നു.


Summary: സദാശിവ റായ് രാജ്യതലസ്ഥാനത്തെ റോഡരികിലേക്ക് ജീവിതം പറിച്ചുനട്ടത് ആത്മഹത്യ ചെയ്യാനുള്ള ഭയംകൊണ്ടാണ്. കൂട്ടുകൃഷിയിൽ സുഹൃത്തായ സരൻ റായിയുടെയും ഭാര്യ യശോദയുടെയും ചലനമറ്റ ആമാശയം കണ്ട ഡോക്റ്റർക്ക് കരയാൻപോലും സാധിച്ചിരുന്നില്ല. നെഞ്ച് പൊള്ളിയാണ് തുന്നിക്കെട്ടിയത്. ചോളത്തിന്റ ഏതാനും അല്ലികൾ മാത്രമാണ് അക്കാലമത്രയും നാടിനെ ഊട്ടിയവരുടെ വയറ്റിൽ അവശേഷിച്ചത്.


Comments