പാലക്കാട് ചിറ്റലഞ്ചേരി സ്വദേശി നിമിഷപ്രിയ യെമനിൽ തന്റെ ബിസിനസ് പങ്കാളി തലാൽഅബ്ദുമഹ്ദി എന്ന ഗോത്രവിഭാഗക്കാരന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് വധശിക്ഷ കാത്ത് കഴിയുകയാണ്. യെമൻ പ്രസിഡന്റ് റഷാദ് അൽ ആലിമിയുടെ ഔദ്യോഗികാനുമതി കൂടി ലഭിച്ചതോടെ, വധിക്കപ്പെട്ടയാളുടെ കുടുംബത്തിന്റെ മാപ്പ് മാത്രമാണ് നിമിഷപ്രിയയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള അവസാന വഴി. കേന്ദ്രഗവൺമെന്റും യെമനിലെ ഇന്ത്യൻ സാമൂഹിക സംഘടനകളും ഇക്കാര്യത്തിൽ ജാഗ്രതാപൂർവം രംഗത്തുണ്ട്. ബ്ലഡ് മണി - ദിയാധനം - നൽകിയുള്ള നിമിഷപ്രിയയുടെ മോചനശ്രമം വിജയം കാണുമെന്ന് കരുതുക.
2017- ൽ നിമിഷപ്രിയയുടെ കേസിനാസ്പദമായ സംഭവം നടക്കുന്നതിന് ആറര കൊല്ലം മുമ്പ് ഉത്തര യെമനിലെ വിദൂരമായൊരു ഗ്രാമപ്രദേശത്തെ സർക്കാർ ക്ലിനിക്കിൽ നഴ്‌സായി ജീവിച്ച തിരുവല്ലക്കാരി സഫിയ അജിത്ത് താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൊലപാതകത്തെക്കുറിച്ചും വിവരിച്ചത് ഇപ്പോഴൊരു ഫ്‌ളാഷ്ബാക്ക് പോലെ തെളിയുന്നു.
യെമനിലെ ജോലി വിട്ട് സൗദിയിലെ ദമാമിലെത്തി ജീവകാരുണ്യരംഗത്ത് സജീവമായ കാലത്താണ് ഞങ്ങൾ പരിചയപ്പെടുന്നതും സംഭബഹുലമായ യെമൻ ജീവിതത്തിന്റെ ചരിത്രം അവർ പറയുന്നതും. യെമനിലെ ദുരിതപർവം താണ്ടിയ സഫിയയുടെ കഥകൾ തീർത്തും നടുക്കം സൃഷ്ടിക്കുന്നതായിരുന്നു.
▮
മുംബൈ ജസ് ലോക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സഫിയ. യെമനിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന വിവരമറിഞ്ഞ്, ജീവിതപ്രാരാബ്ധം മൂലമാണ് മറ്റേതൊരു മലയാളി പ്രവാസിയെയും പോലെ അവിടേക്കുപോകാൻ തീരുമാനിച്ചത്. മലനിരകളും മണൽക്കൂനകളും നിറഞ്ഞ ഉത്തര യെമനിലെ ദെനാർ ഗവൺമെന്റ് ആശുപത്രിയിലേക്കായിരുന്നു അഞ്ചു മലയാളികളുൾപ്പെടെ പതിനഞ്ചു നഴ്സുമാരുമെത്തിയത്. തലസ്ഥാനമായ സൻആ എയർപോർട്ടിൽ നിന്ന് ഏഴു മണിക്കൂർ റോഡുമാർഗം സഞ്ചരിച്ചാണ് ഗോത്രവിഭാഗക്കാർ മാത്രം നിറഞ്ഞ വിദൂരഗ്രാമമായ ദെനാറിലെത്തിയത്. കൊച്ചുകുട്ടികൾ പോലും കത്തിയും തോക്കുമായി നടക്കുന്ന സ്ഥലം. ആദ്യനാൾ തന്നെ സഫിയയുടെ മനസ്സിൽ ഭീതി ഫണം വിരിച്ചു.

അതിനിടെയായിരുന്നു ക്ലിനിക്കിലെ സഹപ്രവർത്തക തൃശൂർക്കാരി സ്മിത എന്ന നഴ്സിന്റെ ദുരന്തം സഫിയയേയും കൂട്ടുകാരികളേയും പിടിച്ചുലച്ചത്. സ്മിത, സഫിയയും കൂട്ടുകാരും വരുന്നതിന് ഒന്നര കൊല്ലം മുമ്പ് യെമനിൽ വന്നതാണ്. ഹൈദരബാദുകാരി ആമിനയാണ് സ്മിതയുടെ കഥ പറഞ്ഞത്. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സ്മിത. ആശുപത്രിയിലെ ജോലിക്കാരനായിരുന്ന ഖാലിദ് എന്ന യെമനി പൗരന്റെ വെടിയേറ്റ് സ്മിത കൊല്ലപ്പെട്ട വിവരം കേട്ട് പുതുതായി വന്ന സഫിയയും സഹ നഴ്‌സുമാരും ഞെട്ടി. സ്മിതയെ ഒന്നോ രണ്ടോ തവണ കണ്ടിരുന്നുവെങ്കിലും സൗഹൃദം ആരംഭിക്കും മുമ്പേ അവർ ഇല്ലാതായി. സ്മിത തന്നെ പ്രേമിക്കുന്നുവെന്ന് മൂഢമായി വിശ്വസിച്ച ഖാലിദിനോട് ആരോ പറഞ്ഞുവത്രേ, സ്മിത കല്യാണം കഴിക്കാൻ അടുത്ത ദിവസം നാട്ടിൽപ്പോവുകയാണെന്ന്.
ഇതോടെ ക്രുദ്ധനായ ആ ചെറുപ്പക്കാരൻ രോഗികളും സ്റ്റാഫും നോക്കിനിൽക്കെ, ആശുപത്രിയുടെ ഇടനാഴിയിൽ വെച്ച് സ്മിതയെ വെടിവെക്കുകയായിരുന്നു. സദാ തോക്കുമായി നടക്കുകയായിരുന്നു ഈ ലാബ് അസിസ്റ്റന്റ്. 27 വയസ്സ് മാത്രമുള്ള സ്മിതയുടെ കൊലപാതകം വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അടങ്ങി. ഒരാഴ്ചക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദെനാർ ആശുപത്രി കൊലക്കളമാകുന്നുവോ എന്ന ഭയം ഇന്ത്യൻ നഴ്‌സുമാരെ ചൂഴ്ന്നുനിന്നു.
പ്രതിയായ യെമനി ഗോത്രവിഭാഗത്തിലെ ചെറുപ്പക്കാരനായ ഖാലിദിനെ അറസ്റ്റ് ചെയ്തുവെങ്കിലും കൊലക്കേസിൽ നിന്ന് പുഷ്പം പോലെ അയാൾ തലയൂരി. പുറത്തുവന്ന് വീണ്ടും അതേ ആശുപത്രിയിൽ ജോലിയിൽ കയറി. അതായിരുന്നു അവിടത്തെ ഗോത്രനീതി. ജോലിയിൽ തുടരുകയെന്നത് സഫിയയ്ക്ക് ആലോചിക്കാനാവുമായിരുന്നില്ല. പക്ഷേ പിന്നേയും യെമനിൽ 28 മാസം അവർക്ക് ജോലിയെടുക്കേണ്ടി വന്നു.

പിറ്റേ ആഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന സഫിയ ആശുപത്രി ലാബിനു മുമ്പിൽ ഖാലിദിനെ കണ്ടു. അപ്പോൾ പക്ഷേ സഫിയക്ക് അയാളിലെ ക്രൂരമുഖമല്ല കാണാനായത്. ഇയാളാണോ ഒരു പാവം നഴ്സിനെ കപടമായൊരു പ്രണയനൈരാശ്യത്തിന്റെ പേരിൽ വെടിവെച്ചുവീഴ്ത്തിയത് എന്നു വിശ്വസിക്കാനായില്ല - സഫിയ ഓർത്തെടുത്തു.
ജയിലിൽ നിന്ന് വലിയ ശിക്ഷയൊന്നും അനുഭവിക്കാതെ പുറത്തിറങ്ങിയ ഖാലിദ് അപ്പോഴേക്കും മാനസാന്തരം വന്ന് ഭക്തിമാർഗം സ്വീകരിച്ചിരുന്നുവത്രേ.
'ഖാത്ത് ഇല' (യെമനിൽ സുലഭമായി വളരുന്ന ലഹരിയുണ്ടാക്കുന്ന ചെടിയുടെ ഇല) ചവച്ച് ആശുപത്രിയിൽ വന്ന് ബഹളം വെക്കുന്ന എത്രയോ യെമനികളുടെ കഥ പറയാനുണ്ടായിരുന്നു സഫിയയ്ക്ക്.
നൂറുക്കണക്കിന് പ്രസവങ്ങളെടുത്തിട്ടുള്ള സഫിയയെ നടുക്കം കൊള്ളിക്കുന്ന ഒരു പ്രസവത്തിന്റെ ഓർമയുണ്ട്. അർധരാത്രി പേറ്റുനോവെടുത്ത ഭാര്യയുമായി ഒരു യെമനി മധ്യവയസ്‌കൻ ആശുപത്രിയിലെത്തി. ആ സ്ത്രീയുടെ 13-ാമത്തെ പ്രസവമായിരുന്നു അത്. സഫിയ രാത്രി ഷിഫ്റ്റിലായിരുന്നു. ശസ്ത്രക്രിയ വേണ്ടി വരും. ഡോക്ടർ സ്ഥലത്തില്ല. അദ്ദേഹത്തെ വിളിച്ചപ്പോൾ അൽപം അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം യെമനിയെ അറിയിച്ചെങ്കിലും അയാൾ അരയിൽ നിന്ന് തോക്കെടുത്ത് സഫിയയുടെ നേരെ ചൂണ്ടി അലറി: എന്റെ ഭാര്യക്ക് വല്ലതും പറ്റിയാൽ നിന്റെ അവസാനം ഈ തോക്ക് കൊണ്ടായിരിക്കും. ഇവിടെ വെച്ചു തന്നെ പ്രസവമെടുക്കണം. വേറെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനൊന്നും പറ്റില്ല.

പേടിച്ചു വിറച്ചും ഉള്ളുരുകി പ്രാർഥിച്ചുമാണ് ആ സ്ത്രീയെ ലേബർറൂമിൽ കയറ്റിയത്. നാലുമണിക്കൂറിനു ശേഷം അവർ സുഖമായി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. അപ്പോൾ മാത്രമാണ് സഫിയക്കും സഹപ്രവർത്തകർക്കും ശ്വാസം നേരെ വീണത്. വിവരമറിഞ്ഞ ഭർത്താവ് ആഹ്ലാദത്തോടെ ശിരസ്സ് കുനിച്ച് നമസ്‌കാരത്തിലേക്ക് പോകുന്നതാണ് കണ്ടത്. പിന്നെ അയാൾ സഫിയയോടും കൂട്ടുകാരികളോടും മാപ്പ് പറഞ്ഞു. പെട്ടെന്ന് വണ്ടിയെടുത്ത് പുറത്തുപോയി അയാളുടെ തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത ആപ്പിളും മറ്റു പഴങ്ങളുമായാണ് തിരിച്ചെത്തിയത്. അതൊക്കെ സഫിയയുടെ നേരെ നീട്ടി അയാൾ സന്തോഷം പങ്കിട്ടു. ഇങ്ങനെയെത്രയോ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ.
അറബി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിച്ചതാണ് യെമനി ജീവിതത്തിന്റെ പോസിറ്റീവ് ശേഷിപ്പെന്ന് സഫിയ പറഞ്ഞു.
▮
യെമനിലെ പ്രവാസത്തിനു ശേഷം സഫിയ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സൗദിയിലെ ദമാമിലെത്തി. യെമൻ പലപ്പോഴും സഫിയയ്ക്ക് നൽകിയത് ദുഃസ്വപ്‌നങ്ങളായിരുന്നു. ആ കഥകളൊന്നും ഓർക്കാനും ആവർത്തിക്കാനും അവർ പിന്നെ തയാറായില്ല. ദമാം നഗരത്തിലെ പ്രവാസി കൂട്ടായ്മകളിലെല്ലാം സഫിയയുടെ ഇടപെടൽ സജീവമായി. സി.പി.ഐ അനുഭാവ പ്രവാസി സംഘടനയായ 'നവയുഗ'ത്തിന്റെ നേതൃനിരയിലെത്തിയ അവർ നാട്ടിൽ ആ പാർട്ടിയുടെ നേതാക്കളുമായെല്ലാം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
പ്രവാസലോകത്തുനിന്ന് സദാ കേട്ടുകൊണ്ടിരിക്കുന്ന ഒരപകടവാർത്ത, പിന്നാലെ ഒരു മരണവൃത്താന്തം, തടവറയിൽ നിന്നുള്ള വിലാപങ്ങൾ, വീട്ടുടമയുടെ പീഡനത്തിൽ നിന്ന് മോചനം കൊതിച്ചുള്ള അഭ്യർഥനകൾ, ഒളിച്ചോടാൻ നിർബന്ധിതരാകുന്നവരുടെ ദുരിതവാർത്ത, നാടണയാൻ മോഹിച്ചിട്ടും അതിനു കഴിയാതെ കണ്ണീർവാർക്കുന്നവരുടെ കഷ്ടപ്പാടുകൾ, തൊഴിലുടമകളുടെ ക്രൂരതയ്ക്കിരയായവരുടെ രക്ഷപ്പെടാനുള്ള തത്രപ്പാട്, ജീവിതത്തിൽനിന്ന് മോചനം ലഭിച്ചിട്ടും മോർച്ചറികളിൽ നിന്ന് മുക്തി കിട്ടാത്ത മൃതദേഹങ്ങൾക്കായി നാട്ടിൽ കാത്തിരിക്കുന്ന ബന്ധുക്കൾ... ഇവർക്കൊക്കെ വേണ്ടി കൈയ്മെയ് മറന്ന് പണിയെടുക്കുന്ന സന്നദ്ധപ്രവർത്തകർക്കിടയിലെ സേവനദീപമായിരുന്നു പത്ത് വർഷം മുമ്പൊരു ജനുവരി 26-ന് പൊലിഞ്ഞു പോയ സഫിയ അജിത്.

ഇരകളുടെ വേദന പങ്കു വെക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനേക്കാൾ വലിയൊരു ജീവിതപുണ്യം മറ്റൊന്നില്ലെന്ന് കരുതുകയും ചെയ്ത സഫിയ, പ്രവാസി പ്രശ്നങ്ങളിൽ ധീരമായി ഇടപെടുകയും പ്രയാസമനുഭവിക്കുന്നവർക്കുവേണ്ടി അഹോരാത്രം പാട് പെടുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി സൗദി പാസ്‌പോർട്ട് / ജയിൽ / ലേബർ വകുപ്പുകളിലും ഇന്ത്യൻ എംബസിയിലേയും നിരന്തരം കയറിയിറങ്ങി.
▮
സഫിയ കാൻസർ രോഗബാധിതയായതിന്റെ തലേ വർഷം, സൗദിയിൽ സി. പി. ഐ അനുകൂല കൂട്ടായ്മയായ ദമാം നവയുഗം സാംസ്‌കാരിക വേദിയുടെ ക്ഷണം സ്വീകരിച്ച് ഞാൻ അവിടെ ചെന്നപ്പോഴാണ് ഏറെ കേട്ടറിഞ്ഞ അവരെ നേരിൽ പരിചയപ്പെടാനായത്. ന്യൂ ഏജ് ഇന്ത്യാ ഫോറം ജിദ്ദാ സാരഥി പി.പി. റഹീമും എന്നോടൊപ്പമുണ്ടായിരുന്നു. ജുബൈൽ വ്യവസായനഗരത്തിലേക്കായിരുന്നു ഞങ്ങളുടെ ആദ്യയാത്ര. സഫിയയും ഭർത്താവ് കെ.ആർ. അജിത്തുമായിരുന്നു സഹയാത്രികർ. യാത്രയിലുടനീളം സഫിയയെത്തേടിയെത്തുന്ന ഫോൺകോളുകളും അവരുടെ മറുപടിയും എന്നിലുളവാക്കിയ അതിശയം ചെറുതല്ലായിരുന്നു. ദമാമിൽ നിന്നും റിയാദിൽ നിന്നുമൊക്കെയുള്ള ഓരോ മൊബൈൽ ഫോൺ മുഴക്കത്തിലും ഓരോ ജീവിതം തുടിക്കുന്നത് ഞാനറിഞ്ഞു. ഡീപോർട്ടേഷൻകേന്ദ്രത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിതേടുന്നവർ, സ്പോൺസർ പാസ്പോർട്ട് പിടിച്ചുവെച്ചതിനാൽ അമ്മ മരണപ്പെട്ട പ്രവാസിക്ക് നാട്ടിലെത്താൻ സാധിക്കാത്തതിന്റെ ദുരനുഭവം, അമ്മയുടെ മൃതദേഹം മകൻ വന്നു സംസ്‌കരിച്ചാൽ മതിയെന്നു പറഞ്ഞ് നാട്ടിൽ മൃതദേഹത്തിന് കാവലിരിക്കുന്ന ബന്ധുക്കളുടെ ആധി... എല്ലാ കേസുകളുടെ ചരിത്രവും സഫിയക്ക് ഉള്ളംകൈയിലെ രേഖകൾ പോലെ സുവ്യക്തം. പ്രശ്നപരിഹാരമാണ് വലുത്. ഓരോ കോളിനും (യാത്രക്കിടെ പല കോളുകളും റേഞ്ചിനു പുറത്ത് മുറിഞ്ഞു പോവുകയും പിന്നെ കൂടിച്ചേരുകയും ചെയ്യുന്നുണ്ടായിരുന്നു) കൃത്യമായി മറുപടി നൽകിയിരുന്ന സഫിയ. ഇതോടൊപ്പം ദമാം ഡീപോർട്ടേഷൻ സെന്റർ മേധാവിയെ വിളിക്കുന്നു, ഇന്ത്യൻ എംബസിയിലെ മലയാളി ഉദ്യോഗസ്ഥൻ സിബി ജോർജിനെ വിളിക്കുന്നു (സിബി ജോർജ് ഇപ്പോൾ ജപ്പാനിലെ ഇന്ത്യൻ അംബാസഡറാണ് ).

ഏത് പ്രശ്നങ്ങളുടെയും ഫോളോഅപ്പ്- അത് പ്രധാനമാണെന്ന് അവർ തിരിച്ചറിയുന്നു. അധികൃതരുടെ പ്രതികരണം കിട്ടിയാലുടനെ പ്രശ്നങ്ങൾ പറഞ്ഞ് ആദ്യം വിളിച്ചവരെ വിവരമറിയിക്കാൻ അങ്ങോട്ടുവിളിക്കുന്നു. അറബിയും ഇംഗ്ലീഷും മലയാളവും തമിഴുമൊക്കെ വളകിലുക്കം പോലെ മുഴങ്ങുന്നു. ഭാഷ ഏതുമാകട്ടെ, തമിഴന്റേയും തെലുങ്കന്റേയും മലയാളിയുടേയുമൊക്കെ പ്രവാസലോകത്തെ പ്രശ്നം ഒന്നു തന്നെ. അത് പ്രായോഗികമായി നേരിടുകയെന്നത് തന്നെയാണ് മുഖ്യമെന്ന് സഫിയാ അജിത് വിശ്വസിക്കുന്നു. ജൂബൈലിൽ നിന്നു മടങ്ങും വഴി സഫിയ ഞങ്ങളെ ദമാം ഡീപോർട്ടേഷൻ കേന്ദ്രത്തിനകത്തേക്ക് കൊണ്ടുപോയി. കാവൽക്കാരൻ മുതൽ സ്ഥാപന മേധാവി വരെ സഫിയയുടെ അടുത്ത പരിചയക്കാർ. ഒരു ചോദ്യവുമില്ലാതെ അകത്തേക്ക് കടത്തിവിട്ടു. സ്ത്രീകൾക്ക് മാത്രമായുള്ള ഡീപോർട്ടേഷൻ കേന്ദ്രം. ഞങ്ങൾ വരാന്തയിൽ കാത്തിരുന്നു. അന്നേരം അവിടെ രണ്ടോ മൂന്നോ ഇന്ത്യക്കാരികളേയുള്ളൂ. ബാക്കിയുള്ളവരെയെല്ലാം മടക്കി അയച്ചു. മൊത്തം 42 തടവുകാരുണ്ടായിരുന്നു. സഫിയയുടേയും അവരുടെ സംഘടനയായ ദമാം നവയുഗത്തിന്റേയും ഇടപെടൽ ഇന്ത്യക്കാരുടെ മോചനത്തിന് വലിയ സഹായമായി. ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസി വനിതകൾക്കോ ജോലിയൊന്നും ചെയ്യാതെ ഭർത്താവിനേയും മക്കളേയും പരിചരിക്കുന്ന കുടുംബിനികൾക്കോ അചിന്ത്യമായിരുന്നു, സദാ സേവനസന്നദ്ധയായിരുന്ന, നിസ്വാർഥയായ ഈ ഒറ്റയാൾപോരാളിയുടെ ജീവിതം. ചുറ്റുമുള്ളവർക്ക് വേണ്ടി പെടാപ്പാട് പെടുമ്പോഴും സ്വന്തം ജീവിതത്തിനു മുമ്പിൽ ദുരന്തം തല നീട്ടുന്നത് അവർ അറിയാത്തതല്ല. അർബുദത്തിന്റെ ഞണ്ടിൻകാലുകൾ ശരീരകോശങ്ങളിൽ പിടിമുറുക്കുമ്പോഴും, നിരവധി തവണ സർജറിക്ക് വിധേയയായിട്ടും, ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അവർ 2015 ജനുവരി 26 നു അന്തരിച്ചു. ലേക്‌ഷോറിലെ റേഡിയേഷനിടയിലും ദമാമിലെ പാവപ്പെട്ട പ്രവാസികളെക്കുറിച്ച് വിചാരപ്പെട്ട സഫിയ അവസാനശ്വാസം വരെ അന്യർക്കു വേണ്ടിയായിരുന്നു ജീവിച്ചത്.