ജാതിയിലെ വർഗസമരം: ഉപവർഗീകരണവും വെണ്ണപ്പാളിയും ദലിത് സംവരണത്തിൽ

ഉപവർഗീകരണവും SC/ST വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശുപാർശയുള്ള വെണ്ണപ്പാളി പ്രമാണവും ജാതിഘടനയിലേക്കും ജാതി വ്യവസ്ഥയിലേക്കും വർഗവൈരുദ്ധ്യങ്ങളുടെ ഒഴിച്ചുനിർത്താനാകാത്ത ഇടപെടലാണ്. അതിനോട് വർഗ രാഷ്ട്രീയത്തെക്കൂടി ഉൾച്ചേർത്തുകൊണ്ട് പ്രതികരിക്കാതെ കേവല സ്വത്വവാദത്തിന്റെ പരിമിതമായ സ്വത്വാകാംക്ഷകൾകൊണ്ട് മല്ലിടുന്നത് കാലത്തിന്റെ പിറകിലേക്ക് സഞ്ചരിക്കലായിരിക്കും- പ്രമോദ് പുഴങ്കര എഴുതുന്നു

ട്ടിക ജാതി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ ഉപവർഗീകരണം (sub classification) നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധി വന്നതോടെ രാജ്യത്തെ സംവരണനയത്തിൽ ഇന്ദ്ര സാഹ്നി കേസിലെ (1992) വെണ്ണപ്പാളി (Creamy layer) വിധിക്കുശേഷമുള്ള ഏറ്റവും നിർണ്ണായകമായ ഭരണഘടനാ കോടതി ഇടപെടലായി അത് മാറുന്നു.
പട്ടിക ജാതി, പട്ടിക വർഗ/ഗോത്ര സമൂഹങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള സംവരണമെന്നത് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും സജീവമായൊരു സാമൂഹ്യ, രാഷ്ട്രീയ വിഷയമാണ്.

ഇന്ത്യയുടെ രാഷ്ട്രീയഗതിയെത്തന്നെ നിയാമകമായ വിധത്തിൽ മാറ്റിമറിച്ചത് ജാതി സംവരണത്തിനുമേലുള്ള നടപടിയാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകാനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വി.പി. സിംഗ് സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ രാഷ്ട്രീയഗതിയെത്തന്നെ പിന്നീട് നിശ്ചയിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതുവരെയുണ്ടായിരുന്ന എല്ലാതരം മൂടുപടവും പൊഴിച്ചുകളഞ്ഞുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം തെരുവിലിറങ്ങിയത് മണ്ഡൽ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുണ്ടായ പിന്നാക്ക ജാതിരാഷ്ട്രീയത്തിന്റെ വളർച്ചയുടെയും അതിനെത്തുടർന്നുള്ള രാഷ്ട്രീയാധികാരത്തിന്റെയും സാമൂഹ്യാധികാരത്തിന്റെയും ഘടനാമാറ്റങ്ങളെ ചെറുക്കാൻ കൂടിയായിരുന്നു.

പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകാനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വി.പി. സിംഗ്  സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ രാഷ്ട്രീയഗതിയെത്തന്നെ നിശ്ചയിച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകാനുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വി.പി. സിംഗ് സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ രാഷ്ട്രീയഗതിയെത്തന്നെ നിശ്ചയിച്ചു.

മണ്ഡലിനെതിരെ കമണ്ഡലെന്ന രാഷ്ട്രീയതന്ത്രം സംഘപരിവാർ ആഞ്ഞിറക്കിയത് ജാതിഘടനയിൽ അധിഷ്ഠിതമായ ഇന്ത്യൻ ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ രാഷ്ട്രീയ സാധ്യതയെ നഷ്ടപ്പെടുത്താതിരിക്കാൻ കൂടിയായിരുന്നു.
പിന്നാക്ക ജാതിരാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ത്യൻ സമൂഹത്തിലുമുണ്ടാക്കിയ മാറ്റങ്ങളിൽ നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കും ഒഴിഞ്ഞുനിൽക്കാനായില്ല. കോൺഗ്രസിനെപ്പോലൊരു കക്ഷിയുടെ ചരിത്രപരമായ പതനത്തിന് അതാക്കം കൂട്ടി. ഇന്ത്യൻ സമൂഹത്തിലെ ജാതിഘടനയും അതിന്റെ വൈരുദ്ധ്യങ്ങളുമായുള്ള വ്യവഹാരത്തിലും അതിനെ തങ്ങളുടെ രാഷ്ട്രീയ പരിപാടിയിലേക്ക് വർഗരാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ എങ്ങനെ ഉൾച്ചേർക്കണം എന്നതിലും അന്തിച്ചുനിന്ന ഇടതുകക്ഷികളുടെ ശോഷണത്തിന്റെ ഗതിവേഗം കൂട്ടുന്നതിലും ഇത് പങ്കുവഹിച്ചു. ആദ്യത്തെ രണ്ടു പതിറ്റാണ്ടുകളിൽ ഹിന്ദു ജാതിവ്യവസ്ഥയുടെ ഉള്ളിലുണ്ടായ ഇത്തരം ഉൾപ്പിരിവുകളുടെ സംഘർഷങ്ങളേയും അവയുടെ രാഷ്ട്രീയ രൂപങ്ങളെയും സാമൂഹ്യാധികാരഘടനയിലെ സ്വാധീനത്തെയുമെല്ലാം എങ്ങനെ മറികടക്കുമെന്നതിൽ ആശയക്കുഴപ്പത്തിലായ ഹിന്ദുത്വ വലതുപക്ഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോൾ അതിനെ കൈകാര്യം ചെയ്യാനുള്ള പണികൾ പഠിച്ചുതുടങ്ങി. ആദിവാസികളും ദലിതരും ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളുമടങ്ങുന്ന സംവരണ രാഷ്ട്രീയത്തിന്റെ വിശാലതാത്പര്യങ്ങളുള്ള വിഭാഗങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുടക്കീഴിൽ പല തട്ടുകളിലായി അണിനിരത്തുന്നതിൽ അവർ വലിയ തോതിൽ മുന്നോട്ടുപോയി. വാസ്തവത്തിലത് സ്വത്വരാഷ്ട്രീയത്തെ (Identity politics) കൈകാര്യം ചെയ്യുന്നതിൽ വലതുപക്ഷ രാഷ്ട്രീയം നേടിയ വിജയമായിരുന്നു. ഇതാകട്ടെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തന്ത്രപരമായ വിജയം എന്നതിലുപരി സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ ദൗർബല്യത്തിന്റെ സ്വാഭാവികമായ പരിണതി കൂടിയായിരുന്നു. സ്വത്വ രാഷ്ട്രീയത്തിന്റെ പരിമിതിയുടെ വെളിപ്പെടലായിരുന്നു അത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജനിതകമുദ്രകളിൽ ചിലതെല്ലാം സ്വത്വ രാഷ്ട്രീയത്തിന്റെ ജനിതക ഘടനയിലുമുണ്ട് എന്നതുകൊണ്ടാണ് ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷത്തിന് അത്തരത്തിലൊരു കൈകാര്യം ചെയ്യൽ സാധ്യമായത്.

മായാവതി
മായാവതി

ഹിന്ദു പിന്നാക്ക വിഭാഗങ്ങൾ നേടിയ രാഷ്ട്രീയ മുന്നേറ്റം അതേ അളവിൽ പകർത്താനായില്ലെങ്കിലും ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മണ്ഡലാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. ഉത്തർപ്രദേശിൽ കാൻഷി റാമിന്റെയും മായാവതിയുടെയും നേതൃത്വത്തിൽ ബഹുജൻ സമാജ് പാർട്ടി (BSP) നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളും സംസ്ഥാന ഭരണത്തിലെത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഒപ്പം തന്നെ ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുകയോ അങ്ങനെ തോന്നിപ്പിക്കുകയോ ചെയ്യാതെ ഒരു മുഖ്യധാര രാഷ്ട്രീയകക്ഷിക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനാകില്ല എന്നുമായി. ഇത്തരത്തിൽ ദലിത് രാഷ്ട്രീയത്തിന്റെ നിർണ്ണായകമായ സ്വാധീനം ദലിത് രാഷ്ട്രീയ മുന്നേറ്റത്തെ ഗുണപരമായി മുന്നോട്ട് കൊണ്ടുപോയില്ല എന്നതാണ് യാഥാർത്ഥ്യം. പകരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അവസരവാദ ധാരണകൾക്കപ്പുറം അതിനെ കൊണ്ടുപോകാൻ കഴിയാതെ ദലിത് രാഷ്ട്രീയ മുന്നേറ്റത്തിലെ മഹാഭൂരിപക്ഷം സംഘടനകളും ദുർബലമായിപ്പോയി. അംബ്ദേക്കറെയും അംബേദ്ക്കറുടെ രാഷ്ട്രീയ ചിന്തയേയും ബിംബവത്ക്കരിക്കുന്നതിലേക്കാണ് അതിലെ മറ്റൊരു വിഭാഗം എത്തിയത്. ഈ ബിംബവത്ക്കരണ പരിപാടിയാകട്ടെ അതിലേറെ ആഘോഷത്തോടെ വലതുപക്ഷ രാഷ്ട്രീയം ഏറ്റെടുത്തതോടെ അംബേദ്ക്കർ രാഷ്ട്രീയത്തിന്റെ വിമോചകസാധ്യത ഇന്നത്തെ ഇന്ത്യയിൽ ദുർബലമാകുന്നു എന്നുകൂടിക്കാണാം.

പട്ടിക ജാതി സംവരണത്തിലെ
sub-classification

ഈയൊരു പശ്ചാത്തലത്തിൽക്കൂടിയാണ് ദേവീന്ദർ സിംഗ് കേസിലെ (State of Punjab v Davinder Singh, 2024) സുപ്രീം കോടതി വിധി നിർണ്ണായകമായൊരു ചുവടുവെപ്പാകുന്നത്. പട്ടിക ജാതി സംവരണത്തിൽ ഉപവർഗീകരണം (sub-classification) ആകാമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഒപ്പം, ഇത്തരത്തിൽ ഉപ വർഗീകരണം നടത്താനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പഞ്ചാബിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമൊക്കെ ഇത്തരത്തിൽ ഉപവർഗീകരണത്തിനായുള്ള നിയമങ്ങൾ കൊണ്ടുവന്നതിന്റെ സാധുത ഇതിന്റെ അടിസ്ഥാനത്തിൽ ശരിവെക്കപ്പെടും. ഉപ വർഗീകരണത്തിന്റെ ഭരണഘടനാസാധുതയും അത് തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരവും ശരിവെക്കുക മാത്രമല്ല ഈ വിധി ചെയ്തത്. ഒപ്പം, നടപ്പാക്കാനുള്ള നിർദ്ദേശമായല്ലെങ്കിലും, പട്ടിക ജാതി വിഭാഗങ്ങൾക്കിടയിൽ, പിന്നാക്ക വിഭാഗ സംവരണത്തിൽ കണക്കാക്കുന്നപോലെ വെണ്ണപ്പാളി (creamy layer) മാനദണ്ഡം നടപ്പാക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

മണ്ഡലിനെതിരെ കമണ്ഡലെന്ന രാഷ്ട്രീയതന്ത്രം സംഘപരിവാർ ആഞ്ഞിറക്കിയത് ജാതിഘടനയിലധിഷ്ഠിതമായ ഇന്ത്യൻ ഹിന്ദു സമൂഹത്തിലെ ഹിന്ദുത്വ രാഷ്ട്രീയ സാധ്യതയെ നഷ്ടപ്പെടുത്താതിരിക്കാൻ കൂടിയായിരുന്നു.

ഈ മൂന്ന് സംഗതികളും വളരെ നിർണ്ണായകമായ പ്രത്യാഘാതങ്ങളാണ് ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ ഘടനയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കുക. സംവരണവും ജാതി വ്യവസ്ഥയും ജാതിഘടനയുടെ ഉൾപ്പിരിവുകളും ജാതി സ്വത്വവാദ രാഷ്ട്രീയവും എല്ലാമടങ്ങുന്ന വിപുലമായൊരു പരസ്പരബന്ധിത സംവിധാനത്തെയാണ് ഇത് സ്വാധീനിക്കാൻ പോകുന്നത്. സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തെ ഒന്നുകൂടി വിപുലപ്പെടുത്തുന്ന ഒരു ഘടകം കൂടി ഇതിലുണ്ട്. പട്ടികജാതി / പട്ടിക വർഗങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം രാഷ്ട്രപതിക്കും അതിൽ തിരുത്തലുകൾ വരുത്താനുള്ള അധികാരം പാർലമെന്റിനും മാത്രമാണ് എന്നുള്ളതിനൊപ്പം ആ പട്ടികകൾക്കുള്ളിൽ ഉപവർഗീകരണം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്ന് വിധിച്ചതിലൂടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും രാജ്യത്തിന്റെ ഫെഡറൽ ഘടനയിലും കൂടുതൽ പുരോഗമനപരമായ ഇടമുണ്ടാക്കുകയാണ് കോടതി ചെയ്തത് എന്നുകൂടി പറയാം.

ഉപവർഗീകരണത്തിന് ഭരണഘടനാപരമായി തടസമില്ല എന്ന ഉത്തരമാണ് സുപ്രീം കോടതി നൽകിയത്.
ഉപവർഗീകരണത്തിന് ഭരണഘടനാപരമായി തടസമില്ല എന്ന ഉത്തരമാണ് സുപ്രീം കോടതി നൽകിയത്.

ഈ കേസിൽ പ്രധാനമായും കോടതി പരിശോധിച്ചത് നാല് പ്രശ്‌നങ്ങളാണ്.
- ഒന്ന്: ഭരണഘടനയുടെ ആർട്ടിക്കിളുകൾ 14,15,16 പ്രകാരം സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗീകരണം അനുവദനീയമാണോ?.
- രണ്ട്: പട്ടിക ജാതികൾ ഒരു ഏകജാതീയമോ ഏകാത്മകമോ സമാന സ്വഭാവങ്ങളോട് കൂടിയതോ ആയ (homogenous or a heterogeneous grouping) വിഭാഗങ്ങളാണോ?.
- മൂന്ന്: ആർട്ടിക്കിൾ 341 ഇത്തരത്തിലൊരു ഏകജാതീയമോ ഏകാത്മകമോ ആയ വിഭാഗത്തെ സൃഷ്ടിക്കുന്നുണ്ടോ?.
- നാല്: ഉപ വർഗീകരണത്തിന് എന്തെങ്കിലും പരിധികളുണ്ടോ?

ഇതിനൊപ്പം പ്രസിഡന്റ് വിജ്ഞാപനം ചെയ്യുന്ന SC / ST പട്ടികയിലുള്ള ജാതികൾക്കുള്ള സംവരണത്തിൽ (ആർട്ടിക്കിളുകൾ 341 (1), 342) ഉപവർഗീകരണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം, പട്ടികയിൽ മാറ്റം വരുത്താൻ പാർലമെന്റിന് മാത്രമുള്ള അധികാരത്തിലേക്കുള്ള (ആർട്ടിക്കിൾ 341 (2)) കടന്നുകയറ്റമാകുമോ, ഉപവർഗീകരണത്തിനെതിരെ നേരത്തെ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നൽകിയ ചിന്നയ്യ കേസിലെ വിധി നിലനിൽക്കുമോ എന്നതെല്ലാം സുപ്രീം കോടതി പരിശോധിച്ചു.

ഈ പ്രശ്‌നങ്ങളിലെല്ലാം ഉപവർഗീകരണത്തിന് ഭരണഘടനാപരമായി തടസമില്ല എന്ന ഉത്തരമാണ് സുപ്രീം കോടതി നൽകിയത്. പട്ടിക ജാതി, പട്ടിക വർഗങ്ങൾ ഏതൊക്കെയെന്നത് വിജ്ഞാപനം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരത്തെയും അതിലെന്തെങ്കിലും മാറ്റങ്ങൾ വരുത്താനുള്ള പാർലമെന്റിന്റെ അധികാരത്തെയും ഉപ വർഗീകരണത്തിലൂടെ സംസ്ഥാനങ്ങൾ ലംഘിക്കുന്നില്ല. മറിച്ച് യുക്തിസഹമായ മാനദണ്ഡങ്ങൾ പാലിച്ച് ഉപവർഗീകരണം നടത്തുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിളുകൾ 15,16 (സവിശേഷമായി 15 (4), 16 (4) ) എന്നിവയനുസരിച്ചുതന്നെ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. പ്രത്യേകമായി പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് മാത്രമായല്ലാതെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ഏത് വിഭാഗത്തിനും തൊഴിലുകളിലടക്കം സംവരണം നൽകാൻ ഭരണഘടനാപരമായ അധികാരമുണ്ട്. പ്രസിഡണ്ട് പുറത്തിറക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജാതികളെയാണ് നമ്മൾ പട്ടിക ജാതി, പട്ടിക വർഗങ്ങൾ എന്ന് വിളിക്കുന്നത്. അതിന്റെ മാനദണ്ഡം എന്ന് പറയുന്നത് ജാതിഘടനയിലെ ജാതികൾ മാത്രമാകണമെന്നില്ല.

ഇത് എൻ.എം. തോമസ് കേസിൽ (State of Kerala vs. N.M. Thomas 1976) സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്: “Article 341 makes it clear that a 'scheduled Caste' need not be a 'caste' in the conventional sense and, therefore, may not be a caste within the meaning of Article 15(2) or 16(2). Scheduled Castes become such only if the President specifies any castes, races or tribes or parts or groups within them may still be Scheduled Tribes (Article 342) for the purpose of the Constitution. So, a group or a section of a group, which need not be a caste and may even be a hotchpotch of many castes or tribes or even races, may still be a Scheduled Caste under Article 341. Likewise, races or tribal communities or parts thereof or part or parts of groups within them may still be Scheduled Tribes (Article 342) for the purpose of the Constitution. Under this definition, one group in a caste may be a Scheduled Caste and another from the same caste may not be. It is the socio economic backwardness of a social bracket, not mere birth in a caste, that is decisive. Conceptual errors creep in when traditional obsessions obfuscate the vision,” എന്നാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ വിധിന്യായത്തിൽ പറയുന്നത്.

പ്രസിഡണ്ട് പുറത്തിറക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജാതികളെയാണ് പട്ടിക ജാതി, പട്ടിക വർഗങ്ങൾ എന്ന് വിളിക്കുന്നത്. അതിന്റെ മാനദണ്ഡം, ജാതിഘടനയിലെ ജാതികൾ മാത്രമാകണമെന്നില്ല.
പ്രസിഡണ്ട് പുറത്തിറക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജാതികളെയാണ് പട്ടിക ജാതി, പട്ടിക വർഗങ്ങൾ എന്ന് വിളിക്കുന്നത്. അതിന്റെ മാനദണ്ഡം, ജാതിഘടനയിലെ ജാതികൾ മാത്രമാകണമെന്നില്ല.

വാസ്തവത്തിൽ SC/ST എന്നത് ഒരേ സവിശേഷതകളുള്ള ഏകാത്മകമോ ഏകജാതീയമോ ആയ വിഭാഗമായല്ല കണക്കാക്കപ്പെടേണ്ടത് എന്നാണ് എൻ.എം.തോമസ് വിധിയിലെ നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാവുക. എന്നാലതിനെ തിരിച്ചാണ് ചിന്നയ്യ കേസിലടക്കം സുപ്രീം കോടതിയുടെ മുൻ വിധികളിൽ വ്യാഖ്യാനിച്ചത്. ദേവീന്ദർ സിംഗ് കേസിൽ കോടതി തിരുത്തിയത് ഈ പിഴവുകൂടിയാണ്. പ്രസിഡണ്ട് ഉണ്ടാക്കിയ ഒരു പട്ടികയിൽപ്പെട്ട വിഭാഗങ്ങൾ എന്ന നിലയിൽ മാത്രമാണ് SC/ST വിഭാഗങ്ങൾക്ക് പരസ്പരമായുള്ള ഏകജാതീയത കണക്കാക്കാനാവുക. മറ്റ് ഘടകങ്ങളിലെല്ലാം അവ തമ്മിൽ സവിശേഷമായ സാമൂഹ്യ, സാമ്പത്തിക നിലകളാൽ വ്യത്യസ്തമായിരിക്കാം. അതുകൊണ്ടുതന്നെ ഉപവർഗീകരണത്തിനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു.

സംവരണ വിഭാഗങ്ങൾക്കിടയിലെ ഉപവർഗീകരണത്തെക്കുറിച്ചുള്ള കോടതി തർക്കങ്ങളും രാഷ്ട്രീയ തർക്കങ്ങളും ഏറെ പഴക്കമുള്ളതാണ്. ബാലാജി കേസിൽ (M.R. Balaji and Ors. v. State of Mysore, 1963) സുപ്രീം കോടതി ഉപ വർഗീകരണം സാധ്യമല്ല എന്നാണ് നിലപാടെടുത്തത്. പിന്നീട് വസന്തകുമാർ കേസിൽ (1985) ജസ്റ്റിസ് ചിന്നപ്പ റെഡ്ഢി തന്റെ വിധിന്യായത്തിൽ പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ എന്ന നിലയിലുള്ള ഉപവർഗീകരണം അതാത് സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സാധ്യമാണ് എന്ന് പറഞ്ഞു. പിന്നീട് ഇന്ദ്ര സാഹ്നി വിധിയിൽ കോടതി ഇതൊന്നുകൂടി വ്യക്തമാക്കി. ഇന്ദ്ര സാഹ്നി വിധിയിൽ പറയുന്ന ഉപവർഗീകരണം SC/ST വിഭാഗങ്ങളുമായി ബന്ധപ്പെട്ടല്ല എന്നും അത് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ വിഷയത്തിലാണെന്നും പറയുന്നുണ്ട്. ഇത് പക്ഷെ SC /ST വിഭാഗങ്ങൾക്ക് ഉപവർഗീകരണം സാധ്യമല്ല എന്ന നിലയിലാണ് ചിന്നയ്യ വിധിയിലടക്കം കണ്ടത്. എന്നാലിത് ശരിയല്ലെന്ന് ദേവീന്ദർ സിങ്ങിൽ കോടതി വ്യക്തമാക്കി. ഇന്ദ്ര സാഹ്നിയിൽ അത്തരത്തിൽ പറഞ്ഞത് ആ തർക്കത്തിൽ പ്രശ്‌നങ്ങളിൽ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ടവ മാത്രമാണ് കൈകാര്യം ചെയ്തത് എന്നതുകൊണ്ടാണ്, അല്ലാതെ ആ വിധി അത്തരത്തിലൊരു ഉപവർഗീകരണത്തെ തള്ളിക്കളയുന്നതോ നിഷേധിക്കുന്നതോ ആയിരുന്നില്ല. ഇന്ദ്ര സാഹ്നി തർക്കത്തിലെ വിഷയമായിരുന്നില്ല അത്. എന്നുമാത്രമല്ല സംവരണ വിഭാഗങ്ങളിൽ ഉപവർഗീകരണമാകാം എന്ന യുക്തിയുടെ അടിസ്ഥാനം അതിലുണ്ടുതാനും. ദലിതർ ഏകാത്മകമായ വിഭാഗമാകണമെന്നില്ല എന്നതിന് കോടതി പഠനങ്ങളും ചരിത്രപരമായ ഉദാഹരങ്ങളും വസ്തുതകളുമൊക്കെ പറയുന്നുണ്ട്.

പട്ടിക ജാതി- പട്ടിക വർഗങ്ങൾ ഏതൊക്കെയെന്നത് വിജ്ഞാപനം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരത്തെയും അതിലെന്തെങ്കിലും മാറ്റം വരുത്താനുള്ള പാർലമെന്റിന്റെ അധികാരത്തെയും ഉപ വർഗീകരണത്തിലൂടെ സംസ്ഥാനങ്ങൾ ലംഘിക്കുന്നില്ല. മറിച്ച് യുക്തിസഹമായ മാനദണ്ഡങ്ങൾ പാലിച്ച് ഉപവർഗീകരണം നടത്തുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിളുകൾ അനുസരിച്ചുതന്നെ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്.

ഗുജറാത്തിലെ 1589 ഗ്രാമങ്ങളിൽ നടത്തിയ പഠനങ്ങളിൽ പരസ്പരം തൊട്ടുകൂടായ്മ പുലർത്തുന്ന ദലിതരും ദലിതർക്കിടയിൽ ശവസംസ്‌കാര സ്ഥലം നിഷേധിക്കപ്പെടുന്നവരും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാത്തവരുമൊക്കെയുണ്ടെന്ന് കണ്ടിരുന്നു. ഇതുപോലെ നിരവധി ഉദാഹരണങ്ങൾ ഇന്ത്യയിൽ കാണാൻ കഴിയും. ഇതുപോലെത്തന്നെയാണ് ദലിതർക്കിടയിലെ പിന്നാക്കാവസ്ഥയുടെ നിലയും. പല തലത്തിലുള്ള വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ ദലിതർക്കിടയിലുണ്ട്. ആന്ധ്രപ്രദേശിലെ മാല, മഡിഗ സമുദായങ്ങൾ തമ്മിലുള്ള (ചിന്നയ്യ വിധിക്ക് ആധാരമായ തർക്കത്തിനിടയാക്കിയ നിയമം ഈ പ്രശ്‌നത്തിലാണ്) പ്രശ്‌നം ഇതിന്റെ മൂർത്ത ഉദാഹരണമാണ്.
ജനസംഖ്യയിൽ മാല സമുദായക്കാരേക്കാൾ (28.11%) ഇരട്ടി വരും മഡിഗ (59.52%) വിഭാഗം എങ്കിലും സംവരണാടിസ്ഥാനത്തിൽ ലഭിക്കുന്ന തൊഴിലുകളിലെല്ലാം മാല സമുദായമാണ് ഭൂരിഭാഗവും നേടുന്നത്. ഇരു സമുദായങ്ങളിൽ നിന്നുമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കണക്കെടുത്താൽ 76 ശതമാനം മാല സമുദായക്കാരാണ്. ഇത്തരത്തിലുള്ള വ്യത്യാസം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ദലിത് വിഭാഗങ്ങൾക്കിടയിൽ കാണാം. ഇതിനാകട്ടെ ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. മാല, മഡിഗ വിഷയം തന്നെയെടുത്താൽ കൂടുതൽ വിദ്യാഭ്യാസാവസരങ്ങളും കാർഷിക സാധ്യതകളുമുണ്ടായ തീരമേഖലയിലെ മാല സമുദായത്തിന് നേടാൻ കഴിഞ്ഞത്ര മുന്നോട്ടുപോക്ക് സാമൂഹ്യനിലയിൽ വളരെ ഹീനമായി കരുതിയിരുന്ന തൊഴിലുകൾക്ക് വിധിക്കപ്പെട്ട മഡിഗ സമുദായത്തിന് ലഭ്യമായില്ല. ഈ അന്തരം പരിഹരിക്കുക എന്നത് സ്വാഭാവികമായ ഒരു സാമൂഹ്യപദ്ധതിയാണ്.

ക്ഷേമ പ്രവർത്തനാനുകൂല്യങ്ങൾ ചില വിഭാഗങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് 1965-ൽ ബി.എൻ. ലോകൂർ കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേമ പ്രവർത്തനാനുകൂല്യങ്ങൾ ചില വിഭാഗങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് 1965-ൽ ബി.എൻ. ലോകൂർ കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചാബിൽ ഇത്തരത്തിൽ ദലിത് വിഭാഗങ്ങൾക്കിടയിൽ സാമൂഹ്യനിലയിലെയും അതുവഴി സംവരണാനുകൂല്യങ്ങൾ കരസ്ഥമാക്കുന്നതിലെയും വലിയ അന്തരത്തിലുള്ള പ്രശ്‌നം കുറയ്ക്കുന്നതിനാണ് മസ്ഹബി, ബാല്മീകി വിഭാഗത്തിൽപ്പെട്ട സിഖ് ദലിതർക്ക് പ്രത്യേക സംവരണം ദലിത് സംവരണത്തിനുള്ളിൽ നൽകുന്ന നിയമം പഞ്ചാബ് സർക്കാർ 1975-ൽ കൊണ്ടുവന്നത്. അതാണ് ദേവീന്ദർ സിംഗ് കേസ് വരെ എത്തിയതും. ഈ നിയമം ചിന്നയ്യ കേസിന്റെ വെളിച്ചത്തിൽ 2006-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കി. ഇതിനെ മറികടക്കാൻ പഞ്ചാബ് നിയമസഭ 2006-ൽ വീണ്ടും നിയമം കൊണ്ടുവന്നെങ്കിലും ദേവീന്ദർ സിംഗ് കേസിൽ ഹൈക്കോടതി അത് റദ്ദാക്കി. 2014-ൽ സുപ്രീം കോടതി ഇത് അഞ്ചംഗ ബെഞ്ചിന് വിടുകയും 2020-ൽ അഞ്ചംഗ ബെഞ്ച് ചിന്നയ്യ വിധിയിൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് അത് ഏഴംഗ ബെഞ്ചിന് വിടുകയുമായിരുന്നു. അതാണിപ്പോൾ വിധിയായി വന്നത്.

ഉപ വർഗീകരണത്തിനുള്ള ആവശ്യം നിരന്തരമായി ഉന്നയിക്കപ്പെടുന്നതും സർക്കാരുകൾ പലപ്പോഴും ശ്രമിക്കുന്നതുമാണ്. നേരത്തെപ്പറഞ്ഞ പഞ്ചാബ്, ആന്ധ്രാപ്രദേശ് നിയമങ്ങൾക്ക് പുറമെ നിരവധി കമ്മീഷനുകളും ഇതിനായി ശുപാർശ ചെയ്തിട്ടുണ്ട്. ക്ഷേമ പ്രവർത്തനാനുകൂല്യങ്ങൾ ചില വിഭാഗങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് 1965-ൽ ബി.എൻ. ലോകൂർ കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നു. പല സംസ്ഥാനങ്ങളും ഇതിനായി നീക്കം നടത്തി. ആർ.എൻ.പ്രസാദ് കമ്മറ്റി (പഞ്ചാബ് 1975), രാമചന്ദ്ര രാജു കമ്മീഷൻ (ആന്ധ്രപ്രദേശ് 1997), ഗുർണാം സിംഗ് കമ്മീഷൻ (ഹരിയാന,1990) ഹുകും സിംഗ് കമ്മീഷൻ (ഉത്തർ പ്രദേശ്,2001), ലാഹുജി സാൽവെ കമ്മീഷൻ (മഹാരാഷ്ട്ര, 2003), സദാശിവ കമ്മീഷൻ (കർണാടക,2005), ഉഷ മെഹ്റ കമ്മീഷൻ (കേന്ദ്രസർക്കാർ, 2007), മഹാദലിത് കമ്മീഷൻ (ബിഹാർ,2007), ജനാർദ്ദനം കമ്മീഷൻ (തമിഴ്നാട്, 2008) എന്നിവയെല്ലാം ഇത്തരത്തിലുള്ള ഉപവർഗീകരണത്തിനായി നിയമിക്കപ്പെട്ടവയാണ്.

ഇത്തരത്തിൽ സംവരണ വിഭാഗങ്ങൾക്കിടയിലെ പ്രബല വിഭാഗങ്ങൾ സംവരണാനുകൂല്യങ്ങളുടെ സിംഹഭാഗവും നേടിയെടുക്കുന്ന പ്രവണത മറ്റ് പിന്നാക്ക വിഭാഗങ്ങളിലുമുണ്ട്. ഇതുണ്ടാക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ല. ഇത് പഠിക്കാനായി 2017-ൽ ജസ്റ്റിസ് രോഹിണി കമ്മീഷനെ നിയമിച്ചു. കമ്മീഷന്റെ കണ്ടെത്തലുകൾ ഇക്കാര്യത്തിലെ അസന്തുലിതാവസ്ഥയുടെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള തൊഴിലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളും പരിശോധിച്ച കമ്മീഷൻ കണ്ടെത്തിയത് 97ശതമാനം സംവരണ തൊഴിലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും നേടുന്നത് ഒ.ബി.സികളിലെ കേവലം 25 ശതമാനം വരുന്ന ഉപജാതികളാണ് എന്നാണ്. കേന്ദ്ര സർക്കാർ തൊഴിലുകളിലും സ്ഥാപന പ്രവേശനങ്ങളിലും 25 ശതമാനവും നേടുന്നത് കേവലം പത്ത് ജാതികളാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (OBC) 2600 സമുദായങ്ങളിലെ 37 ശതമാനം വരുന്ന 983 സമുദായങ്ങളുടെ പ്രാതിനിധ്യം പൂജ്യമാണ്. പിന്നെയുള്ള 994 സമുദായങ്ങൾ സംവരണത്തിന്റെ 2.68 ശതമാനം മാത്രമാണ് നേടിയത്. ഒ.ബി.സി സംവരണത്തിൽ പല സംസ്ഥാനങ്ങളിലും ഉപജാതി സംവരണം ഏർപ്പെടുത്തിയത് ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥയുടെ പ്രശ്നം നേരിട്ടതുകൊണ്ടാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ ജാതി സർവ്വേ നടത്തുകയും എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ സംവരണവിഭാഗങ്ങൾക്കിടയിലെ അനുപാതം പുതുക്കുകയും വേണം.

97ശതമാനം സംവരണ തൊഴിലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും നേടുന്നത്  ഒ.ബി.സികളിലെ കേവലം 25 ശതമാനം വരുന്ന ഉപജാതികളാണ് എന്നാണ് ജസ്റ്റിസ് രോഹിണി കമ്മീഷൻ കണ്ടെത്തിയത്.
97ശതമാനം സംവരണ തൊഴിലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും നേടുന്നത് ഒ.ബി.സികളിലെ കേവലം 25 ശതമാനം വരുന്ന ഉപജാതികളാണ് എന്നാണ് ജസ്റ്റിസ് രോഹിണി കമ്മീഷൻ കണ്ടെത്തിയത്.

കാലികവും യുക്തിസഹവുമാകുന്ന ജാതി സർവേ

ഇതേ പ്രശ്‌നം തന്നെയാണ് ദലിത് വിഭാഗങ്ങൾക്കിടയിലും ഏറ്റക്കുറച്ചിലുകളോടെ കാണാൻ കഴിയുക. അത് കണ്ടെത്താൻ ജാതി സർവ്വേ അടക്കമുള്ള നടപടികളെടുക്കേണ്ടി വരും. വാസ്തവത്തിൽ ജാതി സർവ്വേക്കായുള്ള ആവശ്യം കൂടുതൽ കാലികവും യുക്തിസഹവുമായിരിക്കുകയാണ്. സംവരണത്തിന്റെ ഉദ്ദ്യേശലക്ഷ്യങ്ങൾ നേടണമെങ്കിൽ പിന്നാക്കാവസ്ഥയുടെ ഏറ്റവും ഭീകരമായ അവസ്ഥ അനുഭവിക്കുന്നവരെ അവിടെത്തന്നെ വിട്ടുകളയുക സാധ്യമല്ല എന്നുകൂടി തിരിച്ചറിയണം. പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി പട്ടിക ജാതി വിഭാഗങ്ങൾക്കിടയിലുള്ള ഉപവർഗ്ഗീകരണത്തിന്റെ പ്രശ്‌നം ഇതിനു മുമ്പുതന്നെ ഉന്നയിക്കപ്പെടുകയും സുപ്രീം കോടതി അക്കാര്യത്തിൽ ഉപ വർഗീകരണത്തിനെതിരായി വിധി ( E.V. Chinnaiah v State of Andhra Pradesh (2004) നൽകുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെയാണ് ഇപ്പോൾ ഏഴംഗ ബെഞ്ചിന്റെ വിധിയിലൂടെ തള്ളിക്കളയുകയും മറികടക്കുകയും ചെയ്തത്. ചിന്നയ്യ കേസിൽ ആന്ധ്രപ്രദേശ് സർക്കാർ കൊണ്ടുവന്ന പട്ടിക ജാതി വിഭാഗങ്ങൾക്കിടയിൽ ഉപവർഗീകരണത്തിനുള്ള നിയമമായ ANDHRA PRADESH SCHEDULED CASTES (RATIONALISATION OF RESERVATIONS) ACT, 2000, ഭരണഘടനാപരമായി നിലനിൽക്കില്ല എന്നാണ് സുപ്രീം കോടതി വിധിച്ചത്. പട്ടിക ജാതിക്കാരെ ഏകാത്മകവും ഏകജാതീയവുമായ സാമൂഹ്യസ്വഭാവവിശേഷങ്ങളുള്ള ഒരു വർഗമായാണ് കാണേണ്ടതെന്നും അതിൽ സംവരണത്തിനുള്ളിലെ സംവരണമെന്ന രീതിയിൽ കൂടുതൽ ഉപവർഗീകരണങ്ങൾ നടത്താനാകില്ലെന്നുമായിരുന്നു ചിന്നയ്യ കേസിലെ സുപ്രീം കോടതി വിധിയുടെ അന്തഃസത്ത. എന്നാലിത് നിലനിൽക്കില്ലെന്നും അത്തരത്തിലൊരു വ്യാഖ്യാനം ശരിയല്ലെന്നുമാണ് ദേവീന്ദർ സിംഗ് കേസിലെ ഏഴംഗ ബെഞ്ച് വിധിച്ചത്.

ചിന്നയ്യ കേസിനു പുറമെ മറ്റ് പല തർക്കങ്ങളിലായി ഇക്കാര്യത്തിൽ സുപ്രീം കോടതി വിധികൾ ചില തരത്തിലുള്ള പൊരുത്തക്കേടുകളോടെയും അവ്യക്തതതകളോടെയും നിലനിന്നിരുന്നു. അതാകട്ടെ സംവരണമെന്ന വലിയ വിഷയത്തിലെ സാമൂഹ്യ വൈരുധ്യങ്ങളുടെ പ്രതിഫലനവുമായിരുന്നു. ഇന്ദ്ര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയിൽ പരമാവധി 50 ശതമാനം സംവരണം എന്ന പരിധി കൊണ്ടുവന്നിരുന്നു. ഇതടക്കം ഇന്ദ്ര സാഹ്നി വിധിയിലെ പല നിർദ്ദേശങ്ങളെയും മറികടക്കാനായി പാർലമെന്റ് നിരവധി ഭേദഗതികൾ കൊണ്ടുവന്നു. വാസ്തവത്തിൽ സുപ്രീം കോടതിയും പാർലമെന്റും തമ്മിൽ സംവരണ വിഷയത്തിലുള്ള ഭിന്നതകൾ തുടരുന്നതായി ഇതിൽ നിന്നും കാണാവുന്നതുമാണ്.

സംവരണ വിഭാഗങ്ങൾക്കിടയിലെ പ്രബല വിഭാഗങ്ങൾ സംവരണാനുകൂല്യങ്ങളുടെ സിംഹഭാഗവും നേടിയെടുക്കുന്ന പ്രവണത മറ്റ് പിന്നാക്ക വിഭാഗങ്ങളിലുമുണ്ട്. ഇതുണ്ടാക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ല.

ഭരണഘടനയിൽ 15(4) കൂട്ടിച്ചേർത്തതുതന്നെ ചമ്പകം ദൊരൈരാജൻ (1951) കേസിൽ പുറപ്പെടുവിച്ച സംവരണ നയത്തെ നിരാകരിക്കുന്ന വിധിയെ മറികടക്കാനാണ് എന്നും ഓർമ്മിക്കേണ്ടതാണ്. ഈ വൈരുദ്ധ്യത്തിനും നിലപാട് വ്യത്യാസങ്ങൾക്കും കാരണം പാർലമെന്റ് സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ബലാബലങ്ങളെ പ്രതിനിധീകരിക്കാൻ ഒരു തരത്തിൽ നിർബന്ധിതമാകുന്നു എന്നതുകൊണ്ടാണ്. അത് ജനാധിപത്യവ്യവസ്ഥയിൽ ഗുണപരമായ ഘടകമാണ് എന്നതിലും സംശയമില്ല. ഇന്ദ്ര സാഹ്നി വിധിയിൽ സംവരണത്തിന്റെ സാധ്യതകളെ കൂടുതൽ കർക്കശമായി ചുരുക്കുന്ന വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ പല ഭരണഘടനാ ഭേദഗതികളും കൊണ്ടുവന്നു. സ്ഥാനക്കയറ്റങ്ങളിൽ പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾക് സംവരണം ഉറപ്പാക്കുന്നതിനായിരുന്നു ആർട്ടിക്കിൾ 16(4 A) 77-ആം ഭേദഗതി(1995). SC/ST സംവരണം നടപ്പാക്കേണ്ട സ്ഥാനക്കയറ്റ പദവികൾ ഒരു വർഷം നികത്താനാകാതെ കിടന്നാൽ അവ അടുത്ത വർഷത്തേക്ക് അതേ ഗണത്തിലേക്ക് കൂട്ടിവെക്കാനുള്ളതായിരുന്നു 16 (4B) 81ാം ഭേദഗതി (2000). ഇത്തരത്തിൽ വരുംകൊല്ലങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്ന സ്ഥാനക്കയറ്റ നിയമനങ്ങളിൽ ഇന്ദ്ര സാഹ്നി വിധിയിലെ 50 ശതമാനം സംവരണ പരിധി ബാധകമാകില്ലെന്നും ഈ ഭേദഗതി ഉറപ്പുവരുത്തി. 82, 85 ഭേദഗതികളും ഇന്ദ്ര സാഹ്നി വിധിയെ മറികടക്കാനുള്ളവയായിരുന്നു.

എന്തുകൊണ്ട് Creamy layer

ഇത്തരത്തിൽ ഇന്ദ്ര സാഹ്നി വിധിക്കുശേഷം പാർലമെന്റ് കൊണ്ടുവന്ന ഭേദഗതികളുടെ ഭരണഘടനാസാധുത നാഗരാജ് കേസിൽ (M.Nagaraj & Others vs Union Of India & Others, 2006) സുപ്രീം കോടതി പരിശോധിച്ചു. പാർലമെന്റ് അംഗീകരിച്ച ഭരണഘടനാ ഭേദഗതികളുടെ സാധുത ശരിവെച്ച സുപ്രീം കോടതി എന്നാൽ ഉദ്യോഗക്കയറ്റങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണ തത്വങ്ങൾ പാലിക്കണമെന്നത് സർക്കാർ നിർബന്ധിതമായി പാലിക്കേണ്ട പ്രമാണമല്ലെന്ന് പറഞ്ഞു. അങ്ങനെ സ്ഥാനക്കയറ്റങ്ങൾക്ക് സംവരണം നടപ്പാക്കുമ്പോൾ ഭരണനിർവഹണ സംവിധാനത്തിന്റെ കാര്യക്ഷമത, സംവരണം അനുവദിക്കപ്പെടുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ കൃത്യമായ കണക്ക്, പിന്നാക്കാവസ്ഥ തുടങ്ങിയവയുടെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാകണം ഈ സ്ഥാനക്കയറ്റ സംവരണം എന്നുകൂടി വിധിച്ചു. പിന്നീട് സുപ്രീം കോടതി, ഈ മാനദണ്ഡങ്ങൾ ബാധകമാക്കേണ്ടതില്ലെന്ന് മറ്റൊരു വിധിയിൽ നിർദ്ദേശിച്ചു. എന്നാൽ നാഗരാജ് വിധി വിശാല ബെഞ്ചിന് വിടാനും പുനഃപരിശോധിക്കാനുമുള്ള ആവശ്യം കോടതി തള്ളി. പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങളുടെ സ്ഥാനക്കയറ്റത്തിൽ വെണ്ണപ്പാളി (Creamy layer) ബാധകമാക്കുന്ന കാര്യത്തിൽ അത് ഭരണഘടനാവിരുദ്ധമാകില്ല എന്നും കോടതി പറഞ്ഞിരുന്നു.

ഭരണഘടനാ ഭേദഗതികളുടെ സാധുത ശരിവെച്ച സുപ്രീം കോടതി എന്നാൽ ഉദ്യോഗക്കയറ്റങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണ തത്വങ്ങൾ പാലിക്കണമെന്നത് സർക്കാർ നിർബന്ധിതമായി പാലിക്കേണ്ട പ്രമാണമല്ലെന്ന് പറഞ്ഞു.
ഭരണഘടനാ ഭേദഗതികളുടെ സാധുത ശരിവെച്ച സുപ്രീം കോടതി എന്നാൽ ഉദ്യോഗക്കയറ്റങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും സംവരണ തത്വങ്ങൾ പാലിക്കണമെന്നത് സർക്കാർ നിർബന്ധിതമായി പാലിക്കേണ്ട പ്രമാണമല്ലെന്ന് പറഞ്ഞു.

ജർണൈൽ സിംഗ് കേസിൽ (Jarnail Singh v Lacchmi Narain Gupta,2018) വെണ്ണപ്പാളി മാനദണ്ഡം കോടതി ഉറപ്പിച്ചതോടെ വാസ്തവത്തിൽ അത് പൊതുസംവരണ മണ്ഡലത്തിലേക്ക് ബാധകമാക്കാനുള്ള നാൾവഴികൾക്കുള്ള കാലതാമസം മാത്രമേ പിന്നീടുണ്ടായിരുന്നുള്ളു. കാരണം ഒരു ഭരണഘടനാ വ്യാഖ്യാനയുക്തി എന്ന നിലയിലും സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ നിലനിർത്തുമ്പോഴും അതിനുള്ളിൽ പുതിയ സമവാക്യങ്ങളെയും യാഥാർത്ഥ്യങ്ങളെയും പരിഗണിക്കുന്ന നിയമത്തിന്റെയും സാമൂഹ്യനീതിയുടെയും വ്യാഖ്യാനം എന്ന നിലയിലും പട്ടിക ജാതി/പട്ടിക വർഗങ്ങൾക്കിടയിൽ വെണ്ണപ്പാളി അടിസ്ഥാനമാക്കി, അതായത് സാമ്പത്തിക, സാമൂഹ്യ നിലകളിൽ സവകാശമായി പലതരത്തിലുള്ള വേർതിരിവുകളും ഉരുത്തിരിയലുകളും ഉണ്ടാകുമെന്ന യുക്തി സ്വാംശീകരിക്കപ്പെടുകയായിരുന്നു. അതാകട്ടെ സംവരണത്തിന്റെ ആദ്യ ദശാബ്ദങ്ങളിൽ ഉണ്ടാകുന്നതായിരുന്നില്ല.

ജസ്റ്റിസ് ആർ.എഫ്. നരിമാൻ
ജസ്റ്റിസ് ആർ.എഫ്. നരിമാൻ

അതിന്റെ രൂപപ്പെടലിനാവശ്യമായ ഒരു വലിയ കാലം കഴിയുമ്പോഴാകട്ടെ അത്തരത്തിലൊരു വേർതിരിവും ഉപ വർഗീകരണവും അനിവാര്യമായൊരു ഘടകമായി മാറുന്നു. ജർണൈൽ സിംഗ് വിധിയിൽ ജസ്റ്റിസ് ആർ.എഫ്. നരിമാൻ ഈയൊരു മാനദണ്ഡത്തെ സാധൂകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്, “സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നത് പൗരന്മാരിലെ പിന്നാക്ക വിഭാഗങ്ങൾ മുന്നോട്ടു പോവുകയും ഇന്ത്യയിലെ മറ്റ് പൗരന്മാർക്കൊപ്പം തുല്യമായ നിലയിൽ നീങ്ങുകയും ചെയ്യുക എന്നതാണ്. ആ വിഭാഗങ്ങളിലെ ഒരു വെണ്ണപ്പാളി വിഭാഗം മാത്രം പൊതുമേഖലയിലെ തൊഴിലുകൾ നേടിയെടുക്കുകയും അവർക്കു മാത്രം നേട്ടമുണ്ടാക്കുകയും, ആ വിഭാഗത്തിലെ മറ്റുള്ളവരെ എപ്പോഴത്തേയുംപോലെ പിന്നാക്കാവസ്ഥയിൽത്തന്നെ കഴിയാൻ വിടുകയും ചെയ്യുമ്പോൾ ഇത് സാധ്യമല്ലാതായിപ്പോകുന്നു. അതുകൊണ്ട്, പട്ടിക ജാതി, പട്ടിക വർഗങ്ങൾക്ക് വെണ്ണപ്പാളി തത്വം കോടതി ബാധകമാക്കുമ്പോൾ അത് ഒരുതരത്തിലും ആർട്ടിക്കിൾ 341, 342 എന്നിവയ്ക്ക് കീഴിലുള്ള പ്രസിഡണ്ടിന്റെ പട്ടികയെ തകിടംമറിക്കുന്ന ഒന്നല്ല''.

മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (OBC-Other Backward Classes) എങ്ങനെയാണോ വെണ്ണപ്പാളി തത്വം ഉരുത്തിരിഞ്ഞുവന്നതും പ്രവർത്തികമാക്കിയതും അതേ യുക്തിയിൽ നിന്നും സംവരണനീതിക്ക് കീഴിലുള്ള ഒരു വിഭാഗത്തിനും കാലക്രമേണ ഒഴിഞ്ഞുനിൽക്കാനാകില്ല. ഇപ്പോൾ പട്ടിക ജാതി വിഭാഗങ്ങൾക്ക് ഇതേ തത്വം ബാധകമാകുന്നതും അങ്ങനെയാണ്. എന്നാൽ വെണ്ണപ്പാളി തത്വം നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ അത് നടപ്പാക്കുകതന്നെ വേണ്ടി വരും. കാരണം ആത്യന്തികമായി സംവരണം എന്നത് സംവരണാർഹരായ ജനവിഭാഗങ്ങളുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനുള്ള ഒരു നടപടിയാണ്. അത് ക്രമേണ അതാത് വിഭാഗങ്ങളിലെ മുകൾത്തട്ടുകാർ മാത്രം കയ്യടക്കുന്ന അവസ്ഥയുണ്ടാവുക എന്നത് അംഗീകരിക്കാനാവുന്നതല്ല. അങ്ങനെ സംഭവിക്കുമ്പോൾ സംവരണ വിഭാഗങ്ങൾക്കുള്ളിൽ സമൂഹത്തിലെ അനീതി നിറഞ്ഞ സാമ്പത്തിക, അധികാര ഘടനയുടെ മറ്റൊരു പതിപ്പുണ്ടാവുകയാണ് ചെയ്യുക. സാമ്പത്തികമായി മാത്രമല്ല മറ്റ് ഘടകങ്ങളും അതിനോട് ചേർത്ത് വെണ്ണപ്പാളി തട്ടിനെ കണ്ടെത്താൻ ഉപയോഗിക്കേണ്ടതുണ്ട്. തീർച്ചയായും സാമ്പത്തിക ശേഷിയും സംവരണം വഴിയുള്ള സാമൂഹ്യ ശാക്തീകരണോർജ്ജവും ലഭിച്ചവർ സംവരണം വഴിയുള്ള ഈ മുന്നോട്ടുള്ള പോക്കിനുള്ള ശേഷി ലഭിക്കാനുള്ള അവസരങ്ങൾ അതേ വിഭാഗങ്ങളിലെ മറ്റ് അടിച്ചമർത്തപ്പെട്ട മനുഷ്യർക്ക് നൽകുക എന്നത് എന്താണോ സംവരണത്തെ സാധ്യമാക്കുന്നത് അതേ നീതിയുടെ സാമാന്യമായ യുക്തിയാണ്.

സ്വത്വവാദ രാഷ്ട്രീയവും
മണ്ഡലാനന്തര ജാതി രാഷ്ട്രീയവും

ഇത് സ്വത്വവാദ രാഷ്ട്രീയത്തിനും മണ്ഡലാനന്തര ജാതി രാഷ്ട്രീയത്തിനും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. അത് ജാതി വ്യവസ്ഥയിൽ അതിലെ വർഗവൈരുധ്യങ്ങൾ പ്രകടമായിത്തുടങ്ങുന്ന കാലത്തിന്റെയാണ്. ജാതിയിൽ മാത്രമായി ജാതിവ്യവസ്ഥക്കെതിരായ സമരത്തെ നിർത്താനാകില്ല. അത് അനിവാര്യമായും സമൂഹത്തിലെ രാഷ്ട്രീയ- സമ്പദ് വ്യവസ്ഥയുടെ (Political economy) സ്വഭാവങ്ങളെ പ്രതിഫലിപ്പിക്കും. സമ്പത്തിന്റെ വിതരണവും ഉത്പാദനോപാധികളുടെ ഉടമസ്ഥതയും നിശ്ചയമായും ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കും. സമ്പത്തിന്റെയും സാമൂഹ്യ,രാഷ്ട്രീയാധികാരത്തിന്റെയും വിവിധ തട്ടുകളിൽ വ്യത്യസ്ത നിലകളിലുള്ള മനുഷ്യർ തമ്മിൽ ജാതിയെന്ന സ്വത്വത്തെ മാത്രം അടിസ്ഥാനമാക്കി ഐക്യമുണ്ടാവുക എന്നത് ഏറെക്കാലം സാധ്യമാവുന്ന ഒന്നല്ല. ഇത്തരത്തിലുള്ള ഒരു ഐക്യം തീർച്ചയായും ചരിത്രത്തിൽ ഒരു ഘട്ടത്തിൽ ഇന്ത്യയെപ്പോലൊരു ഫ്യൂഡൽ ബാക്കിയുള്ള രാജ്യത്ത് ഒഴിവാക്കാൻ കഴിയാത്തതാണെങ്കിലും മുതലാളിത്ത ഉത്പാദന ബന്ധങ്ങളും അതിന്റെ സാമ്പത്തിക യുക്തികളും കൂടുതലായി ആധിപത്യം പുലർത്തുന്ന സാമൂഹ്യമാറ്റത്തിൽ ജാത്യാടിസ്ഥാനത്തിൽ മാത്രമായി അത്തരം ഐക്യം സാധ്യമാകില്ല.

പട്ടിക ജാതിക്കാരെ ഏകാത്മകവും ഏകജാതീയവുമായ സാമൂഹ്യസ്വഭാവവിശേഷങ്ങളുള്ള ഒരു വർഗമായാണ് കാണേണ്ടതെന്നും അതിൽ സംവരണത്തിനുള്ളിലെ സംവരണമെന്ന രീതിയിൽ കൂടുതൽ ഉപവർഗീകരണങ്ങൾ നടത്താനാകില്ലെന്നുമായിരുന്നു ചിന്നയ്യ കേസിലെ സുപ്രീം കോടതി വിധിയുടെ അന്തഃസത്ത.

ഇന്ത്യയിലെ ജാതിഘടനയിൽ കേവലമായ സാമൂഹ്യബന്ധങ്ങളുടെ നില മാത്രമല്ല പ്രവർത്തിക്കുന്നത്. സാമ്പത്തിക ബന്ധങ്ങളുടെയും അതിനെ നിർണ്ണയിക്കുന്ന ഉൽപ്പാദന ബന്ധങ്ങളുടെയും അതിന്റെ ഉടമസ്ഥതയുടെയും ആ വ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള രാഷ്ട്രീയാധികാരത്തിന്റെയും വിവിധ തലത്തിലും തട്ടുകളിലുമുള്ള നിയന്ത്രണങ്ങളും അതിനെ നിശ്ചയിക്കുന്നു. ഫ്യൂഡൽ സാമൂഹ്യ, രാഷ്ട്രീയാധികാരഘടനയിൽ നിന്നും മുതലാളിത്ത ഉത്പാദന ബന്ധങ്ങൾക്ക് പ്രാമുഖ്യമുള്ള, അവ സ്വാധീനം ചെലുത്തുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായും ജാതിവ്യവസ്ഥയും അത്തരത്തിലുള്ള മാറ്റങ്ങളോട് ഇടപെടുകയും അവയുടെ പ്രബല സ്വാധീനത്തിനു കീഴിലാവുകയും ചെയ്യും. കാർഷിക മേഖലയ്ക്ക് പ്രാമുഖ്യമുള്ള ഉത്പാദന, സാമ്പത്തിക വ്യവസ്ഥയുള്ള ഒരു സമൂഹത്തിൽ നിന്നും മുതലാളിത്ത മാതൃകയിൽ നഗരവത്ക്കരിക്കപ്പെടുകയും അദ്ധ്വാനം മാത്രം വില്പനച്ചരക്കായി കൈമാറാനുള്ള മുതലാളിത്തത്തിന്റെ കാത്തിരിപ്പ് തൊഴിൽ സേനയിലേക്ക് (Reserve labour force) തള്ളിക്കയറുകയും ചെയ്യുന്ന മനുഷ്യർ സ്വാഭാവികമായും തൊഴിലിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ സംവരണത്തെ സാമൂഹ്യനിലയുടെ മാറ്റത്തേക്കാളുപരി തൊഴിൽ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കാണുക. ഇതിനെ ജാതിവ്യവസ്ഥയുടെ ചരിത്രപരമായ പ്രശ്നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിപാടിക്ക് മാത്രമാണ് സക്രിയവും ജൈവികവുമായി ജാതിവ്യവസ്ഥയെ നേരിടാനാവുക. ജാതിവ്യവസ്ഥയ്ക്കെതിരായ സമരമെന്നത് ജാതിയിലൂന്നിയുള്ള സമരമായി ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. അത്തരത്തിൽ ജാതിയിലൂന്നിയുള്ള സമരം തുടർന്നാൽ ജാതിവ്യവസ്ഥയുടെ പരിഷ്‌ക്കരണമെന്നതിനപ്പുറം അതിന് മുന്നേറാനും കഴിയില്ല. സ്വാഭാവികമായും അത്തരമൊരവസ്ഥയിൽ ജാതി വ്യവസ്ഥയുടെ സാമൂഹ്യ ഘടനയല്ല തകർക്കപ്പെടുക, അതിനുള്ളിലെ അസമത്വങ്ങളുടെ ആഴം ലഘൂകരിക്കപ്പെടുക മാത്രമാണുണ്ടാവുക. തീർച്ചയായും ആദ്യ ഘട്ടങ്ങളിൽ ഇത് വലിയ മാറ്റം തന്നെയാണ് ഉണ്ടാക്കുക. എന്നാൽ ഉത്പാദന ബന്ധങ്ങളിലും അതിന്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളിൽ നിന്നും വേർത്തിരിഞ്ഞു നിൽക്കാനാകില്ല എന്നതുകൊണ്ട് ജാതി എന്ന സാമൂഹ്യാസ്തിത്വത്തിനെ പ്രാഥമികമായ ഘടകമായി കണക്കാക്കാതെ രൂപപ്പെടുന്ന സാമ്പത്തിക ബന്ധങ്ങൾ ജാതിക്കുള്ളിലേക്കും പ്രവർത്തിക്കും. അത് ജാതികൾക്കുള്ളിലും ജാതികൾ തമ്മിലുമുള്ള ബന്ധത്തിലേക്കും ജാതി വ്യവസ്ഥയ്ക്ക് അപ്പുറത്തുള്ള ഘടകങ്ങളേയും ചേരുവകളേയും കയറ്റിവിടും. ജാതി വ്യവസ്ഥയ്ക്കുള്ളിലെ യുക്തിയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യ സ്വരൂപം സാവകാശം അതിനു പുറത്തുനിന്നുമുള്ള ഈ ചേരുവകളോട് പ്രതിപ്രവർത്തിക്കാൻ തുടങ്ങും. അതോടെ അതിന് ജാത്യാടിസ്ഥാനത്തിലുള്ള യുക്തികളുമായി വൈരുദ്ധ്യാത്മകമായ ഒരു ബന്ധം സൃഷ്ടിക്കപ്പെടും. അത് സ്വാഭാവികമായ സംഘാതങ്ങളും സംഘർഷങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഉപ വർഗീകരണത്തെക്കുറിച്ചും SC/ST വിഭാഗങ്ങളിലെ വെണ്ണപ്പാളിയെക്കുറിച്ചുമുള്ള സുപ്രീം കോടതി വിധിയും അതിന്റെ അനിവാര്യമായ പ്രതിഫലനങ്ങളാണ്.

ജാതിവ്യവസ്ഥയുടെ ചരിത്രപരമായ പ്രശ്നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിപാടിക്ക് മാത്രമാണ് സക്രിയവും ജൈവികവുമായി ജാതിവ്യവസ്ഥയെ നേരിടാനാവുക.
ജാതിവ്യവസ്ഥയുടെ ചരിത്രപരമായ പ്രശ്നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പരിപാടിക്ക് മാത്രമാണ് സക്രിയവും ജൈവികവുമായി ജാതിവ്യവസ്ഥയെ നേരിടാനാവുക.

മുതലാളിത്തം സ്വാഭാവികമായി ജാതിഘടനയെ തകർക്കില്ല. അതിന്റെ ചൂഷണ സംവിധാനത്തിന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗിക്കുന്നതിന് വിഘാതമായി വരുമ്പോഴാണ് മുതലാളിത്തം നിലനിൽക്കുന്ന ഏതൊരു വ്യവസ്ഥയേയും തെറിപ്പിച്ചുകളയുന്നത്. അക്കാര്യത്തിൽ അതിന് മറ്റ് സന്ദേഹങ്ങളൊന്നുമില്ല താനും. അത് ഉത്പാദന ബന്ധങ്ങൾ മുതൽ സദാചാര മൂല്യങ്ങൾ വരെ അത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുക. സാമ്രാജ്യത്വം (Imperialism) ഇന്ത്യയിലെ ഫ്യൂഡൽ സാമൂഹ്യ ഘടനയോട് ചേർന്നാണ് അതിന്റെ കൊള്ള നടത്തിയത്. അതിനെ അട്ടിമറിക്കാനോ സാമൂഹ്യ, രാഷ്ട്രീയാധികാര ഘടനയെ എന്തെങ്കിലും രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനോ ഉള്ള ഒരു ശ്രമവും അത് നടത്തിയില്ല. എന്നാൽ തങ്ങളുടെ അധികാരം, ചൂഷണം, കൊള്ള എന്നിവയ്ക്ക് വേണ്ട സേവകസേനയെ ഉണ്ടാക്കുന്നതിനും അതിനാവശ്യമായ ജ്ഞാന നിർമ്മിതിക്കും അതിനുവേണ്ട സ്ഥാപന നിർമ്മിതിക്കുമൊക്കെ കൊളോണിയൽ ഭരണകൂടം മുൻകയ്യെടുക്കുകയും ചെയ്തത് അതുകൊണ്ടാണ്. മുതലാളിത്തവും സമാനമായ സമീപനമാണ് ഇന്ത്യയുടെ കാർഷിക ബന്ധങ്ങളോടും ഫ്യൂഡൽ ഘടനയോടും സ്വീകരിച്ചത്. എന്നാൽ ഏറെക്കാലം അങ്ങനെ മുന്നോട്ടു പോകാനാകില്ല. തൊഴിൽ മേഖലയിലും മറ്റ് ഉത്പാദന ബന്ധങ്ങളിലും ജാതിയെ പ്രാഥമികമായ തെരഞ്ഞെടുപ്പ് ഘടകമല്ലാത്ത ഒരു അവസ്ഥയാണ് മുതലാളിത്തത്തിന് സ്വീകരിക്കേണ്ടി വരിക. അതുകൊണ്ടുതന്നെ പരമ്പരാഗത ജാതി വ്യവസ്ഥ അതിന്റെ ഏറ്റവും വലിയ പിടിമുറുക്കുക സാമ്പ്രദായികമായ ഭരണകൂട തൊഴിലുകളിലാണ്. തൊഴിൽ സാധ്യതയിലേക്ക് വഴി തുറക്കുന്ന വിദ്യാഭ്യാസത്തിലാണ്. ഈ രണ്ടു മേഖലകളിലുമുള്ള ആധിപത്യത്തോടെ സ്വാഭാവികമായും മുതലാളിത്ത വ്യവസ്ഥയിലെ തൊഴിലുകളിൽ സ്വാഭാവികമെന്നോണമുള്ള മേൽക്കോയ്മ ജാതി വ്യവസ്ഥയുടെ നിലവിലെ ഘടനയ്ക്കുണ്ടാകും. എന്നാൽ അതൊരു മാനദണ്ഡമാവില്ല താനും. ഇത് വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്. തൊഴിൽ സാധ്യതയിൽ സ്വകാര്യ തൊഴിൽ മേഖലയിലെ തൊഴിലുകളിൽ സാമൂഹ്യ, രാഷ്ട്രീയ മൂലധനം കൊണ്ട് ഉയർന്ന ജാതിക്കാരുടെ മേൽക്കൈ മറികടക്കുക എളുപ്പമല്ലാതാവുന്നു. സ്വാഭാവികമായും പരിമിതമായ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും വേണ്ടിയുള്ള സംവരണ വിഭാഗങ്ങളുടെ ആവശ്യം വലിയ ജീവിതസമരമാകുന്നു. അത് കേവലമായ ജാതിവ്യവസ്ഥയുടെ പ്രതിഫലനം മാത്രമല്ല, മുതലാളിത്ത വ്യവസ്ഥയുടേത് കൂടിയാണ്. സംവരണാവശ്യം ജാതി വ്യവസ്ഥയുടെ യുക്തികളെ മാത്രമല്ല മറിച്ച് തൊഴിലിനു വേണ്ടിയുള്ള സമരത്തെക്കൂടിയാണ് ഇന്ത്യയിൽ പ്രതിഫലിപ്പിക്കുന്നതെന്ന് വരുന്നത് അങ്ങനെയാണ്. സംവരണത്തിനായുള്ള സമരം ഉയർന്ന് വന്നത് ജാതിഘടനയിൽ വളരെ പിന്നാക്കം നിൽക്കുന്നവരിൽ നിന്നും മാത്രമല്ലാതായി മാറിയത് ഇതുകൊണ്ടാണ്. വാസ്തവത്തിൽ ജാതിവ്യവസ്ഥയുടെ യുക്തിയിൽ മാത്രം സംവരണത്തെ കണ്ടാൽ ഇതുണ്ടാകാൻ പാടില്ല. കാരണം ജാതി ഘടനയുടെ കീഴ്ത്തട്ടിലേക്ക് തങ്ങളെ പ്രതിഷ്ഠിക്കുകയെന്ന ഏർപ്പാടായി അതിനെ കണക്കാക്കാം. എന്നാൽ അങ്ങനെയല്ല ഉണ്ടാകുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമൊക്കെയുള്ള ജാട്ടുകൾ, ഗുജറാത്തിലെ പ്രബല വിഭാഗമായ പാട്ടീദാറുകൾ, മഹാരാഷ്ട്രയിൽ മറാഠകൾ ആന്ധ്ര പ്രദേശിൽ കാപ്പു ജാതിക്കാർ എന്നിവരെല്ലാം തങ്ങളെ പട്ടിക വർഗക്കാർ മുതൽ മറ്റ് പിന്നാക്കാ വിഭാഗങ്ങളിൽപ്പെട്ടവർ വരെയായി പരിഗണിച്ചുകൊണ്ട് സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചവരാണ്. അതായത് ജാതി സംവരണത്തിന്റെ യുക്തി ഇന്ത്യയിൽ സാവകാശത്തിൽ തൊഴിൽ സംവരണമെന്ന യുക്തിയിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ്. അതുകൊണ്ടുതന്നെ അതിൽ ജാതിയുടെ പേരിലുള്ള ഐക്യം പിന്നോട്ട് പോവുകയും തൊഴിലും പുതിയതായി രൂപപ്പെടുന്ന മുതലാളിത്ത ഉത്പാദന ബന്ധങ്ങൾക്ക് മേൽക്കയ്യുള്ള വ്യവസ്ഥയിലെ സാമൂഹ്യ നിലകളിൽ മുകളിലേക്ക് പോകാൻ സഹായിക്കുന്നതുമായ താത്ക്കാലിക നിലകൾ രൂപപ്പെടുകയും ചെയ്യും.

തൊഴിൽ മേഖലയിലും മറ്റ് ഉത്പാദന ബന്ധങ്ങളിലും ജാതിയെ പ്രാഥമികമായ തെരഞ്ഞെടുപ്പ് ഘടകമല്ലാത്ത ഒരു അവസ്ഥയാണ് മുതലാളിത്തത്തിന് സ്വീകരിക്കേണ്ടി വരിക. അതുകൊണ്ടുതന്നെ പരമ്പരാഗത ജാതി വ്യവസ്ഥ അതിന്റെ ഏറ്റവും വലിയ പിടി മുറുക്കുക സാമ്പ്രദായികമായ ഭരണകൂട തൊഴിലുകളിലാണ്.

സവർണ്ണ ജാതി സംവരണം എന്ന് വിളിക്കാവുന്ന Economically Weaker Section (EWS) -വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ, 103-ആം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ, പത്ത് ശതമാനം സംവരണം സംവരണത്തിന്റെ ചരിത്രപരവും സാമൂഹ്യ, രാഷ്ട്രീയാധികാരം ഘടകങ്ങളിൽ ഊന്നിയുമുള്ള നീതിയെ ദുർബലപ്പെടുത്താനായി ഇന്ത്യയിലെ സവർണ്ണ രാഷ്ട്രീയ നേതൃത്വം നടപ്പാക്കിയ അട്ടിമറിയായിരുന്നു. എന്നാൽ അതിനുവേണ്ട സാഹചര്യം ഒരുക്കിക്കൊണ്ടുവരാൻ അവരുപയോഗിച്ചത് തൊഴിൽ മേഖലയിലെ സമ്മർദ്ദങ്ങളായിരുന്നു എന്ന് കാണാം. ദുർബലമാകുന്ന കാർഷിക തൊഴിൽ മേഖലയും തൊഴിൽ വളർച്ചയില്ലാത്ത മുതലാളിത്ത വളർച്ചയുടെ പുത്തൻ കാലവുമുണ്ടാക്കുന്ന വലിയ സമ്മർദ്ദങ്ങൾ ഇത്തരത്തിൽ സംവരണമെന്ന തൊഴിൽ, സാമൂഹ്യാവസര സാധ്യതകളിലേക്ക് തള്ളിക്കയറാനുള്ള പുതിയ ശ്രമങ്ങളുണ്ടാക്കുകയും ചെയ്യും.

ഭിന്നിപ്പിച്ച് ഭരിക്കലോ?

ഉപ വർഗീകരണവും വെണ്ണപ്പാളി പ്രമാണവും ദലിതർക്കിടയിലെ ഐക്യം ഇല്ലാതാക്കുമെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് എന്നുമൊക്കെയുള്ള വലിയ ആക്ഷേപങ്ങളുണ്ട്. ദലിത് ഐക്യത്തെ ഭിന്നിപ്പിക്കാൻ ഉപവർഗീകരണം വലതുപക്ഷശക്തികൾ ഉപയോഗിക്കുമെന്നതിൽ അത്ര സംശയമൊന്നുമില്ല. മഡിഗ പോരാട്ട സമിതിയുമായി ബി.ജെ.പി സൃഷ്ടിക്കുന്ന ഐക്യം നമുക്ക് കാണാം. വടക്കേ ഇന്ത്യയിൽ ദലിതർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുമിടയിൽ സ്വാധീനമുണ്ടാക്കാൻ സംഘപരിവാർ ഇത്തരത്തിലുള്ള അടവുകൾ വളരെ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഒഴിവാക്കാനാകാത്ത പ്രതിസന്ധിയാണ്. ഒരു പ്രശ്‌നത്തെ പുരോഗമനപരമായി നേരിടുക എന്നാണ് ചെയ്യാനുള്ളത്. രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തിക്കൊണ്ട് സർക്കാരുകൾ ഉപ വർഗീകരണം നടത്താനുള്ള സാധ്യത സുപ്രീം കോടതി തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ജാതിക്ക് മാത്രമായി ഉപവർഗീകരണത്തിൽ മുഴുവൻ തൊഴിലുകൾ/സീറ്റുകൾ നൽകാതിരിക്കുക, ഉപ വർഗീകരണത്തിനാവശ്യമായ കണക്കുകളും പിന്നാക്കാവസ്ഥ സംബന്ധിച്ച പഠനങ്ങളുമൊക്കെ ഉണ്ടായിരിക്കുക എന്നൊക്കെ കോടതി നിഷ്‌കർഷിക്കുന്നുണ്ട്. ഒപ്പം ഈ തീരുമാനങ്ങളെല്ലാം ഭരണഘടനാ കോടതിയുടെ വിലയിരുത്തലിന് (Judicial review) വിധേയമാണെന്നും ഓർമ്മിപ്പിക്കുന്നു.
ഇന്ത്യയിലെ ഇടതുപക്ഷത്തിന് സംഭവിച്ച ചരിത്രപരമായ ഒരു വലിയ പിഴവ് അവർ ഇന്ത്യയിലെ ജാതി വ്യവസ്ഥയെ അതിന്റേതായ ജൈവാവാസവ്യവസ്ഥയുള്ള ഒന്നായിക്കണ്ടില്ല എന്നതാണ്. ജാതി വ്യവസ്ഥ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥയുടെ ബന്ധങ്ങളിൽ നടക്കുന്ന വർഗസമരത്തിന്റെ ഭാഗമായി സ്വാഭാവികമായി ഇല്ലാതാക്കപ്പെടുകയോ അതിന്റെ സ്വാഭാവിക സ്വാധീനത്തിൽ മാറുകയോ ചെയ്യുമെന്ന ഒരു കാഴ്ചപ്പാടിൽ നിന്നതുകൊണ്ട് ജാതി വ്യവസ്ഥക്കെതിരായ പ്രത്യേകമായ രാഷ്ട്രീയ പരിപാടിയെക്കുറിച്ച് അവർ ആകുലപ്പെട്ടില്ല. ഇതിനർത്ഥം ജാതി വ്യവസ്ഥക്കെതിരായ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലായിരുന്നു എന്നല്ല. മറിച്ച് വർഗസമരത്തിന്റെ ഭാഗമായുള്ള സമരത്തിൽ ജാതിവ്യവസ്ഥയുടെ അധികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന തടസങ്ങൾക്കെതിരായ സമരത്തിന്റെ ഭാഗമായിരുന്നു ആ ജാതിവിരുദ്ധ സമരം. ഇത് ഇന്ത്യയുടെ സങ്കീർണ്ണമായ സാമൂഹ്യ ബന്ധങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പരിപാടി എത്തിക്കുന്നതിൽ വലിയ പ്രതിബന്ധങ്ങളുണ്ടാക്കി എന്നതിൽ സംശയമില്ല. അതേ സമയം ഇന്ത്യയിൽ ഉയർന്നുവരികയും ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക ഘടനയെ നിർണ്ണയിക്കാൻ പോവുകയും ചെയ്യുന്ന മുതലാളിത്ത ഉത്പാദന വ്യവസ്ഥയെക്കുറിച്ചും അത് ഇന്ത്യയുടെ സാമൂഹ്യ,രാഷ്ട്രീയ ബന്ധങ്ങളിലുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളേയും പുതിയ ഘടനകളേയും സംബന്ധിച്ചുമുള്ള അതിന്റെ വിലയിരുത്തലുകൾ ശരിയായിരുന്നു.

ഇന്ത്യയിലെ ഇടതുപക്ഷത്തിന് സംഭവിച്ച ചരിത്രപരമായ ഒരു വലിയ പിഴവ്, അവർ ഇന്ത്യയിലെ ജാതി വ്യവസ്ഥയെ അതിന്റേതായ ജൈവാവാസവ്യവസ്ഥയുള്ള ഒന്നായിക്കണ്ടില്ല എന്നതാണ്
ഇന്ത്യയിലെ ഇടതുപക്ഷത്തിന് സംഭവിച്ച ചരിത്രപരമായ ഒരു വലിയ പിഴവ്, അവർ ഇന്ത്യയിലെ ജാതി വ്യവസ്ഥയെ അതിന്റേതായ ജൈവാവാസവ്യവസ്ഥയുള്ള ഒന്നായിക്കണ്ടില്ല എന്നതാണ്

ഇപ്പോൾ ഉപ വർഗീകരണത്തിന്റെയും വെണ്ണപ്പാളി വിഭാഗത്തിന്റെയും വിഷയങ്ങൾ ജാതി സംവരണത്തിനുള്ളിലേക്ക് കടന്നുവരുമ്പോൾ ജാതി വ്യവസ്ഥയുടെ സവിശേഷ ഇന്ത്യൻ സാമൂഹ്യ സ്വഭാവത്തെ വിലയിരുത്തിയതിൽ ഇടതുപക്ഷത്തിന് സംഭവിച്ച പാളിച്ചയുടെ മറ്റൊരു വശമാണ് സ്വത്വവാദികൾ നേരിടുന്നത്. അത് ജാതി വ്യവസ്ഥക്കുള്ളിൽ വർഗശക്തികളുടെ സ്വാഭാവിക വികാസത്തിന്റെ സ്വാധീനവും പ്രത്യാഘാതവുമാണ്. അതിനെ നിരാകരിക്കുകയും കേവല ജാതി ഐക്യമെന്ന മുദ്രാവാക്യത്തിൽ അഭിരമിക്കുകയും ചെയ്താൽ ജാതി വ്യവസ്ഥക്കെതിരായ സമരത്തെ ദുർബലമാക്കുക എന്നതായിരിക്കും ഫലം. ജാതിവ്യവസ്ഥക്കെതിരായ സമരത്തെ മുതലാളിത്ത ചൂഷണത്തിനെതിരായ വിശാലസമരത്തിന്റെ ഭാഗമാക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. സ്വത്വവാദ ജാതി രാഷ്ട്രീയം ഇതിൽ നേരിടുന്ന പ്രതിസന്ധിയെന്നത് അതിന്റെ രാഷ്ട്രീയാടിത്തറ കേവലമായ ജാതി അസ്തിത്വത്തിൽ ഉറപ്പിച്ചതാണ് എന്നതാണ്. അതിനെ ജാതിവ്യവസ്ഥാവിരുദ്ധവും ജാതി വ്യവസ്ഥയുടെയും ജാതിയുടെയും നിർമ്മാർജ്ജനവുമെന്ന വിശാല രാഷ്ട്രീയത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള അവയുടെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ അടിത്തറയുടെ പോരായ്മയാണ്.

ഉപവർഗീകരണവും SC/ST വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശുപാർശയുള്ള വെണ്ണപ്പാളി പ്രമാണവും ജാതിഘടനയിലേക്കും ജാതി വ്യവസ്ഥയിലേക്കും വർഗ വൈരുദ്ധ്യങ്ങളുടെ ഒഴിച്ചുനിർത്താനാകാത്ത ഇടപെടലാണ്. അതിനോട് വർഗ രാഷ്ട്രീയത്തെക്കൂടി ഉൾച്ചേർത്തുകൊണ്ട് പ്രതികരിക്കാതെ കേവല സ്വത്വവാദത്തിന്റെ പരിമിതമായ സ്വത്വാകാംക്ഷകൾകൊണ്ട് മല്ലിടുന്നത് കാലത്തിന്റെ പിറകിലേക്ക് സഞ്ചരിക്കലായിരിക്കും.

Comments