സ്വന്തം ഗ്രാമവും, കുടുംബവും, കൃഷിയിടങ്ങളും വിട്ട് വിദൂരമായ നഗരങ്ങളുടെയും ചെറുകിട പട്ടണങ്ങളുടെയും പുറമ്പോക്കിൽ അടിമ ജീവിതം നയിക്കുന്ന തൊഴിലാളികൾ എത്രയോ വർഷങ്ങൾ ആയി നമുക്കിടയിൽ ഒരു നിശബ്ദസാന്നിധ്യമായി ഉണ്ടായിരുന്നു. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങളും, അധികാരസ്ഥാപനങ്ങളും ഒരിക്കലും അവരുടെ സാന്നിധ്യം അറിഞ്ഞില്ല. ഇപ്പോൾ ഈ മഹാമാരിയുടെ കാലത്ത്, കൊടുംചൂടും, വിശപ്പും, ദാഹവും സഹിച്ചുകൊണ്ട്, വിണ്ടുകീറിയ കാൽപാദങ്ങളുമായി മുന്നൂറും അഞ്ഞൂറും കിലോമീറ്ററുകൾ നടന്നു തീർത്ത് രാജ്യത്തിന്റെ മറ്റേ അറ്റത്തുള്ള സ്വന്തം ഗ്രാമത്തിൽ എത്താൻ അവർ സഹിച്ച സമാനതകൾ ഇല്ലാത്ത യാതനയാണ് ഇതരസംസ്ഥാന തൊഴിലാളികളെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.
നീതിരഹിതമായ നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും, അന്യവൽക്കരിക്കപ്പെട്ട ജനാധിപത്യസ്ഥാപനങ്ങളുടെയും ശീലങ്ങൾ ഏറെ പരിചയം ഉള്ളതുകൊണ്ട് ഇതിനുമുൻപ് ഒരിക്കലും തങ്ങളുടെ നിലവിളികളും വിലാപങ്ങളും പൊതുസമൂഹത്തെ കേൾപ്പിക്കാൻ അവർ ശ്രമിച്ചിരുന്നില്ല. എന്നാൽ, ഇന്ന് മനസാക്ഷിയുള്ള ഏതു മനുഷ്യനും അവഗണിക്കാൻ കഴിയാത്ത വിധത്തിൽ ഇതരസംസ്ഥാനതൊഴിലാളികളുടെ ശബ്ദം നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നുണ്ട്. ഒരർഥത്തിൽ, അത് നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെയും, നമ്മൾ ഇടപെടുന്ന രാഷ്ട്രീയത്തിന്റെയും, നമ്മൾ പിൻപറ്റുന്ന മഹത്തായ സംസ്‌ക്കാരത്തിന്റെയും ജീർണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ്.
ആധുനിക ഇന്ത്യൻ നഗരങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ അധ്വാനത്തിലും, വിയർപ്പിലും ആണ്. എന്നിട്ടും നഗരം ഭരിക്കുന്ന വരേണ്യവർഗ്ഗത്തിന്റെയും, ടൗൺ പ്ലാനിംഗ് വിദഗ്ധരുടെയും, മനസാക്ഷിയിലും മുൻഗണനകളിലും ഒരിക്കലും അവർ കടന്നുവന്നില്ല. ഇതരസംസ്ഥാന തൊഴിലാളികൾ എല്ലായ്‌പ്പോഴും "അന്യരും' "നഗരത്തിന്റെ സമാധാനം' കെടുത്തുന്നവരും, "സാമൂഹ്യവിരുദ്ധരും' ആയി മാറ്റിനിർത്തപ്പെട്ടു. താമസിക്കുന്ന നഗരത്തിലെ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട്, രാഷ്ട്രീയ നേതൃത്വം അവരെ പാടെ അവഗണിച്ചു.
ദശാബ്ദങ്ങളായി, ഇന്ത്യൻ ഉപരി-മധ്യവർഗ്ഗത്തിന്റെ ചവിട്ടടിയിൽ കിടക്കുന്ന ഈ കോടിക്കണക്കിനു മനുഷ്യർ അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടുപോലും പ്രതിഷേധിക്കാനാവാതെ, ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശബ്ദമായി പൊരുത്തപ്പെട്ടു.
ഒരിടത്തും സ്ഥിരമായ വേരുകൾ ഇല്ലാതെ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് മാറാപ്പും പേറി യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നത് അത്രമേൽ ശ്രമകരമായ ജോലിയായതുകൊണ്ട് തന്നെ സംഘടിത തൊഴിലാളി യൂണിയനുകൾ ഇവർക്കിടയിൽ ശക്തമായ സാമൂഹ്യ-രാഷ്ട്രീയബോധം സൃഷ്ടിക്കാൻ ഒരിക്കലും ശ്രമിച്ചില്ല. തൊഴിലെടുത്ത് ജീവിക്കുന്ന സംസ്ഥാനങ്ങളിൽ അവർ നിരന്തരമായ വംശീയവിദ്വേഷത്തിനും, സ്വത്വരാഷ്ട്രീയ വൈരത്തിനും ഇരയാകുന്നത് നിത്യസംഭവമാണ്. അതുകൊണ്ട് തന്നെ, ദശാബ്ദങ്ങളായി, ഇന്ത്യൻ ഉപരി-മധ്യവർഗ്ഗത്തിന്റെ ചവിട്ടടിയിൽ കിടക്കുന്ന ഈ കോടിക്കണക്കിനു മനുഷ്യർ അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടുപോലും പ്രതിഷേധിക്കാനാവാതെ, ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശബ്ദമായി പൊരുത്തപ്പെട്ടു.
പൊള്ളയായ പ്രഖ്യാപനങ്ങൾ
ഏറെ വൈകി, ഒട്ടേറെ വിമർശനങ്ങൾക്ക് ശേഷം ധനമന്ത്രി ഇന്ന് അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി എന്ന പേരിൽ പ്രഖ്യാപിച്ച ഇടപെടൽ, സങ്കീർണ്ണമായ കുടിയേറ്റ തൊഴിൽ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങളെ ഒരു തരത്തിലും പരിഹരിക്കാൻ ഉതകുന്നതല്ല. NREGA വഴി കൂടുതൽ തൊഴിൽ സ്വന്തം സംസ്ഥാനത്തു തന്നെ ലഭ്യമാക്കും, NREGA വഴിയുള്ള മിനിമം കൂലി 182 ഇൽ നിന്നും 202 രൂപയാകും എന്നല്ലാതെ, നേരിട്ടുള്ള ധന സഹായങ്ങളെക്കുറിച്ചു ഇപ്പോഴും നിശ്ശബ്ദരാണ്. ലേബർ നിയമങ്ങൾ പൊളിച്ചെഴുതുന്നത് തൊഴിലാളികളെ സഹായിക്കുമെന്ന വിചിത്രമായ വാദവും ഉയർത്തുന്നുണ്ട് . തൊഴിലാളികളുടെ മൗലികാവശങ്ങൾ പൂർണ്ണമായും ലംഘിക്കുന്ന പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് ഓർക്കണം. മിനിമം കൂലിയിലെ അസമത്വം ഒഴിവാക്കി ഏകീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും എത്രയാണ് പുതിയ മിനിമം കൂലിയെന്നു വ്യക്തമല്ല. "ഒരു ദേശം ഒരു റേഷൻ കാർഡ്' എന്ന തീരുമാനം നല്ലതാണെങ്കിലും, അത് നടപ്പിൽ വരുത്താൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. പട്ടിണി കൊണ്ട് വലയുന്ന തൊഴിലാളികൾക്ക് അടിയന്തിര സഹായം നല്കാൻ ഇത് മതിയാകില്ല. റേഷൻ കാർഡ് ഇല്ലാത്തവർക്കും 5 കിലോ ഗോതമ്പും അരിയും കിട്ടുമെന്ന വാഗ്ദാനം മാത്രമാണ് അല്പമെങ്കിലും അവരെ സഹായിക്കുന്നത്.
രണ്ടായിരത്തി പതിനേഴിലെ സാമ്പത്തിക സർവേ അനുസരിച്ചു 139 ദശലക്ഷം അന്തർ സംസ്ഥാന/ഇതരസംസ്ഥാന/കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിൽ ഉള്ളത്. ഇവരിൽ കൂടുതൽ പേരും ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ്. അസംഘടിതവും, സങ്കീർണ്ണവും, ചൂഷണങ്ങൾ നിറഞ്ഞതുമായ ഇന്ത്യൻ തൊഴിൽ മാർക്കറ്റിൽ ഏറ്റവുമധികം വിവേചനം നേരിടുന്നവർ ആണ് അന്തർ സംസ്ഥാന തൊഴിലാളികൾ.
ഘടനാപരമായി ഏറ്റവും സങ്കീർണ്ണമായ ഒരു ഇക്കണോമി ആണ് നമ്മുടേത്. ഏകദേശം 90% തൊഴിലാളികളും അസംഘടിതമേഖലയിൽ ആണ്. അതിൽ, 139 ദശലക്ഷം തൊഴിലാളികൾ ഇതരസ്ഥലങ്ങളിൽ ജോലിചെയ്യുന്ന, യാതൊരു തൊഴിൽ രേഖയും ഇല്ലാത്ത കോൺട്രാക്ട് തൊഴിലാളികൾ ആണ്. ഇവരിൽ ബഹുഭൂരിപക്ഷവും, അക്ഷരാർത്ഥത്തിൽ അടിമവേല ചെയ്യുന്നവരാണ്. തുച്ഛമായ കൂലിയിൽ, സാമൂഹ്യസുരക്ഷാ പദ്ധതികളുടെ തണലില്ലാതെ അന്നന്നത്തെ അന്നത്തിനുള്ളത് കഷ്ടിച്ച് കണ്ടെത്തുന്നവർ. കോൺട്രാക്ടർ - സബ്കോൺട്രാക്ടർ - ദല്ലാൾ തട്ടുകളിലൂടെ കൈമാറി എത്തുന്ന ജോലി ആയതുകൊണ്ട് ഒരു തൊഴിലാളിയും ഒരു തൊഴിൽ ഇടത്തിൽ രണ്ടു മാസത്തിൽ കൂടുതൽ ഉണ്ടാകില്ല. ഈയൊരു പ്രശ്‌നം കൊണ്ടുതന്നെ ട്രേഡ് യൂണിയനുകൾ നിസ്സഹായരാണ്. നോട്ടുനിരോധനവും, ജി.എസ്.ടിയും ഇവരുടെ അവസ്ഥ കൂടുതൽ ദയനീയമാക്കിയിരുന്നു. കൂലിയും തൊഴിൽ ദിനങ്ങളും നന്നേ കുറഞ്ഞു. ജോലി ചെയ്യുന്ന സംസ്ഥാനവും, സ്വന്തം ഗ്രാമവും തമ്മിലുള്ള ദൂരം കൂടുന്തോറും അവരുടെ ദുരിതജീവിതത്തിന്റെ ആഴവും കൂടുന്നു.
ഇത്രയേറെ അന്തർ സംസ്ഥാന തൊഴിലാളികൾ ഉണ്ടായിട്ടും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഒരു നയപരിപാടിയും ഇതുവരെ ഒരു സർക്കാരും സ്വീകരിച്ചിട്ടില്ല. എല്ലാ സാമൂഹ്യ ഇടങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെട്ടു.സ്വന്തം സംസ്ഥാനത്തിലെയോ, ജോലിചെയ്യുന്ന സംസ്ഥാനത്തിലെയോ രാഷ്ട്രീയ നയങ്ങൾ, അവരെ പൂർണ്ണമായി ഒഴിവാക്കിയപ്പോൾ, അവരുടെ അധ്വാനവും വിയർപ്പും തുച്ഛമായ വിലക്ക് സ്വന്തമാക്കുന്ന വൻനഗരങ്ങളിലെ കോൺട്രാക്ടർമാർ അവർക്ക് മാന്യമായ താമസസൗകര്യമോ, ആരോഗ്യ സംവിധാനമോ, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസമോ ഉറപ്പുവരുത്താറില്ല. അവരുടെ "അദൃശ്യത'എല്ലാ സാമൂഹ്യസുരക്ഷിതത്വങ്ങളുടെ വലയങ്ങളിൽനിന്നും ഈ തൊഴിലാളികളെ പുറന്തള്ളുന്നു.
കുടിയേറ്റ തൊഴിലാളി നിയമം
1979 ൽ പാസാക്കിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം മാത്രമാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ള ഏക നിയമനിർമാണം. അതാണെങ്കിൽ ഒരിടത്തും കൃത്യമായി നടപ്പിൽ വരുത്തിയിട്ടും ഇല്ല. അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, അഞ്ചും അതിലധികവും ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഏതു സ്ഥാപനത്തിനും ബാധകമാണ്. നിയമപ്രകാരം, ഈ സ്ഥാപനങ്ങളും, ഇവരെ ജോലിക്കെടുക്കുന്ന ഇടനിലക്കാരായ കോൺട്രാക്ടർമാരും, തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ലൈസൻസില്ലാത്ത ഇടനിലക്കാരെ നിയമം നിരോധിക്കുന്നു എന്ന് മാത്രമല്ല, നിയമലംഘനം തടയാൻ കൃത്യമായ ഇൻസ്‌പെക്ഷൻ ഉണ്ടായിരിക്കണം എന്നും ആക്ട് എടുത്തു പറയുന്നുണ്ട്.
1979 പാസാക്കിയ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം മാത്രമാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ള ഏക നിയമനിർമാണം. അതാണെങ്കിൽ ഒരിടത്തും കൃത്യമായി നടപ്പിൽ വരുത്തിയിട്ടും ഇല്ല.
ഇത്, സംസ്ഥാന സർക്കാരിന് കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരം നൽകുന്നു എന്ന് മാത്രമല്ല, അവരുടെ തൊഴിൽ നിയമപരമാക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയുമാണ്. ഈ തൊഴിലാളികൾ ഇന്നനുഭവിക്കുന്ന എല്ലാ ചൂഷണങ്ങളെയും ഒറ്റയടിക്ക് അവസാനിപ്പിക്കാൻ ഇതുവഴി കഴിയും. അതുപോലെ, ഈ നിയമം അനുസരിച്ച്, സേവന-വേതന വ്യവസ്ഥകൾ, തൊഴിൽ സമയം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെപറ്റിയുള്ള എല്ലാ വിവരങ്ങളും, നേരത്തെ തന്നെ തൊഴിലാളികളെ അറിയിക്കേണ്ടതാണ്. ഇവരുടെ കൂലി, ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം സമാന സാഹചര്യങ്ങൾ ഉള്ള മറ്റു ഏതൊരു പ്രാദേശിക സ്ഥാപനത്തിലെയും പോലെത്തന്നെ ആയിരിക്കണം. അന്തർസംസ്ഥാന തൊഴിലാളികളുടെ മിനിമംകൂലി ഒരിക്കലും ആ സംസ്ഥാനത്തിലെ മിനിമം കൂലിയെക്കാൾ കുറവായിരിക്കരുത്. അതുപോലെ ഒരു സ്ഥലത്തു നിന്നും, മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ തൊഴിലാളികൾക്ക് ഡിസ്‌പ്ലേസ്‌മെന്റ് അലവൻസ് നൽകണമെന്നും നിയമം കൃത്യമായി അനുശാസിക്കുന്നു. സ്വന്തം ഗ്രാമത്തിലേക്ക് പോകാനും വരാനും ഉള്ള യാത്രാ അലവൻസ് നൽകേണ്ട ചുമതലയും തൊഴിൽ ഉടമയ്ക്കാണ്. അതുപോലെ, വൃത്തിയുള്ള താമസസ്ഥലം, ബാത്‌റൂം സൗകര്യങ്ങൾ, സൗജന്യ ചികിത്സ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചും വ്യക്തമായി നിയമം അനുശാസിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, ഇതൊന്നും തന്നെ ഈ തൊഴിലാളികളുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്ന് അറിയണോ?
തൊഴിലിടങ്ങളിലെ യാഥാർത്ഥ്യം
കഴിഞ്ഞ കൊല്ലം ഞാൻ നടത്തിയ ഒരു പഠനത്തിൽ നേരിട്ട് കണ്ട അഹമ്മദാബാദിലെ റോഡ് നിർമാണ തൊഴിലാളികളുടെ കഥ ആരുടെയും കരളുരുക്കുന്നതാണ്. ദക്ഷിണ ഗുജറാത്തിലെയും, രാജസ്ഥാനിലെയും ആദിവാസി മേഖലകളിൽ നിന്നും, പ്രാദേശിക ബ്രോക്കർ തിരഞ്ഞെടുത്ത് ലോറിയിൽ കയറ്റി കുടുംബത്തോടെ കൊണ്ട് വരുന്നതാണ് ഈ തൊഴിലാളികളെ. പലർക്കും, സ്വന്തം ഗ്രാമത്തിൽ കൃഷിയുണ്ട്. പക്ഷെ കൊടുംവരൾച്ച കാരണം കഴിഞ്ഞ രണ്ടു സീസണിലെയും കൃഷി നഷ്ടമായിരുന്നു. പലിശയ്ക്ക് കടമെടുത്തു നടത്തിയ കൃഷി നശിച്ചതോടെ മിക്ക ചെറുകിട കർഷകരും കടക്കെണിയിൽ ആയി. അവിടെയാണ് റോഡ് കോൺട്രാക്ടറുടെ പ്രാദേശിക ഏജന്റ് വിപണി കണ്ടെത്തുന്നത്.
കടം തീർക്കാൻ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങൾക്ക് അഡ്വാൻസ് നൽകി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളിൽ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസക്കൂലി. പന്ത്രണ്ട് മണിക്കൂർ അല്ലെങ്കിൽ അതിൽ അധികം ജോലി. ദീപാവലിക്ക് കൊടുക്കുന്ന ഇരുനൂറ്റി അമ്പതു രൂപ മാത്രമാണ് ബോണസ്. വേറെ യാതൊരു ആനുകൂല്യവും ഇല്ല. ഭക്ഷണവും മറ്റു ചിലവുകളും നടത്താൻ കോൺട്രാക്ടർ ദിവസം അറുപതു രൂപ കൊടുക്കും. അത് കൂലിയിൽ നിന്നും കുറച്ച്, ബാക്കി തുക മാത്രം കണക്കിൽ രേഖപ്പെടുത്തും. ഈ കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ എത്ര നാൾ അടിമപ്പണി ചെയ്യണമെന്നു ഓർത്തു നോക്കുക..
കടം തീർക്കാൻ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങൾക്ക് അഡ്വാൻസ് നൽകി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളിൽ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസക്കൂലി. പന്ത്രണ്ട് മണിക്കൂർ അല്ലെങ്കിൽ അതിൽ അധികം ജോലി.
ഒരു സ്ഥലത്തെ ജോലി കഴിഞ്ഞാൽ അടുത്ത സൈറ്റിലേക്കു കോൺട്രാക്ടർ തന്നെ കൊണ്ട് പോകും. റോഡരികിലെ കുഞ്ഞു ടെന്റിൽ ആണ് കുട്ടികളെയും കൂട്ടി ജീവിക്കുന്നത്. പൊരിവെയിലിലും, മഞ്ഞിലും, മഴയിലും, ആ കുഞ്ഞുങ്ങൾ നിരത്തു വക്കിൽ വളരുന്നു. തിളയ്ക്കുന്ന ടാർ വീപ്പയ്ക്ക് അരികിൽ തന്നെ കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഒരു First Aid box
പോലും സൈറ്റിൽ ഇല്ല. ലേബർ ഇൻസ്‌പെക്ടർ തിരിഞ്ഞു നോക്കാറില്ല. കൊടും വെയിലിൽ എല്ലാ സൈറ്റ് വിസിറ്റും പ്രായോഗികമല്ലെന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞു. മാത്രമല്ല, വകുപ്പിൽ ധാരാളം ഒഴിവുകളും ഉള്ളതുകൊണ്ട് ജോലിഭാരം കൂടുതൽ ആണ്. ടെണ്ടർ കിട്ടിയ മുഖ്യകോൺട്രാക്ടർക്കും, തൊഴിലാളികൾക്കും ഇടയിൽ മിനിമം മൂന്നു തട്ടുകളിൽ ഇടത്തരക്കാർ / ലേബർ സപ്ലൈ കോൺട്രാക്ടർ ഉണ്ട്. അതുകൊണ്ട്, സൈറ്റിലെ കാര്യങ്ങളിൽ തനിക്കു യാതൊരു നിയന്ത്രണവും ഇല്ലെന്ന് തൊഴിലുടമ. സീസണൽ തൊഴിലാളികൾ ആയതു കൊണ്ട് തന്നെ മുഖ്യധാര ട്രേഡ് യുണിയനുകൾ ഒന്നും ഈ മേഖലയിൽ സജീവമല്ല. രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറിയ യുണിയനുകൾക്ക് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാനും സാധിച്ചിട്ടില്ല.
ഇത് ഗുജറാത്തിലെ മാത്രമല്ല, മിക്കവാറും, സംസ്ഥാനങ്ങളിലെ സാധാരണ കാഴ്ചയാണ്. അഡ്വാൻസ് വാങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഈ കെണിയിൽ നിന്നും രക്ഷപ്പെടുക സാധ്യമല്ല. ലക്ഷണമൊത്ത അടിമകൾ. ലോബിയിംഗ് നടത്താനോ, സമരങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടാനോ കഴിവും അറിവും ഇല്ലാത്തവർ. ഇത് ഇവരുടെ മാത്രം കാര്യമല്ല. പലതരത്തിലുള്ള കൊടും ചൂഷണത്തിന് വിധേയരായാണ് അസംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ജീവിക്കുന്നത്.
ജാർഖണ്ടിലെയും, ഛത്തീസ്ഗഡിലെയും സ്വകാര്യ മേഖലയിലെ ഖനി തൊഴിലാളികൾ, താപനിലയ കേന്ദ്രങ്ങളിലെ കരാർ തൊഴിലാളികൾ, ബീഹാറിൽ നിന്നും, ബംഗാളിൽ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ചു പോകുന്നവർ. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, നമ്മെപ്പോലെ ജീവിക്കാൻ കൊതിയുള്ള, സാധാരണ മനുഷ്യരാണ് ഇന്നും അടിമകളെ പോലെ ഇന്ത്യയിൽ ജീവിക്കുന്നത്.
യാതൊരു തൊഴിൽ സുരക്ഷയോ ESI/PF ആനുകൂല്യങ്ങളോ, അടിസ്ഥാന ആരോഗ്യ- സുരക്ഷിത സൗകര്യങ്ങളോ ഇല്ലാത്തവർ. സ്വകാര്യ ഖനി മേഖലയിൽ യുണിയൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന ആദിവാസികളായ കരാർ തൊഴിലാളികളെ കള്ളക്കേസിൽ പെടുത്തി ജയിലിൽ ഇടുന്നത് കൊണ്ട് ആരും തന്നെ യുണിയൻ പ്രവർത്തനത്തിന് തയ്യാറാകുന്നില്ല. ഖനിയിലിറങ്ങുന്ന തൊഴിലാളികൾ ഓവർ ടൈംജോലി ചെയ്യാൻ വേണ്ടി നാടൻ വാറ്റുചാരായം കൊടുത്ത് അവരെ പ്രലോഭിപ്പിക്കുന്നത്, ഈ രംഗത്ത് സാധാരണമാണ്. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ തുച്ഛമായ വേതനത്തിൽ, അടിമകളെപോലെ അവർ ജോലി ചെയുന്നു. ഒടുവിൽ ആരോഗ്യം നശിച്ച് അകാലമരണം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 23 അടിമവേല നിരോധിച്ചിട്ടുണ്ട് എന്നുകൂടി നമ്മൾ ഓർക്കണം. അടിമവേലയും നിർബന്ധിത തൊഴിലും മൗലികാവകാശങ്ങളുടെ ലംഘനമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും മഹത്തരമായ പൈതൃകമുള്ളതായി അവകാശപ്പെടുന്ന ജനാധിപത്യരാജ്യം എന്താണ് ഈ മഹാഭൂരിപക്ഷത്തോട് ചെയ്തത്? താമസമോ ഭക്ഷണമോ കൂലിയോ നൽകാതെ അനന്തമായ അനിശ്ചിതത്വത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടുകൊണ്ട് അവരെ തിരികെ ഗ്രാമത്തിലേക്ക് നടക്കാൻ നിർബന്ധിതരാക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യവിരുദ്ധവും, സാമാന്യനീതിയുടെ കൊടിയലംഘനവും ആണ്. ശ്രീലങ്കയും ബംഗ്ലാദേശും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് അന്തർസംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് എന്നോർക്കണം.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 23 അടിമവേല നിരോധിച്ചിട്ടുണ്ട് എന്നുകൂടി നമ്മൾ ഓർക്കണം. അടിമവേലയും നിർബന്ധിത തൊഴിലും മൗലികാവകാശങ്ങളുടെ ലംഘനമാണ്.
മറുവശത്ത് അവരുടെ സ്വന്തം സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികൾ തിരികെവരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. മാർച്ച്21-ന്, അതായത് ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇതരസംസ്ഥാന ബസ്സുകൾ നിർത്തിവെച്ചുകൊണ്ട് ബംഗാൾ ആണ് ഇതിനു തുടക്കമിട്ടത്.അതോടൊപ്പം ട്രെയിൻസർവീസുകൾ നിർത്തിവെക്കാൻ ആദ്യമായി ആവശ്യപെട്ടതും മമതാ ബാനർജി ആയിരുന്നു. ബിഹാറും ഇതേനയം പിന്തുടർന്നു.
മോദിയും നിർമലാസീതാരാമനും പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഒന്നുംതന്നെ ഈ തൊഴിലാളികളുടെ കാര്യം പറഞ്ഞിരുന്നില്ല. സ്വദേശത്തും, ജോലിചെയ്യുന്ന നഗരത്തിലും ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും അവർക്കു കിട്ടിയില്ല. മിക്കവാറും തൊഴിലാളികൾ കോൺട്രാക്ടർമാരിൽനിന്നും പല ആവശ്യങ്ങൾക്കായി മുൻകൂർപണം കൈപറ്റിയതുകൊണ്ട്, ലോക്ക്ഡൗൺ
കാലത്ത് ഒരുസഹായവും കൊടുക്കാൻ അവർ തയ്യാറാവുന്നില്ല. മൂന്നുംനാലും തട്ടുകളിലുള്ള ലേബർ കോൺട്രാക്ടർമാരാണ് തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഇടയിൽ ഉള്ളത്. അതുകൊണ്ടുതന്നെ തൊഴിലാളികളുമായി നേരിട്ട് ബന്ധമില്ലാത്ത തൊഴിൽ ഉടമകൾ കൂലിയോ അടിയന്തിര സഹായമോ നൽകാതെ അവരെ കൈയൊഴിഞ്ഞു.
ചുരുക്കത്തിൽ, എല്ലാ തൊഴിൽ നിയമങ്ങളുടെയും, ഭരണഘടന ഉറപ്പു നൽകുന്ന പരിരക്ഷയുടെയും നഗ്‌നമായ ലംഘനമാണ് ഈ രംഗത്ത് നടന്നത്. ദാരിദ്ര്യം എല്ലാ സീമകളെയും ലംഘിക്കുമ്പോഴാണ് ഒരു മനുഷ്യൻ സ്വന്തം ദേശവും, കുടുംബവും ഉപേക്ഷിച്ചു വിദൂരമായ ദേശങ്ങളിലേക്ക് ചേക്കേറുന്നത് എന്നോർക്കണം.
നിഷേധിക്കപ്പെട്ടത് ദയയല്ല നീതിയാണ്
കുടിയേറ്റ തൊഴിലാളികൾ വാസ്തവത്തിൽ പൊതു സമൂഹത്തിന്റെ ഉദാരതക്കുവേണ്ടി കൈനീട്ടി നിൽക്കെണ്ടവരല്ല. അവർ ഭിക്ഷക്കാരുമല്ല. ആത്മാഭിമാനമുള്ള, അധ്വാനിച്ചു ജീവിക്കുന്ന, ഇന്നാട്ടിലെ സാധാരണ പൗരൻ മാത്രമാണ്. അവരോടു ഇന്ത്യൻ സ്റ്റേറ്റ് കാണിച്ചത് സമാനതകൾ ഇല്ലാത്ത ക്രൂരതയും മനുഷ്യാവകാശലംഘനവും ആണ്. അവർക്ക് നിഷേധിക്കപ്പെട്ടത് ദയ അല്ല, നേരെമറിച്ച്, നീതിയാണ്. ഭരണഘടന നൽകുന്ന അന്തസ്സും, നീതിയും, മനുഷ്യാവകാശവും ആണ്. നിർഭാഗ്യവശാൽ, മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടക്കുന്ന ചർച്ചകൾ എല്ലാം സഹതാപത്തിന്റെയും, ദയയുടെയും, കാരുണ്യത്തിന്റെയും കഥകൾ ആഘോഷിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ കള്ളികളിൽ നിന്നും മാറ്റി, നീതിയുടെയും, നിയമനിർവഹണത്തിന്റെയും, ഭരണകൂടസ്ഥാപനങ്ങളുടെ നൈതികമായ ഉത്തരവാദിത്വത്തിന്റെയും തലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കാൻ നമ്മൾ വൈകുന്തോറും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം അതുപോലെ തുടരും.
നീതിയുടെയും, നിയമനിർവഹണത്തിന്റെയും, ഭരണകൂടസ്ഥാപനങ്ങളുടെ നൈതികമായ ഉത്തരവാദിത്വത്തിന്റെയും തലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കാൻ നമ്മൾ വൈകുന്തോറും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം അതുപോലെ തുടരും.
മെയ് മാസം നടത്തിയ ഒരു സർവേയിൽ പറയുന്നത് അന്തർ സംസ്ഥാന തൊഴിലാളികളിൽ പത്തിൽ എട്ടുപേർക്കും ലോക്ക്ഡൗൺ കാലത്തു കൂലികിട്ടിയിട്ടില്ല എന്നാണ്.എന്തിനേറെ സർക്കാർ വാഗ്ദാനം ചെയ്ത 500രൂപ പോലും ഇന്ത്യയിലെ 30%ആളുകളിൽ എത്തിയിട്ടില്ലെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. എത്രമാത്രം അന്യവൽക്കരിക്കപ്പെട്ട
ജനാധിപത്യത്തെ കുറിച്ചാണ് നമ്മൾ ഊറ്റംകൊള്ളുന്നത് എന്നോർക്കണം. Stranded Workers Action Network (SWAN) എന്ന NGOയുടെ കണക്കുകൾ അനുസരിച്ച് ഈതൊഴിലാളികളിൽ 78%പേർക്ക് മാർച്ച് മാസത്തിലെ കൂലികിട്ടിയിട്ടില്ല. 82%പേർക്കും സർക്കാരിൽനിന്നും റേഷനും കിട്ടിയില്ല. മാത്രമല്ല 64% തൊഴിലാളികളുടെ കൈയിലും നൂറുരൂപയിൽ താഴെ മാത്രമേ ഉള്ളൂ. ജോലിയില്ലാത്ത, കൂലിയില്ലാത്ത ഭക്ഷണമോ പണമോ കൈയ്യിൽ ഇല്ലാത്ത മനുഷ്യർ മിനിമം ആഗ്രഹിക്കുന്ന തന്റേതല്ലാത്ത ഒരുദേശത്തുനിന്നും എത്രയും പെട്ടെന്ന് സ്വന്തം നാട്ടിൽ എത്താനായിരിക്കും. ആ സാധുമനുഷ്യരെ നമ്മൾ എറിഞ്ഞുകൊടുത്തത് രോഗത്തിന്റെയും പട്ടിണിയുടെയും, യാത്രയുടെയും, നിത്യദുരിതത്തിന്റെയും അനിശ്ചിതത്വത്തിലേക്കാണ്.
ഈ സാഹചര്യത്തിലാണ് പുതിയ തൊഴിൽ നിയമങ്ങൾ പല സംസ്ഥാനങ്ങളും ഏർപ്പെടുത്താൻ നോക്കുന്നത്. ഉത്തർപ്രദേശും, മധ്യപ്രദേശും, ഗുജറാത്തും ഒക്കെ കോവിഡിന്റെ പേരിൽ നഗ്നമായ തൊഴിലാളി ചൂഷണം നടത്താനുള്ള പുറപ്പാടിലാണ്. മൂന്ന് കൊല്ലത്തേക്ക് എല്ലാ തൊഴിൽ നിയമങ്ങളും അപ്രസക്തമാകും. ജോലിസമയം എട്ടു മണിക്കൂറിൽ നിന്നും പന്ത്രണ്ടു മണിക്കൂർ ആകും. ഒപ്പം, തൊഴിലാളികൾക്ക് സംഘടന ഉണ്ടാക്കാനും, തങ്ങളുടെ ആവശ്യങ്ങൾ "കളക്ടീവ് ബാർഗൈനിംഗ്' വഴി നേടിയെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാകും.
തൊഴിൽ സമയം വർദ്ധിപ്പിക്കുന്നത് തന്നെ, "നിർബന്ധിത/ അടിമ' ജോലിയുടെ നിർവചനത്തിൽ വരുന്നത് കൊണ്ട് ഇത് തികച്ചും ആർട്ടിക്കിൾ ഇരുപത്തിമൂന്നിന്റെ ലംഘനമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ മൗലികാവകാശ ലംഘനം. അന്താരാഷ്ട്രതൊഴിൽ സംഘടനയുടെ ഏറ്റവും പഴക്കം ചെന്ന കൺവെൻഷനുകളിൽ ഒന്നായ 1930 ലെ "നിർബന്ധിത തൊഴിൽ കൺവെൻഷൻ' കൂടിയാണ് ഇത് വഴി ലംഘിക്കപ്പെടുന്നത്. യൂണിയൻ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാത്തതും മൗലികാവകാശലംഘനമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 1926 ലെ ട്രേഡ് യൂണിയൻ ആക്റ്റ് എന്നിവ സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ അന്തർ സംസ്ഥാന തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും പാടെ തള്ളിക്കളയാനുള്ള ശ്രമത്തിലാണ് പല സംസ്ഥാന സർക്കാരുകളും.
ലേബർ നിയമങ്ങളുടെ പൊളിച്ചെഴുത്ത് കഴിഞ്ഞ വർഷം തന്നെ സർക്കാർ തുടങ്ങിവച്ചിരുന്നു. കോറോണാ പ്രതിസന്ധി അതിനു ആക്കം കൂട്ടിയെന്നു മാത്രം. 178 രൂപയാണ് പുതിയ മിനിമം കൂലിയായി നിജപ്പെടുത്താൻ പോകുന്നത് എന്ന് കഴിഞ്ഞ ആഗസ്റ്റിൽ തന്നെ കാബിനറ്റ് തീരുമാനം എടുത്തിരുന്നു. ആരുടെ താല്പര്യങ്ങൾ ആണ് സംരക്ഷിക്കപ്പെട്ടത് എന്നും, തൊഴിലാളിയുടെ ജീവിതവും അധ്വാനവും, തൊഴിൽ സാഹചര്യവും എത്ര ലാഘവത്തോടെയാണ് ഭരണാധികാരികൾ കാണുന്നതെന്നും മനസ്സിലാക്കാൻ ഈ ഒരൊറ്റ കാര്യം മതി. ഇന്ന് മിക്കവാറും എല്ലായിടത്തും മിനിമം കൂലി ഇതിലും എത്രയോ ഉയർന്നതാണ്. ഇനി പല സംസ്ഥാനങ്ങളിലും ഈ പ്രൊവിഷൻ ഉപയോഗിച്ചുകൊണ്ട് കൂലി ഇരുനൂറു രൂപയിൽ കുറയ്ക്കാനാണ് സാധ്യത. തൊഴിൽ മന്ത്രാലയം തന്നെ നിയോഗിച്ച വിദഗ്ധ സമിതി 375/ മുതൽ 447 രൂപ വരെയാണ് മിനിമം കൂലിയായി പരിഗണിച്ചിരുന്നത്. മാത്രമല്ല, ദീർഘകാലമായി തൊഴിലാളി സംഘടനകൾ ആവശ്യപെട്ടിരുന്നത് മിനിമം കൂലി 692 രൂപയെങ്കിലും ആയി ഉയർത്തണമെന്നായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ മിനിമം കൂലി 178 രൂപയാക്കിയത് തികച്ചും ദുരൂഹമാണ്. കോർപ്പറേറ്റ്- ദല്ലാൾ- കോണ്ട്രാക്ടർ ലോബികളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഈ നിയമം എന്നത് സുവ്യക്തമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ മിനിമം കൂലി 474 രൂപയായി വർദ്ധിപ്പിക്കുമെന്നായിരുന്നു. ജയിച്ചു മാസങ്ങൾക്കുള്ളിൽ വാഗ്ദാനങ്ങൾ നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് അവർ തുടക്കമിട്ടത്.
മാത്രമല്ല, ഇന്ന് നിലവിലുള്ള നാല്പത്തിനാല് തൊഴിൽ നിയമങ്ങളെ കേവലം നാല് കോഡുകളിലേക്ക് ഒതുക്കുകയാണ് പുതിയ നിയമം. സൂക്ഷ്മമായി പരിശോധിച്ചാൽ പരസ്പര വിരുദ്ധമായ, നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള, റെട്ടറിക്‌സ് മാത്രമാണ് പലതും. ഉദാഹരണത്തിന് അസംഘടിത മേഖലയെ പലയിടത്തും പലതരത്തിൽ ആണ് നിർവചിച്ചിരിക്കുന്നത്. അതുപോലെ, ആരോഗ്യ- സുരക്ഷാ കോഡിൽ, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ തൊഴിലുടമ ഉപേക്ഷ കാണിച്ചാൽ അതിൽ ഇടപെടാനോ, ചോദ്യം ചെയ്യാനോ തൊഴിലാളിക്കും, യൂണിയനും അവകാശമില്ലെന്നും വ്യക്തമായി പറയുന്നു. ഇതും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. മാത്രമല്ല, മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി inspector മാരെ മാറ്റി "facilitator' ആയിരിക്കും ഇനി മുതൽ പരിശോധന നടത്തുന്നത്. ഇപ്പോൾ തന്നെ ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഈ പരിശോധന നടക്കുന്നില്ല. ഇനി സൗഹാർദപരമായ facilitation എന്നതു ചുരുക്കത്തിൽ തൊഴിലുടമയുടെ പരിപൂർണ്ണ താല്പര്യം നടത്തിക്കൊടുക്കാനാണ് സാധ്യത.
ചുരുക്കത്തിൽ, അതീവഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ്, പുതിയ തൊഴിൽ നിയമങ്ങൾ നമ്മെ കൊണ്ട് പോകുന്നത്. സമരങ്ങളിലൂടെയും, സമവായ ചർച്ചകളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത പല അവകാശങ്ങളും ഒന്നൊന്നായി ഇനി കവർന്നെടുക്കപ്പെടും. എല്ലാ തൊഴിലാളി സംഘടനകളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് എന്ത് വിലകൊടുത്തും ഇത് എതിർക്കേണ്ടതാണ്.
മനുഷ്യ വിരുദ്ധമായ പുതിയ ലേബർ നിയമങ്ങൾ
ഇന്ത്യൻ തൊഴിൽ നിയമങ്ങളും, തൊഴിലാളികളുടെ അവകാശവും ആണ് സംരംഭകരെയും പുതിയ നിക്ഷേപകരെയും അകറ്റുന്നത് എന്നവാദം വളരെ ശക്തമാണ്. അതേസമയം, ഈ വാദം തികച്ചും തെറ്റാണ് എന്നാണു പഠനങ്ങൾ കാണിക്കുന്നത്.
ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ തൊഴിൽ നിയമങ്ങളും അതിന്റെ ഉപഘടകങ്ങൾ ആയ അഴിമതിയും, ബ്യൂറോക്രസിയും, ട്രേഡ് യുണിയനുകളും ഒക്കെകൂടിയാണ് ഇന്ത്യൻ വ്യവസായ പുരോഗതിയെ പിന്നോട്ട് അടിച്ചതെന്നും, അതുകൊണ്ട് കാലോചിതവും, വിപണി സൗഹൃദപരവും സർവോപരി മൂലധനത്തിന്റെ അതിരുകളില്ലാത്ത സഞ്ചാരവേഗതയെ ത്വരിതപ്പെടുത്തുന്നതുമായ ഒരുനിയോലിബറൽ തൊഴിൽനയം ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നും ഉള്ളവാദം കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി ഇന്ത്യയിലെ സ്വകാര്യ മുതലാളിത്തലോബി ആവശ്യപെടുന്നുണ്ട്. ഇന്ത്യൻ തൊഴിൽ നിയമങ്ങളും, തൊഴിലാളികളുടെ അവകാശവും ആണ് സംരംഭകരെയും പുതിയ നിക്ഷേപകരെയും അകറ്റുന്നത് എന്നവാദം വളരെ ശക്തമാണ്. അതേസമയം, ഈ വാദം തികച്ചും തെറ്റാണ് എന്നാണു പഠനങ്ങൾ കാണിക്കുന്നത്. വി.വി ഗിരി ലേബർ ഇൻസ്റ്റിട്ട്യുട്ട് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം തെളിയിക്കുന്നത് നിലനിൽക്കുന്ന ലേബർ നിയമങ്ങൾ അല്ല, സ്വകാര്യനിക്ഷേപങ്ങളെ പിന്നോട്ട് നയിക്കുന്നത് എന്നാണ്. നേരെമറിച്ച്, തൊഴിലാളികളുടെ അവകാശങ്ങൾ കൃത്യമായി നിർവചിക്കുകയും, സേവന വേതന വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുകയും ചെയ്യുമ്പോൾ ഉത്പാദനക്ഷമത വർദ്ധിക്കുകയും അതുവഴി ലാഭം സ്വാഭാവികമായി കൂടുകയും ചെയ്യുമെന്നതാണ് വാസ്തവം. തൊഴിൽ വിപണിയിലെ ഉദാരവൽക്കരണവും, തൊഴിൽ അവസരങ്ങളുടെയും, നിക്ഷേപങ്ങളുടെയും വർധനവുമായി ഒരു ബന്ധവും ഇല്ലെന്നു തന്നെയാണ് ഇന്ത്യൻ പശ്ചാത്തലത്തിൽ നടത്തിയ നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം, 1988-2008 കാലയളവിലെ കണക്കുകൾ കാണിക്കുന്നത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളെക്കാൾ കൂടുതൽ വളർച്ച ഉണ്ടായി എന്നാണ്. അതുകൊണ്ട് തൊഴിൽ നിയമങ്ങളെ ദുർബലമാക്കുന്നത് ഒരു തരത്തിലും വ്യാവസായിക വളർച്ചയെ സഹായിക്കില്ല എന്ന് മാത്രമല്ല അത് തൊഴിലാളികളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കും, പട്ടിണിയിലെക്കും തള്ളിവിടും.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ശൂന്യതയിൽ നിന്നും ഉണ്ടായതല്ല. തൊഴിൽ നിയമങ്ങൾ ആരുടേയും ഔദാര്യവും അല്ല. അതിൽ നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രവും, ചോരയും ഉണ്ട്. ഒരു മഹാമാരിയിൽ മനുഷ്യരാശി വിറങ്ങലിച്ചു നിൽക്കുമ്പോൾ ദുരന്തമുതലാളിത്തത്തിന് (distress capitalism) വേഗം വർധിപ്പിക്കാൻ വേണ്ടി നിർദാക്ഷിണ്യം എടുത്തുകളയേണ്ട ഒന്നല്ല അത്. ഒരു വശത്ത് തൊഴിലാളികൾ അനിതര സാധാരണമായ ദുരിതവും, പട്ടിണിയും, പലായനത്തിന്റെ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുമ്പോൾ മറുവശത്ത് കൂടി അവരുടെ അവശേഷിക്കുന്ന മൗലികാവകാശങ്ങൾ കൂടി അവരിൽ നിന്നും അപഹരിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ കുറ്റകൃത്യമാണ്-ഇൻസ്റ്റിറ്റ്യൂഷനൽ ക്രൈം. ജനാധിപത്യം, നൈതികമായ ചുമതലകളിൽ നിന്നും ഒളിച്ചോടുകയും, സാധാരണ മനുഷ്യരെ വെറും ഇരകൾ ആക്കി മാറ്റുകയും ചെയുന്ന നേർകാഴ്ചയാണ് നമ്മൾ ഇന്ന് കാണുന്നത്. നിരത്തിൽ പിടഞ്ഞു വീണു മരിച്ച മനുഷ്യരും, തീവണ്ടിക്കടിയിൽ അരഞ്ഞു തീർന്നവരും ഒക്കെ പേരില്ലാത്ത, മുഖമില്ലാത്ത, ബുദ്ധിയില്ലാത്ത പുറമ്പോക്ക് മനുഷ്യർ മാത്രം ആകുന്നു. നീതി തേടുന്നവനെ പീഡിപ്പിക്കുന്ന ഹിംസാത്മകമായ അധികാരവ്യവസ്ഥയാണ് ജനാധിപത്യത്തിന്റെ പ്രച്ഛന്നമായ മൂടുപടത്തിനുള്ളിൽ യഥാർത്ഥത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. വരേണ്യവർഗ്ഗം സംഘർഷത്തിൽ ആകുമ്പോൾ മാത്രം ഉണരുന്ന പ്രഖ്യാപനങ്ങളും നിയമവ്യവസ്ഥയും! അതുകൊണ്ടാണ്, ഈ പ്രതിസന്ധിഘട്ടത്തിലും, ക്ഷേമരാഷ്ട്രത്തിന്റെ നീതിബോധത്തിനു പകരം വർത്തക സംസ്‌കാരത്തിന്റെ താല്പര്യങ്ങളും, ലോകബോധവും നമ്മുടെ ജനാധിപത്യ ഭരണകൂടത്തെ നയിക്കുന്നത്. ഈ ദുരിതകാലത്തു ഏറെ വേദനിപ്പിക്കുന്ന മഹാസത്യം.