അമൃതാനന്ദമയി മഠത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്താണ്?

പല വിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി അമൃതാനന്ദമയി മഠത്തിലെത്തുന്നവരിൽ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം. ഈ മഠത്തിൽ പൊതുവിൽ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കിയാൽ തന്നെ അവിടത്തെ പ്രശ്‌നങ്ങളുടെ സ്വഭാവം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. ഈ കോർപ്പറേറ്റ് അവസ്ഥയിലേക്ക് എത്തുന്നതിന് അവർ സ്വീകരിച്ച വഴികൾ അക്രമാസക്തവും ക്രൂരവുമായിരുന്നു- കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ 52കാരിയായ ഫിൻലൻഡ് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കെ. വേണു എഴുതുന്നു.

രുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ ഫിൻലൻഡ് സ്വദേശിയായ ഒരു 52കാരി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏതാനും ദിവസം മുമ്പ് കണ്ടപ്പോൾ അത്ഭുതം തോന്നിയില്ല. കോണിയുടെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്. മരിച്ച സ്ത്രീക്ക് വിഷാദ രോഗം ബാധിച്ചിരുന്നു എന്നാണ് മഠം അധികൃതരുടെ വിശദീകരണം. ഒരു വർഷം മുൻപ് ഒരു ഇംഗ്ലണ്ടുകാരി കെട്ടിടത്തിൽ നിന്ന് ചാടി ആൽമഹത്യ ചെയ്തപ്പോഴും ഈ വിഷാദരോഗ വിശദീകരണം തന്നെയാണ് കേട്ടത്.

തീർച്ചയായും, പല വിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മഠത്തിലെത്തുന്നവരിൽ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം.
ഈ മഠത്തിൽ പൊതുവിൽ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കിയാൽ തന്നെ അവിടത്തെ പ്രശ്‌നങ്ങളുടെ സ്വഭാവം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. ഒരു പാവപ്പെട്ട മുക്കുവ കുടുംബത്തിൽ ജനിച്ച് സഹോദരീ സഹോദരന്മാർക്കൊപ്പം വളർന്നു വന്ന സുധാമണി എന്ന പെൺകുട്ടിക്ക് ശ്രദ്ധിക്കാവുന്ന പ്രത്യേക കഴിവുകളൊന്നും ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായശേഷമാണ് ദൈവികം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന പ്രത്യേക സിദ്ധികൾ സുധാമണി പ്രദർശിപ്പിക്കാൻ തുടങ്ങിയത്. ചുറ്റുപാടുമുള്ള നാട്ടുകാരെ ആകർഷിച്ച് തുടങ്ങിയ ദിവ്യശക്തി പ്രകടനങ്ങൾ ക്രമേണ രാജ്യാന്തര തലങ്ങളിലേക്ക് വരെ ആസൂത്രിതമായി തന്നെ വളർത്തിക്കൊണ്ട് വരുകയായിരുന്നു.

സുധാമണിയുടെയും ഈ മഠത്തിന്റെയും വളർച്ചയെ കുറിച്ച് പുസ്തകങ്ങളായും മറ്റ് പല രൂപങ്ങളിലും ഒട്ടേറെ റിപ്പോർട്ടുകളും വിവരണങ്ങളും ലഭ്യമാണ്. ആദ്ധ്യാത്മിക അന്വേഷണങ്ങൾക്കായി ഇന്ത്യയിലെത്തിയ ഇരുപതുകാരിയായ ഗെയിൽ ട്രെഡ് വെൽ എന്ന ആസ്‌ത്രേലിയക്കാരി ഇരുപതു വർഷം അമൃതാനന്ദമയിയുടെ വിശ്വസ്ത ശിഷ്യയായി ജീവിച്ച് അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞ് വിശ്വാസഭംഗം വന്ന് അവിടെനിന്ന് രക്ഷപ്പെട്ടതിന്റെ കഥ ‘വിശുദ്ധ നരകം' (Holy Hell) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അത് ലഭ്യമാണ്. ട്രെഡ് വെല്ലിന്റെ വിശ്വാസ തീവ്രത അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ വിശദീകരണങ്ങൾ വിശ്വസനീയമായി അനുഭവപ്പെടും.

കൃഷ്ണഭാവം, ദേവീഭാവം എന്നീ പേരുകൾ നൽകി കൃഷ്ണന്റെയും ദേവിയുടെയും വേഷത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വൈകുന്നേരങ്ങളിൽ ഭക്തിഗാനങ്ങളുടെ പശ്ചാത്തലത്തിൽ സുധാമണി ഭക്തർക്ക് അനുഗ്രഹം നൽകുന്ന ചടങ്ങുകളായിട്ടാണ് ഈ മഠത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആ ഘട്ടത്തിൽ നാട്ടുകാർ തന്നെയാണ് ഭക്തരായി എത്താറുള്ളത്. ആ ചടങ്ങിന്റെ സമയത്ത് രാധാമണിയിൽ കൃഷ്ണന്റെയും ദേവിയുടെയും ദൈവികഭാവങ്ങൾ മിന്നിമറയാറുണ്ടെന്ന ധാരണയാണ് നാട്ടുകാരിൽ സൃഷ്ടിക്കപ്പെട്ടത്. അത് സ്വാഭാവികമായി വളർന്നുവന്നതാണോ ആസൂത്രിതമായി കരുപിടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. രണ്ടാമത്തേതിനാണ് സാദ്ധ്യത കൂടുതൽ.

രോഗങ്ങളും ദുഃഖങ്ങളുമായി വരുന്ന ഭക്തർക്ക് സുധാമണിയുടെ അനുഗ്രഹം ശാന്തി നൽകുന്നു എന്ന ധാരണ പ്രചരിക്കാൻ തുടങ്ങി. വിശ്വാസബന്ധിയായ ഇത്തരം ധാരണകളുടെ വാസ്തവാവസ്ഥ ചികഞ്ഞു നോക്കാൻ ആരും മിനക്കെടാറില്ല. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. സുധാമണി ദൈവികാംശമുള്ള അമ്മയായി അറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഈ പ്രചാരണം കേരളത്തിനുപുറത്ത് ഇന്ത്യയിലെമ്പാടും ലോകനിലവാരത്തിൽ തന്നെയും വ്യാപിക്കാൻ തുടങ്ങി. മാനേജ്‌മെന്റിനെ കുറിച്ച് ധാരണയുണ്ടായിരുന്നവരും സുധാമണിയോട് അടുപ്പമുണ്ടായിരുന്നവരുമായ ചിലർ വളർന്നു വരുന്ന സാഹചര്യം ശരിയായി മനസ്സിലാക്കി ഇടപെട്ടതു കൊണ്ടാണ് ഈ മഠം ഇന്ന് കാണുന്ന വലിയൊരു കോർപറേറ്റ് അവസ്ഥയിലേക്ക് പരിണമിച്ചത്.

ഈ കോർപറേറ്റ് സംവിധാനം ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചികിത്സാ കേന്ദ്രങ്ങളുമാണ് പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ. ഒന്നും സൗജന്യ സേവനം ചെയ്യുന്നവയല്ല. മറ്റു കോർപ്പറേറ്റ് സ്ഥാപനങ്ങളെ പോലെ തലവരിപ്പണം വരെ ഈടാക്കുന്നവയാണ്. എല്ലാ വൻകിട സ്ഥാപനങ്ങളെയും പോലെ ലാഭത്തിന്റെ ഒരു വിഹിതം സൗജന്യ സേവനങ്ങൾക്കായി മാറ്റി വെക്കുകയും ചെയ്യുന്നു. അമ്മയുടെ പേരിൽ നടക്കുന്ന ഈ സേവനങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നു എന്നു മാത്രം.

ഈ കോർപ്പറേറ്റ് അവസ്ഥയിലേക്ക് എത്തുന്നതിന് അവർ സ്വീകരിച്ച വഴികൾ അക്രമാസക്തവും ക്രൂരവുമായിരുന്നു. വർഷങ്ങൾക്കുമുൻപ് ഈ ലേഖകൻ സമീക്ഷ എന്ന പേരിൽ ഒരു ആനുകാലികം പ്രസിദ്ധീകരിച്ചിരുന്നു. ഒരു ലക്കത്തിൽ ആൾദൈവങ്ങൾ പണം സമാഹഹരിക്കുന്ന ദുരൂഹ മാർഗങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അമൃതാനന്ദമയിയും അതിൽ ഉൾപ്പെട്ടിരുന്നു. അത് കണ്ടിട്ട് ചിലർ ഞങ്ങളെ സന്ദർശിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഒരാളുടെ അനുജൻ മഠത്തിൽ ചേർന്ന് ശിഷ്യത്വം സ്വീകരിച്ചതോടെ സഹോദരനെ കാണാൻ മഠത്തിൽനിന്ന് ആളുകളെത്തി. അനുജന് അവകാശപ്പെട്ട സ്വത്തുവകകൾ മഠത്തിലേക്ക് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട്. വിസമ്മതിച്ചപ്പോൾ ഗുണ്ടാ സംഘത്തെപ്പോലെ ഭീഷണിപ്പെടുത്തുകയാണ് അവർ ചെയ്തത്. വഴങ്ങരുതെന്ന് ഞങ്ങൾ ഉപദേശിച്ചെങ്കിലും അവർ ഭീഷണിക്ക് കീഴ്‌പ്പെടുകയാണുണ്ടായത്. മകനുവേണ്ടി സ്വത്തെല്ലാം മഠത്തിലേക്ക് എഴുതിക്കൊടുത്ത ഒരച്ഛനും അമ്മയും അവസാനം മഠത്തിലെ കൂലിയില്ലാ ജോലിക്കാരായ അവസ്ഥയും ഞങ്ങൾ കാണുകയുണ്ടായി. ഇത്തരം അനവധി കഥകൾ മഠവുമായി ബന്ധപ്പെട്ട് കേൾക്കാൻ കഴിയും.

ഗെയിൽ ട്രെഡ് വെൽ
ഗെയിൽ ട്രെഡ് വെൽ

മഠത്തിനുള്ളിലെ അവസ്ഥയിലേക്ക് കടന്നാൽ ഗെയിൽ പറഞ്ഞ കഥയുടെ തുടർച്ച തന്നെയാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നതിന്റെ നല്ല ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ ആത്മഹത്യാ റിപ്പോർട്ട്. ഗെയിലിന് ഉണ്ടായതുപോലത്തെ ദൈവികമായ ഉൾവിളി കൊണ്ടോ മഠത്തെ കുറിച്ചും അമ്മയെ കുറിച്ചും പ്രചരിക്കുന്ന അപദാനങ്ങളിൽ ആകൃഷ്ടരായോ സമാനമായ മറ്റു കാരണങ്ങൾ കൊണ്ടോ അവിടെ എത്തിപ്പെടുന്നവരാണ്
അന്തേവാസികളിൽ ഭൂരിപക്ഷവും. ഗുരുവിന്റെ ശിഷ്യരായി മാത്രമേ അന്തേവാസികൾക്ക് അവിടെ തുടരാനാകൂ. പക്ഷെ ചരിത്രത്തിൽ നമുക്ക് പരിചയമുള്ള ഗുരുശിഷ്യ ബന്ധമല്ല സുധാമണി ഈ മഠത്തിൽ നടപ്പിലാക്കിയത്. ശിഷ്യർ ആണായാലും പെണ്ണായാലും ഗുരുവിനുമുന്നിൽ പൂർണമായും അടിമകളായിരിക്കണമത്രേ. സുധാമണിയുടെ കർക്കശമായ നിബന്ധന ഇതായിരുന്നു എന്നാണ് ഗെയിൽ പറയുന്നത്.

അടിമ - യജമാനൻ ബന്ധം എന്തായാലും ഗുരു- ശിഷ്യ ബന്ധമാവുക സാദ്ധ്യമല്ലതാനും. ശിഷ്യരെ മുഴുവൻ അടിമകളാക്കാൻ ആഗ്രഹിക്കുന്ന സുധാമണിയുടെ മാനസികാവസ്ഥ രോഗമുക്തമാണെന്ന് പറയാനാവില്ല. അധികാരോന്മാദിയായ ഗുരുവിനുകീഴിൽ അടിമകളാക്കപ്പെടുന്ന ശിഷ്യർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ പ്രവചനാതീതമായിരിക്കും. ഭൂരിപക്ഷം പേരും ആത്മഹത്യയിലേക്കെത്താത്ത അത്തരം അവസ്ഥകളിൽ പെട്ട് ഉഴലുന്നവരായിരിക്കും.

ഭക്തരെ എളുപ്പം ആകർഷിക്കാൻ കഴിയുന്ന തലോടൽ- ആലിംഗന രീതികൾ സുധാമണി സമർത്ഥമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. നൈമിഷികമായ ഒരു സാന്ത്വനം മാത്രമാണ് അനുഭവപ്പെടുന്നതെന്ന് ഭക്തർക്കറിയാം. എങ്കിലും അവരതിനുപിന്നാലെ പൊയ്‌ക്കൊണ്ടിരിക്കും. ക്രിസ്ത്യൻ പാതിരിമാർ നടത്താറുള്ള പ്രാർത്ഥനാമേളകളിലും ശബ്ദവും ഗന്ധവും വെളിച്ചവും എല്ലാം ചേർന്നുള്ള മാസ്മരികാന്തരീക്ഷമാണ് ഭക്തർക്ക് താൽക്കാലിക നിർവൃതി അനുഭവവേദ്യമാക്കുന്നത്.

നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷം പേരും വിശ്വാസികളായതുകൊണ്ട് ഇത്തരം ആൾദൈവങ്ങൾക്ക് എളുപ്പത്തിൽ ഉയർന്നു വരാനാകുന്നു. സമൂഹത്തിലെ പ്രമുഖർ, രാഷ്ട്രീയ നേതാക്കന്മാർ, മന്ത്രിമാർ, ജഡ്ജിമാർ പോലും ഇത്തരക്കാരുടെ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുമ്പോൾ ഇവർക്കുകീഴിൽ എന്ത് അതിക്രമം നടന്നാലും ആരും ചോദ്യം ചെയ്യാനുണ്ടാവില്ല. മാധ്യമങ്ങൾ പോലും സ്വതന്ത്ര അന്വേഷണങ്ങൾക്ക് തയ്യാറാവുകയില്ല.

ഇടയ്ക്കിടയ്ക്ക് നടക്കുന്ന ആത്മഹത്യകൾക്കപ്പുറം എടുത്തുപറയേണ്ട ഒരു അതിക്രമത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ. എട്ടൊമ്പത് വർഷങ്ങൾക്കമുൻപ് ബീഹാറിലെ ഗയയിൽ നിന്ന് സത്‌നാം സിംഗ് മാൻ എന്ന ഒരു നിയമ വിദ്യാർത്ഥി ഈ മഠത്തിലെത്തി. ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുന്നതിനിടയിൽ സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചു എന്നാരോപിച്ച് പൊലീസിൽ എൽപ്പിക്കപ്പെടുകയും മനോരോഗിയായി മുദ്രകുത്തി മനോരോഗചികിൽസാ കേന്ദ്രത്തിൽ കുറ്റവാസനക്കാരോടൊപ്പം തടവിലാക്കപ്പെടുകയും ചെയ്തു.
ദിവസങ്ങൾക്കുള്ളിൽ ആ വിദ്യാർത്ഥി ആ കുറ്റവാളികളാൽ കൊല്ലപ്പെടുകയും ചെയ്തു. ആ വിദ്യാർത്ഥിക്കെതിരായി നടന്നതെല്ലാം ആസൂത്രിതമായിരുന്നു. ബീഹാറിൽ നിന്നുള്ള ആ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ഇവിടെ പോലീസിൽ പരാതിപ്പെടുകയും മറ്റ് അധികാരികളോട് നിരന്തരം അഭ്യർഥിച്ചുകൊണ്ടിരുന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. മാധ്യമങ്ങളും അവഗണിച്ചു. അതാണവസ്ഥ.


Summary: പല വിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി അമൃതാനന്ദമയി മഠത്തിലെത്തുന്നവരിൽ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം. ഈ മഠത്തിൽ പൊതുവിൽ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കിയാൽ തന്നെ അവിടത്തെ പ്രശ്‌നങ്ങളുടെ സ്വഭാവം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. ഈ കോർപ്പറേറ്റ് അവസ്ഥയിലേക്ക് എത്തുന്നതിന് അവർ സ്വീകരിച്ച വഴികൾ അക്രമാസക്തവും ക്രൂരവുമായിരുന്നു- കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ 52കാരിയായ ഫിൻലൻഡ് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കെ. വേണു എഴുതുന്നു.


Comments