ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനാകുമോ?
സുപ്രീംകോടതി വിധിക്കുശേഷം ഉയരുന്ന ചോദ്യങ്ങൾ

പാചകത്തിന് ഉയർന്ന ജാതിക്കാരെയും തോട്ടിപ്പണിക്ക് താഴ്ന്ന ജാതിക്കാരെയും നിയോഗിക്കുകയാണ് ഇന്നും ഇന്ത്യയിലെ ജയിലുകൾ. ജയിലിലെ ജോലികൾ ആർക്ക് നൽകണമെന്ന് നിശ്ചയിക്കുന്നത് അവരുടെ ജാതിയാണ്. പതിറ്റാണ്ടുകളായി തുടർന്നിരുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകൾ ഇത്തരത്തിൽ പരിഷ്കരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ ഇടപെടൽ കൊണ്ടുമാത്രം ജയിലുകളിലെ ജാതിവിവേചനം അവസാനിക്കുമോ?

രാജ്യത്തെ ജയിലുകളിൽ തുടരുന്ന ജാതിവിവേചനത്തിനെതിരായ സുപ്രീംകോടതി ഇടപെടൽ പുരോഗമനപരമായ മാറ്റത്തിനുള്ള ഒരു തുടക്കമാണ്. താഴ്ന്ന ജാതിക്കാരായ തടവുകാർക്ക് തോട്ടിപ്പണിയും ഉന്നത ജാതിയിലുള്ള തടവുകാർക്ക് പാചകവും അടുക്കള ജോലിയും നൽകുന്ന രീതി പല സംസ്ഥാനങ്ങളിലും തുടരുന്നു. ജാതി അടിസ്ഥാനത്തിൽ സെല്ലുകൾ പോലും തിരിച്ചിരുന്നു. ബംഗാളിലെയും ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയുമടക്കം ജയിൽ മാന്വൽ പോലും ഇത്തരം വിവേചനങ്ങളുടെ പാഠപുസ്തകങ്ങളായിരുന്നു.

ജയിലുകളിൽ ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽവിവേചനം നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് സുപ്രീംകോടതി നിരീക്ഷണം. പല സംസ്ഥാനങ്ങളിലെയും ജയിലുകളിൽ ജാതി അടിസ്ഥാനത്തിൽ തൊഴിൽ വിഭജനം നടക്കുന്നതായും ജയിൽ മാന്വൽ അതിനെ പ്രോത്സാഹിപ്പിക്കുന്നതായും സുപ്രീംകോടതിയും തുറന്നു സമ്മതിക്കുകയാണ്. ജയിൽ മാന്വലിലെ വിവേചന ചട്ടങ്ങൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കുകയും ചെയ്തു.

“മാലിന്യ ടാങ്കുകൾ വൃത്തിയാക്കാൻ തടവുകാരെ ഉപയോഗിക്കരുത്. എല്ലാ തടവുകാർക്കും മാന്യമായ തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. ജാതിയടിസ്ഥാനത്തിൽ താഴ്ന്ന ജാതിക്കാർക്ക് തോട്ടിപ്പണിയും ഉന്നത ജാതിയിലുള്ളവർക്ക് പാചക ജോലികളും നൽകുന്ന വിവേചനപരമായ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണ്. തടവുകാരോട് മനുഷ്യത്വം കാണിക്കണം. ജയിൽ രജിസ്റ്ററിൽ നിന്ന് ജാതി കോളം ഒഴിവാക്കുകയും സ്ഥിരം കുറ്റവാളികളെ ജാതിയുടെ അടിസ്ഥാനത്തിൽ നിർവചിക്കുന്നത് അവസാനിപ്പിക്കുകയും വേണം.” - സുപ്രീം കോടതി പറഞ്ഞു.

1984-ലെ പ്രിസൺസ് ആക്ടിനെ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനങ്ങളും പ്രത്യേകമായി ജയിൽ മാന്വലുകൾ രൂപപ്പെടുത്തിയത്. ഈ മാന്വലുകളിൽ തടവുകാർക്കുള്ള ഇടം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്നുണ്ട്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക,തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങളിലെ വിവിധ ഭാഗങ്ങളാണ് ഭരണഘടനാ വിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചത്. ഈ മാന്വലുകളിൽ ജാതിവിവേചനവും ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും നടക്കുന്നുവെന്നാണ് കോടതി നിരീക്ഷണം. കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിരം കുറ്റവാളികളുടെ നിർവചനം ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. കോടതി ഇടപെടൽ കൊണ്ടുമാത്രം ജയിലുകളിലെ ജാതിവിവേചനം അവസാനിക്കുമോയെന്ന ചോദ്യം ഇതിനിടയിൽ ഉയരുന്നുണ്ട്.

ജയിലുകളിൽ ജാതി അടിസ്ഥാനത്തിൽ തൊഴിൽ വിഭജനം നടക്കുന്നുണ്ടെന്നും ജയിൽ മാന്വൽ അതിനെ പ്രോത്സാഹിപ്പിക്കുന്നെന്നും സുപ്രീംകോടതിയും തുറന്ന് സമ്മതിച്ചിരിക്കുന്നു.
ജയിലുകളിൽ ജാതി അടിസ്ഥാനത്തിൽ തൊഴിൽ വിഭജനം നടക്കുന്നുണ്ടെന്നും ജയിൽ മാന്വൽ അതിനെ പ്രോത്സാഹിപ്പിക്കുന്നെന്നും സുപ്രീംകോടതിയും തുറന്ന് സമ്മതിച്ചിരിക്കുന്നു.

“സമൂഹത്തിൽ നിലനിൽക്കുന്ന ജാതിയെന്ന യാഥാർത്ഥ്യത്തെ ഒരു ഉത്തരവ് കൊണ്ട് മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് ജയിലിലാണെങ്കിലും പുറത്താണെങ്കിലും. ബ്രാഹ്മണിക്കൽ വ്യവസ്ഥിതിയുടെ ഭാഗമാണ് ഇത്തരം വിവേചനങ്ങൾ. നിലവിലുള്ള ജയിൽ സിസ്റ്റത്തെ പൂർണ്ണമായും മാറ്റി പുതിയൊരു തലത്തിലേക്ക് കൊണ്ടുവരാതെ ഈ വിവേചനങ്ങൾ അവസാനിക്കില്ല” - പന്തീരങ്കാവ് മാവോവാദി കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച താഹ ഫസൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. “ഇന്ത്യയിലെ ജയിലുകളിൽ ‘ഉയർന്ന ജാതി’യിൽപ്പെട്ടവർ കുറവാണെന്ന് കാണാം. കാരണം അവരെ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയും സ്വാധീന ശക്തിയുമുണ്ട് എന്നതാണ് അതിന് കാരണം. ജാതി അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതം പരിശോധിക്കുമ്പോൾ, ഇന്ത്യൻ ജയിലുകളിൽ ദളിത്, മുസ്ലിം, ആദിവാസി വിഭാഗക്കാരാണ് കൂടുതലുമുള്ളതെന്ന് മനസ്സിലാകും. ഇവർക്ക് ജയിലിനകത്തെ പ്രധാന ജോലികൾ ലഭിക്കുന്നത് വിരളമാണ്. സുപ്രീംകോടതി വിധി പുറപ്പെടുവിപ്പിച്ചുവെങ്കിലപം നിലവിലെ സാഹചര്യം അങ്ങനെ തന്നെ തുടരാനാണ് സാധ്യത,” - താഹ ഫസൽ കൂട്ടിച്ചേർത്തു.

താഹ ഫസൽ
താഹ ഫസൽ

ജാതി അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ അനുവദിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയുടെ 14, 15, 17, 21, 23 എന്നിവ ലംഘിക്കുന്നതാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തെ ഇകഴ്ത്തുന്നതിനല്ലാതെ ഇത്തരം വ്യവസ്ഥകൾ സഹായകമാകുന്നുമില്ല. ‘മേത്തർ’ പോലുള്ള താഴ്ന്ന ജാതിക്കാരെ തൂപ്പുജോലിക്കായി നിയോഗിക്കണമെന്നാണ് യു.പിയിലെയും രാജസ്ഥാനിലെയും ജയിൽ മാന്വലിൽ പറയുന്നത്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിലും സമാന വ്യവസ്ഥകളുണ്ട്. പാചകത്തിന് ഉയർന്ന ജാതിയിൽ പെട്ടവരെ ഉപയോഗിക്കണമെന്നാണ് പശ്ചിമ ബംഗാളിലെ മാന്വലിലുള്ളത്. ഭക്ഷണം വിളമ്പാനും ഇവരെ നിയോഗിക്കണമെന്നാണ് പറയുന്നത്. ജയിൽ മാന്വലിലെ സെക്ഷൻ 741-ലാണ് ഉയർന്ന ജാതിയിലുള്ളവരാണ് ഭക്ഷണം പാചകം ചെയ്യേണ്ടതെന്ന് പറയുന്നത്. അതേ സമയം പാചകം ചെയ്യേണ്ടവരുടെ ജാതി ഏതാണെന്ന് പേരെടുത്ത് പറയുന്നില്ല. ചണ്ഡാളർ, മേത്തർ, ഹരി പോലുള്ള ജാതികളിൽ നിന്നാണ് തൂപ്പുജോലിക്കാരെ നിയമിക്കേണ്ടതെന്നും ബംഗാളിലെ ജയിൽ മാന്വലിലെ സെക്ഷൻ 791-ൽ പറയുന്നു.

“കേരളത്തിലെ ജയിലുകളിൽ ജാതി പ്രവർത്തിക്കുന്നുണ്ട് എന്നത് സത്യമാണ്. അത്തരം അനുഭവങ്ങൾ ഒരുപാടുണ്ട്. ജയിലിൽ, പാചകത്തിന് കറുത്ത നിറത്തിലുള്ള ഒരാളെ വെച്ചത് ഓർക്കുന്നു. പക്ഷേ, കറുത്ത നിറത്തിലുള്ള ആ മനുഷ്യനെ കണ്ടാൽ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതോടെ, തൊട്ടടുത്ത ദിവസം തന്നെ പാചക ജോലിയിൽ നിന്ന് മാറ്റി. 2020-ൽ കേരളത്തിൽ, വിയ്യൂർ ജയിലിൽ നടന്ന സംഭവമാണിതെന്ന് ഓർക്കണം. നിറത്തിന്റെയും ജാതിയുടെയുമെല്ലാ പേരിൽ മനുഷ്യരെ വിഭജിക്കുന്നത് കേരളത്തിലെ ജയിലുകളിലും സർവ്വ സാധാരണമാണ്. തിരുവനന്തപുരത്തെ പൂജപ്പുര ജയിലിൽ ഇന്നും കൊളോണിയൽ ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. കഴിഞ്ഞ ദിവസം, തവനൂർ സെൻ്രൽ ജയിലിൽ തമിഴ് വിഭാഗത്തിൽപ്പെട്ട, രാഷ്ട്രീയത്തടവുകാരിൽ കുറച്ചുപേർ സമരം ചെയ്യുകയുണ്ടായി. തമിഴ് തടവുകാർക്ക് എതിരെയുള്ള വിവേചനങ്ങൾ അവസാനിപ്പിക്കുക, ജയിലിൽ തമിഴ് പത്രം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കേരളത്തിന്റെ ജയിൽ മാന്വലിൽ ജാതി വിവേചനമോ വിഭാഗീയതയോ ഒന്നുമുണ്ടെന്ന് തോന്നിയിട്ടില്ല. എന്നാൽ അത് കടലാസിൽ ഇല്ലെന്നേ ഉള്ളൂ. പ്രകടമായി തന്നെ ജയിലിനകത്ത് അത് കാണാൻ കഴിയും” - പന്തീരാങ്കാവ് മാവോവാദി കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച അലൻ ഷുഹൈബ് ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു.

അലൻ ഷുഹൈബ്
അലൻ ഷുഹൈബ്

“നമ്മുടെ പുറത്തെ സമൂഹത്തിൽ ജാതിവിവേചനം പ്രകടമാണ്. അങ്ങനെ വരുമ്പോൾ ജയിലുകളിലെ അവസ്ഥ എന്തായിരിക്കും? പ്രത്യേകിച്ച് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത ഒരിടത്ത്. കടലാസിൽ എഴുതിയില്ലെന്ന് കരുതി ജാതി ഇല്ലാതാകുന്നില്ല. കോടതി നിർദേശം കൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. ജയിലിന് പുറത്തുള്ളവർക്ക് ജാതിവിവേചനം നേരിട്ടാൽ അത് നിയമപരമായി ചോദ്യം ചെയ്യാൻ കഴിഞ്ഞേക്കും. അയാൾക്ക് വേണ്ടി സംസാരിക്കാൻ ആളുകൾ ഉണ്ടാവും. എന്നാൽ, ജയിലിനകത്ത് സ്ഥിതി ഇതല്ല. ഇത്തരത്തിലൊരു കോടതി വിധി ഉണ്ടെന്ന് അറിയാൻ പോലും ജയിലിനകത്തുള്ളവർക്ക് സാധിച്ചെന്ന് വരില്ല. കാരണം അതിനെക്കുറിച്ച് അറിയണമെങ്കിൽ പത്രം കിട്ടണമല്ലോ. ജയിലിന്റെ സ്വഭാവം അതാണ്, ജയിലിനെതിരെയുള്ള വാർത്തകൾ സെൻസർ ചെയ്യപ്പെടും. അതുകൊണ്ട് തന്നെ, കോടതി നിർദേശം നല്ലതാണെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്” - അലൻ ഷുഹൈബ് വിശദീകരിച്ചു.

1951-ലെ രാജസ്ഥാൻ ജയിൽ മാന്വലിൽ ‘മേത്തർ’ എന്ന ജാതിപ്പേര് ഒമ്പത് തവണയാണ് ഉപയോഗിച്ചത്. തോട്ടിപ്പണി ചെയ്യുന്ന താഴ്ന്ന ജാതിയിലുള്ളവരാണിവർ. ‘മേത്തർ’ എന്ന ഹിന്ദി വാക്കിന്റെ അർഥം പോലും തോട്ടിപ്പണി എന്നാണ്. ഇംഗ്ലീഷിലെഴുതിയ ജയിൽ മാന്വലിൽ മേത്തർ എന്ന ഹിന്ദി പദം ഉപയോഗിച്ചത് നിഷ്കളങ്കമായല്ലെന്ന് ചുരുക്കം. ജയിലിലെ തോട്ടിപ്പണികൾ ചെയ്യേണ്ടത് മേത്തർ വിഭാഗത്തിലുള്ളവരാണെന്ന് മാന്വലിൽ തന്നെ പറയുമ്പോൾ വലിയ തരത്തിലുള്ള ജാതി വിവേചനത്തിനാണ് ഇത് വഴിവെക്കുന്നത്. ഇങ്ങനെ വേർതിരിക്കുന്നത് കുറ്റവാളികൾക്കിടയിൽ ഈ വിഭാഗത്തിലുള്ള മനുഷ്യരോടുള്ള ശത്രുത വളർത്താൻ വരെ കാരണമാകുന്നു. രാജസ്ഥാനിലെ തന്നെ ജയിൽ മാന്വൽ പ്രകാരം വനിതാ ജയിലുകളിൽ മേത്തർ വിഭാഗത്തിൽ പെട്ട ആളുകൾ ഇല്ലെങ്കിൽ പുരുഷൻമാരായ രണ്ടോ മൂന്നോ പേരെ ഈ ജോലികൾക്കായി തെരഞ്ഞെടുക്കാമെന്നും വ്യവസ്ഥയുണ്ട്. താഴ്ന്ന ജാതിക്കാരായ ഒരു കുറ്റവാളിയെയും കിട്ടിയില്ലെങ്കിൽ ഒരു സ്വീപ്പറെ നിയമിക്കാമെന്നും രാജസ്ഥാൻ ജയിൽ മാന്വലിൽ പറയുന്നു.

1951-ലെ രാജസ്ഥാൻ ജയിൽ മാന്വലിൽ ‘മേത്തർ’ എന്ന ജാതിപ്പേര് ഒമ്പത് തവണയാണ് ഉപയോഗിച്ചത്. ‘മേത്തർ’ എന്ന ഹിന്ദി വാക്കിന്റെ അർഥം പോലും തോട്ടിപ്പണി എന്നാണ്.
1951-ലെ രാജസ്ഥാൻ ജയിൽ മാന്വലിൽ ‘മേത്തർ’ എന്ന ജാതിപ്പേര് ഒമ്പത് തവണയാണ് ഉപയോഗിച്ചത്. ‘മേത്തർ’ എന്ന ഹിന്ദി വാക്കിന്റെ അർഥം പോലും തോട്ടിപ്പണി എന്നാണ്.

1951-ലെ രാജസ്ഥാൻ ജയിൽ മാന്വലിൽ തന്നെ പാചകം ചെയ്യേണ്ടതും അടുക്കള ജോലികളിൽ ഏർപ്പെടേണ്ടതും ബ്രാഹ്മണരോ ഉയർന്ന ജാതിക്കാരോ ആയിരിക്കണമെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള ശുദ്ധി - അശുദ്ധി ആശയങ്ങൾ ജയിൽ മാന്വലിൽ പോലും എടുത്തുപറയുമ്പോൾ ജയിലിനകത്തെ സാഹചര്യങ്ങൾ എത്രമാത്രം ജാതീയമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ 2022-ൽ പുതുക്കിയ രാജസ്ഥാനിലെ ജയിൽ മാന്വലിൽ മുമ്പ് ഉപയോഗിച്ച ‘മേത്തർ’ എന്ന വാക്കിന് പകരം സ്വീപ്പർ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ‘മേത്തർ’, ‘ബ്രാഹ്മിൻ’ തുടങ്ങിയ ജാതിപ്പേരുകൾ 2022-ൽ രാജസ്ഥാൻ പുറത്തിറക്കിയ ജയിൽ മാന്വലിൽ പറയുന്നില്ല. 2020-ൽ ദി വയറിലെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായ സുകന്യകാന്ത നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് 2022-ൽ രാജസ്ഥാനിലെ ജയിൽ മാന്വൽ മാറ്റുന്നതിലേക്കും 2024-ൽ സുപ്രീംകോടതി ഈ സുപ്രധാന വിധി പറയുന്നതിലേക്കും എത്തിയത്. 2020-ൽ ഇന്ത്യൻ ജയിൽ സംവിധാനത്തിലെ വിഷയങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്ന സുകന്യയുടെ പുസ്തകം പുറത്ത് വന്നിരുന്നു. ഇന്ത്യൻ ജയിലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെക്കുറിച്ച് രാജ്യത്തെ വിവിധ ജയിലുകൾ സന്ദർശിച്ച് സുകന്യ പഠനം നടത്തുകയും തുടർന്ന് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിക്കുകയുമായിരുന്നു. 2022-ൽ രാജസ്ഥാനിലെ ജയിൽ മാന്വലിൽ നിന്ന് ജാതിവിവേചനം നീക്കിയെങ്കിലും ജയിലിലെ സാഹചര്യങ്ങൾ മാറിയോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ജയിലുകളിൽ ജാതി വിവേചനം ഇല്ലെന്ന് ഉറപ്പിക്കാൻ ജില്ലാ, സംസ്ഥാന തലത്തിലുള്ള ലീഗൽ സർവീസ് അതോറിറ്റികളോട് ഇടയ്ക്കിടെ ജയിൽ സന്ദർശനം നടത്താനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

‘നിറത്തിന്റെയും ജാതിയുടെയുമെല്ലാ പേരിൽ മനുഷ്യരെ വിഭജിക്കുന്നത് കേരളത്തിലെ ജയിലുകളിലും സർവ്വ സാധാരണമാണ്. തിരുവനന്തപുരത്തെ പൂജപ്പുര ജയിലിൽ ഇന്നും കൊളോണിയൽ ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല’
‘നിറത്തിന്റെയും ജാതിയുടെയുമെല്ലാ പേരിൽ മനുഷ്യരെ വിഭജിക്കുന്നത് കേരളത്തിലെ ജയിലുകളിലും സർവ്വ സാധാരണമാണ്. തിരുവനന്തപുരത്തെ പൂജപ്പുര ജയിലിൽ ഇന്നും കൊളോണിയൽ ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല’

ജാതിസംഘർഷം കണക്കിലെടുത്ത് തമിഴ്നാട്ടിലെ തൂത്തുകുടിയിൽ വ്യത്യസ്ത ജാതിയിലുള്ള തടവുകാരെ വ്യത്യസ്ത സെല്ലുകളിൽ പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി അംഗീകാരം നൽകിയിരുന്നു. ഇതും സുപ്രീംകോടതി റദ്ദ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ ജയിലുകളിൽ ജാതി വിവേചനം നടക്കുന്നതായും തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്നതായുമുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ്നാട്ടിലെ പാളയം കോട്ടയിലെ ജയിലിലാണ് ഉദ്യോഗസ്ഥർ തടവുകാരെ ജാതി തിരിച്ച് വിവിധ സെല്ലുകളിൽ പാർപ്പിച്ചിരുന്നത്. തടവുകാരെ തേവർ, നാടാർ, ദലിത് എന്നിങ്ങനെ ജാതി തിരിച്ച് വിവിധ സെല്ലുകളിൽ പാർപ്പിക്കുന്നതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.

ജയിലിലെ ഉദ്യോഗസ്ഥർ തടവുകാരെ ജാതിപ്പേര് ചേർത്ത് വിളിക്കുന്നതായും വിവിധ ജാതിയിലുള്ള ആളുകൾ തമ്മിൽ ഇടകലരുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നതായും പരാതി ഉയർന്നിരുന്നു. തിരുനെൽവേലിയിലും സമീപ പ്രദേശങ്ങളിലും വർഷങ്ങളായി നടക്കുന്ന ജാതി സംഘർഷം കണക്കിലെടുത്താണ് വിവിധ സെല്ലുകളിലേക്ക് മാറ്റിയതെന്നും വിവിധ ജാതിയിലുള്ളവരെ ഒരുമിച്ച് നിർത്തിയാൽ സംഘർഷം തുടരുമെന്നുമായിരുന്നു ജയിലിലെ ഉദ്യോഗസ്ഥരുടെ വാദം. ഇത്തരത്തിലുള്ള വിവേചനപരമായ ചട്ടങ്ങൾ റദ്ദ് ചെയ്യുന്നതിനൊപ്പം ജയിലുകളിൽ തുടരുന്ന ജാതി വിവേചനം പൂർണമായും അവസാനിക്കേണ്ടതുണ്ട്. അതിന് സുപ്രീം കോടതി വിധി കൊണ്ട് മാത്രം സാധിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Comments