റസാഖ് മുറിച്ചുകളഞ്ഞ വര

ന്നലെ അതിരാവിലെ ഒരുമിച്ചുള്ളൊരു യാത്രയുടെ പ്ലാനിംഗിനായി നവീൻരാജിൻ്റെ വീട്ട്പടിക്കലെത്തിയതായിരുന്നു ഞാൻ. എന്ത്കൊണ്ടോ, ചെന്നിരുന്നപാടേ ഷെൽവിയെക്കുറിച്ചാണ് നവീൻ പറഞ്ഞ്തുടങ്ങിയത്. എന്തിനാണ് പറച്ചിലുകളിലേക്ക് ഷെൽവിയെ എടുത്തിട്ടെതെന്ന് ആർക്കറിയാം. ജീവിതം അവസാനിപ്പിച്ചു കളയുന്നതിൻ്റെ സങ്കടകരമായ ഏതോ ചുരംവഴിയാണ് നവീൻ്റെ ഇടർച്ചകൾ ഇറങ്ങിവന്നത്. ഏതാണ്ട് 12.30 ഓളം ആ ചർച്ച നീളുന്നതിനിടയിലാണ് രാമനാട്ടുകരയിൽ നിന്ന് സജിത്തിൻ്റെ നമ്പർ എൻ്റെ ഡയലിൽ കിടന്നിളകിയത്. BSNL ന് ഒരു റേഞ്ചുമില്ലാത്ത വീട്ടുമുറികളായിരുന്നു അയാളുടെത്. മുറിഞ്ഞ് മുറിഞ്ഞ് പോകുന്ന സജിത്തിൻ്റെ ശബ്ദത്തോട് ഞാൻ ദേഷ്യപ്പെടാൻതുടങ്ങിയപ്പോൾ ഫോൺ കട്ട്‌ ചെയ്ത് അയാൾ വാട്സാപ്പിലേക്ക് കയറിവന്നു.

" റസാഖ് പയമ്പ്രോട്ട് വിട്ടു പോയി " എന്നായിരുന്നു എഴുതിയിരുന്നത്.

പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് റസാഖിൻ്റെ ഒടുവിലത്തെ പോസ്റ്റ് കാർഡ് എൻ്റെ കൈയ്യിലെത്തുന്നത്. നിലച്ചുപോയ മാസിക പുനഃപ്രസീദ്ധീകരണം നടത്തേണ്ടതുണ്ടോ എന്ന അഭിപ്രായശേഖരണത്തിനാണ് ആ അന്ത്യ എഴുത്തിട്ടത്. ഉള്ളടക്കം ഉടച്ച് വാർക്കണമെന്നും മട്ട് മാറ്റിവരക്കണമെന്നുമാണ് ഞാൻ മറുപടിയിട്ടത്. ഇടവേളകൾക്ക് ശേഷവും ആ നല്ലവൻ എൻ്റെ മേൽവിലാസം സൂക്ഷിച്ചിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് കൊണ്ടോട്ടിയിൽ നിന്ന് യാതൊരറിവും എനിക്ക് കിട്ടിയിരുന്നില്ല.

ഒരുപ്രദേശത്തിരുന്നു കൊണ്ട് ഒരു സ്റ്റേറ്റിനെയും അതിലെ രാഷ്ട്രീയചലനസിദ്ധാന്തങ്ങളെയും നിരീക്ഷിച്ച എഡിറ്ററായിരുന്നു റസാഖ്. ഏത് ഉറപ്പുള്ള എഴുത്തുകളെയും ഗഹനതയോടൊപ്പം നിൽക്കുന്ന പ്രഭാഷണങ്ങളെയും പുന:പരിശോധന ചെയ്യാൻ അയാൾ പ്രേരണ തന്നിരുന്നു. ആധികാരികത വല്ലാത്തൊരബദ്ധമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പിച്ച് കൊണ്ട്തന്നെ.

അകമഴിഞ്ഞ സൗഹൃദവും തെളിമയുള്ള കത്തെഴുത്തുകളും അയാളെ എനിക്ക് നിർണ്ണയിച്ച് തന്നിരുന്നു. പിന്നെയുംകാലങ്ങൾക്ക് ശേഷം 'സാക്ഷി സുരേന്ദ്ര'നെ യൂണിവേഴ്സിറ്റിയിൽ കണ്ട് മുട്ടിയപ്പോൾ റസാഖിനെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. അത് വഴി കോണ്ടാക്ട്നമ്പർ തരപ്പെടുകയും വിളിച്ചപ്പോൾ അയാൾ മഹാനായ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലിരുന്നാണ് സംസാരിക്കുന്നത് എന്നും ആമുഖമിട്ടുപറഞ്ഞു.

"എൻ്റെ കവിതകൾ കലക്ട് ചെയ്തത് പുസ്തകമാക്കാൻ സുഹൃത്തുക്കളിൽ നിന്ന്‌ നിർബന്ധമുണ്ട്, വരയിൽ പ്രസിദ്ധീകരിച്ച കവിതകൾ തരാമോ " എന്നാരാഞ്ഞപ്പോൾ " തരാമല്ലോ. ഞാനെടുത്ത് വെക്കാം, കുറച്ച് സമയം വേണമെന്നാണ് റസാഖ് പ്രതികരിച്ചത്. പിന്നീട് ആ നിർബന്ധങ്ങളും ആ സുഹൃത്തുക്കളും എങ്ങോട്ടൊക്കയോ പോയി.

ഇന്നിപ്പം......

കോഴിക്കോട്ട് ആർട്ഗ്യാലറി മുറ്റത്തെ ആൾക്കൂട്ടത്തിനിയിൽ നിന്ന് കൊണ്ട് പ്രിയപ്പെട്ട എൻ്റെ സുഹൃത്തിൻ്റെ കിടപ്പ് നോക്കിക്കൊണ്ട് ഞാൻ.....

സങ്കടപൂർവം

സ്വാമിദാസ്

മുചുകുന്ന്.

Comments