ശുഷ്കിച്ച കോളറും ഹാഫ് കൈ ഷർട്ടുമായി
ഒരു ദേവാനന്ദ്; തൃശൂരിലെ മാസ്റ്റർ ടെ‍യ്‍ലേഴ്സ്

ചെറിയ കള്ളികളുള്ള ഒരു കഷണം കോട്ടൺ തുണികൊണ്ട് കോളേജ് കുമാരന്മാരെ ദേവാനന്ദുമാരാക്കി മാറ്റിയിരുന്ന തൃശൂർ പട്ടണത്തിലെ മാസ്റ്റർ ടെ‍യ്‍ലർ ഓപ്പേട്ടൻ, ഓപ്പേട്ടൻസ് ടൈലേഴ്സിന് പൂട്ടുവീണപ്പോൾ പ്രത്യക്ഷപ്പെട്ട ന്യൂവേവ് കടകളായ ‘ലോയൽറ്റി ടെയ്ലേഴ്സ്​’, കല്യാണ കോട്ടും സൂട്ടും തുന്നുന്നതിൽ വിദഗ്ധരായിരുന്ന ‘വർഗീസ് ആൻഡ് സൺസ് ടെ‍യ്‍ലറിംഗ്’- ജീവിതം തുന്നിത്തീർത്ത ഒരു കാലത്തെ അരുമയോടെ ഇഴവിടർത്തിയെടുക്കുകയാണ് കെ.സി. ജോസ്.

സ്​ത്രധാരണം വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാണ്. വീട്ടിൽ കള്ളിമുണ്ടും ചിലപ്പോൾ ഷർട്ടും ധരിക്കുന്ന ഞാൻ പുറത്തിറങ്ങുമ്പോൾ സ്റ്റാർച്ച് ചെയ്ത് അലക്കിത്തേച്ച് വടിവടി പോലാക്കിയ വസ്​ത്രം ധരിക്കാൻ ശ്രദ്ധിക്കുന്നു. മനസ്സിനിണങ്ങിയ തുന്നൽക്കാർ തയ്ക്കുന്ന വസ്​ത്രങ്ങൾ ധരിക്കുന്നവർക്ക് അവ മാത്രമേ പെർഫെക്ടായി തോന്നാറുള്ളൂ. ചിലർ തയ്യൽക്കാരെ അന്വേഷിച്ച് ഏതകലങ്ങളിലേക്കും പോകും.

തൃശ്ശൂർ പട്ടണത്തിൽ ‘മാസ്റ്റർ ടൈലേഴ്സ്’ ആയി കുറെ പേരുണ്ട്. സ്ത്രീകളുടെ വസ്​ത്രങ്ങൾ മാത്രം തുന്നുന്ന വിദഗ്ധരിൽ പുരുഷന്മാരാണ് കൂടുതലെന്നത് കൗതുകകരമാണ്. അവർ നഗരഹൃദയത്തിൽ സ്​ത്രീ തുന്നൽ തൊഴിലാളികളെ സംഘടിപ്പിച്ച് തികച്ചും പ്രൊഫഷണലായി ടൈലറിംഗ് ബിസിനസ് നടത്തുന്നു. ടെയ്ലറിംഗ് കല കൂടിയാണെന്ന അവകാശത്തോടെ.

ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്ന ഓപ്പൺസ് ടൈലേഴ്സിലെ കട്ടിംഗും അനുബന്ധ ജോലികളും ചെയ്തിരുന്നത് ഒരേയൊരാൾ, ഓപ്പേട്ടൻ അഥവാ ലോനപ്പേട്ടൻ. മെലിഞ്ഞ് നീണ്ട്, അല്പം വളഞ്ഞുകുത്തിയപോലെ തോന്നുന്ന അദ്ദേഹം ചെരുപ്പിടാതെയാണ് റോഡായറോഡെല്ലാം തേരാപ്പാര നടന്നുവലഞ്ഞ് ക്ലയൻ്റുകളുടെ വീടുകളിൽ തൊഴിൽ സംബന്ധിയായും മറ്റു ചിലപ്പോൾ ക്ഷേമാന്വേഷണങ്ങൾക്കും ചെല്ലുന്നത്. കഷണ്ടിത്തല ഇടയ്ക്കിടെ തടവിക്കൊണ്ടാണ് ആശാൻ വർത്തമാനം പറയുക. അതിന് പ്രത്യേക ഉദ്ദേശ്യമൊന്നുമില്ല. അതങ്ങനെ തടവുന്നു എന്നു മാത്രം. ഓപ്പേട്ടൻ അസാമാന്യ വ്യക്തിത്വമുള്ള അപൂർവ്വ കക്ഷിയെന്നോ വെറുതെ ഓരോന്ന് കാച്ചിവിടുന്ന ആളാണെന്നോ അവസരോചിതമായി ആർക്കും ചിന്തിക്കാം. ആൾ എന്തൊക്കെയാണെങ്കിലും ഇദ്ദേഹം എന്റെ അടുത്ത സുഹൃത്ത് തന്നെയായിരുന്നു.

തൃശ്ശൂർ പട്ടണത്തിൽ ‘മാസ്റ്റർ ടൈലേഴ്സ്’ ആയി  കുറെ പേരുണ്ട്. സ്ത്രീകളുടെ വസ്​ത്രങ്ങൾ മാത്രം തുന്നുന്ന വിദഗ്ധരിൽ പുരുഷന്മാരാണ് കൂടുതലെന്നത് കൗതുകകരമാണ്.  Graphics: midjourney AI
തൃശ്ശൂർ പട്ടണത്തിൽ ‘മാസ്റ്റർ ടൈലേഴ്സ്’ ആയി കുറെ പേരുണ്ട്. സ്ത്രീകളുടെ വസ്​ത്രങ്ങൾ മാത്രം തുന്നുന്ന വിദഗ്ധരിൽ പുരുഷന്മാരാണ് കൂടുതലെന്നത് കൗതുകകരമാണ്. Graphics: midjourney AI

ഓപ്പേട്ടന് വയസ്സ് നാല്പത്, ഞാനാണെങ്കിൽ അന്ന് പൂങ്കുന്നം എൽ.പി സ്കൂൾ വിദ്യാർഥിയും. വർത്തമാനത്തിനിടയിൽ ‘പ്രാക്ടിക്കൽ ജോക്സ്’ രംഗത്തവതരിപ്പിക്കുക അദ്ദേഹത്തിന്റെ ഒരു വീക്നസാണ്. ഇടയ്ക്കിടെ ടൈലറിംഗ് കടയിലെത്തുന്ന എന്റെ ചെരുപ്പുകളിൽ ഒന്ന് ആരുമറിയാതെ ഒളിപ്പിച്ചുവെക്കുമ്പോൾ എനിക്കും ശുണ്ഠി വരും.
‘‘നീ അയ്ന് ഒരു ചെരുപ്പിട്ടല്ലേ വന്നത് യോസേ’’ എന്നുള്ള ടെയ്​ലർ മേഡ് മറുപടിയും കേൾക്കാം. അവിടെ വരുന്ന കസ്റ്റമേഴ്സിന്റെ കുട, ചെരുപ്പ്, കണ്ണട, താക്കോൽ, സീതാറാം മിൽത്തൊഴിലാളികളുടെ ചോറുപാത്രം തുടങ്ങിയവ താൽക്കാലികമായി മാറ്റിവയ്ക്കുക അദ്ദേഹത്തിന്റെ സ്​ഥിരം വിനോദമാണ്. പക്ഷെ ആളുകൾക്കത് നന്നേ ബോധിക്കാറുണ്ട്. അതായത്, ഉള്ളുകൊണ്ട് ഓപ്പേട്ടൻ പരമശുദ്ധനാണ്.

‘ആണിക്കാലൻ ഗോപാലൻനായര്’, ‘താക്കോക്കൂട്ടം ഗോപി’, ‘കരടി രാമേട്ടൻ’ തുടങ്ങിയ ഓപ്പേട്ടന്റെ പല കഥാപാത്രങ്ങൾക്കും അവരുടെ അച്ഛനമ്മമാർ നല്ല ഒറിജിനൽ പേര് നല്കിയിട്ടുണ്ടെങ്കിലും അത് ഞങ്ങൾക്കറിയില്ല. ബഷീർ കഥകൾക്ക് തികച്ചും അനുയോജ്യമാണ് ഓപ്പേട്ടൻ നൽകുന്ന നാമധേയങ്ങൾ. ഇവരെല്ലാം ഈ പ്രദേശത്തെ സാദാ പൗരരും സമാധാനപൂർണ്ണമായി, അരിഷ്​ടിച്ച് ജീവിതം നയിച്ച് ഇപ്പോൾ മൺമറഞ്ഞുപോയവരുമാണ്.

ഞാൻ സ്​കൂൾ വിട്ടുവരുന്ന വഴിക്ക് ഓപ്പേട്ടൻ എന്നോട് അല്ലറ ചില്ലറ ജോലി ചെയ്യാൻ കൽപ്പിക്കും.
‘‘ഡാ, നീ പോണ പോക്കിലേ, ഈ ജാക്കറ്റ് (കടലാസിൽ പൊതിഞ്ഞിട്ടുണ്ട്) കുന്നത്ത് മാലതിയമ്മക്ക് കൊടുക്ക്ട്ടാ’’, ‘‘നീ ചെന്ന് പ്രാഞ്ചീസിനോട് അവന്റെ ഷർട്ടിന്റെ അളവെടുക്കാൻ വരാൻ പറയ്’’ എന്നും മറ്റുള്ള ആ ചെറിയ ജോലികൾ ഞാൻ സന്തോഷത്തോടെ നിർവഹിക്കാറുണ്ട്.

രാവിലെ അഞ്ചുമണിക്ക് ഉറക്കമുണരുന്ന ഓപ്പേട്ടൻ പൂങ്കുന്നം സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപമുണ്ടായിരുന്ന കേശവൻ നായരുടെ ‘സ്വദേശി കാപ്പി ക്ലബ്ബി’ലേക്കാണ് ‘ഒന്നാം ചായ’ കുടിക്കാൻ എത്തുക. കേശവൻ നായരുടെ വീട് ഷൊർണൂർ റോഡിൽ നിന്ന് പാലിയം റോഡിലേക്കുള്ള വഴിയിലാണ്. വീടി​ന്റെ പേരും ‘സ്വദേശി നിവാസ്​’ എന്നു തന്നെ. തൃശൂർ യുവാക്കളിൽ പലരും സ്വാതന്ത്ര്യസമരത്തെ പിന്താങ്ങുന്നവരായിരുന്നു. അതാണീ ഹോട്ടലിന്റെ പേരുസംബന്ധമായ ‘രഹസിയം.’ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ കേശവൻ നായർ സ്വദേശിയിൽ കൊളുത്തിയിട്ടത് അദ്ദേഹത്തിന്റെ ദേശസ്​നേഹം സാക്ഷ്യപ്പെടുത്തുന്നു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ കേശവൻ നായർ ‘സ്വദേശി’യിൽ കൊളുത്തിയിട്ടത് അദ്ദേഹത്തിന്റെ ദേശസ്​നേഹം സാക്ഷ്യപ്പെടുത്തുന്നു.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ കേശവൻ നായർ ‘സ്വദേശി’യിൽ കൊളുത്തിയിട്ടത് അദ്ദേഹത്തിന്റെ ദേശസ്​നേഹം സാക്ഷ്യപ്പെടുത്തുന്നു.

മുട്ടിറങ്ങുന്ന നീളമുള്ള തോർത്തുമുണ്ട് ചുറ്റിയാണ് കേശവൻ നായർ നളപാചകത്തിൽ ഏർപ്പെടുക. ചായ, ദോശ, ഇഡ്ഡലി, പരിപ്പുവട എന്നീ മലയാളി ഇഷ്​ടഭോജ്യങ്ങളുടെ ‘കുശിനിതൻ തയ്യാറിപ്പു’കളാണ് കേശവൻ നായരുടെ കടയിൽ ലഭിക്കുക. അല്ലാതെ രാവിലെ മൂന്നു മണിക്കുതന്നെ ചായക്കടയിലെത്തുന്ന ഉഴുന്നുവട, പരിപ്പുവട ഇത്യാദികളല്ല. അവ വരവ് പലഹാരങ്ങളായി അറിയപ്പെടുന്നു. ഇവ ഓരോന്നിനും ഒരണ മാത്രമായിരുന്നു വില. വൃത്തിയിലും വെടിപ്പിലും നിഷ്കർഷയുള്ള ‘ഹോട്ടൽ സ്വദേശി’യിലെ നാലു ബാൻഡുള്ള ഫിലിപ്സ് റേഡിയോ എപ്പോഴും പാടിക്കൊണ്ടിരിക്കും. അവിടെ വരാറുള്ള റെയിൽവേ തൊഴിലാളികളുടെ ചെളിപുരണ്ട കൈകൾ കണ്ടാൽ ‘ആദ്യം താൻ പോയി കൈകഴുക്’ എന്ന് ഉറച്ച സ്വരത്തിൽ പറയാനും കേശവൻ നായർക്ക് മടിയില്ല.

കേശവൻ നായർ അതിരാവിലെ ചായക്കട തുറക്കുമ്പോൾ ഓപ്പേട്ടനും പതിവുകാരും അവിടെ കാത്തു നിൽപ്പുണ്ടാകും. എന്റെ ചേട്ടൻ ഫ്രാൻസിസിന് ‘സ്വദേശി ഇഡ്ഡലി’ വലിയ ഇഷ്ടമാണ്. അത് വാങ്ങി വരേണ്ടയാൾ ഞാനുമാണ്. പ്രതിഫലമായി വല്ലപ്പോഴും പ്രാഞ്ചീസ് എനിക്ക് രണ്ടണ (നാണയം) തന്നിരിക്കും. ഫ്രാൻസിസ് കണക്കുപുസ്​തകത്തിൽ അപ്പോൾ ഇംഗ്ലീഷിൽ എഴുതും; Jungat- 2 anas, Jose 2 anas. ആ കണക്കുപുസ്​തകത്തിൽ ചില പേജുകളിൽ ഇങ്ങനെയും കാണാം: missing 2 anas. ആ ‘മിസ്സിംഗ് അണ’ ചിലപ്പോൾ എന്റെ പോക്കറ്റിലോ വീട്ടിലെ മറ്റു ചെക്കന്മാരുടെ പോക്കറ്റിലോ ആകാം എന്ന ധ്വനി അതിനുണ്ട്.

ഓപ്പേട്ടൻ ടൈലറിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ചെടുത്തത് തൃശ്ശൂർ ജോസ് തിയേറ്ററിനു സമീപമുണ്ടായിരുന്ന ‘ജോർജ് ടൈലേഴ്സിൽ’ നിന്നായിരുന്നു. ‘ജാക്കിൾ (കുറുക്കൻ) ജോർജ്’ എന്നായിരുന്നു അപരനാമം. ഈ കക്ഷി തികഞ്ഞ കമ്യൂണിസ്റ്റാണെന്നും ഓപ്പേട്ടൻ പറയാറുണ്ട്.

കേരളവർമയിൽ ഞാൻ പ്രീ ഡിഗ്രിക്ക് ചേർന്നപ്പോഴായിരുന്നു ഓപ്പേട്ടന്റെ കല്യാണം. അതിൽ ഞാൻ പങ്കെടുത്തില്ല. കാരണവന്മാരാണ് ഇത്തരം ആഘോഷങ്ങൾ ആഘോഷമാക്കുക. തണ്ണിയും പശു ഇറച്ചി വരട്ടിയതും പോർക്കും കൂർക്കയും കറിവെച്ചതുമൊക്കെ സമൃദ്ധമായി വിളമ്പുന്ന കല്യാണതലേന്നുള്ള (മധുരം കൊടുക്കൽ) ക്രിസ്​തീയ വിവാഹഘോഷങ്ങൾക്ക് എന്നെപ്പോലുള്ള ചെക്കന്മാരെ വീട്ടുകാർ അടുപ്പിക്കാറില്ല. ലോനപ്പേട്ടനും നവവധു സെലീനചേച്ചിയും എന്റെ വീട്ടിലും വന്ന് ചില്ലറ ചായകുടി നടത്തിയതോർമയുണ്ട്. അതാണ് അന്നത്തെ ഞങ്ങളുടെ കീഴ് വഴക്കം.

ആ കാലങ്ങളിൽത്തന്നെ ഗിരിജ തിയേറ്ററിൽ, ദേവാനന്ദ്- വൈജയന്തിമാല ജോടിയുടെ ‘ജ്വൽതീഫ്’ ഹിന്ദി സിനിമ പ്രദർശിപ്പിക്കപ്പെട്ടു. കോളേജ് പിള്ളേരുടെ ഹരമായി മാറിയ ഈ സിനിമയിൽ ദേവ് അണിഞ്ഞ ചെറിയ കള്ളികളും വലിയ കോളറുമുള്ള കോട്ടൻ ഫുൾക്കൈ ഷർട്ട് ഞങ്ങൾക്കിടയിൽ ഒരു വലിയ ട്രെൻഡായി. സത്യം പറഞ്ഞാൽ ദേവ് ഒരു ട്രെന്റ് സെറ്ററാണ്. അങ്ങനെ ‘ജ്വൽ തീഫ്’ അന്നൊരു ബ്രാൻ്റ് നെയിമായി. എങ്ങനെയോ ഒപ്പിച്ചെടുത്ത കാശുമായി ഞാൻ ഫാഷൻ ഫാബ്രിക്സിൽ നിന്ന് പ്രസ്​തുത നിറവും ഗുണവുമുള്ള കോട്ടൺ തുണി വാങ്ങി ഓപ്പേട്ടനെ ഏല്പിച്ചു. ഒരാഴ്ച സമയം ചോദിച്ചു, രണ്ടാഴ്ചയ്ക്കുശേഷം അത് തുന്നി കയ്യിൽത്തന്നു. ആ ചെറിയ കടയിൽ ട്രയൽ റൂം ഒന്നുമുണ്ടായിരുന്നില്ല. അവിടെ വെച്ചുതന്നെ കുപ്പായം മാറി ഇഷ്​ടനായകൻ ദേവാനന്ദിനെ മനസ്സിൽ ധ്യാനിച്ച് ഓപ്പൺ ടെയ്ലേഴ്സിന്റെ പുതിയ നിർമിതി ചെക്ക് ഷർട്ട് ധരിച്ചു. നോക്കിയപ്പോൾ ‘ശുഷ്കിച്ച കോളർ. ഫുൾ കൈവെട്ടി കുറച്ച് അദ്ദേഹം ഷർട്ട് ഹാഫ് കൈയ്യനാക്കി. ഇറക്കം പൊക്കിൾകൊടി വരെ മാത്രം. എനിക്കങ്ങ് കലി വന്നു. അവിടെ വന്നവർ പൊട്ടിച്ചിരിച്ചു.

ഗിരിജ തിയേറ്ററിൽ, ദേവാനന്ദ്- വൈജയന്തിമാല ജോടിയുടെ ‘ജ്വൽ തീഫ്’ ഹിന്ദി സിനിമ പ്രദർശിപ്പിക്കപ്പെട്ടു. കോളേജ് പിള്ളേരുടെ ഹരമായി മാറിയ ഈ സിനിമയിൽ ദേവ് അണിഞ്ഞ ചെറിയ കള്ളികളും വലിയ കോളറുമുള്ള കോട്ടൻ  ഫുൾക്കൈ ഷർട്ട് ഞങ്ങൾക്കിടയിൽ ഒരു വലിയ ട്രെൻഡായി.
ഗിരിജ തിയേറ്ററിൽ, ദേവാനന്ദ്- വൈജയന്തിമാല ജോടിയുടെ ‘ജ്വൽ തീഫ്’ ഹിന്ദി സിനിമ പ്രദർശിപ്പിക്കപ്പെട്ടു. കോളേജ് പിള്ളേരുടെ ഹരമായി മാറിയ ഈ സിനിമയിൽ ദേവ് അണിഞ്ഞ ചെറിയ കള്ളികളും വലിയ കോളറുമുള്ള കോട്ടൻ ഫുൾക്കൈ ഷർട്ട് ഞങ്ങൾക്കിടയിൽ ഒരു വലിയ ട്രെൻഡായി.

ഞാൻ കടയിൽ നിന്ന് ‘ഓൺ ദി സ്​പോട്ട് വാക്കൗട്ട്’ നടത്തി. വീട്ടിലെത്തി കണ്ണാടി നോക്കി.
അന്ന് എന്റെ ഷർട്ടിന്റെ അളവുകൾ കുറിച്ചെടുത്തത് ലോനപ്പേട്ടന്റെ പുതിയ അസിസ്റ്റൻറ് ശശിയായിരുന്നുവെന്ന് പിന്നീടാണ് ഓർത്തത്. പിന്നീട് മാസങ്ങളോളം ഞാൻ ഓപ്പേട്ടനോട് സംസാരിക്കാതെയായി പ്രതിഷേധത്തിന്റെ കേവലം മൗനസമ്പ്രദായം. അത് ഏറെനാൾ ഞങ്ങൾക്കിരുവർക്കും പിടിച്ചുനിർത്താനായില്ല. നിരീശ്വരവാദിയായ ഓപ്പേട്ടൻ ഒരു ഞായറാഴ്ച വഴിയിൽ പ്രത്യക്ഷപ്പെട്ട് എന്നോട് ഒരു ചോദ്യം: ‘‘ഡാ യോസേ, യേശു ദൈവപുത്രനോ അതോ ഒരു മനുഷ്യപുത്രനോ?’ എന്റെ കാര്യം തന്നെ പരുങ്ങിലിലാക്കിയ ആൾ തന്നെ എന്നോട് അതേമട്ടിലുള്ള ചോദ്യം ചോദിക്കുന്നു. ഞാൻ എന്തോ പിറുപിറുത്ത് വലിഞ്ഞുനടന്നു.

ഓപ്പേട്ടന്റെ റെസിപ്പിക്ക് ചില പ്രത്യേകതകളുണ്ട്. അദ്ദേഹം ടൈലറിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ചെടുത്തത് തൃശ്ശൂർ ജോസ് തിയേറ്ററിനു സമീപമുണ്ടായിരുന്ന ‘ജോർജ് ടൈലേഴ്സിൽ’ നിന്നായിരുന്നു. ‘ജാക്കിൾ (കുറുക്കൻ) ജോർജ്’ എന്നായിരുന്നു അപരനാമം. ഈ കക്ഷി തികഞ്ഞ കമ്യൂണിസ്റ്റാണെന്നും ഓപ്പേട്ടൻ പറയാറുണ്ട്. അന്ന് നടപ്പുവർഷം 1950– 51. രാവിലെ വീട്ടിൽനിന്ന് വെറും വയറ്റിൽ കട്ടൻ പൊടിച്ചായ അടിച്ച് വലിഞ്ഞ് നടനാണ് തുന്നൽപ്പണിക്കായി രാവിലെ 8.30ന് ജോസ് തിയേറ്ററിനടുത്തുള്ള കടയിലെത്തുക. ചില്ലറ പണികളായ ഷർട്ടിന് ബട്ടൺ വെപ്പും മുണ്ടിന്റെ ‘അരുവടിക്കലും’ മാത്രമാണ് ഈ അഞ്ചെട്ടുമാസത്തെ പ്രയത്നത്തിനിടയിൽ ആശാൻ ഓപ്പേട്ടനെ പഠിപ്പിച്ചത്. ഉച്ചക്ക് എരിപൊരി വിശപ്പു ശമിപ്പിക്കാൻ സ്വാദിഷ്​ടവും പോഷകാഹാരസമ്പന്നവുമായ ഒരു ഭക്ഷണം ഓപ്പേട്ടൻ സ്വയം കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു.

പോസ്റ്റ് ഓഫീസ് റോഡിലെ ‘ബിസ്​മില്ല’ ഹോട്ടൽ തൃശ്ശൂർക്കാരെയും ഇവിടെയെത്തുന്ന മറ്റു ദേശക്കാരെയും ആകർഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അവിടെ ഒരു ഫാഷൻ ടെക്സ്റ്റയിൽസ് ഷോറൂമാണ്. ആട്ടിറച്ചി ബിരിയാണിയാണ് അക്കാലത്തെ അവരുടെ സ്​പെഷ്യൽ ഐറ്റം. ഹോട്ടലിലെ കണ്ണൻ ബട്ട്​ലറുടെ സേവ പിടിച്ച് ഓപ്പേട്ടൻ അഞ്ച് പത്ത് വെണ്ടക്ക കഴുകി കഷണങ്ങളാക്കി ഏല്പിക്കുമെത്ര. ആട്ടിറച്ചി വെന്തു തിളക്കുമ്പോൾ വെണ്ടയ്ക്ക കഷണങ്ങൾ കണ്ണേട്ടനോട് ആ പാത്രത്തിൽ നിക്ഷേപിക്കാൻ അപേക്ഷിക്കുമെന്നും ഇറച്ചി വെന്താൽ ആ കഷണങ്ങൾ മാത്രം കോരിയെടുത്ത് വീട്ടിൽ നിന്നുള്ള ചോറും കൂട്ടി ഒരു പിടിപിടിച്ചാൽ ആട്ടിറച്ചിയുടെ ഗുണവും മണവും അതിന്റെ സർവ്വ പോഷകങ്ങളും വെണ്ടക്കക്കഷണങ്ങൾ വഴി വയറ്റിലെത്തുമെന്നുമാണ് പ്രസ്​തുത റെസിപ്പിയുടെ സാരാംശം. കേൾവിക്കാരായ ഞാനും താക്കോൽക്കൂട്ടം ഗോപിയും ആണിക്കാലൻ രാമൻ നായരും ഈ ഡയലോഗ് വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ സ്റ്റോറി ഡയലോഗ് റൈറ്റർ കം സംവിധായകനൊരു ചുക്കുമില്ല.

തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ‘ബിസ്​മില്ല’ ഹോട്ടലിൽ ആട്ടിറച്ചി ബിരിയാണിയാണ് സ്​പെഷ്യൽ ഐറ്റം. ഹോട്ടലിലെ കണ്ണൻ ബട്ട്​ലറുടെ സേവ പിടിച്ച് ഓപ്പേട്ടൻ അഞ്ച് പത്ത് വെണ്ടക്ക കഴുകി കഷണങ്ങളാക്കി ആട്ടിറച്ചിക്കറിയിലിട്ട് ചോറിന് കൂട്ടാനായി ഒരു ‘വിശേഷ വിഭവം’ ഉണ്ടാക്കിയിരുന്നു.
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ‘ബിസ്​മില്ല’ ഹോട്ടലിൽ ആട്ടിറച്ചി ബിരിയാണിയാണ് സ്​പെഷ്യൽ ഐറ്റം. ഹോട്ടലിലെ കണ്ണൻ ബട്ട്​ലറുടെ സേവ പിടിച്ച് ഓപ്പേട്ടൻ അഞ്ച് പത്ത് വെണ്ടക്ക കഴുകി കഷണങ്ങളാക്കി ആട്ടിറച്ചിക്കറിയിലിട്ട് ചോറിന് കൂട്ടാനായി ഒരു ‘വിശേഷ വിഭവം’ ഉണ്ടാക്കിയിരുന്നു.

ഓപ്പൺസ് ടൈലേഴ്സിൽ നിന്ന് തുന്നൽപ്പണി പഠിച്ചിറങ്ങിയ പലരുമുണ്ടെങ്കിലും അവരിലൊരു പയ്യൻ ശശി (16) യുടെ ജീവിതം അക്ഷരാർത്ഥത്തിൽ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ചേറൂർ വിമല കോളേജ് പരിസരവാസിയായിരുന്ന ഈ പയ്യൻ വീട്ടിലെ ദാരിദ്ര്യമകറ്റാനാണ് ലോനപ്പേട്ടന്റെ കടയിൽ പരിശീലനത്തിന് വന്നെത്തിയത്. തന്റെ ജോലി അനായസേന പഠിച്ചെടുത്ത ശശി വളരെ കുറച്ചു മാത്രമേ സംസാരിക്കൂ. ട്രൗസറും ഷർട്ടുമാണ് വേഷം. ചുരുണ്ട മുടി. കൃശഗാത്രൻ. മുഖത്ത് മാമ്പുള്ളിച്ചുണങ്ങ്. ഓപ്പേട്ടന്റെ പുളുവടി കേട്ട് ഊറിച്ചിരിക്കുക മാത്രം ചെയ്യുന്ന ശശിക്ക് തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റിയെടുക്കണമെന്ന് ശാഠ്യമുണ്ട്. അവൻ വിൽവട്ടം സ്​കൂളിൽ എട്ടാം ക്ലാസിലെത്തിയപ്പോഴാണ് കുടുംബം കടത്തി​ന്റെ കാണാക്കയത്തിൽ വീണതെന്ന് ശശി പറയുന്നു. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു അച്ഛൻ. ഒരിക്കൽ തേങ്ങയിടാൻ കയറുമ്പോൾ അതിൽ നിന്ന് തെന്നിവീണ് മരിച്ചു. അമ്മ കർഷക തൊഴിലാളി, ശശിയുടെ താഴെ രണ്ടു ചെറിയ കുട്ടികൾ. കുടുംബത്തിൽ ശശി ഒഴികെ ആൺതരി ആരുമില്ല. കുടുംബ പെൻഷനോ സർക്കാർ അനുകൂല്യങ്ങളോ ഒന്നും ലഭിച്ചില്ല. അവ അക്കാലത്ത് നടപ്പിൽ വന്നിട്ടില്ലായിരിക്കാം. ശശി പഠിപ്പ് നിർത്തി തുന്നൽപ്പണി പഠിക്കാൻ തുടങ്ങി.

അക്കാലം കോട്ടൺ തുണികൾ കൊണ്ടുള്ള റെഡിമെയ്ഡ് വസ്​ത്രങ്ങൾ കയറ്റിയയക്കുന്ന ബോംബെ സേഠുമാരുടെ സുവർണ്ണകാലം കൂടിയായിരുന്നു.

ആയിടയ്ക്ക് അടിയന്തരാവസ്​ഥയുടെ ഇടിമുഴക്കം കേരളത്തിൽ കേട്ടുതുടങ്ങിയിരുന്നു. പോലീസ് വാനുകൾ റോഡുകളിൽ ചീറിപ്പാഞ്ഞു. ആവശ്യമില്ലാതെ പല ചെറുപ്പക്കാരെയും അവർ പിടിച്ച് ലോക്കപ്പിലിട്ട് ഇടിച്ചുതകർത്തു. എന്റെ കോളേജ് വിദ്യാഭ്യാസം ആ കൊല്ലം മാർച്ചിൽ അവസാനിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രസ്​തുത ഉരുക്കുചട്ടം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഞാൻ ബോംബെയ്ക്ക് വണ്ടികയറിയിരുന്നു. അവിടെ ചെമ്പൂരിൽ താമസിച്ചുവരവേ അലച്ചലിനു ശേഷം ആഡ് ഏജൻസിയിൽ ജോലിയും ലഭിച്ചു. രണ്ടുവർഷം കടന്നുപോയത് ഞാനറിഞ്ഞില്ല. ആയിടെ ഇൻലൻ്റിൽ മഷി കൊണ്ടെഴുതിയ ഒരു കത്ത് ലഭിച്ചു. പരിചയമില്ലാത്ത കൈപ്പട. അത് പൊട്ടിച്ചു വായിച്ചു, ശശിയുടെതാണ് കത്ത്, ഫ്രാൻസിസിൽ നിന്നാകണം എന്റെ വിലാസം അവൻ ഒപ്പിച്ചെടുത്തത്. സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ആദ്യ വരികൾക്കുശേഷം ശശി, ജയന്തി ജനതയിൽ വി.റ്റി ടെർമിനസിൽ വരുന്ന ദിവസവും സമയവും അവിടെ കാത്തുനിൽക്കാനും എന്നോട് അപേക്ഷിച്ചിരിക്കുകയാണ്. പാവം.

മലയാളി തുന്നൽക്കാരുടെ ‘ശുക്രദശ’

അക്കാലം കോട്ടൺ തുണികൾ കൊണ്ടുള്ള റെഡിമെയ്ഡ് വസ്​ത്രങ്ങൾ കയറ്റിയയക്കുന്ന ബോംബെ സേഠുമാരുടെ സുവർണ്ണകാലം കൂടിയായിരുന്നു. ഗുജറാത്തികളും സിന്ധികളും മലയാളികളും കർണാടകക്കാരുമായ ഇത്തരം ഫാക്ടറിമുതലാളിമാർ ചതുപ്പുകളിലാണ് അവരുടെ തൊഴിൽശാലകൾ കെട്ടിപ്പൊക്കിയത്. ധാരാവി, സാക്കിനാക്ക, കുർള, ചെമ്പൂർ തുടങ്ങി പാവപ്പെട്ടവർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളായിരുന്നു ടെയ്​ലറിംഗ് ഫാക്ടറികൾ. മലയാളികളാണ് തുന്നൽപണിക്കാരിൽ എൺപത് ശതമാനവും. സ്ത്രീകളും പയ്യന്മാരും ഫാക്ടറികളിൽ ജോലി ചെയ്യുന്നു. വേസ്റ്റ് പെറുക്കുന്ന ജോലിയാണ് ‘പയ്യൻസ്​’ ചെയ്യുക. നല്ല ശമ്പളവും ഇവർക്ക് ലഭിച്ചിരുന്നുവെന്നുമറിയാം.

ഗുജറാത്തികളും സിന്ധികളും മലയാളികളും കർണാടകക്കാരുമായ ഫാക്ടറിമുതലാളിമാർ മുംബൈയിലെ ധാരാവി, സാക്കിനാക്ക, കുർള, ചെമ്പൂർ തുടങ്ങി പാവപ്പെട്ടവർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലാണ് ടെയ്​ലറിംഗ് ഫാക്ടറികൾ കെട്ടിപ്പൊക്കിയത്.
ഗുജറാത്തികളും സിന്ധികളും മലയാളികളും കർണാടകക്കാരുമായ ഫാക്ടറിമുതലാളിമാർ മുംബൈയിലെ ധാരാവി, സാക്കിനാക്ക, കുർള, ചെമ്പൂർ തുടങ്ങി പാവപ്പെട്ടവർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലാണ് ടെയ്​ലറിംഗ് ഫാക്ടറികൾ കെട്ടിപ്പൊക്കിയത്.

ശശിക്കൊരു ജോലി ശരിപ്പെടുത്താം എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്. ശശിക്കുവേണ്ടിയുള്ള ജോലിയന്വേഷണത്തിന്റെ ആദ്യനാളിൽത്തന്നെ ഞാൻ ചെമ്പൂർ കോളനി പരിസരത്തുള്ള ഫാക്ടറിയുടമ വിശ്വനാഥനെ പരിചയപ്പെട്ടു. കാര്യം ഭംഗിയായി അവതരിപ്പിച്ചു. അദ്ദേഹം സന്മനസ്സുള്ളയാളാണ്. തൃശ്ശൂർ ചേർപ്പ് പ്രദേശത്താണ് വീട്. ഭാര്യയും കുട്ടികളുമായി ഘാട്ട്കോപ്പർ ‘ശ്രേയ’ തിയേറ്റർ പരിസരത്താണ് താമസം. വിദേശത്തുള്ള ഫാഷൻ ഡിസൈനർമാരുടെ കത്രിക ചലിക്കുമ്പോൾ പുത്തൻ ഫാഷൻ വസ്​ത്രങ്ങൾ ജന്മം കൊള്ളുകയായി. ഷർട്ട്, സ്​കർട്ട്, ജീൻസ് എന്നിവയുടെ ഡിസൈനുകൾ ഫാക്സ് വഴി സേഠുമാരുടെ ഓഫീസുകളിലെത്തുന്നു. ഇവയ്ക്കനുസൃതമായി കട്ടിങ് മാസ്റ്റർ ഇലക്ട്രിക് കട്ടിങ്ങ് മെഷീൻ കൊണ്ട് അടുക്കടുക്കായി വെച്ച തുണികൾ ശ്രദ്ധാപൂർവ്വം വെട്ടി ഷർട്ടുകളും ജീൻസുകളുമായി രൂപപ്പെടുത്തുന്നു. കട്ടിങ് ഒന്ന് പിഴച്ചാൽ ആ മൊത്തം തുണി വെയ്സ്റ്റായി മാത്രം ഉപയോഗിക്കാം. വെയ്സ്റ്റ് തുണി തൂക്കിവാങ്ങുന്ന കൂട്ടരും ഫാക്ടറിയിലെത്താറുണ്ട്. വിശ്വനാഥന്റെ ഫാക്ടറിഓഫീസിൽ നിന്ന് പരിപ്പുവടയും കട്ടിങ് ചായയും കഴിച്ച് നന്ദി പറഞ്ഞ് ഞാൻ പുറത്തു കടന്നു. അവിടെയുള്ള ടൈലറിംഗ് ഫാക്ടറികളിൽ അപ്പോഴും തയ്യൽക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
സമയം നോക്കി, രാത്രി ഒമ്പത് മണി. അവർ ഓവർ ടൈം ജോലി ചെയ്ത് കൂടുതൽ പണമുണ്ടാക്കുന്നത് സ്വന്തം കുടുംബങ്ങൾ പോറ്റാനാണ്. തൊട്ടടുത്ത റെയിൽപാളത്തിലൂടെ ചെമ്പൂർ ലോക്കൽ കടകടാരവം മുഴക്കി കടന്നുപോയി. മുംബൈക്കറുടെ ജീവിതസമരപ്പോരാട്ടത്തിന്റെ ഓർമപ്പെടുത്തലായി എനിക്കത് തോന്നിപ്പോയി.

ഓപ്പൺസ് ടെയ്ലറിങ്ങിന് ഷട്ടറിട്ട അതേ കാലത്തുതന്നെ തൃശ്ശൂർ പട്ടണത്തിൽ പല സ്ഥലങ്ങളിലുമായി മോഡേൺ സ്റ്റിച്ചിങ് സെൻ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കാലം മാറിയതോടെ തുന്നൽ രീതികളിലും ഫാഷനിലും മാറ്റമുണ്ടായി.

ആ ഞായറാഴ്ച രാവിലെ മൂന്ന് മണിയോടെ ഞാൻ വി.റ്റി ടെർമിനസിൽ (ഇന്നത്തെ ഛത്രപതി ശിവജി ടെർമിനസ്​) ഹാജരായി. ജയന്തി ജനത യാത്ര അവസാനിപ്പിക്കുക അവിടെയാണ്. സ്റ്റേഷനിൽ നിന്ന് ബാഹർഗാവി (അന്യസംസ്​ഥാനങ്ങൾ) ലേക്ക് പോകുകയും വരുന്നതിന്റെയുമൊക്കെ അനൗൺസ്​മെൻ്റുകൾ ശ്രദ്ധിച്ചുകേട്ടു. തമിഴിൽ പറഞ്ഞാൽ ‘ഇന്നും പത്ത് നിമിഷൺങ്കളിൽ’ ജയന്തി ജനത പത്താം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു നില്ക്കും. ഞാൻ അവിടെ ഓടിയെത്തി ശശിയെ തിരഞ്ഞു. അകലെ കുറച്ചു മലയാളികൾ വണ്ടിയിൽ നിന്നിറങ്ങുന്നുണ്ട്. അതിൽ ശശിയുടെ രൂപം തിരിച്ചറിഞ്ഞു. വലതുകൈ ഉയർത്തിപ്പിടിച്ച് ഞാൻ അങ്ങോട്ട് നടന്നു. ചെറിയ ബാഗ് തോളിലേന്തി അവൻ സമീപമെത്തി. അവനെയും കൂട്ടി ഘാഠ്ളാഘാ വില്ലേജിലെ ചേച്ചിയുടെ വസതിയിലേക്ക് പോകാനായിരുന്നു പ്ലാൻ.
ശശി പറഞ്ഞു, ‘‘അത് വേണ്ട ജോസേട്ടാ, എന്റെ ഒരാൾ ഭാണ്ഡുപ്പിലുണ്ട്, ഞാൻ അവിടെ പൂവാം’’.
ആ കൂട്ടത്തിൽ ഒരാളെ ശശി എന്നെ പരിചയപ്പെടുത്തി. ചെമ്പൂരിലെ തുന്നൽ ഫാക്ടറിയിലെ ജോലി ഞാൻ ഒപ്പിച്ചെടുത്ത കാര്യവും അവനോട് പറഞ്ഞു.
‘‘ശരി, വരാം ജോസേട്ടാ’’, ഞാൻ മിഴിച്ചു നിൽക്കേ ശശിയും കൂട്ടുകാരും താന ലോക്കലിൽ കയറി. (അന്ന് ‘താനേ‘ എന്ന പേര് ഈ സ്റ്റേഷന് വീണിട്ടില്ല.) ട്രെയിൻ മുന്നോട്ട് നീങ്ങുന്നത് ഞാൻ നോക്കിനിന്നു. അപ്പോപിന്നെ എന്നെ എന്തിനാണാവോ കത്തെഴുതി ഇവിടെ കാത്തുനില്ക്കാൻ അവൻ അറിയിച്ചത്? അന്ന് വി.ടി സ്റ്റേഷനിൽ കണ്ടുമുട്ടിയപ്പോൾ ശശിയുടെ താത്ക്കാലിക വിലാസം ചോദിച്ചെങ്കിലും പയ്യൻ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

1991–92 കാലത്ത് ബോംബെയിൽ ബി.ജെ.പി–ശിവസേന സഖ്യം തിരികൊളുത്തിയ വർഗ്ഗീയ ലഹളയോടെ മലയാളികളായ തയ്യൽക്കാരിൽ ഭൂരിഭാഗവും നഗരം ഉപേക്ഷിച്ച് കേരളത്തിലേക്കും മറ്റ് സ്റ്റേറ്റുകളിലേക്കും തിരിച്ചുപോയി.
1991–92 കാലത്ത് ബോംബെയിൽ ബി.ജെ.പി–ശിവസേന സഖ്യം തിരികൊളുത്തിയ വർഗ്ഗീയ ലഹളയോടെ മലയാളികളായ തയ്യൽക്കാരിൽ ഭൂരിഭാഗവും നഗരം ഉപേക്ഷിച്ച് കേരളത്തിലേക്കും മറ്റ് സ്റ്റേറ്റുകളിലേക്കും തിരിച്ചുപോയി.

എന്റെ പുതിയ ജോലിയും പുതിയ സുഹൃത്തുക്കളും ബൂസ് പാർട്ടികളും സിനിമ കാണലും ദീൻനാഥ് മങ്കേഷ്ക്കർ ഹാളിൽ മറാഠി നാടകാസ്വാദനവുമൊക്കെ തകൃതിയായതിന്നിടയിൽ ശശിയെ കുറിച്ച് അന്വേഷിക്കാൻ വിട്ടുപോയി. ചേട്ടൻ ഫ്രാൻസിസിന്റെ പിന്നീടൊരിക്കൽ വന്ന കത്തിൽ ശശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന വരികളും ഉണ്ടായിരുന്നു. ശശി എന്ന കൊച്ചു പയ്യന്റെ ഇരുണ്ടമുഖം ഇടയ്ക്കിടെ ഹൃദയം കുത്തിനോവിക്കാറുണ്ട്.

1991–92 കാലത്ത് ബോംബെയിൽ ബി.ജെ.പി–ശിവസേന സഖ്യം തിരികൊളുത്തിയ വർഗ്ഗീയ ലഹളയോടെ കോട്ടൺ വസ്ത്രങ്ങളുടെ ടെയ്ലറിങ്ങ് ഫാക്ടറികളിലെ കയറ്റുമതി മന്ദീഭവിച്ചു. മലയാളികളായ തയ്യൽക്കാരിൽ ഭൂരിഭാഗവും നഗരം ഉപേക്ഷിച്ച് കേരളത്തിലേക്കും മറ്റ് സ്റ്റേറ്റുകളിലേക്കും തിരിച്ചുപോയി.

എന്റെ വീടിന്റെ തൊട്ടു പിറകുവശത്തുള്ള ഓപ്പേട്ടന്റെ തറവാട്ടിൽ അദ്ദേഹത്തിന്റെ അമ്മ ഇറ്റ്യേനം ചേടത്തിയാരും രണ്ടു സഹോദരിമാരുമൊത്തായിരുന്നു താമസം. ഇവർ സീതാറാം മിൽ തൊഴിലാളികളുമായിരുന്നു. മംഗലം കഴിച്ചപ്പോൾ വീട് പൊളിച്ചു പുതിയതൊന്നു പണിയണമെന്ന പൂതി ഓപ്പേട്ടന്റെ തലയിൽ കയറി. സ്ഥലത്തെ ആർക്കിടെക്റ്റ് ശങ്കുണ്ണി ആശാരി സ്ഥലം നോക്കി കുറ്റിയടിച്ചു. സമീപവാസികളും പാറനും മക്കളായ രാമുട്ടിയും വേലായുധനും കരിങ്കല്ലിൽ തറ കെട്ടിപ്പൊക്കി. കല്ലാശ്ശാരി കുമാരേട്ടനും ടീമും ചുമരും കെട്ടിയുയർത്തി. ഇനിയാണ് വാർക്ക. ഏതോ പണിക്കാരെത്തി ആ കലാപരിപാടിയും നിർവഹിച്ചു മടങ്ങിപ്പോയി. ഓപ്പേട്ടന്റെ കീശയും ഏതാണ്ട് കാലിയായി. മുകളിൽ നിരത്തിയ കോൺക്രീറ്റ് സ്ലാബുകളിൽ മണ്ണിട്ട് അതിർത്തി തിരിച്ച് അഞ്ചു ദിവസം വെള്ളം കെട്ടി നിർത്തണം. അല്ലെങ്കിൽ അവ വിണ്ടുപോകുമെന്നും വെള്ളം തറയിൽ നിറയുമെന്ന മുന്നറിയിപ്പ് ‘വാർക്ക’ ക്കാർ നല്കി. ആദ്യദിവസം ഉത്സാഹപൂർവ്വം ഈ പരിപാടി ചെയ്ത ഓപ്പേട്ടനും ഭാര്യക്കും സഹോദരിമാർക്കും പിന്നീട് നനയ്ക്കൽ ചെയ്യേണ്ടിവന്നില്ല. പിറ്റേന്നു രാത്രി അകാരണമായുണ്ടായ തോരാത്ത മഴ ഞങ്ങളുടെ പ്രദേശത്തെ വെള്ളത്തിൽ മുക്കിക്കൊന്നു. ഓപ്പേട്ടന്റെ ടെറസ് വീട് ‘പ്തോം’ എന്ന ശബ്ദത്തോടെ നിലംപൊത്തിയത് പുലർച്ചയായിരുന്നു. തത്ക്കാലം ഓപ്പേട്ടെൻ്റ ഗൃഹപ്രവേശകഥ ഇവിടെ അവസാനിപ്പിക്കുന്നു.

സോഫി ജെയ്സി കോയി നഹി

ഓപ്പേട്ടന് മണി മക്കൾ നാലു പേരുണ്ട്. രണ്ടു പെൺമക്കളും രണ്ട് ആൺകുട്ട്യോളും. ഇവരിൽ രണ്ടാമത്തെ മകൾ സോഫി. അവൾ നൂറുശതമാനവും കുറുമ്പിയായിരുന്നു. ഞാനന്ന് സൈക്കിൾ സഞ്ചാരിയാണ്. ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളിൽ കേൾക്കാറുള്ള ഗാനം ‘അക്കരക്ക് യാത്രപോകും... സഞ്ചാരിയെപ്പോലെ’, കോളേജിൽനിന്ന് ഉച്ചയൂണിന് സൈക്കിളിൽ വരുന്ന എല്ലാ ദിവസവും ആ ചവിട്ടുയന്ത്രം കാണാതാകുന്നു. ‘‘ലാപതാ സൈക്കിൾ’’ എന്ന് ഇപ്പോൾ അതിന് പേരിടാം. വാഹനം വീടിനു പുറകെ വെച്ച് അല്പം ചോറ് തിന്നൽ കഴിഞ്ഞു വരുമ്പോൾ സൈക്കിൾ കാണാറില്ല. സോഫിയ അതെടുത്ത് ഇടവഴികളായ ഇടവഴികളിലൂടെ പാഞ്ഞ് കൽവെർട്ടിൽ ചിലപ്പോൾ ഇടിച്ചുവീണ് മൂക്കും കാലുമൊക്കെ ചതച്ച് ചുറ്റിക്കറങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞേ തിരിച്ചെത്തൂ. പൂരപ്പറമ്പിൽ ആദ്യകാലത്ത് സൈക്കിളിൽ അഭ്യാസങ്ങൾ നടത്താറുള്ള എസ്. കെ.ടി. വേലുവിനെപ്പോലെയോ പാൽക്കായവും വിലോചന ഗുളികയും വിൽക്കുന്ന തൃശ്ശൂർ തെരുവി​ന്റെ മകൻ പാട്ടുകാരൻ വേലായുധനെപ്പോലെയോ ആണ് അവളുടെ സൈക്കിൾ സഞ്ചാരം. ഒരിടത്തും നിർത്തുന്ന പണിയില്ല. സ്റ്റോപ്പിന് സർവ്വേക്കല്ല് മുമ്പിൽ നിർബ്ബന്ധം.

അന്ന് വി.ടി സ്റ്റേഷനിൽ കണ്ടുമുട്ടിയപ്പോൾ ശശിയുടെ താത്ക്കാലിക വിലാസം ചോദിച്ചെങ്കിലും പയ്യൻ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ചേട്ടൻ ഫ്രാൻസിസിന്റെ പിന്നീടൊരിക്കൽ വന്ന കത്തിൽ ശശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന  വരികളും ഉണ്ടായിരുന്നു.
അന്ന് വി.ടി സ്റ്റേഷനിൽ കണ്ടുമുട്ടിയപ്പോൾ ശശിയുടെ താത്ക്കാലിക വിലാസം ചോദിച്ചെങ്കിലും പയ്യൻ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ചേട്ടൻ ഫ്രാൻസിസിന്റെ പിന്നീടൊരിക്കൽ വന്ന കത്തിൽ ശശി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന വരികളും ഉണ്ടായിരുന്നു.

എന്റെ കോളേജ് വിദ്യാഭ്യാസം 1974 മാർച്ചിൽ അവസാനിച്ചു. 75–ൽ ജോലി തേടി ബോംബെയിലെത്തി. അന്ന് നാടുവിടുക ഒരു ഫാഷനായിരുന്നുവെങ്കിൽ എന്റെ ജീവിതം മാറ്റിമറിച്ചത് ബോംബെ മഹാനഗരമാണ്. രണ്ടുമൂന്നു കൊല്ലങ്ങൾക്കുശേഷം തിരികെ വീട്ടിൽ വന്നപ്പോൾ സോഫിയ എന്ന ചെറിയ കുട്ടി ഇപ്പോൾ യുവതിയായിരിക്കുന്നു. അവൾക്ക് സമ്മാനമായി ഖാരി ബിസ്​ക്കറ്റ് (ഉപ്പു ബിസ്​ക്കറ്റ്) ഒരു കിലോ പാക്കറ്റ് നൽകി. അങ്ങനെ ചില ലൊട്ടുലൊടുക്കു സമ്മാനങ്ങൾ മാത്രമായാണ് നാടുകാണാൻ വന്നത്. ഗൾഫിൽ ചെന്ന് പണം വാരിക്കൂട്ടിയ ഒരു പറ്റം ബന്ധുക്കൾ എനിക്കുണ്ടായിരുന്നു. അയൽവാസികൾക്കിടയിൽ അവരെല്ലാം ‘നൂറിന്റെ നോട്ട് കൊണ്ടുള്ള ആറാട്ടാണ്’ നടത്തിയിരുന്നതെങ്കിൽ ഞാൻ കുട്ടികൾക്കായി പേനകളും കളർ പെൻസലുകളും പുസ്​തകങ്ങളും മറ്റും നൽകി. കുട്ടികൾ വരച്ചും വായിച്ചും വളരട്ടെ. അല്ലെങ്കിൽ തെളിയട്ടെ. (ഞാൻ ജോലി ചെയ്തിരുന്ന ആഡ് ഏജൻസിയുടെ ക്ലയൻ്റുകളിൽ ഒന്നായിരുന്ന ക്യാംലിൻ പ്രൊഡക്റ്റിന്റെ ഉൽപ്പന്നങ്ങൾ സമ്മാനങ്ങളായി ലഭിക്കാറുണ്ട്.) ഒന്നുരണ്ടു വർഷങ്ങൾക്കുശേഷം സോഫിയ വിവാഹം കഴിച്ച് ഭർത്താവിനൊപ്പം ദുബായിലേക്ക് പോയതറിഞ്ഞു. ബോംബെയിലെ വിലാസത്തിൽ വന്ന അവളുടെ കല്യാണക്കുറി കയ്യിൽ കിട്ടിയത് മാസങ്ങൾക്കുശേഷമാണ്. നോക്കണേ, ബോംബെ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിെൻ്റ കൃത്യനിഷ്ഠ.

ഞാൻ മഹാനഗരത്തിലെ പരിപാടികൾ അവസാനിപ്പിച്ച് തിരിച്ചെത്തി വർഷങ്ങൾ പലതായി. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സോഫിയ എന്നെയും ചേച്ചിയെയും കാണാൻ പുതിയ വീട്ടിലെത്തി. അവൾ കയ്യിലെ ഒരു ചെറിയ കാർട്ടൺ എനിക്ക് നീട്ടി. അതിൽ (555 ബ്രാൻ്റ്) പന്ത്രണ്ട് സിഗരറ്റ് പാക്കറ്റുകളുണ്ട്. ഞെക്കിയാൽ സംഗീതം പൊഴിച്ച് വിടരുന്ന ഒരു കുട, അസ്സൽ ജാപ്പനീസ് കുട ചേച്ചിക്ക് സമ്മാനിച്ചു. ചേച്ചിയുടെ കണ്ണിൽ സന്തോഷക്കണ്ണീർക്കണങ്ങളും എന്റെ മുഖത്തുള്ള അതീവസന്തോഷവും കണ്ട് സോഫിയ അധികം സംസാരിക്കാതെ വീട്ടിൽ നിന്നിറങ്ങി. ‘ചറപറ’ എന്ന് വർത്തമാനം പറയാറുള്ള അവൾക്ക് ഇത് എന്തു പറ്റിയോ?
അല്പം ആഴ്ചകൾ മാത്രമേ കഴിഞ്ഞുള്ളൂ, സോഫി എന്ന സോഫിയ ലോനപ്പൻ മരിച്ചു. അവൾക്ക് കഠിനവേദനയുള്ള എന്തോ അജ്ഞാത രോഗമായിരുന്നുവെന്നാണ് കേട്ടത്. അധികം വൈകാതെ ഓപ്പൺസ് ടെയ്​ലറിങ്ങ് അടച്ചുപൂട്ടി. ഓപ്പേട്ട​ന്റെ ജീവിതയാത്രയും അവസാനിച്ചു. ഒരു കാലം കടന്നുപോയത് എന്റെ കൺമുന്നിലൂടെയാണ്. സോഫിയക്ക് പൈലറ്റാകാനായിരുന്നു ആഗ്രഹം. അങ്ങനെ ലോകം മുഴുവൻ പാറിപ്പറന്നു നടക്കാനാഗ്രഹിച്ച പെൺകുട്ടി. ‘‘നീയെന്തുമാത്രം കൊതിച്ചുനോക്കിപ്പക്ഷെ,
നിന്നെപ്പിടിച്ചുയുർത്തിയല്ലയോ വാനിടം’’ എന്നൊരു കവിതാശകലം ഓർത്തുപോകുന്നു.

എന്റെ ജീവിതം മാറ്റിമറിച്ചത് ബോംബെ മഹാനഗരമാണ്.
എന്റെ ജീവിതം മാറ്റിമറിച്ചത് ബോംബെ മഹാനഗരമാണ്.

ഓപ്പൺസ് ടെയ്ലറിങ്ങിന് ഷട്ടറിട്ട അതേ കാലത്തുതന്നെ തൃശ്ശൂർ പട്ടണത്തിൽ പല സ്ഥലങ്ങളിലുമായി മോഡേൺ സ്റ്റിച്ചിങ് സെൻ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കാലം മാറിയതോടെ തുന്നൽ രീതികളിലും ഫാഷനിലും വന്ന മാറ്റങ്ങളുടെ പര്യായങ്ങളാണ് ഇവിടെ ഇപ്പോഴുള്ള ഇത്തരം സ്ഥാപനങ്ങൾ. ‘ജാക്കിൾ ജോർജ്ജേട്ട’ന്റെ തുന്നൽക്കടയുടെ സ്​ഥാനത്ത് ‘ലോയൽറ്റി ടെയ്ലേഴ്സ്​’ കയറിപ്പറ്റി. ചെറുപ്പക്കാരുടെ പ്രവാഹം പിന്നെ അങ്ങോട്ടായി. കല്യാണ കോട്ടും സൂട്ടും തുന്നുന്നതിൽ വിദഗ്ധരായിരുന്നു ‘വർഗീസ് ആൻഡ് സൺസ് ടെയ്​ലറിംഗ്’. വിവാഹസൂട്ടും കോട്ടും (ബൂട്ടില്ല) വധുവിന് വിവാഹദിവസം അണിയാനുള്ള ഗൗണും വെള്ള കൈയ്യുറകളും വരെയുള്ള അനുബന്ധ സാധനങ്ങളും ഇപ്പോൾ വാടകയ്ക്ക് ലഭ്യമാണ്.
ഈയൊരു ദിവസം മാത്രം ഉപയോഗിച്ച് പിന്നീട് ആരും പുറത്തെടുത്ത് ധരിക്കാൻ മടിയുള്ള മലയാളികളായ വധൂവരന്മാർക്ക് ഇത്തരം വസ്ത്രങ്ങൾ ദിവസവാടകക്കെടുക്കുന്നതാണ് ലാഭകരം എന്ന തിരിച്ചറിവുണ്ടായത് നന്നായി. പാലസ് റോഡിലെ ‘പാറക്കൽ ടൈലേഴ്സ്​’ കോളേജ് വിദ്യാർത്ഥികൾക്കായുള്ള വസ്​ത്രങ്ങൾ മാത്രമാണ് തയ്ച്ചിരുന്നത്. പിന്നീട് എം.ജി റോഡിലെ ജയ്ഹിന്ദ് മാർക്കറ്റ് കെട്ടിടത്തിലേക്കത് മാറ്റി, ‘നിയോ പാറക്കൽ ടൈലേഴ്സ്​’ എന്ന വാക്കും ചേർത്ത് വീണ്ടും തുടങ്ങിയെങ്കിലും അതിന്റെ പ്രവർത്തനവും നിന്നുപോയി.

രാഗം തിയേറ്ററിന് മുമ്പിലുള്ള ചെമ്പോട്ടിൽ ലെയ്നിലെ ഭാരത് ഹോട്ടൽ അന്നും ഇന്നും വളരെ പ്രശസ്​തമാണ്. ആ വഴിയിൽ തന്നെ 1971–74 ൽ പ്രവർത്തിച്ചിരുന്ന ടൂറിസ്റ്റ് കോഫി ഹൗസും തൊട്ടടുത്തുണ്ടായിരുന്ന ‘പ്ലേബോയ് ടൈലേഴ്സും’ ഇന്നില്ലായെങ്കിലും ഈ രണ്ടു സ്ഥാപനങ്ങളെക്കുറിച്ചും എനിക്കുള്ള അനുഭവങ്ങളും പറയാം. ടൂറിസ്റ്റ് കോഫി ഹൗസിന്റെ ചരിത്രവശത്തെക്കുറിച്ച് എനിക്ക് പിടിപാടില്ല. ആ സ്ഥലം ഇപ്പോൾ ഭാരത് ഹോട്ടലിന്റെ കാർ പാർക്കിംഗ് ഏരിയ ആയിരിക്കുന്നു.

‘സഞ്ചാരികളുടെ കാപ്പിക്കടയി’ൽ പാലക്കാട്ടുകാരൻ രവിയുമൊത്തായിരുന്നു എന്റെ ആദ്യ സന്ദർശനം. ഞങ്ങൾ ഇരുവരും കേരളവർമയിലെ ഒന്നാംവർഷ പ്രീ ഡിഗ്രിക്കാർ. അയാൾ സ്വരാജ് റൗണ്ടിലെ കോളേജ് ഹോസ്റ്റലിലായിരുന്നു താമസം. കക്ഷി വലിയ സമ്പന്ന കുടുംബത്തിലേതാണ്. പാലക്കാട് ആലത്തൂരാണ് തറവാട്. കറുപ്പുനിറമുള്ള അംബാസിഡർ കാറിലാണ് അച്ഛനും അമ്മയും രവിയെ കാണാനെത്തുക. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് അവിടെ ലഭിക്കാറുള്ള ‘അവശഭക്ഷണ’ ത്തിൽ നിന്ന് ഉൽഭവിച്ചതാകാം അവരുടെ ഹോട്ടൽ തീറ്റ എന്ന് തോന്നുന്നു. കേരളത്തിൽ അന്നുണ്ടായ അരിക്ഷാമം ഞങ്ങൾ ഇരുവരേയും ബാധിച്ചിട്ടില്ലായെങ്കിലും (രവിയുടെ വീട്ടുകാർ ജമ്മിയും-ജന്മി- ഞങ്ങൾ പാട്ടകൃഷിക്കാരുമാണെന്ന വ്യത്യാസം മാത്രം) ‘അരി സമരങ്ങളിൽ’ ഞങ്ങളും പങ്കെടുത്തിരുന്നു. ‘അരിയും നെല്ലും ഗോതമ്പും അറയിലിരുന്നു ചിരിക്കുമ്പോൾ, ശാസ്​ത്രിക്കെന്താ കണ്ണില്ലേ? ഗിരിസാറെന്താ മിണ്ടാത്തെ?’ എന്നായിരുന്നു ഞങ്ങൾ വിദ്യാർത്ഥികൾ മുഴക്കിയിരുന്ന സിന്ദാബാദ് വിളികൾ.

ഹോസ്റ്റലിലെ ഉണക്കച്ചോറും ചൂടു കഞ്ഞിവെള്ളം കലർത്തിയ സാമ്പാറും വെളിച്ചെണ്ണ കണ്ടുകണ്ടില്ല എന്നു രുചിയ്ക്കുന്ന കറികളും ഉണക്ക പപ്പടവും രവിക്ക് ഒട്ടും ഇഷ്ടമല്ല. അതാണയാൾ പത്തൻസ്​, ഗീത ഹോട്ടൽ, ഹോട്ടൽ സിലോൺ, ഭാരത് ഹോട്ടൽ തുടങ്ങിയവയിൽ നിന്ന് മാറിമാറി മൃഷ്​ടാന്നഭോജനം വിഴുങ്ങുന്നതിന്റെ ഗുട്ടൻസ്​. പലപ്പോഴും അയാൾ എന്നേയും ഹോട്ടലിലേക്ക് വിളിക്കാറുണ്ട്. ഞങ്ങൾ ടൂറിസ്റ്റ് കോഫി ഹൗസിലെത്തിയാൽ കോൾഡ് കോഫിക്കാണ് അയാൾ ആദ്യം ഓർഡർ നല്കുക. ഇപ്പോൾ ഈ പ്രത്യേകയിനം കോഫി തൃശൂരിൽ ഒരു ഹോട്ടലിലും സെർവ് ചെയ്യുന്നില്ല എന്ന് തോന്നുന്നു. മട്ടൻ കട്ട്ലെറ്റ് ടൂറിസ്റ്റ് കോഫി ഹൗസിന്റെ സ്​പെഷ്യാലിറ്റിയാണ്. സോസും സവാള അരിഞ്ഞതും കൂടിയുള്ള മട്ടൻ കട്ട്ലെറ്റ് തൊണ്ട തൊടാതെയാണ് ഞാൻ വിഴുങ്ങുക.

തൊട്ടടുത്തുള്ള ‘പ്ലേ ബോയ് ടെയ്ലേഴ്സിന്റെ ഉടമ–കം–കട്ടിംഗ് മാസ്റ്റർ കൂർക്കഞ്ചേരി സ്വദേശി ഭരതനാണ്. ഷമ്മി കപൂർ, ദേവ് ആനന്ദ് തുടങ്ങിയ ഹിന്ദി സിനിമാനടന്മാരുടെ പോസ്റ്ററുകൾക്കൊപ്പം പാശ്ചാത്യനടനും ഗായകനുമായ ‘എൽവിസ് പ്രസ്​ലി’ യുടേയും പടം അവിടെ പതിച്ചിട്ടുണ്ട്. ഭരതന്റെ ‘ക്ലയൻ്റിൽ’ എല്ലാവരും കോളേജ് പിള്ളേരാണ്. പാൻ്റ്, ഷർട്ട് എന്നിവയ്ക്കാണ് ഭരതൻ സ്​പെഷ്ൽ ‘ഫിംഗർ ടച്ച്’ നൽകുക.

ടെറലിൻ, ടെറികോട്ടൺ, ബോസ്​കി തുണികളുടെ കാലമായിരുന്നു അത്. ഇവയെല്ലാം കള്ളക്കടത്തിലൂടെ ആദ്യം ബോംബെയിലെത്തുന്നു. പിന്നീട് മാത്രമേ കൽബാദേവി കപ്ഡാ മാർക്കറ്റ്, ഗാന്ധി മാർക്കറ്റ് തുടങ്ങിയ സ്​ഥലങ്ങളിൽ വില്പനക്ക് വെക്കൂ. ഒളിച്ചും പതുങ്ങിയുമാണ് തൃശൂർ പട്ടണത്തിൽ ഈ തുണികളുടെ വില്പന. അത്തരം ടെർലിൻ ഷർട്ടിട്ട് വിലസണം എന്നാണ് എന്റെ ആഗ്രഹം.

ഞങ്ങൾ ടൂറിസ്റ്റ് കോഫി ഹൗസിലെത്തിയാൽ കോൾഡ് കോഫിക്കാണ് അയാൾ ആദ്യം ഓർഡർ നല്കുക. ഇപ്പോൾ ഈ പ്രത്യേകയിനം കോഫി തൃശൂരിൽ ഒരു ഹോട്ടലിലും സെർവ് ചെയ്യുന്നില്ല എന്ന് തോന്നുന്നു.
ഞങ്ങൾ ടൂറിസ്റ്റ് കോഫി ഹൗസിലെത്തിയാൽ കോൾഡ് കോഫിക്കാണ് അയാൾ ആദ്യം ഓർഡർ നല്കുക. ഇപ്പോൾ ഈ പ്രത്യേകയിനം കോഫി തൃശൂരിൽ ഒരു ഹോട്ടലിലും സെർവ് ചെയ്യുന്നില്ല എന്ന് തോന്നുന്നു.

പ്രീ ഡിഗ്രി കഴിഞ്ഞ് രവി നാട്ടിലേക്ക് തിരികെ പോയി. ഞാൻ കേരളവർമയിൽ ബി എയ്ക്കു ചേർന്നു. ആയിടയ്ക്കാണ് ചേച്ചി നമ്പർ –വണ്ണിന്റെ (മാത്തിരി) ഭർത്താവായ വി.ആർ. പോൾ (പോളാശാൻ) ഖത്തറിൽനിന്ന് വരുന്നത്. ഞങ്ങൾ അഞ്ചു സഹോദരന്മാർക്കും അവരിൽ മൂത്ത ചേട്ടന്റെ മകൻ ബോബൻസിനുമായി ഒരു റോൾ ടെറിലിൻ തുണി സമ്മാനമായി അദ്ദേഹം നൽകി. ഞങ്ങൾ ഓരോരുത്തരായി പ്ലേ ബോയ്സ് ടൈലറിങ്ങിലെത്തി അളവെടുപ്പ് നടത്തി. ബാക്കി എല്ലാവരുടെയും ഷർട്ട് തയ്യാറായി. അവർ അവ വാങ്ങിയപ്പോയെങ്കിലും എന്റെ ഷർട്ട് എന്തോ പ്രതിസന്ധിയിലാണ്. രണ്ടുമൂന്നു പ്രാവശ്യം ഭരതനെ ഇക്കാര്യം ഓർമിപ്പിച്ചപ്പോൾ അയാൾ ഒരു ഷർട്ട് കടലാസിൽ പൊതിഞ്ഞു തന്നു. വീട്ടിൽ വന്ന് തുറന്നുനോക്കി. തുണി മാറിയിട്ടുണ്ട്. അത് സാധാ തുണി. ഞാൻ ഒന്നും മിണ്ടാതെ ഭരതനെ അത് മടക്കിയേൽപ്പിച്ചു. പുറത്തുള്ള ബോർഡ് എന്നെ നോക്കി കൊഞ്ഞനം കുത്തി: Playboy- the Master of Tailors. അതായത് ‘ഒരു കളിക്കുംകുട്ടിയുടെ കളിതമാശ’.

എമറാൾഡും അംബ്രാളും

ബി.എ.യ്ക്ക് എന്നെ ഇംഗ്ലീഷ് പോയട്രി പഠിപ്പിച്ചിരുന്നത് സി. നാരായണൻ നമ്പൂതിരിപ്പാട് മാഷായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ‘ദേവാനന്ദ് ’ എന്നാണ് വിളിക്കുക. ഹം ദോനോം, ജ്വൽതീഫ്, തീൻ ദേവിയാം, ബനാറസി ബാബു തുടങ്ങിയ നമ്പർവൺ സിനിമകളിലെ ‘എവർഷൈൻ’ ഹീറോയാണ് ദേവാനന്ദ്. യുവതികളുടെ ആരാധനാപാത്രമായ ദേവാനന്ദിന്റെ മുഖഛായയുള്ള നമ്പൂതിരിമാഷ് ഡാർക്ക് കളറിലുള്ള ഹാഫ് കൈ ഷർട്ടും റേമണ്ട് പാൻ്റും അലക്കി ഇസ്​തിരി ഇട്ട് മാത്രമേ ധരിക്കൂ. ആ നടപ്പിലും ദേവാനന്ദിന്റെ ലുക്കുണ്ട്. അദ്ദേഹത്തിന്റെ ഒരു കവിത, ‘ബ്ലൂ ബേഡ്സി’ന് ഞാൻ കോളേജ് മാഗസിനിൽ ചിത്രവും വരച്ചിട്ടുണ്ട്.

ജഗന്നാഥൻതുണി കൊണ്ടുള്ള സാദാ കുപ്പായങ്ങൾ വീടുകളിലും മസ്ലിൻ കൊണ്ടുള്ളവ പെരുന്നാൾ, കല്യാണം തുടങ്ങിയ വിശേഷങ്ങൾക്കും ‘പള്ളീപോക്കിനു’മാണ് ക്രിസ്തീയ വനിതകൾ ധരിക്കുക.

നമ്പൂതിരി മാഷുടെ ഫേവറിറ്റ് ടെയ്​ലറാണ് ഷൊർണൂർ റോഡിലെ ‘എമറാൾഡ് ടെയ്ലേഴ്സ്​’. എക്സ്​പ്രസ് ദിനപത്രത്തിലെ ശ്രീധരൻ മാഷും മറ്റു ചിലരും താമസിച്ചിരുന്ന ഓടിട്ട 1+1 കെട്ടിടത്തിലാണ് എമറാൾഡ് പ്രവർത്തിച്ചിരുന്നത്. ഉടമ – സുന്ദരൻ, സുശീലൻ അരവിന്ദാക്ഷൻ ഷർട്ട് ധരിക്കാതെയാണ് കസ്റ്റമേഴ്സിന്റെ വസ്​ത്രങ്ങളുടെ അളവെടുക്കുക എന്ന് ഞാൻ നോട്ടീസ് ചെയ്തിട്ടുണ്ട്. ഡബ്ബിൾമുണ്ട് മടക്കിക്കുത്തി കാക്കക്കാഷ്ടം പോലുള്ള പെൻസിൽ കൊണ്ട് അദ്ദേഹം വലിയൊരു എക്കൗണ്ട് ബുക്കിലാണ് അളവുകൾ കുത്തിക്കുറിക്കുക. മാഷുടെ റെക്കമെന്റേഷൻ അനുസരിച്ച് ഞാൻ ആദ്യമായി എമറാൾഡിലെത്തി. റേഡിയോവിൽ പി. സുശീലയും സൗന്ദർരാജനും പാടുന്നു. ആ വരികൾ അരവിന്ദനും പാടി ഒപ്പമെത്താൻ വൃഥാ ശ്രമം നടത്തുതാണ് ആദ്യ രംഗം. തൃശൂർ നായ്ക്കനാലിലുള്ള ലക്ഷ്മി സ്റ്റോഴ്സിൽ നിന്ന് വാങ്ങിയ കോട്ടൺതുണി അദ്ദേഹത്തിന് കൈമാറി. പരമശിവന്റെ പാമ്പ് കണക്കെ അരവിന്ദൻ ടൈലറുടെ കഴുത്തിൽ ചുറ്റിക്കിടന്ന ടൈപ്പ് വലിച്ചെടുത്ത് അരവി അളവെടുപ്പ് തുടങ്ങി. ‘ചെസ്റ്റ് 28’ സംതിങ്, സംതിങ്ങ്....
കോളറിന്റെ അളവെടുത്തപ്പോൾ ഞാൻ പറഞ്ഞു, ‘വലിയ കോളർ വേണം, സ്റ്റിഫ് ആയി നിൽക്കണം’ (മനസ്സിൽ ദേവാനന്ദ്)
‘ശരി’, ആ വിവരങ്ങൾ അരവിന്ദൻ കുറിച്ചു. പുഴക്കം, ഇറക്കം, കുന്തം, കുടച്ചക്രം തുടങ്ങിയവ പതിവിൽ പടി അളന്ന് അവയും നോട്ടുബുക്കിൽ കുറിച്ചു.
‘തനിക്കെത്ര വയസ്സായി’- ചോദ്യം എന്നോടാണ്. കാര്യം എന്താണെന്ന് എന്റെ മുഖം ആളോട് ചോദിച്ചു.
‘തന്റെ നെഞ്ചളവ് ഇത്ര പോരാ, അയ്ന് ആട്ടിൻ സൂപ്പ് കുടിക്കണം, പശുവിൻ നെയ്യിട്ട് ഉള്ളി കാച്ചിയത്’.
‘ശരി നോക്കാം’ എന്നായി ഞാൻ.
ഷർട്ട് തുന്നിക്കിട്ടിയ പിറ്റേന്ന് തന്നെ ഞാനാ ഷർട്ടിട്ട് കോളേജിലെത്തി. ‘ഇപ്പോ ചെക്കന്മാരൊക്കെ കർട്ടന്റെ തുണി കൊണ്ടാ ഷർട്ടടി’ എന്നാണ് ഒരു പ്രീ ഡിഗ്രിക്കാരിയുടെ കമൻ്റ്. അന്ന് മാങ്ങയും തേങ്ങയും ചക്കയും ഒക്കെ പ്രിൻ്റ് ചെയ്ത കോട്ടൻതുണി ഷർട്ട് തുന്നാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു.

എമറാൾഡ് സംബന്ധമായി ഒരു കഥ കൂടി പറയാം. എന്റെ മാത്തിരി ചേച്ചിയുടെ മൂത്തമകൻ ഒരു ‘ഫാഷൻ ജീവി’യാണ്. അവനും വേറെ പിള്ളേരുടെയും ആദ്യ കുർബാന കൈക്കൊള്ളുന്നതിന് തലേന്നാൾ ചേച്ചി ഒന്നാന്തരം വെള്ളത്തുണി വാങ്ങി ട്രൗസറും ഷർട്ടും തുന്നാൻ ലോനപ്പേട്ടന്റെ കടയിൽ കൊടുക്കാൻ തയ്യാറായി. അപ്പോ ചെക്കൻ പറയുന്നു, ‘‘എനിക്ക് അംബ്രാളുടെ പീട്യേൽ തുന്ന്യാൽ മതി’. ചേച്ചി ഫ്ലാറ്റായെങ്കിലും അത് അരവിന്ദന്റെ ‘എമറാൾഡ് ടൈലേഴ്സ്​’ ആണെന്ന് മനസ്സിലാക്കാൻ അവർക്ക് അല്പസമയമെടുത്തു. ചെക്കന് ‘എമറാൾഡും അമ്രാളും’ തമ്മിൽ തിരിച്ചറിയാൻ മാത്രം പ്രായമുണ്ടായിരുന്നില്ല. അവൻ അഞ്ചിലോ ആറിലോ ആയിരുന്നു പഠനം. ‘തമ്പ്രാനെ’, ‘ഏമാനേ’, ‘അമ്പ്രാളെ’ എന്നൊക്കെ മാന്യന്മാരെ വിളിച്ചിരുന്ന നാട്ടിലായിരുന്നു ജീവിതം. എമറാൾഡ് ടൈലേഴ്സിന്റെ കഥയ്ക്ക് ഇവിടെ ഫുള്ളായി സ്റ്റോപ്പിടുന്നു.

സാറച്ചേച്ചിയും
കലാമണ്ഡലം ക്ലാരയും

പൂങ്കുന്നം എൽ. പി സ്​കൂളിന് എതിർവശത്തുണ്ടായിരുന്ന ഓടിട്ട ഒരു വീട്ടിലെ താമസക്കാരിയും തുന്നൽക്കാരിയുമായിരുന്നു സാറ ചേച്ചി. ഞങ്ങളുടെ അമ്മയുടെയും ചേച്ചി ത്രേസ്യക്കുട്ടിയുടേയും എലിസബത്ത് ചേടത്ത്യാരുടേയുമൊക്കെ ‘കുപ്പായം’ (ക്രിസ്​ത്യാനി സ്​ത്രീകളുടെ പതിവുവേഷം) തുന്നിയിരുന്നത് അവരായിരുന്നു. ഇതേ വരിയിൽ തൊട്ടടുത്ത ഒരു വീട്ടിലായിരുന്നു മാർക്സിസ്റ്റ് ചിന്തകനും എഴുത്തകാരനുമായിരുന്ന കെ. ദാമോദരൻ കുറെ കാലം താമസിച്ചിരുന്നത്.

ജഗന്നാഥൻതുണി കൊണ്ടുള്ള സാദാ കുപ്പായങ്ങൾ വീടുകളിലും മസ്ലിൻ കൊണ്ടുള്ളവ പെരുന്നാൾ, കല്യാണം തുടങ്ങിയ വിശേഷങ്ങൾക്കും ‘പള്ളീപോക്കിനു’മാണ് ക്രിസ്തീയ വനിതകൾ ധരിക്കുക. സാറ ചേച്ചി തുന്നൽക്കാരി മാത്രമായിരുന്നില്ല സ്​ഥലത്തെ ന്യൂസ് കളക്ഷൻ ആൻ്റ് ഡിസ്​ട്രിബ്യൂഷൻ ഏജൻ്റായിരുന്നു. സ്​ത്രീകളായിരുന്നു ശ്രോതാക്കൾ. സഖാവ് ടി.സി. കൊച്ചപ്പേട്ടന്റെ താമസവും തുന്നൽക്കടയും റെയിൽവേ ഗേറ്റിനു സമീപമായിരുന്നു. മുൻമന്ത്രി ടി.വി. തോമസിനെപ്പോലെ ജുബ്ബയുടെ കഴുത്തിന്റെ താഴെ രണ്ടു ബട്ടൻസ് തുറന്നിട്ട് കൊമ്പൻമീശ ചുരുട്ടിവെച്ച അദ്ദേഹത്തെ എനിക്കോർമ്മയുണ്ട്. കൊച്ചപ്പേട്ടന്റെ ഇളയ സഹോദരി ക്ലാര, ക്രിസ്​തീയ സമുദായത്തിൽനിന്ന് കലാമണ്ഡലത്തിൽ നൃത്തം പഠിച്ചിറങ്ങിയ ആദ്യ യുവതികൂടിയാണ്. എം.എൻ. പിഷാരടി സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന സിനിമയിലെ ഒരു ഗാനരംഗം ക്ലാരചേച്ചിയുടേതായുണ്ട്. അവർ സ്​കൂൾ ടീച്ചറായാണ് റിട്ടയർ ചെയ്തത്. മിന്നാമിനുങ്ങ് ഒട്ടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാത്തതാകാം ക്ലാരച്ചേച്ചി ഒരു സിനിമയിൽ പോലും പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. നരച്ച തലമുടിയും കണ്ണടയും വെച്ച് എപ്പോഴും ‘വർത്താനം’ പറഞ്ഞ് ‘മിഷ്യേനടിക്കുന്ന’ സാറച്ചേച്ചിയും ടി.സി.കൊച്ചപ്പേട്ടനും ഓപ്പേട്ടനുമെല്ലാം തൃശൂരിലെ സാധാരണക്കാരായ തുന്നൽക്കാരാണ്. അവിവാഹിതയായി സാറ ചേച്ചി വളരെ പണ്ടുതന്നെ കാലയവനികൾക്കുള്ളിൽ മറഞ്ഞു. ആ സ്​ഥലത്ത് ഇപ്പോൾ റേഷൻ കടയും പച്ചക്കറി കടയുമാണുള്ളത്.

ബോംബെയിലെ ‘ടിപ് ടോപ്’ വസ്​ത്രധാരണരീതിക്ക് ചെമ്പൂർ ഷെൽ കോളനി റോഡിലെ ‘അപ്സര ടൈലറിംഗി’ൽ നിന്നാണ് ഞാൻ തുടക്കമിടുന്നത്.
ബോംബെയിലെ ‘ടിപ് ടോപ്’ വസ്​ത്രധാരണരീതിക്ക് ചെമ്പൂർ ഷെൽ കോളനി റോഡിലെ ‘അപ്സര ടൈലറിംഗി’ൽ നിന്നാണ് ഞാൻ തുടക്കമിടുന്നത്.

ബോംബെയിൽ ജീവിച്ച ആൾ എന്ന നിലക്കും എന്റെ പ്രവർത്തനമണ്ഡലം പത്രങ്ങൾക്കുവേണ്ടിയുള്ള പരസ്യമായ പരസ്യപിടുത്തമാകയാൽ ഈ ജോലിയുടെ ആരംഭദശയിൽ എപ്പോഴും സമ്പർക്കം സാധാരണ മലയാളികളെക്കാളുപരി ഗുജറാത്തി, പാഴ്സി, സിന്ധി, മറാഠി സേട്ടുമാരുടെ ഓഫീസ് കയറിയിറങ്ങി അവരെ വളച്ച് പിടിച്ച് പരസ്യമൊപ്പിച്ച് പത്രത്തിൽ നല്കുക എന്നതായിരുന്നു. അടിപൊളി വസ്​ത്രധാരണം ആദ്യം മുതലേ എനിക്കുണ്ടായിരുന്നെങ്കിലും പുറം പൂച്ചുകളും വാചകമടിയും പെഗ്ഗടിയും കുതികാൽവെട്ടും മാത്രം ആഘോഷമാക്കിയാൽ മാത്രമേ മഹാനഗരം ഞങ്ങളെപ്പോലുള്ള ചെറിയ വർഗ്ഗത്തെ ഉൾക്കൊള്ളൂവെന്നത് പച്ചപ്പരമാർത്ഥമാണ്.

ബോംബെയിലെ ‘ടിപ് ടോപ്’ വസ്​ത്രധാരണരീതിക്ക് ചെമ്പൂർ ഷെൽ കോളനി റോഡിലെ ‘അപ്സര ടൈലറിംഗി’ൽ നിന്നാണ് ഞാൻ തുടക്കമിടുന്നത്. കടയുടെ ‘നാമധേയം’ വിവക്ഷിക്കുന്ന പോലെ സാക്ഷാൽ ‘അപ്സരസ്സുകളുമായി’ മാളക്കാരൻ ജോർജേട്ടന്റെ ഈ തയ്യൽ കടയ്ക്ക് ഒരു ബന്ധവുമില്ല. അദ്ദേഹം പാൻ്റ്, ഷർട്ട്, കോട്ട്, സൂട്ട് എന്നിവ മാത്രമടങ്ങുന്ന തുന്നൽ പ്രവർത്തനമണ്ഡലത്തിലെ വിദഗ്ധനായിരുന്നു. എപ്പോഴും നല്ല തിരക്കുള്ള ഷെൽകോളനി റോഡിലെ ഇടുങ്ങിയ മുറിയിലായിരുന്നു ‘അപ്സര’. അന്ന് ഗൾഫ് മലയാളികൾ തലങ്ങും വിലങ്ങുമെന്നോണം അവിടെയെത്തി ഫോറിൻ തുണികൾ ഷർട്ടുകളും പാൻ്റുകളുമാക്കി തിരിച്ച് നാട്ടിലേക്കോ അറബി നാടുകളിലേക്കോ പോയിരുന്നു. പിന്നീട് ചെമ്പൂർ സ്റ്റേഷൻ റോഡിലെ ‘എ.ബി’ ടൈലേഴ്സ് എ​ന്റെ ആശാകേന്ദ്രമായി. ഹിപ്പി വേഷം അനുകരിക്കുന്ന കോളേജ് കുട്ടികളായിരുന്നു എ.ബി ടെയ്ലേഴ്സിലെ കസ്റ്റമേഴ്സ്​. ശരാശരി കണക്കെടുത്താൽ മൂന്നുമാസങ്ങൾക്കുള്ളിൽ ഒരു ഷർട്ടോ പാന്റോ ഇവ രണ്ടുമോ വാങ്ങുന്ന പതിവും എനിക്ക് വന്നുചേർന്നു. ഇതിനിടെ ചെമ്പൂർ ജനതാ മാർക്കറ്റിലെ ‘പേരില്ലാ’ തയ്യൽക്കടയുടമ മുജീബുമായി ചങ്ങാത്തത്തിലായി. അയാൾ ഹൈദരാബാദിയാണ്. എപ്പോഴും പാൻ ചവച്ചുകൊണ്ടാണ് പണിയെടുക്കുക. ചെമ്പൂർ സ്റ്റേഷന് തൊട്ടടുത്തുള്ള ജനത മാർക്കറ്റിലെ പത്ത് ചതുരശ്രയടി മാത്രം വിസ്​തീർണ്ണമുള്ളതാണ് മുജീബിന്റെ കട. മുജീബ് ഉത്സാഹിയായ തയ്യൽക്കാരനായിരുന്നു. 1991–92 കാലങ്ങളിലെ ബോംബെ വർഗീയലഹളയിൽ ശിവസൈനികർ അയാളുടെ കട കത്തിച്ചു. മുജീബ് ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതായി കേട്ടു. തൊട്ടടുത്തുണ്ടായിരുന്ന ‘ഉദയ’ ലഞ്ച് ഹോം ഉടമ മലയാളിയാണെങ്കിലും അവിടെ ഭക്ഷണം കഴിക്കാനെത്തുക മാന്യന്മാരായ ഗുജറാത്തികളും സിന്ധികളും മഹാരാഷ്ട്രീയരുമായിരുന്നു. അന്ന് ലണ്ടൻ പിൽസ്​ണർ ബീർ കുപ്പി ഒന്നിന് പത്തുരൂപയായിരുന്നു ചാർജ്. ചെമ്മീൻ റോസ്റ്റ്, ആവോലി ഫ്രൈ, പച്ചരി ചോറ് എന്നിവയടങ്ങുന്ന ‘ഉദയ സ്​പെഷൽ ലഞ്ചിന്’ രൂപ നാല്പതായിരുന്നു വിലയെന്ന് ഓർമയുണ്ട്.

ദർജിയുടെ കത്രിക ചലിക്കുമ്പോൾ

താമസമിപ്പോൾ വീരാർ ബോളിഞ്ച് ഗാവിലാണ്. അവിടെയുണ്ടായിരുന്ന രണ്ടു ടെയ്​ലർമാരിൽ ഒരാൾ ഗുല്ലു (യഥാർത്ഥ പേരറിയില്ല). രണ്ടാമത്തെ കക്ഷി ആൽവിൻ ഫെർണാണ്ടസ് ഈസ്റ്റ് ഇന്ത്യൻ ക്രിസ്​ത്യാനി. ഗുല്ലു ആറടി ഉയരമുള്ള വെൽബിൽട്ട് ബോഡിയുള്ള യുവാവാണ്. ‘ലേഡീസ് സ്​പെഷലിസ്റ്റ് ടെയ്ലേഴ്സ്’ എന്ന ബോർഡ് കാണാമായിരുന്നെങ്കിലും സ്​ത്രീജനങ്ങൾ അവിടെ കാലുകുത്തുന്നതായി കണ്ടിട്ടില്ല. ആൽവിന് തുന്നൽപ്പണി അലങ്കാരം മാത്രമാണെന്ന് ആക്രിക്കച്ചവടക്കാരൻ അഹമ്മദ് മിയയുടെ ഭാഷ്യം. ഏക്കർകണക്കിന് മുല്ലപ്പൂന്തോട്ടവും എരുമപരിപാലനവുമുള്ള കുടുംബത്തിലെ അംഗമായ ശ്രീമാൻ എ. ഫെർണാണ്ടസിന്റെ ‘ടൈംപാസ്​’’ ആണ് ഈ പണിയെന്നും വഴിയെ പോകുന്ന പെണ്ണുങ്ങളെ ഗോഷ്ഠി കാണിച്ചും കമൻ്റടിച്ചും കൊല്ലുമെന്നുമാണ് വീട്ടുജോലിക്കാരി ചന്ദാബായിയുടേയും ടിഫിൻ സർവ്വീസ് നടത്തുന്ന സുമേൻ്റയും പരാതി.

പർവീൺ ബാബി, രേഖ, സീനത്ത് അമൻ, നീത്തു സിംഗ്, സീനത്ത് അമൻ തുടങ്ങിയ നായികമാരുടെ വസ്​ത്രങ്ങൾ തുന്നിയിരുന്ന ബോട്ടുഭായി ഡ്രസ് വാലയുടെ സ്​ഥാപനം കോവിഡ് കാലത്താണ് പൂട്ടിയത്.
പർവീൺ ബാബി, രേഖ, സീനത്ത് അമൻ, നീത്തു സിംഗ്, സീനത്ത് അമൻ തുടങ്ങിയ നായികമാരുടെ വസ്​ത്രങ്ങൾ തുന്നിയിരുന്ന ബോട്ടുഭായി ഡ്രസ് വാലയുടെ സ്​ഥാപനം കോവിഡ് കാലത്താണ് പൂട്ടിയത്.

ഈ പറഞ്ഞ തുന്നൽക്കാരുടെ പരീക്ഷണവസ്​തുവായി പരിണമിച്ച എന്റെ രണ്ട് ഷർട്ടും പാൻ്റും ഗതികെട്ട് ബർത്തൻവാലിക്ക് (പാത്രക്കച്ചവടക്കാരി) കൊടുത്ത് ചെറിയ ഒരു പ്ലാസ്റ്റിക് ഡബ്ബ പകരം ഞാൻ വാങ്ങിയിട്ടുണ്ട്. വാഗ്ലേ എസ്റ്റേറിലെ താമസത്തിനിടയിൽ കണ്ടെത്തിയ മാസ്റ്റർ ടെയ്​ലറാണ് മുളുണ്ട് സ്റ്റേഷൻ റോഡിലെ ‘മുളോബ’ ടെക്സ്റ്റയിൽസ് ടെയ്ലേഴ്സ് ഉടമ അശോക് ഭായി. ഈ സുന്ദരനായ ചെറുപ്പക്കാരൻ ധരിക്കാറുള്ള വിവിധ സ്റ്റൈയ്​ലിലും ഡിസൈനിലുമുള്ള ഷർട്ടും പാൻ്റും കണ്ടാണ് ഞാനവിടെ കയറിയതും തുണിവാങ്ങി തുന്നാൻ അശോക്ഭായിയെ ഏല്പിച്ചതും. തുന്നിത്തന്ന ഉടൻ ഈ വസ്​ത്രങ്ങൾ ട്രയൽറൂമിൽ കയറി അണിഞ്ഞ് ആൾക്കണ്ണാടിയിൽ നോക്കി. കണ്ണാടിയിൽ ബച്ചനെയോ വിനോദ് ഖന്നയെയോ പ്രതീക്ഷിച്ച എന്റെ സപ്തനാഡികളും തളർന്നു. അശോക് ഭായിടെ ടെയ്​ലറിങ്ങ് വിരുതിന്റെ വിശദാംശങ്ങൾ വിസ്​തരിക്കുന്നതിലും നല്ലത്, ചുരുങ്ങിയപക്ഷം എളുപ്പമായി എവിടെയും ലഭിക്കുന്ന എലിവിഷം കഴിച്ച് മരിക്കുന്നതാണ്. അതാണ് നാം പറയാറുളളത്, ‘കണ്ണാടി കള്ളം പറയില്ല’ എന്ന്.

രാജസ്​ഥാൻ–ഗുജറാത്ത് അതിർത്തിപ്രദേശമായ കച്ചിലെ സ്​ത്രീജീവിതം പറയുന്ന ‘രുദാലി’ എന്ന സിനിമയിൽ മരണവീടുകളിൽ വന്ന് മണിക്കൂർ അടിസ്​ഥാനത്തിൽ കരഞ്ഞ് പണം വാങ്ങുന്ന ഗ്രാമീണ സ്​ത്രീകളുടെ വേഷം പിന്നീട് ‘രുദാലി കപഡാ’ എന്ന പേരിൽ വിറ്റഴിച്ചുപോന്നിരുന്നു.

ബാന്ദ്ര (ഈസ്റ്റ്) ഗവ. കോളനിയിലെ സുഹൃത്തിനൊപ്പം നോൺ പേയിങ്ങ് ഗസ്റ്റായി താമസിച്ചിരുന്നത് രണ്ടായിരാമാണ്ടിന്റെ ആരംഭത്തിലായിരുന്നു. മറാഠി ഭക്ഷണത്തിന്റെ അതീവ രുചി മൂലം ഞാൻ അത് മൂക്കുമുട്ടെ തിന്ന് തടിവെച്ചു. അപ്പോൾ ഉപയോഗിച്ചിരുന്ന ഷർട്ട്, പാൻ്റ് എന്നിവ വല്ലാതെ ‘ഫിറ്റായി.’ കോളനി ചുറ്റുവട്ടത്തുള്ള ഒരു ടെയ്​ലർ (പ്രദീപ് പാട്ടീൽ) ഇത്തരം ഓൾട്ടറേഷൻ പരിപാടികളിൽ അഗ്രഗണ്യനാണ്. അവിടെ പുതുവസ്​ത്രങ്ങൾ തുന്നുന്ന പണിയില്ല. അയാൾ പറഞ്ഞു, ‘ഓൺലി ഓൾട്ടറേഷൻ’, ‘സിർഫ് ഓൾട്ടറേഷൻ’. എന്റെ പാൻ്റിനാവശ്യമായ ‘അര വണ്ണം’ (ടെയ്​ലർ ഭാഷ) ഷർട്ടുകളുടെ ‘പുഴക്കം’ തുടങ്ങിയവ കൃത്യമായി ശരിപ്പെടുത്തി പാട്ടീൽ തിരികെത്തന്നു. ഞാൻ അയാൾക്കപ്പോൾ നല്കിയ പേര് ‘The alternative Master Mind- Pradeep Patil’ എന്നാണ്.

മധുർ ബണ്ഡാർക്കറുടെ ‘ഫാഷൻ’ പ്രിയങ്ക ചോപ്രയും കങ്കണ റണൗട്ടും അഭിനയിച്ച വ്യത്യസ്തമായ ഹിന്ദി സിനിമയാണ്. ബോംബെയിലെ ഫാഷൻ ഡിസൈനർമാരുടേയും മോഡലുകളുടേയും അവർക്കുവേണ്ടി പി.ആർ. പണി ചെയ്യുന്ന മീഡിയാ ദല്ലാൾമാരുടേയും കഥകളും കഥയില്ലായ്മയും മനോഹരവും ആസ്വാദ്യവുമായാണ് ബണ്ഡാർക്കർ ചിത്രീകരിച്ചിട്ടുള്ളത്.

ഈ സിനിമയുടെ മൂലകഥ ബോളിവുഡിലെ ഡ്രസ് വാല ബോട്ടുബായിയുടേതായി താരതമ്യം ചെയ്യാമെന്ന് തോന്നുന്നു. കേവലമൊരു തുന്നൽക്കാരനായി (ദർജി) വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിലെ ഉൾപ്രദേശഗ്രാമത്തിൽ നിന്നെത്തിയ ഒരു യുവാവിന്റെ ജീവിതപന്ഥാവ് തുറന്നത് ഹിന്ദി സിനിമകളിലെ നായികാനായകൻമാരുടേയും വില്ലൻ കഥാപാത്രങ്ങളുടേയും തുണികൾ കോട്ടും സ്യൂട്ടുമായി രൂപപ്പെടുത്തിയതോടെ ആരംഭിക്കുന്നു. അന്ധേരി ഈസ്റ്റിലെ പാഴ്സി പഞ്ചായത്ത് റോഡിലുണ്ടായിരുന്ന വലിയൊരു കെട്ടിടത്തിൽ നിരവധി തുന്നൽക്കാർ ജോലിയിലേർപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. പ്രശസ്​ത നായകന്മാരായ അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ, ഡാനി, ഡെൻ സോങ്ങ് പാ, വിനോദ് ഖന്ന തുടങ്ങിയവരുടേയും പർവീൺ ബാബി, രേഖ, സീനത്ത് അമൻ, നീത്തു സിംഗ്, സീനത്ത് അമൻ തുടങ്ങിയ നായികമാരുടേയും വസ്​ത്രങ്ങൾ തുന്നിയിരുന്ന ബോട്ടുഭായി ഡ്രസ് വാലയുടെ സ്​ഥാപനം കോവിഡ് കാലത്ത് പൂട്ടി.

ഊർമിള മാഠോൺകറിന്റെ ‘രംഗീല’ യിലെ നായിക സ്​ക്രീനിൽ അണിഞ്ഞെത്തിയിരുന്ന മുട്ടിനുമുകളിൽ പ്രത്യേക ഡിസൈനിലുള്ള പാവടയ്ക്ക് ‘രംഗീലപ്പാവാട’ എന്ന പേരും വീണു. ആദ്യം അക്ബർ അലീസ് ഡിപ്പാർട്ടമെൻ്റ് സ്റ്റോറുകളിലും പോഷ് ലൊക്കാലിറ്റികളായ വർഡൻ റോഡിലേയും കുംബാല ഹില്ലിലേയും ഹാജി അലിക്ക് സമീപമുള്ള ‘ഹീരാ പന്ന ഷോപ്പിംഗ്’ മാളിലും മാത്രം വിറ്റുപോന്ന രംഗീലപ്പാവാട പിന്നീട് ആസാദ് മൈതാനത്തെ ഹട്ട്മെൻ്റുകൾ പൊളിച്ചുനീക്കി അവിടത്തെ ഉയർന്ന ഫാഷൻ സ്​ട്രീറ്റിലുമെത്തി. രംഗീലപ്പാവാട ഇവിടെ (പക്ഷെ ഡ്യൂപ്ലിക്കേറ്റ്) ചുളുവിലക്ക് ലഭിച്ചിരുന്നു. ‘രുദാലി’യിൽ ഭൂപൻ ഹസാരികയുടെ ഓർമ പുതുക്കുന്ന ‘ദിൽ ഹും ഹും കരേ.... ഖബരായേ... ’ എന്ന പാട്ട് ഓർമയുണ്ടാകും. അതിലെ നായിക ഡിംബിൾ കപാഡിയയും രാഖിയും പ്രത്യേക തരത്തിലുള്ള വസ്​ത്രങ്ങൾ ധരിച്ചാണ് സ്​ക്രീനിലെത്തുന്നത്. രാജസ്​ഥാൻ–ഗുജറാത്ത് അതിർത്തിപ്രദേശമായ കച്ചിലെ സ്​ത്രീജീവിതം പറയുന്ന ഈ സിനിമയിൽ മരണവീടുകളിൽ വന്ന് മണിക്കൂർ അടിസ്​ഥാനത്തിൽ കരഞ്ഞ് പണം വാങ്ങുന്ന ഗ്രാമീണ സ്​ത്രീകളുടെ വേഷം പിന്നീട് ‘രുദാലി കപഡാ’ എന്ന പേരിൽ വിറ്റഴിച്ചുപോന്നിരുന്നു.
രാജ്കപൂറിന്റെ ‘ആവാര’യിലെ ഷർട്ട് ആട്, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങൾ മുദ്രണം ചെയ്ത തുണികൊണ്ടുള്ളവയായിരുന്നു. അത്തരമൊരു ഷർട്ട് ഞാൻ ചിറ്റൂർ എൽ.പി.സ്​കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബേബിചേച്ചി ഒപ്പിച്ചുതന്നിരുന്നു. ഓപ്പൺസ് ടെയ്ലേഴ്സിന്റേതായിരുന്നു തിരക്കഥയും സാക്ഷാത്ക്കാരവും. ചേച്ചിയുടെ കല്യാണസമ്മാനമായിരുന്നു, എനിക്കുള്ള ആ ‘ആവാര’ ഷർട്ട്.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments