കാശിനാഥന്റെയും മീനാച്ചിയുടെയും തൃശൂർ

‘‘കാശിനാഥൻമാരും മീനാച്ചിമാരും ലക്ഷ്മിയും കാവേരിയും വീടിനുമുന്നിലൂടെ ദിവസമെന്നോണം കടന്നുപോകാറുണ്ട്. ഈ ആക്രി കച്ചവടക്കാർ തമി​​ഴ് വംശജർ മാത്രമാണെന്നതും കൗതുകകരമായിത്തോന്നുന്നു’’- കെ.സി. ജോസ് എഴുതുന്നു.

രാവിലെ ഏഴു മണിക്ക് ഉറക്കമുണർന്ന് റേഡിയോ ഓൺ ചെയ്തു. മഹേഷിന്റെ പ്രതികാരത്തിനായി മലമേലെ തിരിവെച്ച്, പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി... എന്ന റഫീക്ക് അഹമ്മദിന്റെ വരികൾ റേഡിയോ പാടിക്കൊണ്ടിരുന്നു. പല്ല് തേപ്പ് തുടങ്ങുമ്പോഴാണ് ‘പളയ പേപ്പറേ, നോട്ട് ബുക്കേ, ഇരുമ്പ് സാമാനങ്കളേ കൊടുപ്പാനുണ്ടോ?’ എന്ന കാശിനാഥന്റെ ചിലമ്പിച്ച ശബ്ദം.

ഇത്തരം കാശിനാഥൻമാരും മീനാച്ചിമാരും ലക്ഷ്മിയും കാവേരിയും വീടിനുമുന്നിലൂടെ ദിവസമെന്നോണം കടന്നുപോകാറുണ്ട്. ഈ ആക്രി കച്ചവടക്കാർ തമി​​ഴ് വംശജർ മാത്രമാണെന്നതും കൗതുകകരമായിത്തോന്നുന്നു. കാശിനാഥനെ ആദ്യമായി പരിചയപ്പെടുന്നത് ‘പളയ പേപ്പർ’ വില്പനയിലൂടെയാണ്. കിലോഗ്രാം ഒന്നിന് ഏഴു രൂപ വിലയിട്ട കാശിയോട് ഞാൻ വില അല്പം കൂട്ടിത്തന്നൂടേ എന്ന് ചോദിച്ചപ്പോൾ, ‘‘ഇപ്പോത് യാരുമേ പേപ്പർ പഠിക്കാത് സർ, അത് ശുമ്മാവ വാങ്കി പോടറേൻ... അവ്ളവ് താൻ’’ എന്ന് കാശിനാഥൻ പറഞ്ഞത് നൂറുശതമാനവും ശരിയാണെന്ന് തോന്നി.

ഒരു അലങ്കാരത്തിനാണ് ന്യൂസ്​ പേപ്പറുകൾ ജനം വാങ്ങുന്നത്. ‘വാർത്തകൾ ഇപ്പോൾ ഫില്ലറുകളയായിരിക്കുന്നു, പരസ്യങ്ങൾക്കിടയിൽ തല കാണിക്കുന്നവ’- ഒരു ഇംഗ്ലീഷ് പത്രസ്​ഥാപനത്തിെൻ്റ സി.ഇ.ഒയുടെ വിലാപമാണിത്. അതായിരിക്കാം പഴയ ന്യൂസ്​ പേപ്പറിന്റെ വില താഴുന്നതിന്റെ രഹസ്യം.
ഞാനൊന്നും മിണ്ടിയില്ല.
അപ്പോൾ കാശി ചോദിക്കുന്നു, ‘‘പളയ ഏതാവത് ഇരുക്കാ?’’ എന്ന്.
ഇവിടെ ‘‘പളയതായി ഞാൻ മട്ടുംതാൻ കാശി’’ എന്ന് പറഞ്ഞത് ആ പാവത്തിന് മനസ്സിലായില്ല എന്നു തോന്നുന്നു. കാശിനാഥൻ ‘അപ്പ്റം പാക്കലാം ചാമി’ എന്ന് വിട ചൊല്ലി ഉന്തുവണ്ടി തള്ളി നടന്നുനീങ്ങി.

കാശിയ്ക്ക് എഴുപത് വയസ്സോളമുണ്ട്. ഫുൾക്കൈ ഷർട്ട് മടക്കിവെക്കുന്നതാണ് കാശിയ്ക്കിഷ്​ടം. കോ–ഓപ്ടെക്സ്​ (തമിഴ്നാട് ഹാൻ്റ്​ലൂം) ലുങ്കി കാൽക്കണ്ണിവരെ മാത്രം. റബ്ബർ വള്ളിച്ചെരുപ്പ്. കാശിനാഥന്റെ കൈവണ്ടിയിൽ ചില അലങ്കാരപ്പണികളൊക്കെ കാണാം. പ്ലാസ്റ്റിക് പൂക്കളുടെ ഒരു ‘സമാഹാരം’ തന്നെ അതിൽ കുത്തിവെച്ചിരിക്കുന്നു. ചെറുനാരങ്ങയും കരിക്കഷണവും പച്ചമുളകും കറുത്ത ചരടിൽ കോർത്ത് വണ്ടിക്കുമുന്നിൽ കെട്ടിത്തൂക്കിയിട്ടുണ്ട്. അശുഭമായവയെ ഇവ ഓടിച്ചുവിടുമായിരിക്കാം. കാശി തമിഴ്നാട്ടുകാരനാണ്. അയാളുടെ സമുദായം പഠിപ്പിച്ച ആചാരനുഷ്ഠാനങ്ങൾ കൂടി കൂട്ടി അയാൾ. ഉപജീവനത്തിനായി ജന്മനാടായ തഞ്ചാവൂർ ജില്ലയിലെ ഉൾപ്രദേശഗ്രാമം താല്ക്കാലികമായി ഉപേക്ഷിച്ചാണ് ഇവിടെയെത്തിയത്. വർഷങ്ങൾ അനവധിയായി. കാശിയെപ്പോലൊരു കഥാപാത്രത്തെ പി. ഭാസ്​ക്കരെൻ്റ രാരിച്ചൻ എന്ന പൗരനിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ‘കുപ്പ്യേ, പാട്ടേ, കടലാസ്​ കൊടുപ്പാനുണ്ടോ?’ എന്ന് വിളിച്ചുപറഞ്ഞ് കയ്യിലൊരു ചാക്കുമായി വഴിനീളെ നടക്കാറുള്ള ഒരു കക്ഷിയുടെ വേഷം മണവാളൻ ജോസഫിന്റേതാണ്. കാശിനാഥനെന്ന ഈ ആക്രികച്ചവടക്കാരൻ എല്ലാ സ്​ത്രീകളേയും ‘മഹാലക്ഷ്മി’ യെന്നാണ് വിശേഷിപ്പിക്കുക. അനുഭവങ്ങളാണ് അയാളുടെ ഈ പ്രസ്​താവനയ്ക്ക് കാരണമെന്നുതോന്നുന്നു. ‘അമ്മാ പളയ ഏതാവ് ഇറുക്കാ’ എന്ന് വീടുകളുടെ പടിക്കു പുറത്തുനിന്ന് വിളിച്ചുകൂവുന്ന കാശിനാഥന് സഹൃദരായ വീട്ടമ്മമാർ കാശുവാങ്ങാതെ ‘ഫ്രീയായി’ ആക്രികൊടുക്കുമോ എന്നറിയില്ല. ഏതായാലും സ്​ത്രീകൾ മഹാലക്ഷ്മികളാണെന്ന അയാളുടെ സങ്കല്പം എ–വൺ എന്ന് പറയാതെ വയ്യ.

കാശിനാഥന്റെ ‘മഹാലക്ഷ്മി’, പൊണ്ടാട്ടി അല്ലെങ്കിൽ സംസാരം അങ്ങനെ ഒരുവളാണെന്ന് വേണമെങ്കിൽ പറയാം. 65-നോടടുത്ത് പ്രായമുള്ള ആ സ്​ത്രീ, ലക്ഷ്മിയെ എനിക്കറിയാം. അവർ സമ്പന്നരുടെ വീടുവീടാന്തരം കയറിയിറങ്ങി ജോലിചെയ്യുന്നു. തറ തുടയ്ക്കുക, തുണി അലക്കുക, കറിക്കരിയുക, കുളിമുറിയും കക്കൂസും​ കഴുകുക തുടങ്ങിയവയും ചില വീടുകളിൽ ചമയലും (പാചകം) ചെയ്യുന്ന ഈ സ്​ത്രീയാണത്രേ കാശിയുടെ വീട്ടുവാടകയും ഇലക്ട്രിസിറ്റി ബില്ലും മറ്റും നല്കുന്നതെന്ന് അയാൾ പറയുന്നു. അപ്പോൾ ഒറ്റമുറി വീടിന്റെ ‘വർഷാവർഷം’ റോക്കറ്റുപോലെ ഉയരുന്ന വാടകയും ജലം-വൈദ്യുതി ബില്ലും അടക്കുന്ന ഇവർ സാക്ഷാൽ മഹാലക്ഷ്മിയാകാതെ തരമില്ലല്ലോ. അല്ലെങ്കിൽ സംസാരം – ഒരു മിൻസാരം (കറൻ്റ്) എന്ന് പറയേണ്ടിയിരുന്നു.

ഒരു ദീവാളിക്കാലത്ത് ഞങ്ങളുടെ ഭാഗത്തുള്ള ഇടവഴിയിൽ താമസിക്കുന്ന കാശിനാഥൻ–ലക്ഷ്മി ദമ്പതികളെ കണ്ടുമുട്ടി. വർണ്ണപ്പൊടികൾ കൊണ്ടും അരിപ്പൊടികൊണ്ടും മുറ്റത്ത് വരച്ച കോലത്തിൽ അവിടവിടെയായി മൺചെരാതുകൾ കൊളുത്തിവെച്ചിരിക്കുന്നു. കാശിനാഥന്റെ ഉന്തുവണ്ടിയിലും ചില ചിത്രപ്പണികൾ ചോക്കുകൊണ്ട് വരച്ചുചേർത്തിട്ടുണ്ട്. കൈവണ്ടി ഇടവഴിയിൽ നീക്കിയാണ് സ്​ഥാനം പിടിച്ചിട്ടുള്ളത്. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. ആക്രി, മാക്രി, പൂക്രി തുടങ്ങിയവ വീട്ടിൽ വെയ്ക്കുന്നത് അശുഭം എന്നാണ് ഈ തമിഴ് കുടുംബം വിശ്വസിക്കുന്നത്.

‘‘വാരുങ്കോ, ഉള്ളൈ ഉക്കാരുങ്കോ’’ കാശിനാഥന്റെ വാമഭാഗം ക്ഷണിച്ചു. ഉമ്മറക്ക​സേരയിലെ പൊടി പുത്തൻ ചേലകൊണ്ട് തുടച്ചുനീക്കി അവർ പറഞ്ഞത്, ‘‘ഇപ്പോത് വാറേൻ’’ എന്നാണ്. അടുക്കളയിൽനിന്ന് കൊണ്ടുവന്ന സ്റ്റീൽതളികയിൽ അരിമുറുക്കും ലഡ്ഡുവും ജിലേബിയും മറ്റുമുണ്ട്. അന്നിരുവരും ജോലിയ്ക്ക് പോയിട്ടില്ല. ദീവാളി പൊടിപൊടിക്കട്ടെ.

കാശിനാഥനും ലക്ഷ്മിയും വീണുകിട്ടിയ ഈ ഉത്സവദിനം ആഘോഷമാക്കാൻ ‘കോളികുളമ്പ്’ വച്ച്, തീയ്യൽ വച്ച്, പൊരിയൽ വച്ച് മറ്റ് അനേകം കറികളും തയ്യാറാക്കി മകനേയും കാത്തിരിക്കുകയാണ്. അയാൾ – രാധാകൃഷ്ണൻ, ഒരു ആക്രികച്ചവടക്കാരൻ മുതലാളിയുടെ എടുത്തുകൊടുപ്പുകാരനാണ്. രാധാകൃഷ്ണന്റെ ഭാര്യ അവരുടെ നാട്ടിൽ തന്നെയാണ് കഴിയുന്നതെന്ന് കാശിനാഥൻ പറയുന്നു. ഇവിടെ ഇടവിടാതെ പായുന്ന ട്രെയിനുകളുടെ കാതടിപ്പിക്കുന്ന ശബ്ദവും അമ്മായിഅച്ഛൻ, അമ്മായിഅമ്മ, സ്വന്തം ഭർത്താവ് ‘വേലൈയ്ക്ക് പോകുമ്പോത്,’ ആ പെൺകുട്ടി ഒറ്റയ്ക്കാകുമെന്നാണ് ലക്ഷ്മിയുടെ ഭാഷ്യം.

കാശി മുറുക്കാന് അടിമയാണ്. ആളുടെ മടിക്കുത്തിൽ ചെറിയ പ്ലാസ്റ്റിക് സഞ്ചിയിൽ വെറ്റിലയും മറ്റ് ഐറ്റങ്ങളുമായാണ് സഞ്ചരിക്കുക. ‘അടയ്ക്കയുടെ വില കുത്തനെ ഇടിഞ്ഞല്ലോ’ എന്ന് സംഭാഷണത്തിനിടയിൽ പറഞ്ഞപ്പോൾ, ‘ഇവർ പറയുന്നതാണ് വിലയെന്ന്’ കാശിനാഥൻ തുറന്നടിച്ചു. ആക്രിവാഹനവുമായി പൂങ്കുന്നം ദേശം മുഴുവനും ശങ്കരൻകുളങ്ങര, കേരളവർമ്മ കോളേജ് പരിസരവും ചുറ്റിക്കറങ്ങി വൈകീട്ട് തൃശൂർ പട്ടണപരിസത്തുള്ള റോഡായ റോഡെല്ലാം വണ്ടി ഉന്തി നടന്ന് വലഞ്ഞ് വിയർത്തൊലിച്ച് വൈകീട്ട് പാട്ടുരായ്ക്കലിലെത്തി കരീമിന്റെ കടയിൽനിന്നുവേണം ചായ കുടിക്കാൻ എന്ന നിർബന്ധം കാശിക്കുണ്ട്.

തമി​ഴ് സംസാരിക്കുന്ന ആക്രിക്കച്ചവടക്കാരനായ കാശിനാഥനും സമാന തൊഴിലിലേർപ്പെട്ട ഇതര തമിഴ്മക്കളും ഈ പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്നവരാണ്. എല്ലാവരും വാടകക്കാർ. വാടകയ്ക്ക് മുറി ലഭിക്കുന്നത് ഇവരെ സംബന്ധിച്ച് ഒരു ‘സിവിയർ ടാസ്​ക്’ തന്നെയാണെന്ന് കാശിനാഥൻ അഭിപ്രായപ്പെടുന്നു. കാരണം, മലയാളി വീട്ടുടമ രണ്ടുവട്ടം ആലോചിച്ചേ ആക്രിക്കച്ചവടക്കാരെപ്പോലുള്ളവർക്ക് വാടകയ്ക്ക് മുറി നൽകൂ.

കാശിയും ബന്ധുക്കളും സ്വന്തം നാട്ടിൽ കരിമ്പ്, നിലക്കടല, നെൽകൃഷി തുടങ്ങിയവ ചെയ്യുന്ന കൗണ്ടർമാരുടെ തൊഴിലാളികളായിരുന്നു. ആ ഗ്രാമപ്രദേശങ്ങളെ നഗരവല്ക്കരണം കാർന്നുതിന്നപ്പോൾ തൊഴിലാളികൾക്ക് ജോലി നഷ്​ടപ്പെട്ടു. 1980–കാലങ്ങളിലാണ് തമിഴ്മക്കൾ കേരളത്തിലേയ്ക്ക് ജോലി തേടിയെത്താൻ തുടങ്ങിയതെന്ന് ചില റിപ്പോർട്ടുകളിൽ കാണാം. ഇവിടെയെത്തിയ അവർക്ക് അക്കാലങ്ങളിൽ വയലുകളിലും തൊടികളിലുമായി തൊഴിലവസരം ധാരാളമുണ്ടായിരുന്നു. തമിഴ്നാട്ടിലെന്നപോലെ നെല്ല് പ്രധാന നാണ്യവിളയായിരുന്ന കേരളത്തിൽ ഇന്നിപ്പോൾ അരി അന്യസംസ്​ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട ഗതികേടാണിപ്പോൾ.

അന്ന് അന്നം തേടി കേരളത്തിലെത്തിയ തമിഴ്മക്കൾക്ക് കൃഷിസ്​ഥലങ്ങളിൽ പണിയെടുത്താൽ സാമാന്യം നല്ല തുക കിട്ടിയിരുന്നു. അല്പം മിച്ചവും പിടിക്കാമായിരുന്നു. ‘നാണയപെരുപ്പം കൂടിയതോടെയാണ് കാശ് ഒന്നിനും തികയാതെയായത്’- പരിചയക്കാരനായ തമിഴ്കൃഷിത്തൊഴിലാളി ശെൽവരാജ് പറയുന്നു. ആശാൻ അല്പം പഠിച്ചിട്ടൊക്കെയുണ്ട്.

നഗരവത്ക്കരണം കേരളത്തിന്റെ ഉൾഗ്രാമങ്ങളിൽ കൂടി കടന്നുമാന്തിയപ്പോൾ അവിടമെല്ലാം സ്വപ്നസൗധങ്ങൾക്കും ബഹുനിലകെട്ടിടങ്ങൾക്കും വഴിമാറേണ്ടിവന്നു. അപ്പോഴാണ് ആദ്യം കെട്ടിടപ്പണിയിൽ സഹായികളായി എത്തിയ തമിഴ് തൊഴിലാളികൾ പിന്നീട് കട്ടപ്പണി, വാർക്കപ്പണി തുടങ്ങിയവ​ ചെയ്ത് ജീവിതം മുന്നോട്ട് നീക്കാനാരംഭിച്ചത്. ഇന്നിപ്പോൾ ഇത്തരം തൊഴിലുകൾ ബംഗാൾ, ഒഡിഷ, യു.പി. തുടങ്ങിയ ഉത്തരേന്ത്യൻ സംസ്​ഥാനക്കാരുടെ കുത്തകയായി. അവരെല്ലാം കേരളീയ ഗ്രാമങ്ങൾ ‘ബഡാ ശഹർ’ ആക്കാനുള്ള ബദ്ധപ്പാടി​ന്റെ ചങ്ങലയിലെ കണ്ണികളാണ്. തൃശൂർ ബസ് സ്റ്റാൻഡ് പരിസരത്തും ജില്ലാ ആശുപത്രിക്കുസമീപവും കയ്യിൽ തൂമ്പയും മെഴുക്കോലും മറ്റ് പണിയുപകരണങ്ങളും പേറി നില്ക്കുന്ന തമിഴ്മക്കളുടെ സംഖ്യ തുലോം കുറഞ്ഞിരിക്കുന്നു.

അപ്പോൾ കാശിനാഥനെപ്പോലുള്ളവരുടെ ജീവിതചക്രം തിരിയണമെങ്കിൽ അവർക്ക് ഏറ്റവും എളുപ്പം ലഭ്യമാകുന്ന തൊഴിൽ ആക്രിക്കച്ചവടമാണ്, അല്ലെങ്കിൽ ലോട്ടറി ടിക്കറ്റ് നടന്നുവില്പന, അതുമല്ലെങ്കിൽ വഴിവക്കിൽ പച്ചക്കറി സെയ്ൽസ്. കാശിനാഥനോ, മീനാക്ഷിക്കോ, മണികണ്ഠനോ സ്വന്തം ഗ്രാമങ്ങളിൽ കൃഷിയിടങ്ങളോ മറ്റ് ആസ്​തികളോ ഇല്ല. പനമ്പട്ടമേഞ്ഞ അവരുടെ അവിടെയുള്ള പഴയ കുടിലുകളിൽ മുത്തശ്ശിയോ പ്രായം ചെന്ന സഹോദരിയോ ബന്ധുക്കളോ പേരിന് മാത്രം ജീവിക്കുന്നു. അവർക്ക് ലഭിക്കുന്ന ധനസഹായം കാശിയെപ്പോലുള്ളവരിൽനിന്നാണെന്ന് നിസ്സംശയം പറയാം. തമിഴ്മക്കൾ സമുചിതമായി കൊണ്ടാടാറുള്ള പൊങ്കൽ, ദീവാളി തുടങ്ങിയവയുടെ സമയത്ത് ഇവിടെയുള്ളവർ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിക്കാറുണ്ട്. മദ്രാസ്​ മെയിലിലെ അൺ റിസർവേഡ് കംപാർട്ട്മെൻ്റിലുള്ള പത്ത് പന്ത്രണ്ട് മണിക്കൂർ യാത്രക്കുശേഷം തമിഴ്നാട് സ്​റ്റേറ്റ് ട്രാൻസ്​പോർട്ട് ബസുകളിൽ ആറേഴ് മണിക്കൂർ സഞ്ചരിച്ചാലേ കാശി, മണി, ബാലകൃഷ്ണൻ തുടങ്ങിയവർക്ക് സ്വന്തം ഗ്രാമമെത്താനാകൂ. ‘വളൈകാപ്പ്’ (സഹോദരിയുടെ 9–ാം മാസ ഗർഭ ആഘോഷചടങ്ങ്), കുട്ടികളുടെ പുറന്തനാൾ എന്നു തുടങ്ങി മരണമാരണങ്ങളിലും അനുബന്ധ ആഘോഷങ്ങളിലും പങ്കുചേരാൻ ഇവിടെ നിന്നുള്ളവർ ചെല്ലുമ്പോൾ പുതുവസ്​ത്രങ്ങളും പണവും സ്വർണവുമൊക്കെ സമ്മാനിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ലായെന്ന് കട്ടപ്പണിക്കാരൻ ബാലകൃഷ്ണൻ പറയുന്നു.

‘കേരം തിങ്ങും കേരളനാടു’ പോലെ തമിഴ്നാടിന്റെ ഐഡൻ്ററ്റിയാണ് പന അഥവാ കരിമ്പന. അവ ചെത്തി കള്ളെടുക്കുന്നവരായിരുന്നു മണികണ്ഠൻ എന്ന യുവാവിന്റെ കുടുംബം. അജ്ഞാതകാരണങ്ങളാലാണ് മണികണ്ഠൻ ബാല്യത്തിൽ തൃശൂർ ഒളരി ഭാഗത്ത് അച്ഛനമ്മമാരൊത്ത് താമസമാരംഭിച്ചത്. അവരുടെ ബന്ധുക്കളെല്ലാം ആക്രിക്കച്ചവടക്കാരാണ്. അവരിൽ ചിലർ വളർന്ന് ആക്രി സേഠ്മാരായിട്ടുണ്ടെങ്കിലും മണി മറ്റുപലരേയും പോലെ പിതാവിെൻ്റ വണ്ടി തള്ളിയാണ് ജീവിതയാത്രക്ക് തുടക്കം കുറിക്കുന്നത്. അന്ന് 16 വയസ്. ഈയിടെ പെട്ടിഓട്ടോ വാടകയ്ക്കെടുത്ത് ഇതേ കലാപരിപാടി നടത്തുന്ന ഉപരിവർഗ്ഗത്തിലേക്ക് മണികണ്ഠൻ ഉയർന്നിരിക്കുന്നു. അയാളുടെ ഭാര്യ മറ്റു വീടുകളിൽ ജോലിചെയ്ത് സാമാന്യം നല്ലൊരു തുക സമ്പാദിക്കുന്നുണ്ടേത്ര. ഏക മകളെ ഇവിടെയുള്ള അങ്കണവാടിയിൽ ചേർത്തിട്ടുണ്ട്. മണിയുടെയും ഭാര്യയുടെയും പ്രതീക്ഷകൾ ഈ മകളിലാണെന്ന് പറഞ്ഞു.

വാടകവീട്ടിൽ ഫ്രിഡ്ജും ടി.വി.യും ഫാനും മറ്റു സൗകര്യങ്ങളും ഇതിനകം ഒപ്പിച്ചെടുത്ത മണി ‘വെട്ടൊന്ന് മുറി രണ്ട്’ സ്വഭാവക്കാരനാണെന്നാണ് അയാളുടെ പെരുമാറ്റം സൂചിപ്പിക്കുന്നത്. വട്ടിക്ക് (പലിശ) പണം വാങ്ങുന്നതും കൊടുക്കുന്നതും തമിഴർ തന്നെ. ഒരിക്കൽ ഒരു വട്ടിപ്പലിശക്കാരനോട് 10,000 രൂപ കടം ചോദിച്ച എന്നോട് ‘ഒങ്കളോട് മനൈവിക്ക് താൻ കൊടുക്കമുടിയും’ എന്നാണ് പറഞ്ഞത്. സ്​ത്രീകൾക്ക് മാത്രമേ ഇവർ പണം കടം കൊടുക്കൂ എന്നാണ് കാര്യം. സ്​ത്രീകളെ പിപ്പിടി കാണിച്ച് മുതലും പലിശയും പലിശയുടെ പലിശയും ഈടാക്കാൻ ഇവർക്ക് കഴിയുന്നുണ്ടാകാം. നൂറ്റ്ക്ക് പത്ത് ശതമാനം പലിശ ഒരു മാസത്തിൽ ഈടാക്കുന്ന ഇത്തരക്കാർ രാവിലെ മോട്ടോർ സൈക്കിളിൽ കറങ്ങിയാണ് പണം പിരിക്കുക. അലുമിനിയം പാത്രങ്ങൾ സ്വന്തമാക്കാൻവരെ സ്​ത്രീകൾ വട്ടിക്കാരോട് പലിശയ്ക്ക് പണം വാങ്ങാറുണ്ട്.

ഞാൻ താമസിക്കുന്ന ഈ പട്ടണത്തിലും മിക്ക ജില്ലാതലസ്​ഥാനങ്ങളിലും, ഇതിനകം പുതിയൊരു തൊഴിൽമേഖലയും ഉൽഭവിച്ചു- ‘സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് സർവീസ്’. ഹൗസിങ്ങ് കോളനികളെ മുഖ്യമായും കേന്ദ്രീകരിച്ചുള്ളതാണ് ഇവരുടെ പ്രവർത്തനങ്ങൾ. പത്രങ്ങളിലെ ക്ലാസിഫൈഡുകൾ പരിശോധിച്ചാൽ ഡസൺ കണക്കിന് ഇത്തരം കൊച്ചു പരസ്യങ്ങൾ കാണാം. പേരെടുത്ത ഏതെങ്കിലും മലയാള സിനിമാനടന്റെ ഫോട്ടോ അച്ചടിച്ച ചെറിയ ഫ്ളക്സുകളിൽ ടാങ്കറിന്റെ ചിത്രവും ചേർത്തിരിക്കുന്നു. പ്രിൻ്റഡ് പരസ്യങ്ങൾ അന്യരുടെ ഭിത്തികളിലും പതിപ്പിക്കുന്ന കാശുമുടക്കാത്ത പ്രൊപ്പഗാൻഡ ധാരാളം.

യുവനടന്റെ ഫോട്ടോ കേവലം കാണിക്ക്, ഒരാകർഷണംമാത്രമായിരിക്കെ എന്തുകൊണ്ട് നിങ്ങൾ തമിഴ് നടന്മാരുടെ പടം അച്ചടിച്ച് പരസ്യം ചെയ്യുന്നില്ല എന്ന കുസൃതിചോദ്യം ആ ക്ലീനിങ് സർവ്വീസ്​കാരന് രസിച്ചില്ല. അയാൾ മുഖം വക്രിച്ച് അതിന്റെ മനഃശാസ്​ത്രവശം പറഞ്ഞത്, ‘‘മലയാള നടന്മാരേക്കാൾ വലിയ ആദരവ് തമിഴ് സിനിമാനടന്മാർക്ക് ഇവിടെയുണ്ടാവില്ലല്ലോ’’ എന്നായിരുന്നു. ഇത്തരം സർവ്വീസ്​ നടത്തുന്ന ത്യാഗരാജനും മുത്തുവിനും നടരാജനുമെല്ലാം കച്ചവടതന്ത്രവും നന്നായറിയാം. നമ്മുടെ നാട്ടിൽ ലക്കും ലഗാനുമില്ലാതെ ബഹുനിലകെട്ടിടങ്ങളും ഹൗസിംഗ് കോംപ്ലക്സുകളും ആർക്കേഡുകളും ഉയർന്നുവന്നതോടെയാണ് സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞ് ടോയ്​ലറ്റുകളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. മഴക്കാലങ്ങളിലാണ് ഈ ദുരിതം ഏറുക. അപ്പോൾ ടാങ്ക് ക്ലീനിംഗ് സർവ്വീസുകാർക്ക് ശുക്രദശയും വന്നെത്തുന്നു.

‘‘ടൗൺ പ്ലാനിങ് മാനദണ്ഡങ്ങൾ മറികടക്കാനുളള ഉപായങ്ങൾ സൗകര്യപൂർവ്വം സൃഷ്​ടിക്കുകയും അവ യഥേഷ്​ടം മാറ്റിമറിക്കുമ്പോഴുമാണ് ഗട്ടറുകളും ടോയ്​ലറ്റുകളും നിറഞ്ഞ് കവിയുന്നതും പരിസരവാസികളുടെ മൂക്ക് തകർക്കുന്നതും’’ സുഹൃത്തും, മഹാരാഷ്ട്രയിലെ താനേ ജില്ല അസി. ടൗൺപ്ലാനറുമായ ജോൺ സിറിയക് പറയുന്നു. അദ്ദേഹം തൃശൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്നു: ‘‘ബോംബെ പോലുള്ള മഹാനഗരങ്ങളിൽ തൊഴിൽ നല്കി അനുഗ്രഹിക്കാൻ വ്യവസായശാലകളും ചെറുകിട തൊഴിലവസരങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സംസ്​ഥാനങ്ങളിൽനിന്ന് ആളുകൾ അവിടേയ്ക്ക് ഒഴുകിയത്. താമസിക്കാൻ അവർക്ക് ചതുപ്പുകൾ മണ്ണിട്ടുമൂടിയും കൂരകെട്ടിയും അന്തിയുറങ്ങേണ്ടിവന്നു. അവർ പെറ്റുപെരുകി. അങ്ങനെയാണ് ധാരാവി, തക്കൂർ ബാബ കോളനി, സാക്കിനാക്കാ തുടങ്ങിയ ചേരികളുടെ ഉദ്ഭവം.’’ ജോൺ പറയുന്നു, ‘‘നമ്മുടെ നാട്ടിൽ തൊഴിലവസരങ്ങൾ തുലോം കുറവായതുകൊണ്ടു മാത്രമാണ് ചേരികളും ചേരിരാജാക്കന്മാരും ഗുണ്ടകളും താരതമ്യേന കുറവായത്’’, ജോൺ വസ്​തുതാപരമായി ഈ അവസ്​ഥയെ ചൂണ്ടിക്കാണിക്കുന്നു.

നാലഞ്ച് വർഷം മുമ്പ് കേരളത്തിലുണ്ടായ അസാധാരണ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമാണ് സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് സർവീസ്​ എന്നൊരു തൊഴിൽമേഖലയെ വിപുലപ്പെടുത്തിയതെന്നു പറയാം. വീരമണി, ത്യാഗരാജൻ തുടങ്ങിയ തമിഴ്മക്കളുടെ ഉപജീവനമാർഗ്ഗമായി ഒരു പരിധിവരെയെങ്കിലും അത് മാറി. യു.പി.യിലെ പിന്നാക്കക്കാരായ വാൽമീകി സമുദായംഗങ്ങളാണ് ബോംബെ മഹാനഗരത്തിലെ ഗട്ടർ ക്ലീനേഴ്സ്​. മഴപെരുകുമ്പോൾ, വെള്ളപ്പൊക്കങ്ങളിൽ നഗരവാസികൾ ഇവരെത്തോടി പരക്കംപായാറുള്ളത് ഓർമ വരുന്നു.

കാശിനാഥന്റെ അകന്ന ബന്ധു മീനാക്ഷി (മീനാച്ചി) മൂന്നു പതിറ്റാണ്ടുമുമ്പാണ് ഇവിടെയെത്തിയത്. അവരെ ‘തിരുമണം’ ചെയ്തയാൾ ലോട്ടറിവില്പനക്കാരനാണ്. ആദ്യം കാനാട്ടുകര – കേരളവർമ്മ കോളേജ് പരിസരത്ത് ലോട്ടറി ടിക്കറ്റും സിഗരറ്റും ബീഡിയുമായി കട നടത്തിയത് കടംകയറി പൊളിഞ്ഞു. ഗതികെട്ട് ഇവരിപ്പോൾ പൂങ്കുന്നം സീതാറാം മിൽ പരിസരത്താണ് താമസം. പരിചയക്കാരിയായ ഒരു സ്​ത്രീയുടെ ഔദാര്യമെന്നപോലെ. വാടകയിനത്തിൽ വളരെ ചെറിയൊരു സംഖ്യ മാത്രം നല്കിവരുന്ന മീന ആദ്യം വീട്ടുജോലിക്കാരിയുടെ റോൾ ചെയ്തു. അസുഖബാധിതനായ ഭർത്താവിന്റെ പരിചരണാർത്ഥം അവർ ആ ജോലി ഉപേക്ഷിച്ച് ആക്രികച്ചവടക്കാരിയായി. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുള്ള കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം ഈ ചെറിയ കച്ചവടം മാത്രമാണ്. ഇടയ്ക്കിടെ ചെറിയ ബോട്ടിൽ സ്പ്രൈറ്റ് കുടിക്കുന്ന ഇവർക്ക് ഇടിഞ്ഞുപൊളിയാറായ ആ വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്നുണ്ട്.
‘അച്ഛാ, എന്നൈ വാടകവീടുക്കാകെ ഹെൽപ്പ് പണ്ണമുടിയുമാ?’
‘പാക്കലാം മീനാക്ഷി’ എന്നല്ലാതെ ഞാനെന്താണ് പറയുക?
മീനാക്ഷി ശിവകാശി സ്വദേശിയാണ്. അവിടെ തമിഴ് മീഡിയത്തിൽ എട്ടാം തരം വരെ പഠിച്ചിട്ടുമുണ്ട്. ‘പടക്കനിർമാണ ശാലകളിൽ ധാരാളം ജോലിയുണ്ടാകുമല്ലോ’ എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ മീനയ്ക്കത് ഇഷ്​ടപ്പെട്ടില്ലെന്നു തോന്നി.
‘എന്നാപ്പിന്നെ ഇവിടേയ്ക്ക് വരണമോ മാഷേ’ എന്നൊരു മുഖഭാവം കാണിച്ച് അവർ വണ്ടിയുമായി നടന്നുനീങ്ങി.

ശെൽവി വൈകുന്നേരങ്ങളിൽ വറുത്ത കപ്പലണ്ടി വില്ക്കുന്നത് പാട്ടുരായ്ക്കൽ പാലത്തിനടുത്തുള്ള നാൽക്കവലയിലാണ്. ഒരു പൊതി കപ്പലണ്ടിയ്ക്ക് പത്തു രൂപ വാങ്ങുന്ന ശെൽവി വടക്കുമാറിയുള്ള ഒരു വീടിന്റെ ചായ്പ്പിൽ വാടകക്കാണ് താമസം. ഭർത്താവ് മുനിയപ്പനും ചേർന്നുള്ള വറുത്ത കപ്പലണ്ടി ‘കച്ചോടം’ അതിജീവനത്തിന്റെ ദുഷ്ക്കരമായ കയങ്ങളിലൂടെയാണെന്ന് അവർ പരാതിപ്പെടുന്നു.
രണ്ട് പെൺമക്കളിൽ ഒരുവൾ സ്​ഥലത്തെ ബേക്കറിയിൽ സെയിൽസ്​ ഗേളായിരുന്നു. ഒരു ഹോട്ടൽ തൊഴിലാളിയെ വിവാഹം ചെയ്ത് സ്വന്തമായൊരു ഹോട്ടൽ തട്ടിക്കൂട്ടിയെങ്കിലും മുറിയുടമയ്ക്ക് ദിവസവാടകയും അടിക്കടി ഉയർന്ന കുക്കിംഗ് ഗ്യാസ്​ വിലവർദ്ധനയും അനുബന്ധ ചെലവും ബിസിനസ്സ് പ്രതിസന്ധിയിലാക്കി. കേരളം കോവിഡിൽ മുങ്ങിയ വിനാശകാലം കൂടിയായിരുന്നു അത്. അതോടെ സ്വന്തമായൊരു ഹോട്ടലെന്ന അഭിലാഷത്തിന് ഷട്ടറിട്ട് പെൺകുട്ടി ഏതോ ജോലിക്കും ആ പയ്യൻ പഴയ തൊഴിലായ ഹോട്ടൽ പണിയിലേക്കും തിരിച്ചുകയറി. കേരളത്തിന്റെ അതിർത്തിപ്രദേശമായ കമ്പം–തേനിയിലെ മലയോരപ്രദേശത്തുള്ള ജന്മഗൃഹം ഉപേക്ഷിച്ച് ഇവിടെയെത്തിയ ശെൽവി–മുനിയപ്പൻ ദമ്പതികൾ അതോടെ അല്പം സുഖമായി ജീവിക്കാമെന്ന മോഹം കൈവിട്ട ലക്ഷണമാണ്.

പച്ചക്കറികൾ വ്യാപാരാടിസ്​ഥാനത്തിൽ കൃഷിചെയ്യുന്നവർ ഞങ്ങളുടെ പട്ടണത്തിൽ ഇല്ലെന്നുതന്നെ പറയാം. ഇവിടെ എത്തുന്നവയെല്ലാം തമിഴ്നാട്ടിൽ നിന്നാണ്. പുലർച്ച 3 –4 മണിയോടെ ശകതൻ മാർക്കറ്റിൽ പച്ചക്കറികൾ കുത്തിനിറച്ച നാഷണൽ പെർമിറ്റുള്ള ലോറികളുടേയും അവ ഇറക്കുന്ന തൊഴിലാളികളുടെയും വൻ തിരക്കുതന്നെയുണ്ട്. ആദ്യകാലങ്ങളിൽ പീച്ചി, പട്ടിക്കാട്, ഒളകര, കുതിരാൻ മലയോരപ്രദേശങ്ങളിൽ പച്ചക്കറി വ്യാപാരാടിസ്​ഥാനത്തിൽ കൃഷി ചെയ്തിരുന്നു. കോട്ടയം –മുണ്ടക്കയം ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ക്രിസ്​ത്യാനികളായിരുന്നു കർഷകർ. ഇന്ന് കൃഷി നാമമാത്രമാണ്, അവശേഷിക്കുന്നില്ല എന്നും പറയാം. അപ്പോഴാണ് പൊള്ളാച്ചി മാർക്കറ്റിൽ നിന്നും കോയമ്പത്തൂരിൽ നിന്നും സേലത്തുനിന്നും ഇഷ്​ടം പോലെ പച്ചക്കറികൾ ലോറികളിൽ വന്നെത്തുന്നത്. അവിടേയും ചില്ലറ തൊഴിലവസരങ്ങളുണ്ടായി എന്നത് മറക്കാവതല്ല.

മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി പട്ടണത്തിലെ കടകളിലെത്തിച്ച് വില്ക്കുന്നവരാണ് റി ടെയ്​ലർ കച്ചവടക്കാർ. പെട്ടിഓട്ടോയിൽ ഇവ വില്പന നടത്തുന്നവരുമുണ്ട്. എന്നാൽ രാവിലെ ഏഴ്–എട്ട് മണിയോടെ തൃശൂർ പഴയനടക്കാവിൽ നിന്ന് സ്വരാജ് റൗണ്ടിലേയ്ക്കുള്ള വഴിയുടെ ഇടതുഭാഗത്ത് നിങ്ങൾക്കാവശ്യമുള്ള ഏതുതരം പച്ചക്കറിയും വാങ്ങാം. ഒരു ‘ബാർഗേനിങ് പ്ലഷർ’ ആഗ്രഹിക്കുന്നവർ വില കുറച്ചു ചോദിക്കുമ്പോൾ അതിനോടടുത്ത വിലയിൽ തന്നെ അവർ അത് നിങ്ങളുടെ സഞ്ചിയിലിടും. അതോടെ ഇരുവരും സന്തുഷ്​ടർ. ഈ സ്​ത്രീകൾ കോയമ്പത്തൂരിൽ നിന്നും സേലത്തുനിന്നും മദ്രാസ്​ വണ്ടികളിൽ തൃശൂരിലെത്തുന്നവരാണ്. കുഞ്ഞുകുട്ടികളും വൃദ്ധദമ്പതികളും യുവതികളും ചിലപ്പോൾ യുവാക്കളുമാണ് പച്ചക്കറികളുമായി ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഒരു തമിഴ് കുടുംബത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫിന് ഇവരെ സമീപിക്കാം.

യു.പി., എം.പി., ബംഗാൾ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളും അവരുടെ കളത്രങ്ങളും തൃശൂരിലെ സവർണസ്​ത്രീകളും സ്വർണപ്പണിക്കാരായ മാർവാഡികളും അല്പം ചില ഗുജറാത്തി സേഠ്മാരും ഉൾപ്പെട്ട ഈ തിരക്കിൽ വിലപേശൽ ഫുൾസ്വിങ്ങിൽ കാണാനാകുക വൈകുന്നേരങ്ങളിലാണ്. വൈകീട്ട് തൃശൂരെത്തുന്ന, മദ്രാസ്​ വഴി പോകുന്ന ഏതു ട്രെയിനുകളിലേയും അൺ റിസർവേഡ് കമ്പാർട്ടുമെൻ്റിൽ യാത്ര ചെയ്യുന്ന ഇക്കൂട്ടർ സീസൺ ടിക്കറ്റോ സാധാരണ ടിക്കറ്റോ എടുക്കാറില്ല. അവരെ വല്ലപ്പോഴും പിടികൂടുന്ന ടി.സിയെ (ടിക്കറ്റ് ചെക്കർ) അവശേഷിക്കുന്ന അല്പം പച്ചക്കറി നല്കി സമാധാനിപ്പിക്കുകയെന്നതാണ് ‘ഇനം തിരിച്ച’ ഈ പ്രത്യയശാസ്​ത്രമെന്ന് പറയാതെ പറയുന്നു.

ഞങ്ങളുടെ പ്രദേശത്ത് താമസിച്ചിരുന്ന വീരമണിയേയും ഭാര്യ കനിമൊഴിയേയും ഈയിടെ ഒരു നോൺ വെജ് ഹോട്ടലിൽ കണ്ടുമുട്ടി. അവർ വിയ്യൂർ ഭാഗത്താണ് താമസം. റസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ ഇളയ മകൻ അരുണിന്റെ നാലാം പിറന്നാൾ ആഘോഷിക്കാനാണീ സന്ദർശനം. തൊട്ടടുത്ത ബേക്കറിയിൽ നിന്ന് ഞാനാ കുട്ടിക്ക് ഒരു പ്ലം കേക്കിന്റെ കഷണം (കടലാസിൽ പൊതിഞ്ഞത്) വാങ്ങി സമ്മാനിച്ചു. ‘‘ഏനക്ക് ഇതൈ വേണ്ടാ’’ എന്ന് ചെക്കനും അവൻ ‘കോള’ മാത്രമേ കുടിക്കൂവെന്ന് വീരമണിയുടെ വീരസ്യവും കേട്ടു. അപ്പോൾ കോള എന്ന പേരിൽ അറിയപ്പെടുന്ന പടവലാതി കഷായച്ചുവയുള്ള ചില പാനീയങ്ങൾ സർവ്വസാധാരണമായി കേരളം പോലും അംഗീകരിച്ചിരിക്കുന്നു. ‘പുറന്തനാൾ വാഴ്ത്തുക്കൾ’ പറഞ്ഞ് ഞാനിറങ്ങി.

സാധാരണക്കാരുടെ പോക്കറ്റിൽ കയ്യിട്ടുവാരി അവരെ മുടിപ്പിക്കുന്ന പരിപാടി കോർപ്പറേറ്റുകൾ നിരന്തരം തുടരുകയാണ്. ഇപ്പോൾ വിയ്യൂരിൽ താമസിക്കുന്ന വീരമണി അവിടെ വടാ–സാമ്പാർ- ചായ വില്ക്കുന്ന ‘സഞ്ചരിക്കുന്ന ചായക്കട’ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ക്ലിനിങ്ങ് പണി തൽക്കാലം അയാൾ ഉപേക്ഷിച്ചിരിക്കുന്നു. ചായക്കടയും വീരമണിയും നീണാൾ വാഴട്ടെ.

ലക്ഷ്മിയും അവരുടെ മകൾ കാമാക്ഷിയും കുടുംബവും ഗിരിജ തിയേറ്റർ പരിസരത്താണ് താമസം. പോണ്ടിച്ചേരി ജില്ലയിലെ ചിദംബരം സ്വദേശികളായ ഇവർ തൃശൂരിലെത്തി വർഷങ്ങൾ 40 കഴിഞ്ഞിരിക്കുന്നു. ആദ്യം ലക്ഷ്മിയും പിന്നീട് കാമാക്ഷിയുമാണ് ഇവിടെയെത്തിയത്. കാമാച്ചിക്കിപ്പോൾ 50 വയസ്സുണ്ട്. ഈ സ്​ത്രീകളും അവരുടെ പൂർവ്വികരും ചിദംബരം ഗ്രാമങ്ങളോട് ചേർന്നുള്ള വനപ്രദേശങ്ങളിലെ കൗണ്ടർമാരുടെ കൃഷിസ്​ഥലങ്ങളിലെ തൊഴിലാളിയായിരുന്നു. കാട് വെട്ടിത്തെളിച്ചുള്ള മണ്ണിൽ കരിമ്പും കാപ്പിയും കൂടാതെ നെല്ലുമാണ് പ്രധാനമായും വിളഞ്ഞിരുന്നതെന്ന് കാമാക്ഷി പറഞ്ഞു. പഴയകാല സിനിമകളിൽ കാണാറുള്ള വില്ലൻ കഥാപാത്രങ്ങളായ വീരപ്പയെയും എം.എൻ. നമ്പ്യാരേയും ഞാനോർത്തു. കാലുകളിൽ ഗംബൂട്ടിട്ട് കയ്യിൽ തോക്കും ‘കപ്പഡാ’ മീശയും വെച്ച കള്ളിഷർട്ട് മാത്രം ധരിക്കുന്ന വീരപ്പ കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നതെങ്കിൽ ലക്ഷ്മിയുടെ കൗണ്ടർ (ഗൗണ്ടൻ) വില്ലീസ്​ ജീപ്പിലിരുന്നാണ് തൊഴിലാളികളെ ഭയപ്പെടുത്തിയിരുന്നതെന്ന് അവർ പറയുന്നു. വേഷഭൂഷാദികളിൽ വ്യത്യാസമുണ്ടെങ്കിലും സ്വഭാവം തനി തമിഴ് വില്ലൻ കഥാപാത്രങ്ങളെപ്പോലെത്തന്നെയെന്ന് ലക്ഷ്മിയുടെ സംഭാഷണത്തിൽ തെളിഞ്ഞു. കാടുകളിൽ പതുങ്ങിയിരിക്കുന്ന നിരുപദ്രവ ജീവികളായ കാട്ടുമുയൽ, മാൻ തുടങ്ങിയവയെ തങ്ങളുടെ വെടിയുണ്ടകൾക്കിരയാക്കിയിരുന്ന കൗണ്ടർമാരുടെ അരോചക പെരുമാറ്റം പാവപ്പെട്ട ഗ്രാമവാസികളെയും ഭയപ്പെടുത്തിയപ്പോഴാണ് ലക്ഷ്മിയും ഭർത്താവും ചിദംബരത്തോട് വിടപറയുന്നത്. ഒരു കറുത്ത കാലത്തിന്റെ ഓർമ അവരെ വല്ലാതാക്കിയെന്ന് തോന്നി. ഞാൻ സംഭാഷണത്തിന് ഫുൾസ്റ്റോപ്പിട്ടു.

ലഭിയ്ക്കുന്ന എന്തു ജോലിയും ചെയ്യാൻ സന്നദ്ധനായ കാമാച്ചിയുടെ ഭർത്താവിന് ഇപ്പോൾ പണിയൊന്നുമില്ലെത്ര. അവരുടെ രണ്ടുമക്കളും പന്ത്രണ്ടാം ക്ലാസ് പാസായിട്ടുണ്ട്. അവർ ഐ.ടി.ഐ.യിൽ പഠനം തുടരുന്നു. കരീമിന്റെ ചായക്കടയിൽ നിന്ന് പഴംപൊരി വാങ്ങി സഞ്ചിയിൽ സൂക്ഷിച്ച്, തന്റെ ആക്രിവണ്ടി തള്ളിനീങ്ങുന്ന ആ പാവങ്ങളെ ഞാൻ നോക്കിനിന്നു. ജീവിതം എത്ര കഠിനമാണെന്ന് ഇവിടെ പലരും അറിയാതെ പോകുന്നല്ലോ.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഗിരിജാ തിയേറ്റർ ഭാഗം മുഴുവൻ മുങ്ങിപ്പോയിരുന്നു. പണിയില്ല, തുണിയില്ല, ഭക്ഷണമില്ല, ഒന്നുമില്ല. സർക്കാർ സൗജന്യമായി വിതരണം ചെയ്തിരുന്ന അരി, പരിപ്പ് മുതലായവയുടെ കിറ്റ് ബി.പി.എൽ കാർഡുടമയായ ഈ തമിഴ് കുടുംബത്തിന് നിധേഷിക്കപ്പെട്ടു. ചോദിച്ചപ്പോൾ, ‘മുഖ്യമന്ത്രിയുടെ കത്ത് കൊണ്ടുവാ’ എന്നാണത്രേ റേഷൻ കടക്കാരൻ നൽകിയ മറുപടി. പിന്നെ ഏതോ ഒരാളുടെ കൃപാകടാക്ഷത്തിൽ ഈ കിറ്റ് പാർട്ടിക്കാർതന്നെ കൊണ്ടുകൊടുത്തുവെന്നും ലക്ഷ്മി തന്നെ പറഞ്ഞു.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന തമിഴ് തൊഴിലാളികൾ സംഘടിതരല്ല. തുല്യ ജോലിക്ക് തുല്യ കൂലിയെന്ന സമ്പ്രദായം നിലവിലുള്ള നമ്മുടെ നാട്ടിൽപ്പോലും പുരുഷന് 900- 1200 രൂപയും സ്​ത്രീകൾക്ക് 750 രൂപയുമാണ് കൂലി. ശരീരഭാഗമെന്നപോലെ അവരുടെ ഇടതു കാതിൽ മൊബൈൽ ‘ഫിറ്റ്’ ചെയ്തതായി കാണാം. അതിലൂടെ ഇടതടവില്ലാതെ വഴിനീളെ സംസാരിച്ചാണ് ഇവരുടെ സഞ്ചാരം. പുരുഷന്മാർ മുറുക്കാനും ബീഡിയും ആവശ്യാനുസരണം ‘തണ്ണിയും പോടാറു’ണ്ടെന്ന് ഈ അന്വേഷണത്തിൽ തെളിഞ്ഞു. രാവിലെ സ്വന്തം വീട്ടിൽ കാലിച്ചായ. ഇഡ്ഡലി / ദോശ അടങ്ങിയ ‘വിസ്​തരിച്ച’ ചായകുടി ഹോട്ടലുകളിൽ നിന്നാണ്. അതും ചിലപ്പോൾ മാത്രം. കാശിനാഥനെപ്പോലുള്ളവർക്ക് തൈർ ശാദം /സാമ്പാർ ശാദം – തുടങ്ങിയ ഉച്ചഭക്ഷണം പൊതിഞ്ഞുകെട്ടി നല്കുന്നത് അവരുടെ ഭാര്യമാരാണ്. തമിഴ് സ്​ത്രീകൾ വളരെ ‘പാദുകാപ്പു’ള്ളവരാണെന്ന് (ഭർത്താവിനോട് സ്​നേഹം, ആദരവ്) മുത്തു എന്ന കരിങ്കൽ തൊഴിലാളി അഭിപ്രായപ്പെടുന്നു. വൈകീട്ട് വീട്ടിലെത്തുന്ന തമിഴ് തൊഴിലാളി ടി.വി.സീരിയൽ പതിവായി കാണുന്നത് കുടുംബമൊന്നിച്ചാണ്. നാട്ടിലെ ബന്ധുക്കൾക്ക് പണമയക്കാൻ പോസ്റ്റോഫീസുകൾക്ക് മുമ്പിൽ വരിനില്ക്കുന്ന കാലം അവസാനിച്ചിരിക്കുന്നു. തമിഴ് മക്കളും ഇതര സംസ്ഥാന തൊഴിലാളികളും ‘ഗൂഗിൾ പേ’ ഇടപാടുകൾ സ്വയം ചെയ്യാൻ പ്രാപ്തരായിട്ടുണ്ട്.

കേരളത്തിലെ തമി​ഴ് മക്കൾക്ക് പ്രത്യേക ‘അരചിയൽ’ (രാഷ്ട്രീയം) ഒന്നുമില്ല. ചിലർ തലൈവിയുടെ ആരാധകരായിരുന്നു. ഇപ്പോൾ ഇവിടെയുള്ള ഭൂരിഭാഗവും സ്റ്റാലിനൊപ്പമാണ്. വീടുകളിൽ നിന്നും കച്ചവടസ്​ഥാപനങ്ങളിൽ നിന്നും മറ്റും പ്ലാസ്റ്റിക്കും ഇരുമ്പും ശേഖരിച്ച് മാർക്കറ്റിലെത്തുന്ന തമിഴ്നാട് ആക്രി മുതലാളിമാരുടെ ദല്ലാൾമാർക്ക് വിറ്റ് എങ്ങനെയെങ്കിലും ജീവിക്കാൻ ശ്രമിക്കുന്ന കാശിനാഥൻമാർക്കും മണികണ്ഠനും കാമാച്ചിക്കും മറ്റുള്ളവർക്കും ‘അരചിയൽ’ നെഞ്ചേറ്റിയാൽ എന്ത് കാര്യമെന്ന് തോന്നുന്നുണ്ടാകും. രാഷ്ട്രീയവും സമരവുമെല്ലാം ഇവരെ ബാധിക്കാത്തതും തെരഞ്ഞെടുക്കപ്പെട്ടവരുടെ വാഗ്ദാനങ്ങൾ ജലരേഖ പോലുള്ള ഗ്യാരണ്ടിയാകുമ്പോഴാണ്. അതാകാം പാവങ്ങളായ കാശി, സ്വാമിനാഥൻ, കാമാച്ചി തുടങ്ങിയവരിൽ ഈ കാണുന്ന നിസ്സംഗ മനോഭാവം. ‘നില്ലടി കാമാച്ചി ശൊല്ലത് നാൻ താണ്ടീ / നേത്തയ്ക്ക് നീ ശൊന്ന വാർത്തേയ് കാറ്റോട് പോയാച്ച്’ എന്ന് സൗന്ദർരാജൻ പാടിയത് അപ്പോൾ വെറുതെയല്ല. കാബാലിയും മലൈക്കോട്ടെയും നൻപകൻ നേരത്ത് മയക്കവും കാണുന്ന തമിഴ്മക്കൾ ജീവിതം തന്നെ സിനിമയാണെന്ന് വിശ്വസിക്കുന്നുണ്ടാകാം.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments