പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് പഞ്ചായത്തിലെ 63 കുടുംബങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി സ്വന്തം ഭൂമിക്ക് നികുതി അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. തെറ്റാതെ നികുതിയടച്ചിരുന്ന ഭൂമിക്ക്, പെട്ടന്നൊരു ദിവസം നികുതി അടക്കാൻ കഴിയതെ വരികയായിരുന്നു. മുൻപ് ഭൂമി കൈവശം വച്ചിരുന്നവർ നികുതി അടക്കാതിരുന്നതുകൊണ്ട് ഭൂമി സർക്കാറിലേക്ക് പോയി എന്നാണ് അധികൃതരുടെ വിശദീകരണം. നികുതി റസീറ്റ് നിഷേധിക്കപ്പെട്ടതിനാൽ, ഇക്കാലയളവിൽ വിദ്യാഭ്യാസ വായ്പ്പയുൾപ്പടെ ആനുകൂല്യങ്ങളെൽ പലതും ഇവർക്ക് നഷ്ടപ്പെട്ടു.
കോർപറേറ്റുകളുടെ നിർബാധം തുടരുന്ന നികുതി വെട്ടിപ്പുകൾ കണ്ടില്ലെന്ന് നടിക്കുകയും വ്യാജ പ്രമാണങ്ങൾ ഉപയോഗിച്ച് ദളിതരുടെയും ദരിദ്രരുടെയും ഭൂമി കൈക്കാലാക്കുന്നവരെ തൊടാൻ മടിക്കുകയും ചെയ്യുന്ന അതേ സർക്കാരാണ് ആരോ വരുത്തിയ കുടിശ്ശികയുടെ പേരിൽ ഈ കുടുംബങ്ങളുടെ കിടപ്പാടങ്ങൾക്ക് മേൽ നികുതി നിഷേധിക്കുന്നത്.
ഇത് നൊച്ചാട് പഞ്ചായത്തിൽ മാത്രമുള്ള പ്രശ്‌നമല്ല, കേരളത്തിലുടനീളം സാധാരണക്കാർക്ക് ഈ പ്രതിസന്ധിയുണ്ട്. ഭൂരഹിതരില്ലാത്ത നവകേരളത്തിലേക്ക് ചുവട് വെക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ അടിയന്തിരമായി ഈ മനുഷ്യരുടെ പരാതി കേൾക്കണം.