ചെത്തുകാരൻ കുഞ്ഞിരാമൻ ചോദിക്കുന്നു, കുടി ഒരു സാർവലൗകിക വാസനയല്ലേ?

ഇ. കുഞ്ഞിരാമൻ എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് ജീവിതം ദാർശനികമായി പരിഹരിക്കേണ്ട ഒരു കാര്യമല്ല. ജീവിച്ചു തന്നെ കയറിയിറങ്ങി തീർക്കേണ്ട ഒരു തൊഴിൽ ക്രമമാണത്.കേരളത്തിന്റെ പേരിനോട് ചേർന്നു നിൽക്കുന്ന ഒരു തൊഴിലേയുള്ളൂ, തെങ്ങുകയറ്റം. ഏറെ ശക്തിയുള്ള ഒരു തൊഴിൽ ജീവിതം കൂടിയാണ് തെങ്ങു കയറ്റം. പുതിയ കാല സാഹചര്യങ്ങളിൽ കണ്ണൂർ ജില്ലയിലെ നെരുവമ്പ്രം സ്വദേശിയായ ഇ.കുഞ്ഞിരാമൻ സംസാരിക്കുന്നു.

താഹ മാടായി: കോവിഡ് കാലം തെങ്ങുകയറ്റ തൊഴിലാളി എന്ന നിലയിൽ കുഞ്ഞിരാമേട്ടനെ എങ്ങനെയാണ് ബാധിച്ചത്?

ഇ.കുഞ്ഞിരാമൻ: പൊതുവെ ആളുകൾക്ക് ഈ രോഗത്തോട് ഒരു ഭയമുണ്ട്. പുറത്തിറങ്ങാൻ നല്ല പേടിയുണ്ട് ആളുകൾക്ക്. ഞാനിപ്പോ തേങ്ങ പറിച്ചാലും അത് പെറുക്കി മാറ്റി വെക്കേണ്ടേ. അത് ഉടമയുടെ വീട്ടിലെത്തിക്കേണ്ടേ. അതിന് ആളെ കിട്ടാത്ത സ്ഥിതി വന്നു. പറിപ്പിക്കുന്ന മൊതലാളിമാര് തന്നെ സ്ഥലത്ത് വര്ന്നില്ല. കഴിഞ്ഞ ഒരു മാസം തീരെ പണി എട്ത്തിട്ടില്ല.

ഓർമയിൽ ഇത്രയും മാസം പണി എടുക്കാതെ വീട്ടിലിരിന്നിട്ടുണ്ടോ?

എന്റെ ഓർമയിൽ സൂക്കേടായിട്ട് പോലും ഇത്രയും ദിവസം വീട്ടിലിര്ന്ന ഓർമയില്ല. ചെറുപ്പത്തില് ചിക്കൻപോക്‌സും വസൂരിയും വന്നിന്.. മറ്റൊരു രോഗവും എനിക്ക്ണ്ടായിട്ടില്ല. ഒര് രോഗത്തെ പേടിച്ച് ഭൂമിയിലെ മനുഷ്യരെല്ലാം ഒരേ പോലെ വീട്ടിലിരിക്കുന്നത് കാണുന്നത് ആദ്യയിട്ടാണ്.

തെങ്ങുകയറ്റ തൊഴിലിലേക്ക് പാരമ്പര്യമായി വന്നതാണോ?

ഞങ്ങളുടെ പാരമ്പര്യ തൊഴിൽ തെങ്ങ് ചെത്താണ്. കള്ള് ചെത്ത്. അച്ഛൻ കള്ള് ചെത്ത് തൊഴിലാളിയായിരുന്നു. ആ തൊഴിൽ കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. അച്ഛന് പ്രായമായി തെങ്ങിൽ കയറാൻ പറ്റാത്ത അവസ്ഥ വന്നപ്പോ ഞാൻ കേറി തൊടങ്ങി. ചെത്ത് തൊഴിലിന് പിന്നെപ്പിന്നെ തെങ്ങ് പാട്ടത്തിന് കിട്ടാത്ത അവസ്ഥ വന്നു. അങ്ങനെയാണ് തേങ്ങ പറിക്കാരനാവ്ന്നത്. അങ്ങനെ പാരമ്പര്യമായിട്ടാണ്, അച്ഛൻ വഴിയാണ് ഞാനിത് പഠിക്ക്ന്നത്.

ഈ തൊഴിലിലേക്ക് വരുമ്പോ ആദ്യം എന്തെങ്കിലും കർമ്മങ്ങളോ ആചാരപരമായ ചിട്ടകളോ ഉണ്ടോ?

തേങ്ങ പറിക്കുമ്പോൾ ഇല്ല. ചെത്തിനിണ്ട്. ആരാണോ നമ്മെ ചെത്താൻ പഠിപ്പിക്ക്ന്നത്, അവർ ആദ്യം ചെത്താന്‌ളള ഉപകരണങ്ങളൊക്കെ എട്ത്ത് തന്ന് തൈമ്മ (തെങ്ങിൻമേൽ ) കേറ്റി കാണിച്ച് തരും. അങ്ങനെയെല്ലാമുള്ള ഒരിത് അന്ന്ണ്ട്. കള്ള് ചെത്ത് കേരളത്തിലെ പുരാതനമായ ഒര് തൊഴിലാണല്ലൊ. ഹിന്ദു മത വിശ്വാസത്തില് പല കർമ്മങ്ങൾക്കും കള്ള് വേണം.

ചെത്ത് തെങ്ങുകളുടെ പ്രത്യേകത എന്താണ്?

ചെറിയ തെങ്ങും വലിയ തെങ്ങുമൊക്കെ ചെത്താം. ആദ്യമായിട്ട് കൊലച്ച (കുലച്ച) ചെറിയ തെങ്ങ്, ഒന്നോ രണ്ടോ വെളിച്ചങ്ങ ഉതിർന്നു വന്നാൽ " ചവിട്ടി ച്ചായ്ക്കണം' എന്നാണ് പറയുക- അതിന് ആ കാലത്ത് പൈസയൊന്നും കൊടുക്കണ്ട. ആദ്യമായി ചെത്ത്ന്ന തെങ്ങിന് "കോടിത്തെങ്ങ് ' എന്നാണ് പറയുക. ഇക്കാലത്ത് ചവിട്ടിച്ചായ്ക്കാൻ ഉടമക്ക് പൈസ കൊടുക്കണം. ആറ് മാസമാണ് ഒരു തെങ്ങ് ചെത്താൻ പറ്റുക. എന്നാ എല്ലാ തെങ്ങും ആറ് മാസം ചെത്താൻ കഴിയില്ല. നല്ല ആരോഗ്യമുള്ള തെങ്ങാണെങ്കിൽ ആറ് മാസം കേറാം.. അല്ലെങ്കിൽ തെങ്ങിന് വേഗം ക്ഷീണം പിടിക്കും.

ചെറിയ പ്രായത്തിൽ ഈ തൊഴിലിലേക്ക് വരുമ്പോൾ വിദ്യാഭ്യാസം വേണമെന്നോ സ്‌കൂളിൽ പോകണമെന്നോ തോന്നിയിരുന്നില്ലേ?

ഞാനൊക്കെ ചെത്തു തൊഴിലിലേക്ക് വരുന്ന കാലം കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്ന കാലം തന്നെയാണ്. പക്ഷെ, ഞങ്ങൾക്ക് ജോലി ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ലായിര്ന്നു. പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റുവിറ്റി -അത്തരം ആനുകൂല്യങ്ങളും ആകർഷിച്ചു.

ഒരു ദിവസം എത്ര തെങ്ങ് ചെത്താം?

പരമാവധി പത്ത് തൈ വരെ ഏറാം. കോൺട്രാക്റ്റർമാർക്ക് എക്‌സൈസ് ഇടുന്ന നമ്പറുണ്ട്.

ചെത്തുതൊഴിലാളികൾക്ക് കള്ള് കുടിയോട് വാസനയുണ്ടാവുമോ?

കുടി ഒരു സാർവലൗകിക വാസനയല്ലേ? ചെത്തുതൊഴിലാളികളിൽ എല്ലാവരും കുടിക്കുന്നവരല്ല. എന്നാൽ, മുക്കാൽ ഭാഗം ആളുകളും കടിക്കുന്നവരാണ്.

കള്ളിന്റെ ലഹരി എങ്ങനെയാണ്?

രണ്ടവസ്ഥയ്ണ്ട്. കള്ളിന് മൂപ്പ് വര്‌മ്പോ ലഹരി വരും. ആദ്യമെട്ക്കുന്ന കള്ള് തേൻ പോലെയാണ്. അതിന് ലഹരി കുറയും. ഇതാണ് മുമ്പ് ചക്കരയാക്കുന്നത്. കൊലക്കിടുന്ന പാനിയിൽ തന്നെ നൂറും( ചുണ്ണാമ്പ്), കള്ള് പാനിയിൽ വീഴ്ന്ന അനുപാതത്തിനനുസരിച്ച് ഇടും. അത് ചക്കരക്കള്ളാവും. അതിന് എന്നും മധുരമുണ്ടാവും.

പിന്നെ ഈ രീതി നിരോധിക്കുന്നുണ്ടല്ലോ?

നിരോധിച്ചിട്ടില്ല എന്നാണറിവ്. എന്നാൽ, ലൈസൻസ് കൊടുക്കുന്നില്ല. ചക്കര പ്രധാനപ്പെട്ട ഒരാഹാര സാധനം കൂടിയാണല്ലൊ. അച്ഛൻ ആദ്യമൊക്കെ ഇത് ചെയ്യുമായിരുന്നു. ചക്കര കച്ചോടത്തിന് വരുന്ന ആൾക്കാര്ണ്ട്. മാട്ടൂലിൽ നിന്ന് വരുന്ന ഒരു വയസ്സറ് ഉണ്ട്. ഏഴോം ബോട്ടു കടവിൽ ചെന്ന് ബോട്ടിൽ കയറ്റി പല നാട്ടിലേക്ക് അയാൾ ചക്കരയുമായി പോകും. പിന്നെ ചക്കരയ്ണ്ടാക്കുമ്പോ വീട്ടിലെ പെണ്ണ്ങ്ങക്കും നല്ല തെരക്കായിരിക്കും. വേനൽക്കാലത്ത് ചപ്പിലകൾ വാരിക്കത്തിച്ച്, ചുണ്ണാമ്പു കള്ള് ചൂടാക്കി കുറുക്കിയെടുത്താണ് ചക്കരയ്ണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പെണ്ണുങ്ങളാണ്. കള്ള് തിളച്ചു മറിയാനോ കരിഞ്ഞു പോകാനോ പാടില്ല. ചക്കര ഉണ്ടാക്കിയത് തിയ്യ സമുദായമാണ്.

സമുദായം എന്നു പറയുമ്പോൾ, കള്ള് ചെത്തരുത്, കുടിക്കരുത് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലൊ.

മഹാത്മാഗാന്ധിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. നാരായണ ഗുരു സന്യാസ ജീവിതം നയിച്ച ആളാണല്ലൊ. അങ്ങനെയുള്ളവർ ചെത്തരുത്, കുടിക്കരുത് എന്നായിരിക്കും ഗുരു ഉദ്ദേശിച്ചത്. ഇങ്ങനെ ചെത്തുന്ന സാധാരണ മനുഷ്യരെ സാമുദായികമായി ഭ്രഷ്ട് കൽപിക്കാൻ ഗുരു പറഞ്ഞിട്ടില്ലല്ലോ.

ഗുരു വിലക്കിയ കാര്യമാണ് ചെയ്യുന്നത് എന്ന കുറ്റബോധം ഉണ്ടാവാറുണ്ടോ?

അങ്ങനെയൊന്നുമില്ല. ചെത്തുകാര്‌ടെ വീട്ടിലും ഗുരുവിനെ പൂജിക്കുന്നുണ്ടല്ലൊ. ഇപ്പോ, തെക്കോട്ട് (മലയോര മേഖലയിൽ) പോയി പെണ്ണന്വേഷിച്ചാൽ കുടുംബം എസ്.എൻ.ഡി.പി യാണോ എന്ന് അന്വേഷിക്കുന്ന പതിവ്ണ്ട്. മുമ്പ് ഇതില്ല.

തെങ്ങിൻ മുകളിൽ നിന്ന് കാണുന്ന ലോകം എങ്ങനെയാണ്?

അതൊരു ഭംഗിയുള്ള കാഴ്ചയാണ്. വേനൽക്കാലത്ത് നല്ല കാറ്റുണ്ടാവും. ഓലമടക്കിൽ കിടന്ന് ഉറങ്ങാൻ തോന്നും. വലിയ തൈമ്മല് നിന്ന് ഇറങ്ങുമ്പോ, പ്ലെയിൻ ലാൻഡ് ചെയ്യുന്ന പോലെ തോന്നും. ഒരു ഉയരത്തിൽ നിൽക്കുമ്പോ മനുഷ്യരും മൃഗങ്ങളും താഴെയുണ്ട് എന്ന് കാണാം. മനുഷ്യർ നടക്കുന്നു. മൃഗങ്ങൾ കെട്ടി ഇട്ട അവസ്ഥയിലാണ്. കോവിഡ് മന്ഷ്യരെയും ഉള്ളിൽ കെട്ടിയിട്ടല്ലൊ. പിന്നെ, കുളിപ്പുരകൾ ഉള്ള, അല്ലെങ്കിൽ കുളത്തിന്റെ കരയിൽ ഉള്ള തെങ്ങുകൾ ഉടമകൾ പാട്ടത്തിന് കൊടുക്കാറില്ല. തെങ്ങു ചെത്താൻ ചെത്തുകാരൻ മൂന്നു നേരം പോകും. എന്റെ അനുഭവത്തിൽ എത്രയോ രംഗങ്ങൾ കണ്ടിട്ട്ണ്ട്. കണ്ട് കണ്ടില്ല എന്ന മട്ടിൽ വിട്ടിട്ടുണ്ട് .

ചെത്തുകാരന്റെ മകൻ എന്ന നിലയിലെ സാമൂഹ്യ പദവി എങ്ങനെയാണ്?

ഏറ്റുകാരന്റെ മകൻ എന്ന നിലയിൽ സുയിപ്പാക്കുന്ന ഒരു രീതി മുമ്പുണ്ട്. ഇപ്പോ അതൊക്കെ മാറി. ഇപ്പോ ഡിഗ്രി കഴിഞ്ഞവരും ഈ മേഖലയിൽ ഉണ്ട്. ഡിഗ്രി കഴിഞ്ഞ പെൺകുട്ടികളും ഏറ്റുകാരനെ വിവാഹം ചെയ്യുന്നുണ്ട്.

ചെത്തു തൊഴിലിൽ നിന്ന് എപ്പോഴാണ് തെങ്ങുകയറ്റത്തിലേക്ക്, തേങ്ങ പറി എന്ന തൊഴിൽ മേഖലയിലേക്ക് മാറുന്നത്?

അടിയന്തിരാവസ്ഥയുടെ കാലത്താണ് ഞാൻ ഏറ്റുകാരനാവുന്നത്. അതായത് ചെത്ത്. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോ അച്ഛന്റെ ആരോഗ്യം കുറഞ്ഞു. നെരുവമ്പ്രം കള്ളു ഷാപ്പിൽ അച്ഛൻ മരിച്ച ശേഷം ഞാൻ ജോലിയിൽ കേറി. പിന്നെ നല്ല മെച്ചപ്പെട്ട ജോലി എന്ന നിലയിൽ തെങ്ങു കേറാൻ തൊടങ്ങി.

അടിയന്തിരാവസ്ഥ രാഷ്ട്രീയമായി ബാധിച്ചിട്ടുണ്ടോ?

ഏട്ടൻ നല്ല പാർട്ടി പ്രവത്തകൻ ആയിരുന്നു. ഏട്ടന് ഭീഷണിയുണ്ടായിരുന്നു. പൊതുവെ ചെത്തുതൊഴിലാളികൾ ഈ ഭാഗത്ത് സി.ഐ.ടി.യു ആണല്ലൊ. അടിയന്തിരാവസ്ഥയെ ഏറ്റവും ചെറുത്തത് അവരാണല്ലൊ.

തേങ്ങ വിൽപന വ്യാവസായികാടിസ്ഥാനത്തിൽ മാറുന്നുണ്ടല്ലൊ.

കുടികിടപ്പ് നിയമം വന്നപ്പോഴാണ് പാവപ്പെട്ടവർക്ക് കറിയിൽ തേങ്ങയരക്കാൻ കിട്ടുന്നത്. തേങ്ങയരച്ച കറി ഭൂപരിഷ്‌കരണ നിയമത്തിനു മുമ്പ് പാവപ്പെട്ടവർക്ക് കിട്ടിയിരുന്നില്ല. തേങ്ങയുടെ രുചി നമ്മളറിയുന്നത് അതിനു ശേഷമാണ്. കേരളം തെങ്ങിന്റെ നാടാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. തേങ്ങ വില കൊടുത്താലേ കിട്ടൂ.

ശക്തിയുടെ ഒരു തൊഴിലാണല്ലൊ തെങ്ങുകയറ്റം ?

ചുണ്ടൻ വിരൽ മുതൽ തല മൂർത്തി വരെ ഉള്ള ശക്തി. ഒരാഴ്ച പണി ഇല്ലാതെ വീട്ടിലിര്ന്ന് പിന്നെ ജോലിക്ക് പോകുമ്പോ കൈ കാൽ കടച്ചിൽ വരും. തെങ്ങുകയറ്റക്കാർക്ക് പൊതുവെ രോഗം കുറവാണ്. ശരീരം കൊണ്ടാണ് ജോലി. വെറുതെ നാവനക്കിയാൽ നടക്കില്ല. കേറിയേ പറ്റൂ. കേറിയാ ഇറങ്ങിയേ പറ്റൂ. കേറി അവിടെ തന്നെ നിൽക്കുകയല്ല, ഇറങ്ങി വര്ന്ന്ണ്ട്

തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ എന്താണ്?

രാസവളം ഉപയോഗിച്ചു തുടങ്ങിയപ്പോഴാണ് പല തരം രോഗങ്ങൾ തെങ്ങിന് വരുന്നത്. ഞങ്ങളുടെ ചെറുപ്പത്തിൽ "ഞൗ' ( ഒരു തരം വണ്ട് ) തിരിയോല നശിപ്പിക്കുന്ന രീതിയ്ണ്ട്. ഉപ്പും വെണ്ണീരും ചേർത്ത് വണ്ടിനെ നശിപ്പിക്കും. പിന്നെ കറ ചാട്ന്ന ഒരു രോഗം വന്നു. അതും ഒരു തരം പുഴുക്കുത്താണ്. അതു വന്നാൽ തെങ്ങ് ഉണങ്ങും. തെങ്ങിന്റെ തൊലി ചെത്തിക്കളയലാണ് പരിഹാരമായി പറഞ്ഞത്. എന്നാൽ, മറ്റു മരങ്ങൾ പോലെ തൊലി പോയാൽ തെങ്ങിന് പുതിയ തൊലി വരികയോ അത് ഒട്ടിപ്പിടിച്ച് ശരിയാവുകയോ ചെയ്യില്ല. വേപ്പും പിണ്ണാക്കുമാണ് തെങ്ങിനു നല്ല വളം. പുഴുവിനെ നശിപ്പിക്കും.

കോവിഡ് കാലം വ്യക്തി എന്ന നിലയിൽ എങ്ങനെയാണ് ബാധിച്ചത്?

എല്ലാവരെയും പോലെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു. സാമൂഹ്യമായി അകൽച്ചയുള്ള ഒരു തൊഴിലായിട്ടും ചെയ്യാൻ പറ്റിയില്ല. എനിക്ക് ചെറുപ്പത്തിൽ വസൂരി വന്നിരുന്നു. പെങ്ങൾക്കും ഏട്ടനും വല്ലാതെ വസൂരി വന്നിട്ടുണ്ട്. ഏട്ടൻ അവസാനം വിഭ്രാന്തി വന്ന് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട്. വസൂരി മൂത്താൽ ഒരു തരം പ്രാന്ത് വരും. അന്ന് വിശ്വാസപരമായ ചികിത്സയാണ്. ദേവിയാണ് വസൂരി തരുന്നത് എന്ന് കരുതി ദേവീക്ഷേത്രങ്ങളിൽ വഴിപാട് ചെയ്യും. തമിഴ് നാട്ടിലൊക്കെ അക്കാലത്ത് വസൂരി ഉള്ളവരെ വസൂരി ഇല്ലാത്ത വീട്ടിലേക്ക് വിളക്കൊക്കെ കത്തിച്ച് എഴുന്നള്ളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഭയങ്കര പേടിയുള്ള രോഗമാണ്. കുഞ്ഞാമുക്ക എന്ന് പേരുള്ള ഒരാൾ - കുരിപ്പ് കുഞ്ഞാമുക്ക എന്നാണ് പറയുക- ഒരു വയസ്സറ് അന്ന് ഈ രോഗത്തിന് ചികിത്സിച്ചിരുന്നു. ഭയങ്കര വസൂരി വന്നിട്ടും മരിക്കാത്ത ആളാണ്. മുഖം കാണുമ്പോ പേടി വരും. പക്ഷെ, സാധുവാണ്. ഭക്ഷണക്രമം വയസ്സറ് പറയും. ചുട്ട നേന്ത്രപ്പഴം, ഓറഞ്ച്, റൊട്ടി. ഇവ കഴിക്കാം. ചോറ് തിന്നാം. കറി മുതിരപ്പരിപ്പ്. കുരുമുളക് പൊടിയിട്ട മത്തി കൂട്ടാം. പറങ്കി ഉപയോഗിക്കരുത്. വെളിച്ചണ്ണ ആ ഭാഗത്തേ പോകാൻ പാടില്ല. വസൂരി ഇല്ലാത്തവരും വെളിച്ചണ്ണ ഉപയോഗിക്കാൻ പാടില്ല. പച്ച മഞ്ഞള് നന്നായി അരച്ച് തേങ്ങാപാലിൽ ചേർത്ത് നന്നായി വെയിലുത്തുണക്കി തേക്കുക. നല്ല വാസനയ്ണ്ടാണ്ടാവും. അതും ചികിത്സയാണ്. വസൂരി പൊന്തി വരുമ്പോ വേപ്പില ഇളക്കി ദേഹത്ത് പുരട്ടുക. ഇതൊക്കെയാണ് ചികിത്സ. പത്തു പതിനെട്ടു തരം വസൂരി ഉണ്ട്. ചില വസൂരി വന്നാൽ നേരത്തോട് നേരം വന്നാൽ ആള് പോകും. വസൂരി വന്നവരെ കണ്ടു പിടിച്ചു സർക്കാറിനെ അറിയിക്കുന്നവർക്ക് പാരിതോഷികം കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. അത്രയും പേടിയുള്ള രോഗമായിരുന്നു. കോളറ കോവിഡിനേക്കാൾ ഭയങ്കരമല്ലെ. തൂറലും ചർദ്ദിയും-ആള് തീർന്നില്ലേ? ആ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് ഒന്നുമല്ല. എന്നാലും, തീരെ നിസ്സാരവുമല്ല. ലക്ഷങ്ങൾ മരിച്ചില്ലേ.

പുതിയ ലോകത്തെക്കുറിച്ചുള്ള കുഞ്ഞിരാമേട്ടന്റെ പ്രതീക്ഷ എന്താണ്?

പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വരുന്നുണ്ട്. മസ്തിഷ്‌ക മരണം ബാധിച്ചവര്‌ടെ അവയവങ്ങൾ പോലും മാറ്റിവെക്കാം. ശാസ്ത്രം അത്രയും വികസിച്ചു. പക്ഷെ, ഒരു ചെറിയ വൈറസിന് മുന്നിൽ മനുഷ്യർ പകച്ചു നിൽക്കുന്നു. ഭയം നമ്മെ വിട്ട് പോകുന്നില്ല.കോവിഡിന് മരുന്ന് കണ്ടു പിടിച്ചാൽ പേടി പോകും. പക്ഷെ, പിന്നെ വേറെ രോഗം വരും, വേറെ പേടി വരും. പേടി എപ്പോഴും ഈ ലോകത്തുണ്ടാവും.


Summary: During the covid-19 period, Kannur native E.Kunjiraman's traditional occupation of coconut climbing was severely affected. Thaha madayi interviews E. Kunjiraman.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments