മനുഷ്യവിസർജ്യത്തിൽ
മുങ്ങിമരിച്ച ജോയി
ദരിദ്രനായിരുന്നു, ഭൂരഹിതനുമായിരുന്നു

ഏറ്റവും ദരിദ്രരും ദുർബലരുമായ മനുഷ്യർ ഒരു സുരക്ഷിതത്വവുമില്ലാതെ ജോലികൾ ചെയ്യാൻ നിർബന്ധിതമാകുകയാണ്. തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ മരിച്ച ജോയിയുടെ ജീവിത സാഹചര്യങ്ങൾ ഇത് വെളിവാക്കുന്നുണ്ട്. കക്കൂസ് കോരാനും മാലിന്യം ചുമക്കാനും പോകുന്നവർ ഭൂരഹിതരും കൂടിയാണെന്ന വസ്തുത തിരിച്ചറിയണം- ബിജു ഗോവിന്ദ് എഴുതുന്നു.

വികസനം വിലയിരുത്തപ്പെടേണ്ടത് സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ പരിശോധിച്ചുകൊണ്ടാകണം എന്നാണ് അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദനായ ഡോ. എം. കുഞ്ഞാമൻ പറഞ്ഞത്. സംസ്ഥാന രൂപീകരണത്തിൻ്റെ ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും, മനുഷ്യവിസർജ്യങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങൾ കേന്ദ്രീകരിച്ചുപോലും തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടുന്നത് പരിഷ്കൃതരെന്ന് മേനി പറയുന്നവർക്ക് ചേർന്നതാണോയെന്ന് എല്ലാവരും പരിശോധിക്കേണ്ടതാണ്.

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്ന ജോലിക്കിടയിലാണ് നെയ്യാറ്റിൻകര സ്വദേശി ജോയി മരിച്ചത്. നഗരത്തിലെ എല്ലാത്തരം മാലിന്യങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്ന തോടാണ് ആമയിഴഞ്ചാൻ. പലയിടങ്ങളിലും ഒഴുക്കുനിലച്ച് മാലിന്യവും മലിനജലവും കെട്ടികിടപ്പാണ്. കാലാനുസൃതവും സമഗ്രവുമായ എന്തെങ്കിലും പദ്ധതികളുണ്ടായിരുന്നെങ്കിൽ ആമയിഴഞ്ചാൻ തോട് നിത്യ മലിനവാഹിനിയായി തുടരില്ലായിരുന്നു.

ഡോ. എം. കുഞ്ഞാമൻ
ഡോ. എം. കുഞ്ഞാമൻ

അങ്ങേയറ്റം വിസർജ്യം നിറഞ്ഞ ഈ തോട്ടിലാണ് മനുഷ്യരിറങ്ങിനിന്ന് മാലിന്യം നീക്കുന്നത്. യന്ത്രവത്കൃതമായ ഏതെങ്കിലും സംവിധാനങ്ങളിലൂടെ മാത്രമേ ഇത് ചെയ്യാവൂവെന്ന് അധികാരികൾക്കും നിർബന്ധമില്ല. മലയാളിയുടെ പരിഷ്കൃത ബോധത്തിന് ഇതൊന്നും ഒരു പ്രശ്നമേയല്ല. ഏറ്റവും ദരിദ്രരും ദുർബലരുമായ മനുഷ്യർ ഇത്തരം ഇടങ്ങളിൽ, ഒരു സുരക്ഷിതത്വവുമില്ലാതെ ജോലികൾ ചെയ്യാൻ നിർബന്ധിതമാകുകയാണ്. ജോയിയുടെ ജീവിത സാഹചര്യങ്ങൾ ഇത് വെളിവാക്കുന്നുണ്ട്.

മനുഷ്യർ പട്ടിണിക്കാരാകുന്നത് ഭക്ഷണത്തിൻ്റെ ലഭ്യതക്കുറവുകൊണ്ടു മാത്രമല്ല. പക്ഷെ അങ്ങനൊരു ബോധമാണ് നമ്മൾ പരസ്പരാംഗീകാരത്തോടെ സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണവുമായി ദാരിദ്യത്തെ കൂട്ടിക്കെട്ടുന്നത്. ആ ധാരണയെ ഉറപ്പിക്കുന്നതിൽ ഒരു വരേണ്യത കൃത്യമായും പ്രവർത്തിക്കുന്നുണ്ട്. ആദ്യം തിരുത്തിക്കേണ്ടതുമതാണ്. ദാരിദ്യത്തിൻ്റെയും പട്ടിണിയുടേയും യഥാർത്ഥ കാരണം സാമൂഹ്യവും രാഷട്രീയവുമാണ്. ജീവനോപാധികളുടെ അപര്യാപ്തതയും പൊതുവിഭവങ്ങളിലെ പങ്കാളിത്തമില്ലായ്മയും ഭരണതലത്തിലെ പ്രാതിനിധ്യക്കുറവും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ മുഖ്യ പ്രശ്നങ്ങളാണ്. കക്കൂസ് കോരാനും മാലിന്യം ചുമക്കാനും പോകുന്നവർ ഭൂരഹിതരും കൂടിയാണെന്ന വസ്തുത തിരിച്ചറിയണം.

തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്ന ജോലിക്കിടയിലാണ് നെയ്യാറ്റിൻകര സ്വദേശി ജോയി മരിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യുന്ന ജോലിക്കിടയിലാണ് നെയ്യാറ്റിൻകര സ്വദേശി ജോയി മരിച്ചത്.

രണ്ടോ മൂന്നോ സെൻ്റിൽ കുടിൽ കെട്ടികിടക്കുന്നവരും കോളനി നിവാസികളുമാണ് ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ. സാമൂഹ്യമായ അവരുടെ സുരക്ഷിതത്വമില്ലായ്മയെ ചർച്ചചെയ്യാതെയുള്ള വർത്തമാനങ്ങളെല്ലാം ആത്മാർത്ഥതയില്ലാത്തതാണ്‌. മാനുവൽ സ്കാവഞ്ചിംഗ് നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്.

രാജ്യ ജനസംഖ്യയിൽ പകുതിപ്പേർ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലവിസർജനം നടത്തുന്നത്. പ്രതിദിനം 65000 ടൺ മനുഷ്യവിസർജ്യം രാജ്യത്തെ തെരുവോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമായി കുമിഞ്ഞുകൂടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വലിയ നഗരങ്ങളിൽ മനുഷ്യവിസർജ്യം ചുമന്നു മാറ്റി ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. സാമൂഹ്യ സാഹചര്യങ്ങളും അതിദാരിദ്ര്യവും പലരെയും ഈ തൊഴിലിന് നിർബന്ധിതരാക്കുന്നു. യാതൊരു സാമൂഹ്യാന്തസ്സും നൽകാത്ത തൊഴിൽ തന്നെയാണിത്. അതുകൊണ്ടുതന്നെ സമൂഹത്തിൻ്റെ ശ്രേണീകൃത ജാതിസംവിധാനത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരാണ് ഇത്തരം ജോലികളിൽ ഏർപ്പെടുന്നത്. ദലിതരോ അതി പിന്നാക്കക്കാരോ ആയ വിഭാഗങ്ങളിൽപ്പെട്ടവരാണവർ.

Photo : uralindiaonline.org
Photo : uralindiaonline.org

ഇത്തരം ജോലികളിലേർപ്പെടുന്നവർ രണ്ടു തരം അവഹേളനങ്ങളാണ് പൊതുബോധത്തിൽ നിന്ന് ഏറ്റുവാങ്ങുന്നത്. അവരുടെ ജാതീയമായ അസ്പൃശ്യതയ്ക്കൊപ്പം ഈ തൊഴിലിൻ്റെ പേരിലും. ഏത് തൊഴിലും അന്തസ്സുള്ളതാണെന്നൊക്കെയുള്ള വാചാടോപങ്ങൾ ഒരു ബ്രാഹ്മണിക്കൽ ബുദ്ധിയാണ്. ഏത് മോശപ്പെട്ട തൊഴിലും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെക്കൊണ്ടു ചെയ്യിക്കാൻ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഈ അഭിമാനബോധം. എന്നാൽ മുകൾത്തട്ടിലുള്ളവരാരും ഇത്തരം തൊഴിലുകളിൽ ഏർപ്പെടുകയുമില്ല.

പൊതു ശൗചാലയങ്ങൾ ശുചീകരിക്കുന്ന എത്ര നമ്പൂതിരിമാരെ കേരളത്തിൽ കാണാൻ കഴിയും. എത്ര കൊടിയ ദാരിദ്ര്യത്തിലും ഇത്തരം പണികളിലൊന്നും നമ്പൂതിരിമാർ ഏർപ്പെടില്ല. അതിദരിദ്രരായ മനുഷ്യരുടെ ഇത്തരം ജീവിതങ്ങൾ നമ്മുടെ സാംസ്ക്കാരിക മേഖലയ്ക്കും ഒരു ചർച്ചാവിഷയമേയല്ല. മനുഷ്യമലം കോരിയും ചുമന്നും മാറ്റുന്ന സാമൂഹ്യ സാഹചര്യങ്ങളെ തൊഴിലായി കല്പിച്ചുനൽകുന്ന പൊതുബോധത്തിനെതിരെ സിനിമാ - സാംസ്കാരിക രംഗമൊന്നും ചർച്ചയാകാത്തതെന്തുകൊണ്ടാണ്?

മാൻഹോൾ സിനിമയില്‍ നിന്ന്
മാൻഹോൾ സിനിമയില്‍ നിന്ന്

വിധു വിൻസെൻ്റ് സംവിധാനം ചെയ്ത 'മാൻഹോൾ' മാത്രമാണ് അത്തരം ജീവിതങ്ങളെ തുറന്നുകാണിച്ച ഏക സിനിമ. ഇല്ലങ്ങളിലെ ദാരിദ്യവും, പപ്പട നിർമ്മാണത്തിൻ്റെ കഥന കഥയും പറഞ്ഞ് മലയാളിയെ ഏങ്ങലടിപ്പിച്ച് കരയിച്ച മലയാള സിനിമ - സാംസ്കാരിക ലോകത്തിന് മാനുവൽ സ്കാവഞ്ചിംഗും മലിനക്കുഴികളിലെ ജീവിതങ്ങളും ഒരു സെൻ്റിമെൻ്റൽ വിഷയങ്ങളേയല്ല. കാരണം സവർണ്ണാധിപത്യത്തിൻ്റെ മാനദണ്ഡങ്ങളാൽ നിർമ്മിക്കപ്പെട്ട മാനവികതയിൽ ദലിതരും പിന്നോക്കരുമൊക്കെ പുറത്താണല്ലോ.

Comments