Good Evening Friday- 3
ട്വിസ്റ്റ് എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവമോ അല്ലെങ്കിൽ ഒരു വെളിപ്പെടുത്തലോ ആണ്. അത് കഥയുടെയോ, ചരിത്രത്തിന്റെയോ ഗതിയെ മൊത്തത്തിൽ മാറ്റിയേക്കാം. കഥയിലും സിനിമയിലും അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സർപ്രൈസ് അഥവാ അത്ഭുതം ട്വിസ്റ്റിന്റെ ഉപോല്പന്നം ആണ്. കഥയിലെ/സിനിമയിലെ ഏറ്റവും നാടകീയമായതും, തീവ്രമായതുമായ രംഗമാണ് ക്ലൈമാക്സ്. ആഖ്യാനത്തിന്റെയും ആവിഷ്കാരത്തിന്റെയും ഏറ്റവും പീക്കിലായിരിക്കും ക്ലൈമാക്സ് സംഭവിക്കുന്നത്. അത് തുടർന്നുവന്നിരുന്ന സംഘർഷങ്ങൾക്ക് ഒരു പരിഹാരമോ, വഴിത്തിരിവോ ആയി പരിണമിക്കും. അനന്തരം കഥ/സിനിമ അവസാനഘട്ടങ്ങളിലേക്ക് എത്തിച്ചേരും.
ട്വിസ്റ്റും ക്ലൈമാക്സും ഒന്നായി വരുന്ന സന്ദർഭങ്ങളുണ്ട്. മനോജ് ശ്യാമളൻ സംവിധാനം ചെയ്ത സിക്സ്ത്ത് സെൻസ് എന്ന മൂവിയിൽ ഡോക്ടർ മാൽക്കം താൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന മൊമന്റ് ട്വിസ്റ്റ്-ക്ലൈമാക്സുകളുടെ സംഗമമാണ്. ഈസ്റ്റ് ജർമൻ ഒഫീഷ്യൽ ആയിരുന്ന Günter Schabowski ഒരു പ്രസ് കോൺഫറൻസ് സമയത്ത് വായിച്ച തെറ്റായ സ്റ്റേറ്റ്മെന്റാണ് ജർമൻ മതിൽ വീഴാൻ കാരണമായത്. ചരിത്രത്തിൽ ട്വിസ്റ്റും ക്ലൈമാക്സും ഏതാണ്ട് ഒരുമിച്ച് നടന്ന ദിനങ്ങളിലൊന്നായിരുന്നു ആ 1989 നവംബർ 9.
ട്വിസ്റ്റ്-ക്ലൈമാക്സ് പശ്ചാത്തലത്തിൽ Good Evening Friday!
ആമിയുടെ ഹസ്ബൻഡ് ആണ് നിക്ക്. അഞ്ചാം വിവാഹവാർഷികത്തിന്റെ ദിവസം നിക്ക് തന്റെ ട്വിൻ സിസ്റ്റർ മാർഗോ നടത്തുന്ന ബാറിൽ നിന്ന് രണ്ട് ബിയർ കഴിച്ച് വീട്ടിലെത്തുമ്പോൾ ആമിയെ കാണാനില്ല. നിക്ക് സാഹിത്യകാരനും എഴുത്തുകാരനാകാൻ പോകുന്നവരെ പഠിപ്പിക്കുന്ന ടീച്ചറും, ആമി കുട്ടികളുടെ പുസ്തകങ്ങൾ എഴുതി പ്രശസ്തി നേടിയ എഴുത്തുകാരിയുമാണ്. സാമ്പത്തിക മാന്ദ്യം കാരണം രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ട സമയം. എന്നാലും വളരെ സ്നേഹത്തോടെ ജീവിക്കുന്ന ദമ്പതികൾ എന്ന ഒരു ഇമേജുണ്ട്. ആമിയെ കാണാതാകേണ്ട ഒരു സാഹചര്യം ഇല്ലെന്നതാണ് പൊതുവെയുള്ള പ്രതീതി.
സ്വാഭാവികമായും പോലീസ് അന്വേഷണം വരുന്നു. കേസന്വേഷിക്കുന്ന ലേഡി ഡിറ്റക്ടീവ് റോണ്ട ബോണിക്ക് നിക്കിന് മേൽ ചില സംശയങ്ങളുണ്ട്. വീട്ടിൽ പലസ്ഥലത്തും ആമിയുടെ രക്തക്കറ കണ്ടെത്തിയിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്ക് പലപ്പോഴും നിരുത്തരവാദപരമായിട്ടാണ് നിക്ക് പ്രതികരിച്ചിരുന്നത്. ആമിയുടെ രക്തഗ്രൂപ്പ് പോലും അയാൾക്കറിയില്ലായിരുന്നു. അലസനും ഉഴപ്പനുമായ ഒരാളുടെ ശരീരഭാഷയായിരുന്നു അയാൾക്ക്.
വിവാഹവാർഷികത്തിന് നിക്കിന് നൽകുന്ന ഗിഫ്റ്റ് എവിടെയാണെന്ന് കണ്ടെത്താനുള്ള സൂചനകൾ എഴുതിയ കുറിപ്പുകൾ ആമി പലയിടത്തായി വെച്ചിട്ടുണ്ടായിരുന്നു. അതിലെ ഒന്നാം സൂചന തിരഞ്ഞ് നിക്കിനൊപ്പം പോയ പോലീസ് ഒരു ലേഡി അണ്ടർവെയർ നിക്ക് എഴുതാനിരിക്കാറുള്ള മുറിയിൽ നിന്ന് കണ്ടെത്തുന്നു. നിക്ക് പരുങ്ങിയെങ്കിലും തല്ക്കാലം രക്ഷപ്പെട്ടു.
പക്ഷെ കാര്യങ്ങൾ നിക്കിനെതിരായാണ് നീങ്ങിയത്. നിക്കും ആമിയും തമ്മിൽ വഴക്കുണ്ടാവാറുണ്ടെന്നതിനും, ആമി തോക്ക് വാങ്ങിക്കാൻ ശ്രമിച്ചതിനുമുള്ള തെളിവുകൾ പോലീസിന് കിട്ടി. ഒപ്പം നിക്കിന്റെ സംശയകരമായ ഓൺലൈൻ മണി ട്രാൻസാക്ഷൻസും, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എടുത്ത ലൈഫ് ഇൻഷുറൻസും. ആമിയുടെ വെഡിങ് ആനിവേഴ്സറി ഗിഫ്റ്റിന്റെ മൂന്നാമത്തെ സൂചന തന്റെ അച്ഛന്റെ വീടാണെന്ന് നിക്കിന് പിടികിട്ടുന്നു. പോലീസറിയാതെ നിക്ക് അവിടെയെത്തി പരിശോധിച്ചെങ്കിലും അയാൾക്ക് ഒന്നും കിട്ടിയില്ല. അടുത്ത ദിവസം പൊലീസിന് കിട്ടിയത് ആമി ഗർഭിണിയാണെന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ്. നിക്കിന് അതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ പോയിരുന്നുവെന്നും തന്റെ സെമെൻ അവിടെ സൂക്ഷിക്കാൻ കൊടുത്തിരുന്നുവെന്നും അത് ആമിക്ക് അറിയാമായിരുന്നുവെന്നും അയാൾ പോലീസിനോട് പറഞ്ഞു.
തന്റെ ഭാര്യക്ക് ആത്മാർത്ഥ സുഹൃത്തുക്കളില്ലെന്ന അയാളുടെ മൊഴിക്ക് കടകവിരുദ്ധമായി ആമിയുടെ ആത്മമിത്രമാണെന്ന് അവകാശപ്പെട്ട് അയൽവക്കത്തെ ഒരു സ്ത്രീ ബഹളമുണ്ടാക്കുന്നു. ഗർഭ കാലത്ത് ആമി അത്യന്തം ഏകാകിയും ദുഖിതയുമായിരുന്നുവെന്ന് ന്യൂസ് റിപ്പോർട്ടർമാരോട് അവൾ പറഞ്ഞ് കരഞ്ഞപ്പോൾ ആളുകത് വിശ്വസിച്ചു. ആമിയുടെ അച്ഛനോ, അമ്മക്കോ, നിക്കിന്റെ സഹോദരി മാർഗോവിനോ നിക്കിനെ ഒരു തരത്തിലും സംശയമുണ്ടായിരുന്നില്ല. ഇതിനിടയിൽ നിക്കിന് അയാൾ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനി ആൻഡിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് മാർഗ്ഗോ അറിയുന്നു. തങ്ങളുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടായിരുന്നുവെന്നും, ഒരു കൊല്ലമായി ആൻഡി തന്റെ കാമുകിയാണെന്നും, ഡിവോഴ്സിനെ പറ്റി സംസാരിക്കാനിരുന്ന ദിവസമാണ് ആമി അപ്രത്യക്ഷയായതെന്നും നിക്ക് മാർഗോയോട് സമ്മതിക്കുന്നു.
ആദ്യം പൊട്ടിത്തെറിച്ചെങ്കിലും ആമിയുടെ തിരോധാനത്തിൽ നിക്കിന് പങ്കില്ലെന്ന തിരിച്ചറിവിൽ നിക്കിനോടൊപ്പം നിൽക്കാൻ മാർഗ്ഗോ തീരുമാനിച്ചു.
ആമിയുടെ കേസ് വലിയ ചർച്ചാവിഷയമായി. മീഡിയ അത് ദിനംപ്രതി കവർസ്റ്റോറിയാക്കാനും തുടങ്ങി.
തങ്ങളറിയാതെ നിക്ക് തന്റെ പിതാവിന്റെ വീട്ടിൽ പരിശോധന നടത്തിയതായി പോലീസ് മനസ്സിലാക്കി. കത്തിച്ച് കളയാൻ ശ്രമിച്ച് പരാജയപ്പെട്ട നിലയിൽ ആമിയുടെ ഒരു ഡയറി പോലീസ് കണ്ടെത്തി. അത് അപ്പോഴും വായിക്കാൻ പറ്റുന്ന സ്ഥിതിയിലായിരുന്നു.
ഡയറിയിലെ ചില വിവരങ്ങൾ വെച്ചുള്ള പോലീസിന്റെ നീക്കം അറസ്റ്റിലേക്ക് നീങ്ങാമെന്ന് കണ്ടപ്പോൾ ടാന്നർ ബോൾട് എന്ന ഹൈ പ്രൊഫൈൽ ലോയറെ നിക്ക് സമീപിക്കുന്നു. ഭാര്യമാരെ കൊന്നുവെന്ന കുറ്റം ആരോപിക്കപ്പെട്ട പുരുഷന്മാർക്ക് വേണ്ടി കേസ് നടത്തുന്നതിൽ പേര് കേട്ട ആളാണ് ടാന്നർ. ടാന്നരുടെ അന്വേഷണത്തിൽ നിന്ന് ആമിയെ പറ്റി അറിഞ്ഞ രണ്ട് കാര്യങ്ങൾ നിക്കിനെ ഞെട്ടിച്ചു. ഹൈസ്ക്കൂൾ കാലത്തുണ്ടായിരുന്ന ഡേസി എന്ന കാമുകനെതിരെ പിൽക്കാലത്ത് ആമി പോലീസിൽ കേസ് കൊടുത്തിരുന്നു. ആമിയുടെ പെരുമാറ്റം മടുത്ത് പിരിയുകയാണെന്ന് പറഞ്ഞ ടോമി എന്ന മറ്റൊരു കാമുകന്റെ ജീവിതം ലൈംഗികാരോപണ കേസിൽ പെടുത്തി നശിപ്പിച്ചിട്ടുമുണ്ട്.
ടോമിയോട് സംസാരിച്ചപ്പോൾ, ആമി താൻ കരുതിയതിനേക്കാൾ അപകടകാരിയാണെന്ന് നിക്കിന് ബോദ്ധ്യപ്പെട്ടു. ഡേസി നിക്കിനെ കാണാൻ കൂട്ടാക്കിയില്ല. നിക്കിന്റെ കാമുകിയെ പോലീസ് കണ്ടെത്തുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുചോദിക്കുക, ആമി നല്ലവളാണെന്നും, താനിപ്പോഴും അവളെ അഗാധമായി സ്നേഹിക്കുന്നുവെന്നും വിശ്വസനീയമായ രീതിയിൽ പറയുക, ഇതെല്ലാം ടാന്നരുടെ ആശയങ്ങൾ ആയിരുന്നു. ലക്ഷ്യം, ഒന്ന് ജനത്തിന് മുമ്പിലുള്ള വില്ലൻ ഇമേജ് മാറും, രണ്ട് എങ്ങാനുമിരുന്ന് ആമി കേട്ടാൽ മനസ്സലിഞ്ഞ് തിരിച്ച് വന്നേക്കാം. അതിനായി അയാൾ നിക്കിന് ഒരു ടിവി ചാനൽ ഇന്റർവ്യൂ ഏർപ്പാടാക്കി.
പക്ഷെ കാര്യങ്ങൾ ഉദ്ദേശിച്ച പോലെയല്ല പരിണമിച്ചത്. ഡയറിയിലെ വിവരങ്ങളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇന്റർവ്യൂ കഴിഞ്ഞ ഉടനെ പോലീസ് നിക്കിനെ അറസ്റ്റ് ചെയ്തു. അതുവരെ കൂടെ നിന്നിരുന്ന ആമിയുടെ മാതാപിതാക്കൾ അയാൾക്കെതിരാകുകയും ചെയ്തു
ഭാര്യയുടെ ഘാതകൻ എന്ന പരിവേഷത്തിലേക്ക് നിക്ക് മാറികൊണ്ടിരിക്കുമ്പോൾ ദൂരെയുള്ള ഒരു സ്ഥലത്ത് ആമി രൂപവും വേഷവും മാറി പ്രത്യക്ഷപ്പെടുന്നു. നിക്കിന് കാമുകിയുണ്ടെന്നും, അയാൾ തന്നെ എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കുമെന്നും മനസ്സിലാക്കിയപ്പോൾ ആമിയുടെ ക്രിമിനൽ ബുദ്ധി നിക്കിനെ കൊലപാതകിയാക്കാനുള്ള പദ്ധതി നടപ്പിലാക്കുകയായിരുന്നു.
ചോരപ്പാടുകൾ,
ട്രെഷർ ഹണ്ട് എന്ന പേരിലെഴുതിയിട്ട ദുസ്സൂചനകൾ, നിക്കിനെ ഒരു ക്രൂരനായ ഭർത്താവായി ചിത്രീകരിച്ചുള്ള ഡയറി,
നിക്ക് കത്തിക്കാൻ ശ്രമിച്ചുവെന്ന് വരുത്തി തീർക്കുന്ന വിധം ഡയറി മാറ്റിയത്,
ഗൺ മേടിക്കാനുള്ള ശ്രമം,
അയൽവക്കത്ത് ഉണ്ടാക്കിയെടുത്ത സൗഹൃദം, ഏകാകിനിയെന്ന ചിത്രം,
ഗർഭിണിയായ സുഹൃത്തിന്റെ മൂത്രം മോഷ്ടിച്ചുണ്ടാക്കിയ പ്രഗ്നൻസി സർട്ടിഫിക്കറ്റ്,
ഓൺലൈൻ ഇടപാടുകൾ,
ഇൻഷുറൻസ് പോളിസി
എല്ലാം വളരെ നാളുകൾ കൊണ്ട് ആമി അതിവിദഗ്ദമായി സൃഷ്ടിച്ചെടുത്ത ക്രൈം സീനുകളായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ എല്ലായിടത്തും ക്യാഷ് പെയ്മെന്റ് നടത്തിയാണ് ആമി യാത്ര തുടർന്നിരുന്നത്. വിദേശത്തേക്ക് കടക്കാനായിരുന്നു പ്ലാൻ. അതിനിടെ കണ്ടുമുട്ടിയ രണ്ട് പേർ അവളുടെ കൈയിലുള്ള കാശ് പിടിച്ചുവാങ്ങി കടന്നുകളഞ്ഞു.
അതോടെ ആമി തെരുവിലായി. അവൾ തന്റെ ആദ്യത്തെ കാമുകൻ ഡേസിയെ കണ്ടുപിടിച്ചു. അയാൾ അതിസമ്പന്നാണെന്ന് അവൾക്കറിയാമായിരുന്നു. വർഷങ്ങളായി നിക്ക് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും, അയാൾ തന്നെ കൊല്ലുമെന്നുറപ്പായപ്പോൾ തനിക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും അവൾ ഡേസിയെ പറഞ്ഞു വിശ്വസിപ്പിച്ചു. അയാളിലാണെങ്കിൽ അവളോടുള്ള പ്രേമവും കാമവും അപ്പോഴും തീവ്രമായിരുന്നു.
ഡേസി തന്റെ ആഡംബരം നിറഞ്ഞ ഹോളിഡേ ഹോമിൽ അവളെ താമസിപ്പിക്കുന്നു. അവൾ അവിടെ സുരക്ഷയാണെന്ന് തെളിയിക്കാൻ അയാൾ അവൾക്ക് അവിടത്തെ സെക്യൂരിറ്റി ക്യാമറയും അതിന്റെ പ്രവർത്തനവും കാണിച്ച് കൊടുക്കുന്നു.
അവളാണെങ്കിൽ ഡേസി പുറത്തു പോകുന്ന സമയങ്ങളിൽ അടുത്ത പദ്ധതിക്ക് രൂപം കൊടുത്തുകൊണ്ടിരുന്നു. താൻ തടവിലാക്കപ്പെട്ടതാണെന്നും ഡേസിയുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാൻ പറ്റാതെ കഴിയുകയാണെന്നും ക്യാമറയിൽ പതിയുന്ന രീതിയിൽ അവൾ അഭിനയിച്ചു. അല്ലാത്ത രംഗങ്ങൾ ക്യാമറയുടെ പരിധിക്ക് അപ്പുറത്ത് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തി. ഇങ്ങനെ കഴിയുമ്പോഴാണ് നിക്കിന്റെ കുമ്പസാരം ടിവി ഇന്റർവ്യൂ ആയി ടെലികാസ്റ്റ് ചെയ്യപ്പെടുന്നത്.
അടുത്ത സ്ട്രൈക്കിനുള്ള സമയമായെന്ന് ആമി തീരുമാനിച്ചു. അന്ന് വൈകീട്ട് സെക്സിനിടയിൽ ഡേസിയെ അവൾ കഴുത്തറുത്ത് കൊന്നു. എന്നിട്ട് ദേഹം മുഴുവൻ ചോരയുമായി ടിവി ക്യാമറകളുടെയും, പോലീസിന്റെയും നടുവിലേക്ക് കാറോടിച്ച് ചെല്ലുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ സംഭവിച്ചുപോയ കൊലപാതകം, പോലീസ് അവളെ പൂർണ്ണമായി വിശ്വസിച്ചു. ഡേസി അവളെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുവെന്ന കഥ കിട്ടിയ തെളിവുകൾക്കൊപ്പം ചേർന്നു നിന്നു.
അവൾക്കെതിരെ ഒരു തെളിവും കണ്ടെത്താനാവാതെ ലോക്കൽ പോലീസും നിക്കും ടാന്നറും ക്‌ളീൻ ബൗൾഡ്. നിക്കിനെതിരെയുള്ള കേസിന് സ്വാഭാവികമായ അവസാനം.
തിരിച്ചു വന്ന തങ്ങളുടെ പ്രിയപ്പെട്ട ബാലസാഹിത്യകാരിയോട് ജനത്തിന് കൂടുതൽ സ്നേഹം, ആരാധന. ടിവി ഇന്റർവ്യൂയിൽ പറഞ്ഞതൊന്നും തിരുത്താനാവാതെ നിക്ക്.
വിഷ്വൽ മീഡിയയിൽ ആമി താരമായി മാറി.
എങ്ങനെയെങ്കിലും അവളിൽ നിന്ന് രക്ഷപ്പെടാൻ നിക്ക് വഴി തേടുന്നതിനിടയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ സൂക്ഷിച്ച നിക്കിന്റെ സ്പേം ഉപയോഗിച്ച് അവൾ ഗർഭിണിയായി. നിക്ക് നിസ്സഹായനായി നിൽക്കുമ്പോൾ ഗോൺ ഗേൾ (Gone Girl) എന്ന സിനിമയുടെ എന്റെ വേർഷൻ പൂർത്തിയാകുന്നു.
രണ്ടു ദിവസം മുമ്പ് ഒടിടിയിൽ ഞാൻ ഈ സിനിമ ഒന്നുകൂടെ കണ്ടു. അവസാന രംഗം ഞാൻ മറന്നുപോയിരുന്നു. ഉദ്വേഗത്തോടെ കണ്ടുകൊണ്ടിരിക്കേ നിക്ക് നിന്നിടത്ത് പതിയെ അമേരിക്കയുടെ ഭൂപടം തെളിഞ്ഞു. നിക്കിനെ കിടക്കയിലേക്ക് പിടിച്ചു വലിച്ചുകൊണ്ടിരുന്ന ആമിയുടെ സ്ഥാനത്ത് ഡോണൾഡ് ട്രംപ് നിന്ന് ഉറക്കെ ചിരിക്കുന്നു, "ഞാൻ ജയിച്ചു, ഞാൻ മാത്രമേ ജയിച്ചിട്ടുള്ളൂ" ഈ സിനിമയ്ക്ക് രണ്ടാം ഭാഗം വരും, ഡയറക്ടറും, തിരകഥാകൃത്തും സിനിമക്ക് പുതിയ മുഖം നൽകും. അമേരിക്കയുടെ പാർട്ട് ടു എന്താകും?
Cheers!