നിക്കോട്ടിൻ ആസക്തി മറച്ചുവെക്കാൻ പുകയില കമ്പനികൾ ചെയ്തതും The Insider സിനിമയും

സിഗററ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ വീര്യവും, അതിനോടുള്ള ആസക്തിയും മറച്ചുവെക്കാൻ പുകയില കമ്പനികൾ നടത്തിയ കുടിലനീക്കവും, ഈ വിഷയം ചർച്ച ചെയ്യുന്ന ‘The Insider’ സിനിമയുമാണ് ഈ ആഴ്ച ചർച്ച ചെയ്യുന്നത്. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 36

'സിഗരറ്റ് വലി വളരെ എളുപ്പമായ ഒരു പ്രവർത്തിയാണ്, ഇന്നതിന് ചിലവ് കൂടുമെങ്കിലും!ഉയരുന്ന പുക മനുഷ്യത്വരഹിതമായ മൂലധന അത്യാർത്തിയുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും രാസപ്രക്രിയയിൽ നിന്നാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പിന് നിയമസാധുത കിട്ടിയത് പിന്നിൽ ഒരുപാട് പേരുടെ നിരന്തര പരിശ്രമവും, കഠിനാദ്ധ്വാനവുമുണ്ട്,' അങ്ങനെ വായിച്ചപ്പോഴാണ് ഞാൻ ഒരു സിനിമയെ കുറിച്ചോർത്തത്. ഹോളിവുഡിന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ് ഓഫീസ് സങ്കൽപ്പങ്ങളിൽ പരാജയപ്പെട്ടപ്പോഴും മികച്ച സിനിമയെന്ന് അറിയാവുന്നവർ അംഗീകരിച്ച 'ദ ഇൻസൈഡർ.'

Michael Mann-ന്റെ സംവിധാനം, ഇരുപതു വർഷങ്ങൾക്ക് മുമ്പ് 1999-ൽ. ഒരു യഥാർത്ഥ സംഭവത്തിന്റെ സിനിമാവിഷ്കാരമായിരുന്നു ചിത്രം. തീർച്ചയായും അതിനൊരു കഥ അഥവാ സ്ക്രിപ്റ്റ് ഉണ്ട്. പറയാൻ പോകുന്നത് ഞാൻ എങ്ങനെയാണ് ആ സിനിമ കണ്ടത് എന്നാണ്, അതായത് my version of the true story.

കേന്ദ്ര കഥാപാത്രം റസ്സൽ ക്രോ അഭിനയിച്ച ജെഫ്രി വിഗാൻഡ്. ബയോകെമിസ്ട്രിയിലെ ഡോക്ടറേറ്റിനും Pfizer, യൂണിയൻ കാർബൈഡ് പോലുള്ള കമ്പനികളിലെ ഉന്നത പദവികൾക്കും ശേഷം 1989-ൽ ജെഫ്രി, ബ്രൗൺ ആൻഡ് വില്യംസൺ (B&W) എന്ന കമ്പനിയിൽ ഹെഡ് ഓഫ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് തസ്തികയിൽ ജോയിൻ ചെയ്യുന്നു, തുടർന്ന് ഓണററി വൈസ് പ്രസിഡന്റാകുന്നു. ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ എന്ന ഭീമൻ കമ്പനിയുടെ സബ്സിഡിയറി ആയിരുന്നു B&W.

പുകയിലയിലെ നിക്കോട്ടിന്റെ വീര്യവും, അതിനോടുള്ള ആസക്തിയും കൂട്ടാനായി അമോണിയ പോലുള്ള പദാർത്ഥങ്ങൾ മാരകമായ അളവിൽ ചേർക്കുന്ന രാസലീലയെ എതിർക്കാൻ തുടങ്ങിയതോടെ ജെഫ്രി കമ്പനിക്ക് അനഭിമതനായി. 1993-ൽ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടത് വെറുമൊരു ജോലിയല്ല. വലിയ വാർഷികവരുമാനം, ഫാമിലിക്കുള്ള സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ്, വീട്, കാറ് അങ്ങനെ പലതും. കൂടെ പോന്നത്, വേറെ ഒരു സ്ഥലത്തും ജോലി കിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന അമേരിക്കൻ ടുബാക്കോ ഇൻഡസ്ട്രിയുടെ പ്രതികാരം, ഡെത്ത് ത്രെട്ട്സ്, സ്വഭാവഹത്യ, രോഗിയായ മൂത്ത മകളുടെ ഭാരിച്ച ചികിത്സാച്ചെലവ്, വരുമാനവും സമാധാനവും കുറഞ്ഞ ദാമ്പത്യത്തിൽ നിന്ന് ഭാര്യയുടെ ഗുഡ് ബൈ.

ഹോളിവുഡിന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ് ഓഫീസ് സങ്കൽപ്പങ്ങളിൽ പരാജയപ്പെട്ടപ്പോഴും മികച്ച സിനിമയെന്ന് അറിയാവുന്നവർ അംഗീകരിച്ച 'ദ ഇൻസൈഡർ.'
ഹോളിവുഡിന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ് ഓഫീസ് സങ്കൽപ്പങ്ങളിൽ പരാജയപ്പെട്ടപ്പോഴും മികച്ച സിനിമയെന്ന് അറിയാവുന്നവർ അംഗീകരിച്ച 'ദ ഇൻസൈഡർ.'

വൻകിട കമ്പനികൾ എക്സിക്യൂട്ടീവ് ലെവലിലുള്ള സ്റ്റാഫിന് ജോലിക്ക് ചേരുമ്പോൾ കൊടുക്കുന്ന ഒരു ബാദ്ധ്യതയുണ്ട്, 'A sophisticated and a well fabricated trap called confidentiality agreement'. കമ്പനി എന്ത് തോന്നിവാസം കാണിച്ചാലും പുറത്ത് പറയുന്നതിൽ നിന്നും കോടതിയിൽ തെളിവ് നൽകുന്നതിൽ നിന്ന് പോലും വിലക്കുന്ന അന്യായകരാർ. ജോലിയിൽ നിന്ന് പിരിഞ്ഞാലും കരാർ അനുസരിക്കാൻ ജോലിക്കാരൻ ബാദ്ധ്യസ്ഥനാണ്. ലംഘിച്ചാൽ ജയിലിൽ പോകുമെന്നുള്ളതുകൊണ്ട് കമ്പനിയുടെ എന്ത് ക്രിമിനൽ പ്രവർത്തിക്കും നേരെ നിശ്ശബ്ദമായിരിക്കാനേ ഒരു Ex-employee-ക്ക് കഴിയൂ.

നിശ്ശബ്ദനാക്കപ്പെട്ടു, ജീവിക്കാനുള്ള വഴികളോരോന്നായി കമ്പനി ഇല്ലാതാക്കി. കരിയറിന്റെ തുടക്കത്തിൽ നടത്തിയ സൈനികസേവനക്കാലത്ത് പഠിച്ച ജാപ്പനീസും സയൻസിലുള്ള അദ്ധ്യാപനപാടവവും തിരിച്ചറിഞ്ഞ ഒരു സ്ക്കൂൾ, കുറഞ്ഞ ശമ്പളത്തിൽ ടീച്ചറായി ജോലി കൊടുത്തു. ചിലവ് കഷ്ടി നടന്ന് പോകും എന്ന അടിസ്ഥാന നിലപാടിൽ നിന്ന് തുടങ്ങിയ ജെഫ്രി 1996-ൽ കെന്റക്കി സംസ്ഥാനത്തെ ടീച്ചർ ഓഫ് ദി ഇയർ ബഹുമതി കരസ്ഥമാക്കുമ്പോൾ അമേരിക്കൻ കോടതികളിൽ ലോകരാഷ്ട്രീയത്തെ വരിഞ്ഞുമുറുക്കിനിറുത്തിയിരുന്ന 'Big Tobacco' എന്ന അധമവ്യവസായ പ്രഭുക്കന്മാർക്കെതിരെ നിയമപോരാട്ടം കത്തിപ്പടരുകയായിരുന്നു.

ഞാൻ മനസ്സിൽ വീണ്ടും കണ്ട തിരക്കഥയിലെ ആദ്യസീനിൽ CBS ടെലിവിഷൻ ചാനലിലെ Lowell Bergman ഒരു റെസ്റ്റോറന്റിൽ ജെഫ്രിക്ക് അഭിമുഖമായി ഇരിക്കുന്നു. അപ്പുറത്തെ ടേബിളിലിൽ ജെഫ്രിയുടെ ബോഡി ഗാർഡും. അവിടെ നടന്ന സംഭാഷണങ്ങളിൽ ചിലത്,

LB: ഈ ബോഡി ഗാർഡ് പരിപാടി ഒരു ശല്യമല്ലേ?

JW: സ്ക്കൂളിൽ പഠിപ്പിക്കുമ്പോൾ പോലും പുറത്ത് കാവലുണ്ടാകും. ഞാനെപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം മിസ്റ്റർ.

LB: What's motivating you then?

JW: നിക്കോട്ടിൻ ഉണ്ടാക്കുന്ന ആസക്തി അതിഭീകരമാണ്. ഉപയോഗിച്ചവരിൽ 32 ശതമാനം ആളുകളും അഡിക്ടഡ് ആവും. മദ്യത്തിന്റെ കാര്യത്തിൽ ഇത് 15 ശതമാനമാണ്. കത്തുമ്പോഴുണ്ടാകുന്ന ടാറും ഹൈഡ്രോകാർബണും ആണ് ക്യാൻസർ ഉണ്ടാക്കുന്നത്. അതിന്റെ കൂടെ ammonia-യും coumarin-ഉം കൂടെ ചേർത്താലോ? അവർ ഇതൊക്കെ മറച്ചുവെക്കുകയാണ്. ലോകം ഇതറിയണം.

LB: CBS-ൽ ഒരു ഇന്റർവ്യൂന് അവസരം തന്നാൽ എല്ലാം പറയാമോ?

JW: Can you provide legal protection against confidentiality agreement?

Lowell Bergman ജെഫ്രിയെ നോക്കികൊണ്ടിരിക്കുമ്പോൾ സീൻ അവസാനിക്കുന്നു.

1995 നവംബറിൽ കമ്പനിക്കെതിരെ കോടതിയിലോ പുറത്തോ സംസാരിക്കുന്നതിൽ നിന്ന് കെന്റക്കി കോർട്ട് ജെഫ്രിയെ വിലക്കി ഓർഡറിട്ടു. ഈ സമയത്താണ് മിസിസിപ്പി കോടതിയിൽ പുകവലി കൊണ്ട് ക്യാൻസർ ബാധിച്ച ഒരാൾ സിഗരറ്റ് കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് വേണ്ടി സമർപ്പിച്ച കേസ് വരുന്നത്.

കെന്റക്കി കോടതിയുടെ ഓർഡർ മറികടന്ന് മിസിസിപ്പി ജഡ്ജ് ജെഫ്രിയെ Expert Witness ആയി വിളിക്കുന്നു. ജെഫ്രി തെളിവ് കൊടുക്കുന്നു. മിസിസിപ്പിയിൽ വച്ച് Bergman ജെഫ്രിയെ ഇന്റർവ്യൂ ചെയ്തു. പക്ഷേ പരിപാടി ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ CBS സിഗരറ്റ് കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി ജെഫ്രി പറഞ്ഞ പ്രധാന ഭാഗങ്ങൾ എഡിറ്റ് ചെയ്തു നീക്കി.

മിസിസിപ്പിയിലെ ഒരു ബാർ ആണ് സീനിൽ. ആ സീനിന്റെ അവസാനഭാഗത്തെ സംഭാഷണങ്ങൾ,

LB: നിങ്ങളിപ്പോഴും എന്നോട് ദേഷ്യത്തിലാണോ?

JW: ഞാൻ പറഞ്ഞതെല്ലാം നീക്കം ചെയ്ത ആ പ്രോഗ്രാം കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. നിങ്ങൾ എന്നെ ഉപയോഗിക്കുകയാണെന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

LB: അത് പോകട്ടെ, കുറച്ച് ദിവസങ്ങൾ ആയിട്ട് ഫോളോ അപ്പ് ചെയാറില്ല. കോടതി നാടകം എങ്ങനെ പോകുന്നു?

JW: ക്ലൈമാക്സ് എത്താറായി. B&W ലീഗൽ ടീം അവർക്ക് പറ്റാവുന്ന പണികളെല്ലാം നോക്കി. ഞാൻ പ്രൈമറി ക്ളാസ്സിലായിരിക്കുമ്പോൾ ഉണ്ടായ ഒരു സംഭവം കൊണ്ടുവന്ന് എന്നെ നുണയനാക്കാൻ നോക്കി. കുറച്ചു വർഷം മുമ്പ് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം എടുത്ത് പൈസ കൊടുക്കാൻ മറന്ന് പുറത്ത് വന്നതിന്റെ CCTV ദൃശ്യം കൊണ്ടുവന്ന് ഷോപ്പ് ലിഫ്റ്റർ ആണെന്ന് വാദിച്ചു. എന്തിന് ഞാൻ ജനിച്ച അന്ന് മുതൽ ദാ ഇന്ന് വരെയുള്ള സകലമാനകാര്യങ്ങളും അവരുടെ കൈയിലുണ്ട്. ദെ ഡിഗ്ഗ്ഡ് എവെരിതിങ് റ്റു ഡിസ്ക്രെഡിറ്റ് മി.

LB: ഞാൻ കേട്ടത് അവർ 500 പേജ് ഉള്ള ഒരു ഡോസിയർ തന്നെ നിങ്ങളെ കുറിച്ച് ഉണ്ടാക്കിയെന്നാണ്.

JW: എനിക്ക് ഇനി നഷ്ടപ്പെടാനൊന്നുമില്ല Bergman. പക്ഷെ അവർക്കങ്ങനെയല്ല ഒരു സാമ്രാജ്യം തന്നെയുണ്ട്. എനി വേ ഹൗ ആർ യു?

LB: ഞാൻ CBS വിട്ടു.

JW: എന്നിട്ട്?

LB: തല്ക്കാലം തൊഴിൽരഹിതൻ.

വികാരഭരിതനായി ജെഫ്രി ബെർഗ്മാനെ നോക്കികൊണ്ട് നിൽക്കുമ്പോൾ പതിയെ ക്യാമറ പുറത്ത് ഇതൊന്നുമറിയാതെ നടന്നകലുന്ന ആളുകളുടെ അരികിലേക്ക് ലോങ്ഷോട്ടിൽ എത്തുന്നു.

എഡിറ്റിങ്ങിൽ, സ്ഥാനം എവിടെയായിരിക്കണമെന്ന് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത മറ്റൊരു സീൻ. അതിൽ നരച്ച താടിയും തടവി ജെഫ്രി കാനഡയിലെ ഒരു കാമ്പസിൽ വിദ്യാർത്ഥികളോട് സംസാരിക്കുന്നു, "കമ്പനിക്കകത്തെ ഒരുപാട് ഡോക്യൂമെന്റ്സിൽ ഉണ്ടായിരുന്നു. ഇൻഡസ്ട്രിയിലെ എക്സിക്യൂട്ടീവ്സിന് മുഴുവൻ അറിയാമായിരുന്നു. പുറത്തുവിടുന്ന സിഗരറ്റ് പുക അകത്തേക്ക് എടുക്കുന്നതിനൊപ്പമോ, അതിനേക്കാൾ കൂടുതലോ അപകടകരമാണെന്ന്. അതെല്ലാം അവർ പൂഴ്ത്തിവച്ചു," ഇവിടെ തിരക്കഥ സിനിമയിൽ നിന്നും വികസിച്ച് ചരിത്രമാകുന്നു.

1998ൽ BW -ഉം Philip Morris-ഉം അടക്കമുള്ള നാല് വൻകിട സിഗററ്റ് കമ്പനികൾ നാൽപ്പത്തിയാറ് അമേരിക്കൻ സംസ്ഥാനങ്ങൾക്ക് സിഗരറ്റ് മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ചിലവിലേക്കായി 246 ബില്യൺ ഡോളർ ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് കൊടുക്കാൻ സമ്മതിച്ചുകൊണ്ടുള്ള കരാർ ഒപ്പ് വെച്ചു. നിക്കോട്ടിന്റെ ഉല്പാദനവും പരസ്യപ്പെടുത്തലും ഗവൺമെന്റിന് നിയന്ത്രിക്കാമെന്ന് വന്നതോടെ കേസും തുടർന്ന് കോടതികൾ നടപ്പാക്കാൻ ആവശ്യപ്പെട്ട നടപടികളും എല്ലാം കൂടി ഏകദേശം 500 ബില്യൺ ഡോളറായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ 'Big tobacco' ക്കുള്ള അധിക ചിലവ്.

ജെഫ്രി വിഗാൻഡ് ആന്റി-ടുബാക്കോ ക്യാമ്പയിനുമായി പ്രവർത്തനനിരതനാകുന്നു. സ്മോക്ക് ഫ്രീ കിഡ്സ് എന്ന നോൺ പ്രൊഫിറ്റ് ഫൗണ്ടേഷൻ നടത്തുന്നു. http://www.jeffreywigand.com

ക്യാമറ ഇപ്പോൾ തിരയുന്നത് ചിത്രീകരിക്കാനാവാതെ പോയ സീനുകളെയാണ്. Clarence Cook Little എന്ന ഒരു വില്ലൻ ലുക്കുള്ള അമേരിക്കക്കാരനെ കാണാം. സയന്റിസ്റ്റ് ആണെന്നാണ് വെപ്പ്. അയാൾ വല്ലാതെ ബഹളം വെക്കുന്നുണ്ട്, "ക്യാൻസർ പൂർണ്ണമായും ജെനറ്റിക്ക് രോഗമാണ്, പുകവലി ഒരു കാരണമേയല്ല" അയാളത് പറഞ്ഞില്ലെങ്കിൽ മാത്രമാണ് അത്ഭുതം. കാരണം ടുബാക്കോ ഇൻഡസ്ട്രി ഉണ്ടാക്കിയ റിസർച്ച് കമ്മിറ്റിയുടെ ഡയറക്ടറാണ്. 1960-കളിൽ അവരുടെ റിസർച്ച് ബജറ്റ് 1 മില്യൺ ഡോളർ ആയിരുന്നു.

1950-ന്റെ തുടക്കത്തിലാണ് പുകവലി ക്യാൻസറിന് കാരണമാകുന്നുവെന്ന് കാണിക്കുന്ന ആധികാരികമായ തെളിവുകൾ വിവിധ മെഡിക്കൽ കോൺഫറൻസുകളിൽ അവതരിപ്പിക്കപ്പെടുന്നത്. സിഗരറ്റിന്റെ പ്രോഫിറ്റ് ജെനറേറ്റിംഗ് കപ്പാസിറ്റി അതിഭീമമാണ്. അതുകൊണ്ട് ആദ്യം ടുബാക്കോ ഇൻഡസ്ട്രി ഇത്തരം വാർത്തകൾ പുറത്തുവരാതെ തടഞ്ഞു. അത് അധികകാലം സാധിക്കില്ലെന്ന് മനസ്സിലായപ്പോൾ രണ്ട് മാർഗ്ഗങ്ങളാണ് അവർ അവലംബിച്ചത്. വിദഗ്ദരായ പബ്ലിക്ക് റിലേഷൻസ് ഏജൻസികൾ വഴി സർക്കാരുകളെ സ്വാധീനിച്ചു, സർവ്വരാജ്യങ്ങളിലുമുള്ള രാഷ്ട്രീയപാർട്ടികൾക്ക് നിർലോഭമായ സംഭാവനകൾ നൽകി, അങ്ങനെ പുകവലി നിയന്ത്രണനിയമങ്ങൾ വരാതിരിക്കാനുള്ള തന്ത്രങ്ങൾ വളരെക്കാലം വിജയകരമായിത്തന്നെ നടപ്പിലാക്കി.

കനത്ത പ്രതിഫലം നൽകി ഒരു കൂട്ടം ശാസ്തജ്ഞരെയും ഡോക്ടർമാരെയും കൊണ്ട് അവരുടെ വാണിജ്യതാല്പര്യങ്ങൾക്കനുസരിച്ചുള്ള പഠനങ്ങൾ സംഘടിപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിപ്പിച്ചു. പുകവലി നിരുപദ്രവകരമായ ഒരു ശീലം മാത്രമാണെന്ന് പ്രചരിപ്പിച്ചു. പുകയുടെ സ്വാദ് വർദ്ധിപ്പിച്ച് കുട്ടികളെയും കൂടെ പുകവലിയിലോട്ട് ആകർഷിക്കാനുള്ള ഗവേഷണങ്ങൾ നടത്തി. 2000-ത്തിനു ശേഷമാണ് പുകവലി നിയന്ത്രിക്കുന്നതിൽ കാര്യമായിട്ടെന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുള്ളത്. WHO ഭാഷയിൽ പറഞ്ഞാൽ ‘A 30% relative reduction in the prevalence of smoking.'

1998ൽ BW -ഉം Philip Morris-ഉം അടക്കമുള്ള നാല് വൻകിട സിഗററ്റ് കമ്പനികൾ നാൽപ്പത്തിയാറ് അമേരിക്കൻ സംസ്ഥാനങ്ങൾക്ക് സിഗരറ്റ് മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ചിലവിലേക്കായി 246 ബില്യൺ ഡോളർ ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് കൊടുക്കാൻ സമ്മതിച്ചുകൊണ്ടുള്ള കരാർ ഒപ്പ് വെച്ചു.
1998ൽ BW -ഉം Philip Morris-ഉം അടക്കമുള്ള നാല് വൻകിട സിഗററ്റ് കമ്പനികൾ നാൽപ്പത്തിയാറ് അമേരിക്കൻ സംസ്ഥാനങ്ങൾക്ക് സിഗരറ്റ് മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ചിലവിലേക്കായി 246 ബില്യൺ ഡോളർ ഇരുപത്തിയഞ്ച് കൊല്ലം കൊണ്ട് കൊടുക്കാൻ സമ്മതിച്ചുകൊണ്ടുള്ള കരാർ ഒപ്പ് വെച്ചു.

എന്നിട്ടും,

ലോകത്തെ ടുബാക്കോ കമ്പനികളുടെ കഴിഞ്ഞ വർഷത്തെ വരുമാനം ഒരു ട്രില്യൺ ഡോളർ ആണ്. മൂന്ന് മുൻനിര ടുബാക്കോ കമ്പനികൾ ഉണ്ടാക്കിയ വാർഷികലാഭം 30 ബില്യൺ ഡോളർ ആണ്. 1998 ൽ ഏതാണ്ട് ഒരു ലക്ഷം പേർ കാനഡയിൽ സിഗരറ്റ് കമ്പനികൾക്കെതിരെ കേസ് കൊടുത്തു (class-action lawsuits). കഴിഞ്ഞ അമ്പത് കൊല്ലമായി സിഗരറ്റ് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ടുബാക്കോ കമ്പനികൾ മനഃപൂർവ്വം മറച്ചുവെക്കുകയായിരുന്നു എന്നതായിരുന്നു കേസിന്റെ അടിസ്ഥാനം. 2024-ൽ ഫിലിപ്പ് മോറിസ് അടക്കമുള്ള നാല് കമ്പനികൾ 24 ബില്യൺ ഡോളർ നഷ്ടപരിഹാരം കൊടുത്ത് ആ കേസ് സെറ്റിൽ ചെയ്തു. അതുകൊണ്ടാണ് ലാഭം കുറഞ്ഞുപോയത്.

ടുബാക്കോ വ്യവസായത്തിലെ സർവ്വാധിപതികളായി തുടരുന്ന ഫിലിപ്പ് മോറിസൺ കമ്പനി 2021-ൽ ബ്രിട്ടീഷ് മരുന്നുനിർമ്മാണകമ്പനിയായ Vectura Group സ്വന്തമാക്കി. Vectura Group ആണ് ആസ്തമ പോലുള്ള ശ്വാസതടസ്സ രോഗങ്ങൾക്കുള്ള ഇൻഹലേഴ്‌സ് നിർമ്മിച്ചിരുന്നത്. ഫിലിപ്പ് മോറിസൺ Vectura മേടിച്ചതിന് രണ്ട് ഉദ്ദേശങ്ങളായിരുന്നു. ഒന്ന്, തങ്ങളുടെ സിഗരറ്റ് വലിച്ചുണ്ടാകുന്ന രോഗങ്ങളെ ചികിൽസിക്കുന്നതിനുള്ള ടെക്നോളജി വിറ്റ് മൊത്തം ലാഭം വർദ്ധിപ്പിക്കുക. രണ്ട് നിക്കോട്ടിൻ ഡയറക്ട് ആയി ശ്വാസകോശത്തിലെത്തിക്കുന്ന വിദ്യ വികസിപ്പിച്ചെടുക്കുക. പക്ഷെ നടന്നില്ല. സയന്റിഫിക് കമ്മ്യൂണിറ്റി നടത്തിയ പോരാട്ടത്തിനൊടുവിൽ 2025 ജനുവരിയിൽ ഫിലിപ്പ് മോറിസൺ ആ മോഹം ഉപേക്ഷിച്ചു. അവർ Vectura മറിച്ച് വിറ്റു. എല്ലാം സുഖപ്പെടുത്തുമെന്ന പ്രചരണവുമായി വരുന്ന വെൽനസ്സ് ഉൽപനങ്ങൾ തങ്ങളുടെ അനുബന്ധ വ്യവസായമാക്കാനുള്ള പരിശ്രമവും സിഗററ്റ് കമ്പനികൾ തുടങ്ങിയിട്ടുണ്ട്.

ക്യാമറയുടെ ഷട്ടർ മെല്ലെ അടയുമ്പോൾ, പൊളിറ്റിക്സ് എന്നെഴുതി വരുന്ന സീനിൽ പെട്ടെന്ന് വെളിച്ചം മങ്ങുന്നു, 'Tobacco Politics' ഒരു ശാഖ പോലെ അതിലേക്ക് നീണ്ട് വരുന്നു. ഗവണ്മെന്റുകളേയും പോളിസി മേക്കേഴ്സിനെയും പണം കൊണ്ടും മാർക്കറ്റ് പവർ കൊണ്ടും സ്വാധീനിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ആ പൊളിറ്റിക്സ്.

വീണ്ടും കാണാനായി ഞാൻ ‘ദി ഇൻസൈഡർ’-ന്റെ ഡിവിഡി എടുക്കുന്നതിന് തൊട്ടു മുമ്പ് ടി.വിയിൽ രണ്ട് രംഗങ്ങൾ എനിക്ക് മുന്നിലൂടെ കടന്നു പോയിരുന്നു. ആദ്യത്തേത് യൂറോപ്പിൽ നിന്നായിരുന്നു. അവിടെ ഇതുവരെയില്ലാത്ത വിധം താപനില ഉയരുന്നു. പോർച്ചുഗലിലും സ്പെയിനിലും ചൂട് 46 ഡിഗ്രി സെന്റിഗ്രേഡ്. പിന്നത്തെ ചാനലിൽ മിന്നിമറഞ്ഞത്, The emperor of lies - ഡൊണാൾഡ് ട്രംപിന്റെ ഒരു പഴയ ട്വിറ്റർ, "The concept of global warming was created by and for the Chinese in order to make U.S. manufacturing non-competitive"

'തെറ്റിദ്ധരിപ്പിക്കലിന്റെ മറ്റൊരു അങ്കമാണ് കുറിക്കപ്പെടുന്നത്, ജാഗ്രതൈ'

പെട്ടെന്നീ ശബ്ദം എവിടുന്ന് വന്നു? ഡിവിഡിയിൽ നിന്നല്ല, ടിവിയിൽ നിന്നുമല്ല. എങ്കിൽ എന്നിൽ നിന്നാകാനേ തരമുള്ളൂ!

Cheers!!


Summary: How tobacco companies tried to hide nicotine addiction, also discussing about the movie 'The Insider', Dr Prasannan PA writes in Good Evening Friday column.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments