പ്രണയത്തിന്റെ അഞ്ചു ഭാഷകള്‍ എന്ന ഗാരി ചാപ്മാന്റെ പുസ്തകം വളരെ പ്രശസ്തമാണല്ലോ. ദീര്‍ഘകാലമായി ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള പ്രണയം ആരംഭത്തിലെ അതെ പുതുമയോടെയും പ്രണയത്തോടെയും കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പുസ്തകമാണിത്. എല്ലാവരും പങ്കാളിയുടെ അടുത്തുനിന്ന് പ്രണയം സ്വീകരിക്കുന്നത് ഒരേപോലെയാണ് എന്നതാണ് ഈ പുസ്തകത്തി്‌ന്റെകാതല്‍. പ്രണയം പ്രകടിപ്പിക്കുന്ന അഞ്ച് രീതികളെ ഈ പുസ്തകത്തില്‍ പരിചയപെടുത്തുന്നുണ്ട്. അവ താഴെ പറയുന്നവയാണ്.
എ) Words of affirmation : പങ്കാളിയെ, അവരുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന തരത്തില്‍, അവരുടെ കഴിവുകളെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുക. ഉദാഹരണത്തിന് ഭര്‍ത്താവ് ടാക്‌സ് ഫയല്‍ ചെയ്യുമ്പോഴോ, ഭാര്യ ഡ്രൈവ് ചെയ്യുമ്പോഴോ ഒക്കെ അതിനെക്കുറിച്ച് നല്ല വാക്ക് പറയുക. ഞങ്ങളുടെ കാര്യത്തില്‍ എന്റെ പങ്കാളി, നാല്പത് വയസുകഴിഞ്ഞ് മാത്രം നൃത്തം പഠിച്ച്, അത് സ്റ്റേജില്‍ അവതരിപ്പിച്ചു കാണുമ്പോള്‍, അതിനെ കുറിച്ച്, അവളെക്കുറിച്ച് എനിക്ക് തോന്നുന്ന അഭിമാനം ഞാന്‍ അവളോട് തുറന്നു പറയാറുണ്ട്.
ബി) Quality time : പങ്കാളിക്കു മാത്രം ആയി സെല്‍ ഫോണ്‍ എല്ലാം താഴെ വച്ച് സമയം ചിലവഴിക്കുക. പലപ്പോഴും നമ്മള്‍ ഒരുമിച്ച് ദീര്‍ഘകാലം കഴിയുന്നവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് വേറെ ആളുകളോട് സംസാരിക്കുമ്പോഴാണ്.
സി) Acts of service : ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പങ്കാളിയെ സഹായിക്കല്‍ പോലെ.
ഡി) Gift giving : സമ്മാനം കൊടുക്കല്‍, നേരത്ത പറഞ്ഞ പോലെ ഒരു പൂവോ, പുസ്തകമോ പോലെ ഒരു ചെറിയ ഗിഫ്‌റ്, ഓര്‍ക്കാപുറത്തു കൊടുക്കുന്നത്.
ഇ) Physical touch : കൈകള്‍ കോര്‍ത്ത് പിടിക്കുന്നത് വിവാഹ ശേഷം നിര്‍ത്തുന്നവരാണ് പലരും. ചുംബനം കിടക്കറയില്‍ മാത്രം ഒതുക്കേണ്ട.
പങ്കാളികളുടെ ഇടയിലുള്ള പ്രധാന പ്രശ്‌നം നമുക്ക് നമ്മുടെ പങ്കാളിയുടെ പ്രണയ ഭാഷ മിക്കപ്പോഴും അറിയില്ല എന്നുള്ളതാണ്. വര്‍ഷങ്ങളോളം ഞാന്‍ പ്രണയം പ്രകടിപ്പിച്ചത് അടുക്കളയില്‍ പാത്രം കഴുകിയാണ്. പക്ഷെ ഈ പുസ്തകത്തെ കുറിച്ച് ചര്‍ച്ച ചെയ്ത സമയത്ത്, എന്നോട് physical touch ആണ് തന്റെ പ്രണയ ഭാഷ എന്ന് ഭാര്യ പറഞ്ഞപ്പോളാണ് അത് വരെ കഴുകിയ പാത്രമെല്ലാം വെറുതെയായി പോയല്ലോ ദൈവമേ എന്ന് തോന്നിയത്. ഈ ചോദ്യം എന്റെ സുഹൃത്തുക്കള്‍ ആയ പല ദമ്പതികളോടും ചോദിച്ച് ഒരു ചെറിയ സാമ്പിള്‍ സൈസ് സര്‍വ്വേ നടത്തിയതില്‍ നിന്ന് എനിക്ക് മനസിലായത് പല സ്ത്രീകള്‍ക്കും physical touch ആണ് പ്രണയ ഭാഷ എന്നാണ്, അതെനിക്കൊരു പുതിയ അറിവായിരുന്നു. ഇതിന്റെ കൂടെ ഞാന്‍ എന്റെ അനുഭത്തില്‍ നിന്ന് മനസിലാക്കിയ ആറാമത്തെ ഒരു പ്രണയ ഭാഷ പങ്കാളികളുടെ ഇടയില്‍ ഉണ്ടാകേണ്ട സ്‌പേസിനെ കുറിച്ചാണ്.
ഒരുമിച്ച് താമസിക്കുന്ന, രണ്ടുപേര്‍ക്ക് പങ്കാളികളായിരിക്കുമ്പോള്‍ തന്നെ അവരവരുടേതായ സ്വകാര്യ ഇടത്തിന് അവകാശമുണ്ട് എന്നത് പലപ്പോഴും നമ്മള്‍ മറന്നുപോകുന്ന കാര്യമാണ്. പങ്കാളികള്‍ക്ക് വ്യത്യസ്ത ഹോബികള്‍ ഉണ്ടാകാം, വ്യത്യസ്ത കൂട്ടുകാര്‍ ഉണ്ടാകാം, ചിലപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം. അതിനുള്ള അവസരം പങ്കാളികള്‍ പരസ്പരം അനുവദിച്ചുകൊടുക്കേണ്ടതാണ്. 'നിങ്ങള്‍ ഒരുമിച്ച് നില്‍ക്കുക, എന്നാല്‍ ഇടയില്‍ കുറച്ച് ദൂരം വിട്ടുനില്‍കുക, ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂര താങ്ങുന്ന തൂണുകള്‍ പോലെ' എന്ന് ദമ്പതിമാരെ കുറിച്ച് ഖലീല്‍ ജിബ്രാന്‍ പറഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ചാണ്.
ജീവശാസ്ത്രപരമായും, നരവംശശാസ്ത്രപരമായുമുള്ള കാരണങ്ങള്‍ കൊണ്ട് രണ്ടു മനുഷ്യര്‍ ദീര്‍ഘകാലം പങ്കാളികളായി സന്തോഷത്തോടെയും പ്രണയത്തോടെയും ജീവിക്കുക എന്നത് അസാധാരണമായ ഒരു കാര്യമാണ്, അത് നമ്മള്‍ പലപ്പോഴും തിരിച്ചറിയുന്നില്ല എന്ന് മാത്രം. പണ്ട് കാണുമ്പോള്‍ പ്രണയത്തെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരുന്ന കാമുകീ കാമുകന്‍മാരില്‍ നിന്നും ഭാര്യയും ഭര്‍ത്താവും ആയി മാറുമ്പോള്‍, അവര്‍ കുട്ടികളുടെ സ്‌കൂള്‍ കാര്യങ്ങള്‍ മുതല്‍ കറന്റ് ബില്‍ അടക്കേണ്ട കാര്യങ്ങള്‍ സംസാരിക്കുന്ന രണ്ടു പേരായി മാറും. വിവാഹ ശേഷം കുറെ പേരുടെ പ്രേമം കരിഞ്ഞു പോകുന്നതിവിടെയാണ്.
വിവാഹം ഒരു പുതിയ കാര്‍ വാങ്ങിക്കുന്ന പോലെയാണ് എന്നെനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്, ആദ്യത്തെ അയ്യായിരം കിലോമീറ്റര്‍ ഒരു പക്ഷെ ഒരു കുഴപ്പം ഇല്ലാതെ പോയേക്കാം, പക്ഷെ അത് കഴിഞ്ഞു ഓയില്‍ മാറ്റുകയോ പുതിയ പെയിന്റ് അടിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ കാര്‍ അധികം താമസിയാതെ നിന്ന് പോകും. നമ്മുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രണയം അധിക നാള്‍ നിലനില്‍ക്കില്ല. ഒരു പൂവ്, ഒരു ഉമ്മ, ഒരു കെട്ടി പിടുത്തം.. പ്രണയം ഒട്ടും വിലപിടിപ്പുള്ളതല്ല. പക്ഷെ പലരും മറന്നു പോകുന്ന കാര്യങ്ങള്‍ ആണിത്.
ഈ പ്രണയ വരള്‍ച്ചയുടെ ജീവശാസ്ത്രം തിരഞ്ഞുപോയാല്‍ രസകരമായ കുറെ കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന് ആദ്യമായി നിങ്ങള്‍ നിങ്ങളുടെ കാമുകനെ അല്ലെങ്കില്‍ കാമുകിയെ കണ്ട സന്ദര്‍ഭം ഒന്നോര്‍ത്തുനോക്കൂ.
അവനെ അല്ലെങ്കില്‍ അവളെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അവരോട് പറയാന്‍ വാക്കുകള്‍ കിട്ടാതെയാകും, പ്രണയം ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകള്‍ വരെ വിയര്‍ക്കും.
പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഹൃദയത്തിനു വലിയ പങ്കൊന്നുമില്ല, മറിച്ച് നിങ്ങളുടെ തലച്ചോര്‍ മൂന്നു ഘട്ടങ്ങളിലായി ചില ഹോര്‍മോണുകളുടെ സഹായത്തോടെ നടത്തുന്ന ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് നിങ്ങള്‍ അനുഭവിക്കുന്ന സ്വാഭാവിക പ്രണയം. ഇതിലെ ആദ്യഘട്ടം ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നീ ലൈംഗിക ഹോര്‍മോണുകളുടെ സഹായത്തോടെ, നിങ്ങള്‍ക്ക് ലൈംഗികമായി ഒരു ചോദന ഉണ്ടാവുന്ന ഘട്ടമാണ്. വേറെ ഏതൊരു ജീവിയെയും പോലെ മനുഷ്യശരീരവും തന്റെ ഡിഎന്‍എ അടുത്ത തലമുറയിലേക്ക് കൈമാറാന്‍ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ്.
അടുത്ത ആരോഗ്യമുളള തലമുറ ഉല്പാദിപ്പിക്കാന്‍ പറ്റിയ ഒരു പങ്കാളിയോട് ലൈംഗികമായി തോന്നുന്ന മോഹമാണ് (Lust) നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രണയത്തിന്റെ ആദ്യ പടി. മനുഷ്യന്റെ മാത്രം കഴിവായ പ്രായോഗികമായി കാര്യങ്ങള്‍ വിശകലനം ചെയ്ത് ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന തലച്ചോറിലെ ഫ്രോണ്ടല്‍ കോര്‍ടെക്‌സ് ഒക്കെ പിന്നീടാണ് പ്രവര്‍ത്തനം തുടങുന്നത്. അതുകൊണ്ടാണ് കണ്ട് ഇഷ്ടം തോന്നുന്ന എല്ലാവരെയും നമ്മള്‍ പ്രണയിക്കാത്തതും സെക്‌സിന് സമ്മതം ആണോ എന്ന് ചോദിക്കാത്തതും.
അബോധപൂര്‍വ്വമായി നടക്കുന്ന ഈ ആദ്യത്തെ പടിക്കു ശേഷം പരസ്പര ആകര്‍ഷണം എന്ന അടുത്ത പടി തുടങ്ങുന്നു. തനിക്ക് ഇഷ്ടപെട്ടവന്റെ അല്ലെങ്കില്‍ ഇഷ്ടപെട്ടവളുടെ, കണ്ണും മൂക്കും മുടിയും സംസാരവുമെല്ലാം നമുക്ക് വളരെ ആകര്‍ഷകമായി തോന്നിക്കുന്ന ഘട്ടമാണിത്, ഇത് നമുക്ക് വളരെ അനുഭവവേദ്യമായ ഒരു ഘട്ടമാണ്. മൂന്നു ഹോര്‍മോണുകളാണ് ഈ സന്ദര്‍ഭത്തില്‍ പ്രവര്‍ത്തിക്കുന്നത്, നമുക്ക് സന്തോഷം തരുന്ന ഡോപോമൈന്‍ ആണ് ഇതില്‍ ആദ്യത്തേത്. പ്രണയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സിഗരറ്റ് വലിക്കുന്നത് പോലുള്ള സന്തോഷം തരുന്ന, ചിലപ്പോള്‍ ദുശീലങ്ങള്‍ ആകുന്ന, ഏതാണ്ട് എല്ലാ പ്രവര്‍ത്തികളും ഡോപോമൈനും ആയി ബന്ധപ്പെട്ടതാണ്. നമ്മള്‍ പ്രേമിക്കുന്നവരെ കാണുമ്പോള്‍ അറിയാതെ ഉള്ളിലുണ്ടാകുന്ന സന്തോഷം ഈ ഹോര്‍മോണിന്റെ കളിയാണ്.
അടുത്തതായി പങ്കാളിയുടെ സാനിധ്യത്തില്‍ നമ്മളെ വളരെ ഊര്‍ജസ്വലരാക്കുന്ന നോര്‍എപിനെഫ്രിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ യാഥാര്‍ത്ഥത്തില്‍ ഒരു അപകടം ഉണ്ടാകുമ്പോള്‍ ഓടി രക്ഷപെടണോ, അതോ അതിക്രമിയെ നേരിടാനോ എന്നുള്ള തീരുമാണ് സമയത്ത് ശരീരം ഉല്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ്. ഉദാഹരണത്തിന് നമ്മളെ കടിക്കാനായി ഒരു പട്ടി കുരച്ച് കൊണ്ട് ഓടി വരുമ്പോള്‍, നമ്മുടെ ഹൃദയമിടിപ്പ് കൂടും, വിയര്‍ക്കും, വിശപ്പ് ഉറക്കം എന്നിവയൊക്കെ നമ്മള്‍ മറന്നു പോകും. നമ്മള്‍ പ്രേമിക്കുന്നവരുടെ സാന്നിധ്യത്തില്‍ നമ്മള്‍ ഈ പറഞ്ഞ എല്ലാം അനുഭവിക്കാനുള്ള കാരണം ഈ ഹോര്‍മോണിന്റെ ഉത്പാദനമാണ്. മറ്റൊന്ന് ഈ ഘട്ടത്തില്‍ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തില്‍ ഉണ്ടാകുന്ന മാറ്റമാണ്. പ്രണയിക്കുന്നവരുടെ മൂഡ് സ്വിങ്, പങ്കാളി തന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കണം, വേറെ ആളുകളെ നോക്കരുത് തുടങ്ങിയ ചില സ്വഭാവങ്ങള്‍ ഈ ഹോര്‍മോണിന്റെ മാറ്റം കൊണ്ടാണ് ഉണ്ടാകുന്നത്.
നമ്മുടെ ശരീരം നമ്മുടെ ഡിഎന്‍എ, അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള ഒരു ഉപകരണം മാത്രമാണ് എന്ന് മുന്‍പ് പറഞ്ഞതിനോട് ഇതുവരെയുള്ള കാര്യങ്ങള്‍ യോജിക്കുന്നുണ്ട്. പക്ഷെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു ഒരു കുട്ടി ജനിച്ചു കഴിഞ്ഞ് അടുത്ത പങ്കാളിയെ നോക്കി പോകുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായാല്‍ ആദ്യത്തെ അഞ്ചാറ് വര്‍ഷത്തേക്ക് മാതാപിതാക്കളുടെ സംരക്ഷണം വേണ്ട മനുഷ്യ കുട്ടികള്‍ അത് സര്‍വൈവ് ചെയ്യില്ല എന്നതുകൊണ്ടാണ്, മൂന്നാമത്തെ ഘട്ടത്തിലെ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ അമ്മയെയും അച്ഛനെയും ഒരുമിച്ച് നിര്‍ത്തുന്നത്തിനു വേണ്ടി ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ഓക്‌സിടോസിനും, വാസോപ്രെസ്സിനും. ഓക്‌സിറ്റോസിന്‍ രണ്ടുപേരെ മാനസികമായി ഒരുമിച്ച് നിര്‍ത്തുന്ന ഹോര്‍മോണ്‍ ആണ്, ഇതിന്റെ ഇരട്ടപ്പേര് തന്നെ cuddle hormone എന്നാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, മുലയൂട്ടുമ്പോള്‍, പ്രസവിക്കുമ്പോള്‍ ഒക്കെ ഈ ഹോര്‍മോണ്‍ വലിയ തോതില്‍ ഉല്പാദിപ്പിക്കപ്പെടുന്നത് ജനിക്കുന്ന കുഞ്ഞിനെ അച്ഛനും അമ്മയും ഇട്ടിട്ടു പോകരുത് എന്നത് കൊണ്ടാണ്. മേല്പറഞ്ഞ രണ്ട പ്രവര്‍ത്തികളും അമ്മമാരുയി ബന്ധപ്പെട്ടത് കൊണ്ട് അമ്മമാര്‍ക്ക് കുട്ടികളുമായുള്ള ജീവശാസ്ത്രപരമായ ബന്ധം കൂടുതലായിരിക്കുകയും ചെയ്യും. മാതാപിതാക്കളും കുട്ടികളുമായി മാത്രമല്ല നമ്മുടെ കൂട്ടുകാരോടും മറ്റും നമുക്ക് ഒരു പ്രത്യേക മമത ഉണ്ടാക്കുന്നതും ഇതേ ഹോര്‍മോണ്‍ തന്നെയാണ്.
ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കുട്ടികള്‍ക്ക് നാലോ അഞ്ചോ വയസാകുന്നത് വരെ പ്രണയിക്കുന്നവരെ ഒരുമിച്ച് നിര്‍ത്താനുള്ള വെടിമരുന്ന് നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷെ ആധുനിക സമൂഹത്തില്‍ വിവാഹങ്ങള്‍ മേല്പറഞ്ഞ ഡിഎന്‍എ കൈമാറ്റം, കുട്ടികളെ ഉല്പാദിപ്പിക്കല്‍ എന്നതിന് മാത്രമുള്ളതല്ല, മറിച്ച് ആധുനിക വിവാഹങ്ങള്‍, ലൈംഗികത, കുടുംബം, സ്‌നേഹം , പ്രണയം തുടങ്ങി രണ്ടു വ്യക്തികള്‍ക്ക് പുറമെ, രണ്ടു കുടുംബങ്ങളെയും ചിലപ്പോള്‍ രണ്ടു സമൂഹങ്ങളെ വരെയും ഒന്നിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്. നമ്മുടെ നാട്ടില്‍ പങ്കാളികള്‍ തമ്മിലുള്ള പ്രണയം പലപ്പോഴും ഇത്തരം വിവാഹങ്ങളില്‍ ഒന്നാം കക്ഷി പോലുമല്ല. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ആയ കുടുംബം തുടങ്ങാന്‍ രണ്ടു പേര്‍ക്ക് ലൈഗിംക ബന്ധത്തിന് വേണ്ടി നമ്മുടെ സമൂഹം കൊടുക്കുന്ന ഒരു ലൈസന്‍സാണ് പലപ്പോഴും നമ്മുടെ വിവാഹങ്ങള്‍. കുട്ടികളെ ഉല്പാദിപ്പിക്കുന്നത്, സമൂഹത്തിന്റെ നിലനില്പിന്ന് അത്യന്താപേക്ഷിതമായതു കൊണ്ടാണ് കേരളത്തിലെ രണ്ടു പേര്‍ വ്യവസ്ഥാപിത രീതിയില്‍കല്യാണം കഴിച്ചാല്‍ കാണുന്നവരൊക്ക വിശേഷം ഒന്നുമയില്ലേ എന്ന ചോദ്യം ചോദിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയം ഉണ്ടോ എന്നത് അവര്‍ക്കൊരു വിഷയമേ അല്ല.
മറ്റു രാജ്യങ്ങളില്‍ രണ്ടു വ്യക്തികള്‍ മേല്പറഞ്ഞ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ഇണകളുടെ തിരഞ്ഞെടുപ്പ് നടത്തുകയും, ഒന്നോ രണ്ടോ വര്‍ഷം ഒരുമിച്ച് താമസിച്ച് ശേഷം (ലിവിങ് ടുഗെതര്‍) കുടുംബം തുടങ്ങാന്‍ സ്വയം തീരുമാനം എടുക്കുകയും, സ്വന്തമായി ഉണ്ടാക്കിയ പൈസ തങ്ങളുടെ വിവാഹത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ അടങ്ങിയ സമൂഹങ്ങളാണ്. വിവാഹം കഴിഞ്ഞവരോട് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ഇവിടെ ഉണ്ടാകില്ല. മാത്രമല്ല, വിവാഹത്തിന് ശേഷം, രണ്ടുപേര്‍ക്കും യോജിച്ചു പോകാന്‍ പറ്റില്ല എന്ന് കണ്ടാല്‍ തമ്മില്‍പിരിയുന്നത് ഒരു പ്രശ്‌നമായി ഇവര്‍ കാണാറില്ല. നമ്മുടെ നാട്ടില്‍ ഡൈവോഴ്‌സ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശനം എന്നതിലുപരി, ഒരു വലിയ സാമൂഹിക പ്രശ്‌നമായി കാണാക്കപ്പെടുന്നത്, രണ്ടു കുടുംബങ്ങളും, സമൂഹങ്ങളും ഒക്കെ വിവാഹത്തിന്റെ ഭാഗമായി വരുന്നതുകൊണ്ടാണെന്നു തോന്നുന്നു.
നമ്മുടെ ശരീരം ഇപ്പോഴും കായ്കനികള്‍ പെറുക്കി നടന്ന കാലത്തെ മനുഷ്യരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. അതുകൊണ്ട് ആധുനിക ജീവിതകാലം മുഴുവന്‍ ഒരേ പങ്കാളിയുള്ള വിവാഹങ്ങളില്‍, ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായി കഴിഞ്ഞ് നാലോ അഞ്ചോ വര്‍ഷമായി കഴിയുമ്പോള്‍, ജീവശാസ്ത്രത്തിന്റെ റോള്‍ കഴിഞ്ഞു. കാരണം കുട്ടികള്‍ ജനിച്ചു, നമ്മുടെ ഡിഎന്‍എ കൈമാറ്റം കഴിഞ്ഞു, കുട്ടികള്‍ കായ്കനികള്‍ പെറുക്കി ഭക്ഷിക്കാനുള്ള വയസുമായി. ഇരുപത് ഇരുപത്തിയഞ്ചു വയസുവരെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ അവരുടെ കൂടെ ജീവിക്കണ്ടേ ആധുനിക ലോകത്തെ കുറിച്ച് നമ്മുടെ ശരീരങ്ങള്‍ക്ക് വലിയ ബോധ്യമില്ല. അതുകൊണ്ട്, കുട്ടികള്‍ ജനിച്ച് നാലു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം സ്വാഭാവികമായി കുറഞ്ഞു വരും. വിവാഹം കഴിഞ്ഞവര്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റെ ( കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്ന പ്രണയകാലം) കാലം കഴിയുന്നത് കുട്ടികള്‍ ജനിച്ചു കുറച്ചു കഴിയുമ്പോഴാണ്.
മേല്പറഞ്ഞ പോലെ ഹോര്‍മോണുകളുടെ ഉത്പാദനം കുറഞ്ഞു കഴിയുമ്പോള്‍ ശാരീരികമായി ഒരു പക്ഷെ പ്രണയം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍, രണ്ടു കാര്യങ്ങള്‍ കൊണ്ട് അതിനെ മറികടക്കുന്നവരുമുണ്ട്. ഒന്ന് ലൈംഗികിതയാണ്. രണ്ടുപേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്‍ഡോര്‍ഫിന്‍ , ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് അവരവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിക്കും (വെറും ലൈംഗിക ബന്ധത്തിന് വേണ്ടി മാത്രം തുടങ്ങുന്ന ചില ബന്ധങ്ങള്‍ ലൈംഗിക ബന്ധത്തിന് ശേഷം പ്രണയമായി തീരുന്ന കേസുകള്‍ ഇങ്ങിനെ സംഭവിക്കുന്നതാണ്). അതുകൊണ്ട്, പങ്കാളികള്‍ തമ്മില്‍ പറ്റുമ്പോഴെല്ലാം ലൈംഗിക ബന്ധതയില്‍ ഏര്‍പ്പെടുന്നത് പ്രണയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള ഒരു നല്ല എളുപ്പവഴിയാണ്. പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള വലിയ വഴക്കുകള്‍ പോലും കിടപ്പറയിലേക്ക് കൊണ്ടുപോകരുത് എന്ന് പറയുന്നതി്‌ന്റെ കാരണമിതാണ്. കിടപ്പറയില്‍ എത്തുകയാണെങ്കില്‍ അതിനു പുറത്തേക്ക് വഴക്ക് എന്ത് കാരണവശാലും വരാന്‍ അനുവദിക്കരുത്.
രണ്ടാമത് ആധുനിക വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണെന്ന് മനസിലാക്കുന്ന ആളുകളാണ്. നമ്മുടെ ശരീരം നമ്മളോട് എന്തൊക്കെ പറഞ്ഞാലും, ഒരു ഇണയുമായി, ചേര്‍ന്ന് കുടുംബം തുടങ്ങി മരിക്കുന്നത് വരെ അങ്ങിനെ തുടങ്ങുരുമെന്ന് മനസിലുറപ്പിച്ച്, പ്രണയത്തെ ആദ്യത്തെ അതേ ആവേശത്തോടെ കൊണ്ടുപോകുന്ന സാമൂഹിക ചിന്തയുള്ള കുറെ മനുഷ്യരുണ്ട്. വിവാഹം എന്നാല്‍ ഒരാളോട് തന്നെ പല പ്രാവശ്യം പ്രണയത്തില്‍ വീഴുന്ന ഒരു പ്രക്രിയ ആണെന്ന്, ഈ ശാസ്ത്രമൊന്നും അറിയാതെ തന്നെ പണ്ടേ മനസ്സിലാക്കിയവര്‍. അങ്ങിനെയുള്ളവര്‍ക്ക് വേണ്ടി ഉള്ള ചില പൊടിക്കൈകളാണ് മേല്പറഞ്ഞ പ്രണയഭാഷകള്‍.
ഇന്ന് പ്രണയദിനമല്ല എന്നറിയാം, എന്നാലും പ്രണയിക്കാന്‍ എന്തിനാണ് പ്രത്യേകിച്ച് ഒരു ദിനം? നിങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ പ്രണയഭാഷ എന്താണെന്ന് ഇന്ന് തന്നെ കണ്ടുപിടിക്കൂ, നിങ്ങളുടെ പ്രണയഭാഷ എന്താണെന്ന് പങ്കാളിയോടും പറയൂ...