കുടിയേറ്റത്തിന്റെ
വംശവും ജാതിയും

UK- ൽ രണ്ടു വർഷം പഠിച്ചും ജോലി ചെയ്തും ജീവിച്ച നയൻ സുബ്രഹ്മണ്യം, തന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളിലൂടെ ഇന്ത്യക്കാരുൾപ്പെടുന്ന മൂന്നാം ലോക കുടിയേറ്റ പൗരർ നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നു. പരമ്പരയുടെ അഞ്ചാം ഭാഗം.

മൂന്നാം ലോക GEN Z യുടെ
കുടിയേറ്റ ജീവിതം;
സ്വപ്നവും യാഥാർത്ഥ്യവും-
അഞ്ച്

ൽമരങ്ങൾക്കു കീഴിൽ, കൂടുകളിൽ കുറുകുന്ന തത്തകളെക്കൊണ്ട് ചീട്ടെടുപ്പിച്ച്, ഭാവി പറയുന്ന പക്ഷിശാസ്ത്രജ്ഞരെ ഓർമ്മയുണ്ടോ? ഏതാണ്ടങ്ങനെയൊരു ഭാവിപറച്ചിൽ അരങ്ങേറുവാൻ പോകുകയാണ്. Gen-Zകൾ ചിറകടിച്ചെന്തിന് നാടുകടക്കുന്നതെന്നും, അവരെന്തായി പരിണമിക്കുന്നുവെന്നും സംസാരിച്ചെങ്കിലും, മറുനാടൻ ഭാവി അവർക്കായി കരുതിവെച്ചിരിക്കുന്നതെന്ത് എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. ഭാവിപറച്ചിൽ നടത്താൻ മാത്രമുള്ള ‘ദിവ്യത്വ’മില്ലാത്തതിനാൽ, പ്രവാസികളായ മുൻ തലമുറക്കാരുടെ ജീവിതങ്ങളുമായി Gen-Z കുടിയേറ്റത്തെ ചേർത്തു വായിക്കുകയാണ് ഏക മാർഗം. ഡിജിറ്റൽ യുഗത്തിന്റെ പ്രവാചകൻ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മാർഷൽ മക്ലുഹന്റെ വാക്കുകളാണ് ഈ അന്വേഷണത്തിന്റെ തുടിപ്പ്. അതിങ്ങനെയാണ്:

‘വർത്തമാനത്തെ റിയർ- വ്യൂ മിററിലൂടെ നാം നോക്കിക്കാണുന്നു. പിന്തിരിഞ്ഞുകൊണ്ട് നാം ഭാവിയിലേക്ക് ചലിക്കുന്നു.’

ഇങ്ങനെ പിന്തിരിഞ്ഞ്, മുൻതലമുറയുടെ പ്രവാസകാലങ്ങളിലേക്ക് സഞ്ചരിച്ച്, Gen-Z കുടിയേറ്റക്കാരുടെ ഭാവി പറയാനൊരുങ്ങേണ്ടത് ഇന്നിന്റെ ആവശ്യമാണ്. മികച്ച തൊഴിലിനും നിലവാരമുയർന്ന ജീവിതത്തിനുമായാണ് യുവകുടിയേറ്റക്കാർ പാശ്ചാത്യത്തിലേക്ക് കാൽവെക്കുന്നത്. അതിനാൽ ഭാവിപ്രവചനത്തിനായി, എന്റെ തത്തമ്മച്ചുണ്ടുകളാൽ പ്രധാനമായും കൊത്തിയെടുക്കേണ്ടത്, രണ്ട് ചീട്ടുകളാണ്: ഒന്നാമത്തേത് തൊഴിൽഗതിയും (Career) രണ്ടാമത്തേത് കുടുംബനിർമ്മാണവും .

ഒന്നാം ചീട്ട്:
റെഡിമെയ്ഡ് തൊഴിൽഗതികൾ

ആദ്യമായി ഷെഫീൽഡിന്റെ (യു. കെയിലെ ഒരിടം) നഗരമധ്യത്തിലൂടെ സവാരി നടത്തിയപ്പോൾ, എന്റെ കണ്ണിൽ കൊളുത്തിയത്, ഓരോ വംശജരും ഒരു പ്രത്യേക തൊഴിലിനുചുറ്റും ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണ്. ഇന്ത്യക്കാരും ബംഗ്ലാദേശികളും റെസ്റ്റോറന്റുകൾ നടത്തുന്നതും, പാകിസ്ഥാനികൾ യൂബർ ടാക്സി ഡ്രൈവർമാരാകുന്നതും, തുർക്കികൾ മുടിവെട്ടുകാരാകുന്നതും, ഐറിഷുകാർ ബാറുടമകളാകുന്നതുമെല്ലാം യു.കെയിൽ നിലനിന്നുപോകുന്ന സാമൂഹ്യപ്രവണതയാണ്.

ആഗോള ഗ്രാമങ്ങളായി (Global Village) നിലകൊള്ളുന്ന പാശ്ചാത്യ നഗരങ്ങളിൽ ഇതൊരു സ്ഥിരം കാഴ്ചയാണത്രേ. 3600- ലേറെ ഇന്ത്യൻ റെസ്റ്റോറന്റുകൾ ലണ്ടൻ നഗരത്തിൽ മാത്രം സ്ഥിതിചെയ്യുന്നുണ്ടെന്നത് അതിശയോക്തിയല്ല. ഇന്ത്യൻ നഗരങ്ങളിൽ പോലും ഇത്രയധികം ഇന്ത്യൻ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നില്ലായെന്നത് ഒരു തമാശയായി നിങ്ങൾക്ക് തോന്നിയേക്കാം. അന്നേരത്തുയരേണ്ട ചോദ്യമെന്നത്, ‘ഒരാളുടെ വംശം അവരുടെ തൊഴിൽ നിർണ്ണയിക്കുന്ന രീതി യു.കെ പോലുള്ള രാജ്യങ്ങളിൽ തുടങ്ങിയത് എന്നു മുതൽക്കായിരിക്കാം’ എന്നാണ്. വംശവും തൊഴിലും തമ്മിലുള്ള അടിയൊഴുക്കാണതിന്റെ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇനിയെങ്ങനെ വിശ്വസിക്കാൻ മുതിർന്നാൽ, മറ്റു പല പൂർവകാല മാലിന്യങ്ങളിലും തലപൂഴ്ത്തേണ്ടിവരും.

ആദ്യമായി ഷെഫീൽഡിന്റെ (യു. കെയിലെ ഒരിടം) നഗരമധ്യത്തിലൂടെ സവാരി നടത്തിയപ്പോൾ, എന്റെ  കണ്ണിൽ കൊളുത്തിയത്, ഓരോ വംശജരും ഒരു പ്രത്യേക തൊഴിലിനുചുറ്റും ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണ്.
ആദ്യമായി ഷെഫീൽഡിന്റെ (യു. കെയിലെ ഒരിടം) നഗരമധ്യത്തിലൂടെ സവാരി നടത്തിയപ്പോൾ, എന്റെ കണ്ണിൽ കൊളുത്തിയത്, ഓരോ വംശജരും ഒരു പ്രത്യേക തൊഴിലിനുചുറ്റും ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണ്.

ഒരു വിഭാഗക്കാർ ഒരു തൊഴിലിന് കെൽപ്പുള്ളവരാണെന്ന് പറഞ്ഞുതുടങ്ങി, ആ വിഭാഗക്കാർ ആ തൊഴിൽ ചെയ്യാൻമാത്രം വിധിക്കപ്പെട്ടവരാണെന്ന് സ്ഥാപിക്കുന്ന ‘സ്‌മൃതികൾ’ ഊട്ടിവളർത്തിയ ജാത്യാതിപത്യം, ഇന്ത്യൻ മണ്ണിലിന്നും ചെവിപ്പീളയോളം നാറുന്നുണ്ട്. അതിനാൽ, കുടിയേറ്റക്കാരിൽ തെളിഞ്ഞുകാണുന്ന വംശീയതയും തൊഴിലും തമ്മിലുള്ള ഇത്തരം അവിശുദ്ധബന്ധങ്ങൾ പകരുന്ന ആശങ്കയും വലുതാണ്.

ഈ സാഹചര്യത്തിൽ, Gen-Z പ്രവാസികളുടെ ഭാവിജീവിതങ്ങളെ, ഈ പ്രവണതകൾ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കേണ്ടതുണ്ട്. കുടിയേറിയ Gen-Z കൾ പൂർണമായും ഇതിൽ പെട്ടുപോകില്ലെങ്കിലും, ഒരു ചെറിയ ശതമാനം പേരെങ്കിലും ഈ ട്രെൻഡിന് വിധേയരാകുമെന്നതിൽ സംശയമില്ല. കാരണം, പാകിസ്ഥാനിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയ Gen-Z കളിൽ ഒരു വിഭാഗമെങ്കിലും, തങ്ങളുടെ മുൻതലമുറക്കാരെ പിന്തുടർന്ന് ടാക്സി ഡ്രൈവർമാരാകുന്നുണ്ട്. അതുപോലെ, ഇംഗ്ലീഷുകാരുടെ ഇഷ്ട ബാർബർമാരായ തുർക്കികളുടെ സലൂണുകളിൽ, പുതുതായി ഓരോ വർഷവും യുവ- തുർക്കികൾ കടന്നുവരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്.

ഈ മാതൃകയിൽ, ഇന്ത്യൻ യുവത്വവും ഭക്ഷണശാലകളോ അല്ലെങ്കിൽ സമാനമായ തൊഴിൽപ്രവണതകളിലോ ചുഴിഞ്ഞടിയാറുണ്ട്. സാമ്പിളായി ഉദാഹരണം നിരത്താം. സുഹൃത്തായ അർജുന്റെ പരിചയവലയത്തിലെ ഒരു കൂട്ടം മലയാളി Gen-Z കൾ, ബോൺമൗത്ത് (Bournemouth) എന്ന തീരപ്രദേശത്ത് ഒരു കറി ഹൗസ് (Curry House - ഇന്ത്യൻ ഭക്ഷണശാല) തുടങ്ങിയതായും, പിന്നീട് വെല്ലുവിളികളാൽ അത് തകർന്നതായും അറിയാൻ കഴിഞ്ഞു. എന്നാൽ മറ്റൊരു കൂട്ടം സമാനസംരംഭം തുടങ്ങുകയും അത് വിജയിക്കുകയും ചെയ്തു. വിസാകാലാവധി തീരുന്ന വേളകളിൽ, സംരംഭകവിസയായാൽ (Entrepreneurial Visa) യു.കെയിൽ തുടരുന്നതിനു വേണ്ടിയാണ് മിക്കവരും ഈ പാത സ്വീകരിക്കുന്നത്. ഇക്കാരണങ്ങളാൽ ചില Gen-Zകളെങ്കിലും, ഇതിനകം ശക്തിപ്രാപിച്ച വംശാടിസ്ഥാനത്തിലുള്ള തൊഴിൽഗതിയിൽ, വരുംകാലങ്ങളിൽ അഭയം കണ്ടെത്തിയേക്കാം.

ഈ സാമൂഹ്യപ്രവണത ജാതിവ്യവസ്ഥയോളം വളരാൻ സാധ്യതയില്ലെങ്കിലും, കുടിയേറ്റ വിരുദ്ധതയാൽ വർണ്ണവെറി കരിപ്പുക ചുരത്തുന്ന ഈ കാലത്ത്, വംശീയാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനമായി ഇത് മാറുവാൻ സാധ്യതയേറെയാണ്. ആ സാഹചര്യത്തിൽ, Gen-Z പ്രവാസികളുടെ ചൂഷണത്തിന് വഴിയൊരുക്കുന്ന കലികാല വ്യവസ്ഥിതിയായി ഇത് രൂപം കൊണ്ടേക്കാം.

രണ്ടാം ചീട്ട്:
കുടുംബ നിർമ്മാണ പുരാണം

Gen-Z കുടിയേറ്റക്കാർക്ക് തൊട്ടുമുൻപുള്ള തലമുറക്കാരിൽ കൂടുതലും, അവരവരുടെ വിഭാഗക്കാരുമായാണ് അറേഞ്ച്ഡ് മാര്യേജ് ചെയ്‌തെന്നതിൽ തർക്കമില്ല. ഇങ്ങനെ ജാതി- മത-വംശാടിസ്ഥാനത്തിലുള്ള വിവാഹങ്ങൾ നടക്കുമായിരുന്നെങ്കിലും ഇതൊന്നും വ്യവസ്ഥാപിതമായിരുന്നില്ല. എന്നാൽ ഇന്ന് അതിന് കൃത്യമായ രൂപശരീരം നൽകിവരുന്നുണ്ട്. സംശയമുണ്ടെങ്കിൽ, ‘UK Malayali Matrimony’ എന്ന് വായനക്കാർക്ക് ഗൂഗിളിൽ തിരയാവുന്നതാണ്. കുറഞ്ഞത് നാല് വെബ്സൈറ്റുകളുടെ വിവരങ്ങളെങ്കിലും ലഭിക്കും. ഇങ്ങനെ, പുരോഗമനഗർവ് തീണ്ടിയ മുൻതലമുറയിലെ, പല പാശ്ചാത്യ പ്രവാസികളും, ലൈവായി വംശീയ വിവേചനം നേരിടുമ്പോഴും, അവരുടെ ജാത്യാഭിമാനം കൈവിടാൻ തയ്യാറാകുന്നില്ല. ഇതിനുപിന്നിലും ഇന്ധനമായി എരിയുന്നത് നൊസ്റ്റാൾജിയ തന്നെയാണ്. പോയ്പ്പോയ നല്ല നാളുകളെക്കുറിച്ചോർത്തുള്ള ഗൃഹാതുരത. ഇക്കാരണങ്ങളാൽ, Gen-Z കുടിയേറ്റക്കാരിലെ ചിലയാളുകളെങ്കിലും സ്വന്തം വിഭാഗക്കാരെ തന്നെ കുടുംബനിർമ്മാണത്തിനായി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും ഭൂരിഭാഗം വരുന്ന ചെറുപ്പക്കാരും, ഈ കെട്ടുപാടുകളെ ഭേദിച്ച് പങ്കാളികളെ കണ്ടെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. മുൻപ് പരാമർശിച്ചതുപോലെ, സ്വാതന്ത്ര്യാന്വേഷണ പരീക്ഷണങ്ങൾക്കായി കുടിയേറിയ Gen-Z കൾ തീർച്ചയായും, തങ്ങൾക്കിഷ്ടമുള്ളവരെ കണ്ടെത്തി ഒന്നാവാനുള്ള സ്വാതന്ത്ര്യം പ്രയോഗിക്കുക തന്നെ ചെയ്യും.

Gen-Z കുടിയേറ്റക്കാർക്ക് തൊട്ടുമുൻപുള്ള തലമുറക്കാരിൽ കൂടുതലും, അവരവരുടെ വിഭാഗക്കാരുമായാണ് അറേഞ്ച്ഡ് മാര്യേജ് ചെയ്‌തെന്നതിൽ തർക്കമില്ല. ഇങ്ങനെ ജാതി- മത-വംശാടിസ്ഥാനത്തിലുള്ള വിവാഹങ്ങൾ നടക്കുമായിരുന്നെങ്കിലും ഇതൊന്നും വ്യവസ്ഥാപിതമായിരുന്നില്ല. ‘UK Malayali Matrimony’ എന്ന് വായനക്കാർക്ക് ഗൂഗിളിൽ തിരയാവുന്നതാണ്. കുറഞ്ഞത് നാല് വെബ്സൈറ്റുകളുടെ വിവരങ്ങളെങ്കിലും ലഭിക്കും.
Gen-Z കുടിയേറ്റക്കാർക്ക് തൊട്ടുമുൻപുള്ള തലമുറക്കാരിൽ കൂടുതലും, അവരവരുടെ വിഭാഗക്കാരുമായാണ് അറേഞ്ച്ഡ് മാര്യേജ് ചെയ്‌തെന്നതിൽ തർക്കമില്ല. ഇങ്ങനെ ജാതി- മത-വംശാടിസ്ഥാനത്തിലുള്ള വിവാഹങ്ങൾ നടക്കുമായിരുന്നെങ്കിലും ഇതൊന്നും വ്യവസ്ഥാപിതമായിരുന്നില്ല. ‘UK Malayali Matrimony’ എന്ന് വായനക്കാർക്ക് ഗൂഗിളിൽ തിരയാവുന്നതാണ്. കുറഞ്ഞത് നാല് വെബ്സൈറ്റുകളുടെ വിവരങ്ങളെങ്കിലും ലഭിക്കും.

ഇങ്ങനെ ഗണിച്ചുനോക്കുമ്പോൾ, നമ്മൾ വിട്ടുപോയ്കൂടാത്തത്, ഇവർക്കുണ്ടാകാനിരിക്കുന്ന സന്തതിപരമ്പരയെയാണ്. കുടിയേറ്റക്കാരുടെ കുട്ടികളെന്തായിരിക്കുമെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. യു.കെയിൽ തന്നെ നഴ്‌സായി തൊഴിലിലേർപ്പെട്ടിരിക്കുന്ന സഹോദരിക്ക് രണ്ട് ആൺമക്കളാണുള്ളത്. അവരുടെ നാവുകൾ ബ്രിട്ടീഷ് ഇംഗ്ലീഷ് പേശുമ്പോഴും, ശരീരം കൊണ്ട് തെക്കുകിഴക്കൻ ഏഷ്യരാണ്. അവരുടെ വായിൽ പല ഇന്ത്യൻ ഭക്ഷണത്താലും ചില ബ്രിട്ടീഷ് രുചികളാലും വെള്ളമൂറും. അവരുടെ ചെവികൾക്ക് മലയാളത്തെ ഒരു പരിധിവരെ ഗ്രഹിക്കാൻ സാധിക്കുമെങ്കിലും, നാവ് മലയാളത്തിനായി വഴങ്ങിക്കൊടുക്കില്ല. പൂർണ്ണമായും ഒരു സംസ്കാരത്തിൽ കാലൂന്നാനുള്ള സാഹചര്യം അവർക്ക് ലഭിക്കുന്നില്ല. അതിനാൽ തന്നെ സംസ്കാരങ്ങളുടെ ഇടനാഴിയിലെ ഒരു ‘മൂന്നാമിടത്താണ്’ അവർ വളരുന്നതെന്ന് എനിക്ക് തോന്നുമായിരുന്നു.

ഇറ്റാലിയൻ കവിയായിരുന്ന ഡാന്റെ അലിഗിയെറിയുടെ (Dante Alighieri) ‘The Divine Comedy’ എന്ന കൃതിയിൽ നരകത്തിനും പറുദീസക്കുമിടയിലെ ശുദ്ധീകരണസ്ഥലമായ ഒരു മലയെക്കുറിച്ച് (Mount Purgatory) വിവരിക്കുന്നുണ്ട്. പറഞ്ഞുവന്നത്, അതുപോലൊരു ശുദ്ധീകരണസ്ഥാനത്താണ് കുടിയേറ്റ കുരുന്നുകളും. അവർ തന്നെ സ്വയം തുന്നുന്ന സാംസ്കാരിക കൊക്കൂണുകളിൽ തന്നെയാവും അവരുടെ വളർച്ചയും. വരാനിരിക്കുന്ന Gen-Z പ്രവാസികളുടെ കുരുന്നുകളും ഇത്തരം കൊക്കൂണുകൾക്കുള്ളിലാകും വളരുക.

തിരയുവാൻ ചീട്ടുകളനവധിയുണ്ടാകും. എത്ര തന്നെ ചികഞ്ഞാലും, സ്റ്റാറ്റിസ്റ്റിക്കൽ കവടികൾ നിരത്തിയാലും ഭാവികൾ കൃത്യതയോടെ പറയുകയെന്നത് അസാധ്യമാണ്. അങ്ങനെയെങ്കിലും, പാശ്ചാത്യനാടുകളിൽ വേരോടുന്ന ചില സാമൂഹിക പ്രവണതകൾക്കും സ്റ്റീരിയോടൈപ്പുകൾക്കും (വാർപ്പ് മാതൃക) വിധേയരാകാൻ സാധ്യതയുള്ള ഒരു യുവ-പ്രവാസക്കൂട്ടമുണ്ടെന്നതാണ്, തെളിയുന്ന ദർശനം. ജന്മനാട്ടിലെ സാമൂഹിക തിരക്കഥകളിൽനിന്നും പ്രവണതകളിൽനിന്നും മുക്തി പ്രാപിക്കാൻ മറുനാട്ടിൽ ചേക്കേറിയ ചില Gen-Zകളെയെങ്കിലും കാത്തിരിക്കുന്നത് മറ്റു ചില തിരക്കഥകളാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും, ‘ഞാൻ’ എന്റെ ജോലിയല്ല, എന്റെ വീടല്ല, എന്റെ ബാങ്ക് സ്റ്റേറ്റ്മെന്റല്ല എന്ന ജ്ഞാനോദയം കൈവരിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നിവിടെയുണ്ട്. ഇവർക്കെല്ലാം നമ്മൾ ഗണിച്ചുപറഞ്ഞ ‘അതിഷ്ട ഭാവിയിൽ’ തെല്ലും ഭയമില്ല. അവർ മേൽപ്പറഞ്ഞ പ്രവണതകളെ തമാശായി കണ്ട് അതിജീവിക്കും. തങ്ങളാർജ്ജിച്ച സ്വാതന്ത്ര്യത്തെ മറുനാടൻ കളരികളിൽ പയറ്റി -പരീക്ഷിച്ച് വിജയിക്കും. മുകളിലാകാശം നോക്കി മനുഷ്യചെയ്തികളുടെ അർത്ഥമില്ലായ്മയെ ഓർത്ത് ചിരിക്കും, തീർച്ച.

(അടുത്ത പാക്കറ്റിൽ തുടരും)

Comments