വെളുപ്പിന് മൂന്ന് മണിക്ക് അവർ ഞങ്ങളെ അടിച്ചോടിച്ചു; കൊച്ചുതോപ്പിൽ സ്‌കൂൾ വീടാക്കേണ്ടിവന്നവർ പറയുന്നു

ഡിസംബർ മൂന്നിന് വൈകിട്ട് ആറ് മണിയോടെ തഹസീൽദാറുടെ നേതൃത്വത്തിൽ സ്‌കൂളിന്റെ ചുമതലയുള്ള പുരോഹിതനും പ്രിൻസിപ്പലായ കന്യാസ്ത്രിയും നാട്ടുകാരും സ്‌കൂളിലെത്തി പതിനാറ് കുടുംബങ്ങളോടും അന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവർ ഇതിന് തയ്യാറാകാതെ വന്നതോടെ അവരുടെ സാധനങ്ങൾ വലിച്ചെറിയാൻ തുടങ്ങുകയായിരുന്നു. തുടർന്ന് 26 ദിവസം പ്രായമുള്ള കുഞ്ഞും 65 വയസ്സുള്ള കിടപ്പുരോഗിയും ഉൾപ്പെടുന്ന ഇവരെ അവിടെ നിന്നും അടിച്ചോടിച്ചു.

കേരളത്തിലെ സ്‌കൂളുകളെല്ലാം തുറന്നിട്ടും തിരുവനന്തപുരത്തെ വലിയതോപ്പ് സെന്റ്. റോക്ക്‌സ് കോൺവെന്റ് സ്‌കൂളിലെ എൽ.പി വിഭാഗം തുറക്കാത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ ഓഖി ദിനത്തിൽ (നവംബർ 30) ട്രൂകോപ്പി റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. വലിയതുറ വാർഡിലെ കൊച്ചുതോപ്പിൽ 2017 മുതൽ പലപ്പോഴായുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വീട് നഷ്ടമായ പതിനാറ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നതാണ് അതിന് കാരണം. സ്‌കൂൾ അധികൃതരെയും ഭരണകൂടത്തെയും അവഗണിച്ചാണ് അവർ അവിടെ ജീവിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളിൽ തുടർക്കഥയായി മാറിയിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്ക് സുരക്ഷിതമായ വീടുകൾ വേണമെന്ന ആവശ്യമുന്നയിച്ചായിരുന്നു അവർ അവിടം ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകാതിരുന്നത്.

2017 നവംബറിൽ കേരള തീരങ്ങളിൽ ആഞ്ഞടിച്ച ഓഖിയിലും പിന്നീടുണ്ടായ ചെറുതും വലുതുമായ നിരവധി കടൽക്ഷോഭങ്ങളിലുമാണ് ഇവർ വീടില്ലാത്തവരായി തീർന്നത്. സെന്റ്. റോക്ക്‌സ് സ്‌കൂളിലേക്ക് ആദ്യം അഭയാർത്ഥികളായെത്തിയത് കുറച്ച് കുടുംബങ്ങൾ മാത്രമാണ്. 2018ലെയും 19ലെയും കടൽക്ഷോഭങ്ങളിൽ വീട് നഷ്ടമായ ചിലർക്ക് പിന്നീട് സർക്കാർ വീട് വച്ച് കൊടുത്തിരുന്നു. 2020ലെ കടൽക്ഷോഭത്തിൽ കൊച്ചുതോപ്പിൽ കാര്യമായ നാശനഷ്ടമുണ്ടായതോടെയാണ് ഇവിടെ വലിയ തോതിൽ ക്യാമ്പ് ആരംഭിച്ചത്. ചെറിയ വാടകയ്ക്കും മറ്റും വീട് ലഭിച്ച കുറച്ചുപേർ കൂടി ഇവിടെ നിന്നും പിന്നീട് താമസം മാറിയെങ്കിലും ആറ് കുടുംബങ്ങൾ ഇവിടെ തന്നെ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 2021 മെയ് 14ന് ടൗട്ടെ ചുഴലിക്കാറ്റുണ്ടായത്. അന്നും കൊച്ചുതോപ്പിലും തിരുവനന്തപുരത്തെ മറ്റ് തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ആറ് കുടുംബങ്ങൾ സെന്റ്. റോക്ക്സ് സ്‌കൂളിൽ താമസിക്കുന്ന സാഹചര്യത്തിൽ വീട് നഷ്ടമായവരെ ഇവിടേക്കുതന്നെ എത്തിച്ചു. ഒന്നര മാസത്തെ ക്യാമ്പിൽ 48 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. വീടുകൾക്ക് ഭാഗികമായി മാത്രം കേടുപാടുകൾ സംഭവിച്ചവരും ഇനിയും കടൽക്ഷോഭമുണ്ടാകാനിടയുള്ള ഭാഗങ്ങളിൽ താമസിച്ചിരുന്നവരുമാണ് അന്ന് ഇവിടെ താമസിച്ചിരുന്നത്. 45-50 ദിവസത്തെ ക്യാമ്പിനൊടുവിൽ പതിനാറ് കുടുംബങ്ങൾക്ക് ഒഴികെ മറ്റുള്ളവർക്ക് താമസസ്ഥലങ്ങൾ ലഭിച്ചു. ആ പതിനാറ് കുടുംബങ്ങളാണ് ഡിസംബർ മൂന്ന് വരെ ഇവിടെ താമസിച്ചിരുന്നത്.

ഡിസംബർ മൂന്നിന് സംഭവിച്ചത്

ഡിസംബർ മൂന്നിന് വൈകിട്ട് ആറ് മണിയോടെ തഹസീൽദാറുടെ നേതൃത്വത്തിൽ സ്‌കൂളിന്റെ ചുമതലയുള്ള പുരോഹിതനും പ്രിൻസിപ്പലായ കന്യാസ്ത്രിയും നാട്ടുകാരും സ്‌കൂളിലെത്തി പതിനാറ് കുടുംബങ്ങളോടും അന്ന് തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവർ ഇതിന് തയ്യാറാകാതെ വന്നതോടെ അവരുടെ സാധനങ്ങൾ വലിച്ചെറിയാൻ തുടങ്ങുകയായിരുന്നു. തുടർന്ന് 26 ദിവസം പ്രായമുള്ള കുഞ്ഞും 65 വയസ്സുള്ള കിടപ്പുരോഗിയും ഉൾപ്പെടുന്ന ഇവരെ അവിടെ നിന്നും അടിച്ചോടിച്ചു.

പതിനാറ് കുടുംബങ്ങളിലായി 62 പേരാണ് ഇവിടെയുണ്ടായിരുന്നത്. കിടപ്പ് രോഗികളും ഇരുപത്തിയാറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമെല്ലാം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒമ്പത് പേർ കുട്ടികളും മൂന്ന് പേർ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുമായിരുന്നു. ഞങ്ങളുടെ ആഹാര സാധനങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമൊക്കെ അവർ വലിച്ചെറിയാൻ തുടങ്ങി, പലതും നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അത് തീർന്നത്. അതിന് ശേഷം ആ സമയം പോലും പരിഗണിക്കാതെ ഞങ്ങളെ അടിച്ചിറക്കി.- കൊച്ചുതോപ്പ് ക്യാമ്പിലെ അഭയാർത്ഥികളിൽ ഒരാളായ മേരി ട്രൂ കോപ്പിയോട് പറഞ്ഞു.

ആ സമയത്ത് ഞങ്ങൾ എങ്ങോട്ട് പോകും? പിന്നെ വലിയതുറ പാലത്തിനടുത്തുള്ള ഫിഷറീസിന്റെ ഗോഡൗണിൽ പോയിക്കിടക്കുകയായിരുന്നു. ഡിസംബർ 13 വരെ അവിടെ തന്നെ കിടക്കേണ്ടി വന്നു. ആരും ഞങ്ങളെ അന്വേഷിച്ച് വന്നത് പോലുമില്ല. ഒടുവിൽ 13നാണ് മുട്ടത്തറ വില്ലേജ് ഓഫീസറും സംഘവും എത്തി ഇതിലൊരു ഗോഡൗൺ തുറന്നുതന്നത്. പത്തടി വീതിയും പത്തടി നീളവുമാണ് ഓരോ കുടുംബത്തിനും അനുവദിച്ചിരിക്കുന്നത്. ഒരു വീടിന്റെ അടുക്കളയുടെ വലിപ്പമേ അതിനുള്ളൂ. വീടുപണി തീരുന്നത് വരെ ഇവിടെ താമസിക്കണം. ഗോഡൗൺ നിറയെ സിമന്റ് പൊടിയാണ്.- മേരി കൂട്ടിച്ചേർത്തു.

ഈമാസം ഇരുപതിന് ഇവരുടെ വീടുകൾക്കുള്ള കല്ലുകൾ ഇടുമെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. അതുണ്ടാകുമോയെന്ന് തങ്ങൾക്കറിയില്ലെന്നും ഇവർ വ്യക്തമാക്കി.

സംസ്ഥാനത്തെ മറ്റെല്ലാ സ്‌കൂളുകളിലും ക്ലാസുകൾ തുടങ്ങിയിട്ടും മാനേജ്‌മെന്റ് സ്‌കൂളായ ഇവിടെ മാത്രം അത് സാധ്യമാകാതിരുന്നതാണ് സ്‌കൂൾ അധികൃതർക്ക് ചൂണ്ടിക്കാട്ടാനുള്ളത്. 2600ഓളം കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തന്നെ വലിയ സ്‌കൂളുകളിൽ ഒന്നാണിത്. അടുത്ത വർഷമോ അതിനടുത്ത വർഷമോ ഹയർസെക്കൻഡറി സ്‌കൂൾ ആക്കാനുള്ള കെട്ടിടങ്ങളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. ടി.സി.എം എന്നറിയപ്പെടുന്ന കനേഷ്യൻ സഭയിലെ കന്യാസ്ത്രിമാർക്കാണ് സ്‌കൂൾ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌കൂൾ, യുപി, എൽ.പി വിഭാഗങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ എച്ച്.എസ്, യു.പി വിഭാഗങ്ങളിൽ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകൾക്കൊപ്പം ഇവിടെയും ക്ലാസുകൾ തുറന്നെങ്കിലും ക്യാമ്പ് നടക്കുന്നതിനാൽ എൽ.പി വിഭാഗം തുറന്നിരുന്നില്ല. മാത്രമല്ല, ക്യാമ്പ് നടക്കുന്നതിനാൽ ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികളിൽ പലരെയും സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ് ഇവർ അഭയാർത്ഥികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഇവിടെ നിന്നും അടിച്ചോടിച്ചത്.

വാടക വീടെടുത്ത് മാറാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാലും ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് പോകാൻ സാധിക്കാത്തതിനാലുമാണ് ഇവർ ഈ സ്‌കൂൾ തന്നെ വീടാക്കി മാറ്റിയത്. മൂന്ന് ബെഡ്‌റൂമും ബാത്ത്‌റൂമും ഒരു അടുക്കളയും ആഹാരം കഴിക്കാൻ ഡൈനിംഗ് റൂമും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള വീടുകളിൽ നിന്ന് വന്നവരാണ് പിന്നീട് ഒരു ക്ലാസ് മുറിക്കുള്ളിൽ താമസിക്കാൻ നിർബന്ധിതരായത്. ഇടവക വികാരിയും അധികൃതരും ചേർന്നാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു ക്ലാസുമുറിയിലാണ് 16 കുടുംബങ്ങൾ ഞെങ്ങിഞെരുങ്ങി കഴിഞ്ഞത്. ഒരു സ്ഥലത്ത് അടുപ്പും വേറൊരു സ്ഥലത്ത് പാത്രങ്ങളും. ബെഞ്ചുകളും ഡസ്‌കുകളും അടുക്കിയിട്ട് അതിൽ സർക്കാർ നൽകിയ പായയും തലയിണയും വിരിച്ചാണ് ഇവർ കിടന്നുറങ്ങിയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഇതിനുള്ള സൗകര്യങ്ങളുമെല്ലാം കണക്കിലെടുത്ത് ഈ ക്ലാസ് മുറികളിൽ താമസിക്കാൻ പലർക്കും തങ്ങൾക്കും താൽപര്യമില്ലായിരുന്നെങ്കിലും സൗകര്യങ്ങളുള്ള വീട് എന്ന പ്രതീക്ഷയിലാണ് ഇവിടെത്തന്നെ തുടർന്നത്.

ഇവരെയാണ് സമയവും പ്രായവുമൊന്നും പരിഗണിക്കാതെ സ്‌കൂളധികൃതർ അടിച്ചോടിച്ചത്. സ്‌കൂളുകൾ തുറക്കുകയെന്ന അവരുടെ ന്യായമായ ആവശ്യം കണക്കിലെടുത്താലും പകരം സംവിധാനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാനാകില്ല. സ്‌കൂളിലെ അസൗകര്യങ്ങളിൽ നിന്ന് അവർക്ക് പകരം കിട്ടിയത് തങ്ങളുടേതായിരുന്ന വീടിന്റെ അടുക്കളയുടെ വലിപ്പം പോലുമില്ലാത്ത ഇടങ്ങളാണ്. പൊടി നിറഞ്ഞ ഗോഡൗണിൽ നിന്നുള്ള മോചനമാണ് ഇവർ ഇപ്പോൾ കാത്തിരിക്കുന്നത്

Comments