തൊപ്പി അഥവാ പുതിയ കാലത്തെ ‘ചരക്ക്’

തൊപ്പിയുടെ തെറ്റിനെ മറികടക്കാൻ ഭൂതകാലത്തെ പുനരാനയിച്ചതുകൊണ്ട് കഴിയില്ല. അതൊരു വളർത്തുദോഷത്തിന്റെ ഒറ്റപ്പെട്ട പ്രശ്നമായി കാണുന്നത് ഭീമാബദ്ധവും ആയിരിക്കും. തൊപ്പി സാമൂഹ്യ രൂപത്തിന് സംഭവിക്കുന്ന മാറ്റത്തിൻ്റെ ലക്ഷണമാണ്​. അതിന്റെ വേരുകൾ കിടക്കുന്നത് വിപണിയിലേക്ക് എല്ലാം ഉൾച്ചേർക്കപ്പെടുന്ന ആഗോളമായ പശ്ചാത്തലത്തിലാണ്.

തൊപ്പി എന്നത് ഒരു പോപ്പുലർ സബ് കൾച്ചറിന്റെ ഭാഗമാണ്. മുഖ്യധാരയുമായി സദാ കലഹിക്കുന്ന സമാന്തര ജീവിതശൈലികളെയോ പ്രവണതകളെയോ അല്ല സബ് കൾച്ചർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്​, ജീവിതത്തിൻ്റെ സമസ്ത മേഖലകളും ചരക്കുവൽക്കരണത്തിന് വിധേയമാകുന്ന ഘട്ടത്തിൽ സബ് കൾച്ചറുകൾ മുഖ്യധാരയിൽ തന്നെ ഉൾച്ചേരുകയോ മുഖ്യധാരയിലെ തന്നെ മാറ്റങ്ങളെ വെളിപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. നവീനശൈലികളിലുള്ള സബ് കൾച്ചറൽ പ്രവണതകളാകട്ടെ ചരക്കുവൽക്കരണത്തിൽ മാത്രം സാധ്യമാകുന്ന കാര്യവുമാണ്. തൊപ്പി അത്തരത്തിൽ മുഖ്യധാരയുടെ തന്നെ 'പ്രശ്നമാണ്'. അത് പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്ന ധാർമികമായ ആകുലതകളെയും വിവാദങ്ങളെയും ഈ പശ്ചാത്തലത്തിൽ കാണണം.

അരാഷ്ട്രീയവും സമൂഹവിരുദ്ധവുമായ തുരുത്തുകളിൽ അകപ്പെടുന്ന കൗമാരത്തിന്റെ സൂചനയായി തൊപ്പിയുടെ ആരാധകക്കൂട്ടത്തെ വായിച്ചെടുക്കാനുള്ള ശ്രമം ഈ പ്രവണതയുടെ പശ്ചാത്തലത്തെയോ സങ്കീർണതയെയോ കണക്കിലെടുക്കാതെയുള്ളതാണ്. ഇതിൻ്റെ തന്നെ തുടർച്ചയാണ് തൊപ്പിയെ വളർത്തു ദോഷത്തിന്റെയും രക്ഷാകർതൃത്വത്തിന്റെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, ആധുനിക സ്ഫടികം പതിപ്പായി അവതരിപ്പിച്ചുകൊണ്ടുള്ള വിശകലന മാതൃകകളും. ഇത്തരം രാഷ്ട്രീയവും രക്ഷാകർതൃത്വപരവുമായ യുക്തികളെ പ്രതിരോധിക്കാനെന്നോണം തൊപ്പിയിലെ അരാജകത്വത്തെ മുഖ്യധാരയ്ക്കെതിരെ പ്രതിഷ്ഠിക്കാൻ ചിലർ ശ്രമിക്കുന്നു.

സാങ്കേതികവിദ്യയെ വിപണിവൽക്കരണ പ്രക്രിയയുടെ ഭാഗം എന്നതിനേക്കാൾ, ഒറ്റതിരിഞ്ഞ കാര്യമായും അത് സൃഷ്ടിക്കുന്ന പുതിയ കാല ആവിഷ്കാരങ്ങളെ പാരമ്പര്യ- ധാർമിക യുക്തികളോടുള്ള കലഹമായും വായിച്ചെടുക്കുക എന്നതാണ് ഈ സമീപനത്തിൻ്റെ പ്രത്യേകത. തൊപ്പിയുടെ അശ്ലീല പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയും പൊളിറ്റിക്കലി ഇൻകറക്റ്റ് ആയിരിക്കുമ്പോൾ തന്നെ, ആ അളവുകോൽ വെച്ച് തൊപ്പിയെ വിലയിരുത്താൻ കഴിയില്ലെന്നത് ശരിയാണ്. കാരണം തൊപ്പിയുടെയും സമാനമായ ഇൻ്റർനെറ്റ് പ്രവണതകളുടെയും ഭാഷ, സമൂഹവുമായി പുലർത്തുന്നത് നേർക്കുനേർ സൂചനാ- സൂചിത ബന്ധമല്ല. എന്താണോ പറയുന്നത് അത് അവിടെ അക്ഷരാർഥത്തിൽ സൂചിതമാകുന്നില്ല. സൂചിതമാകുന്നതിനാകട്ടെ, പഴയ രീതിയിലുള്ള നേരിട്ടുള്ള സാമൂഹിക അടിത്തറയുമില്ല. എന്നാൽ ഇത് സ്വയം നിർണീതമായ ഒരു പുതിയ പ്രതിഭാസമാണോ? അങ്ങനെ കരുതാനാകില്ല. കാരണം ഭാഷയിലെ ഈ ഷിഫ്റ്റ് സംഭവിക്കുന്നത് ചില മുൻകൂർ വ്യവസ്ഥകളിലാണ്. അത് പഴയ മാതൃകയിലുള്ള സാമൂഹിക വിശകലനത്തെ ഭാഗികമായി അപ്രസക്തമാക്കുന്നു എന്നതിനർത്ഥം ഇവ സ്വയം നിർണീതമായ പ്രതിഭാസമോ സാങ്കേതികമാത്രമോ ആണെന്നല്ല.

ഡിജിറ്റൽ ലോകത്തേക്ക് സുഗമമായി പ്രവേശനം നേടുന്ന പുതിയ കുട്ടികൾ പുതിയ സോഷ്യൽ ഫോർമേഷന്റെ ഭാഗമാണ്. അവർക്ക് പഠിക്കാൻ മൊബൈൽ വേണം, കളിക്കാൻ വീഡിയോ ഗെയിം വേണം എന്നത് പഴയ തലമുറക്ക് എങ്ങനെ തടഞ്ഞുവെക്കാൻ കഴിയും?

തൊപ്പിയുടെ ഫാൻസായ കുട്ടികൾ ആ ശൈലി കടമെടുത്ത് നാളെ സമൂഹവിരുദ്ധരായി മാറുമെന്ന ആശങ്ക, സമൂഹത്തെ വിപണിയിൽ നിന്ന് സുരക്ഷിതമായി നിലനിർത്തണമെന്ന ആഗ്രഹചിന്തയെയാണ് യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. ആ ആഗ്രഹചിന്ത യാഥാർത്ഥ്യത്തെ കാൽപ്പനികമായി പ്രതിരോധിക്കാനുള്ള പാഴ്ശ്രമവുമാണ്. റോസ്റ്റിംഗും പോപ്പുലർ കൾചറിൻ്റെ ഭാഗമായ ആവിഷ്കാരങ്ങളുമെല്ലാം സമൂഹവിരുദ്ധകൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കുമെങ്കിൽ ഇത്തരം പ്രവണതകളുടെ കേന്ദ്രമായ വെസ്റ്റേൺ മുതലാളിത്ത സമൂഹങ്ങൾ സമൂഹവിരുദ്ധരുടെ കൂത്തരങ്ങായി മാറിയേനെ. കമോഡിഫിക്കേഷൻ ചെയ്യുന്നത് നിലവിലെ സാമൂഹികബന്ധങ്ങളുടെ ഫോം മാറ്റുന്നു എന്നതാണ്, സമൂഹത്തിന് ഉപരിയായ ഒരു സമൂഹവിരുദ്ധതയെ പ്രതിഷ്ഠിക്കുക എന്നതല്ല അവിടെ സംഭവിക്കുന്നത്. ഈ ഫോം രൂപപ്പെടുന്നത് ഉൽപ്പാദന ബന്ധങ്ങളുടെ സമഗ്രതയിലാണ്. അതിൽ വ്യക്തികളുടെ ധാർമികമായ ശരി തെറ്റുകൾ പുതിയ മാനകങ്ങൾ ഉപയോഗിച്ചായിരിക്കും അളക്കപ്പെടുക.

വീഡിയോ ഗെയിമുകളും പ്രാദേശിക അതിർത്തികൾ മറികടക്കുന്ന സംവേദനവും ഇത്തരത്തിൽ ചരക്കുവൽക്കരണത്തിൻ്റെ അകത്ത് വരുന്ന കാര്യങ്ങളാണ്. ആഗോള- പ്രാദേശിക അതിരുകൾ പരമ്പരാഗത രീതിയിൽ ഇവിടെ പ്രവർത്തനക്ഷമമല്ല. ഇതുവരെ സ്വകാര്യമായിരുന്നതൊക്കെ ചരക്കുകളായി മാറുന്നു. വിനോദം എന്നത് വിപണിയുടെ തന്നെ കാര്യമായി മാറുന്നു. മാർക്കറ്റിൽ നിന്ന് വ്യത്യസ്തമായ ഒന്നും നമ്മുടെ വ്യക്തിജീവിതത്തിൽ ഇല്ലെന്നുവരുന്നു. വ്യക്തി മാർക്കറ്റിൻ്റെ നിയമങ്ങളെ അനുസരിക്കേണ്ടി വരുന്നു എന്നതാണ് മുമ്പ് മുതലാളിത്തതിൻ്റെ ഒരു പ്രത്യേകതയായി പറഞ്ഞിരുന്നത് എങ്കിൽ വ്യക്തിയെ മാർക്കറ്റ് തന്നെ സൃഷ്ടിക്കുന്നു എന്നതാണ് വർദ്ധമാനമായ ചരക്കുവൽക്കരണം നടക്കുന്ന ഈ കാലത്തിൻ്റെ പ്രത്യേകത. സ്വകാര്യമായത് ഒക്കെയും രാഷ്ട്രീയം കൂടിയാണ് എന്നത് മുൻപതിറ്റാണ്ടുകളിൽ ആവർത്തിക്കപ്പെട്ടിരുന്നു എങ്കിൽ സ്വകാര്യമായതൊക്കെയും കമോഡിറ്റി (ചരക്ക്) ആയി മാറുന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇത് ധാർമികമായ ചോദ്യങ്ങളുടെ പരിധിക്കുള്ളിൽ നിൽക്കുന്ന കാര്യങ്ങളല്ല എന്ന് വ്യക്തമാണല്ലോ. ശരിതെറ്റുകളെ കുറിച്ചുള്ള വാർപ്പുമാതൃകകളെ തൊപ്പി പൊളിച്ചുകളയുന്നതായി തോന്നുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ ഈ പൊളിച്ചുകളയലിൻ്റെ ഉപാധി വിപണിയാണ് എന്നതാണ് പ്രധാന കാര്യം. (ബാഹ്യമായോ പശ്ചാത്തലം എന്ന തരത്തിലോ അല്ല വിപണി ഇവിടെ പ്രവർത്തിക്കുന്നത്). അതായത് ‘തൊപ്പി’ എന്ന സാംസ്കാരിക പ്രവണത എക്കണോമിക് ആയ ഷിഫ്റ്റിൻ്റെ അൽപ്പം അസുഖകരമായ തരത്തിലുള്ള പ്രകാശനമാണ്. ഇവിടെ, സ്വകാര്യമായ എല്ലാ അടരുകളെയും വിപണി സ്പർശിക്കുന്നതിന് മുമ്പുള്ള തീർപ്പുകളെയാണ് തൊപ്പി വിരുദ്ധ ധാർമിക ആകുലതകൾ വെളിപ്പെടുത്തുന്നത്. സ്വകാര്യതയിൽ പരിപോഷിക്കപ്പെടുന്ന അരാഷ്ട്രീയത എന്നല്ല, സോഷ്യൽ മീഡിയ കാലത്ത് സ്വകാര്യത തന്നെ ഒരു പുതിയ വിൽപ്പന ചരക്കാണ് എന്നതാണ് പോയിൻ്റ്. മറുഭാഗത്ത് തൊപ്പിയെ ഒരു ‘സാംസ്‌കാരികമായ അപരമായി’ കണ്ടുള്ള ഉത്തരാധുനിക ശൈലിയിലുള്ള വാദങ്ങൾ വിപണിയുടെ തന്നെ ഉൽപ്പന്നമായ ഒരു കാര്യത്തെ, അതിൽ നിന്ന് വേർതിരിച്ചുകാണാനുള്ള ശ്രമമാണ്. വിപണി എന്നത്, വിപണി സൃഷ്ടിക്കുന്ന ഘടനാപരമായ വൈരുധ്യം എന്നതിലേക്കും അതുവഴി മാർക്സിസം എന്ന ബൃഹദ് ആഖ്യാനത്തിലേക്കും നയിക്കും എന്നതാണ് ഉത്തരാധുനിക ചിന്തകരെ, ചില സാംസ്കാരിക പ്രമേയങ്ങളായി ഇതുപോലുള്ള പ്രശ്നങ്ങളെ ന്യൂനീകരിക്കാൻ പ്രേരിപ്പിക്കുന്നത്.

തൊപ്പി പുതിയ കാലത്തിന്റെ സാമൂഹ്യരൂപത്തിൽ മാത്രം ജനിക്കുന്ന നെഗറ്റീവ് ഉള്ളടക്കം ആണ്. അതിന്റെ മറുപുറമായി പോസിറ്റീവ് ഉള്ളടക്കവും ഉണ്ട്.

ഡിജിറ്റൽ ലോകത്തേക്ക് സുഗമമായി പ്രവേശനം നേടുന്ന പുതിയ കുട്ടികൾ പുതിയ സോഷ്യൽ ഫോർമേഷന്റെ ഭാഗമാണ്. അവർക്ക് പഠിക്കാൻ മൊബൈൽ വേണം, കളിക്കാൻ വീഡിയോ ഗെയിം വേണം എന്നത് പഴയ തലമുറക്ക് എങ്ങനെ തടഞ്ഞുവെക്കാൻ കഴിയും? കുട്ടിക്ക് മൊബൈൽ വേണ്ട, കുട്ടി കാർട്ടൂണുകളും തുടർന്ന് ഗെയിമുകളും ആസ്വദിക്കേണ്ട എന്ന് പറയണം എങ്കിൽ നിങ്ങൾ നടുമുറ്റവും നിലാമുറ്റവുമുള്ള വീട്ടിലേക്ക് തിരികെ പോകണം. അവിടെ വിളിച്ചാൽ വിളിപ്പുറത്തുള്ള അയൽവീട്ടിലെ കുട്ടികൾ വേണം. അത്തരം നാട്ടരങ്ങുകൾ ഒരു ഭൂതകാല കാര്യമാണ്. ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമല്ല. അവയുടെ മാതൃകയിൽ കുടുങ്ങിക്കിടന്ന്​ ‘ബദലിനെ’ കുറിച്ച് ചിന്തിക്കുന്നത് അബദ്ധമാണ്. പിന്തിരിപ്പൻ രാഷ്ട്രീയമാണ്​. തൊപ്പിയുടെ വാപ്പ വേണ്ട സമയത്ത് ശിശുപരിചരണം നടത്തിയിരുന്നെങ്കിലും ഈ പുതിയ സെൻസിബിലിറ്റിയെ പരിചരിക്കാൻ പാരമ്പര്യയുക്തിക്ക് കഴിയില്ല എന്നതിനാൽ അദ്ദേഹം പരാജയപ്പെട്ടേനെ. കമോഡിഫിക്കേഷന്റെ വികസ്വരമായ ചക്രവാളത്തെ നോക്കി ആശങ്കപ്പെടാനേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ. തോൾസഞ്ചി ധരിച്ച്​ ഗ്രാമങ്ങളിൽ ഉദ്‌ബോധനം നടത്താൻ വന്നിരുന്ന മുൻകാല അധ്യാപക ബുദ്ധിജീവികളെ പോലെ നെടുവീർപ്പിടാനേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ. (ആ ഉദ്ബോധനങ്ങൾ തെറ്റായിരുന്നു എന്നതല്ല പോയിന്റ്. ആ കാലത്തിന്റെ സംവേദനരീതിയുടെ ആവിഷ്കാരം തന്നെ ആയിരുന്നു അത്. അത് അന്നത്തെ അനിവാര്യത ആയിരുന്നു, എന്നാൽ ഇന്നത്തെ അനിവാര്യത അല്ല)

തൊപ്പി പുതിയ കാലത്തിന്റെ സാമൂഹ്യരൂപത്തിൽ മാത്രം ജനിക്കുന്ന നെഗറ്റീവ് ഉള്ളടക്കം ആണ്. അതിന്റെ മറുപുറമായി പോസിറ്റീവ് ഉള്ളടക്കവും ഉണ്ട്. പ്രാദേശികതയുടെ അതിഭാരത്തെ, ഫ്യൂഡൽ കെട്ടുപാടുകളെ, ജെണ്ടർ സങ്കല്പങ്ങളെ ഒക്കെ പിന്നിലേക്ക് തള്ളിയിടുന്ന പുതിയ തലമുറ. ഈ പോസിറ്റീവും നെഗറ്റീവും ഒരേ സാമൂഹ്യഫോമിന്റെ ഭിന്നതലങ്ങൾ ആണെന്നതാണ് സത്യം. നിങ്ങൾക്ക് കമ്മോഡിഫിക്കേഷനെ ഭൂതകാല ഭാവുകത്വം കൊണ്ട് തടഞ്ഞുനിർത്താനാകില്ല. അതിന്റെ, ചരിത്രപരമായി മാത്രം പ്രസക്തമായ മുൻഗണനകൾ കൊണ്ട് വിലയിരുത്താൻ കഴിയില്ല. ചരക്കുവൽക്കരണത്തെ ശാസ്ത്രീയമായി വിലയിരുത്തിയാൽ മാത്രമേ അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെയും കൃത്യമായി മനസിലാക്കാനാകൂ. വെല്ലുവിളികൾക്കൊപ്പം, പുതിയ സാധ്യതകൾ കൂടിയാണ് ഇവിടെ തുറന്നുവരുന്നത്. ലളിതമായ ചില ധാർമിക പൂരണങ്ങൾ കൊണ്ട് സമൂഹത്തിലെ പുതുപ്രവണതകൾ മനസിലാക്കാൻ കഴിയില്ല. കാരണം അതിന്റെ അരാഷ്ട്രീയ- രാഷ്ട്രീയ ബൈനറിയെ, പേഴ്‌സണൽ- പൊളിറ്റിക്കൽ ബൈനറിയെ ഒക്കെ പുതിയ സാമൂഹ്യ രൂപീകരണം വെല്ലുവിളിക്കുന്നു എന്നത് തന്നെ.

ഇതൊരു വളർത്തുദോഷത്തിന്റെ ഒറ്റപ്പെട്ട പ്രശ്നമായി കാണുന്നത് ഭീമാബദ്ധവും ആയിരിക്കും. തൊപ്പി സാമൂഹ്യ രൂപത്തിന് സംഭവിക്കുന്ന മാറ്റത്തിൻ്റെ ലക്ഷണമാണ്​. അതിന്റെ വേരുകൾ കിടക്കുന്നത് വിപണിയിലേക്ക് എല്ലാം ഉൾച്ചേർക്കപ്പെടുന്ന ആഗോളമായ പശ്ചാത്തലത്തിലാണ്.

പുതിയ കാലഘട്ടത്തിന്റെ അനിവാര്യത ആണ് തൊപ്പിമാർ എന്നാണോ ഇതിന്റെ അർത്ഥം? അല്ല. പുതിയ കാലഘട്ടത്തിന്റെ ഉൽപ്പന്നമാണ് തൊപ്പി എന്നതാണ്. ആധുനിക കാലത്തെ പ്രശ്നങ്ങൾക്ക് ആധുനികമായ പരിഹാര മാതൃകകളും വിശകലന ടൂളുകളും വേണമെന്ന് വ്യക്തം. അതിന്റെ രാഷ്ട്രീയ വായനയ്ക്ക് പഴയ രീതി സഹായിക്കില്ല. പരിമിതമായ സാമ്പത്തിക വിനിമയങ്ങളിൽ, ആഗോളവൽക്കരണത്തിൻ്റെ മുമ്പുള്ള ഘട്ടത്തിൽ പ്രബലമായിരുന്ന സാസ്കാരിക ധാർമിക ആകുലതകളെ (ഇടതും വലതുമായ) സോഷ്യൽ മീഡിയ എങ്ങനെയാണോ വെല്ലുവിളിക്കുന്നത് അതിനു സമാനമായ സാഹചര്യമാണ് ഇതും. തൊപ്പിയുടെ തെറ്റിനെ മറികടക്കാൻ ഭൂതകാലത്തെ പുനരാനയിച്ചതുകൊണ്ട് കഴിയില്ല. അതൊരു വളർത്തുദോഷത്തിന്റെ ഒറ്റപ്പെട്ട പ്രശ്നമായി കാണുന്നത് ഭീമാബദ്ധവും ആയിരിക്കും. തൊപ്പി സാമൂഹ്യ രൂപത്തിന് സംഭവിക്കുന്ന മാറ്റത്തിൻ്റെ ലക്ഷണമാണ്​. അതിന്റെ വേരുകൾ കിടക്കുന്നത് വിപണിയിലേക്ക് എല്ലാം ഉൾച്ചേർക്കപ്പെടുന്ന ആഗോളമായ പശ്ചാത്തലത്തിലാണ്.

കമോഡിഫിക്കേഷൻ എന്നത് ധാർമികമായി നമുക്ക് ഉൾക്കൊള്ളാനോ തള്ളിക്കളയാനോ കഴിയുന്ന ഒരു കാര്യമല്ല. ഒരുഭാഗത്ത് അത് നമ്മെ പഴയ സാമൂഹ്യജീവിതത്തിൻ്റെ പൊതുസുരക്ഷിതത്വത്തിൽ നിന്ന് എടുത്തുമാറ്റി ‘വ്യക്തിപരമായ’ ഒറ്റയൊറ്റ തുരുത്തുകളാക്കി മാറ്റുന്നു. മറുഭാഗത്ത്, പഴയ മാതൃകയിലുള്ള പുരുഷകേന്ദ്രീകൃതവും സാമുദായികവുമായ ജീവിതം വെല്ലുവിളിക്കപ്പെടുകയും ‘സ്വതന്ത്രരായ വ്യക്തികൾ’ ജനിക്കുകയും ചെയ്യുന്നു. ഇതിനനുയോജ്യമായ തൊഴിലിടങ്ങളും കുടുംബ രൂപീകരണങ്ങളും ലൈഫ് സ്റ്റൈലും രൂപപ്പെട്ടുവരുന്നു. മതവും രാഷ്ട്രീയവും ഒക്കെ ഈ പ്രവണതയിൽ സ്വയം നവീകരിക്കേണ്ടി വരുന്നു. ജൻഡറും കൗമാരവും ഒക്കെ പൊളിറ്റിക്കൽ വിഷയങ്ങളായി ഉയർന്നുവരുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് ആപ്തവാക്യമായി സ്വീകരിക്കപ്പെടുന്ന സോഷ്യൽ മീഡിയ ഇടങ്ങളിൽ തന്നെ, പൊളിറ്റിക്കൽ കറക്റ്റ്നെസിനെ അർഥരഹിതമാക്കി മാറ്റി തൊപ്പിയെ പോലുള്ളവർ അവതരിക്കുന്നു. ഇത് സമഗ്രമായ മാറ്റമാണ്, ഒറ്റതിരിഞ്ഞ കാര്യമല്ല. എന്നാൽ നമ്മുടെ സമൂഹം അസന്തുലിതമായ തരത്തിലാണ് മുതലാളിത്തത്തിന് അനുയോജ്യമായ ഇത്തരം മാറ്റങ്ങളിലേക്ക് പ്രവേശിക്കുന്നത്. തൊപ്പി തന്നെയും അത്തരത്തിൽ അസന്തുലിതമായ ഒരു ആവിഷ്കാരമാണ്. തൊപ്പിയുടെ ശൈലിയിലുള്ള ഇൻ്റർനെറ്റ് ആവിഷ്കാരങ്ങൾ ഇവിടെ ധാർമിക ആകുലതകൾ സൃഷ്ടിക്കുന്നതുതന്നെ, ഈ അസന്തുലിതത്വത്തിൻ്റെ പശ്ചാത്തലത്തിലാണ് എന്നും കാണാം. അതിനെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന സാമൂഹ്യ ശക്തികൾ ഒരു ‘അമ്മാവൻ’ കാര്യം മാത്രമല്ല.

ചരക്കുവൽക്കരണത്തിൽ ഒളിഞ്ഞിരിക്കുന്ന ചൂഷണത്തെ ഏറെക്കുറെ പ്രതിരോധിച്ചുനിർത്തുന്ന കേരളത്തിൽ പോലും പുതിയ തരത്തിലുള്ള സാമൂഹ്യ രൂപീകരണം നടക്കുന്നു. ഇതുവരെ കണ്ടില്ലെന്ന് നടിച്ചിരുന്നതോ ഇതുവരെ മുഖ്യധാരയെ ആകർഷിക്കാതിരുന്നതോ ആയ വിഷയമേഖലകൾ ഇവിടെ അധിക പ്രാധാന്യം കൈവരിക്കുന്നു.

മാർക്കറ്റിൻ്റെ അധീശത്വത്തിന് മനുഷ്യനെ വിട്ടുകൊടുത്ത് അവനെ തന്നെ മറ്റൊരു ചരക്കാക്കി മാറ്റുന്ന പ്രക്രിയ കൂടിയാണ് ചരക്കുവൽക്കരണം. ഭാഷയെ പൊളിറ്റിക്കലി ഇൻകറക്റ്റ് ആക്കി മാറ്റുകയല്ല അത് ചെയ്യുന്നത്, സാമൂഹ്യബന്ധങ്ങളുടെ നൈസർഗികതയിൽ നിന്ന് മാറ്റി ഭാഷയെ മറ്റൊരു ചരക്കാക്കി മാറ്റുകയാണ് ചെയ്യുന്നത്. തൊപ്പി പൊളിറ്റിക്കലി ഇൻകറക്റ്റ് ആണെന്നതോ അതല്ല, പുതിയ ഒരു ആവിഷ്കാര രൂപം തന്നെ ആണെന്നതോ അല്ല പ്രശ്നം. മറിച്ച്, ചരക്കുവൽക്കരണത്തിൽ ഒളിഞ്ഞിരിക്കുന്ന ചൂഷണത്തെ ഏറെക്കുറെ പ്രതിരോധിച്ചുനിർത്തുന്ന കേരളത്തിൽ പോലും പുതിയ തരത്തിലുള്ള സാമൂഹ്യ രൂപീകരണം നടക്കുന്നു എന്നതാണ്. ഇതുവരെ കണ്ടില്ലെന്ന് നടിച്ചിരുന്നതോ ഇതുവരെ മുഖ്യധാരയെ ആകർഷിക്കാതിരുന്നതോ ആയ വിഷയമേഖലകൾ ഇവിടെ അധിക പ്രാധാന്യം കൈവരിക്കുന്നു. ഇതുവരെ ഇല്ലാതിരുന്ന പ്രവണതകൾ ഉയർന്നുവരുന്നു. ഇത് ഒരേസമയം ആശയക്കുഴപ്പവും കാൽപ്പനികമായ പ്രതികരണങ്ങളും സൃഷ്ടിക്കുന്നു. അതിനൊപ്പം അതിൻ്റെ വൈരുദ്ധ്യങ്ങളെ യാഥാർഥ്യബോധത്തോടെ നേരിടാൻ നമ്മൾ നിർബന്ധിതരാകുകയും ചെയ്യുന്നു. നമ്മുടെ സ്വകാര്യ ഇടങ്ങളിലേക്ക് വിപണി കടന്നുകയറുന്നു എന്നതിനപ്പുറം നമ്മുടെ സ്വകാര്യതയെ വിപണി അതിലേക്ക് ഉൾച്ചേർക്കുന്നു എന്നതാണ് സംഭവിക്കുന്നത്. ഇതാകട്ടെ മുതലാളിത്ത ചൂഷണത്തിൻ്റെ ബൃഹദ് യാഥാർഥ്യത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന കാര്യമല്ല. ആ യാഥാർഥ്യം സൃഷ്ടിക്കുന്ന വൈരുദ്ധ്യമാണ് തൊപ്പിമാരെ സൃഷ്ടിക്കുന്നതെങ്കിൽ, ആ വൈരുധ്യത്തെ നേരിടാൻ, മുൻകാലത്തെ ആത്യന്തികതയായി സങ്കൽപ്പിച്ചുകൊണ്ടുള്ള കാൽപ്പനികതയോ പുതുപ്രവണതകളെ മുതലാളിത്തം എന്ന കേന്ദ്ര പ്രമേയത്തിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് നടത്തുന്ന ഒറ്റ തിരിഞ്ഞ വായനകളോ സഹായിക്കില്ല.

Comments