ഡിജിറ്റൽ ലോകത്തെ ആണും കുട്ടിയും

കേരളത്തിന്റെ സാമൂഹ്യഘടനയില്‍ കുടുംബവും, മതവും ചേര്‍ന്ന് നിര്‍മിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ ആകെത്തുകയാണ് 'തൊപ്പി'. ആ മാനസിക പിരിമുറുക്കത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്ന നടപടി ഭരണകൂടം നടത്തുന്നത് ഇതേ സാമൂഹ്യഘടനയുടെ കൈയ്യടി വാങ്ങിക്കാനാണ്.

ളരെ ചുരുക്കം സാഹചര്യങ്ങളില്‍ മാത്രമാണ് ഒരു സമൂഹത്തിന്റെ മുഴുവന്‍ മാനസിക പിരിമുറുക്കങ്ങളും ഒരു സംഭവത്തിലൂടെ മറ നീക്കി പുറത്തുവരുന്നത്. സ്വകാര്യതയില്‍ മാത്രം ഒതുങ്ങി നില്‍ക്കാറുള്ള അത്തരം പിരിമുറുക്കങ്ങള്‍ പൊതു ഇടങ്ങളിലേക്ക് വളരുമ്പോള്‍, അത്തരം പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍, പൊതു ഇടങ്ങളില്‍ അവര്‍ ദൃശ്യരാവുമ്പോള്‍ - ഭരണകൂടം ഇടപെടുന്നു, സര്‍വ്വശക്തിയും ഉപയോഗിച്ച് അത്തരം പിരിമുറുക്കങ്ങളെ അടിച്ചമര്‍ത്തുന്നു. സമൂഹം നേരിടുന്ന വളരെ പ്രധാനമായ ഒരു പ്രതിസന്ധി സ്വകാര്യതയില്‍ നിന്ന്​ പൊതു ഇടങ്ങളിലേക്ക് വളരുന്ന സാഹചര്യം അരാജകത്വമോ വിപ്ലവമോ ആയി ചിന്തകര്‍ വായിച്ചിട്ടുണ്ട്. തൊപ്പിയുടെ പെട്ടെന്നുള്ള വളര്‍ച്ചയും, അറസ്റ്റും അത്തരമൊരു സംഭവമാണ്. 'തൊപ്പി'യുള്‍പ്പെടുന്ന ഡിജിറ്റല്‍ ലോകത്തെ മുന്‍നിര്‍ത്തിയുള്ള ഒരു സാമൂഹിക പരിശോധനയാണീ ലേഖനം.

ഡിജിറ്റല്‍ ഡിവൈഡും ഡിജിറ്റല്‍ ലിറ്ററസിയുമെല്ലാം ചര്‍ച്ചയാക്കുന്നതിനോടൊപ്പം 'ഡിജിറ്റല്‍എലീനേഷന്‍' എന്ന പ്രതിഭാസവും ചേര്‍ത്തുവെക്കേണ്ടത് ഇവിടെയാണ്.

25 വയസ്സ് മാത്രം പ്രായമുള്ള 'തൊപ്പി' ഡിജിറ്റല്‍ ലോകത്ത് ശ്രദ്ധ നേടിയെടുത്തത് ചുരുങ്ങിയ കാലയളവിലാണ്. ലൈവ് സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ റിയാക്ഷന്‍ എന്നിങ്ങനെ പല ഡിജിറ്റല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും മാത്രമായി ഒതുങ്ങിയേക്കാവുന്ന തൊപ്പി തന്റെ റെക്കോര്‍ഡഡ് ലൈവ് വീഡിയോസ് യു ട്യൂബില്‍ പോസ്റ്റ് ചെയ്യുന്നതോടെ ഗെയ്മിങ്ങില്‍ താല്‍പര്യമില്ലാത്തവര്‍ക്കിടയിലും ശ്രദ്ധേയനായി. പ്രശസ്തനായ ഒരു ഇ- സ്‌പോര്‍ട്‌സ് പ്ലേയര്‍ ആവണം എന്ന ആഗ്രഹം തൊപ്പി പലപ്പോഴായി തുറന്നുപറഞ്ഞിട്ടുമുണ്ട്. ലൈവായി ഗെയിം കളിക്കുമ്പോള്‍ സഹകളിക്കാരോടും, കാണികളോടുമായി തെറി പറയുക, ആക്രോശിക്കുക, സ്ത്രീവിരുദ്ധ, ഹോമോഫോബിക്ക്, ട്രാന്‍സ്ഫോബിക് പരാമര്‍ശങ്ങള്‍ നടത്തുക എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ തൊപ്പിയുടെ വീഡിയോകളില്‍ കാണാം. സ്വകാര്യ ജീവിതത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെ, സ്വന്തം സുഹൃത്തിന്റെ ആത്മഹത്യയെ, സ്വന്തം മാനസിക പിരിമുറുക്കങ്ങളെ ഒരു യുവാവ് ഒറ്റയ്ക്ക് നേരിടുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും മോശമായ അവസ്ഥ. 'ഞാന്‍ ലൈവില്‍ വരുമ്പോള്‍ മറ്റെല്ലാം മറക്കും, എന്റെ വ്യൂവേഴ്‌സ് പറയുന്നതെല്ലാം ഞാന്‍ ചെയ്യും', തൊപ്പി പറയുന്നു.

ഡിജിറ്റല്‍ ഡിവൈഡും ഡിജിറ്റല്‍ ലിറ്ററസിയുമെല്ലാം ചര്‍ച്ചയാക്കുന്നതിനോടൊപ്പം 'ഡിജിറ്റല്‍എലീനേഷന്‍' എന്ന പ്രതിഭാസവും ചേര്‍ത്തുവെക്കേണ്ടത് ഇവിടെയാണ്. യഥാര്‍ത്ഥ ജീവിതത്തിന് സമാന്തരമായി വര്‍ത്തിക്കുന്ന ഒരു പാരലല്‍ യൂണിവേഴ്സ്. കേരളത്തില്‍ പല തലമുറകള്‍ക്കിടയിലായി ഇത്തരം പല യൂണിവേഴ്സുകള്‍ നിലനില്‍ക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമുള്ള രക്ഷപ്പെടലാണ് ഓരോ യൂണിവേഴ്‌സും.

കേരളത്തിലെ ഡിജിറ്റല്‍ ലോകം മറ്റെല്ലാ സമൂഹത്തിലേയും പോലെയുള്ള ഒരു ബഹുജന സംസ്‌കാരത്തിന്റെ ലോകമാണ് (Mass Culture). സംസ്‌ക്കാരം എന്നാല്‍ പൈതൃകമായി ലഭിക്കുന്നതോ, ക്രിയാത്മകമായി നിര്‍മ്മിക്കുന്നതോ ആയ സംസ്‌ക്കാരമല്ല; മറിച്ച് ഒരു കൂട്ടം മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമുള്ള പൂര്‍ണമായ പിന്മാറലാണ് ഡിജിറ്റല്‍ ലോകത്തിന്റെ സംസ്‌ക്കാരം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യരും, കുട്ടികളും ആ ലോകത്ത് ഒത്തുചേരുന്നു. ഡിജിറ്റല്‍ ലോകം യഥാര്‍ത്ഥത്തില്‍ അത്തരം അന്യവല്‍ക്കരിക്കപ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെ പിരിമുറുക്കങ്ങളുടെ കൂടി ഇടമാണ്. ആ ഇടത്തിലെ പ്രധാനി തൊപ്പിയും.

'ഞാന്‍ ഒരിക്കലും ഫാമിലി ഫ്രണ്ട്ലി ആയ ഒരു മനുഷ്യനല്ല'- ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ തൊപ്പിയെന്ന നിഹാദ് ഇങ്ങനെ പറയുന്നുണ്ട്. കുടുംബം, മതം, ഭരണകൂടം എന്നീ സ്ഥാപനങ്ങളോട് തീരാത്ത അമര്‍ഷം ഈ ഡിജിറ്റല്‍ ലോകത്ത് നമുക്ക് കണ്ടെത്താം. ലിംഗാടിസ്ഥാനത്തില്‍ പൂര്‍ണമായും ഒരു ആണിടമായും ഈ ലോകത്തെ വായിച്ചെടുക്കാം. പാശ്ചാത്യ നാടുകളില്‍ 'manosphere' എന്ന് വിളിക്കാറുള്ള ഈ ഇടത്തില്‍ ആണ്‍കുട്ടികളും, പുരുഷന്മാരും സ്ത്രീകളെയും, മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളെയും മോശമായി ചിത്രീകരിക്കുകയോ, അവരെക്കുറിച്ച് മോശം തമാശകള്‍ നിര്‍മ്മിക്കുകയോ ചെയ്യുന്നു. ഇത്തരം തമാശകള്‍ക്ക് കിട്ടുന്ന സ്വീകാര്യത മറ്റെല്ലാ ഡിജിറ്റല്‍ലോകങ്ങളെയും സ്വാധീനിക്കും. കൂടുതല്‍ റീച്ചും, ഷെയറും ലഭിക്കുന്നതോടെ കൂടുതല്‍ മനുഷ്യരിലേക്ക് ഈ കൊണ്ടെൻറ്​ എത്തുന്നു. മറ്റൊരു ഘടകം വയലനസാണ്. തൊപ്പി തനിക്ക് കിട്ടിയ 'സില്‍വര്‍ പ്ലേ ബട്ടണ്‍' തകര്‍ക്കുന്നതും, സ്വന്തം ശരീരത്തെ മുറിപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ ലൈവില്‍ ചെയ്തിട്ടുണ്ട്. സ്വന്തം ശരീരത്തിന്‍മേലും, വാക്കുകളിലൂടെയും പ്രയോഗിക്കുന്ന വയലന്‍സ് ഈ ആണിടത്തിന്റെ സവിശേഷതയാണ്. തൊപ്പി തന്റെ അഭിമുഖത്തില്‍ സ്വന്തം പിതാവില്‍ നിന്ന്​ നേരിട്ട വയലന്‍സിനെ ഓര്‍ത്തെടുക്കുന്നുണ്ട്. തന്നെ ചുമരിലേക്ക് തള്ളുകയും, കൈയുടെ പിന്‍ഭാഗം ആണിയില്‍ കൊണ്ട് മുറിഞ്ഞതുമെല്ലാം അയാള്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സഹവിദ്യാര്‍ത്ഥികളില്‍ നിന്ന്​ നേരിട്ട അനുഭവങ്ങളും വയലന്‍സിന്റെ സ്വഭാവമുള്ളതാണ്.

ചെറുപ്പത്തില്‍ വീഡിയോ ഗെയിം വാങ്ങിക്കുന്നതിനായി പണം വീട്ടില്‍ നിന്ന്​ കിട്ടാതെ വന്നപ്പോള്‍ കടയില്‍ നിന്ന്​ മോഷ്ടിച്ച് ഓടിയെന്നും, നാട്ടുകാര്‍ കെട്ടിയിട്ട് തല്ലിയെന്നുമെല്ലാം തൊപ്പി അഭിമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഒരു സാധാരണ ആണ്‍കുട്ടി എത്ര തരത്തിലുള്ള വയലെന്‍സിന്റെ പെരുമാറ്റങ്ങള്‍ നേരിട്ടിട്ടാണ് പ്രായപൂര്‍ത്തിയാകുന്നത് എന്നാലോചിച്ചു നോക്കുക. വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഹിംസ മാത്രം ലഭിച്ച് ശീലിച്ചിട്ടുള്ള തൊപ്പി അതേ വയലന്‍സ് ഭാഷയിലും, ലൈവിലെ തന്റെ പെരുമാറ്റത്തിലും കൊണ്ടു വരുന്നു. ഏതാണ്ട് ഇതേ അമര്‍ഷം സ്‌കൂളിനോടും, വീട്ടുകാരോടും നാട്ടുകാരോടും തോന്നുന്ന ആണ്‍കുട്ടികള്‍ ഈ പെരുമാറ്റത്തോട് താദാത്മ്യം പ്രാപിക്കുന്നുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇതിന് ഇരയായി മാറുക. 'എനിക്ക് പെണ്ണില്ലടാ' എന്നുറക്കെ കരയുന്ന തൊപ്പിയെ നമുക്ക് ലൈവില്‍ കാണാം. ഒരേസമയം തന്നെ കളിയാക്കുകയും, എന്നാല്‍ അതേ അവസ്ഥയോര്‍ത്ത് വിഷമിക്കുകയും ചെയ്യുന്ന തൊപ്പി കേരളത്തിന്റെ 'manosphere' ന്റെ അടയാളമാണ്.

തൊപ്പിയെ അറസ്റ്റ് ചെയ്യുമ്പോഴും കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെ, ഇപ്പോഴും തൊപ്പിയെയോ അയാളെ പോലെയുള്ളവരെയോ കളിയാക്കാനോ, പുച്ഛിച്ച് തള്ളാനോ മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുള്ളത്.

മുഖ്യധാരയില്‍ 'ഫെമിനിസം' സജീവമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും, സ്ത്രീകള്‍ പല കാര്യങ്ങളില്‍ സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുമ്പോഴും ആണ്‍കുട്ടികള്‍ പതിയെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന്​ പിന്മാറി ഡിജിറ്റല്‍ ലോകത്ത് അഭയം തേടുന്നു. ഗെയിമിങ് സൈറ്റുകളില്‍ അവര്‍ക്ക് യുദ്ധം ചെയ്യാം, തൊപ്പിയെ പോലുള്ളവരുടെ ആക്രോശങ്ങളോ, തെറിവിളികളോ കേള്‍ക്കാം. ഒരു പ്രത്യേക കമ്മ്യൂണിറ്റിയായി ഇത്തരം ഗ്രൂപ്പുകള്‍ വളരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക സ്വാതന്ത്ര്യം, സമൂഹത്തിലുള്ള തങ്ങളുടെ മൂല്യം, മെച്ചപ്പെട്ട ജോലി എന്നിങ്ങനെ പല അളവുകോലുകളില്‍ തങ്ങള്‍ പിന്നിലാണ് എന്ന് തോന്നുന്നവര്‍ ഇവിടെയെത്തുന്നു. സ്ത്രീകളെയും മറ്റും കളിയാക്കിയും, കുറ്റം പറഞ്ഞും അവര്‍ താല്‍ക്കാലിക സുഖം കണ്ടെത്തുന്നു. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്‌ക്കാരവും പ്രധാനമാണ്. സംസാരരീതിയില്‍ തുടങ്ങുന്ന മാറ്റങ്ങള്‍ പിന്നീട് പെരുമാറ്റത്തിലേക്കും ചിന്തയിലേക്കും വളരുന്നു. എന്നാല്‍ നാളുകളായി സ്വകാര്യതയില്‍ നിറഞ്ഞു നിന്നിരുന്നു ഈ സംസ്‌ക്കാരം പതിയെ പൊതു ഇടങ്ങളിലേക്ക് വളര്‍ന്നപ്പോഴാണ് ഭരണകൂടം ഇത് തിരിച്ചറിയുന്നത്.

വളാഞ്ചേരിയില്‍ ഒരു കടയുടെ ഉത്ഘാടനത്തിന്​ തൊപ്പി എത്തിയപ്പോള്‍ മറ്റേതൊരു സെലിബ്രിറ്റി വരുന്നതില്‍ നിന്നും വ്യത്യസ്തമായി കാണുന്നത് തൊപ്പി പ്രതിനിധാനം ചെയ്യുന്ന ഡിജിറ്റല്‍ സംസ്‌കാരത്തിന് ലഭിക്കുന്ന ദൃശ്യതയാണ്. അശ്ലീലം എന്ന് മുദ്ര കുത്തുമ്പോഴും അതിന്റെ ഉറവിടം മോശം വീട്ടുകാരും, മതവും, നാട്ടുകാരും ചേര്‍ന്ന് നല്‍കിയ ശിക്ഷണത്തില്‍ നിന്നുമാണ്. കുട്ടിയായിരുന്നപ്പോള്‍ തൊപ്പിയെ വീട്ടുകാരും നാട്ടുകാരും മര്‍ദിച്ചപ്പോള്‍ അയാള്‍ ഉള്‍വലിഞ്ഞു, സുഹൃത്ത് ആത്മഹത്യ ചെയ്തശേഷം അഞ്ചു കൊല്ലത്തോളം ഒരേ മുറിയില്‍ അടച്ചിരുന്ന അയാള്‍, ഡിജിറ്റല്‍ ലോകത്ത് ഒരു താരമായി മാറിയത് അയാളെ പോലെ ഒരു ഭൂരിപക്ഷം ഇവിടെ ജീവിക്കുന്നു എന്നുള്ളതുകൊണ്ടാണ്. തൊപ്പിയെ അറസ്റ്റ് ചെയ്യുമ്പോഴും കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെ, ഇപ്പോഴും തൊപ്പിയെയോ അയാളെ പോലെയുള്ളവരെയോ കളിയാക്കാനോ, പുച്ഛിച്ച് തള്ളാനോ മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ നിന്നു മാറി തൊപ്പി വളര്‍ന്നുവന്ന സാഹചര്യത്തെ മനസിലാക്കാനോ, ആണ്‍കുട്ടികള്‍ക്കിടയില്‍ അയാള്‍ എന്തുകൊണ്ട്​ സ്വീകാര്യനാകുന്നു എന്നോ ആരും ചിന്തിക്കുന്നില്ല. കേരളത്തിന്റെ സാമൂഹ്യഘടനയില്‍ കുടുംബവും, മതവും ചേര്‍ന്ന് നിര്‍മിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ ആകെത്തുകയാണ് 'തൊപ്പി'. ആ മാനസിക പിരിമുറുക്കത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്ന നടപടി ഭരണകൂടം നടത്തുന്നത് ഇതേ സാമൂഹ്യഘടനയുടെ കൈയ്യടി വാങ്ങിക്കാനാണ്​, ഒപ്പം തങ്ങളുടെ കൂട്ടര്‍ ചെയ്തുവെച്ച അധാര്‍മികതയും അനീതിയും മറച്ചുവെക്കാനും.

Comments