‘മോൾടെ വിവാഹവാർഷികമല്ലേ, എന്താ വേണ്ടത്? ഉണക്കലരിപ്പായസം? പരിപ്പ്?പപ്പടം? അവിയൽ?'‘വേണ്ട അമ്മേ, ഞാൻ ബർഗർ വാങ്ങിക്കഴിച്ചോളാം, ഉച്ചക്ക്.'‘ചേട്ടനും ചേച്ചിയും വരും രാത്രിയിൽ, പായസമായാലോ?'‘വേണ്ട അമ്മേ, പൊറോട്ടയും ബീഫും മതി.’
മോൾ പണ്ടും ഇങ്ങനെയാ.
ഞാൻ കോളേജിലേക്കിറങ്ങുമ്പോൾ എന്റെ മുന്നിൽ വന്ന് കൈ തൊഴുതു പിടിച്ച്യാചിക്കുന്നതു പോലെ അഭിനയിച്ചു പറയും; ‘അമ്മ വൈകുന്നേരം വരുമ്പോൾ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും കൊണ്ടുവരണേ. വായ്ക്കു രുചിയുള്ളത്.’
അവൾക്കെന്നും സന്തോഷമാണ് പ്രധാനം. എനിക്ക് അവളുടെ സന്തോഷമാണ് സർവപ്രധാനം. എന്നാൽ ഈയിടെയായി ഞാൻ ഭക്ഷണത്തിലെ ആരോഗ്യശീലങ്ങൾ കൂടി ശ്രദ്ധിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. മക്കൾ രുചി ഭേദങ്ങളിൽ അർമാദിക്കുന്നു.
അടുക്കള എന്ന സ്വകാര്യസ്ഥലത്തിന്റെ ഇരുട്ടും ഇടുക്കവും ഞെരുക്കവുമാണ് പല സാമൂഹിക സമ്മർദ്ദങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നത്. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കഠിനമായ ജീവിതാസക്തിയുണ്ടാകണം
ചെറിയ ചെറിയ സന്തോഷങ്ങളിലാണ് സങ്കീർണമായ ജീവിതത്തിന്റെ രക്ഷ. രുചിയറിയാനുള്ള നാവിന്റെ കൊതി അടക്കുക അത്രയെളുപ്പമല്ല. അടുക്കളയിൽ എന്തെല്ലാം അത്ഭുതങ്ങളാണ് നടക്കുന്നത്! പച്ചവെള്ളം മുന്തിരിച്ചാറാകുന്നു. അഞ്ചപ്പത്തിൽ അനേകർ സന്തുഷ്ടരാകുന്നു. അനുഭവം കൊണ്ട് കൈവരുന്ന വെറുമൊരു കൈമിടുക്ക് മാത്രമല്ല അത്. തീൻമേശ ഒരു അൾത്താരയാണ് എന്ന് പ്രശസ്ത ഫെമിനിസ്റ്റ് ജെമൈൻ ഗ്രിയർ പറഞ്ഞത് ശരിയാണ്. പാചകം കലയും ശാസ്ത്രവും ആണ് . അതിന് വലിയ സാമൂഹ്യ പ്രാധാന്യവുമുണ്ട്.
അടുക്കള എന്ന സ്വകാര്യസ്ഥലത്തിന്റെ ഇരുട്ടും ഇടുക്കവും ഞെരുക്കവുമാണ് പല സാമൂഹിക സമ്മർദ്ദങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നത്. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കഠിനമായ ജീവിതാസക്തിയുണ്ടാകണം. തീവ്രമായ ഉത്കർഷേച്ഛയുണ്ടായിരിക്കണം. സ്വപ്നങ്ങളുണ്ടായിരിക്കണം. പോഷകാംശങ്ങൾ ധാരാളം സംഭരിച്ചിട്ടുള്ള ഒരു പരീക്ഷണശാലയിൽ ഇങ്ങനെ കെട്ടിയിട്ട നാൽക്കാലിയെപ്പോലെ പരിക്ഷീണയായി മണിക്കൂറുകൾ ചെലവഴിക്കേണ്ടതില്ലെന്ന തിരിച്ചറിവുണ്ടായി തുടങ്ങിയിരിക്കുന്നു സ്ത്രീകൾക്ക്.
ഒരു നിർബ്ബന്ധിത ജോലി ആകാത്തപ്പോഴൊക്കെ പാചകം പോലെ ഞാനിത്രയേറെ ആസ്വദിച്ചു ചെയ്യുന്ന മറ്റൊരു പണിയുമില്ല. വീട്ടിൽ വിരുന്നുകാരെ സൽക്കരിക്കാനോ, വീട്ടിലുള്ളവരെ തീറ്റിപ്പോറ്റി സംരക്ഷിക്കാനോ പാത്രം കഴുകി അടുക്കള തുടച്ചിടാനോ ഉള്ള ത്വരയൊന്നും തീരെയില്ലാത്തയാളാണ് ഞാൻ. അതൊക്കെ ഒരു ചടങ്ങിനങ്ങു ചെയ്യും. വിരുന്നുകാരെ ധാരാളമായി സൽക്കരിക്കുന്ന വലിയ അടുക്കളയുള്ള വീടുകൾ ഒരു ഭയപ്പാടോടെ മാത്രമേ ഞാൻ കാണാറുള്ളു. ഒരൂണിന് ഒരു കറിയിൽ കൂടുതലൊന്നും എനിക്കാവതില്ല. പാചകം എനിക്കധ്വാനമാകരുത്. ആനന്ദമാകണം. ഊണു കഴിഞ്ഞാലും വിയർക്കാതെ പാട്ടുംപാടി ഉറങ്ങണം.
കവിയും നാവികനുമായ നിരഞ്ജന്റെ ‘കേരളത്തിന്റെ മൈദാത്മകത - വറുത്തരച്ച ചരിത്രത്തോടൊപ്പം' എന്ന പുസ്തകം വായിക്കാനെടുത്ത അന്ന് അവിയലിന്റെ ചരിത്രവും ബഹുസ്വരതയുടെ വേവു പാകങ്ങളും വായിച്ച് , നിന്ന നിൽപിൽ കടയിലേക്കോടി കാവ്യവൃത്തങ്ങളിൽ ചേർന്നുപോകാവുന്ന പച്ചക്കറികളെല്ലാം വാങ്ങിക്കൊണ്ടുവന്ന്, അലർമേൽ വള്ളിയുടെ നൃത്തലാസ്യഭംഗിയിൽ ഇളകിയിളകി ഇളം മഞ്ഞ നിറമുള്ള അവിയലുണ്ടാക്കി. രാഷ്ട്രീയവും ചരിത്രവും സാമ്പത്തികശാസ്ത്രവും ജീവശാസ്ത്രവും പാട്ടും സംഗീതവും പലയളവിൽ ചേർത്ത് പാകപ്പെടുത്തിയെടുത്ത ഒരു എഴുത്തുകാരന്റെ അടുക്കളയാണ് ഈ പുസ്തകം.
ആ ഊർജ്ജത്തിൽ പിറ്റേന്നുരാവിലെ തേങ്ങ ചിരകിയതും അവൽ വിളയിച്ചതും ഇടകലർത്തി ചേർത്ത്, പുട്ട് എന്ന നിരഞ്ജന്റെ ഭാഷയിലെ സുസ്ഥിര മലയാളത്തിന്റെ വൃത്തസ്തംഭത്തെ പണി കഴിച്ചു.
1987 ലാണ് കോട്ടയത്തെ ആനന്ദമന്ദിരത്തിലിരുന്ന് മെനു കാർഡിൽ steam bomb എന്നുവായിച്ച്, അതെന്തായിരിക്കുമെന്നാലോചിച്ച് ആകാംക്ഷയോടെ കാത്തിരുന്നത്. നമ്മുടെ നാടൻ ചിരട്ടപ്പുട്ടുമായി യൂണിഫോമിട്ട വെയിറ്റർ വന്നതും ജാള്യം മറയ്ക്കാതെ അയാളെ നോക്കി ചിരിച്ചു ഞാൻ. ഇന്ന് നഗരങ്ങളിലെല്ലാം കാണുന്ന പുട്ടുഹൗസുകൾ കാണുമ്പോൾ അന്നത്തെ steam bomb ഞാനോർമിക്കും. പുട്ടിനോളം എന്നെ ദുർബ്ബലയാക്കാൻ കഴിയുന്ന ഒന്നും ഈ ഭൂമുഖത്തില്ല. രണ്ടു പഴവും ഒരു സ്പൂൺ പഞ്ചസാരയും പുട്ടും ചേർത്ത് ഒമർ ഖയ്യാം ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല.
ഫേസ്ബുക്കിൽ സജീവമായശേഷം പാചകത്തിൽത്തന്നെ എനിക്ക് വലിയൊരു വളർച്ച സംഭവിച്ചുവെന്നു പറയാം. ഞാൻ അൻപതിനായിരത്തോളം വരുന്ന എന്റെ followers നെ മുന്നിൽക്കണ്ട് ഓട്ടടയും മാമ്പഴപ്പുളിശ്ശേരിയും മില്ലെറ്റ് ഇഡലിയും ചീരക്കറിയും ഉണ്ടാക്കിത്തുടങ്ങി.
പ്രസവിച്ചു കിടക്കുന്ന ദിവസങ്ങളിൽ അമ്മയുണ്ടാക്കിത്തന്നിരുന്ന മൊളോഷ്യം ആണ് ഓർമയിലെ മറ്റൊരു ഗൃഹാതുരരുചി. ഏത്തക്കായിട്ട് വേവിച്ച് മുളകും തേങ്ങയും ജീരകവും അരച്ച് കൊടംപുളിയിട്ടു തിളപ്പിച്ചുണ്ടാക്കുന്ന ആ കറിക്ക് കോഴിക്കോട്ടെ അമ്മ മെസ്സിൽ കിട്ടുന്ന പച്ചക്കറി എന്ന പേരുള്ള തേങ്ങയരച്ച പച്ചമീൻ കറിയുടെ വിദൂരസ്വാദുണ്ട് എന്ന കണ്ടുപിടുത്തത്തിനു ശേഷം അമ്മ മെസ്സിലെ ഊണ് ഒരു വൻ പ്രലോഭനമാണെനിക്ക്.
നല്ല നെയ്യിൽ മൊരിച്ചെടുത്ത ഏത്തപ്പഴത്തിന്റെ അവാച്യമായ സ്വാദറിയാതെ ജീവിതം പൂർണമാകുന്നില്ല. അങ്ങനെ ഞാൻ അടുക്കളയിൽ ചെന്ന് നന്നായി പഴുത്ത ഒരു ഏത്തപ്പഴമെടുത്ത് നാലായി മുറിക്കുന്നു. ദോശക്കല്ലിൽ നെയ്യ് പുരട്ടി പഴം തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുന്നു. രണ്ടു വശവും മൊരിഞ്ഞ് ബ്രൗൺ നിറമാകുന്ന പഴം പ്ലേറ്റിലേക്ക് മാറ്റി രണ്ടു വശത്തും പഞ്ചസാരയും വിതറി കഴിക്കുന്നു. മതിയാക്കാൻ നാവ് സമ്മതിക്കുന്നില്ല.
എങ്ങനെ ഇത്തരം ഭക്ഷണത്തിന്റെ വിശിഷ്ടരുചികൾ മറ്റൊരാൾക്ക്പങ്കുവെക്കാമെന്നൊക്കെ ആലോചിച്ചിരിക്കുന്ന കാലത്താണ് എന്റെ ഫേസ്ബുക്ക് ജീവിതം തുടങ്ങുന്നത്. മറ്റുള്ളവരുടെ കൺവെട്ടത്തു നിന്ന് സ്വയം മറഞ്ഞു നിൽക്കേണ്ടവളെന്ന അടുക്കളക്കാരീഭാവത്തിന്റെ മുഷിപ്പുകളെ എറിഞ്ഞു കളയാനുള്ള ആത്മവിശ്വാസം സ്ത്രീകൾ നേടിയെടുക്കാൻ തുടങ്ങിയ കാലമെന്ന് ഞാനതിനെ പറയും. ഇഷ്ടവേഷങ്ങളിൽ സെൽഫിയെടുത്ത്, എങ്ങനെ ഭംഗിയുള്ള ഒരു ദിവസം തുടങ്ങണമെന്ന പ്രസരിപ്പിൽ അടുക്കളകളിൽ നിന്ന് സോഷ്യൽ മീഡിയയുടെ നിറപ്പകിട്ടാർന്ന അരങ്ങുകളിലേക്കവർ ഒരു കുതിപ്പായിരുന്നു.
പാചകമെഴുതാൻ ഭാഷക്ക് വേറൊരു ഗന്ധം വേണം . രുചിയുടെ മറ്റൊരു ഭാഷ വേണം. ചേരുവകൾ ഒക്കണം. തവിയിൽ കറിയെടുത്ത് രുചിച്ചു നോക്കുന്നതു പോലെ, ഉപ്പും കുരുമുളകും പുളിയും മധുരവും വീണ്ടും വീണ്ടും ചേർത്തു ചേർത്ത് ഭാഷയെ വേറൊന്നാക്കിയെടുക്കണം. ഫേസ്ബുക്കിൽ പാചകക്കുറിപ്പെഴുതുമ്പോൾ ഞാൻ ഇത് ഒരു വെല്ലുവിളിയായി എടുക്കാറുണ്ട്. അതേ, അതാണ് സത്യം!
ഭാഷയിൽ എങ്ങനെ രുചി നിറയ്ക്കാമെന്നത് ഒരു പരീക്ഷണമാണ്. പാചകമെഴുത്ത് പാചകത്തേക്കാൾ രുചികരമാക്കാൻ കഴിയുമോ എന്നത് ഒരു മികച്ച പരിശ്രമമാണ്. തേങ്ങ ചുട്ടരക്കുന്ന ചമ്മന്തിയിൽ എണ്ണ കിനിഞ്ഞു വരുന്നതും നിറം ബ്രൗണാകുന്നതും എഴുത്തിലും വരണം. കറിവേപ്പില മൂപ്പിക്കുന്ന മണം മുന്നിലെത്തണം. ഘ്രാണബിംബങ്ങളിലൂടെ രസനേന്ദ്രിയത്തെ ഉണർത്തണം. കറിയുടെ ദൃശ്യഭംഗി ഭാഷയിൽ നിറയണം . അടുക്കളയില്ലാതെ തന്നെ രുചികളിലേക്ക് ക്ഷണിക്കാൻ പാചകമെഴുത്തിനു കഴിയും. ഫേസ്ബുക്കിൽ സജീവമായശേഷം പാചകത്തിൽത്തന്നെ എനിക്ക് വലിയൊരു വളർച്ച സംഭവിച്ചുവെന്നു പറയാം. ഞാൻ അൻപതിനായിരത്തോളം വരുന്ന എന്റെ followers നെ മുന്നിൽക്കണ്ട് ഓട്ടടയും മാമ്പഴപ്പുളിശ്ശേരിയും മില്ലെറ്റ് ഇഡലിയും ചീരക്കറിയും ഉണ്ടാക്കിത്തുടങ്ങി. അന്നു മുതൽ ഒരു പുതിയ വിഭവം കണ്ടെത്തിക്കഴിയുമ്പോഴുള്ള എന്റെ ആനന്ദം ആകാശത്ത് പുതിയ നക്ഷത്രത്തെ കണ്ടെത്തിയ ജ്യോതിശ്ശാസ്ത്രജ്ഞരുടേതിനുതുല്യമാണ്. ആകാശത്ത് എത്രയധികം നക്ഷത്രമുണ്ടെങ്കിലും പുതിയതൊന്ന് കണ്ടെത്തുക ശാസ്ത്രജ്ഞർക്ക് എത്ര ആഹ്ലാദകരമാണ്. അപ്പോൾ തന്നെ സോഷ്യൽ മീഡിയ വഴി എന്റെ കണ്ടെത്തൽ ലോകത്തെ അറിയിച്ചിരിക്കും.
കലകളിൽ വെച്ചേറ്റവും മികച്ച കല പാചകകലയാണെന്ന് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് ഉമ്മി അബ്ദുല്ലയുടെ പാചക പുസ്തകത്തിനുള്ള അവതാരികയിലാണ്. സ്വയം പ്രകാശിപ്പിക്കാനും ആവിഷ്‌കരിക്കാനും മനുഷ്യനെ സഹായിക്കുന്ന മറ്റൊരു ഭാഷയാണ് പാചകവും. ഭക്ഷണത്തെപ്പറ്റി രൂപപ്പെടുത്തിവെച്ചിരിക്കുന്ന ആശയവും തന്നെപ്പറ്റിയും പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനത്തെപ്പറ്റിയുമുള്ള ബോധവും തമ്മിൽ എന്തോ ഒരു ബന്ധമുണ്ടാകാം എന്ന് ലെവി-സ്‌ട്രോസ് വാദിക്കുന്നതും അതുകൊണ്ടാകാം. ജീവിക്കാനായി ഉള്ളിലേക്ക് എടുക്കുന്ന ആഹാരം തന്നിൽ ഉൾച്ചേർന്ന് താൻ തന്നെയായി മാറുന്നു. ഒരു ജനതയുടെ ആഹാരശീലങ്ങളും ലോകത്തെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടും അങ്ങനെ ഒന്നാകുന്നു.
‘പൊടിയരിയാൽ ചോറു വെച്ചു ചൂടു പാകമാക്കി
ഉരുകിയ നെയ് കോരി വീഴ്ത്തി സ്‌നിഗ്ദ്ധതരമാക്കി
പല കറികൾ പാകമായൊരുക്കിയവനുണ്ണാൻ '
എന്നെഴുതിയ ഇടശ്ശേരിയാണ് ആദ്യമായി ഘ്രാണബിംബങ്ങളുടെ വശ്യശക്തിയിലൂടെ എന്റെ നാവിൽ രുചിയുടെ നനവുണർത്തിയത്.
‘കാച്ചിയ മോരൊഴിച്ചൊപ്പി വടിച്ചിട്ട്
കാക്കേ പൂച്ചേ പാട്ടുകൾ പാടീട്ട്
മാനത്തമ്പിളി മാമനെക്കാട്ടീട്ട്
മാമു കൊടുക്കുന്നു നങ്ങേലി '
എന്നു പാടി ഞാൻ സ്വയം രുചിച്ച് വടിച്ച് ഭക്ഷിക്കുമായിരുന്നു.
ഇപ്പോഴത്തെ എന്റെയടുക്കളയിൽ വേഗത്തിൽ പണിതീർത്ത് മുൻവശത്തു വന്നിരിക്കുക എന്നല്ലാതെ എനിക്കു മറ്റൊന്നുമാവശ്യമില്ല. എന്റെ വേഗതയിൽ കാര്യങ്ങൾ ചെയ്യാനറിയാത്തവരെയും കൂട്ടി ഒരു യാത്ര പോലുമെനിക്ക് പറ്റില്ല.
നല്ല രുചിയും ഗന്ധവുമുള്ള ആഹാരത്തിന് മനുഷ്യരെ സ്വയം സന്തുഷ്ടരും സംതൃപ്തരുമാക്കി നിലനിർത്താനുള്ള അപാരശക്തിയുണ്ട്. അപ്പോൾ പിന്നെ പാചകം പഠിക്കുന്നതിനേക്കാൾ പ്രാധാന്യം ശാസ്ത്രം പഠിക്കുന്നതിനു നൽകേണ്ടതുണ്ടോ എന്ന് പോലും ഞാൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്!
നല്ല സാരിയുടുത്ത് കണ്ണാടിക്കു മുന്നിൽ നിന്ന് മുടി കെട്ടി സ്വയം അലങ്കരിച്ച് ഒരുങ്ങുന്നതു പോലെ, അച്ചടിക്കുന്നതിനു മുൻപ്, എഴുതിത്തീർത്ത സ്വന്തം ലേഖനത്തിൽ നോക്കിയിരുന്ന് എഡിറ്റിങ് ചെയ്യുന്നതുപോലെ തികച്ചും സർഗ്ഗാത്മകമായ ഒരു ആനന്ദമാണ് അടുക്കള എനിക്ക്. എന്റെ സന്തുഷ്ടിയും സന്തോഷവും ഉന്മാദവും ഏറ്റവുമധികം ആവശ്യപ്പെടുന്ന ഒരിടമായിരിക്കണം എന്റെ അടുക്കള. സാറാ ജോസഫ് പറഞ്ഞതാണ് ശരി. അവിടെ എന്റെ ചിന്തകളിന്മേൽ അമ്മിക്കല്ലും ആട്ടുകല്ലും വന്നു വീഴാൻ പാടില്ല.
ടി. വി. കൊച്ചുബാവയുടെ അടുക്കളക്കഥയിലെ കോകിലയെ പോലെ പ്രാകിയും തലക്കടിച്ചും ഒരു കാലത്ത് അടുക്കളയെ സമീപിച്ചിരുന്ന ഞാൻ എങ്ങനെ അടുക്കളയെ എന്റെ നൃത്തമണ്ഡപമാക്കി മാറ്റി എന്ന് ആലോചിക്കുകയാണ്. പ്രഭാതത്തിൽ ഈളയൊലിപ്പിച്ചും ദുർഗ്ഗന്ധം വമിച്ചും കിടക്കുന്ന ഒരു വൃത്തികെട്ട അടുക്കള എന്റെയും ഓർമയിലുണ്ട്. നിത്യവും കണ്ണുനീരൊലിപ്പിച്ച് ഞാൻ തേങ്ങ ചിരകിയിരുന്ന ആ ചിരവയെടുത്ത് തലക്കെറിഞ്ഞു ഞാൻ തന്നെ കൊന്നുകളഞ്ഞ ഒരു ശാരദക്കുട്ടിയുണ്ടവിടെ. അത് ഏതൊരിന്ത്യൻ സ്ത്രീയുടെയും അടുക്കള തന്നെയായതിനാൽ പറഞ്ഞു വീണ്ടും നാറ്റിക്കേണ്ടതില്ല. ഗ്രേറ്റ് ഇൻഡ്യൻ കിച്ചണിൽ നിമിഷാ സജയൻ കൈയ്യിട്ടു കോരി ആൺകോയ്മയുടെ മുഖത്തേക്ക് തെറിപ്പിച്ച ആ മലിനജലത്തിന്റെ കഥ ഇനി ആവർത്തിക്കേണ്ടതില്ലല്ലോ.
ഇപ്പോഴത്തെ എന്റെയടുക്കളയിൽ വേഗത്തിൽ പണിതീർത്ത് മുൻവശത്തു വന്നിരിക്കുക എന്നല്ലാതെ എനിക്കു മറ്റൊന്നുമാവശ്യമില്ല. എന്റെ വേഗതയിൽ കാര്യങ്ങൾ ചെയ്യാനറിയാത്തവരെയും കൂട്ടി ഒരു യാത്ര പോലുമെനിക്ക് പറ്റില്ല. പിന്നെയല്ലേ അടുക്കള. ഞാനിറങ്ങിയതിനു ശേഷം ആർക്കും അവരവർക്കിഷ്ടമുള്ളതൊക്കെ ചെയ്യാൻ അതവിടെ തുറന്നുകിടപ്പുണ്ട്. പതിവുപോലെ, ജീവൻ കിടക്കാനുള്ളതൊക്കെ ഞാനുണ്ടാക്കും. സ്‌പെഷൽ വേണ്ടവർക്ക് അതാകാം. കൂട്ടുനിൽക്കാൻ ഞാനുണ്ടാവില്ല. സഹായിക്കാൻ ഞാനുണ്ടാവില്ല, എന്നെ സഹായിക്കാനാരും വരികയും വേണ്ട.
പാരമ്പര്യത്തിന്റെയും പൗരാണികതയുടെയും ഗന്ധങ്ങൾ കെട്ടിക്കിടക്കുന്ന അടുക്കളകളിൽ എനിക്കു തീരെ താത്പര്യമില്ല. ‘ഒരിക്കൽ നീ എന്റെ കരിപിടിച്ച വേവുനിലമായിരുന്നു’ എന്ന് ഇടക്കിടെ ഇപ്പോഴത്തെ എന്റെ ഈ ലോകത്തിന്റെ കവിളിൽത്തട്ടി ഞാൻ പറയാറുണ്ട്. ഇനി എന്റെ മുഖത്ത് വടുക്കൾ വീഴ്ത്താൻ അടുക്കളക്കാവില്ല എന്ന് എനിക്കുറപ്പുണ്ട്. ദൗർഭാഗ്യത്തിന്റെ ഉരൽപ്പുരകളാണ് മനുഷ്യരെ മാണിക്യക്കല്ലുകളാക്കി മാറ്റിയെടുക്കുന്നതെന്ന് ഹോചിമിന്റെ ഒരു കവിതയുണ്ട്.
വീടുകളിലെ പ്രത്യക്ഷത്തിൽ ലളിതമെന്നു തോന്നാവുന്ന പ്രവൃത്തികളിലെല്ലാം സങ്കീർണമായ പല തലങ്ങളുമുണ്ട്. കഴിഞ്ഞകാലത്തുനിന്ന് നമ്മുടെ മുന്നിലെത്തുന്ന ഈ ഓർമകളുടെ ശകലങ്ങളിൽ നിന്നുമെങ്ങനെയാണ് നമ്മൾ നമ്മുടെ കാലത്തെ സമീപിക്കേണ്ടത് എന്നതാണ് വിഷയം. അടുക്കളയിൽ എങ്ങനെയാകരുത്, എങ്ങനെയാകണം എന്നു തീരുമാനിക്കുന്നതിന് ഇന്ന്, പണ്ടത്തെ അപേക്ഷിച്ച് വ്യക്തിപരമായ സാധ്യതകൾ നിരവധിയാണ്. കൃത്യമായി, ആസൂത്രിതമായി സംരക്ഷിക്കപ്പെട്ടു പോന്നിരുന്ന ഒരു അടുക്കളമൂല്യവ്യവസ്ഥയെ അട്ടിമറിക്കൽ അത്രയെളുപ്പമൊന്നുമല്ല എങ്കിലും ‘എനിക്കിന്ന് ഒന്നും ഉണ്ടാക്കാൻ വയ്യ ' എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട് സ്ത്രീകൾ എന്നത് എന്നെ വളരെയധികം ആഹ്ലാദിപ്പിക്കുന്നു. നവീകരിക്കപ്പെട്ട അടുക്കളയെ, അതിന്റെ രുചിഭേദങ്ങളെ, വിവിധ ഗന്ധങ്ങളെ എളുപ്പവഴികളെ, പാചകത്തിൽ കൂടെക്കൂടാൻ വെമ്പുന്ന ജീവിതപങ്കാളിയെ ഒക്കെ പുതു തലമുറ സഹർഷം സ്വാഗതം ചെയ്യുന്നു. എനിക്കു പാചകമറിയില്ല , നിനക്കറിയാമല്ലോ എന്ന് ജീവിത പങ്കാളിയോട് പെൺകുട്ടികൾ സരസലളിതമായി സംസാരിച്ചുകൊണ്ട് ജീവിതം തുടങ്ങുന്നു. ഡിഷ് വാഷർ വിപണിയിലിറങ്ങിയാൽ കെട്ടുതാലി പണയംവച്ചും അത് വാങ്ങണമെന്ന് കുലാംഗനമാരും ആഗ്രഹിക്കുന്നു. ഞങ്ങളുടെ കൈകൾക്ക് പണ്ടുണ്ടായിരുന്ന അതിന്റെ ചന്തവും മിനുമിനുപ്പും വീണ്ടെടുക്കാൻ ആഗ്രഹമുണ്ട് എന്നവർ തങ്ങളുടെ മൂന്നാംലോകത്ത് നിന്നൊരു വിടുതലിനൊരുങ്ങുന്നു.
ഒരു സങ്കൽപം മാത്രമായിരുന്ന കമ്യൂണിറ്റി കിച്ചണുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു. വീട്ടിലെ ഊണ്, അമ്മയുടെ അടുക്കള, അമ്മ മെസ് ഒക്കെ പൊതുഭക്ഷണശാലകളുടെ പേരുകളാണിന്ന്. മികച്ച പ്രഫഷനലുകളാണിന്ന് വെപ്പുകാരും വിളമ്പുകാരും.
അടുക്കളയുടെ സാമ്പത്തികനിയന്ത്രണമാണ് കുടുംബത്തിന്റെ ഭദ്രതയുടെ അടിത്തറയെന്നും അത്പെൺബുദ്ധിയിലുറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ള പാഠം ഇന്ന് മാറിമറിയുന്നു.
പഴയതു പോലെ ഇന്ന് പെൺകുഞ്ഞുങ്ങൾ അടുക്കള കളിക്കാറില്ലെന്നു തോന്നുന്നു. പണ്ടെന്നതുപോലെ അടുക്കളക്കുവേണ്ടി പെൺകുട്ടികളെ തയ്യാറെടുപ്പിക്കാറുമില്ല അമ്മമാർ. വേണ്ടത് ആവശ്യം വരുമ്പോൾ തനിയെ പഠിച്ചുകൊള്ളും എന്നാണ്പെൺകുട്ടികളും അമ്മമാരും വിചാരിക്കുന്നത്. ‘‘വല്ലിക്കാക്കാ, രൂപയായിട്ടു എനിക്ക് ഒന്നും തരേണ്ട, പാത്രങ്ങൾ വാങ്ങിച്ചു തന്നാൽ മതി. അതും ഇപ്പോൾ വേണ്ട, ഞങ്ങൾ മാറിത്താമാസിക്കുമ്പോൾ മതി. ഈ വിവരം ഇത്താത്ത അറിയണ്ട''- പാത്തുമ്മയുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി വെറുമൊരു കഥയല്ല. ബഷീറിന്റെ ജീവിതകഥയാണ്. കേരളത്തിലെ ഇടത്തരം വീടിന്റെ സാമ്പത്തികശീലങ്ങളാണ് ആ കഥയിലുള്ളത്. അടുക്കളയുടെ സാമ്പത്തികനിയന്ത്രണമാണ് കുടുംബത്തിന്റെ ഭദ്രതയുടെ അടിത്തറയെന്നും അത്പെൺബുദ്ധിയിലുറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ള പാഠം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ന് പാഠങ്ങൾ മാറിമറിയുന്നു.
ഇഷ്ടഭക്ഷണവുമായി വിതരണക്കാരായ ചെറുപ്പക്കാർ നമ്മുടെ വാതിലുകളിൽ മുട്ടുന്നു. നമ്മുടെ തൃപ്തിയിലാണ് അവരുടെ ജീവിതം. പാചകക്കാർക്ക് അവരുടെ കലയിലുള്ള അർപ്പണബോധത്തിന് ഏറ്റവും മികച്ച തെളിവായി ഒരു കഥ ചുരുക്കി പറയാം.
പണ്ടുപണ്ട് ഫ്രാൻസിൽ പ്രസിദ്ധനായ ഒരു ഷെഫ് ഉണ്ടായിരുന്നു - ഫ്രാൻസ്വാ വാറ്റെൽ. വിപുലമായ വിരുന്നുകളിൽ സ്വന്തമായി പുതിയ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ പ്രസിദ്ധനായിരുന്നു അയാൾ. ഒരിക്കൽ അയാളുടെ ഉടമയായിരുന്ന രാജകുമാരൻ, ലൂയി പതിനാറാമനെ തന്റെയൊരു വിരുന്നിനു ക്ഷണിച്ചു. വിരുന്നിന്റെ തലേന്നാണ് വാറ്റെൽ പാചകശാലയിൽ മാംസത്തിന്റെ കുറവുണ്ടെന്ന് മനസിലാക്കുന്നത്. എല്ലാ കാര്യങ്ങളും താൻ നേരിട്ടുതന്നെ നോക്കണം എന്ന ഉറച്ച തീരുമാനത്തോടെ, അടുത്തദിവസം അതിരാവിലെ നാല് മണിക്ക് വാറ്റെൽ എഴുന്നേറ്റു, എല്ലാവരും ഉറങ്ങുകയായിരുന്നു. ആവശ്യത്തിനുള്ള മീൻ കിട്ടാതെ അയാളുടെ തല പുകയാൻ തുടങ്ങി; ആവശ്യപ്പെട്ട ഇടങ്ങളിൽ നിന്നൊന്നും ഇനി കൂടുതൽ മീൻ കിട്ടില്ലെന്ന് മനസ്സിലാക്കിയ അയാൾ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു. ഒരു വാളെടുത്ത് ഹൃദയത്തിലേക്ക് കുത്തിയിറക്കി മരിച്ചു വീണു. എന്നാൽ അപ്പോഴേക്കും അയാൾ ആവശ്യപ്പെട്ടതുപോലെ മത്സ്യം എല്ലാ പ്രദേശങ്ങളിൽ നിന്നും വരിക തന്നെ ചെയ്തു. മത്സ്യം പാകം ചെയ്യാനായി അയാളെ തിരഞ്ഞു ചെന്നവർ കണ്ടത് സ്വന്തം മുറിയിൽ അയാൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ചയാണ് .
‘ഞങ്ങൾ വിൽക്കുന്നത് സ്വപ്നങ്ങളാണ്. ആഹ്ലാദങ്ങളുടെ മൊത്തക്കച്ചവടക്കാരാണ് ഞങ്ങൾ' എന്നാണവർ നമ്മോടു പറയുന്നത്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.