എപ്പോഴും എല്ലാം ശരിയാക്കുന്ന
Toxic positivity ഉപദേശകർ ഉണ്ടാക്കുന്ന
Negativity

മരണം, രോഗം, ജോലിസ്ഥലത്തെ പരിഹരിക്കാനാവാത്ത കാര്യങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പോസിറ്റിവിറ്റി കൊണ്ട് പരിഹാരം തേടാൻ ശ്രമിക്കുന്നത് ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവിൽ ബാൻ്റ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ്. ഇത്തരം പ്രയാസങ്ങളിൽപെട്ട് നീറുന്നവരോട് “കരയരുത്, ജീവിതം നമുക്ക് താങ്ങാവുന്നതേ തരുകയുള്ളൂ, ഒന്ന് പുഞ്ചിരിക്കൂ, കാലം മായ്ക്കാത്ത മുറിവുകളില്ല” എന്നൊക്കെ പറയുന്നതിന് പകരം അവരുടെ കൈ ഒന്ന് മെല്ലെ പിടിച്ച് “എന്താവശ്യമുണ്ടെങ്കിലും വിളിക്കണം” എന്ന് പറയുന്നത് കൊണ്ട് അവർക്ക് കിട്ടുന്ന സ്വാസ്ഥ്യം വളരെ വലുതല്ലേ? വിറ്റ്നി ഗുഡ്മാന്റെ ‘ടോക്സിക് പോസിറ്റിവിറ്റി’ എന്ന പുസ്തകത്തെ അധികരിച്ച് രാധിക പത്മാവതി എഴുതുന്നു…

ഡിജിറ്റൽ യുഗത്തിൽ ഏറെ വാഴ്ത്തപ്പെട്ട ഒരു വാക്കാണ് പോസിറ്റിവിറ്റി. എങ്ങനെയാണ് ഈ വാക്കിനൊപ്പം ടോക്സിക് എന്ന വാക്ക് ചേർന്നുനിൽക്കുന്നത്? വിറ്റ്നി ഗുഡ്മാന്റെ ‘ടോക്സിക് പോസിറ്റിവിറ്റി’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഒരു തെറപ്പിസ്റ്റ് കൂടിയായ അവർ പറയുന്നത് “ഇത് എന്റെ ജീവിതാനുഭവമാണ്, ഒപ്പം എൻറെ ചില പേഷ്യന്റ്സിന്റെ അനുഭവം കൂടിയാണ്” എന്നാണ്. പ്രിയ വിറ്റ്നി, ഈ പുസ്തകം നിങ്ങളുടെ മാത്രമല്ല ഇത് എന്റെയും എനിക്കും ചുറ്റുമുള്ള പലരുടെയും അനുഭവ കഥ കൂടിയാണ്.

ജീവിതത്തിൽ വിഷമം അനുഭവിക്കുന്നവരുടെയെല്ലാം പ്രശ്നങ്ങൾ തീർത്തു കൊടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് താൻ ഒരു തെറപ്പിസ്റ്റ് ആയതെന്ന് എഴുത്തുകാരി പറയുന്നുണ്ട്. ആളുകളുടെ പ്രശ്നങ്ങൾ തീർക്കാനുള്ള ഫോർമുലയൊന്നും തന്റെ കയ്യിൽ ഇല്ലെന്നും താൻ വെറുമൊരു കേൾവിക്കാരിയാണെന്നും ജോലി ചെയ്തു തുടങ്ങിയപ്പോൾ മനസ്സിലായി. മെഡിറ്റേഷനോ, യോഗയോ, ഗ്രീൻ ടീയോ ഒന്നും തൻെറ തെറപ്പിയിൽ ഇല്ല. മുന്നിൽ വന്നിരിക്കുന്നവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ആവശ്യമാണെങ്കിൽ മാത്രം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നതാണ് രീതി.

എന്നാൽ, ഈ വഴിയിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് മിക്ക തെറപ്പിസ്റ്റുകളും പ്രവർത്തിക്കുന്നതെന്ന് അവർക്ക് ബോധ്യമുണ്ട്. മിക്കവാറും തെറപ്പിസ്റ്റുകൾ പേഷ്യന്റ്സിനോട് സന്തോഷിക്കാൻ പറയുന്നു, നന്ദി പറയാൻ പഠിപ്പിക്കുന്നു എപ്പോഴും എപ്പോഴും നല്ലത് മാത്രം കാണാനും കേൾക്കാനും പറയുന്നു. ഈ രീതിയെ ടോക്സിക് പോസിറ്റിവിറ്റി എന്ന് അഡ്രസ് ചെയ്യാനാണ് വിറ്റ്നിക്ക് ഇഷ്ടം.

മിക്കവാറും തെറപ്പിസ്റ്റുകൾ പേഷ്യന്റ്സിനോട് സന്തോഷിക്കാൻ പറയുന്നു, നന്ദി പറയാൻ പഠിപ്പിക്കുന്നു എപ്പോഴും എപ്പോഴും നല്ലത് മാത്രം കാണാനും കേൾക്കാനും പറയുന്നു.
മിക്കവാറും തെറപ്പിസ്റ്റുകൾ പേഷ്യന്റ്സിനോട് സന്തോഷിക്കാൻ പറയുന്നു, നന്ദി പറയാൻ പഠിപ്പിക്കുന്നു എപ്പോഴും എപ്പോഴും നല്ലത് മാത്രം കാണാനും കേൾക്കാനും പറയുന്നു.

വീട്ടിലും ഓഫീസിലും സോഷ്യൽ മീഡിയയിലും എല്ലായിടത്തും പോസിറ്റിവിറ്റിയെ കുറിച്ച് ആളുകൾ പറയുന്നു, ഇതെങ്ങനെ ടോക്സിക് ആകുന്നു എന്നതിൻെറ ഒരു ഉദാഹരണം തന്റെ പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ എഴുത്തുകാരി വിശദീകരിക്കുന്നുണ്ട്. ഒരാൾക്ക് തീരെ പ്രതീക്ഷിക്കാത്ത സമയം ജോലി നഷ്ടപ്പെടുന്നു, ആകെ തകർന്ന അയാൾ തന്റെ അടുത്ത സുഹൃത്തിനോട് താൻ കടന്ന് പോകുന്ന മാനസികാവസ്ഥയെ കുറിച്ച് പറയുന്നു. സുഹൃത്തിന്റെ മുഖത്ത് ഉണ്ടായ ചെറിയ പുഞ്ചിരി അയാൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പിന്നീട് സുഹൃത്ത് സംസാരിച്ചതൊക്കെയും അയാളുടെ പ്രതീക്ഷ കെടുത്തുന്നതായിരുന്നു. ജോലി നഷ്ടപ്പെട്ടതിന് നന്ദി പറയാനായിരുന്നു സുഹൃത്ത് ആദ്യം ആവശ്യപ്പെട്ടത്. ഇത് ഒരു തിരിച്ചറിവിന്റെ സമയമായി കണക്കിലെടുക്കണമെന്നും അവനവനെ സ്നേഹിക്കുകയും കെയർ ചെയ്യുകയും വേണമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും സുഹൃത്ത് ഉപദേശിച്ചു. ഈ സുഹൃത്തിന് തീർച്ചയായും അയാളോട് സ്നേഹം ഉണ്ടായിരിക്കാം. പക്ഷേ മാനസികമായി തളർന്നു നിൽക്കുന്ന, ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരാളോട് ഇത്തരത്തിലുള്ള ‘പോസിറ്റീവ് വർത്തമാനങ്ങൾ’ അയാളുടെ വേദന കൂട്ടുകയേ ഉള്ളു.

വേറൊരു കൂട്ടരുണ്ട്, ഒരാൾ തന്റെ ദുഃഖം മനസ്സ് തുറന്ന് പറയുമ്പോൾ “സാരമില്ല, ഒക്കെ ശരിയാവും സംഭവിച്ചതെല്ലാം നല്ലതിന്” തുടങ്ങിയ സ്ഥിരം റെഡിമെയ്ഡ് വാചകങ്ങൾ ആദ്യം തന്നെ പറയും. യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെട്ട ഒരാളോട്, “ഈ ഒരു അവസ്ഥ ബുദ്ധിമുട്ടുള്ളതാണെന്ന് മനസ്സിലാവും, നിങ്ങൾ ഏത് തരത്തിലുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും,” ഈ രണ്ട് വാചകങ്ങൾ ധാരാളം മതിയാകും അയാൾക്ക് തന്നിൽ തന്നെയുള്ള വിശ്വാസം കൂടാൻ. ഒരാളുടെ വൈകാരികതയെ നിരാകരിക്കുന്നതല്ല യഥാർത്ഥ പോസിറ്റിവിറ്റി എന്ന് പുസ്തകത്തിൽ അടിവരയിട്ട് പറയുന്നു.

വിറ്റ്നി ഗുഡ്മാന്‍
വിറ്റ്നി ഗുഡ്മാന്‍

ജോലി നഷ്ടപ്പെട്ട ഒരാളുടെ വേദനയും അപമാനവും ഉൾക്കൊള്ളുന്നതിന് മുമ്പ് അതിന്റെ മേൽ പോസിറ്റിവിറ്റിയുടെ താഴിട്ട് പൂട്ടിയാൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ. ജോലിക്കൊപ്പം തനിക്കൊരു സുഹൃത്തിനെ കൂടെ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് അയാൾക്ക് കൂടുതൽ വേദനയുണ്ടാക്കും. ഒരു വ്യക്തി പിന്തുണയ്ക്കായോ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായോ സമാധാനത്തിനായോ നിങ്ങളെ സമീപിക്കുമ്പോൾ, “ഇപ്പോൾ സംഭവിച്ച കാര്യങ്ങൾക്ക് നന്ദി പറയുക, എപ്പോഴും സന്തോഷമായിരിക്കുക, എല്ലാ നിന്റെ തോന്നലാണ് അങ്ങനെയൊന്നുമില്ല” എന്നൊക്കെ ആധികാരികമായി പറയുന്നതാണ് ടോക്സിക് പോസിറ്റിവിറ്റി.

മറ്റൊരാളുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് അയാളുടെ പ്രശ്നങ്ങളെ കാണാൻ ശ്രമിക്കുന്നതാണ് (Empathy) ഏറ്റവും വലിയ കാര്യമെന്ന് പുസ്തകത്തിൽ പറയുന്നു. അതിന് പകരം, അയാൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാതെ, എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ തീരണം എന്ന വാശിയോടുകൂടി കുറേയേറെ കാര്യങ്ങൾ പോസിറ്റീവ് ആണെന്ന മട്ടിൽ പറയുന്നത് പ്രശ്നം പരിഹരിക്കില്ല എന്ന് മാത്രമല്ല അത് കൂടുതൽ വഷളാക്കുകയും ചെയ്യും. ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിച്ചു കരയുന്ന നേരത്ത്, “എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്, ആ ആത്മാവിപ്പോൾ ദൈവത്തിനൊപ്പമുണ്ട് എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് എഴുത്തുകാരി പറയുന്നു. ടോക്സിക് പോസിറ്റിവിറ്റിയുടെ ഭാണ്ഡ കെട്ടഴിക്കുന്നതിന് മുമ്പ് ഇത്തരക്കാർ ഒന്നുരണ്ട് ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നല്ലതാണ്. ഒന്നാമതായി പ്രയാസമനുഭവിക്കുന്ന വ്യക്തി നിങ്ങളോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇനി ഉണ്ടെങ്കിൽ തന്നെ ഏതു രീതിയിലുള്ള പിന്തുണയാണ് അവർക്ക് വേണ്ടത്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരമുണ്ടെങ്കിൽ മാത്രം ഇടപെട്ട് സംസാരിക്കുക.

മരണം, രോഗം, ജോലിസ്ഥലത്തെ പരിഹരിക്കാനാവാത്ത കാര്യങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പോസിറ്റിവിറ്റി കൊണ്ട് പരിഹാരം തേടാൻ ശ്രമിക്കുന്നത് ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവിൽ ബാൻ്റ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ്. ഇത്തരം പ്രയാസങ്ങളിൽപെട്ട് നീറുന്നവരോട് “കരയരുത്, ജീവിതം നമുക്ക് താങ്ങാവുന്നതേ തരുകയുള്ളൂ, ഒന്ന് പുഞ്ചിരിക്കൂ, കാലം മായ്ക്കാത്ത മുറിവുകളില്ല” എന്നൊക്കെ പറയുന്നതിന് പകരം അവരുടെ കൈ ഒന്ന് മെല്ലെ പിടിച്ച് “എന്താവശ്യമുണ്ടെങ്കിലും വിളിക്കണം” എന്ന് പറയുന്നത് കൊണ്ട് അവർക്ക് കിട്ടുന്ന സ്വാസ്ഥ്യം വളരെ വലുതല്ലേ?

പോസിറ്റീവ് തിങ്കിങ്ങിന്റെ ആരംഭം

പോസിറ്റീവ് തിങ്കിങ് എന്ന വ്യവസായം ശതകോടികളുടേതായി മാറിയത്, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കുടിയാണ്. 1800 കളിൽ ഹസ്ക്യൂബിയാണ്, പോസിറ്റീവ് തിങ്കിങ് മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. ക്യൂബി വിശ്വസിച്ചിരുന്നത് എല്ലാ രോഗത്തിന്റെയും ഉറവിടം മനസ്സാണെന്നാണ്. ഈ ആശയം ശക്തമായത് ‘ലോ ഓഫ് അട്രാക്ഷൻ’ തിയറിയുടെ പ്രചാരത്തോടെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ വില്യം ജെയിംസ് എന്ന അമേരിക്കൻ സൈക്കോളജിസ്റ്റ്, മനസ്സാണ് രോഗത്തിന്റെ മൂല കാരണം എന്ന തത്വത്തിന് കൂടുതൽ പ്രചാരമുണ്ടാക്കി. 1930-കളിൽ വന്ന ‘തിങ്ക് ആൻറ് ഗ്രോ റിച്ച്’ എന്ന നെപ്പോളിയൻ ഹില്ലിന്റെ പുസ്തകം, പോസിറ്റീവ് തിങ്കിങ്ങുകാരുടെ ബൈബിൾ ആയി മാറി. വിവിധ ഭാഷകളിലായി പോസിറ്റീവ് തിങ്കിങ്ങിനെക്കുറിച്ച് ഇന്ന് പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് പുറത്തിറങ്ങുന്നത്. ‘ദി സീക്രട്ടും’, ‘ലോ അട്രാക്ഷനും’ വിൽപ്പനയിലൂടെ നേടിയ കോടികൾ ഇത്തരം പുസ്തകങ്ങളുടെ പബ്ലിസിറ്റിക്ക് കാരണമായി.

പോസിറ്റീവ് വർക്ക് കൾച്ചർ

തങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് തൊഴിലിടങ്ങളിൽ സത്യസന്ധമായി പറയാൻ ആളുകൾ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം, അവിടെ കൃത്രിമമായി ലേബൽ ചെയ്യപ്പെട്ട പോസിറ്റീവ് വർക്ക് കൾച്ചർ ആണ്. ചില മൾട്ടി നാഷണൽ കമ്പനികളുടെ ഓഫീസുകളിൽ, കൃത്രിമമായ കടൽത്തീരങ്ങൾ വരെ നിർമ്മിച്ചിട്ടുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു. ജോലിയെടുക്കുന്നവർ സദാ സന്തോഷിക്കട്ടെ, പോസിറ്റീവ് ആവട്ടെ അതാണ് ഉദ്ദേശം, അതിന്റെ ഫലം കമ്പനിക്ക് അല്ലാതെ മറ്റാർക്കാണ്..? മനുഷ്യൻ എല്ലാതരം വികാരങ്ങളിലൂടെയും കടന്നു പോകേണ്ട ഒരു ജീവിയാണെന്നത് സൗകര്യപൂർവ്വം മറന്നുകൊണ്ട് സദാ സന്തോഷിക്കാൻ ആവശ്യപ്പെടുന്ന, ഇത്തരം ടോക്സിക് രീതികൾ ഒരു വ്യക്തിയുടെ യഥാർത്ഥ വികാരങ്ങളെ നിരാകരിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?

പോസിറ്റിവിറ്റിയും ആരോഗ്യവും

പോസിറ്റിവിറ്റി ആരോഗ്യത്തിനെ സഹായിക്കുമെന്ന വാദത്തിനോട് യോജിക്കാതെ വയ്യ. എന്നാൽ പോസിറ്റിവിറ്റി ഒരിക്കലും രോഗത്തെ ഇല്ലാതാക്കുന്നില്ല, അതിന് ചികിത്സയും മരുന്നും കിട്ടിയേ പറ്റുകയയയുള്ളൂ. കഠിനമായ രോഗാവസ്ഥയിലുള്ള ഒരാളോട് “പോസിറ്റീവ് ആയി ചിന്തിക്കൂ ഒന്ന് പുഞ്ചിരിക്കൂ” എന്നൊക്കെ പറയുന്ന അസംബന്ധ രീതികൾ പല സെൽഫ് ഹെൽപ് പുസ്തകങ്ങളിലും കാണാറുണ്ട്. “ഒക്കെ ശരിയാവും മനസ്സ് പോസിറ്റീവായി മാറ്റിയാൽ മാത്രം മതി” എന്ന പറച്ചിൽ രോഗിക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.

ടോക്സിക് പോസിറ്റിവിറ്റിയും മതചിന്തകളും

മനുഷ്യരിൽ മതം ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അത് നൽകുന്ന പാപബോധവും ആശങ്കയും ഭയവും വളരെ ചെറുപ്പത്തിൽ തന്നെ നമ്മുടെ തലച്ചോറിൽ ഇംപ്രിൻ്റ് ചെയ്യപ്പെടുന്നു. അത്തരം ചിന്തകളുടെ മുകളിലേക്ക് ഒഴിക്കുന്ന ഉരുകിയ ടാർ പോലെയുള്ള "പോസിറ്റീവ്" ചിന്തകളാണ് ഏറ്റവും വലിയ അപകടം.

തങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് തൊഴിലിടങ്ങളിൽ സത്യസന്ധമായി പറയാൻ ആളുകൾ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം, അവിടെ കൃത്രിമമായി ലേബൽ ചെയ്യപ്പെട്ട പോസിറ്റീവ് വർക്ക് കൾച്ചർ ആണ്.
തങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് തൊഴിലിടങ്ങളിൽ സത്യസന്ധമായി പറയാൻ ആളുകൾ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം, അവിടെ കൃത്രിമമായി ലേബൽ ചെയ്യപ്പെട്ട പോസിറ്റീവ് വർക്ക് കൾച്ചർ ആണ്.

പോസിറ്റിവിറ്റിയും അഫർമേഷൻസും

പലപ്പോഴും അഫർമേഷൻസ് വേണ്ടത്ര ഫലം തരുന്നില്ല എന്ന് പറയുമ്പോൾ സെൽഫ് ഹെൽപ് ഗുരുക്കൾ പറയുന്ന ഒരു വാചകമുണ്ട് "വെറുതെ പറഞ്ഞാൽ പോര ഫീൽ ചെയ്തു പറയണം എന്ന്" ഇതിൽ സത്യമില്ലാതെയില്ല, വാക്കുകളുടെ ശക്തി അത് തള്ളിക്കളയാൻ പറ്റുന്നതല്ല, എന്നിരിക്കിലും ഏറ്റവും വേദനിക്കപ്പെട്ട അപമാനിക്കപ്പെട്ട, സങ്കടപ്പെട്ട ഒരു ദിവസം കണ്ണാടി നോക്കി “ഐ ലവ് മൈ സെൽഫ്” എന്ന് ആത്മാർത്ഥമായി ആരെ കൊണ്ട് പറയാൻ പറ്റും?

പോസിറ്റിവിറ്റിയും മാനസിക പ്രശ്നങ്ങളും

അമിതമായ ആശങ്കയും ഭയവും കാരണം ജീവിതം ബുദ്ധിമുട്ടിലാണെന്ന് തോന്നിയ ഒരാൾ പ്രൊഫഷണൽ ഹെൽപ്പ് തേടാൻ ശ്രമിക്കുന്ന നേരത്ത് ഏറെ പ്രിയപ്പെട്ടവർ എന്ന് കരുതുന്നവർ പോലും പറയുന്ന ഒരു വാചകമുണ്ട് "ഒക്കെ തോന്നലാ, മനസ്സ് പോസിറ്റീവ് ആയി വെച്ചാൽ മതി സന്തോഷിക്കാൻ എന്തെല്ലാം കാരണങ്ങളുണ്ട് നിനക്ക്?" ഇതിനെ ടോക്സിക് പോസിറ്റിവിറ്റി എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ?

ഈറ്റിംഗ് ഡിസോർഡർ ഉള്ള ഒരാളോട് ആഫ്രിക്കയിൽ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ കാരണം പറഞ്ഞ് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്ന ‘പോസിറ്റിവിറ്റി’ വലിയൊരു വിരോധാഭാസമല്ലെ?ഓരോ വ്യക്തിയും ഓരോ ഭൂഖണ്ഡമാണ്, അവർ കടന്നുപോകുന്ന വഴികളിലൂടെ ഒന്ന് എത്തി നോക്കിയിട്ടില്ലാത്തവർ പോലും, അവരെ ഉപദേശി ക്കും. ‘എന്തെടുത്താലും പത്ത് രൂപ’ എന്ന കച്ചവടം ഓർമ്മിപ്പിക്കുന്ന തരത്തിൽ, ‘സംഭവിക്കുന്നതിനെല്ലാം ഒരു കാരണമുണ്ട്, കാലം മായ്ക്കാത്ത മുറിവില്ല’ എന്ന മട്ടിൽ ആ പറച്ചിൽ തുടരുന്നു. സൈബർ ലോകത്തിലെ നാടുവാഴികളോ ഇൻഫ്ലുൻസർമാരോ അല്ല മറിച്ച്, നിങ്ങളല്ലേ നിങ്ങൾക്കുള്ളിൽ എന്ത് നടക്കുന്നു എന്ന് തിരിച്ചറിയേണ്ടത്? പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾക്ക് പ്രൊഫഷണൽ സഹായം തേടേണ്ടത്? എല്ലാത്തരത്തിലുമുള്ള വ്യാജഗുരുക്കൾക്കും കുടപിടിക്കുന്നവരിൽ ഒന്നാമത്തെ വരിയിലാണ് എന്നും മലയാളിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ടോക്സിക് പോസിറ്റിവിറ്റി എന്ന വാക്കിന് വേണ്ടത്ര സ്വീകരണം നമ്മുടെ നാട്ടിൽ കിട്ടിയെന്ന് വരില്ല. അതറിമെങ്കിലും ചെറിയ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിൽ…

Comments