അതിനു ശേഷം നമ്മെത്തേടി ആ സൂപ്പർ വൈറസുകൾ തന്നെ വരും

അടിയന്തരാവസ്ഥക്കാലങ്ങൾ, സ്വേച്ഛാധിപത്യം വാഴുന്നിടങ്ങളിൽ ചിന്തയുടെ സ്വയംനിയന്ത്രണത്തിന്റെ കാലം കൂടിയായി ജനം ഏറ്റെടുക്കാറുണ്ട്. ഭരണകൂടത്തിന് പലതും മറയ്ക്കാനുള്ള തിരശ്ശീലയാണ് യഥാർഥത്തിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അച്ചടക്കം. ലോകജനതയുടെ മൂന്നിലൊരുഭാഗം അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന ഈ സമയത്ത്, മറക്കാനും മറയ്ക്കാനും പാടില്ലാത്ത നിരവധി കാര്യങ്ങൾ ചുറ്റിലുമുണ്ട്. ഈ മഹാമാരിക്കുമുമ്പുള്ള അനവധി പ്രതിസന്ധികൾ ശേഷവും തുടരും, നമ്മുടെ ശരീരത്തെ ലക്ഷ്യമിടുന്ന വൈറസിനേക്കാൾ മാരകമായി. അതുകൊണ്ട്, ആ പ്രതിസന്ധികളെക്കൂടി അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല.

ലോക്ഡൗൺ കാലത്തെ ഏറ്റവും തീവ്രമായ ഒരു കാഴ്ചയായിരുന്നു, ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള തൊഴിലാളി കുടുംബങ്ങളുടെ പലായനം. ആഗോളീകരണത്തിനുശേഷം സ്വന്തം ഗ്രാമത്തിലെ കൃഷിയിൽനിന്നും ഭൂമിയിൽനിന്നും തൊഴിലിൽനിന്നും അന്യവൽക്കരിക്കപ്പെട്ടവരുടെ ഒരു എതിർപ്രയാണമായിരുന്നു അത്, സ്വന്തമല്ലാത്ത ഇടങ്ങളിലേക്ക് വീണ്ടും. ഇത് വികസനവും സമ്പത്തുമായും ബന്ധപ്പെട്ട വലിയൊരു പ്രതിസന്ധിയാണ്.

ഭരണകൂടം കൊണ്ടുവരുന്ന ഏതു നിയന്ത്രണവും ജനാധിപത്യത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ബാക്കിയാക്കും. വൈറസ് എത്തുമ്പോൾ രാജ്യത്ത് വിദ്യാർഥികളും യുവാക്കളും സ്ത്രീകളും രാഷ്ട്രീയപ്രവർത്തകരുമടങ്ങുന്ന പൊതുസമൂഹം തെരുവിലായിരുന്നു. വൈറസിന് പ്രതിരോധമുയർത്താൻ സാമൂഹിക ഉത്തരവാദിത്തത്തോടെ നമ്മൾ അകലം പാലിക്കുകയും കൂട്ടം ചേരാതിരിക്കുകയും ചെയ്യുമ്പോഴും യാഥാർഥ്യം തെരുവിൽ അലഞ്ഞു തിരിയുക തന്നെയാണ് . പൗരന്മാർക്കും ഭരണഘടനക്കും ജനാധിപത്യത്തിനും നാനാത്വത്തിനും എതിരായ വംശീയവും വർഗീയവുമായ ആക്രമണങ്ങൾ തുടരുകതന്നെ ചെയ്യും, അഥവാ അവ എന്നേക്കുമായി ക്വാറന്റൈൻ ചെയ്യപ്പെട്ടു എന്ന് ധരിക്കേണ്ടതില്ല.

സാധാരണ മനുഷ്യനുനേരെ ഇന്ന് വഴിയോരത്ത് പ്രയോഗിക്കപ്പെടുന്ന പൊലീസതിക്രമങ്ങൾ യാദൃച്ഛികമല്ല , കാരണം, ഒരു 'പൊട്ടൻഷ്യൽ ഓട്ടോക്രസി'ക്കുകീഴിലാണിന്ന് ജനജീവിതം . ആ സമഗ്രാധിപത്യത്തിന്റെ ബലപ്രയോഗങ്ങൾ ഇത്തരം ലോക്ഡൗണുകളിലൂടെ കരുത്താർജിക്കാതിരിക്കണം. നമ്മുടെ സാമൂഹിക ബോധം കതകടച്ച് സ്വച്ഛമായി ഒരു പുതപ്പിനടിയിൽ കിടക്കേണ്ട സമയമല്ലിത്. കൊറോണ വൈറസിനെ നാളെ ആധുനിക വൈദ്യശാസ്ത്രം വഴി മനുഷ്യർക്ക് അതിജീവിക്കാൻ കഴിയും. പക്ഷെ, ഈ മനുഷ്യ ലോകത്തെ വിഭജിക്കുന്ന വംശീയതയെയും വിദ്വേഷരാഷ്ട്രീയത്തെയും വർഗീയതയെയും ഭരണകൂട ഹിംസകളെയും മൂലധനാധിനിവേശത്തെയും പാരിസ്ഥിതികാക്രമണങ്ങളെയും പേറുന്ന സൂപ്പർ വൈറസുകളെ എങ്ങനെ അതിജീവിക്കും. അതല്ലേ ഇപ്പോഴും യഥാർഥ പ്രതിസന്ധി? അതല്ലേ എന്നത്തെയും ചോദ്യം? വഴികളടഞ്ഞുപോയ, സഞ്ചാരം നിലച്ച നിശ്ചലാവസ്ഥയെ 'ബ്രേക്കു'ചെയ്യാൻ ഒരു പുതിയ ചിന്തയ്‌ക്കേ കഴിയൂ, സമീപകാലത്ത് ഉയർന്നുവന്ന ആഗോള കൊമേഴ്‌സ്യൽ മീഡിയ മാർക്കറ്റ് , മാധ്യമങ്ങളെക്കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണ, അതായത് അവയ്ക്ക് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാൻ കഴിയും എന്ന തോന്നൽ തിരുത്തി. ഒരുതരം ഏകപക്ഷീയമായ സംവാദാത്മകതയുടെ വ്യാജ ഇടങ്ങളിലായിരുന്നു അവയുടെ നിലനിൽപ്. അതുകൊണ്ടാണ്, അവയ്ക്ക് സമകാലികതയെ മറികടക്കാൻ കഴിയാതിരുന്നത്, ഭാവിയുടെ ഒരു ചെറുചലനത്തെപ്പോലും പ്രവചിക്കാൻ കഴിയാതിരുന്നത്. നിലനിൽപിനുവേണ്ടിയുള്ള മനുഷ്യനടക്കമുള്ള ജീവപ്രപഞ്ചത്തിന്റെ അതിജീവനസമരങ്ങെളയെല്ലാം പുറേമ്പാക്കിലാക്കി, ഈ ആഗോള മാധ്യമ ഒലിഗോപോളി സൃഷ്ടിച്ചെടുത്ത പൊതുമണ്ഡലത്തെയാണ് നാം യഥാർഥമെന്നും ജനാധിപത്യപരമെന്നും കരുതിയത്. ഈ മാധ്യമ സാമ്രാജ്യത്തിൽ രാജാക്കന്മാരും പ്രജകളും മാത്രമേയുണ്ടായിരുന്നുള്ളൂ, പൗരന്മാരോ പങ്കാളികളോ ഉണ്ടായിരുന്നില്ല. യാഥാസ്ഥിതിക മാധ്യമങ്ങളുടെ ജനിതകത്തിന് വിമതത്വമൊരുക്കാൻ നവമാധ്യമങ്ങൾക്ക് ഫലപ്രദമായി കഴിഞ്ഞിട്ടില്ല എന്ന വിമർശനമാണ്, പുതിയൊരു മാധ്യമചിന്തയുടെ അടിസ്ഥാനം. ഇതുവരെ നമുക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഭാഷ, ഉള്ളടക്കം, വായന, കാഴ്ച, കേൾവി എന്നിവയുടെ സമീപനങ്ങളെ നിരസിച്ചുകൊണ്ട്, ചിന്തിക്കുന്ന വായനക്കാരുടെ ബൗദ്ധിക മൂലധനം രൂപപ്പെടുത്തുക എന്ന പരിശ്രമമാണ് മുന്നിൽ. ഉടമസ്ഥതയുടെ നിയമങ്ങൾ ഭരിക്കാത്തതും ബൗദ്ധികതയുടെ ഏറ്റവും തീവ്രമായ പങ്കുവെക്കലുകൾ സാധ്യമാകുന്നതുമായ ഒരു പൊതു ഇടം സൃഷ്ടിച്ചെടുക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളി.

ഒരുവിധ സാങ്കേതികതയുടെയും അകമ്പടിയില്ലാതെ തന്നെ അരാജകമായും അതിരില്ലാതെയും സഞ്ചരിച്ചുകൊണ്ടിരുന്ന ഒന്നാണ് ഒരു സാധാരണ മലയാളിയുടെ ബൗദ്ധികലോകം. എന്നാൽ, ആ ബൗദ്ധിക മൂലധനം ക്രിയാത്മകമായി വിനിയോഗിക്കപ്പെട്ടില്ല. ആഗോള അന്വേഷണങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോം അസാധ്യമാക്കപ്പെടുകയും ഉപരിപ്ലവമായ ആനുകാലികത്വത്തിൽ മലയാളി തളച്ചിടപ്പെടുകയുമാണ് ചെയ്തത് . വാണിജ്യ മാധ്യമ നിലയങ്ങളുടെ ഡൈനാമിക്‌സിനെ അതേപോലെ പിന്തുടരാനുള്ള സമ്മർദ്ദം കൊണ്ടാവാം, ചിന്താസഞ്ചാരത്തെ കെട്ടഴിച്ചുവിട്ട ഡിജിറ്റൽ യുഗത്തിന്റെ സൃഷ്ടിയായ നവമാധ്യമങ്ങളും ആനുകാലികത്വത്തിന്റെ ആഴമില്ലായ്മ മറികടക്കാൻ ക്ലേശിക്കുകയാണ്.

ഇത്തരം തിരിച്ചറിവുകളാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം. അത്, ഏറ്റവും പുതിയ മലയാളിയെ, ഭാവിയിലെ മലയാളിയെ കൃത്യമായി പ്രതിനിധീകരിക്കണമെന്ന് നിർബന്ധമുണ്ട്. ആ ആഗോള മലയാളിയായിരിക്കും ഈ മാധ്യമത്തിന്റെ മൂലധനം. മലയാളിയെ, ആ സത്തക്ക് അർഹമാക്കിയ വിശാലമായ മാനവികതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വിമതത്വത്തിന്റെയും വിയോജിപ്പിന്റെയും ഭൂമികയായിരിക്കും ഈ പ്ലാറ്റ്‌ഫോമിന്റെ അടിത്തറ. നവമാധ്യമത്തിന്റെ സാമ്പ്രദായികതയെ നിരസിച്ച്, ഒരു ആഗോള ഉള്ളടക്കം. പ്രപഞ്ചത്തെ നിർണയിക്കുന്ന രാഷ്ട്രീയവും കലയും ശാസ്ത്രവും സാമ്പത്തികശാസ്ത്രവും സാങ്കേതികതയും സാമൂഹിക ജീവിതവും അതിന്റെ ഏറ്റവുമാഴത്തിലും പ്രതിബദ്ധതയോടെയും രേഖപ്പെടുത്തപ്പെടും. നവീനമായ സാങ്കേതികവിദ്യ ചിന്തയുടെയും ഭാവനയുടെയും സർഗാത്മകതയുമായി ഇണചേരുന്ന ഒരനുഭവത്തിനാണ് ശ്രമം. ഇവിടെ ,ട്രൂകോപ്പി തിങ്കിൽ വായനാസമൂഹം പങ്കാളിമാത്രമല്ല, അവർ തന്നെയാണ് മൂലധനം.


Follow Us on: Facebook Page | Youtube | Telegram | Twitter | Instagram

Comments