ജാനുവിനേയും, ഷേർളിയെയും എനിക്കറിയാം. വളരെ നന്നായി തന്നെ അറിയാം. ജാനു ഒരു നേഴ്സാണ്. നേഴ്സിങ്ങ് ബിരുദവുമെടുത്ത് ഒരു ഹോസ്പിറ്റലിൽ ജോലി ചെയുമ്പോഴാണ് അതിസമ്പന്നനായ കെ. കേശവന്റെ ഓഫർ വരുന്നത്.
'തന്റെ പ്രൈവറ്റ് നേഴ്സ് ആകാമോയെന്ന്?'
ജാനുവിന്റെ സാഹചര്യത്തിൽ നിരസിക്കാൻ പറ്റാത്ത അത്ര ശമ്പളവും സൗകര്യങ്ങളുമാണ് അയാൾ മുന്നോട്ട് വെച്ചത്. അധികം പണിയൊന്നുമില്ല. അയാൾക്ക് മരുന്ന് എടുത്ത് കൊടുക്കണം, പിന്നെ ഒരു പേഴ്സണൽ സെക്രട്ടറിയുടെ അത്യാവശ്യം കാര്യങ്ങളും ചെയ്യണം. അയാൾ മാന്യനായിരുന്നു. പറഞ്ഞ ശമ്പളവും സൗകര്യങ്ങളും നൽകിയെന്ന് മാത്രമല്ല ഒരു മകളോടുള്ള വാത്സല്യവും അയാൾ കാണിച്ചിരുന്നു.
ജാനുവിന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛന്റെ മരണമുണ്ടാക്കിയ അനാഥത്വവും, സാമ്പത്തികബാദ്ധ്യതകളും തരണം ചെയ്യുന്നതിൽ ആ ജോലി അവളെ സഹായിച്ചു. ആശുപത്രിയിൽ നിന്നു കിട്ടേണ്ട അനുഭവപരിചയം നഷ്ടപ്പെടുമല്ലോ എന്ന ഒരു നിരാശ ആദ്യമൊക്ക ജാനുവിനുണ്ടായിരുന്നു.
അയാളുടെ തീർത്തും പ്രൊഫഷണലായ രീതികളും, അവൾക്ക് നൽകിയ പരിഗണനയും.... ക്രമേണ മറ്റൊരു ജോലിയെ കുറിച്ച് അവൾ ചിന്തിക്കാതായി. സമയ ക്ലിപ്തതയില്ലാത്ത ജോലിയായിരുന്നിട്ടും അവൾക്ക് അതൊരു പ്രശ്നമായി തോന്നിയതേയില്ല. വീട്ടിൽ പോകണമെന്ന ആവശ്യം വരുമ്പോഴൊക്കെ അയാൾ അതനുവദിച്ചിരുന്നു.
അവൾ വിശ്വസ്തയാണെന്ന് മനസ്സിലായതോടെ കേശവൻ തന്റെ സ്വകാര്യമായ പല കാര്യങ്ങളും ജാനുവിനെ അറിയിക്കാൻ തുടങ്ങി. താൻ കരുതിയതിനേക്കാൾ എത്രയോ അധികം സ്വത്തുക്കൾ അയാൾക്കുണ്ടെന്നുള്ള സത്യം ജാനു അറിയുന്നത് ഒരു ദിവസം രാത്രി വൈകിയുള്ള സംഭാഷണത്തിലാണ്.
ചെയ്ത ബിസിനസ്സുകളിലെല്ലാം അയാൾ വിജയിച്ചിരുന്നു. ഓഹരികൾ വാങ്ങുന്നതിലും വിൽക്കുന്നതിലുമുള്ള കൃത്യമായ കണക്കുകൂട്ടലുകൾ ആ പ്രായത്തിലും അയാളെ സമ്പന്നനാക്കികൊണ്ടിരുന്നു. വളരെ അത്യാവശ്യത്തിന് മാത്രമേ അയാൾ പുറത്തുപോയിരുന്നുള്ളു. ഡിജിറ്റൽ ആപ്ലിക്കേഷൻസിലും, ഓൺലൈൻ കമ്മ്യുണിക്കേഷനിലും അയാൾ വിദഗ്ദനായിരുന്നു. ആറോ ഏഴോ പുസ്തകങ്ങളുടെ റോയൽറ്റിയും അയാൾക്കുണ്ടായിരുന്നു.

ഒരു വലിയ ബംഗ്ളാവിൽ നാലാമത്തെ നിലയിലായിരുന്നു അയാളുടെ വിശാലമായ മുറി. ആ നിലയിലേക്ക് അനുവാദമില്ലാതെ ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. താഴത്ത് അയാളുടെ മക്കളും അവരുടെ മക്കളും മക്കളുടെ മക്കളും പിന്നെ സഹോദരങ്ങളിൽ ചിലരുമടങ്ങിയ ഒരു വലിയ കുടുംബം താമസിച്ചു. 104 വയസ്സായ അയാളുടെ അമ്മക്ക് ഗ്രൗണ്ട് ഫ്ലോറിൽ പ്രത്യേകം മുറിയും നോക്കാൻ വാല്യക്കാരുമുണ്ടായിരുന്നു. അതുകൂടാതെ കുക്ക് അടക്കമുള്ള മറ്റു സെർവെൻറ്സും അവരെ സൂപ്പർവൈസ് ചെയ്യാനായി രമണി എന്നൊരു സ്ത്രീയും.
കുടുംബത്തിലെ ഏതാണ്ട് എല്ലാവരുടെയും താൽപര്യം അയാളുടെ അളവറ്റ സ്വത്തിലായിരുന്നു. അയാളുടെ മൂത്ത മകൻ ശ്രീനിവാസൻ സമ്പാദിച്ച കാശ് മുഴുവൻ ഗ്യാമ്പ്ലിങ് കാരണം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പലർക്കും അവരുടേതായ സാമ്പത്തിക ആവശ്യങ്ങളുണ്ടായിരുന്നു. അയാൾ ഒരു നിശ്ചിത സംഖ്യ ആവശ്യക്കാരെന്ന് തോന്നുന്നവർക്ക് മാസം തോറും കൊടുത്തിരുന്നു. അതൊന്നും പക്ഷേ പലരുടെയും ആർഭാടത്തിന് തികഞ്ഞിരുന്നില്ല.
വർഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും ജാനു കേശവന്റെ വിശ്വസ്തയായി. അസൂയയും ദേഷ്യവും കനത്ത തോതിൽ ഉണ്ടായിരുന്നെങ്കിലും കേശവനോടുള്ള പേടി കാരണം ബന്ധുക്കളാരും അത് ജാനുവിനോട് പ്രകടിപ്പിച്ചിരുന്നില്ല. ജാനു സങ്കീർണ്ണമായ ഫാമിലി ഡയനാമിക്സിലൊന്നും ഇടപെടാതെ തന്നെ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി ചെയ്ത് പോന്നു.
കൃത്യമായ പരിചരണവും പ്രൊഫഷണൽ കാര്യങ്ങളിലുള്ള സപ്പോർട്ടുമായപ്പോൾ കേശവൻ കുറച്ചുകാലങ്ങളായി കൈവിട്ടുപോയിരുന്ന ഉത്സാഹവും ഉന്മേഷവും തിരിച്ചു പിടിച്ചു. അയാൾക്ക് കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു കാറപകടത്തിൽ അയാൾക്ക് നടുവിന് ക്ഷതമേറ്റിരുന്നു. ഇടയ്ക്കിടെയുള്ള നടുവേദന മാത്രമായിരുന്നു അയാളെ അലട്ടിയിരുന്ന ഏക ആരോഗ്യപ്രശ്നം.
കേശവന്റെ സന്തതസഹചാരിയായി ജാനു ഇതിനിടെ മാറി. നാലാം നിലയിൽ തന്നെ അയാൾ അവൾക്ക് താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമേർപ്പെടുത്തിയിരുന്നു. പല സമയത്തും കേശവന് തന്റെ കുടുംബക്കാരെ ബാധിക്കുന്ന കാര്യങ്ങളിൽ കർശന തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നിട്ടുണ്ട്. അയാളുടെ ഏറ്റവും താഴെയുള്ള മകൾ അവരുടെ മകൾക്ക് കിട്ടുന്ന സ്കോളർഷിപ്പ് മറച്ചുവെച്ച് ഫീസിനായി വലിയ തുക കൈപറ്റാറുണ്ടായിരുന്നു. കേശവൻ അത് കണ്ടു പിടിച്ച് മകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചു.
ധാരാളിയായ മറ്റൊരു കൊച്ചുമകൻ പുതിയൊരു ബിസിനസ്സ് തുടങ്ങാനായി ആവശ്യപ്പെട്ട തുക ഒരു പരിഗണനയുമില്ലതെ കേശവൻ നിരാകരിച്ചു. ഇത്തരം സംഭവങ്ങൾ നീറി പുകയുകയും, ആളിപടരാനാവാതെ കെട്ടുപോകുകയുമാണ് പതിവ്. കേശവന്റെയടുത്ത് ഒരു ഉഡായിപ്പും നടക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു. എന്നാലും പലതരം ശ്രമങ്ങൾ നടത്തുകയും പരാജയപ്പെടുകയും ചെയ്തു പോന്നു. ഇതിലൊക്കെ കടുത്ത വിരോധമുണ്ടെങ്കിലും കേശവന്റെ വ്യക്തിപ്രഭാവത്തിന് മുമ്പിൽ ഒന്നും തല്ക്കാലം നടക്കില്ലെന്ന് കണ്ട് അവർ ഒതുങ്ങുകയായിരുന്നു.
ഒരിക്കൽ ഒരു ചെറുപ്പക്കാരൻ എന്തോ ആവശ്യം സമ്മതിക്കാത്തതിന്റെ പേരിൽ കേശവനുമായി വഴക്കിടുന്നത് ജാനു കണ്ടു. മുമ്പ് പലപ്രാവശ്യം കേശവൻ അയാളെ സഹായിച്ചിരുന്നു. ഇനിയില്ലെന്ന് തീർത്ത് കേശവൻ പറഞ്ഞപ്പോഴാണ് അയാൾക്ക് നിയന്ത്രണം പോയത്. സേതു, കേശവന്റെ ഇളയ സഹോദരിയുടെ മകൻ.
ജാനു തന്റെ അമ്മാവൻ സൈമണെ ഓർത്തു. അമ്മയുടെ സഹോദരൻ, അമ്മ പറഞ്ഞ കാര്യങ്ങളെ ജാനുവിനറിയൂ. അഞ്ച് പെൺമക്കൾക്കൊപ്പമുള്ള ഒറ്റ ആണെന്നപേരിൽ പല ആനുകൂല്യങ്ങളും സൈമൺ മാമന് കിട്ടിയിരുന്നു. ഇലക്ട്രിക് ഡിപ്ലോമ കോഴ്‌സിന് പോയി അത് പൂർത്തിയാക്കാതെ നിൽക്കുമ്പോഴാണത്രെ മാമന് സ്വന്തമായെന്തെങ്കിലും തുടങ്ങണമെന്ന് തോന്നുന്നത്. മറ്റുള്ളവരുടെ കീഴിൽ പണിയെടുക്കുന്നത് അഭിമാനത്തിന് പോരായിരുന്നു.
കോഴിവളർത്തൽ ആണ് തിരഞ്ഞെടുത്തത്. അച്ചാച്ചൻ കാശു മുടക്കി. രണ്ട് അസ്സിസ്റ്റന്റ്സിനെയും നിയമിച്ചു. അന്നത്തെ കാലത്ത് കിട്ടാവുന്ന മുന്തിയയിനം കൂടുകൾ, കോഴികൾ. മാമൻ പക്ഷെ വെള്ള മുണ്ടും വെള്ള ഷർട്ടുമിട്ട് മുതലാളി റോളിൽ നിൽക്കുകയെ ഉള്ളൂ. കോഴിയെ കൈകൊണ്ട് തൊടൂല്ല. മാത്രമല്ല കോഴിയോ മുട്ടയോ വിറ്റാൽ പലരും മാസാവസാനമായിരിക്കും പേയ്മെന്റ് കൊടുക്കുന്നത്. അത് കൃത്യമായി വാങ്ങാനും മാമൻ പോകില്ല. അങ്ങനെ കാശ് സമയത്ത് കിട്ടാതായി. നേരെ ചെവ്വേ നോക്കാത്തതുകൊണ്ട് കോഴികൾ അസുഖം വന്ന് ചത്തു. മാമൻ പറഞ്ഞു, ബിസിനസ്സിൽ ഇത് സാധാരണം. ഒന്ന് പൊളിഞ്ഞാൽ വേറൊന്ന് നോക്കണം.

ആ കാലത്ത് ട്രാക്ടർ നാട്ടിൽ വന്ന് തുടങ്ങിയിട്ടേയുള്ളൂ. മാമൻ ട്രാക്ടറിന്റെ വരാനിരിക്കുന്ന നല്ല നാളുകളെ കുറിച്ച് വിവരിച്ചു. അച്ചാച്ചന്റെ വാത്സല്യം പുതിയ മോഡൽ ട്രാക്ടറും അതോടിക്കാൻ ഒരു ഡ്രൈവറുമായി മാമന്റെ മുമ്പിലെത്തി. മാമൻ പഴയ രീതിയിൽ തന്നെയായിരുന്നു. ഒരു തുള്ളി ചേറ് തന്റെ വസ്ത്രങ്ങളിൽ പറ്റാതെ നോക്കി. അന്ന് ട്രാക്ടർ വന്നാൽ ഒരു ദേശം മുഴുവൻ ഉഴുത് പോണം, അല്ലാതെ ഇടയ്ക്കിടെ വന്ന് ചെയ്യാൻ പറ്റില്ല. ആളുകൾ കടം പറയും. മാമൻ ഡ്രൈവറെ വിടും. ഒരു ദിവസം പിരിച്ച പണവുമായി ഡ്രൈവർ സ്ഥലം വിട്ടു. മാമൻ കിട്ടിയ കാശിന് ട്രാക്ടർ വിറ്റു.
"വലിയില്ല, കൂടിയില്ല, അവൻ ആരോടും വഴക്കിനും പോകില്ല" അമ്മമ്മ പറഞ്ഞപ്പോൾ അച്ചാച്ചന്റെ സ്വതവേയുള്ള പുത്രസ്നേഹം വീണ്ടും കൂടി. ആ തവണ ഒരു സോപ്പ് ഫാക്ടറിയായിരുന്നു മാമന്റെ ഐഡിയ. മായമില്ലാത്ത, ശുചിത്വ പൂർണ്ണമായ സോപ്പ് നിർമ്മാണം. പതിവ് പോലെ ആവശ്യത്തിന് പണിക്കാരെ വെച്ചു. പ്രൊഡക്ഷൻ ഗംഭീര വിജയമായി. വിപണനവും നടന്നു. വരുമാനം മാത്രം നാൾക്കുനാൾ കുറഞ്ഞു വന്നു. മാമൻ അലക്കി തേച്ച വസ്ത്രങ്ങളിട്ട് കറങ്ങുന്ന ഓഫീസ് കസേരയിലിരുന്ന് അടുത്ത പദ്ധതിയെ കുറിച്ചാലോചിച്ചു.
അച്ചാച്ചന്റെ കൈയിൽ ഇറക്കാൻ പണമില്ലാതായപ്പോൾ മാമന്റെ സംരംഭങ്ങളും നിലച്ചു. കഥയുടെ തുടർഭാഗങ്ങൾ അമ്മ പറയാറുമില്ല, ജാനു ചോദിക്കാറുമില്ല. കേശവന്റെ കുടുംബത്തിലെ രംഗങ്ങൾ കാണുമ്പോൾ അമ്മ പറയാറുള്ള കഥകൾ ജാനു ഓർക്കും. 'അതൊക്കെ ഇവിടെ ഇപ്പോൾ നടക്കുന്നതിന്റെ വെറും മിനിയേച്ചർ വേർഷൻസ് മാത്രം,' ആ വിചാരത്തിൽ വന്ന് നിൽക്കും ജാനുവിന്റെ ഓർമ്മകൾ. ജാനു വഴി അയാളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ചിലർ നടത്തി. ജാനു പക്ഷെ അത്തരം നീക്കങ്ങളിൽ നിന്ന് വളരെ തന്മയത്വത്തോടെ ഒഴിഞ്ഞു മാറി. കേശവൻ തനിക്ക് പ്രത്യേക പരിഗണന തരുന്നുവെന്ന പ്രതീതി തന്റെ പെരുമാറ്റത്തിൽ വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.
ഇങ്ങനെയിരിക്കുമ്പോഴാണ് കേശവന്റെ എൺപത്തിയഞ്ചാം പിറന്നാൾ വരുന്നത്. പിറന്നാൾ ആഘോഷങ്ങൾ അതിഗംഭീരമായിരുന്നു. ബന്ധുക്കൾ അയാൾക്ക് ആയുസ്സും ആരോഗ്യവും നേരാൻ മത്സരിച്ചു. സന്ദർഭത്തിന്റെ സ്പിരിറ്റിൽ എല്ലാം സന്തോഷമായി എടുക്കുമ്പോഴും കേശവനറിയാമായിരുന്നു, ഇവരെല്ലാം താൻ മരിച്ച് കഴിഞ്ഞാൽ കിട്ടാൻ പോകുന്ന സ്വത്തുക്കൾ ആഗ്രഹിച്ച് കഴിയുന്നവരാണെന്ന്. പിറ്റേ ദിവസം രാവിലെ കേശവൻ മുറിയിൽ മരിച്ച് കിടക്കുന്നത് ഹൗസ് സൂപ്പർവൈസർ രമണിയാണ് ആദ്യം കണ്ടത്. കഴുത്തിൽ ആഴമുള്ള മുറിവുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ കിട്ടിയ അജ്ഞാത സന്ദേശം അതൊരു കൊലപാതകമാണെന്നും, വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു. അങ്ങനെ കേശവന്റെ മരണം സ്പെഷ്യൽ സ്‌ക്വാഡ് ഏറ്റെടുത്തു. ജാനു സംശയത്തിന്റെ നിഴലിലായി. കാരണം അന്ന് രാത്രി ജാനുവാണ് അവസാനമായി കേശവന്റെ മുറിയിൽ നിന്ന് വേദനക്കുള്ള മരുന്നും കൊടുത്ത് പോന്നത്. കേശവൻ മരിച്ചതെങ്ങിനെയാണ്? Is it a murder? ആണെങ്കിൽ ആരാണ് അത് ചെയ്തത്? ജാനുവാണോ? അതിലുപരി ഞാൻ എങ്ങനെ ജാനുവിനെ അറിയും? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയും മുമ്പ് ഷേർളിയെ പറ്റി പറയേണ്ടിയിരിക്കുന്നു…

Chapter 2
എന്റെ രണ്ടാമത്തെ പ്രിസണിലേക്കുള്ള പോക്ക് മെഡിക്കൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ്. അതിന് മുന്നിലത്തെ ആഴ്ച അതായത് എന്റെ ആദ്യത്തെ ട്രിപ്പ്, അവിടെ പോകേണ്ടിയിരുന്ന ഡോക്ടർ പെട്ടെന്ന് ലീവെടുത്തതിനാലുള്ള തത്കാലത്തെ ഒരു അറേഞ്ച്മെന്റ് എന്ന നിലയിലായിരുന്നു. ഞാൻ എന്റെ റെഗുലർ ഡ്യൂട്ടിക്കിടയിലാണ് വരുന്നതെന്നും, അത്യാവശ്യമുള്ള കേസുകൾ മാത്രമേ കാണുകയുള്ളൂ എന്നും പറഞ്ഞിരുന്നതുകൊണ്ട് കുറച്ച് പേരെ മാത്രമേ ക്ലിനിക്കിൽ കൊണ്ട് വന്നുള്ളൂ. അതിലൊരു പ്രിസണർക്ക് എന്നോടെന്തോ കോൺഫിഡൻഷ്യൽ ആയി സംസാരിക്കണമെന്നും, അതിന് എനിക്ക് സമ്മതമാണോ എന്നും ചോദിച്ച് ഒരു ഇമെയിൽ വന്നപ്പോൾ, എനിക്ക് വേണമെങ്കിൽ നിരസിക്കാമായിരുന്നു.
ഞാൻ പ്രിസൺ ഡോക്ടർ അല്ല, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സഹായമായിക്കോട്ടെ എന്ന് കരുതി മാത്രമാണ് വന്നതെന്ന് പ്രിസൺ സൂപ്രണ്ടിനറിയമായിരുന്നു. അതുകൊണ്ട് പോണോ, വേണ്ടയോ എന്ന തീരുമാനം പൂർണ്ണമായും എന്റെ മാത്രമായിരുന്നു. എന്തായിരിക്കാം എന്ന സ്വാഭാവികമായ ജിജ്ഞാസ തന്നെയാണ് പോകാനുള്ള കാരണം. പ്രിസണിൽ എനിക്ക് വി.ഐ.പി സ്വീകരണമായിരുന്നു. അവർക്കും ഒരത്ഭുതം. അനുമതി തന്ന പ്രിസൺ അതോറിറ്റിക്ക് തങ്ങൾ മനുഷ്യാവകാശം സംരക്ഷിക്കുന്നു എന്നൊരു പ്രതിച്ഛായ ഉണ്ടാക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു.
അന്ന് ക്ലിനിക്ക് ഇല്ലാത്ത ദിവസമായിരുന്നു. അതുകൊണ്ട് കൺസൾട്ടിങ്ങ് റൂമിൽ തന്നെയായിരുന്നു ഞാനിരുന്നത്. ആരാണ് എന്നെ കാണാൻ വരുന്നതെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു റിമാൻഡ് പ്രതിയാണെന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. റൂമിലേക്ക് കൊണ്ട് വന്നത് മുപ്പതിനപ്പുറം പ്രായം തോന്നിക്കാത്ത ഒരു സ്ത്രീയെ ആയിരുന്നു. അവളെ എനിക്ക് മുന്നിലിരുത്തി കൂടെ വന്ന രണ്ട് ലേഡി ഓഫീസേഴ്‌സ് പുറത്ത് പോയി.
വളരെ ആകർഷകമായ മുഖമായിരുന്നു അവളുടേത്. ഷേർളി മാത്യൂസ് അതായിരുന്നു അവളുടെ പേര്. എനിക്കോർമ്മ വന്നു, കാലിലെ വേദനക്കാണ് കഴിഞ്ഞ തവണ അവളെന്നെ കാണാൻ വന്നത്. ഔപചാരികതകൾക്കൊന്നും നിൽക്കാതെ ഞാൻ ചോദിച്ചു,
"ഇവിടത്തെ സ്ഥിരം ഡോക്ടർ ഉള്ളപ്പോൾ എന്തിനാണ്...?"
"ഐ ഡോണ്ട് നോ, എനിക്കങ്ങനെ തോന്നി, An Intuition. അനുമതി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല," പ്രത്യേകിച്ച് ഒരു വികാരവും ആ വാക്കുകളിൽ ഇല്ലായിരുന്നു.
"എന്താണ് പറയാനുള്ളത്?"
"വന്നതിൽ ഐ ആം എക്സ്ട്രീമിലി താങ്ക്ഫുൾ റ്റു യു, പക്ഷേ..."
"അവർ തന്നിട്ടുള്ള സമയം വളരെ കുറവാണ്," വേഗം പറഞ്ഞോളൂ എന്ന മട്ടിൽ ഞാൻ അവളെ നോക്കി.
"ഇത്രയും ഗൗരവമായാൽ എനിക്ക് പറയാൻ പറ്റില്ല. എ ബിറ്റ് മോർ കംപാഷനേയ്റ്റ് ടോൺ, ഐ തിങ്ക് ഐ ഡിസേർവ് ഇറ്റ്"
ശരിയാണ്. ഞാനല്പം സോഫ്റ്റ് ആവേണ്ടതായിരുന്നു.
"ഇന്നലെ വൈകീട്ട് ഒരു മീറ്റിങ്ങുണ്ടായിരുന്നു. അത്യാവശ്യം ഡ്രിങ്ക്‌സും കഴിച്ചിരുന്നു. ഇന്ന് നേരത്തെ എഴുന്നേൽക്കുകയും, പിന്നെ വൺ അവർ ഡ്രൈവിങ്ങും. മേ ബി ഐ ആം ബിറ്റ് ടയേർഡ്. ഞാൻ ഒട്ടും ദേഷ്യത്തിലല്ല."
ആ പറച്ചിൽ അവളെ സമാധാനപ്പെടുത്തിയിരിക്കണം. ചുമരിൽ നിറഞ്ഞു നിൽക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ 'Vitruvian Man'-ൽ നിന്ന് അവളുടെ കണ്ണുകൾ എന്റെ മുഖത്തേക്ക് തിരിഞ്ഞു. നിമിഷങ്ങൾ നീണ്ടു നിന്ന പരസ്പര നോട്ടത്തിൽ ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചത്വത്തിന്റെ ഇന്റൻസിറ്റി തീരെ കുറഞ്ഞു.
"ഞാനൊരു നല്ല ശ്രോതാവാകുമോ എന്നറിയില്ല. അത് കണക്കാക്കേണ്ട. ഷേർളിക്ക് പറയാനുള്ളത് എന്നോട് പറയാം," വളരെ പതിഞ്ഞ ശബ്ദത്തിലാണ് അവൾ തുടങ്ങിയത്. വൈകാരികമായിട്ടുള്ള ഭാവവ്യത്യാസങ്ങൾ ഒന്നും അവളുടെ സംസാരത്തിൽ ഉണ്ടായില്ല. പറഞ്ഞു തീർത്ത് അവൾ അപ്പുറത്തെ ടേബിളിലേക്ക് നടന്നു. വെള്ളമെടുത്ത് കുടിച്ച് തിരികെ വന്നിരുന്നു. നല്ല ഷെയ്പ്പുള്ള ശരീരവും അതിനൊത്ത ചലനങ്ങളും, അതിനൊന്നും മാച്ച് ആവാത്ത പരുപരുത്ത ജയിൽ വസ്ത്രങ്ങളും. അവളിൽ ഒരു കുറ്റവാളിയുടെ പാടുകളൊന്നും ഞാൻ കണ്ടില്ല. അടുത്ത നിമിഷം കണ്ണടച്ച് അവളിൽ നിന്ന് കേട്ടത് ഞാൻ മനസ്സിൽ ഒന്ന് റീവൈൻഡ് ചെയ്തു.
ഒരു കൊലപാതകക്കേസിലെ പ്രതിയാണവൾ. കൊല്ലപ്പെട്ടിരിക്കുന്നത് അവളുടെ ഗ്രാൻഡ്ഫാദർ. കേസന്വേഷിച്ച പോലീസ് ഓഫീസർ അവളുടെ മുൻ കാമുകനായിരുന്നു. ജീവിതപങ്കാളിയാകാനുള്ള ഗുണമില്ലെന്ന് കണ്ടപ്പോൾ പിരിഞ്ഞതാണ്. അതിനയാൾ പ്രതികാരം ചെയ്തിരിക്കുന്നു.
മരിച്ച ഫെർണാണ്ടസ് ഒരു ബിസിനെസ്സ് മാഗ്നെറ്റ് ആയിരുന്നു. A filthy rich man. മാത്യൂസ് അയാളുടെ മൂത്ത മകൻ. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു ഫെർണാണ്ടസ്. ഒരു ടിപ്പിക്കൽ പാട്രിയാർക്ക്. സമ്പത്തിന്റെ ബലത്തിൽ സകലതും അയാൾ തന്റെ വരുതിയിലാക്കാൻ ശ്രമിച്ചു. അതിൽ മക്കളെന്നോ, ഭാര്യയെന്നോ മറ്റൊരാളെന്നോ അയാൾക്ക് വ്യത്യാസമുണ്ടായിരുന്നില്ല. അയാളെ കൊല്ലാനുള്ള ദേഷ്യമുള്ളവർ ഏറെയുണ്ടായിരുന്നു. എതിർത്താൽ ഇല്ലാതാക്കാൻ ക്വട്ടേഷൻ സംഘങ്ങളെ അയാൾ തയ്യാറാക്കി നിറുത്തിയിരുന്നു. അങ്ങനെയുള്ള ഫെർണാണ്ടസ് ഒരു പ്രഭാതത്തിൽ സ്വന്തം കിടക്കയിൽ മരിച്ചു കിടന്നു.

കൊട്ടാരം പോലുള്ള ആ വീട്ടിൽ ഷേർളിയുടെ പേരെന്റ്സും അവളുടെ കൗമാരക്കാരനായ അനിയനും, പന്ത്രണ്ട് വയസ്സുള്ള അനിയത്തിയും കൂടാതെ ഫെർണാണ്ടസിന്റെ രണ്ടാം ഭാര്യ മരിയ, ഫെർണാണ്ടസിന്റെ രണ്ട് സഹോദരങ്ങൾ, മാത്യൂസിന്റെ രണ്ട് സിസ്റ്റേഴ്‌സ്, അവരുടെയെല്ലാം കുടുംബങ്ങളും സെർവെൻറ്സും താമസിച്ചിരുന്നു.
മരിയയെ കുറിച്ച് ആർക്കും കാര്യമായിട്ടൊന്നും അറിവില്ലായിരുന്നു. മാത്യൂസിന്റെ അമ്മ മരിച്ച് അധികം കഴിയുന്നതിണ് മുമ്പ് ഫെർണാണ്ടസ് ഒരു വിദേശയാത്ര നടത്തിയിരുന്നു. യാത്ര കഴിഞ്ഞുവരുമ്പോൾ മരിയ കൂടെയുണ്ടായിരുന്നു. ആ സമയത്ത് മാത്യൂസിന്റെ ചെറിയമ്മ എലിസബത്ത് കുട്ടികളെ നോക്കാനായി അവരുടെ കൂടെ താമസിച്ചിരുന്നു. അവരെ ഫെർണാണ്ടസ് വിവാഹം കഴിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഒരു നിശാപാർട്ടിയിൽ വെച്ചാണ് ഫെർണാണ്ടസ് മരിയ തന്റെ ഭാര്യയാണെന്ന് പ്രഖ്യാപിക്കുന്നത്. എലിസബത്ത് പിന്നീട് വിവാഹം കഴിച്ചില്ല. അവരും അവിടെ തന്നെ താമസിച്ചു. ധാരാളം ശത്രുക്കൾ ഉള്ളതുകൊണ്ട് ഫൗൾ പ്ലേ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അയാളുടെ ബിസിനസ് പാർട്ണർമാരിൽ ഒരാളാണ് പോലീസിൽ സ്വാധീനം ചെലുത്തിയത്.
മുൻപുണ്ടായിരുന്ന ബന്ധം വെച്ചാണ് ഡിസ്‌ട്രിക്‌ട് പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ ചുമതലയുള്ള അലക്സിനോട് ഷേർളി തനിക്ക് തോന്നിയ രണ്ട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഒന്ന് ഫെർണാണ്ടസിന്റെ ഇൻസുലിൻ സിറിഞ്ചിനടുത്ത് ഗ്ലോക്കോമക്ക് അയാളുപയോഗിക്കുന്ന ഐ ഡ്രോപ്‌സ് പൊട്ടിച്ച നിലയിൽ കണ്ടിരുന്നു. പിന്നീട് ബോഡി മാറ്റുന്നതിനിടയിൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി. ആ മരുന്ന് ഇൻസുലിനോടൊപ്പം ചെന്നിട്ടുണ്ടെങ്കിൽ മരണകാരണമാകുമോ? അതാരെങ്കിലും ഫെർണാണ്ടസ് കുത്തിവെക്കുന്നതിന് മുമ്പ് ഇൻസുലിനിൽ കലർത്തിയിരിക്കുമോ? അതായിരുന്നു ഷേർളി അയാളോട് ചോദിച്ചത്.
രണ്ട് മരിച്ചതിന്റെ പിറ്റേന്ന് ഫെർണാണ്ടസ് തയാറാക്കിയ വിൽപത്രം അയാളുടെ ഓഫീസ് റൂമിൽ നിന്ന് ഷേർളിക്ക് കിട്ടിയിരുന്നു, ഫെർണാണ്ടസിന്റെ സിഗ്നേച്ചർ ഇല്ലായിരുന്നു. ഷേർളിക്ക് നല്ലൊരു വിഹിതം സ്വത്ത് അതിൽ എഴുതിവെച്ചിരുന്നു. ഷേർളി പക്ഷെ താനാണ് ഫെർണാണ്ടസിന് ഇൻസുലിൻ സിറിഞ്ചിലാക്കി കൊടുത്തതെന്ന് അലക്സിനോട് പറഞ്ഞിരുന്നില്ല. അത് പോലീസ് കണ്ടെത്തുകയായിരുന്നു. മാത്രമല്ല തന്റെ അനിയത്തിയെ ഡാൻസ് പഠിപ്പിക്കാൻ അനുമതി നിഷേധിച്ചതിന് ഷേർളി ഫെർണാണ്ടസുമായി മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാര്യമായ രീതിയിൽ വഴക്കുണ്ടാക്കിയിരുന്നു. “ഐ വിൽ കിൽ ദാറ്റ് ഓൾഡ്മാൻ,” എന്ന് ഷേർളി പിറുപിറുത്തിരുന്നതായി ഒരു സെർവന്റ് മൊഴി കൊടുക്കുകയും ചെയ്തു. ഒപ്പം അലക്സിന്റെ ഉള്ളിലെ പകയും.
"ഷേർളിക്ക് ആരെയെങ്കിലും സംശയമുണ്ടോ?" എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നറിഞ്ഞിട്ടല്ല, എന്നാലും ഞാൻ ചോദിച്ചു.
"ആരുമാകാം, ഞാനല്ലെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ"
"ഐ ഡോണ്ട് നോ നൗ വാട്ട് ഐ ആം ഗോയിങ് റ്റു ഡു ഷേർളി, ബട്ട് ഐ വിൽ ട്രൈ മൈ ബെസ്റ്റ്"
അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു, അത് എന്തെങ്കിലും പ്രതീക്ഷയായിരുന്നോ? അവൾ എന്നെ വിശ്വസിക്കുന്നു. അതിന്റെ കാരണം അജ്ഞാതമാണ്.
അനുവദിച്ച സമയം തീരുന്നതിന് തൊട്ട് മുമ്പാണ്, "ഒരു കാര്യം പറയാൻ മറന്നുപോയി. എന്റെ ഏതാണ്ട് അതേ പോലെത്തെ ഒരു കേസിൽ ഒരു പെൺകുട്ടി അറസ്റ്റിലായിട്ടുണ്ട്. ഞങ്ങളെ ഒരുമിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. അവളീ ജയിലിൽ തന്നെയാണോന്ന് എനിക്കറിയില്ല"
"പേരറിയാമോ?"
"ജാനകി ഫിലിപ്പ്, ജാനു എന്നാണ് വിളിക്കുന്നത്"
ആ പേര് കൊണ്ട് എന്ത് ചെയ്യുമെന്ന് ഒരു രൂപവും അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഷേർളിയെ എങ്ങനെ സഹായിക്കുമെന്നതിനും. നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് എനിക്ക് ജാനുവിന്റെ ഡീറ്റെയിൽസ് കിട്ടിയത്. ജയിലിൽ അവളെ കാണാനുള്ള അനുമതിക്ക് അപേക്ഷയും കൊടുത്ത് കാത്തിരിക്കുമ്പോഴാണ് ആ വിവരം ഞാനറിഞ്ഞത്, ഷേർളിയുടെ തറവാട്ടിൽ ഒരാൾ കൂടെ മരിച്ചു. അവളുടെ അനിയത്തിയെ സ്ക്കൂളിൽ കൊണ്ടാക്കാനും കൊണ്ടുവരാനും, പിന്നെ വീട്ടിലെ പണികൾക്കുമായി നിറുത്തിയിരുന്ന ശാന്ത എന്ന സ്ത്രീയായിരുന്നു അത്. അവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി രഹസ്യമായി വെച്ചു.
ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് ജാനുവിനെ കാണാൻ സാധിച്ചത്. ജയിലിൽ ഒരു ഫയർ ത്രെട്ട് ഉണ്ടായതിനാൽ സംസാരം മുഴുവനാക്കാൻ പറ്റിയില്ല. കേശവന്റെ മരണത്തെ കുറിച്ചുള്ള എന്റെ നിഗമനങ്ങൾ എങ്ങുമെത്തിയില്ല. ജാനുവിനെ ഞാൻ വീണ്ടും കാണാനിരിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് ഷേർളിയുടെ അനിയത്തിയും മാത്യൂസിന്റെ ചെറിയമ്മയും ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുന്നത്. എലിസബത്താണ് കാർ ഓടിച്ചിരുന്നത്. കാർ നിയന്ത്രണം വിട്ടപോലെ ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. വികാരനിർഭരമായിരുന്നു മെമ്മോറിയൽ സർവീസ്. സെമിത്തേരിക്ക് അരികിലൂടെ നടക്കുമ്പോൾ ഒരു പയ്യൻ എന്നെ സൂക്ഷിച്ചു നോക്കുന്നു. ആഴമുള്ള കണ്ണുകൾ. അവൻ ഷേർളിയുടെ അനിയൻ ടോണിയാണെന്ന് അറിയും മുമ്പേ എനിക്ക് തോന്നിയിരുന്നു,
"He has something to tell me"

ചാപ്റ്റർ 3
കോടതിയിൽ എന്താണ് സംഭവിക്കുക എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. നടപടികൾ എങ്ങനെ പോകുമെന്ന് കണ്ടാലേ എനിക്കിതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നറിയൂ, അതുകൊണ്ടാണ് ഒരു ദിവസത്തെ ലീവുമെടുത്ത് ഞാൻ പോയത്. എത്തിയത് ഇത്തിരി നേരത്തെയായി പോയി. പബ്ലിക്ക് ഹിയറിങ് ആയതുകൊണ്ട് കാവൽ നിന്ന പോലീസുകാരൻ ഒന്നും ചോദിച്ചതേയില്ല. കോടതി ഹാളിലെ മദ്ധ്യനിരയിലെ ബെഞ്ചിൽ ഒരറ്റത്തിരിക്കുമ്പോൾ ഞാനാലോചിച്ചത് ജാനു പറഞ്ഞ കാര്യങ്ങളായിരുന്നു, അന്നത്തെ കേസ് ഷേർളിയുടേതായിരുന്നെങ്കിലും. കേശവന് വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തപ്പോൾ സംഭവിച്ചതെന്താണെന്ന് ജാനു വിശദമായി പറഞ്ഞെങ്കിലും എനിക്കത് അത്ര ബോദ്ധ്യപ്പെട്ടില്ല.
"സോറി ജാനു, പോലീസ് സ്റ്റൈലിലുള്ള ചോദ്യം ചെയ്യലാണെന്ന് കരുതരുത്. എനിക്ക് വ്യക്തമായ ഐഡിയ കിട്ടാൻ വേണ്ടിയാണ്. ക്യാൻ ഐ സ്റ്റാർട്ട് ഫ്രം ദി സ്ക്രാച്ച് ?"
"പ്ളീസ്" പലതവണ പറഞ്ഞിട്ടും മനസ്സിലാകാതെ പോകുന്നതിന്റെ നിരാശ ഒട്ടും ഇല്ലാതെ തന്നെയാണ് ജാനു പറഞ്ഞത്.
"സാധാരണ വേദനക്ക് കേശവന് കൊടുക്കുന്ന ഇൻജെക്ഷൻ ഏതാണ്?"
"Ketorolac, ബ്രാൻഡ് toradol"
"പിന്നെന്തിനാണ് മോർഫിൻ കിറ്റിൽ വന്നത്?"
"വല്ലപ്പോഴും നല്ല വേദനയുള്ള ദിവസം ഉറങ്ങാൻ തീരെ പറ്റുന്നില്ലെന്ന് തോന്നിയാൽ അദ്ദേഹം ആവശ്യപ്പെടാറുണ്ട്. മാക്സിമം ഫൈവ് മില്ലിഗ്രാം. മോർഫിൻ പക്ഷെ അലമാരയിൽ പൂട്ടിയാണ് വെക്കാറ്. ബാഗിൽ Ketorolac മാത്രമേയുള്ളൂ എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ടാണ് ഞാൻ ഞാൻ ശരിക്ക് നോക്കാതിരുന്നത്"
"പിന്നെങ്ങനെയാണ് കൊടുത്തത് മോർഫിനാണെന്ന് തോന്നാൻ കാര്യം?"
"ഇൻജെക്ഷൻ കഴിഞ്ഞ് ഞാൻ ബാഗ് എടുത്ത് വെക്കാൻ നേരമാണ് അതിൽ Ketorolac ലേബൽ വീണ് കിടക്കുന്നു, കൊടുത്തിരിക്കുന്നത് നോക്കിയപ്പോൾ മോർഫിനാണ് "
"എന്നാലും ഒരു മില്ലിയിൽ 5mg അല്ലെ കാണുള്ളൂ"
"അത് Morphine tartrate ആയിരുന്നു, 120mg ഇൻ1.5ml"
"മോർഫിൻ ആംപ്യൂൾസ് ആർ ബ്രൗണിഷ്, ദി അദർ വൺ ഈസ് വൈറ്റിഷ്. ആം ഐ റൈറ്റ്?"
"ഐ ഹാവ് സീൻ ബോത്ത്, പക്ഷേ ഞാനങ്ങനെ സംശയിച്ചതേയില്ല"
"i .v ആണോ കൊടുത്തത്?"
"യെസ്, ഇൻട്രാവീനസ് ആയാണ് കൊടുത്തത്. അതും ഒരു ആംപ്യൂൾ മുഴുവൻ. I panicked. ആൻ്റിഡോട്ട് പാക്കിൽ Naloxone നോക്കീട്ട് കാണുന്നുമില്ല. ഞാൻ കേശവനോട് പറഞ്ഞു, അപകടമാണ്, എപ്പോൾ വേണമെങ്കിലും ശ്വാസതടസ്സമുണ്ടാകാം. ആംബുലൻസ് വിളിക്കാം, ആശുപത്രിയിൽ പോകാം. അദ്ദേഹം സമ്മതിച്ചില്ല. അത് എനിക്ക് ദോഷമായി വരുമെന്ന് പറഞ്ഞു"
"എന്നിട്ട്"
"നാലാം നിലയിൽ നിന്ന് താഴോട്ടിറങ്ങുന്ന ഒരു രഹസ്യ വഴിയുണ്ട്. അതിലൂടെ ഇറങ്ങി എന്നോട് വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു, എനിക്ക് അനുസരിക്കേണ്ടി വന്നു"
"അപ്പോൾ കഴുത്തിലെ മുറിവ്?"
"അതെനിക്ക് അറിയില്ല"
"പിന്നെ പോലീസ് അറസ്റ്റ് ചെയ്യാൻ കാരണം?"
"മുറിയിലേക്ക് ബെഡ് ഷീറ്റ് വെക്കാൻ വന്നപ്പോൾ ഞാൻ ഇൻജെക്ഷൻ കൊടുക്കുകയായിരുന്നുവെന്ന് സെർവന്റ് പ്രമീള മൊഴി കൊടുത്തിരുന്നു. ഞാൻ ധൃതിയിൽ വീട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന് സെക്യൂരിറ്റിക്കാരൻ ജോൺസണും പോലിസിനോട് പറഞ്ഞു"
"അവർ കണ്ടിരുന്നോ?"
"ഇല്ല, പ്രമീള റൂമിലേക്ക് വന്നിട്ടില്ല. ഞാൻ പുറത്ത് പോയ വഴി കേശവനല്ലാതെ ആർക്കുമറിയില്ല"
"ഈ മരുന്നിന്റെ കാര്യത്തിൽ എന്ത് സംഭവിച്ചുവെന്നാണ് ജാനുവിന് തോന്നുന്നത്?"
"ഞാൻ വളരെ കൃത്യമായാണ് ഹാൻഡിൽ ചെയ്യാറ്. ചെറിയ ഡോസിലുള്ള Morphine sulphate ആണ് സാധാരണ വാങ്ങാറ്. ആരോ എന്തോ ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബട്ട് ഐ ഹാവ് നോ പ്രൂഫ്"
കോടതി നടപടികൾ ആരംഭിക്കാൻ പോകുന്നുവെന്ന അനൗൺസ്മെന്റ് ജാനുവിനെ കുറിച്ചുള്ള ആലോചനക്ക് വിരാമമിട്ടു. പ്രതിക്കൂട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഞാൻ ഷേർളിയെ നോക്കി. അവൾ എന്നെ കണ്ടിരിക്കുന്നുവെന്ന് തോന്നി. മുന്നിലെ നിരയിലൊക്കെ അവളുടെ ബന്ധുക്കളായിരിക്കണം. കുറെ മീഡിയ ആൾക്കാരുമുണ്ട്. ഹാൾ ഏതാണ്ട് ഫുൾ ആണ്.
പഴഞ്ചൻ ആചാരങ്ങൾ ഓരോന്നായി വന്നുകൊണ്ടിരുന്നു. ഇത്രയൊക്കെ ലോകം പുരോഗമിച്ചിട്ടും ഈ ബോറൻ വേഷവും, ശൈലികളും കോടതികൾ മാത്രം എന്തുകൊണ്ട് പിന്തുടരുന്നു? താരതമേന്യ ചെറുപ്പമാണ് ജഡ്ജ്. അയാൾക്ക് ജനം എഴുന്നേറ്റ് നിൽക്കണമെന്ന് വലിയ നിർബന്ധമില്ലെന്ന മട്ടാണ്. തൽക്കാലം അധികാരത്തിന്റെ ന്യൂക്ലിയസ് അയാളായതുകൊണ്ട് ഗണ്യമായി തന്നെ ബഹുമാനിച്ച് കളയാം എന്ന മട്ടിലാണ് ഭൂരിപക്ഷം പേരും.
പതിവ് ചടങ്ങുകളും, നിയമപുസ്തകത്തിലെ ജാർഗൺസും ഞാൻ ശ്രദ്ധിച്ചില്ല. ജാമ്യം അനുവദിക്കണമെന്നുള്ള ഷേർളിയുടെ വക്കീലിന്റെ വാദത്തിൽ എനിക്ക് വലിയ പ്രതീക്ഷ തോന്നിയില്ല. ജഡ്ജ് പ്രോസിക്യൂട്ടറുടെ ഭാഗം കേൾക്കാനായി അങ്ങോട്ട് നോക്കി. ഒരു ആജാനബാഹുവായിരുന്നു പ്രോസിക്യൂട്ടർ. ഇന്നു തന്നെ ക്യാപിറ്റൽ പണിഷ്മെന്റ് എന്ന ഭാവമാണെന്ന് തോന്നി അയാളുടെ മുന്നോട്ടുള്ള വരവ് കണ്ടപ്പോൾ. ആ സമയത്താണ് ഒരു പോലീസ് ഓഫീസർ, ഷേർളി പറഞ്ഞ ഡിസ്ക്രിപ്ഷൻ അനുസരിച്ച് അലക്സ് ആയിരിക്കണം പ്രോസിക്യൂട്ടർക്ക് എന്തോ സിഗ്നൽ കൊടുത്തത്. അയാൾ കോടതിയോട് അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ സ്പെഷ്യൽ പെർമിഷന് അപേക്ഷിച്ചു. പത്തു മിനിട്ടാണ് അനുവദിക്കപ്പെട്ടത്.
ചേമ്പറിലേക്ക് പോയ ജഡ്ജ് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ഹാളിൽ പിൻഡ്രോപ് സൈലെൻസ്. ഞാനപ്പോൾ ടോണി പറഞ്ഞ കാര്യങ്ങൾ ഓർത്തു. അവന് സംശയം എലിസബത്തിനെ ആയിരുന്നു. അതിന് അവന്റെ കൈയിൽ വ്യക്തമായ തെളിവൊന്നുമില്ലായിരുന്നു. പക്ഷെ ആ കാറപകടം, അത് യാദൃച്ഛികമെന്ന് വിശ്വസിക്കാൻ എനിക്കും കഴിഞ്ഞില്ല. വളരെ സോഫ്റ്റ് ആയിട്ടാണ് പ്രോസിക്യൂട്ടർ സംസാരിച്ചത്.
"സ്റ്റേറ്റ് ജാമ്യം എതിർക്കുന്നില്ലെന്ന് മാത്രമല്ല ഷേർളിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു," കരുത്തനും പരുക്കനുമെന്ന് കണ്ടാൽ തോന്നുമെങ്കിലും ഒരു ദയാലുവിന്റെ ശബ്ദമായിരുന്നു അയാൾക്ക്. അത് കോടതിയിലുണ്ടായിരുന്നവരിൽ നെടുവീർപ്പുകളായി പ്രതിധ്വനിച്ചു. പുഞ്ചിരിച്ചെങ്കിലും ഇനിയെന്തെന്നറിയാനുള്ള പരിഭ്രമമുണ്ടായിരുന്നു ഷേർളിയുടെ മുഖത്ത്.
"കോടതി വിശദീകരണം ആവശ്യപ്പെടുന്നു" ജഡ്ജ് ഒപ്പം ഹാളിൽ ഉയർന്ന അസ്‌പഷ്‌ട സംസാരങ്ങൾ നിറുത്താനായി ആംഗ്യം കാണിച്ചു. സ്വിച്ചിട്ടപോലെ അടക്കം പറച്ചിലുകൾ നിന്നു. പ്രോസിക്യൂട്ടർ കട്ടികൂടിയ ഫയൽ തുറന്നു.
"ഇനി ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ അവിശ്വസനീയമായി തോന്നുമെങ്കിലും കൃത്യമായ ശാസ്ത്രീയവിശകലനങ്ങൾ അവ സത്യമാണെന്ന് തെളിയിച്ചിരിക്കുന്നു..." പ്രക്ഷുബ്ധമാകാൻ പോകുന്ന ഒരു കടലിന്റെ ഇരമ്പൽ ആ വാക്കുകൾക്കുള്ളിൽ അടക്കി നിറുത്തിയിരുന്നു.
തികച്ചും യാന്ത്രികമായിട്ടായിരുന്നു അയാൾ വായന തുടങ്ങിയത്. വികാര വ്യതിയാനങ്ങൾ തടയാനുള്ള ശ്രമത്തിനിടയിൽ സംഭവിക്കുന്ന മനുഷ്യസഹജമായ ഇടർച്ചകൾ ഒഴിവാക്കാൻ അയാൾ പലപ്പോഴും ബുദ്ധിമുട്ടി. സ്റ്റേറ്റ്മെന്റ് പൂർത്തിയാക്കി ഫയൽ ജഡ്‌ജിക്ക് കൈമാറുമ്പോൾ, എന്ത് ചെയ്യണമെന്നറിയാത്ത ഒരു മരവിപ്പിലായിരുന്നു അവിടെ കൂടിയിരുന്നവർ.
അതിനിടയിൽ ഞാൻ വീണ്ടും കേട്ടത് അയാൾ തറപ്പിച്ച് പറഞ്ഞ പ്രൈം എവിഡൻസ് എന്ന വാക്കായിരുന്നു. അത് കൊക്കയിലേക്ക് കാർ മാറിയും മുമ്പ് പുറത്തേക്ക് വലിച്ചെറിയപ്പെട്ട ഒരു നോട്ട്ബുക്കായിരുന്നു. ഷേർളിയുടെ അനിയത്തി മെർലിൻ്റേതായിരുന്നു നോട്ട് ബുക്ക്.
"ആ ഫെർണാണ്ടസ് ചത്തത് എങ്ങനെയാണെന്ന് ആർക്കും മനസ്സിലായിട്ടില്ല. അയാൾക്ക് അത് തന്നെ വേണം. അച്ചാച്ചനെത്ര അച്ചാച്ചൻ. പിശാച് ആണയാൾ. പിശാചിനെ കൊല്ലുക തന്നെ വേണം...."
"ഷേർളി ചേച്ചിയെ പോലീസ് പിടിച്ചതിലാണെനിക്ക് വിഷമം. പക്ഷെ അതുകൊണ്ടൊന്നും ശാന്തേ നീ രക്ഷപ്പെടുമെന്ന് കരുതണ്ട. എന്റെ പിന്നാലെയുള്ള നിന്റെ നടപ്പ് ഞാൻ തീർക്കും. എലിസബത്ത് അമ്മാമയുടെ പെരുച്ചാഴികൾ കിടക്കും പോലെ നീ കിടക്കും നോക്കിക്കോ"
എലിസബത്ത് എലികളെ കൊല്ലാൻ ഷെഡിൽ സൂക്ഷിച്ചിരുന്ന സയനൈഡ് അടങ്ങിയ വിഷം ഉള്ളിൽ ചെന്നാണ് ഫെർണാണ്ടസും ശാന്തയും കൊല്ലപ്പെട്ടത്. പന്ത്രണ്ട് വയസ്സുകാരിയുടെ ഉള്ളിൽ അത്രയും പ്രതികാരചിന്തയുണ്ടെന്ന് ആരും കരുതിയില്ല, പല എക്‌സിൻട്രിക് സ്വഭാവങ്ങളും അവൾ കാണിക്കുമായിരുന്നെങ്കിലും. ലോകത്തിന് മുന്നിൽ ഒരു കൊടും കുറ്റവാളിയായി അവൾ നിൽക്കേണ്ടെന്ന് കരുതിയിട്ടാണോ, അതോ താനും കൂടി ഉത്തരവാദിയാണെന്ന കുറ്റബോധം കൊണ്ടാണോ എലിസബത്ത് മരണത്തിലേക്ക് കാറോടിച്ചത്?

അപ്പോഴും സ്തബ്ധരായിരിക്കുന്ന ആളുകളുടെ ഇടയിലൂടെ ഞാൻ പുറത്തേക്ക് നടന്നു. ഷേർളി സ്വതന്ത്രയായിരിക്കുന്നു. ഇനി അവളെ ഉടനെ കാണേണ്ട ആവശ്യമില്ല. ഞാൻ പോയത് പോലീസ് കമ്മീഷ്ണർ അലക്സിന്റെ അടുത്തേക്കാണ്. അയാൾ ഫ്രണ്ട്ലി ആയിരുന്നു. അയാളുടെ വിശാലമായ ഓഫീസ് റൂമിലിരിക്കുമ്പോൾ ഞാൻ ചോദിച്ചു,
"നിങ്ങൾ എന്തിനാണ് ധൃതിപ്പെട്ട് ഷേർളിയെ അറസ്റ്റ് ചെയ്തത്? വാസ് ഇറ്റ് എ റിവഞ്ച്?"
"നോ നോ. ആദ്യം കിട്ടിയ തെളിവുകൾ അവൾക്കെതിരായിരുന്നു. അത്രയുമായിട്ട് അറസ്റ്റ് നടന്നില്ലെങ്കിൽ പോലീസിനെതിരെ നടപടി വരും. പ്രതികാരം അത് എന്റെ അജണ്ടയിലില്ല. എനിക്കറിയാം, ഐ ആം നോട്ട് ഹെർ മേൻ"
"എനിവേ, ദാറ്റ്സ് ഓവർ. ഞാൻ വന്നത് വേറൊരു കേസ് ഡിസ്‌കസ് ചെയ്യാനാണ്. ഒരു ജാനകി ഫിലിപ്പിന്റെ..."
"ഞാൻ ഊഹിച്ചു, പ്രസന്നൻ ജയിലിൽ പോയി കണ്ട കാര്യം അറിഞ്ഞിരുന്നു. ആ കേസ് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രതാപ് ശങ്കറിന്റെ ചുമതലയിലാണ്. ഇന്നലെയാണ് പ്രതാപ് കേസ് ഏറ്റെടുത്തത് "
പ്രതാപിന്റെ ബ്രദർ ഇൻ ലോ ഡോക്ടർ ആണ്. എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും കോമൺ സുഹൃത്തുക്കളുണ്ട്. ആ കണക്ഷൻസ് സഹായിച്ചു. കാലത്ത് ഏഴ് മണിക്കാണ് ഞാൻ പ്രതാപിനെ കാണുന്നത്. പട്ടണത്തിന്റെ ഔട്ടർ സബർബിലുള്ള ഒരു ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച്. എനിക്കും അതായിരുന്നു സൗകര്യം. വലിയ ഫോർമാലിറ്റീസ് ഒന്നുമില്ലായിരുന്നു പ്രതാപിന്. പുറത്തെ ഗാർഡനിൽ അയാൾ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു. ഹോളിവുഡ് നടൻ ക്രിസ് ഹെംസ് വർത്തിന്റെ ട്വിൻ ബ്രദർ ആന്നെന്ന് തോന്നും കണ്ടാൽ.
റൂംബോയ് കൊണ്ടുവന്ന നല്ല ചൂടുള്ള ചായ ഊതി കുടിക്കുന്നതിനിടയിൽ പ്രതാപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു,
"പ്രസന്നൻ എന്നാണീ പ്രൈവറ്റ് ഡിറ്റക്ടീവ് പണി തുടങ്ങിയത് ?"
"ശരിക്കും ഞാനൊരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റോ, പോലീസുകാരനോ ആവേണ്ടതായിരുന്നു, ഐ ആം ഏൻ ആക്സിഡന്റൽ ഡോക്ടർ."
ഡയറ്റിങ്ങിന്റെ ഭാഗമായി ചായക്കൊപ്പം വന്ന മഫിൻ ഞാൻ മാറ്റിവെച്ചു.
"വല്ലപ്പോഴും ആകാം"
"വല്ലപ്പോഴും എന്നത് തീറ്റയുടെ കാര്യത്തിൽ എപ്പോഴുമാകാൻ എളുപ്പമാണ്"
അത്രയും ആമുഖം മതി എന്ന മട്ടിൽ ഞാൻ തുടർന്നു,
"ഹൗ മച്ച് യു ക്യാൻ ഡിസ്ക്ലോസ് എബൌട്ട് കേശവൻസ് കേസ് അറ്റ് ദിസ് സ്റ്റേജ്?"
"ഓൾമോസ്റ്റ് എവെരിതിങ് ഇഫ് യു വിൽ കീപ് ഇറ്റ് കോൺഫിഡെൻഷ്യൽ"
"യെസ്, മൈ വേർഡ്"
"രണ്ട് ദിവസം മുമ്പാണ് ടോക്സിക്കോളജി റിപ്പോർട്ട് വന്നത്, കേശവന്റെ ശരീരത്തിൽ മോർഫിൻന്റെ അംശമില്ല"
"പിന്നെ?"
"പറയാം, ഞങ്ങൾ പ്രതീക്ഷിച്ചപോലെ മിനിഞ്ഞാന്ന് ഒരു വധശ്രമം കൂടെയുണ്ടായി, കഷ്ടിച്ചാണ് അവിടെ മുമ്പ് ജോലിക്ക് നിന്നിരുന്ന ഒരു ലേഡി രക്ഷപ്പെട്ടത്"
"പ്രമീള?"
"യെസ്"
എന്താണ് സംഭവിച്ചിരിക്കുക എന്ന ആലോചനയിൽ ഞാൻ കുറച്ചുനേരം നിശബ്ദനായി ഇരുന്നു.
"പ്രസന്നന്റെ ഡിറ്റക്ടീവ് മൈൻഡ് എന്ത് പറയുന്നു"
"എനി മോർ ക്ലൂ?"
"കേശവൻ പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ വിൽപത്രം ഫൈനലൈസ് ചെയ്തിരുന്നു. ഒറിജിനൽ അയാൾ ബാങ്ക് ലോക്കറിൽ വെച്ചു. ഡ്രാഫ്റ്റിന്റെ ഒരു കോപ്പി അയാളുടെ ഓഫീസിലുണ്ടായിരുന്നു. മുഴുവൻ സ്വത്തും അയാളുടെ മരണശേഷം ജാനുവിനായിരുന്നു എഴുതിവെച്ചിരുന്നത്."
"ജാനുവിനെ കൊലപാതകിയാക്കിയാൽ ആ വിൽപത്രം അസാധുവാകുമെന്ന് ആരോ കരുതിയിരിക്കണം"
"യു ആർ കമിങ് റ്റു ദ പോയിന്റ് പ്രസന്നൻ"
"ഈസ് ഇറ്റ് സേതു?" എങ്ങനെ എന്നൊരു രൂപമെനിക്കില്ലായിരുന്നു, കേട്ട പേരുകളിൽ ഒന്ന് പറഞ്ഞെന്നേയുള്ളൂ.
"യെസ് ഇറ്റ് ഈസ്. കുറച്ച് നാളുകളായി അയാൾ കേശവന്റെ പുറകെ ആയിരുന്നു. കാശിന് വേണ്ടി. അങ്ങനെയാണയാൾ വിൽപത്രത്തിന്റെ ഡ്രാഫ്റ്റ് കണ്ടത്. മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി കുറേക്കാലം ജോലി ചെയ്തതിന്റെ പരിചയത്തിലാണ് ഗെയിം മരുന്ന് വെച്ചാകാമെന്ന് അയാൾ തീരുമാനിച്ചത്. ഇൻജെക്ഷൻ എപ്പോൾ കൊടുക്കുന്നുവെന്നറിയാൻ കേശവന്റെ മുറിയിൽ ഒരു ക്യാപ്സ്യൂൾ ക്യാമറയും വെച്ചിരുന്നു.
ഇൻജെക്ഷൻ കഴിഞ്ഞ് ജാനു പോയപ്പോൾ കേശവൻ ലൈറ്റ് ഓഫാക്കി. ക്യാമറയിൽ ഒന്നും തെളിയാതായപ്പോൾ മരിച്ചോ എന്നറിയാനാണ് സേതു മുറിയിൽ പോയത്. കേശവൻ ആരോഗ്യവാനായിരുന്നു. അയാളെ അങ്ങനെ കീഴ്പ്പെടുത്താൻ കഴിയില്ല. ഒരു ഉറപ്പിനാണ് സേതു മേശപ്പുറത്തുണ്ടായിരുന്ന കത്തി എടുക്കുന്നത്. കേശവൻ തിരിഞ്ഞപ്പോൾ കത്തി കഴുത്തിലാണ് കയറിയത്. മരണവെപ്രാളത്തിൽ ഹാൻഡിലിൽ കേശവൻ മുറുകെ പിടിച്ചിരുന്നു"
"അപ്പോൾ ജാനുവിന് മരുന്ന് മാറിയത്?"
"ലേബൽ മാറ്റി ഒട്ടിക്കുക എന്ന ബുദ്ധിയാണ് സേതു പ്രയോഗിച്ചത്. പക്ഷെ അയാൾ മാറ്റിയൊട്ടിച്ചത് എങ്ങനെയോ മാറി പോയി. ജാനു കൊടുത്തത് ketorolac തന്നെയായിരുന്നു, Even though ലേബൽ വാസ് ഇൻകറക്ട്. Naloxone അയാളാണ് എടുത്ത് മാറ്റിയത്"
"വാട്ട് എബൌട്ട് ഫിംഗർ പ്രിന്റ്സ്?"
"അതിനുള്ള മുൻകരുതലൊക്കെ അയാൾ ചെയ്തിരുന്നു. പക്ഷെ ക്യാമറ അപ്പോഴും ഓൺ ആണെന്ന് അയാൾ മറന്നു. വീഡിയോ അയാൾ ഡിലീറ്റ് ചെയ്‌തെങ്കിലും our IT team recovered it. അയാൾക്ക് പ്രമീള മൊഴി മാറ്റുമോന്ന് പേടിയുണ്ടായിരുന്നു. ഹി അറേഞ്ച്ട് സംബഡി റ്റു കിൽ ഹേർ"
"വേർ ഈസ് ഹി നൗ?"
"അണ്ടർ കസ്റ്റഡി"
"ദെൻ ജാനു?"
"നടപടി ക്രമങ്ങളുടെ താമസമേയുള്ളൂ, She will be exonerated soon"
ഒരാഴ്ച കഴിഞ്ഞ് ലാർക്ക് വിങ്‌സ് ബാറിന്റെ അരണ്ട വെളിച്ചത്തിൽ ഓരോ പെഗ് Sarajishvili Extra Special Reserve ന് ശേഷം മുന്നിലിരുന്ന ജാനുവിനോടും, ഷേർളിയോടും ഞാൻ ചോദിച്ചു,
"വാട്ട് ഈസ് ദി നെക്സ്റ്റ് മൂവ്, ലേഡി ബില്ലിണെയെർസ്?"
ജാനു പറഞ്ഞു, അവൾ Knives Out എന്ന സിനിമയിലെ മാർത്ത എന്ന കഥാപാത്രമാകാൻ പോകുന്നു. ഷേർളി Crooked House എന്ന Agatha Christie യുടെ നോവലിലെ Sophia Leonides-യായി അഭിനയിക്കും.
"അപ്പോൾ തിരക്കഥ?" അടുത്ത പെഗിനൊപ്പം ജിജ്ഞാസയെ ഞാൻ ചുമ്മാ ഒരു ചോദ്യമാക്കി.
"അത് നടന്ന സംഭവങ്ങളുടെ സിനിമാറ്റിക് വേർഷനായിരിക്കും"
"വെരി ഗുഡ്"
"വരുന്നോ പ്രസന്നൻ, ഒരു കഥാപാത്രമായി?" ഷേർളി മാത്യൂസ് ചിരിക്കുന്നു. ജാനകി ഫിലിപ്പ് ആകാംക്ഷയോടെ നോക്കുന്നു.
"ഇല്ല, നിങ്ങൾ അഭിനയിക്കുമ്പോൾ കാണാൻ ആള് വേണ്ടേ? പ്ളീസ് ഗിവ് മി എ കോംപ്ലിമെന്ററി പാസ്, ഐ വിൽ ബി ദേർ ഇൻ ദ ഫസ്റ്റ് ക്ലാസ് എൻജോയിങ് യുവർ റോൾസ്"
Cheers!
