എം.ആർ.ബിയെ കാണുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനനാളുകളിലൊന്നിലാണ്; 2000 ഡിസംബറിൽ.
നവോത്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കരണപ്രസ്ഥാനത്തെക്കുറിച്ച ചില സംശയങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചത്. 92ാം വയസ്സിന്റെ അവശതയിലും അദ്ദേഹം പറഞ്ഞത്, ഇന്നത്തെ സമൂഹം ഇന്റലക്ച്വൽ അല്ലാതായിരിക്കുന്നു എന്നാണ്. വേദം അർഥമറിയാതെ ഉരുവിടുന്നതിനെതിരായിട്ടായിരുന്നു തങ്ങളുടെ പ്രതിഷധം എന്നും ഇന്ന് അർഥമറിയാത്ത വേദത്തിനാണ് മാർക്കറ്റ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളെല്ലാം അടിസ്ഥാനപരമായി യുക്തിവാദപ്രയോഗങ്ങൾ കൂടിയായിരുന്നു. മനുഷ്യരുടെ സ്വയംനിർണായവകാശത്തെ ഒരു രാഷ്ട്രീയമുദ്രാവാക്യമായി മാറ്റിയ ആ മൂവ്‌മെൻറിൽ യുക്തിവാദചിന്തക്കും പ്രധാന റോളുണ്ടായിരുന്നു. ജാതിവിവചേനത്തിനും നാടുവാഴിത്തത്തിനും എതിരായ സമരങ്ങൾ, സഞ്ചാരസ്വാതന്ത്ര്യത്തിനും വസ്ത്രം ധരിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരങ്ങൾ, കർഷക തൊഴിലാളി സമരങ്ങൾ എന്നിവയിലൂടെ, ഒരു കീഴാള നവോത്ഥാനത്തെയാണ് അത് മുന്നോട്ടുവച്ചത്.
ക്രിസ്തുമതത്തിലെ വർണവിവചേനത്തിനെതിരെ വാകത്താനത്തുവച്ച് ബൈബിൾ കത്തിച്ച് കലാപം നടത്തിയ പൊയ്കയിൽ അപ്പച്ചൻ, സയൻസിനെ അടിസ്ഥാനമാക്കുന്ന ഒരു സ്വതന്ത്ര സമുദായത്തെ ഭാവനയിൽ കണ്ട ഇ. മാധവൻ, ‘ദൈവദശക'ത്തിനുപകരം "സയൻസ് ദശക'മെഴുതി ശ്രീനാരായണഗുരുവിനെ തിരുത്തിയ സഹോദരൻ അയ്യപ്പൻ, കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു, കരിങ്കല്ലിനെ കരിങ്കല്ലായി തന്നെ കരുതാനും അമ്പലങ്ങളുടെ മോന്തായങ്ങൾക്ക് തീവെക്കാനും പറഞ്ഞ വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ യുക്തിവാദപ്രയോഗങ്ങളാണ്, സാമുദായിക പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയദിശ നിർണയിച്ചത്. ഇങ്ങനെ, കേരളത്തിൽ രൂപപ്പെട്ട പരിഷ്‌കരണ പ്രസ്ഥാനങ്ങളെല്ലാം യുക്തിവാദത്തെ ഐഡിയോളജിക്കൽ റിസോഴ്‌സാക്കി മാറ്റിയിരുന്നു. കേവലം യാന്ത്രികമായല്ല, അടിസ്ഥാന മനുഷ്യരുടെ ജീവിതവുമായി ചേർത്തുവച്ചായിരുന്നു യുക്തിയുടെ ഈ പ്രയോഗം. അന്നത്തെ മനുഷ്യരുടെ എല്ലാതരം പ്രശ്‌നങ്ങളോടും പുരോഗമനപരമായും കലാപശേഷിയോടെയുമാണ് അതിടപെട്ടത്. അങ്ങനെയാണ്, കേരളത്തിൽ പുരോഗനമപരമായ ഒരിടതുപക്ഷ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്.
അത്തരമൊരു സാമൂഹിക യാഥാർഥ്യത്തിൽനിന്നുകൊണ്ട്, കേരളത്തിൽ ഇന്ന് ആഘോഷിക്കപ്പെടുന്ന, ‘ഫ്രീ തിങ്കിംഗ്' എന്നറിയപ്പെടുന്ന നവ നാസ്തികതയെ നോക്കൂ. കേൾവിക്കിമ്പമുള്ള, സാമാന്യബോധത്തിന്റെ ഉത്തരം മുട്ടിക്കാൻ കെൽപ്പുള്ള, വരണ്ട താർക്കികയുക്തി നിരത്തിയുള്ള ഒരുതരം ഡിറ്റർമിനിസം. ദൈവവും പ്രതിഷ്ഠകളുമുള്ള നാസ്തികത. പാതിവെന്ത കപടശാസ്ത്രവാദത്തിന് ലഭിക്കുന്ന സ്വീകാര്യതയാണ് സി. രവിചന്ദ്രൻ എന്ന നവ നാസ്തിക ദൈവത്തെ സൃഷ്ടിച്ചത്. ഈ ദൈവത്തെ രക്തം ചിന്തിയും സംരക്ഷിക്കാൻ തയാറായിനിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ഫാൻ സംഘത്തിന് കേരളത്തിലെ, റാഡിക്കൽ ബൗദ്ധികമണ്ഡലത്തെ ഹൈജാക്ക് ചെയ്യാൻ കഴിയുന്നു എന്നത് മലയാളിയുടെ സാമൂഹിക ജീവിതത്തെ അസ്വസ്ഥപ്പെടുത്തേണ്ട യാഥാർഥ്യമാണ്.
തിയററ്റിക്കൽ സയൻസിനെ യാന്ത്രികമായി വ്യാഖ്യാനിച്ചും സോഷ്യൽ സയൻസിനെ വക്രീകരിച്ചും സി. രവിചന്ദ്രൻ പ്രസരിപ്പിക്കുന്ന, വിഷമയമായ പ്രബോധനങ്ങൾ ആഗോളീയമായ നവ നാസ്തികതയുടെ അടിസ്ഥാന പ്രമാണങ്ങൾ തന്നെയാണ്. തീവ്ര വലതുപക്ഷ വംശീയവാദത്തിന്റെയും സങ്കുചിത ദേശീയവാദത്തിന്റെയും ഉൽപ്പന്നമാണ് യഥാർഥത്തിൽ നവ നാസ്തികത. ‘ഞങ്ങൾ ജാതിയും മതവും വർണവും വംശവുമൊന്നും ബാധകമല്ലാത്ത സ്വതന്ത്രമനുഷ്യനെ പ്രതിനിധീകരിക്കുന്നു' എന്ന മുഖംമൂടിയണിഞ്ഞാണ് ഫ്രീ തിങ്കേഴ്‌സ്, ബഹുസ്വര ജനാധിപത്യത്തെ റദ്ദാക്കി കളയുന്നത്. ന്യൂനപക്ഷങ്ങളോടും അരികുവൽക്കരിക്കപ്പെട്ടവരോടുമുള്ള വംശീയ സമീപനം, ലിംഗസമത്വത്തിനും സെക്യുലർ ഹ്യുമനിസത്തിനും എതിരായ നിലപാട് എന്നിവ തന്നെയാണ് സി. രവിചന്ദ്രന്റെയും തിയറിയുടെ സത്ത. മതവിമർശനമെന്ന മുഖംമൂടിയിട്ട് അദ്ദേഹം പയറ്റുന്ന മുസ്‌ലിം വിരുദ്ധ വാദം ഇതിനുദാഹരണമാണ്. ഇന്ത്യയിൽ ഹിന്ദു ഫാസിസത്തിന്റെ മുഖ്യ ശത്രുവായ മുസ്‌ലിം, രവിചന്ദ്രന്റെയും സ്വഭാവിക ശത്രുവായി മാറുന്നത് ശ്രദ്ധിക്കുക.
അദ്ദേഹത്തിന്റെ ‘പോപ്പുലർ' വാദങ്ങളെല്ലാം, മനുഷ്യവിരുദ്ധം കൂടിയാണെന്നു കാണാം. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് പറയുമ്പോൾ, ലൈംഗികാതിക്രമം നടത്തുന്നത് ലോറി ഡ്രൈവർമാരും തൊഴിലാളികളും സ്‌കൂളിൽ പോകാത്തവരും ആണെന്നും പരിഷ്‌കരണം ഇവർക്കാണ് വേണ്ടത് എന്നും പരിഷ്‌കരിക്കപ്പെട്ടവരെ വീണ്ടും വീണ്ടും പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോൾ ചെയ്യുന്നതെന്നും രവിചന്ദ്രൻ പറയുന്നുണ്ട്.
ആശുപത്രിയിലെ നഴ്‌സിന്റെ കൈപ്പിഴയാൽ മാറിപ്പോകാവുന്ന സ്വത്വങ്ങളേ നിങ്ങൾക്കുള്ളൂ എന്ന സ്വന്തം തിയറി ചേർത്തുവച്ചാണ് രവിചന്ദ്രൻ ഡോ. ബി.ആർ. അംബേദ്കറുടെ ജാതി വിമർശനത്തെ വിശദീകരിക്കുന്നത്.
അപരവൽക്കരണത്തെ അപകടകരമായ ഒരു ടൂളായിട്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. തങ്ങൾ തിരിച്ചടിക്കുമ്പോൾ സമൂഹത്തിന് നിശ്ശബ്ദരായിരിക്കാൻ ബാധ്യതയുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഇരവാദം എന്ന മട്ടിൽ. ഒരു പുൽച്ചെടി പോലുമില്ലാത്ത ഒരിടത്ത് ഒരു മരം മാത്രം നിൽക്കുന്ന പടം കാട്ടി, വിത്തിന്റെ ഗുണം കൊണ്ടും മറ്റും യോഗ്യതയുള്ളവർ അതിജീവിക്കും എന്ന തിയറി നിരന്തരം അവതരിപ്പിക്കുന്നു. അധ്വാനത്തെയും മികവിനെയും ശേഷികളെയും അപമാനിക്കുന്ന തത്വങ്ങൾ എന്ന നിലയ്ക്കാണ് തുല്യതക്കുള്ള ശ്രമങ്ങളെയും സംവരണത്തെയുമെല്ലാം അദ്ദേഹം കാണുന്നത്.
മെരിറ്റ് എന്നത് മിഥ്യയാണെങ്കിൽ സമൂഹത്തിൽ ചിലർ മുന്നിലും ചിലർ പിന്നിലും എത്തുന്നത് എങ്ങനെയാണ് എന്ന രവിചന്ദ്രന്റെ ചോദ്യം, മെരിറ്റോക്രസിക്കായി കൈയടിക്കുന്ന മധ്യ- ഉപരിവർഗ സംഘങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട്. സാഹചര്യങ്ങളാണ് മികവിന്റെ അടിസ്ഥാനം എങ്കിൽ, യേശുദാസിനേക്കാൾ മികച്ച സാഹചര്യങ്ങളും പ്രിവിലേജുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകൻ എന്തുകൊണ്ട് യേശുദാസിനെപ്പോലെയായില്ല? തുടങ്ങിയ കൺകെട്ട് ചോദ്യങ്ങൾക്ക് കൈയടിക്കുന്ന ഒരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ രവിചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. ആ ആൾക്കൂട്ടം, എത്ര ചെറുതാണെങ്കിലും, അത് കേരളീയ സമൂഹത്തെ സംബന്ധിച്ച് അടിയന്തര ചികിത്സ വേണ്ട ഒരു മാരകരോഗലക്ഷണമാണ്.