ക്ഷേത്ര / പള്ളി മൈക്കുകൾ കൊണ്ട് പൊറുതിമുട്ടിയ ഒരു ‘വർക്ക് ഫ്രം ഹോം’ മലയാളിയുടെ പൊതുതാൽപര്യ ഹർജി

രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് ​പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി.

കേരളത്തിലിരുന്ന് വർക്ക് ഫ്രം ഹോം സിസ്റ്റത്തിൽ ജോലി ചെയ്യുന്ന ആയിരങ്ങളിൽ ഒരാളാണ് ഞാൻ. ഇംഗ്ലീഷുകാരുടെ ഒരു കമ്പനിക്കു വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇടയ്ക്കിടെ ഓൺലൈൻ മീറ്റിംഗുകളും ചാറ്റുകളും ഉണ്ടാവും. നമ്മൾ ഇംഗ്ലീഷ് പറയുന്നതു പോലെയല്ല അവർ ഇംഗ്ലീഷ് പറയുന്നത്. വളരെ ശ്രദ്ധിച്ചു കേട്ടെങ്കിലേ പൂർണമായും മനസ്സിലാകൂ. ഏതാണ്ട് 80 ശതമാനം മനസ്സിലായാൽ ബാക്കി 20 ശതമാനം ഞാൻ പൂരിപ്പിച്ചോളും. അങ്ങനെയൊരു അഡ്ജസ്റ്റ്മെന്റിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. എന്റെ ഇംഗ്ലീഷ് അവർ മനസ്സിലാക്കിയെടുക്കുന്നതും അങ്ങനെ തന്നെ. അവരും അഡ്ജസ്റ്റ്മെന്റിൽ പോകുന്നു.

എന്നാൽ, ഈ കടന്നുപോകുന്ന സീസണിൽ ഇതെല്ലാം താളം തെറ്റുന്നു. എന്റെ മൈക്കിലൂടെ പുറത്തുനിന്നുള്ള മൈക്കുകൾ നുഴഞ്ഞുകയറുന്നു. അങ്ങേത്തലയ്ക്കലും ഇങ്ങേത്തലയ്ക്കലും ഒന്നും വ്യക്തമാവാത്ത അവസ്ഥ.

‘ഓം ഭഗവതേ വാസുദേവായ… ശ്രീ കൃഷ്ണായ പരബ്രഹ്മണേ…’
സായിപ്പ് ചോദിക്കുന്നു; ‘വാട്ടീസ് ദിസ് നോയിസ് ഫ്രം യുവർ എൻഡ്?’

ഞാൻ അപോളജി പറയുന്നു: ‘അയ്യോ സായിപ്പ്, ദിസ് ഈസ് ഭാഗവതം. നോട്ട് നോയിസ്. നോയിസ് എന്നു പറയാൻ പാടില്ല’.

സായിപ്പ് പിന്നെയും എന്തോ ചോദിച്ചു. ഭാഗവതം കാരണം കേൾക്കാൻ പറ്റുന്നില്ല. ഞാൻ പാർഡൺ എന്ന് ചെവി കൂർപ്പിക്കുന്നു.

“കാന്റ് യു ഗോ റ്റു വേറേ സ്ഥലം?” സായിപ്പ് കലിച്ചു.
“ഇൻ കേരള, മഴ കഴിഞ്ഞാൽ പിന്നെ മൈക്ക് സീസൺ. എവിടെ പോയാലും ഇതു തന്നെ. സെയിം ഗതികേട് എവരിവെയർ’’,

ഞാൻ പറഞ്ഞൊപ്പിച്ചു. ശേഷം എന്റെ ഭാഗത്തുനിന്നുള്ള തെറ്റല്ല ഈ നോയിസ് എന്നു ബോധ്യപ്പെടുത്താൻ അപ്പുറത്തെ പറമ്പിലെ കൊന്നത്തെങ്ങിൽ കെട്ടിയിരിക്കുന്ന രണ്ടു കോളാമ്പികളെ ക്യാമറയിൽ കാണിച്ചുകൊടുത്തു. കേരളത്തിൽ വംശനാശം വന്നുവെന്ന് നമ്മൾ വിചാരിച്ചിരുന്ന രണ്ട് വലിയ കോളാമ്പികൾ.

ഇനി റമദാൻ കൂടി വരുന്നതോടെ കാര്യങ്ങൾ കൂടുതൽ ഭീകരമാകുമെന്ന് സായിപ്പിനോട് പറയാൻ പോയില്ല. വെറുതേ എന്തിന് എവിടെയോ സ്വസ്ഥമായിരിക്കുന്ന ഒരാളെ ഇതെല്ലാം പറഞ്ഞ് പേടിപ്പിക്കണം?

പ്രിയപ്പെട്ട മുഖ്യമന്ത്രി, രാത്രിയെന്നില്ല പകലെന്നില്ല, ഇനിയങ്ങോട്ട് നാലും നാലും എട്ടു ദിക്കും ശബ്ദമുഖരിതമാകും. സകല ചരാചരങ്ങളും കഷ്ടപ്പെടും. ഭ്രമയുഗത്തിന്റെ കലിയുഗം.

പ്രാദേശികമായ യാതൊരു ഇടപെടലും സാധ്യമല്ലാത്തൊരു കെണിയാണിത്. പെട്ടുപോയാൽ പിന്നെ പുറത്തേക്ക് ഒരു വാതിലില്ല. അതുകൊണ്ടാണ് ഒരു പൊതുതാല്പര്യത്തിന്റെ പേരിൽ താങ്കളെ സമീപിക്കുന്നത്. ക്ഷേത്ര / പള്ളി കമ്മിറ്റിക്കാരോടോ ഭാരവാഹികളോടോ പരാതി പറയാനാവാത്തതു കാരണം എല്ലാവരും മിണ്ടാതിരിക്കുന്നതാണ്. അഥവാ എന്തെങ്കിലും ഒന്നു തട്ടിമൂളി പറഞ്ഞെന്നു വെച്ചോ, പിന്നെ മതമായി, വ്രണമായി, പൊട്ടി ഒലിക്കലായി. അതുപിന്നെ ആക്രമണങ്ങളിലേക്കും ഒറ്റപ്പെടുത്തലിലേക്കുമെല്ലാം എത്തിച്ചേരും.

ഒരു നാടായാൽ ഉത്സവങ്ങളും ആരവങ്ങളും ഒക്കെ വേണം. സമ്മതിച്ചു. എന്നാൽ, ദിവസങ്ങളും ആഴ്ചകളും നീണ്ടുനിൽക്കുന്ന യാഗങ്ങളും സപ്താഹ / അഷ്ഠാഹ / നവാഹ യജ്ഞങ്ങളും മൗലീദുകളും റാത്തീബുകളുമെല്ലാം മഹാശല്യങ്ങൾ തന്നെയാണ്. ഈ ശല്യം ബാധിക്കുന്നത് വർക്ക് ഫ്രം ഹോം പ്രൊഫഷണൽസിനെ മാത്രമല്ല. ഔട്ട് ഡോർ ഷൂട്ടിംഗ് നടത്തുന്ന യു ട്യൂബേഴ്സ്, വ്ലോഗേഴ്സ്, ബ്ലോഗേഴ്സ്, മാധ്യമപ്രവർത്തകർ തുടങ്ങി കച്ചവട സ്ഥാപനങ്ങളെ വരെയാണ്. ഏറെ പരിതാപകരം, പരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ അവസ്ഥയാണ്. പൈസയുള്ളവർ സൗണ്ട് പ്രൂഫായ റൂമുകളുണ്ടാക്കി കുട്ടികളെ അതിനുള്ളിലിരുത്തി പഠിപ്പിക്കുന്നു. പൈസയില്ലാത്തവർ എന്തുചെയ്യും?

ജീവജാലങ്ങൾ ഇരപിടിക്കുന്നതിലും മറ്റും ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ശബ്ദകോലാഹലങ്ങൾക്കിടയിൽ അവയെല്ലാം എങ്ങനെ പുലർന്നുപോകുന്നോ എന്തോ?!

രോഗികൾ, വയസ്സായവർ, കുഞ്ഞുങ്ങൾ തുടങ്ങിവരും ഈ ശബ്ദഭീകരതയുടെ ഇരകളാണ്. കൊച്ചു കുഞ്ഞുങ്ങളെ ഉറക്കാനാവാതെ അമ്മമാർ കഷ്ടപ്പെടുന്നു. രോഗികളുടെ ഞെരക്കങ്ങളും നിലവിളികളും കേൾക്കാനാവുന്നില്ല. വയസ്സായവർ അസ്വസ്ഥരായി തിരിഞ്ഞുമറിഞ്ഞ് കിടക്കുന്നു. അവർക്കും ഉറങ്ങാൻ പറ്റുന്നില്ല. ചെവിതലകൾക്ക് ഒരു സ്വസ്ഥതയുമില്ല. പുറത്തിറങ്ങി പൊതുജനാഭിപ്രായം ആരായുമ്പോൾ അവർ പറയും: എല്ലാം ശരിയാണ്, പക്ഷേ ഇത് ആരോടു പോയി പറയും? പോലീസുകാരൊക്കെ ഇത് കാണാഞ്ഞിട്ടാണോ? അനുവദിച്ചതിലധികം മൈക്കുകളും അനുവദിച്ചതിൽ അധികം ഡെസിബെലുള്ള കോളാമ്പികളും സ്ഥാപിച്ച് മലിനീകരണം നടത്തുന്നത് ശ്രദ്ധയിൽ പെടാഞ്ഞിട്ടാണോ? ഒന്നുമല്ല. ആർക്കും ഇതിനെതിരേ നടപടി എടുക്കാൻ പറ്റുന്നില്ല.

ഒരു പള്ളിയുടെ ഉള്ളിൽ നമ്മൾ കയറുകയാണെങ്കിൽ അഞ്ച് ബോർഡുകളിലെങ്കിലും നമ്മൾ ഇങ്ങനെ വായിക്കും: “നിശ്ശബ്ദത പാലിക്കുക”.
വേറേ കുറേ ബോർഡുകൾ ഇങ്ങനെ:
“പള്ളിയിൽ സംസാരം പാടില്ല’’,
“ഒച്ച ഉണ്ടാക്കരുത്”,
“പ്രാർഥനകൾ ഒച്ചത്തിലാക്കരുത്”.
ഇതുപോലെ നിശ്ശബ്ദതയെപ്പറ്റി ഓരോ മീറ്ററിലും ബോർഡ് വെച്ചിരിക്കുന്ന ഒരു പള്ളി ഇവിടെ അടുത്തുണ്ട്. അതിന്റെ കോമ്പൗണ്ടിൽ നിന്നെങ്ങാനും നമ്മൾ ആരോടെങ്കിലും സംസാരിക്കുന്നത് മറ്റൊരാളിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അയാൾ ‘ശബ്ദം താഴ്ത്താനു’ള്ള താക്കീതുമായി വരും. അതുകാരണം കുശുകുശുത്ത് മാത്രമേ നമുക്ക് സംസാരിക്കാനാവൂ. ഇതേ പള്ളിയുടെ മൂന്ന് കോളാമ്പികൾ തുറക്കുന്നത് പക്ഷേ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ നേർക്കാണ്. സ്പെഷ്യൽ പ്രാർഥനകളും മൗലീദുകളും ഉള്ള ദിവസങ്ങളിൽ അവിടുത്തെ രോഗികൾക്കും ജീവനക്കാർക്കും പിന്നെ സ്വസ്ഥതയില്ല. എന്തൊരു വിരോധാഭാസം.

രാപകൽ ഭേദമില്ലാതെ സൗണ്ട് തുറന്നുവിടുന്നതുകൊണ്ട് എന്തു ഗുണമാണ് ദൈവത്തിനോ കമ്മിറ്റിക്കാർക്കോ നാട്ടുകാർക്കോ ഉണ്ടാവുന്നതെന്ന് മനസ്സിലാകുന്നില്ല. ദേവാലയത്തിൽ നിന്ന് അഞ്ചും പത്തും കിലോമീറ്റർ ചുറ്റളവിൽ മൈക്കുകൾ കൊണ്ട് വളയുന്നതിലൂടെ എന്തു പുണ്യമാണ് നിങ്ങൾ ലക്ഷ്യം വെക്കുന്നത്? ആരെങ്കിലും നിങ്ങളുടെ മൈക്കിലൂടെയുള്ള കാര്യങ്ങൾ ശ്രവിക്കുന്നുണ്ടോ? ഉണ്ടെങ്കിൽത്തന്നെ എത്ര പേർ ശ്രവിക്കുന്നുണ്ടാവും? ജനങ്ങൾ കേൾക്കാനായിട്ടാണ് നിങ്ങൾ ഈ ശല്യങ്ങളൊക്കെ ചെയ്യുന്നതെങ്കിൽ അത് മറ്റൊരു രീതിയിലായിക്കൂടേ? ഫേസ്ബുക്കിൽ ലൈവ് വിടുകയോ ഒരു എഫ് എം റേഡിയോ സ്ഥാപിച്ച് അതിലൂടെ പ്രക്ഷേപണം ചെയ്യുകയോ ആണെങ്കിൽ ആവശ്യക്കാർ ഫോളോ ചെയ്ത് കാണുകയില്ലേ? ഇതൊന്നും വേണ്ടാത്തവരുടെ കാതുകളിലേക്കു കൂടി അടിച്ചിറക്കുന്നത് എന്തിനാണ്?

പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം. ഞങ്ങൾ മറ്റാരോടു പോയി പറയാനാണിത്? ദൈവത്തോട് പറയാമെന്നു വെച്ചാൽ, ദൈവം ഈ ദേവാലയങ്ങളെല്ലാം വിട്ട് സ്വസ്ഥതയുള്ള മറ്റെവിടെയോ പോയിരിക്കുകയാണ്.

Comments