വി.കെ. അനിൽകുമാർ

തിരുമുടിനീരുമ്പോൾ

സോഷ്യൽ മീഡിയയിൽ നമുക്കെതിരെ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധം, ഇവൻ പുകയെടുത്തിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്, തെയ്യക്കാവുകളിൽ കഞ്ചാവടിച്ച് കിറുങ്ങി നടക്കുന്ന ഇവനെ കാണാം എന്നൊക്കെയാണ്. മുടി വളർത്തിയവൻ ലഹരിക്കടിമയും അപകടകാരിയുമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. നീട്ടിയ ആൺമുടിയെന്നത് വലിയ തിന്മയുടെ പ്രതീകമായി ഇപ്പോഴും സമൂഹം കാണുന്നുണ്ട്.

ന്നുവരെ ഒരു ബീഡിയോ സിഗററ്റോ മുഴുവനായി വലിച്ചിട്ടില്ല, മദ്യപിച്ചിട്ടില്ല,
ബിയർ പോലും കുടിച്ചിട്ടില്ല, കഞ്ചാവ് നേരിട്ട് കണ്ടിട്ടില്ല.
എന്നിട്ടും ഇതൊക്കെ വ്യാപകമായി ഉപയോഗിക്കുന്നവൻ, ആൾക്കാരെ വഴിതെറ്റിക്കുന്നവൻ എന്നൊക്കെയുള്ള അധിക്ഷേപങ്ങൾ, പഴികൾ എത്രയോ തവണ കേൾക്കേണ്ടിവന്നിട്ടുണ്ട്.

സംശയത്തോടെയുള്ള നോട്ടങ്ങൾക്ക് പരിഹാസങ്ങൾക്ക് പലപ്പോഴും ഇരയായി.
മുടിയനായി വാഴ്​ത്തപ്പെട്ടു.

മുടിയനെന്ന വിളിപ്പേരിൽ ഒരു കുലനായകത്വം ധ്വനിക്കുന്നുണ്ടെന്ന് വിളിക്കുന്നവർക്കറിയില്ല.

കുറച്ച് കാലമായി ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നുണ്ട്. ഒരു പ്രത്യേക വിഷയമാണ് എഴുതിക്കൊണ്ടിരിക്കുന്നത്.
എഴുത്തിൽ പലപ്പോഴും പലർക്കും വിയോജിപ്പുണ്ടാകാറുണ്ട്.
നല്ല ചീത്ത വിളികൾ ഇടക്കിടെ കിട്ടും.

സോഷ്യൽ മീഡിയയിൽ നമുക്കെതിരെ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധം, ഇവൻ പുകയെടുത്തിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്, തെയ്യക്കാവുകളിൽ കഞ്ചാവടിച്ച് കിറുങ്ങി നടക്കുന്ന ഇവനെ കാണാം എന്നൊക്കെയാണ്.
പറയുന്ന ആശയത്തെ മറ്റൊരാശയം കൊണ്ടല്ല, പകരം മുടി വളർത്തിയവൻ ലഹരിക്കടിമയും അപകടകാരിയുമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം.
നീട്ടിയ ആൺമുടിയെന്നത് വലിയ തിന്മയുടെ പ്രതീകമായി ഇപ്പോഴും സമൂഹം കാണുന്നുണ്ട്.

പൊതുജനങ്ങൾക്കുമാത്രമല്ല, നമ്മുടെ നിയമവ്യവസ്ഥയ്ക്കും മുടി ചതുർത്ഥിയാണ്.
രാത്രി ഏറെ വൈകി റോട്ടിലൂടെ വരുമ്പോൾ, പൊലീസുകാരുടെ മോശമായ ചോദ്യം ചെയ്യൽ എത്രയോ തവണ ഉണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും പല തരത്തിലുള്ള തെറ്റിദ്ധാരണകൾക്ക് വിധേയമായിട്ടുണ്ട്. അങ്ങനെ പലതും തരണം ചെയ്തുമാത്രമേ നീട്ടിയ മുടിയുമായി ഇന്നും സമൂഹത്തിൽ ഒരു സാധാരണക്കാരനും ദലിതനും ജീവിക്കാനാകൂ.

ശേഖേറേട്ടന്റെ ബാർബർ ഷാപ്പ്

22 വർഷത്തിലധികമായി ബാർബർഷാപ്പിൽ പോയിട്ട്.
ഇക്കാലയളവിൽ വന്ന മാറ്റങ്ങളും നേരിട്ടറിയാൻ കഴിഞ്ഞിട്ടില്ല.
1980 കളിലെ തൃക്കരിപ്പൂർ.
ബാർബർഷാപ്പ് എന്നും ആവേശമായിരുന്നു.
വീടിനടുത്ത് തങ്കയം മുക്കിൽ ശേഖറേട്ടന്റ ബാർബർ ഷാപ്പായിരുന്നു.
ശേഖറേട്ടന്റെ കണ്ണാടിച്ചുവരുകളും തിരിയുന്ന വലിയ കസേരയും കുട്ടിക്കാലത്തെ കൗതുകക്കാഴ്ചകളാണ്. നമ്മുടെ തലയുടെ പിൻഭാഗം ക്യത്യമായി കാണാൻ പറ്റുന്നത് ശേഖറേട്ടന്റെ കണ്ണാടിച്ചുവരുകളിൽ മാത്രമാണ്.

തമിഴ്‌നാട്ടിൽ നിന്നു വന്ന് തൃക്കരിപ്പൂരിൽ താമസിച്ച് ബാർബർഷോപ്പ് നടത്തുകയായിരുന്നു ശേഖറേട്ടൻ സ്‌നേഹമുള്ള മനുഷ്യനായിരുന്നു. തമിഴ് മലയാളത്തിലുള്ള സംസാരം കേക്കാൻ നല്ല രസമാണ്. മുടി മുറിക്കലും താടി വടിക്കലും കുലവൃത്തിയായ കാത്യൻ, കാവുതിയൻ അമ്പുവേട്ടൻ വീട്ടിൽ വന്ന് അച്ഛന്റെ ക്ഷൗരവൃത്തി ചെയ്തിരുന്നു. ഇടക്ക് ഞങ്ങൾ കുട്ടികളുടെ മുടിയും അമ്പു വേട്ടൻ മുറിക്കും. മുടി മുറിക്കൽ എന്നൊന്നും പറയാനാകില്ല. വെറുതെ വട്ടത്തിൽ ചെത്തൽ.
1980 കളിൽ തൃക്കരിപ്പൂരിൽ മുടി മുറിക്കുന്നതിൽ വലിയ ഫാഷനൊന്നുമില്ല. രണ്ട് ചെവികളും മുടികൊണ്ട് പാതി മറയ്ക്കു​ന്ന ബച്ചൻകട്ടാണ് അന്നത്തെ വലിയ ഫാഷൻ.
ആണുങ്ങളൊക്കെ നല്ലപോലെ വെളിച്ചെണ്ണ തേച്ച് ഒരുവശത്ത് പകുപ്പിട്ട് നെറ്റിക്കുമുകളിൽ കുറച്ച് മുടി ചീകിയൊതുക്കി വെക്കും. സർപ്പപ്പൊത്തി എന്നാണ് പൊതുവെ ഇതിനെ തൃക്കരിപ്പൂരിലെ ആണുങ്ങൾ വിളിച്ചിരുന്നത്.
അന്നത്തെ വാല്യക്കാർക്ക് അതൊക്കെ മതി.

പത്താം ക്ലാസ് കഴിഞ്ഞ് കോളേജ് കാലമാകുമ്പോഴാണ് മുടി ഇങ്ങനെയല്ല വേണ്ടത് എന്ന ബോധ്യമുണ്ടാകുന്നത്. യാതൊരു സ്‌റ്റൈലും പരീക്ഷിക്കാത്ത മുടി ഒരു പ്രശ്‌നമായി തുടങ്ങുന്നത് ശരീരത്തെ കുറിച്ചുള്ള ആകുലതകൾ തുടങ്ങുമ്പോഴാണ്.

ശേഖറേട്ടന്റ ബാർബർഷാപ്പിൽ പോയാൽ എങ്ങനെയാണ് മുടി മുറിക്കേണ്ടത് എന്ന ചോദ്യമൊന്നുമില്ല. ഉയരമുള്ള വലിയ കസേരയിൽ കയറിയിരിക്കും. മുഷിഞ്ഞ തുണികൊണ്ട് തലയൊഴികെയുള്ള ശരീരഭാഗങ്ങൾ മറയ്​ക്കും. പിന്നെ ശേഖറേട്ടന്റെ കണ്ണുംപൂട്ടിയുള്ള കത്രിക പ്രയോഗമാണ്.
കത്രികയുടെ ശബ്ദം ചെവിക്കുടുത്തുനിന്ന് കേൾക്കാം, നല്ല രസമാണ്.
മുടി മുറി കഴിഞ്ഞ് കണ്ണാടി നോക്കുമ്പോൾ എപ്പോഴും വല്ലാത്ത നിരാശയാണ്.
ഒരു പാങ്ങുമില്ല.
എങ്ങനെ മുടി ചീകിയാലും തലമൂർത്തിയിൽ സൂര്യകാന്തി വിടർന്ന പോലെ മുള്ളൻ മുടികൾ എഴുന്നുനില്ക്കും. ഉച്ചിയിൽ വിരിഞ്ഞ മുടിപ്പൂ പെട്ടെന്നൊന്നും പോകില്ല. കുറച്ചുദിവസം മുടി വളർന്നു കഴിഞ്ഞാലെ സൂര്യകാന്തി മിഴിയടക്കൂ.

പത്താം ക്ലാസ് കഴിഞ്ഞ് കോളേജ് കാലമാകുമ്പോഴാണ് മുടി ഇങ്ങനെയല്ല വേണ്ടത് എന്ന ബോധ്യമുണ്ടാകുന്നത്. യാതൊരു സ്‌റ്റൈലും പരീക്ഷിക്കാത്ത മുടി ഒരു പ്രശ്‌നമായി തുടങ്ങുന്നത് ശരീരത്തെ കുറിച്ചുള്ള ആകുലതകൾ തുടങ്ങുമ്പോഴാണ്.
സുമുഖനായി കൂടുതൽ ആകർഷകത്വമുണ്ടാക്കുന്നതിനാണ് മുടി ഇങ്ങനെ പോരാ എന്ന് വിചാരിക്കുന്നത്. ഒരു ശീലത്തെ അനുസരിച്ച് പാകപ്പെട്ട മുടിയെ മറ്റൊരു ശീലത്തിലേക്ക് ചട്ടം മാറ്റുക അന്ന് അത്ര എളുപ്പമല്ല.
ഒരുവശത്തുനിന്നുള്ള മുടി വാരൽ മാറ്റി നേരെ പിറകിലേക്ക് ചീകിത്തുടങ്ങും. കുറെ കാലത്തെ കഠിനപ്രയത്‌നത്തിനൊടുവിൽ മുടി പിറകിലേക്ക് നന്നായി ചീകി വെക്കാനാകും. പിന്നീടാണ് സ്റ്റെപ്പ് കട്ടൊക്കെ വരുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ ഹെയർ സ്‌റ്റൈൽ അതാണ്.

മുടിക്ക് മുമ്പും പിമ്പും

പതിനാറോ പതിനേഴോ വയസ്സിലാണ് മുടി നീട്ടിയ പ്രകാശൻ നായകനായ മുകുന്ദന്റെ കൂട്ടം തെറ്റി മേയുന്നവർ വായിക്കുന്നത്. ഏഴ് മക്കളും അച്ഛനുമമ്മയുമുള്ള വീടാണ് ഞങ്ങളുടേത്. അച്ഛന്റെയും അമ്മയുടെയും കുടുംബ ങ്ങളിലും ധാരാളം അംഗങ്ങളുണ്ട്. മുടി നീട്ടി വളർത്തിയ ആണുങ്ങൾ ഇതിൽ ആരുമുണ്ടായിരുന്നില്ല.

അന്ന് തൃക്കരിപ്പൂർ നാട്ടിൽ മുടിനീണ്ട പുരുഷന്മാരെ കാണാൻ കഴിയുമായിരുന്നില്ല.
ചെറുപ്പത്തിലോ കോളേജ് പഠനകാലത്തോ മുടി നീട്ടിവളർത്തണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

മുടിക്കാർ ഒരുതരത്തിലും ആകർഷിച്ചിരുന്നില്ല.
മുടിയിൽ പൗറ് കാണിക്കാൻ പറ്റുന്ന കുടുംബ സാഹചര്യമായിരുന്നില്ല.
വളരെയധികം ബുദ്ധിമുട്ടിയും കഷ്ടപ്പാടുകൾ സഹിച്ചുമാണ് വളർന്നത്.
മുടിയെ കുറിച്ചോ അതിന്റെ സൗന്ദര്യവൽക്കരണത്തെ കുറിച്ചോ ചിന്തിക്കാവുന്ന ചുറ്റുപാടുകളുമായിരുന്നില്ല.

പെണ്ണിന് മുല വളരുന്നതോടൊപ്പം തലയും വളരുന്നുണ്ട്. തലയും മുലയും വളർന്ന പെണ്ണിനെ കുറിച്ചേ നമുക്കാകുലതകളുള്ളൂ. ആണിന്റെ ക്രോപ്പ് ചെയ്ത മുടിയിലും മുലയിലും എല്ലാ പെണ്ണുരുക്കങ്ങളുമുണ്ട്.

ഒരാണിന്റെ ജീവിതത്തിൽ മുടി വല്ലാത്ത സംഗതിയാണ്. ഒരു പ്രത്യേക കാലത്ത് കൂടെക്കൂടുന്ന മുടിക്കൂട്ട് പിന്നെ വിട്ടുപോകില്ല. മുടിയെപ്പോലെ മറ്റൊരവയവത്തെപ്പറ്റിയും നിങ്ങൾ ഇത്രയധികം ചിന്തിക്കില്ല. മുടിയെ കുറിച്ചും മുടിയുടെ സൗന്ദര്യത്തെക്കുറിച്ചും വിചാരപ്പെടാതെ ഒരു കൗമാരവും യൗവ്വനവും കടന്നുപോവില്ല. കണ്ണാടിക്കുമുന്നിൽ നമ്മൾ മുഖത്തെക്കാൾ മുടിയാണ് ശ്രദ്ധിക്കുന്നത്. ബോധത്തിലും അബോധത്തിലും മുടിയുണ്ട്.

വളർച്ചയുടെ വിവിധ അരങ്ങുകളിൽ മുടിക്ക് ആട്ടപ്രകാരങ്ങൾ പലതാണ്. മുടിക്ക് ജീവിതത്തിൽ ഒരനുഷ്ഠാന പദവിയുണ്ട്. പെൺജീവിതത്തിലെന്ന പോലെ ആൺജീവിതത്തിലും മുടി പല പ്രകാരത്തിലുള്ള വൈകാരിക വിക്ഷുബ്ധതകളും സൃഷ്ടിക്കുന്നുണ്ട്. പെണ്ണിന് മുല വളരുന്നതോടൊപ്പം തലയും വളരുന്നുണ്ട്. തലയും മുലയും വളർന്ന പെണ്ണിനെ കുറിച്ചേ നമുക്കാകുലതകളുള്ളൂ. ആണിന്റെ ക്രോപ്പ് ചെയ്ത മുടിയിലും മുലയിലും എല്ലാ പെണ്ണുരുക്കങ്ങളുമുണ്ട്.

മുടി നീട്ടിയ മുൻ മാതൃകകളില്ലാത്തതിനാൽ നീളൻ മുടിയെന്ന ചിന്തയേ ഉണ്ടായിരുന്നില്ല. 22 വയസ്​ കഴിഞ്ഞപ്പോൾ ഔദ്യോഗികാവശ്യത്തിനായി തൃശൂരിലേക്ക് താമസം മാറി. ഈ മാറ്റം ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. തൃക്കരിപ്പൂരിൽ നിന്ന്​ വിഭിന്നമായി തുശൂരിൽ തല വളർത്തിയ ആണുങ്ങളെ ധാരാളം കണ്ടു. പക്ഷെ അതൊന്നും മുടി നീട്ടാനുള്ള പ്രചോദനമായിരുന്നില്ല. നീൾമുടിക്കാരനായി മുടിയനെന്ന വിളിപ്പേരുമായി ജീവിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

തൃശൂരിലെ ജീവിതം തൃക്കരിപ്പൂർ ജീവിതത്തിൽ നിന്ന്​ ഏറെ വ്യത്യസ്തമായിരുന്നു. ഒരുപാട് മനുഷ്യർക്കിടയിൽ ജീവിച്ചുശീലിച്ച ഒരാൾ തികഞ്ഞ ഏകാകിയായി മാറി. തികച്ചും ഒറ്റപ്പെട്ടുപോയ ജീവിതമായിരുന്നു. മറ്റാരുമില്ലാത്ത വിശാലമായ കോമ്പൗണ്ടിൽ രാവണൻ കോട്ട പോലുള്ള പഴയ കെട്ടിടത്തിലെ വലിയ ഒരു മുറിയിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു.
തൃശൂരിലെ ബാർബർ ഷോപ്പുകളോട് തീരെ ഇഷ്ടമില്ല. നാട്ടിലേക്ക് വന്നാൽ ശേഖറേ ട്ടന്റെയടുത്ത് വന്ന് മുടി മുറിക്കും.
ഒരിക്കൽ പതിവ് മുടി മുറിക്കലിൽ നിന്ന്​ കുറച്ച് വൈകിപ്പോയി. മുടി സാധാരണയിൽ നിന്ന്​ കുറച്ചധികമായി. തികഞ്ഞ എകാന്തതയിൽ കണ്ണാടിയിൽ നോക്കിയിരിക്കുക ഒരു ലഹരിയാണ്.
നാളുകൾ കഴിയുന്തോറും മുടി വളർന്നുതുടങ്ങി.
മുടി നീണ്ടുതുടങ്ങിയപ്പോഴാണ് ഒരു സത്യം മനസ്സിലായത്; ഇത്രനാളും വെട്ടിയൊതുക്കി ഇല്ലാതാക്കിയത് ഒരു ജീവിതമായിരുന്നുവെന്ന്. ഒരു ഭംഗിയുമില്ലാത്ത കോലൻ കുറ്റിമുടിയായിരുന്നു അതുവരെയുണ്ടായിരുന്നത്.

നീണ്ടുവരുന്ന മുടി മറ്റൊന്നായിരുന്നു.
വീട്ടുമുറ്റത്ത് പുതുമഴയിൽ കിളിർത്ത താളു പോലെ, തകര പോലെ രാസവളം ചേർക്കാത്ത കാട്ടുപൊന്ത തലയിൽ തഴച്ചു.
മുടിക്ക് മനുഷ്യനെ മാറ്റാൻ പറ്റും.
നീണ്ടുചുരുണ്ട് തഴച്ച മുടി അന്നൊരതിശയക്കാഴ്ചയായിരുന്നു.
സ്വന്തം തലച്ചമയത്തിന്റെ ഭംഗിനോക്കിയുള്ള മുകുരദർശനം അന്നൊരു ലഹരിയായിരുന്നു.
സ്വാഭാവിക വളർച്ചക്ക്​ സാഹചര്യമൊരുക്കിയാൽ ഏത് വീട്ടുമുറ്റത്തും ഒരു വനഭംഗി തളിർക്കും.
വീട്ടിൽ എല്ലാവർക്കും സാധാരണ മുടിയാണ്.
അനിയത്തിക്കുമാത്രമാണ് അല്പം ചുരുണ്ട മുടിയുള്ളത്.

തലയിൽ പൂക്കാവടിയുമേന്തി നടക്കാൻ തുടങ്ങിയതോടെയാണ് പെണ്ണുങ്ങൾ പ്രേമത്തോടെയും കാമത്തോടെയുമൊക്കെ സമീപിച്ചുതുടങ്ങിയത്. അപ്പോഴേക്കും മങ്ങലം കയിച്ച് ഓളും പുരുവനുമായുള്ള ജീവിതം ആരംഭിച്ചിരുന്നു.

ചുരുണ്ട മുടി തലയിൽ തഴച്ചപ്പോൾ മുഖം മാറി. രൂപം മാറി. ആൾക്കാരുടെ നോട്ടവും ഭാവവും മറ്റൊന്നായി. സ്വന്തം മുടിയിൽ പറഞ്ഞറീക്കാനാകാത്ത ആത്മരതിയായിരുന്നു. ക്രോപ്പ് ചെയ്ത കുറ്റിമുടിക്കൂട്ടിൽ ഒരു മയിലുറങ്ങിക്കിടക്കുന്നത് അറിഞ്ഞിരുന്നില്ല. വിടർത്തിയ ചുരുൾമുടിപ്പടർപ്പിൽ പീലിക്കെട്ടഴിഞ്ഞ ആൺമയിൽച്ചന്തം.‘പീലികൾ കൊഴിഞ്ഞാൽ ഞാൻ വെറും മാംസപിണ്ഡം’ എന്ന് അയ്യപ്പന്റെ കവിത

മുടിക്കുമുമ്പും പിമ്പും എന്ന് ജീവിതം രണ്ടായി പിന്നിയിട്ടു.
മുടി നീണ്ട കാലം എഴുത്തിലേക്ക് വന്നിരുന്നില്ല. പറയാനും എഴുതാനുമുള്ളത് അന്നേ തീമ വെച്ചിരുന്നു. ഉള്ളിലെ വിറകടുപ്പിൽ അത് വെന്തുതിളക്കുന്ന കാലം.
ജീവിതം യൗവ്വനതീഷ്ണവും പ്രേമസുരഭിലവുമായിരുന്നു.
ഒരുസുന്ദരിയെ ആകർഷിക്കാനുള്ള കോപ്പൊന്നും പുറത്ത് കാണിക്കാനില്ലാത്തതിനാൽ മുടിയില്ലാക്കാലത്ത് കാമിനിമാരും ഉണ്ടായിരുന്നില്ല.
പുറന്തോട് പൊട്ടാത്ത ചില ഏകദിശ പ്രണയങ്ങൾ മാത്രം വിരിയാതെ ഉള്ളിലെ നീഢത്തിൽ കെട്ടുകലങ്ങി.

തലയിൽ പൂക്കാവടിയുമേന്തി നടക്കാൻ തുടങ്ങിയതോടെയാണ് പെണ്ണുങ്ങൾ പ്രേമത്തോടെയും കാമത്തോടെയുമൊക്കെ സമീപിച്ചുതുടങ്ങിയത്. അപ്പോഴേക്കും മങ്ങലം കയിച്ച് ഓളും പുരുവനുമായുള്ള ജീവിതം ആരംഭിച്ചിരുന്നു. വിവാഹിതനായി കുടുംബ ജീവിതം തുടങ്ങിയതോടെ മുടിത്തെഴുപ്പും കൂടിക്കൂടി വന്നു.

ഉലർന്നിരിക്കുന്ന കാർക്കോടകപ്പത്തി

അത്രയും മനസ്സുറപ്പും ഇച്ഛാശക്തിയുമുണ്ടെങ്കിൽ മാത്രമേ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഒരാൾക്ക്, ഒരു സാധാരണക്കാരന് മുടിയുലർത്തി ജീവിക്കാനാകൂ. ആണിന്റെ നീണ്ട മുടിയെയും പെണ്ണിന്റെ മുറിച്ച മുടിയെയും അവരവരുടെ വ്യക്തി സ്വാതന്ത്ര്യമായി അംഗീകരിക്കാനുള്ള വിവേകം സമൂഹം ഇന്നും കൈവരിച്ചിട്ടില്ല. നീട്ടിയ മുടി പാപത്തിന്റെ, കുറ്റവാസനയുടെ പ്രതീകമാകുന്നതെങ്ങനെയാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തതാണ്.
നീട്ടിയ മുടിയുടെ ഒന്നാമത്തെ ശത്രു മാഷമ്മാരാണ്. കുട്ടികളുടെ തലയിൽ നല്ല ഫാഷൻ മുടി കാണുമ്പോഴുള്ള അദ്ധ്യാപകരുടെ പ്രകൃതം ചോപ്പുകണ്ട കാളകളെ പോലെ വെകിളി പിടിക്കുന്നതാണ്. മുടിയെ ഒരു പ്രതിസംസ്‌കാരമായി നിലനിർത്തുന്നതിൽ ഒന്നാം നമ്പർ മോറൽ പോലീസുകാരായ അദ്ധ്യാപകർക്ക് നല്ല പങ്കുണ്ട്.
അവർക്കിപ്പോഴും നേരം പുലർന്നിട്ടില്ല.

മുടി വീട്ടിലും നാട്ടിലും വലിയ പ്രശ്‌നമായി.
മുടി നീട്ടലിന്റെ കാരണമെന്താണെന്ന ചോദ്യം എത്ര തവണ നേരിട്ടുവെന്നതിന് കണക്കില്ല. ആൾക്കാരുടെ കണ്ണിൽ എന്തോ അപരാധം ചെയ്ത പോലെയാണ്.
തൃക്കരിപ്പൂർ പോലെ ഒരു നാട്ടുമ്പുറത്തെ മനുഷ്യർക്ക് ഇതൊന്നും കണ്ട് ശീലമില്ലാത്തതാണ്.

മുടി നീട്ടിയതുമുതൽ ബാർബർഷാപ്പുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. ശേഖറേട്ടൻ തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോയി. തൃക്കരിപ്പൂരിന്റെ മീടും മുടിയും മിനുക്കാൻ അനിയൻ മോഹനേട്ടൻ വന്നു.

ബാർബർ ഷോപ്പിൽ നിന്ന്​ ബ്യൂട്ടി പാർലറിലേക്കുള്ള മാറ്റമൊന്നും അറിഞ്ഞില്ല.
അങ്ങോട്ട് പോകാറില്ലല്ലോ. സ്വയം ക്ഷുരകനായി മാറിക്കഴിഞ്ഞിരുന്നു. വല്ലാതെ പൊന്തക്കാടാകുമ്പോ സ്വയം മുടി മുറിക്കാൻ തുടങ്ങി. മുടി മുറിക്കുക എന്നുപറഞ്ഞാൽ രണ്ടുമൂന്ന് മാസമാകുമ്പോ ഒന്ന് ചെറുതാക്കും, അത്ര തന്നെ. 22- 23 വർഷക്കാലമായി ബാർബറുടെ ജോലി സ്വയം ചെയ്യുകയാണ്. ആദ്യമൊക്കെ മുടിയുടെ പിൻഭാഗം മുറിച്ച് പാങ്ങാക്കാൻ ഭയങ്കര പണിയായിരുന്നു. ചുമരിൽ ഉറപ്പിച്ച കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു ചെറിയ കണ്ണാടി തലയുടെ പിൻഭാഗം പിടിച്ച് മുന്നിലെ കണ്ണാടി നോക്കിയാണ് പിൻഭാഗത്തെ മുടി മുറിക്കുന്നത്. പക്ഷേ ഇന്നത് വളരെ എളുപ്പമാണ്. കണ്ണുമടച്ച് പിൻവശത്തെ മുടി മുറിക്കാൻ ഇന്നാകും.

മുടി നീട്ടിയ ആൺജീവിതം സംഘർഷപൂരിതമാണ്. ആരും ഇങ്ങോട്ട് പ്രേമിക്കാത്തതിനാൽ വിവാഹത്തെ കുറിച്ചുള്ള ആലോചനകളിൽ മുടി വലിയ പ്രശ്‌നം തന്നെയായിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നമനുഭവിച്ച കാലമായിരുന്നു അത്.
കള്ള് കുടിക്കാത്ത, ബീഡി വലിക്കാത്ത, മറ്റ് ദുശ്ശീലങ്ങളൊന്നുമില്ലാത്ത സർക്കാർ ഓഫിസിലെ ക്ലാർക്കിന് അന്ന് വിവാഹമാർക്കറ്റിൽ വൻ ഡിമാന്റായിരുന്നു.
അറേഞ്ച്ഡ് മാരേജ് എന്ന കുരുക്കിൽ മനസ്സമാധാനം നഷ്ടപ്പെട്ട് വല്ലാതെ ബുദ്ധിമുട്ടി.
ഉലർന്നു കിടക്കുന്ന കാർക്കോടക പത്തി ഒന്ന് അടക്കിവെച്ചാൽ മതിയായിരുന്നു.

കുടുംബമായി ബന്ധുവീട്ടിലും മരണവീട്ടിലുമൊക്കെ പോകുമ്പോ, ആൾക്കാരൊക്കെ സംശയത്തോടെ നോക്കി. ചിലർ അടുത്തുവരാതെ ജനാലയിലൂടെ പകച്ചുനോക്കും. നിന്റെ ഭർത്താവ് ഡാൻസ് മാഷാണോ എന്ന് അകത്തെ പെണ്ണുങ്ങൾ ഓളോട് ചോദിച്ചു.

ദുശ്ശീലങ്ങളുടെ ഒന്നാം പട്ടികയിൽ പെടുന്നതാണ് നീട്ടിയ ആൺമുടിയെന്ന് പെണ്ണുകാണൽ എന്ന അഭ്യാസത്തിലൂടെ മനസ്സിലായി. കൂടെ ഇറങ്ങിവരാൻ ഒരു പെണ്ണില്ലാത്ത ആണിനെ സംബന്ധിച്ച് വിവാഹം എന്നാൽ അറേഞ്ച്ഡ് മാരേജ് എന്ന ഒറ്റ ഉപാധി മാത്രമേയുള്ളു.
വേറെ ഒരു വഴിയുമില്ല.
നീട്ടിയ മുടി ചുരുക്കി മുട്ടുമടക്കി പെണ്ണ് കാണാൽ തുടർന്നു. അങ്ങനെ മങ്ങലം കയിഞ്ഞു.

കുടുംബസ്ഥനായതിനുശേഷം പിന്നെ ഒന്നും നോക്കാനില്ലല്ലോ. പൂർവ്വാധികം ശക്തിയോടെ മുടി പടർന്നു.
നാട്ടിൽ പോകുമ്പോഴൊക്കെ അമ്മയും സഹോദരങ്ങളും മുടിയൊന്നു ചെറുതാക്കിക്കൂടെ എന്ന് പരിഭവിക്കും.
എത്ര നല്ല പാങ്ങില്ല ചെക്കനാന്ന്. ഇപ്പോ മനാരൂം വൃത്തീം ഇല്ലാണ്ടിങ്ങനെ കോലം കെട്ടുപോയല്ലോ എന്ന് അമ്മ പായ്യാരം പറഞ്ഞു.
നാടുവിട്ടുപോയി വഴിപിഴച്ചുപോയ ജീവിതമെന്ന് നാട്ടുകാർ തമ്മാമിൽ നൊട്ട പറഞ്ഞു.

പല പല പയമകളും മാഞ്ഞാളങ്ങളും മുടിക്ക് നല്ല ജൈവവളമായി.
മുടി വളർത്തിയ ആണുങ്ങളെക്കുറിച്ച് പലർക്കും പല മുൻധാരണകളാണ്.
ഓളെ വീട് നീലേശ്വരത്താണ്. കുടുംബമായി ബന്ധുവീട്ടിലും മരണവീട്ടിലുമൊക്കെ പോകുമ്പോ, ആൾക്കാരൊക്കെ സംശയത്തോടെ നോക്കി. ചിലർ അടുത്തുവരാതെ ജനാലയിലൂടെ പകച്ചുനോക്കും.
നിന്റെ ഭർത്താവ് ഡാൻസ് മാഷാണോ എന്ന് അകത്തെ പെണ്ണുങ്ങൾ ഓളോട് ചോദിച്ചു.
ഭാര്യയ്ക്ക് ആദ്യമൊക്കെ പൊന്ത പോലെ തഴച്ച മുടി അസ്വസ്ഥമായിരുന്നു.
അവളുടെ അങ്കര സഹിയാതെ വരുമ്പോൾ മുടി അല്പമൊന്ന് ചെറുതാക്കും.

സ്വപ്നവും പ്രണയവും കലഹവും സ്വാതന്ത്ര്യവും ധിക്കാരവും നിറച്ചുകെട്ടിയ മുടിയൊരു നിറയോലമാണ്. പത്തിലകളും വള്ളികളും നിറച്ചുകെട്ടിയ നിറ നമ്മുടെ പോയ കാലത്തെ വലിയ അനുഷ്ഠാനമായിരുന്നു.

മുടി ഒരിക്കലും ചെറുതാക്കാതെ പരമാവധി നീട്ടിവളർത്തണമെന്നാണ് ആഗ്രഹം. പക്ഷെ. ചില നിർബന്ധങ്ങൾക്ക് വിധേയമായി ഇടക്കൊന്ന് ചെറുതാക്കും. കാലം കടന്നുപോകെ അമ്മയും ഭാര്യയും വീട്ടുകാരും വീട്ടിലെ വലിയമുടിത്തെയ്യത്തെ ഉൾക്കൊണ്ടു. എകർന്ന മുടിക്കാഴ്​ചയോട്​ അവർ പൊരുത്തപ്പെട്ടു. തൃക്കരിപ്പൂർ നാട്ടുകാർക്ക് ഈ വളർമുടിക്കാട് ഇന്നൊരു പ്രശ്‌നമല്ല. അവർ പുതിയ മുടിക്കാർക്കായി കാത്തിരിക്കുകയാണ്.

സ്വപ്നവും പ്രണയവും കലഹവും സ്വാതന്ത്ര്യവും ധിക്കാരവും നിറച്ചുകെട്ടിയ മുടിയൊരു നിറയോലമാണ്. പത്തിലകളും വള്ളികളും നിറച്ചുകെട്ടിയ നിറ നമ്മുടെ പോയ കാലത്തെ വലിയ അനുഷ്ഠാനമായിരുന്നു.
നീണ്ടുചുരുണ്ട് പടർന്ന മുടിക്കെട്ടിനോട് വല്ലാത്ത ഇഷ്ടമാണ്. നീണ്ട മുടിയെന്നാൽ കുറ്റിമുടിയുടെ മുരടിപ്പിലെ മടുപ്പ് പോലെയല്ല.
വീശുന്ന കാറ്റുപോലെ,
ഒഴുകുന്ന വെള്ളം പോലെ,
നീൾമുടി ഒരു ജീവൽസാന്നിദ്ധ്യമാണ്.

ആത്മാവിന്റെ ചലനമുള്ള നീണ്ടമുടിക്ക് നമ്മളോട് ഏറെ സംവദിക്കാനുണ്ട്.
ജീവിതത്തിലെ എല്ലാ വൈകാരികാവസ്ഥകളിലും അത് നമ്മോടൊപ്പമുണ്ട്. നേരിയ കാറ്റിൽ മോത്ത് വന്നുവീഴുന്ന നീളൻമുടിക്ക് ഒരുപാട് സംസാരിക്കാനുണ്ട്. പ്രണയത്തിൽ, വിരഹത്തിൽ, സന്തോഷത്തിൽ, സങ്കടത്തിൽ കാറ്റിലുലയുന്ന മുടിയും നമ്മോടൊപ്പമുണ്ടാകും. നീണ്ട മുടി ആൺ ശരീരത്തിലെ സദാ ജാഗ്രത്തായ സാന്നിദ്ധ്യമാണ്.

വളർവേണി ഒരനുഷ്ഠാനത്തിലെന്ന പോലെ, ഒരാഭിചാരത്തിലെന്ന പോലെ നിങ്ങളെ ആഴത്തിൽ സ്വാധീനിക്കും. നീണ്ട മുടിയുള്ള ആണിന്റെ ജീവിതം കുറ്റിമുടിക്കാരൻ ആണിൽ നിന്ന്​ തികച്ചും വ്യത്യസ്തമായിരിക്കും. നമ്മുടെ നിത്യജീവിത വ്യഹാരമണ്ഡമണ്ഡലങ്ങൾക്കുമപ്പുറമുള്ള നിഗൂഢതകളുടെ കാന്താരഗഹനതയാണ് ശരീരത്തിൽ പടർന്ന ഇരുൾമുടിപ്പെരുക്കം.

മുടി ചൂടിയ ആണിനോട് പെണ്ണിന് പ്രേമമുണ്ട്. പുരുഷന്റെ ഘന വിപിന സുകേശം പ്രണയത്തിന്റെ ഉപവനകാന്തിയാണ്. പ്രേമത്തിന്റെ ഉസ്താദുമാരായ ഗന്ധർവ്വന്മാർ നീണ്ട ചുരുളൻ മുടിക്കാരാണത്രേ. സർവ്വരും കുറ്റം കാണുന്ന മുടി ഇഷ്ടപ്പെടുന്ന എത്രയോ ജീവിത സന്ദർഭങ്ങളുമുണ്ട്. ഇടതൂർന്ന കേശഭാരത്തിനോട് കാമിനിമാർക്കിഷ്ടമാണ്. കേശത്തിൽ കേശവനെ കാണുന്നവരും ഉണ്ട്.

മുടിക്കാരുടെ ആകാരം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഒറ്റക്കാഴ്ചയിൽത്തന്നെ മനസ്സിലുടക്കുന്ന മുടിരൂപകം. പുരുഷന്റെ കൂന്തൽക്കെട്ടിന് പ്രണയത്തിൽ ഭ്രഷ്ട് കൽപിക്കുന്നില്ല. നീണ്ടുചുരുണ്ട മുടിയുള്ള പുരുഷൻ കാമിനിമാരുടെ പ്രണയസങ്കൽപങ്ങളിൽ കാല്പനികതയുടെ എല്ലാ പുല്ലാങ്കുഴൽ രാഗങ്ങളും മീട്ടുന്നുണ്ട്. പ്രണയത്തിന്റെ സ്വർണത്താരൊളിത്തിളക്കം ചൂടി ജഡാധാരികൾ ആനന്ദിക്കുന്നു.

തെയ്യത്തിലെ മനുഷ്യൻ മരണത്തെ തോല്പിക്കുന്നത് മുടിയിലൂടെയാണ്.
കൊല ചെയ്യപ്പെട്ടവരുടെ തലയിൽ ദൈവത്തിന്റെ പൂമുടി കമിച്ച് കാലത്തിന്റെ തീർപ്പാണ് തെയ്യമായി ആടുന്നത്.

തിരുമുടി നീരുമ്പോൾ...

ലോകത്തിൽ മുടിക്കൊരു നാടുണ്ടെങ്കിൽ അത് ഉത്തര മലബാറാണ്.
തലയറുത്ത് മാറ്റപ്പെട്ട മനുഷ്യർ ദൈവരൂപമാർന്ന് എകർന്ന മുടിയേന്തി ആടിത്തിമിർക്കുന്നത് വടക്കൻ മണ്ണിലാണ്. തെയ്യത്തിന്റെ തിരുമുടി ചൂടി കളിയാട്ടക്കാവുകളിൽ മനുഷ്യൻ മരണത്തെ അതിജീവിക്കുന്നു.
തെയ്യത്തിലെ മനുഷ്യൻ മരണത്തെ തോല്പിക്കുന്നത് മുടിയിലൂടെയാണ്.
കൊല ചെയ്യപ്പെട്ടവരുടെ തലയിൽ ദൈവത്തിന്റെ പൂമുടി കമിച്ച് കാലത്തിന്റെ തീർപ്പാണ് തെയ്യമായി ആടുന്നത്.
കിരീടമുടിയണിഞ്ഞ് പുതുകാലം നെടുവാലിയനെപ്പോലുള്ള മാങ്ങാട്ട് മന്നപ്പനെപ്പോുള്ള വാല്യക്കാരുടെ മരണത്തിന്റെ കണക്ക് ചോദിക്കുന്നു.

മുടിക്കാരുടെ മുടിപ്പെരുമയുടെ മുടിപ്പഴമയുടെ നാടാണ് തൃക്കരിപ്പൂർ. വലിയ മുടിയില്ലാതെ തൃക്കരിപ്പൂർ ജീവിതം സാധ്യമല്ല. കൊടുമുടിയണിഞ്ഞ വീരന്മാർ എകർന്ന കുന്നിറങ്ങിയും വലിയ മുടിയണിഞ്ഞ കന്യാക്കന്മാർ ആര്യക്കടലിറങ്ങിയും തൃക്കരിപ്പൂരിന്റെ തീരങ്ങളിലലഞ്ഞു.
അലയും മലയുമിറങ്ങിയ മുടിപ്പെരുമാക്കന്മർക്കുമുന്നിൽ തൃക്കരിപ്പൂരിലെ സാധാരണക്കാർ റാക്കും മീനും ചുട്ടിറച്ചിയും മുതിർച്ച വെച്ചു.
സഞ്ചാരപ്രിയരായ തെയ്യങ്ങൾക്കായി നാട്ടുമനുഷ്യർ ദാരിദ്ര്യത്തിന്റെയിരുൾ സമൃദ്ധമാക്കിയ സ്വന്തം പടിഞ്ഞാറ്റകം തട്ടിത്തുറന്നു.
വെറ്റിലടക്ക നല്കി അന്തിത്തിരി തെളിയിച്ച് വലിയ മുടിക്കാരെ നാട്ടുജനത സീകരിച്ചു.

നമുക്ക് മുന്നം വൻമുടിയേന്തിയ എത്രയെത്ര പേർ...
വലിയമുടി, വട്ടമുടി, പീലിമുടി , കൂമ്പ് മുടി, കൊതച്ച മുടി , കൊടുമുടി. പൂമുടി, തിരുമുടി, പൂക്കെട്ടിമുടി, മത്സ്യാകാരമുടി... ഇങ്ങനെ തൃക്കരിപ്പൂരിലെ തെയ്യങ്ങളുടെ മുടിയഴകുകൾ വാക്കുകൾക്കതീതമാണ്.
മുടി വടക്കിന്റെ ആത്മാവാണ്. ജീവവായുവാണ്. തലയറ്റ മനുഷ്യൻ ദൈവത്തിന്റെ തലച്ചമയവുമായി ഉറഞ്ഞാടുമ്പോൾ ഉടലിലൊരു മുടിക്കാവുമായി അവരോടൊപ്പമുറയുന്നതിൽ സന്തോഷം മാത്രം.

മുടി കളയുന്നതിലും മുടി നീട്ടുന്നതിലും ആത്മീയതയുണ്ട്. തൃക്കരിപ്പുരിൽ തിളങ്ങുന്ന മൊട്ടത്തലയുള്ളവരും മുടി തല നിറച്ച് കുടുമയായി കെട്ടിവെക്കുന്നവരും ദൈവത്തിന്റെ പ്രതിപുരുഷന്മാരായുണ്ട്. അഹംബോധത്തിന്റെ നിരാസമായി മുണ്ഡിത ശിരസ്‌ക്കരും അഹം ബ്രഹ്മാസ്മിയായി ജഡാധാരികളും നാട്ടുകാർക്ക് രണ്ടുതരം മുടിയനുഭവങ്ങളാണ്.
അതാണ് മുടിയുടെ ജ്ഞാനമാർഗ്ഗം.

ദൈവങ്ങൾക്ക് മുടി അനുവദിക്കുന്നവർ എന്തുകൊണ്ട് ജീവിച്ചിരിക്കുന്ന മനുഷ്യന് അതനുവദിക്കുന്നില്ല. കുറ്റിമുടിയോ കഷണ്ടിത്തലയോ ഉള്ള ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ യേശുവിനെയോ സങ്കല്പിക്കാനാകുമോ.
മുടി ദൈവത്തിനഴകും മനുഷ്യന് വ്യത്തികേടുമാകുന്നതെങ്ങനെയാണ്.
അല്ലെങ്കിൽ നീണ്ട ആൺമുടിയെ വെറുപ്പിന്റെ പട്ടികയിൽ പെടുത്തുന്നതാരാണ്.

എല്ലാ അധിക്ഷേപങ്ങളും പരിഹാസങ്ങളും അതിജീവിച്ച് മുടിപ്പടർപ്പുകൾ തഴയ്ക്കുകയാണ്.
പ്രായമാകുമ്പോൾ മുടി കൊഴിയുകയല്ല, വാശി പോലെ ഇരുണ്ട മുടിമാനം കനക്കുകയാണ്.
മിഥുനപ്പെയ്ത്തിന്റെ മൈഥുനാസക്തികൾക്കൊടുവിൽ
പുതിയ പുതിയ മുടിത്തെഴുമ്പകൾ പൊട്ടുകയാണ്.
ഒറ്റപ്പത്തിയൊടായിരമുടലുകൾ
ചുറ്റുപിണഞ്ഞ മണിനാഗം
എന്നാണ് ഉലർന്ന മുടിയുടെ കവിപ്പകർച്ചകൾ.
കവിതയിൽ മുടിയാട്ടം നടത്തിയ ചങ്ങമ്പുഴയും
പുറവടിവപ്പടി മൂടിക്കിടക്കുന്ന ചെമ്പൻമുടിത്തഴപ്പുള്ള പൂതപ്രകൃതിയെ തോറ്റിയ ഇടശ്ശേരിയും മുടി നന്നായി വെട്ടിയൊതുക്കിയവരാണ്.
ഗന്ധർവ്വാനന്ദത്തിൽ മതിമറന്ന് ധൂർത്തഗാമിയായ കുഞ്ഞിരാമൻ നായരും മുടി നീട്ടിയില്ല.
എടുത്താ പൊന്താത്ത വൻമുടിയേന്തി കാവ്യങ്ങളുടെ കാവകങ്ങളിൽ അവർ ആടിത്തിമിർത്തു.
മണ്ണിലെ കെട്ട ജീവിതം കാവ(വ്യ)കങ്ങളിൽ ദൈവങ്ങളുടെ പകർന്നാട്ടങ്ങളായി.കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മണ്ണിൽ
എന്നാണ് കണ്ണാടി നോക്കാൻ ഭയപ്പെടുന്ന കവി പറയുന്നത്.

കണ്ണാടിയിൽ നോക്കിയിരിക്കാൻ തുടങ്ങീട്ട് ഒത്തിരി നേരായി.
കണ്ണാടിയിലെ മുടിപ്പടർച്ചകൾ കാണുമ്പോൾ എന്തെന്നില്ലാത്ത ആനന്ദമാണ്.
ഉടലിൽപ്പേറുന്ന മുടിപ്പൊന്ത ഒരടയാളമാണ്.

കണ്ണാടിയിൽ നോക്കിയിരിക്കാൻ തുടങ്ങീട്ട് ഒത്തിരി നേരായി.
കണ്ണാടിയിലെ മുടിപ്പടർച്ചകൾ കാണുമ്പോൾ എന്തെന്നില്ലാത്ത ആനന്ദമാണ്.
ഉടലിൽപ്പേറുന്ന മുടിപ്പൊന്ത ഒരടയാളമാണ്.
അലോസരത്തിന്റെ
അനുസരണക്കേടിന്റെ
ധിക്കാരത്തിന്റെ ...

എണ്ണതേച്ച് മയപ്പെടുത്തി
വെട്ടിയൊതുക്കി
ചീകിമിനുക്കിയ
സദാചാരത്തലകൾക്കിടയിൽ ഇങ്ങനെയും തലകളുണ്ടെന്ന്.

എല്ലാ അവമതികളുടേയും അധിക്ഷേപങ്ങളുടെയും ആരവങ്ങൾക്കുമുകളിലാണ് ഈ തിരുമുടി നീരുന്നത്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments