കമ്മട്ടിപ്പാലും പച്ചചുണ്ണാമ്പും കൊലഞ്ഞിലും; വൈക്കം സത്യഗ്രഹം ബാക്കി വക്കുന്ന ചോദ്യങ്ങൾ

പുതുതലമുറ ക്ഷേത്രപ്രവേശനത്തെ എങ്ങനെ കാണുന്നു എന്നത് ചിന്തനീയമാണ്. വൈക്കം സത്യാഗ്രഹം കഴിഞ്ഞ്​ നൂറുവർഷം പൂർത്തിയായിട്ടും ക്ഷേത്രപ്രവേശനത്തിനായി സമരം ചെയ്തവർ ഇന്ന് പല തട്ടിലാണ്. മാത്രമല്ല, ‘നവോത്ഥാന’ത്തിന്റെ തുടർച്ചകൾ തന്നെ നിരവധി ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്നു.

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് കാഴ്ച നഷ്ടപ്പെട്ടവർ രണ്ടുപേരാണ്. പാലക്കുഴ രാമൻ ഇളയതും ആമചാടി തേവനും. ഇന്ന്
എത്രപേർ ഓർക്കുന്നു ഇവർ രണ്ടുപേരെയും?

കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴ കീഴേട്ട് ഇല്ലത്ത്
രാമൻ ഇളയതിന്റെ കാഴ്ച നഷ്ടപ്പെട്ടത് 1924 ജൂൺ 27 നാണ്. വൈക്കം സത്യാഗ്രഹത്തിനു മുമ്പുതന്നെ ഇളയത് പലരുടെയും കണ്ണിലെ കരടായിരുന്നു. സ്വന്തം ഇല്ലപ്പറമ്പിൽ സമൂഹത്തിലെ അധഃസ്ഥിത വർഗക്കാർക്കായി സ്‌കൂൾ സ്ഥാപിച്ച് അത് അയ്യങ്കാളിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച ആളാണ് അദ്ദേഹം. എന്നാൽ ഗുണ്ടകളെ ഭയന്ന് പലരും സ്‌കൂളിലേക്ക് കുട്ടികളെ അയക്കാൻ തയ്യാറായില്ല. ഒടുവിൽ ഇളയതും അയ്യപ്പൻ മാസ്റ്ററെപ്പോലെയുളള ചിലരും ചേർന്ന് ഓരോ വീടും കയറി ഇറങ്ങിയാണ് സ്‌കൂളിൽ പഠിക്കാൻ കുട്ടികളെ സംഘടിപ്പിച്ചത്.

വൈക്കത്ത് സത്യാഗ്രഹ പന്തലിലേക്ക് കിഴക്കേ നടയിലൂടെ നടന്നു വരികയായിരുന്ന ഇളയതിനെ ഒരു സംഘം അടിച്ചുവീഴ്ത്തി കഴുത്തിന് ചുറ്റിപ്പിടിച്ച് കമ്മട്ടിപ്പാലും ചുണ്ണാമ്പും ചേർത്ത മിശ്രിതം കണ്ണിലൊഴിക്കുകയായിരുന്നു. എസ്.പി പിച്ചു അയ്യങ്കാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് വെറുതെ കയ്യും കെട്ടി നോക്കി നിന്നതേയുള്ളു. സംഭവത്തെ അപലപിച്ച് ഗാന്ധിജി 1924 ജൂലൈ 3ന് യങ് ഇന്ത്യയിൽ ലേഖനമെഴുതി.

രാമൻ ഇളയത്

കാഴ്ച നഷ്ടപ്പെട്ട് ചികിത്സകൾ ഒന്നും ഫലിക്കാതെ കാലം കഴിച്ചിരുന്ന ഇളയതിനെ തേടി വന്ന സത്യവ്രതസ്വാമികൾ ശിവഗിരിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഗുരു നിർദ്ദേശിച്ചതനുസരിച്ച് പർപ്പടകപ്പുല്ല് നീര് മുലപ്പാലിൽ ചേർത്ത് കണ്ണുകളിൽ ധാര ചെയ്​തു. ഒടുവിൽ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. തുടർന്നു രാഷ്ട്രീയ രംഗത്ത് സജീവമായി ഇളയത് പ്രവർത്തിക്കാൻ തുടങ്ങി. സ്റ്റേറ്റ് കോൺഗ്രസ് മുവാറ്റുപുഴ താലൂക്ക് സെക്രട്ടറിയായ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മർദ്ദനവും തടവും പല തവണ ഏറ്റുവാങ്ങി. കാലക്രമത്തിൽ സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട് നിരാലംബനായപ്പോൾ ആചാര്യ വിനോഭഭാവേ നിലമ്പൂരിൽ നൽകിയ അഞ്ച് സെൻറ്​ കോളനിയിലേക്ക് താമസം മാറ്റിയ ഇളയത് അവസാനകാലം ചെലവിട്ടത് തൃശൂർ അയ്യന്തോളിലായിരുന്നു.

ഒരു ദിവസം രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിക്കരികിലൂടെ നടന്നു പോവുകയായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് വഴിയരികിൽ കിടന്ന അനാഥ മൃതദേഹം കണ്ട് ഞെട്ടി. അത് രാമൻ ഇളയതിന്റേതായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജൻമനാടായ പാലക്കുഴയിൽ ലൈബ്രറിയുണ്ട്.

ഇനി മറ്റൊരു കാഴ്ച.

വർഷങ്ങൾക്ക് മുൻപ് പിറവം നഗരത്തിൽ ഖദർ വസ്ത്രമണിഞ്ഞ് തന്റെ പഴയ സൈക്കിളിൽ സ്ഥിരമായി വന്നുപോയിരുന്ന ഒരാളുണ്ടായിരുന്നു. പലരും അറിയാത്ത, അറിഞ്ഞവർ അറിയില്ലെന്ന് നടിച്ച രാമൻ ഇളയതിന്റെ മകൻ വാസുദേവൻ ഇളയത്. പിറവത്തിനടുത്തുള്ള പാഴൂരിൽ വിവാഹം കഴിച്ചു താമസിച്ചിരുന്ന വാസുദേവൻ ഇളയത് പിതാവിന്റെ പേരിലുള്ള സ്വാതന്ത്രസമര സേനാനിക്കുള്ള ആനുകൂല്യം ഇടക്കാലത്ത് നിർത്തൽ ചെയ്തത് പുനഃസ്ഥാപിച്ചു കിട്ടാനും കേസിൽ കുടുങ്ങിക്കിടക്കുന്ന തന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലം നികുതി അടച്ചു കിട്ടാനും വേണ്ടി പലവട്ടം വില്ലേജ് ഓഫീസിലേക്ക് വന്നുപോയുമിരിക്കുന്ന കാഴ്ചയായിരുന്നു അത്​. ഒരാളും അയാളെ തിരിച്ചറിഞ്ഞില്ല. മനഃപ്പൂർവ്വമോ അല്ലാതെയോ? സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് മോഷണക്കേസിൽ ജയിലിൽ കിടന്നവർ പോലും കൃതിമരേഖകൾ ചമച്ച് സ്വാതന്ത്രസമര പെൻഷൻ വാങ്ങിയപ്പോൾ സമൂഹത്തിലെ അന്ധകാരത്തെ ഇല്ലായ്മ ചെയ്യാൻ തന്റെ കാഴ്ച നഷ്ടപ്പെടുത്തിയ രാമൻ ഇളയതിന്റെ മകന് മരണം വരെ നിഷേധിക്കപ്പെട്ട തുക കിട്ടിയിരുന്നില്ല.

ആമചാടി തേവൻ എന്ന കണ്ണൻ തേവൻ എന്നു പറഞ്ഞാൽ എത്ര പേർക്കറിയാം?
നമ്മൾ വിശ്രമിക്കുന്ന തണലെല്ലാം മറ്റാരോ കൊണ്ട വെയിലിന്റെ വിലയാണെന്നറിയാത്ത പുതുതലമുറയിൽപ്പെട്ട എത്ര പേർക്ക്?

ആമചാടി തുരുത്ത്. വല്ലാത്തൊരു പേരു തന്നെയാണത്. തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ സായിപ്പിന്റെ പേരിൽ നാട്ടിലെ തുരുത്തിന് പേരിട്ട മലയാളിക്ക് ജലജീവിയുടെ പേരിൽ മറ്റൊരു തുരുത്തിന് പേരിടാൻ ബുദ്ധിമുട്ടെന്ത്?

കായലിന് നടുവിൽ കാടും പടലും പിടിച്ച് ഒറ്റപ്പെട്ടു കിടന്ന 56 ഏക്കറോളം വരുന്ന സ്ഥലമാണ് ആമചാടി തുരുത്ത്. അനാഥ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്രമുപയോഗിച്ചിരുന്ന അവിടെ മനുഷ്യവാസമേയില്ലായിരുന്നു. തുരുത്തിനെ പഴയ കാലത്ത് അതുവഴി പോയ വള്ളക്കാർ പേടിയോടെയാണ് കണ്ടിരുന്നത്. തുരുത്തിൽ നിന്ന്​ ആമകൾ കൂട്ടമായി കായലിലേക്ക് ചാടിയിറങ്ങുകയും കയറുകയും ചെയ്യുമായിരുന്നതു കണ്ടു കൊണ്ടാണത്രെ
ആമചാടി തുരുത്തെന്ന പേര് വന്നത്.

ജയിൽമോചിതരായ വൈക്കം സത്യാഗ്രഹികൾക്ക് നൽകിയ സ്വീകരണത്തിൽ ആമചാടി തേവൻ(മേൽവസ്ത്രം ധരിക്കാതെ മുന്നിരിക്കുന്നയാൾ) / Photo: Wikimedia

രാമൻ ഇളയതിനെ ഗുണ്ടകൾ പിടിച്ചുനിർത്തി കണ്ണിൽ ചുണ്ണാമ്പു എഴുതിയപ്പോൾ
ആമചാടി തേവന്റെ കാര്യത്തിൽ വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. ‘തൊട്ടുകൂടാത്തവനായ’ തേവന്റെ കണ്ണുകളിലേക്ക് കമ്മട്ടിപ്പാലും ചുണ്ണാമ്പും കലർന്ന മിശ്രിതം തെങ്ങിന്റെ കൊലഞ്ഞിൽ കൊണ്ട് തെറിപ്പിക്കുകയായിരുന്നു. ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ നായർ ഗുണ്ടകൾക്ക് തൊടാൻ
വയ്യല്ലോ, അഃധകൃതനായ തേവനെ ആക്രമിക്കാൻ പോലും.

തേവന്റെ ജന്മസ്ഥലം ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപാണ്. 1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനന തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തെ നായർ തറവാടായിരുന്ന കണ്ണോത്തു വീട്ടിലെ അച്ചുക്കുട്ടിയമ്മയാണ് ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട തേവനെ വളർത്തിയത്. പിന്നീട് സ്വന്തം പരിശ്രമത്താൽ പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടയിലുള്ള ദ്വീപായ ആമചാടിത്തുരുത്ത് വെട്ടിതെളിച്ച് തേവൻ അങ്ങോട്ട് താമസം മാറ്റി. പൂത്തോട്ടക്ഷേത്രത്തിൽ ടി.കെ. മാധവനൊപ്പം ബലമായി പ്രവേശിച്ചതോടു കൂടിയാണ് മലയാളി ദേവൻ ജനശ്രദ്ധ ആകർഷിച്ചത്.

തേവന്റെ വീടും കല്ലറയും അടങ്ങുന്ന ഭൂമി എറണാകുളം കണയന്നൂർ താലൂക്കിലെ മണകുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്.

വൈക്കം സത്യാഗ്രഹത്തെ തുടർന്ന് ജയിൽമോചിതനായി തിരിച്ചെത്തിയ തേവന് ആമചാടി തുരുത്തിൽ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ടി.കെ. മാധവന്റെ ഇടപെടൽ മൂലം അനുവദിച്ചുകിട്ടിയ ഒരേക്കർ സ്ഥലത്താണ് തേവൻ താമസിച്ചിരുന്നത്. ആ സ്ഥലത്തിൽ നിന്ന് ബാക്കിയായ 40 സെൻറ്​ സ്ഥലം വിവാദത്തിൽ ഉൾപ്പെട്ടു കിടക്കുകയാണ്.

തേവന്റെ വീടും കല്ലറയും അടങ്ങുന്ന ഭൂമി എറണാകുളം കണയന്നൂർ താലൂക്കിലെ മണകുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്.
2005 ൽ തൃപ്പൂണിത്തുറ റീസർവേ സൂപ്രണ്ടിന്റെ ഉത്തരവുപ്രകാരം ഈ സ്ഥലം കുട്ടാംപറമ്പിൽ കുര്യാക്കോസ്, ഭാര്യ തങ്കമ്മ എന്നിവരുടെ പേരിലേക്ക് മാറ്റിയതായി റവന്യൂ രേഖകൾ പറയുന്നു. തുടർന്ന് ഇതേവർഷം ഈ ഭൂമിയിലെ കല്ലറയും വീടും ഉൾപ്പെടുന്ന 20 സെൻറ്​ ഇവർ ഇരുവരും ചേർന്ന് മകൻ മനോജ്, ഭാര്യ സാലി എന്നിവർക്ക് നൽകിയതായും റവന്യൂരേഖകളുണ്ട്. ഇതാണ് വിവാദമായത്. തേവന്റെ മക്കളായ നാരായണൻ, വേലപ്പൻ, പ്രഭാകരൻ എന്നിവരുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിതെന്നും രേഖകളിൽ കൃത്രിമം നടത്തിയാണ് ഇവരിത് കൈക്കലാക്കിയതെന്നുമാണ് മുൻ റവന്യൂ ഉദ്യോഗസ്ഥൻ കൂടി ആയിരുന്ന തേവന്റെ മകൻ പ്രഭാകരൻ പറയുന്നത്. ഇതുസംബന്ധിച്ച് പ്രഭാകരൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ തെളിവുകളോ ഭൂമിസംബന്ധമായ രേഖകളോ പ്രഭാകരൻ ഹാജരാക്കിയില്ലെന്ന് അധികൃതർ പറയുന്നു. ഇതിനിടെ ഈ ഭൂമിയിൽ പ്രഭാകരൻ അടക്കമുള്ള തേവന്റെ ബന്ധുക്കൾ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് എതിർ കക്ഷികൾ ഉത്തരവ് വാങ്ങിയിരുന്നു.

തേവന്റെ മക്കളിൽ ഒരാളായ പ്രഭാകരൻ

രാമൻ ഇളയതിന്റെ പേരിൽ പാലക്കുഴ പഞ്ചായത്തിൽ രണ്ട് ലൈബ്രറികളെങ്കിലുമുണ്ട്. തേവന്റെ കാര്യത്തിൽ അന്യ കൈവശമിരിക്കുന്ന ഇനിയും തിരിച്ചെടുക്കപ്പെടാത്ത ശവകുടീരം മാത്രമാണ്
ബാക്കി.

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് സമാന രീതിയിൽ കാഴ്ച നഷ്ടപ്പെട്ട രണ്ടുപേരാണ് ഇളയതും തേവനും. രണ്ടുപേരും ഒരേ ജില്ലക്കാർ.
റവന്യൂ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു കാലശേഷം രണ്ടുപേരുടെയും അനന്തരാവകാശികൾ.

കൊല്ലവർഷം 1099 മിഥുനം 28 ന് ചെങ്ങന്നൂർ ഇംഗ്ലീഷ് മിഡിൽ സ്‌കൂളിൽ വഞ്ഞിപ്പുഴ പണ്ടാരത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സവർണ ഹൈന്ദവ യോഗത്തിൽ, വൈക്കത്തെ ക്ഷേത്രവഴികളിൽ കൂടി അധഃസ്ഥിതരെ വഴി നടക്കാൻ അനുവദിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് ആറ്റുകാൽ നീലകണ്ഠപ്പിള്ളയാണ്. എതിർത്തത് ഇണ്ടന്തുരുത്തി വാസുദേവൻ നമ്പ്യാതിരിയും താഴമൺ ശങ്കരുതന്ത്രിയും മാത്രം. കാലം പോകെ ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറി. താഴമൺ തന്ത്രിമാർ ഇന്നെവിടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഈ പരസ്പര വൈരുദ്ധ്യങ്ങൾക്കിടയിലും വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് കണ്ണിനു കാഴ്ച പോയ രണ്ടു സത്യാഗ്രഹികളുടെ ജീവതാനുഭവങ്ങളുടെ സമാനത യാദൃച്​ഛികം മാത്രമാവാം.

പുതുതലമുറ ക്ഷേത്രപ്രവേശനത്തെ എങ്ങനെ കാണുന്നു എന്നത് ചിന്തനീയമാണ്. വൈക്കം സത്യാഗ്രഹം കഴിഞ്ഞ്​ നൂറുവർഷം പൂർത്തിയായിട്ടും ക്ഷേത്രപ്രവേശനത്തിനായി സമരം ചെയ്തവർ ഇന്ന് പലതട്ടിലാണ്. മാത്രമല്ല, ‘നവോത്ഥാന’ത്തിന്റെ തുടർച്ചകൾ തന്നെ നിരവധി ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്നു. അംബേദ്ക്കറുടെ ചോദ്യം, ഈയൊരു കോൺടെക്​സ്​റ്റുമായി ബന്ധപ്പെടുത്തിയും ചോദിക്കാം: അധഃസ്ഥിതരുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റം വരാതെ വെറും ക്ഷേത്രപ്രവേശനം കൊണ്ടെന്തു കാര്യം?

Comments