ധ്യാന കേന്ദ്രങ്ങളെല്ലാം മതം മാറ്റ കേന്ദ്രങ്ങളാണ്

Think

കേരളത്തിലെ കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എൻ.ഡി.പിയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുമ്പ് ഇടുക്കി ബിഷപ്പും ഇപ്പോൾ ദീപികയിലെ പുരോഹിതനും പറഞ്ഞത് മാത്രമാണ് പുറത്തുവന്നത്. പുറത്തുവരാത്ത ഒട്ടേറെ വർഗീയ പരാമർശങ്ങൾ കത്തോലിക്കാ സഭാ നേതൃത്വം തുടർച്ചയായി നടത്തുന്നുണ്ടെന്ന് അറിയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ജിഹാദ് എന്ന വാക്ക് മുസ്ലീം ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ്, ആ വാക്ക് ഈഴവ ജിഹാദെന്ന് മാറ്റി പ്രയോഗിക്കാവുന്നതേ ഉള്ളൂ എന്നും വെള്ളാപ്പള്ളി നടേശൻ ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എസ്.എൻ.ഡി.പി.യുടെ ക്ഷേത്രങ്ങളിൽ വനിതകളേയും പൂജാരിമാരായി നിയമിക്കും. അതിനുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും.
ഒരു വർഷത്തിനകം പൂജാകർമ്മങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉണ്ടാകും.

ഇനി എൻ.ഡി.എ.യിൽത്തന്നെ നിന്ന് മരിക്കുന്നതാണ് ബി.ഡി.ജെ.എസിന് നല്ലത്. ബി.ഡി.ജെ.എസിന്റെ തുടക്കം തന്നെ പാളി . കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം എന്ന മട്ടിലുള്ള വാഗ്ദാനത്തിൽ വിശ്വസിച്ചാണ് ബി.ഡി.ജെ.എസ്. ബി.ജെ.പിയ്ക്ക് ഒപ്പം ചേർന്നത് .എന്നാൽ കേരളത്തിലെ ബി.ജെ.പി. ഒരു സവർണ സംവിധാനമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. കേരളത്തിൽ വാൾ പോസ്റ്റുകളിൽ മാത്രമാണ് എൻ.ഡി.എ. ഉള്ളതെന്നും അദ്ദേഹം ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

സാമുദായിക നേതാക്കളെ കാണാൻ പോകില്ലെന്ന് നിലപാടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭാ നേതാക്കളുടെ അടുത്തേക്കും പാണക്കാട്ടേക്കും പോയതെന്തിനാണെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

വെള്ളാപ്പള്ളി നടേശനുമായി ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം വൈകിട്ട് 7 മണിക്ക് ട്രൂകോപ്പി തിങ്ക് ഫേസ്ബുക്ക് പേജിൽ കാണാം. [FOLLOW HERE]

Comments