സ്വരാജ് റൗണ്ടിലൂടെ കപ്പലണ്ടിയും കൊറിച്ച് എനിക്കൊപ്പം നടക്കുമ്പോഴാണ് പട്ടണക്കാടന് ഫോൺ വരുന്നത്. അത്ര നല്ല ന്യൂസ് അല്ല ആ ഫോൺ കാൾ കൊണ്ടുവരുന്നതെന്ന് പട്ടണക്കാടന്റെ മുഖം വാടിയപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെയൊന്നും വികാരഭരിതനാകുന്ന ആളല്ല പട്ടണക്കാടൻ.
"പ്രസന്നാ, സരസുമ്മ ഒന്ന് വീണു. ഹോസ്പിറ്റലിൽ ചെന്നപ്പോൾ വെന്റിലേറ്റർ വേണമെന്നാണ് പറഞ്ഞതെന്ന്”
സരസുമ്മ എന്ന് കേട്ടപ്പോൾ ഞാനും ഒന്ന് പതറി പോയി. പിന്നെ പട്ടണക്കാടന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ഇന്നലെ വൈകുന്നേരം ഞാനും പട്ടണക്കാടനും കൂടെ സരസുമ്മയെ കണ്ടതാണ്. പ്രമീളയുടെ വീട്ടിൽ വെച്ച്.
“എന്താണ് ഓസ്ട്രേലിയയിലൊക്കെ വല്യ പ്രതിഷേധങ്ങളാണല്ലോ? ഇന്ത്യക്കാരെ പുറത്താക്കുമോ”
ന്യൂസിന്റെ കാര്യത്തിൽ സരസുമ്മ അപ്പ്ടുഡേറ്റ് ആണ്.
“എങ്കി പിന്നെ എനിക്ക് സരസൂമ്മേ ദിവസേന കാണാല്ലോ”
അങ്ങനെ കളിയും കാര്യവുമായി ഒരു മണിക്കൂറോളം ഞങ്ങൾ സൊറ പറഞ്ഞിരുന്നതാണ്. പതിവ് നടത്തവും സ്വയം വികസിപ്പിച്ചെടുത്ത വ്യയാമവുമായി കഴിഞ്ഞ ലീവിന് കണ്ടതിനേക്കാൾ സ്മാർട്ടായിരുന്നു സരസുമ്മ. പട്ടണക്കാടന്റെ അമ്മയുടെ അനിയത്തിയാണ് സരസുമ്മ. പട്ടണക്കാടന്റെ അമ്മ അവൻ കുട്ടിയായിരിക്കുമ്പോഴേ മരിച്ചതാണ്. സരസുമ്മ അവന് അമ്മ തന്നെയായിരുന്നു. അവന്റെ മനസ്സിലൂടെ കടന്നുപോകുന്ന രംഗങ്ങൾ എനിക്ക് കാണാം, കാരണം പട്ടണക്കാടനെ അറിയാൻ തുടങ്ങിയതുമുതൽ അവർ എനിക്കും സരസുമ്മ തന്നെയായിരുന്നു.
“അവന് പറ്റിയ പേരാണ് പട്ടണക്കാടൻ, പാട് കണ്ടാൽ തോന്നും ഈ ജില്ല മൊത്തം അവന്റെയാണെന്ന്" ഒരു ദിവസം അവനും എനിക്കും ഇഡ്ഡലിയും ചുടു സാമ്പാർ-ചട്‌ണികളും വിളമ്പിക്കൊണ്ട് സരസുമ്മ ചിരിച്ചു. ഞാൻ മെഡിക്കൽ കോളേജിലും പട്ടണക്കാടൻ എഞ്ചിനീയറിങ്ങിനുമായിരുന്നു. ക്ളാസില്ലെങ്കിൽ പട്ടണക്കാടൻ ആരുടെയെങ്കിലും പ്രശ്നം പരിഹരിക്കാൻ പോയിട്ടുണ്ടാകും. ഇല്ലെങ്കിൽ ടൗണിലെ വിശാലമായ മൈതാനത്തെ ചീട്ട് കളി ഒന്നെത്തിനോക്കി നടക്കുന്നുണ്ടാവും. അതിനെ കളിയാക്കിയതാണ് സരസുമ്മ.
പട്ടണക്കാടന്റെ അമ്മ മരിച്ചതിന് ശേഷമാണ് സരസുമ്മയുടെ വിവാഹം കഴിയുന്നത്. രണ്ട് പെൺമക്കളായിരുന്നു അവർക്ക്. പ്രമീളയും, പ്രസീതയും. മൂത്ത മകനായി പട്ടണക്കാടനും. അക്കാലത്ത് ഞാനും പട്ടണക്കാടനും ഒരുമിച്ചിരിക്കാത്ത ഒഴിവുദിവസങ്ങൾ അപൂർവ്വമായിരുന്നു.

"എനിക്ക് ഇരട്ട പിള്ളേരാണ് മൂത്തത്” എന്നെയും കൂട്ടി സരസുമ്മ പറയും.
എത്രയോ തവണ അവർ എനിക്കിഷ്ടപ്പെട്ട അയിലക്കറിയും കൂർക്ക മെഴുകുപുരട്ടിയും വെച്ച് ഉച്ചക്ക് കാത്തിരുന്നിട്ടുണ്ട്, എന്റെ അമ്മയേക്കാൾ വാത്സല്യത്തോടെ കൂടെയിരുന്ന് കഴിപ്പിച്ചിരിക്കുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ ദിവസങ്ങളെല്ലാം ഒരു മങ്ങലുമില്ലാതെ ഓർമ്മയിലുണ്ട്.
ജോസഫേട്ടൻ മരിക്കുമ്പോൾ സരസുമ്മക്ക് നാൽപത്തിയഞ്ച് വയസ്സ്, ഞങ്ങൾ കോളേജിലേക്കെത്തിയിട്ടേയുള്ളൂ. സരസുമ്മയെ വിട്ടു പോകാതിരിക്കാൻ കൂടിയാണ് പഠിച്ച എൻജിനീയറിംഗ് വിട്ട് പട്ടണക്കാടൻ ടൗണിൽ ബിസിനസ്സ് തുടങ്ങിയത്. വീണ്ടും ഒരു വിവാഹത്തിന് പട്ടണക്കാടനും സിസ്റ്റേഴ്സും സരസുമ്മയെ നിർബന്ധിച്ചതാണ്.
“ഈ ജോ ഒന്ന് എന്റെ തലയിൽ നിന്ന് പോകട്ടെ, എന്നിട്ടാലോചിക്കാം” ജോസഫേട്ടൻ സരസുമ്മക്ക് ജോ ആയിരുന്നു. ആലോചനാരഹിതമായി തന്നെ കാലം കടന്നുപോയി.
ഞാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിട്ട് വർഷങ്ങളായി. ഞങ്ങൾ ചെല്ലുമ്പോൾ നിസ്സഹായയായി, നിർവികാരയായി, നിശ്ചലയായി സരസുമ്മ വെൻ്റിലേറ്ററിൽ കിടക്കുകയാണ്. അത്യാഹിത വിഭാഗമായ റെഡ് സോണിൽ ഉള്ള ആരേയും പരിചയമുണ്ടാവില്ലെന്നറിയാവുന്നത് കൊണ്ട് ക്ലാസ്മേറ്റായ ഫിസിഷ്യൻ ഹരിയെ വഴിയിൽ വച്ച് ഞാൻ വിളിച്ചിരുന്നു.
“ബ്രയിനിൽ മാസ്സീവ് ബ്ലീഡിംഗ് ആണ്, അതിന്റെ എല്ലാ കോംപ്ലിക്കേഷനുമുണ്ട്. രക്ഷപ്പെടാനുള്ള സാദ്ധ്യതയില്ല,” ഹരി അന്വേഷിച്ച് പറഞ്ഞ കാര്യം കേട്ടപ്പോൾ പ്രമീളയും പ്രസീതയും പട്ടണക്കാടനെ കെട്ടിപിടിച്ച് കരഞ്ഞു.
“ഇത്രവരെ മ്മടെ സരസുമ്മ അടിപൊളിയായി ജീവിച്ചില്ലെടാ” അവരെ ആശ്വസിപ്പിക്കുമ്പോൾ ശബ്ടമിടറാതിരിക്കാൻ പട്ടണക്കാടൻ എന്റെ കൈ പിടിച്ചു.
മണിക്കൂറുകൾ കടന്നു പോയി. ബ്ലഡ് പ്രഷറും ശ്വാസഗതിയും താഴുമ്പോൾ വെൻ്റിലേറ്ററും മരുന്നുകളും ഇടപെട്ടു കൊണ്ടിരുന്നു. കാത്തിരിപ്പിന്റെ ഇടവേളകളിലൊന്നിൽ പട്ടണക്കാടൻ എന്നെ കാഷ്വാലിറ്റിയുടെ ആളൊഴിഞ്ഞ കോർണറിലേക്ക് കൊണ്ട് പോയി.
“ഞാനൊന്ന് ചോദിച്ചോട്ടേ പ്രസന്നാ” വികാരാധീനമായ നിമിഷങ്ങളാണ്. അല്ലെങ്കിൽ ഒരു അനുവാദം എൻ്റടുത്ത് നിന്ന് പട്ടണക്കാടന് ആവശ്യമില്ല.
“നീ ചോദിക്കടാ” എന്ന് ഞാൻ പറഞ്ഞില്ല. അങ്ങനെയാണ് ഞാൻ അവനെ നോക്കിയത്.
“നിങ്ങടെ മെഡിക്കൽ രീതികളനുസരിച്ച് ചോദിക്കാമോന്നറിയില്ല, ഇനിയൊരു ജീവിതത്തിന് സാദ്ധ്യതയില്ലെന്നിരിക്കേ, സരസുമ്മയെ മ്മക്ക് പോകാൻ അനുവദിച്ചു കൂടേ? ഈ മെഷീനിലിട്ട്, വായിലും മൂക്കിലും ട്യൂബിട്ട് കഷ്ടപ്പെടുത്തണോ?”
ഒരു ഡോക്ടർ എന്ന സ്വാതന്ത്ര്യം വെച്ച് ഞാൻ ട്രീറ്റിങ്ങ് മെഡിക്കൽ ഓഫീസറെ കണ്ടു. ഓസ്ട്രേലിയയിലെ രീതിയും അതാണ്. ഗുണപരമായ പുരോഗതി ഉണ്ടാവില്ലെങ്കിൽ, പ്രത്യേകിച്ച് ഈ പ്രായത്തിൽ, ഫാമിലിയുമായി ആലോചിച്ച് വെൻ്റിലേറ്റർ പോലെ ജീവൻ നിലനിറുത്താൻ മാത്രമുള്ള ചികിത്സ തുടരാതിരിക്കുക എന്ന തീരുമാനത്തിലെത്തും.
“നോക്കൂ പ്രസന്നൻ, ഇത്തരം കാര്യത്തിൽ കൃത്യമായ ഒരു മാർഗ്ഗനിർദ്ദേശം ഇവിടത്തെ സിസ്റ്റത്തിൽ ഇല്ല. ഇപ്പഴത്തെ ചട്ടമനുസരിച്ച് ഒരിക്കൽ വെൻ്റിലേറ്ററായാൽ രോഗി മരിക്കാതെ അത് പിൻവലിക്കാൻ പറ്റില്ല”
മൂന്ന് ദിവസങ്ങൾ കടന്നു പോയി.
രോഗിയെ ക്ലീൻ ചെയ്യാൻ നേഴ്സ്മാർ പ്രസീതയേയും പ്രമീളയേയും വിളിക്കും. പുറത്ത് നിന്നുള്ള മരുന്നുകൾ മേടിക്കാനും.
“അമ്മയാകെ വിറങ്ങലിച്ചിരിക്കുന്നു. എന്തിനാണ് ചേട്ടാ ഇങ്ങനെ…?” അവർക്കറിയാം എനിക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്.
എന്നാലും ഞാൻ വേണ്ടപ്പെട്ട ഡോക്ടർമാരോടൊക്കെ സംസാരിച്ചു. അവരെല്ലാം ഒരു കാര്യം സമ്മതിച്ചു.
“മരണം അനിവാര്യമായ ഇത്തരം രോഗികളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നതിന് വ്യക്തമായ നിയമ പിന്തുണയില്ല. ആദ്യം തന്നെ വെൻ്റിലേറ്റർ പോലെ കേവലം ജീവൻ നിലനിർത്താനുള്ള ചികിത്സ വേണ്ട എന്ന് വെക്കുകയേ നിവർത്തിയുള്ളു”
ഞാൻ സൈബർ ലോകത്തും തിരഞ്ഞു,
https://vidhilegalpolicy.in/research/end-of-life-care-in-india-a-model-legal-framework-2-0/

നാലാം ദിവസം വൈകുന്നേരം പട്ടണക്കാടൻ എന്നെ ഫോൺ ചെയ്തു, “യൂണിറ്റിലെ ചീഫ് ഡോക്ടർ വന്നിരുന്നു. ഒന്നും ചെയ്യാനില്ല, അറിയിക്കേണ്ടവരെ യൊക്കെ അറിയിച്ചോളാൻ പറഞ്ഞു. കാണ്ടേണ്ടവരോടൊക്കെ കണ്ടോളാനും. സരസുമ്മ പോയിടാ…”
രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ബോഡി മാറ്റാതായപ്പോഴാണ് ഞാൻ കാർഡിയോളജിയിലെ മുരളിയെ വിളിച്ചത്. തിരിച്ച് വിളിച്ചപ്പോൾ മുരളി അല്പം കൺഫ്യൂഷനിലായിരുന്നു
“ആരാടാ അവര് മരിച്ചൂന്ന് പറഞ്ഞത്. അവർക്കിപ്പോഴും പൾസ് ഉണ്ട്”
ശരിയാണ്, മരിച്ചു എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിട്ടില്ല. സരസുമ്മയുടെ ശ്വാസവും ഹൃദ്സ്പന്ദനവും നിയന്ത്രിച്ചു കൊണ്ട് വെൻ്റിലേറ്റർ വിശ്രമരഹിതമായി പിന്നെയും പ്രവർത്തിച്ചു.
മണിക്കൂറുകൾ ദിവസങ്ങളായി മാറി. അവസാനം അബോധാവസ്ഥയുടെ ആഴങ്ങളിൽ കിടന്ന് സരസുമ്മയുടെ ശരീരം തന്നെ ഒരു തീരുമാനമെടുത്തിട്ടുണ്ടാവണം. ജീവിതത്തിന്റെ എത്രയോ പ്രതിസന്ധികളിൽ തീരുമാനമെടുക്കാനുള്ള കരുത്ത് സരസുമ്മ കാണിച്ചു തന്നിട്ടുണ്ട്.
16 സെപ്തംബർ 2025, അപരാഹ്നം 2:30-ന് സരസുമ്മ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
സരസ ജോസഫ്, 75 വയസ്സ്, മരണ കാരണം………. ഡെത്ത് സർട്ടിഫിക്കറ്റിൽ അക്ഷരങ്ങൾ തെളിഞ്ഞു കിടന്നു. ആംബുലൻസിൽ നിന്ന് വീട്ടുമുറ്റത്തേക്കിറങ്ങുമ്പോൾ സരസുമ്മയുടെ പാതി തുറന്ന കണ്ണുകൾ ഇപ്രകാരം പറയുന്നത് പോലെ എനിക്ക് തോന്നി,
“നിനക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ ദിവസം, ഞാൻ ഏറ്റം സന്തോഷിച്ച ദിവസങ്ങളിലൊന്നായിരുന്നു. നിനക്കിപ്പോഴും ഓർമ്മയുണ്ടാകും, നെറ്റിയിൽ അന്ന് ഞാൻ തന്ന ഉമ്മ. ഡോക്ടറായാൽ നീ ഇവിടെ തന്നെ ഉണ്ടാകും എന്ന് ഞാൻ ആശിച്ചു. നീ പക്ഷേ പറന്ന് പോയി. എന്നാലും എന്നെ യാത്രയാക്കാൻ നീ വന്നല്ലോ? നീയിനി ഒരു കാര്യം ചെയ്യണം. നിന്റെ വെള്ളിയാഴ്ച എഴുത്തില്ലേ, അതിലിങ്ങനെ എഴുതണം. ചില ഘട്ടങ്ങളിൽ മരിക്കാൻ അനുവദിക്കുന്നത് ജീവൻ രക്ഷിക്കുന്നത് പോലെ പ്രധാനമാണെന്ന്”
നിറകണ്ണുകളോടെ എന്നെ കെട്ടിപിടിച്ച് നിൽക്കുമ്പോൾ പട്ടണക്കാടനോട് ഞാൻ പറഞ്ഞു,
“ഞാൻ എഴുതാം, അത്രയേ എനിക്കിപ്പോൾ ചെയ്യാൻ കഴിയൂ”
അവന് മനസ്സിലായിട്ടുണ്ടാകും. കാരണം അവന് ഞാൻ അങ്ങനെയാണ്.
Cheers!
