പുണ്യ സി.ആർ.

ഞങ്ങളൊന്നൂരിവെക്കട്ടെ,
​ശരീരത്തിൽ കുത്തിവെച്ച ഈ പിന്നുകൾ

പാവാടക്കുകീഴെ ത്രീ ഫോർത്ത് പാന്റ്‌സും വലിച്ചുകയറ്റിയാണ് സ്‌കൂളിൽ പോവുക. ഓടുമ്പോഴും ചാടുമ്പോഴും ഡാൻസ് കളിക്കുമ്പോഴും വീണുപോവുമ്പോൾ പോലും പാവാട തെന്നുന്നതിന്റെ അപമാനഭാരം അത്രക്കുണ്ടായിരുന്നല്ലോ!- എറണാകുളത്തെ വളയൻചിറങ്ങര എൽ.പി സ്‌കൂളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ത്രീ ഫോർത്ത് പാന്റ്‌സും ഇൻ ചെയ്ത ഷർട്ടും യൂണിഫോമാക്കിയ തീരുമാനത്തിന്റെ പാശ്ചാത്തലത്തിൽ ജെൻഡർ ന്യൂട്രൽ വേഷങ്ങളുടെ അനിവാര്യതയെക്കുറിച്ച് ഒരു വിചാരം

മ്മുടെ നാട്ടിലെ ഒരു സർക്കാർ സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേപോലെ ഒരേ യൂണിഫോം ധരിച്ച് ലിംഗഭേദമില്ലാതെ ഇടകലർന്ന് നിൽക്കുന്ന ചിത്രം ആരുടെയോ വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് ആദ്യം കണ്ടത്. പെൺകുട്ടികളുടേയും ആൺകുട്ടികളുടേയുമടക്കം എല്ലാ വിദ്യാർത്ഥികളുടേയും വേഷം ത്രീ ഫോർത്ത് പാന്റ്‌സും ഇൻ ചെയ്ത ഷർട്ടും. ആഹാ! കാണാൻ തന്നെ എന്തുചേല്! പെരുത്ത് സന്തോഷം തോന്നി.

ഞാൻ ചിത്രം സഹിതം തൊട്ടടുത്തിരിക്കുന്ന അമ്മക്ക് കാണിച്ചുകൊടുത്തു. ‘അയ്യേ...! ഇതെങ്ങനെ ശരിയാകും?!' എന്ന മറുപടിയോ മറ്റോ പ്രതീക്ഷിച്ചിരുന്ന എനിക്ക് തെറ്റി. ചിത്രം സൂം ചെയ്ത് സൂക്ഷിച്ച് നോക്കിയശേഷം അമ്മ ചിരിച്ചു. ‘ഇത് നല്ല കാര്യാണല്ലോ.. കാണാൻ തന്നെ ഒരു പ്രത്യേക ചന്തണ്ട്. എല്ലോട്ത്തും ങ്ങനേ വേണ്ടത്!'

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരേക്കും ഷർട്ടും പാവാടയും തന്നെ ധരിച്ചു. ഓരോ ക്ലാസും ജയിച്ച് പോരുമ്പോൾ പാവാടയുടെ ഇറക്കം കൂടിക്കൂടി വന്നു. യു.പി അവസാനകാലയളവിലൊക്കെ പാവാടക്കുകീഴെ ത്രീ ഫോർത്ത് പാൻറ്​സും വലിച്ചുകയറ്റിയാണ് സ്‌കൂളിൽ പോവുക

ഒട്ടുമിക്ക കാര്യങ്ങളിലും സമൂഹനിർമിതിയായ പൊതുബോധനിയമങ്ങളെ പിന്തുടരുകയും അതിൽ നിന്നുണ്ടാകുന്ന ചിന്തകളും ചിട്ടകളും തന്നെ കുഞ്ഞിലേ മുതൽക്കേ ഞങ്ങൾ പെൺമക്കളെ ശീലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുപോരുന്ന ഭൂരിഭാഗം വരുന്ന സ്ത്രീകളുടെ കൂട്ടത്തിലെ ഒരാളാണ് അമ്മ എന്ന് എന്റെ അനുഭവങ്ങളെന്നെ പഠിപ്പിച്ചുവച്ചിരുന്നു. അമ്മയുടെ നിർവചനത്തിലെ ‘ചെർക്കന്മാരെ പോലെ നിക്കറും ഷർട്ടുമിട്ട് നിൽക്കണ പെമ്പിള്ളേരെ' തന്നെയാണോ അമ്മ അനുകൂലിക്കുന്നത് എന്ന് ഞാനതിശയം പൂണ്ടപ്പോൾ അമ്മ ഇതൂടെ കൂട്ടിച്ചേർത്തു; ‘‘ഞാനൊക്കെ പഠിക്കണ കാലത്ത് നല്ല ഇറക്കൂം കനൂം ള്ള പാവാടയും ജംമ്പറുമാണ് യൂണിഫോം. ചെറുക്കന്മാർ ട്രൗസറോ... കുറച്ചൂടെ ഉയരം വച്ചാൽ ഷർട്ടിനു താഴെ ഏതേലും ഒറ്റമുണ്ടോ ഒക്കെയുടുക്കും. വയസ്സറിയിക്കലൊക്കെ കഴിഞ്ഞാൽ മാറിന് മുകളിലൂടെ എന്തേലും എക്‌സ്ട്രാ തുണിയിടാതെ സ്‌കൂളിലെന്നല്ല എവ്‌ടേം പറഞ്ഞയക്കില്ല പെങ്കുട്ട്യോളെ. നേഴ്‌സിങിന് ചേർന്നശേഷം ദിവസവും സാരിയുടുക്കണമായിരുന്നു. സാരി യൂണിഫോമായിരുന്നു. വല്ലാത്ത മടുപ്പ് തോന്നും, മഴയത്തും നല്ല വെയിലത്തും സാരിയൊക്കെ വാരിക്കെട്ടി നടക്കാൻ.’’

അമ്മ പറഞ്ഞ അവസാന വാക്യമാണ് എന്നിലള്ളിപ്പിടിച്ചത്. കാരണം, മടുപ്പുളവാക്കിയിരുന്ന കാര്യങ്ങൾ ഗ്ലോറിഫൈ ചെയ്ത് വല്ലാതെ പെരുപ്പിച്ച് പറയുന്നെന്ന് പറഞ്ഞാണ് ഞാൻ അമ്മയുമായി വലിയ വാക് തർക്കങ്ങളുണ്ടാക്കിയിട്ടുള്ളത്. അമ്മയിപ്പോൾ മടുപ്പുണ്ടാക്കിയിരുന്ന ഒരു കാര്യം സമ്മതിച്ചു തന്നല്ലോ!

ഇതേ മടുപ്പ് തന്നെ സ്‌കൂൾ കാലഘട്ടം മുതൽ ഞാനും അനുഭവിച്ചിരുന്നു. 2005 ലാണ് ഒന്നാം ക്ലാസിൽ ചേർന്നത്. സർക്കാർ സ്‌കൂളിലായിരുന്നു. പെൺകുട്ടികൾക്ക് മുട്ടിനുതാഴെ ഇറക്കമുള്ള പാവാടയും ഷർട്ടും തന്നെ വേഷം. ആൺകുട്ടികൾക്ക് പാവാടക്കുപകരം ഇറക്കം കുറഞ്ഞ ട്രൗസറിടാം. മറ്റു ജെൻഡറുകളെ കുറിച്ച് ആരറിയുന്നു. ആരന്വേഷിക്കുന്നു!

പാവാടക്കുമുകളിലുള്ള ശരീരഭാഗങ്ങൾ മറ്റുള്ളവർ കണ്ടാൽ കൊടിയ നാണക്കേടാണെന്നാണല്ലോ ഞങ്ങളെയൊക്കെയും പഠിപ്പിച്ചിരുന്നത്. അലിഖിതമായ ചില സദാചാരമൂല്യങ്ങൾ സംരക്ഷിച്ചു പോരേണ്ടവരാണെന്നുള്ളതുകൊണ്ടുതന്നെ പലതരം അപകർഷതാബോധങ്ങളും പെൺകുട്ടികളെ വേട്ടയാടി /Photo : Wikimedia Commons  ​
പാവാടക്കുമുകളിലുള്ള ശരീരഭാഗങ്ങൾ മറ്റുള്ളവർ കണ്ടാൽ കൊടിയ നാണക്കേടാണെന്നാണല്ലോ ഞങ്ങളെയൊക്കെയും പഠിപ്പിച്ചിരുന്നത്. അലിഖിതമായ ചില സദാചാരമൂല്യങ്ങൾ സംരക്ഷിച്ചു പോരേണ്ടവരാണെന്നുള്ളതുകൊണ്ടുതന്നെ പലതരം അപകർഷതാബോധങ്ങളും പെൺകുട്ടികളെ വേട്ടയാടി /Photo : Wikimedia Commons ​

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരേക്കും ഷർട്ടും പാവാടയും തന്നെ ധരിച്ചു. ഓരോ ക്ലാസും ജയിച്ച് പോരുമ്പോൾ പാവാടയുടെ ഇറക്കം കൂടിക്കൂടി വന്നു. യു.പി അവസാനകാലയളവിലൊക്കെ പാവാടക്കുകീഴെ ത്രീ ഫോർത്ത് പാൻറ്​സും വലിച്ചുകയറ്റിയാണ് സ്‌കൂളിൽ പോവുക. ഓടുമ്പോഴും ചാടുമ്പോഴും ഡാൻസ് കളിക്കുമ്പോഴും വീണുപോവുമ്പോൾ പോലും പാവാട തെന്നുന്നതിന്റെ അപമാനഭാരം അത്രക്കുണ്ടായിരുന്നല്ലോ! പെൺകുട്ടികളുടെ പാവാടക്കുമുകളിലുള്ള ശരീരഭാഗങ്ങൾ മറ്റുള്ളവർ കണ്ടാൽ കൊടിയ നാണക്കേടാണെന്നാണല്ലോ ഞങ്ങളെയൊക്കെയും പഠിപ്പിച്ചിരുന്നത്. അലിഖിതമായ ചില സദാചാരമൂല്യങ്ങൾ സംരക്ഷിച്ചു പോരേണ്ടവരാണെന്നുള്ളതുകൊണ്ടുതന്നെ പലതരം അപകർഷതാബോധങ്ങളും ഞങ്ങൾ പെൺകുട്ടികളെ വേട്ടയാടി. ഷർട്ടിന്റെ ബട്ടൻസ് അഴിഞ്ഞുപോകാതെയും പാവാട പാറിക്കളിക്കാതെയുമിരിക്കാൻ ഞങ്ങൾ അടങ്ങിയൊതുങ്ങി നടന്നപ്പോൾ പാതി ബട്ടൻസ് തുറന്നിട്ടും മുട്ടിനുമുകളിലേക്ക് പാന്റ്‌സ് മടക്കിവച്ചും ആൺകുട്ടികൾ ഹീറോ പരിവേഷം കാണിച്ചു.

ഹൈസ്‌കൂൾ - ഹയർസെക്കൻഡറി ക്ലാസുകളിൽ ചുരിദാറും നെഞ്ചിനുമുകളിലൂടെ മടക്കിക്കുത്തിയ ഷാളും നിർബന്ധമായിരുന്നു. ഓട്ടത്തിലോ ചാട്ടത്തിലോ കളികളിലോ കാറ്റിലോ ഷാളിന്റെ സ്ഥാനം തെറ്റാതിരിക്കാനായി ഷാളിനെ ചുരിദാറിനോട് കുറെ പിൻസൂചികളാൽ ബന്ധിപ്പിക്കും.
പെൺകുട്ടികൾ, വളരുന്തോറും ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങൾ മറച്ചുകൊണ്ടിരിക്കണമെന്ന് സ്‌കൂൾ യൂണിഫോം നിരന്തരം ഞങ്ങളെ ഓർമിപ്പിച്ചു. ഓർമ വച്ച കാലം മുതൽ ജീവിതത്തിൽ തറഞ്ഞുപോയ ഇത്തരം വഴക്കങ്ങൾ, ഏത് വസ്ത്രം ധരിക്കുമ്പോഴും ശരീരഭാഗങ്ങളല്ലാം ‘കൃത്യമായി മറച്ചുവക്കാൻ' ഞങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കേരളപ്പിറവിദിനത്തിൽ സ്‌കൂളിലേക്ക്  മുണ്ടും ഷർട്ടുമണിഞ്ഞെത്തിയ ലിസ പുൽപറമ്പിൽ എന്ന അധ്യാപിക
കേരളപ്പിറവിദിനത്തിൽ സ്‌കൂളിലേക്ക് മുണ്ടും ഷർട്ടുമണിഞ്ഞെത്തിയ ലിസ പുൽപറമ്പിൽ എന്ന അധ്യാപിക

വളയൻചിറങ്ങര ഗവൺമെൻറ്​ സ്‌കൂളിലെ കുട്ടികളെല്ലാം ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ചിത്രം എന്തുകൊണ്ടാണ് നമ്മളെ ഇത്രയുമധികം ആഹ്ലാദിപ്പിക്കുന്നത്! ‘ഈ യൂണിഫോമാ ഞങ്ങക്കിഷ്ടം' എന്ന് പെൺകുട്ടികൾ ഒന്നടങ്കം ആർത്തുല്ലസിക്കുമ്പോൾ നമുക്കും അതിയായ ഉത്സാഹമുണ്ടാകുന്നതെന്തുകൊണ്ട് ?!

അടക്കവുമൊതുക്കവുമുള്ളവളാകാൻ കുഞ്ഞിലേ മുതലേ ആരൊക്കെയോ ചേർന്ന് അടിച്ചേൽപ്പിച്ച് പോരുന്ന ചില വഴക്കങ്ങളുടെ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ അടുത്ത തലമുറ നിറഞ്ഞ് ചിരിക്കുന്നതിനാലാണത്. നമ്മളാഗ്രഹിച്ചതും നമുക്ക് സാധ്യമാകാതിരുന്നതുമായ വിപ്ലവകരമായൊരു മാറ്റം നമ്മുടെ കുഞ്ഞുങ്ങളിലൂടെ, അവരുടെ സ്‌കൂൾ ജീവനക്കാരിലൂടെ സാധ്യമായതിനാലാണ്.
ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ച് ശീലപ്പെടുന്ന ഇതേ കുട്ടികൾ തുടർപഠനങ്ങൾക്ക് മറ്റു സ്‌കൂളുകളിൽ ചെല്ലുമ്പോഴുള്ള അവസ്ഥയെന്താകും? കേരളത്തിലെ ഒന്നോ രണ്ടോ സ്‌കൂളുകൾ വസ്ത്രധാരണത്തിൽ ലിംഗപരമായ തുല്യത ഉറപ്പു വരുത്തിയെന്നിരുന്നാലും 99% ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുഭൂരിഭാഗം തൊഴിലിടങ്ങളിലും സമൂഹ നിർമ്മിതിയായ ജെൻഡർ റോളുകളെ നിർവചിക്കുന്ന തരത്തിലുള്ള യൂണിഫോമുകളാണ് നിലവിലുള്ളതെന്ന് ഓർക്കണം.

വളയൻചിറങ്ങര പോലുള്ള സ്‌കൂളുകളിലെ കുട്ടികൾ മറ്റു സ്‌കൂളുകളിലേക്ക് ചേക്കേറുമ്പോൾ ലിംഗഭേദമില്ലാത്ത വസ്ത്രധാരണത്തിലൂടെ അവർ ആർജ്ജിച്ചെടുത്ത ആത്മവിശ്വാസവും ഊർജവും തകർന്ന് തരിപ്പണമാകില്ലേ! പ്രത്യേകിച്ചും ശാരീരികവും മാനസികവുമായി നിരവധി ആശങ്കകളും സംശയങ്ങളും പേറി നടക്കുന്ന പ്രായമാണ് അവർക്കുള്ളതെന്നതിനാൽ.
ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നു തന്നെയാണ് പറഞ്ഞുവരുന്നത്. സർക്കാർ സ്‌കൂളുകളിലൂടെ / കലാലയങ്ങളിലൂടെ തന്നെ ഈ വിപ്ലവം പടർന്നുപന്തലിക്കണമെന്നാണ് ആശ. LGBTQ+ ഫ്രൻറ്​ലിയായ ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യമെന്നിരിക്കെ നിരന്തരവും തുടർച്ചയുള്ളതുമായ മാറ്റം അനിവാര്യമാണ്. പഠിച്ചുവച്ച പലതും മറക്കാനും പുതിയ ചിലത് പഠിക്കാനും എല്ലായ്‌പ്പോഴും വിമുഖത കാണിക്കുന്ന സമൂഹമാണ് മുന്നിലുള്ളത് എന്നതിനാൽ, ജനാധിപത്യത്തിലൂന്നി നിലകൊള്ളുന്ന നമ്മുടെ ഭരണകൂടമാണ് പുരോഗമനപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ടതും അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതും എന്നതിൽ സംശയമില്ല.

 വളയൻചിറങ്ങര എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ / Photo : Ibclive  Facebook Page
വളയൻചിറങ്ങര എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ / Photo : Ibclive Facebook Page

ഇന്ന വസ്ത്രം ഇന്നവർക്കുള്ളതാണെന്ന് ആര് പറഞ്ഞു! ഷർട്ടും മുണ്ടും പാവാടയും പാന്റ്‌സും ജീൻസും സാരിയുമൊക്കെ ലിംഗഭേദമില്ലാതെ ഇന്നെല്ലാവരും ധരിക്കുന്നുണ്ട്.

ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു പ്രത്യേക ജെൻഡറിന്റെ വേഷം മറ്റുള്ള ജെൻഡറുകളിലേക്ക് അടിച്ചേൽപ്പിക്കുക എന്നതല്ല എന്ന് വളയൻചിറങ്ങര സ്‌കൂളിലെ അധ്യാപികമാർ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ‘എന്തുകൊണ്ട് ആൺകുട്ടികളെ പാവാടയുടുപ്പിച്ച് തുല്യത ഉറപ്പാക്കിക്കൂടാ?' മുതലായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട് ടീച്ചർമാർ. ‘എല്ലാവർക്കും ഒരുപോലെ കംഫർട്ട് ആയതും, കാലാവസ്ഥക്ക് കൂടുതൽ അനുയോജ്യമായതുമായ യൂണിഫോമായിരുന്നു ലക്ഷ്യം. കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും അഭിപ്രായം ചോദിച്ചശേഷമാണ് ത്രീ ഫോർത്ത് പാന്റ്‌സും ഷർട്ടും തെരഞ്ഞെടുത്തത്' എന്നാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ് പറയുന്നത്.
ഓരോ ജെൻഡറിനും അവരുടേതുമാത്രമായ വസ്ത്രമുണ്ട് എന്ന ധാരണ അസംബന്ധമാണെന്നാണ് ഞാൻ കരുതുന്നത്. ഇന്ന വസ്ത്രം ഇന്നവർക്കുള്ളതാണെന്ന് ആര് പറഞ്ഞു! ഷർട്ടും മുണ്ടും പാവാടയും പാന്റ്‌സും ജീൻസും സാരിയുമൊക്കെ ലിംഗഭേദമില്ലാതെ ഇന്നെല്ലാവരും ധരിക്കുന്നുണ്ട്. പാലക്കാട്ടെ ഒരു സർക്കാർ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് മുണ്ടും ഷർട്ടുമണിഞ്ഞുവന്നാണ് കേരളപ്പിറവിദിനത്തിൽ കുട്ടികളോട് സംവദിച്ചത്. കോളേജ് ഡേക്കും മറ്റുമെല്ലാം ആൺ -പെൺ - ഭിന്ന ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ ഉടുപ്പുകളിട്ട് ആടുകയും പാടുകയും തോളിൽ കയ്യിട്ട് നടക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ച്ചകൾ ഇന്ന് സാധാരണമായിരിക്കുന്നു.ഷർട്ടും ലുങ്കിയും നെറ്റിയുമൊക്കെ ധരിച്ച് രാവിലെ പണിക്കിറങ്ങുന്ന പെണ്ണുങ്ങളുണ്ട് നമ്മുടെ നാട്ടിൽ. ഇന്ന് പല തൊഴിലിടങ്ങളും ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ കാണാം.

ഭക്ഷണത്തിലും വസ്ത്രത്തിലും കളികളിലും കാര്യത്തിലുമെല്ലാം നമ്മൾ തുല്യരാണെന്ന ബോധം ചെറുപ്പം തൊട്ടേ കുട്ടികൾക്കുണ്ടായി വരുന്നതിന് ‘ജെൻഡർ ന്യൂട്രൽ ഉടുപ്പുകൾ' അനിവാര്യമാണ്. തുല്യമായ അവസരങ്ങളും ഇടകലർന്ന ഇരുത്തവും നടത്തവുമെല്ലാം ആവശ്യമാണ്. പുറമേക്കുള്ള തുല്യത അകമേക്കുമെത്തിക്കാൻ, കുട്ടികൾക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസവും ജെൻഡർ റിലേറ്റഡ്​ ക്ലാസുകളും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments